“എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവുമാകുന്നു”
“എന്റെ നുകം ഏൽക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുക.”—മത്തായി 11:29, NW.
1, 2. (എ) നവോന്മേഷം പകരുന്ന എന്താണു നിങ്ങൾ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളത്? (ബി) യേശു വാഗ്ദാനം ചെയ്ത നവോന്മേഷം നേടുന്നതിന് ഒരുവൻ എന്തു ചെയ്യേണ്ടതുണ്ട്?
ചൂടുള്ളതും അന്തരീക്ഷ ആർദ്രത കൂടിയതുമായ ഒരു ദിവസം സന്ധ്യക്ക് തണുത്ത വെള്ളത്തിലുള്ള ഒരു കുളി, അല്ലെങ്കിൽ ക്ഷീണിപ്പിക്കുന്ന, ഒരു ദീർഘദൂര യാത്രയ്ക്കുശേഷം രാത്രിയിൽ നല്ല ഒരു ഉറക്കം—ഹാ, എത്ര ഉന്മേഷദായകം! ഇതേ അനുഭവമാണ് ഒരു വലിയ ഭാരം ഇറക്കിവയ്ക്കുകയോ പാപങ്ങളും ലംഘനങ്ങളും പൊറുത്തു കിട്ടുകയോ ചെയ്യുമ്പോൾ ഉണ്ടാവുന്നത്. (സദൃശവാക്യങ്ങൾ 25:25; പ്രവൃത്തികൾ 3:19) അത്തരം ഉത്തേജകമായ അനുഭവങ്ങൾ കൈവരുത്തുന്ന ഉന്മേഷം നമ്മെ ഉണർവുള്ളവരാക്കുന്നു, കൂടുതൽ ചെയ്യാൻ നാം ഊർജസ്വലരാകുന്നു.
2 ഭാരപ്പെടുകയും ക്ഷീണിക്കുകയും ചെയ്യുന്നുവെന്നു തോന്നുന്ന ഏവർക്കും യേശുവിന്റെ അടുക്കൽ വരാൻ കഴിയും, കാരണം അവൻ അവർക്കു വാഗ്ദാനം ചെയ്യുന്നതും മേൽപ്പറഞ്ഞതുതന്നെയാണ്—നവോന്മേഷം. എന്നിരുന്നാലും, ഇത്രയും അഭികാമ്യമായ നവോന്മേഷം കണ്ടെത്തുന്നതിന് ഒരുവൻ ചെയ്യാൻ മനസ്സൊരുക്കം കാണിക്കേണ്ട ഒരു സംഗതിയുണ്ട്. “എന്റെ നുകം ഏൽക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുക, . . . നിങ്ങൾ നിങ്ങളുടെ ദേഹികൾക്കു നവോന്മേഷം കണ്ടെത്തും” എന്ന് യേശു പറഞ്ഞു. (മത്തായി 11:29, NW) ആ നുകം എന്താണ്? അതു നവോന്മേഷം കൈവരുത്തുന്നത് എങ്ങനെ?
മൃദുവായ ഒരു നുകം
3. (എ) ബൈബിൾ കാലങ്ങളിൽ ഏതുതരം നുകങ്ങളാണ് ഉപയോഗിച്ചിരുന്നത്? (ബി) പ്രതീകാത്മകമായ എന്ത് അർഥമാണ് ഒരു നുകത്തോടു ബന്ധപ്പെട്ടിരിക്കുന്നത്?
3 ഒരു കർഷക സമുദായത്തിൽ ജീവിച്ചിരുന്ന യേശുവിനും അവന്റെ ശ്രോതാക്കൾക്കും നുകം എന്താണെന്നു നന്നായി അറിയാമായിരുന്നു. അടിസ്ഥാനപരമായി പറഞ്ഞാൽ, ഒരു നുകം എന്നു പറയുന്നത് കലപ്പയോ വണ്ടിയോ മറ്റെന്തെങ്കിലും ഭാരമോ വലിക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു ജോഡി മൃഗങ്ങളെ, മിക്കപ്പോഴും കാളകളെ, തമ്മിൽ ബന്ധിപ്പിക്കുന്നതിന് അവയുടെ കഴുത്തിൽ ഘടിപ്പിക്കാൻ സജ്ജമാക്കിയ, അടിയിൽ രണ്ടറ്റത്തായി കുതയുള്ള നീണ്ട തടിയാണ്. (1 ശമൂവേൽ 6:7) മനുഷ്യർക്കും നുകം ഉപയോഗിച്ചിരുന്നു. ഓരോ അറ്റത്തും ഭാരം ഘടിപ്പിച്ചു തോളുകളിൽ ചുമക്കാവുന്ന തടി അല്ലെങ്കിൽ കോല് ആയിരുന്നു അവ. അതിന്റെ സഹായത്തോടെ തൊഴിലാളികൾക്കു ഭാരിച്ച ചുമടുകൾ ചുമക്കാൻ കഴിഞ്ഞിരുന്നു. (യിരെമ്യാവു 27:2; 28:10, 13) ഭാരങ്ങളും തൊഴിലുമായി നുകത്തിനുള്ള ബന്ധം നിമിത്തം ബൈബിളിൽ മിക്കപ്പോഴും അതിനെ ആധിപത്യത്തെയും നിയന്ത്രണത്തെയും ചിത്രീകരിക്കുന്നതിനു പ്രതീകാത്മകമായ വിധത്തിൽ ഉപയോഗിച്ചുവരുന്നു.—ആവർത്തനപുസ്തകം 28:48; 1 രാജാക്കന്മാർ 12:4; പ്രവൃത്തികൾ 15:10.
4. തന്റെ അടുക്കൽ വരുന്നവർക്കു യേശു വാഗ്ദാനം ചെയ്യുന്ന നുകം എന്തിനെ പ്രതീകപ്പെടുത്തുന്നു?
4 തന്റെ അടുക്കൽ വരുന്നവർ നവോന്മേഷത്തിനുവേണ്ടി വഹിക്കാൻ യേശു ക്ഷണിക്കുന്ന നുകം ഏതാണ്? “എന്റെ നുകം ഏൽക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുക” എന്ന് അവൻ പറഞ്ഞുവെന്ന് അനുസ്മരിക്കുക. (മത്തായി 11:29, NW) പഠിക്കുന്ന ഒരുവൻ ഒരു ശിഷ്യനാണ്. തന്മൂലം, യേശുവിന്റെ നുകം എടുക്കുക എന്നതിന്റെ അർഥം അവന്റെ ശിഷ്യനായിത്തീരുക എന്നാണ്. (ഫിലിപ്പിയർ 4:3) ഇതിൽ അവന്റെ പഠിപ്പിക്കലുകളെപ്പറ്റി അറിയുന്നതിലുമധികം ഉൾപ്പെടുന്നുണ്ട്. അതിനു ചേർച്ചയിൽ പ്രവൃത്തിക്കേണ്ട ആവശ്യമുണ്ട്—അവൻ ചെയ്ത വേല ചെയ്യുകയും അവൻ ജീവിച്ച വിധത്തിൽ ജീവിക്കുകയും ചെയ്തുകൊണ്ടുതന്നെ. (1 കൊരിന്ത്യർ 11:1; 1 പത്രൊസ് 2:21) അതിന് അവന്റെ അധികാരത്തിനും അവൻ അധികാരം ഏൽപ്പിക്കുന്നവർക്കും മനസ്സാലെ കീഴ്പെട്ടിരിക്കേണ്ടത് ആവശ്യമാണ്. (എഫെസ്യർ 5:21; എബ്രായർ 13:17) അതിന്റെ അർഥം ഒരു സമർപ്പിത, സ്നാപനമേറ്റ ക്രിസ്ത്യാനിയായിത്തീരുക, അത്തരം സമർപ്പണത്തിലൂടെ വരുന്ന സകല പദവികളും ഉത്തരവാദിത്വങ്ങളും സ്വീകരിക്കുക എന്നാണ്. തന്റെ അടുക്കൽ വരുന്ന ഏവർക്കും ആശ്വാസത്തിനും നവോന്മേഷത്തിനും വേണ്ടി യേശു വാഗ്ദാനം ചെയ്യുന്ന നുകം അതാണ്. അതു സ്വീകരിക്കാൻ നിങ്ങൾക്കു മനസ്സാണോ?—യോഹന്നാൻ 8:31, 32.
5. യേശുവിന്റെ നുകം ഏൽക്കുന്നതു കയ്പേറിയ അനുഭവമായിരിക്കുകയില്ലാത്തത് എന്തുകൊണ്ട്?
5 ഒരു നുകം എടുത്തുകൊണ്ടു നവോന്മേഷം കണ്ടെത്തുക—അതൊരു പരസ്പരവിരുദ്ധമായ പദപ്രയോഗമല്ലേ? വാസ്തവത്തിൽ അല്ല. കാരണം തന്റെ നുകം “മൃദു”വാണെന്നു യേശു പറഞ്ഞു. ഈ പദത്തിന് മാർദവമുള്ള, കോമളമായ, അഭിമതമായ എന്നെല്ലാം അർഥമുണ്ട്. (മത്തായി 11:30; ലൂക്കൊസ് 5:39; റോമർ 2:4; 1 പത്രൊസ് 2:3) ഒരു ആശാരി എന്ന നിലയിൽ യേശു കലപ്പകളും നുകങ്ങളും ഉണ്ടാക്കിയിരിക്കാൻ ഏറെ സാധ്യതയുണ്ട്. കഴിയുന്നിടത്തോളം സൗകര്യപ്രദമായ വിധത്തിൽ പരമാവധി ജോലി ചെയ്യത്തക്കവിധം ഒരു നുകം എങ്ങനെ കടഞ്ഞെടുക്കണമെന്ന് അവനറിയാമായിരുന്നിരിക്കണം. അവൻ നുകത്തിന്റെ അടിവശത്തു തുണിയോ തുകലോ പിടിപ്പിച്ചിരിക്കാനിടയുണ്ട്. നുകം കഴുത്തിൽ അമിതമായി ഉരുമ്മുകയോ ഉരസുകയോ ചെയ്യാതിരിക്കത്തക്കവിധമാണ് അനേകം നുകങ്ങളും ഉണ്ടാക്കപ്പെടുന്നത്. അതേ വിധത്തിൽ, യേശു വാഗ്ദാനം ചെയ്യുന്ന പ്രതീകാത്മക നുകം “മൃദു”വാണ്. അവന്റെ ശിഷ്യനായിരിക്കുക എന്നതിൽ ചില കടപ്പാടുകളും ഉത്തരവാദിത്വങ്ങളും ഉൾപ്പെട്ടിരിക്കുന്നുവെങ്കിലും അതു കർക്കശമോ മർദകമോ ആയ അനുഭവമല്ല, മറിച്ച് നവോന്മേഷം പകരുന്ന ഒന്നാണ്. അവന്റെ സ്വർഗീയ പിതാവായ യഹോവയുടെ കൽപ്പനകളും ഭാരമുള്ളവയല്ല.—ആവർത്തനപുസ്തകം 30:11; 1 യോഹന്നാൻ 5:3.
6. “എന്റെ നുകം ഏൽക്കുക” എന്നു പറഞ്ഞപ്പോൾ യേശു എന്തായിരിക്കും അർഥമാക്കിയത്?
6 യേശുവിന്റെ നുകം “മൃദു” അല്ലെങ്കിൽ വഹിക്കാൻ സുകരമാക്കിത്തീർക്കുന്ന വേറൊരു സംഗതിയുണ്ട്. അവൻ “എന്റെ നുകം ഏൽക്കുക” എന്നു പറഞ്ഞപ്പോൾ രണ്ടു കാര്യങ്ങളിൽ ഒന്ന് അർഥമാക്കിയിരിക്കാം. ഭാരം വലിക്കുന്നതിനു രണ്ടു മൃഗങ്ങളെ ഒരുമിച്ചു പിണയ്ക്കുന്ന ഒരു നുകമായിരുന്നു അവന്റെ മനസ്സിലുണ്ടായിരുന്നത് എങ്കിൽ അവനോടൊപ്പം ഒരേ നുകത്തിൻകീഴിൽ വരാൻ അവൻ നമ്മെ ക്ഷണിക്കുകയായിരുന്നു. നമ്മുടെ ചുമടു വലിക്കുന്നതിനു നമ്മുടെ അരികിൽ യേശു ഉണ്ടായിരിക്കുന്നത് എന്തൊരു അനുഗ്രഹമായിരിക്കും! നേരേമറിച്ച്, യേശുവിന്റെ മനസ്സിലുണ്ടായിരുന്നതു സാധാരണ തൊഴിലാളി ഉപയോഗിച്ചിരുന്ന നുക വടിയായിരുന്നുവെങ്കിൽ നാം ചുമക്കേണ്ട ചുമട് എളുപ്പമുള്ളതും സൗകര്യപ്രദവും ആക്കിത്തീർക്കുന്നതിനുള്ള മാർഗം അവൻ പറഞ്ഞുതരുകയായിരുന്നു. ഇതിലേതായാലും അവന്റെ നുകം യഥാർഥ നവോന്മേഷത്തിന്റെ ഉറവിടമാണ്. കാരണം ‘ഞാൻ സൗമ്യസ്വഭാവിയും ഹൃദയത്തിൽ എളിയവനുമാകുന്നു’ എന്ന് അവൻ നമുക്ക് ഉറപ്പേകുന്നു.
7, 8. സമ്മർദം അനുഭവപ്പെടുമ്പോൾ ചിലർ വരുത്തുന്ന പിശകെന്ത്?
7 എന്നാൽ നാം ചുമക്കുന്ന ജീവിത പ്രശ്നങ്ങൾ അസഹനീയവും നമ്മെ ആകെ അവശരാക്കുന്ന നിലയിലുള്ളതുമാണെന്നു നമുക്കു തോന്നുന്നപക്ഷം നാം എന്തു ചെയ്യണം? ദൈനംദിന ജീവിതത്തിലെ ഉത്കണ്ഠകളാണു തങ്ങളിൽ അമിതഭാരം ചെലുത്തുന്നതെങ്കിലും യേശുക്രിസ്തുവിന്റെ ഒരു ശിഷ്യനാകുക എന്നത് ഏറെ ദുഷ്കരവും തങ്ങളിൽനിന്നു കൂടുതൽ നിഷ്കർഷിക്കുന്നതുമാണെന്നു ചിലർക്കു തെറ്റായി തോന്നിയേക്കാം. അത്തരം സാഹചര്യത്തിൽ ചില വ്യക്തികൾ തങ്ങൾക്ക് എന്തെങ്കിലും ആശ്വാസം കിട്ടുമെന്നു കരുതി ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുന്നതു നിർത്തുന്നു, അല്ലെങ്കിൽ വയൽ ശുശ്രൂഷയിൽ പങ്കെടുക്കുന്നതിൽനിന്ന് അകന്നു നിൽക്കുന്നു. എന്നാൽ, അത് ഒരു ഗുരുതരമായ തെറ്റാണ്.
8 യേശു വാഗ്ദാനം ചെയ്യുന്ന നുകം “മൃദു”വാണെന്നതു നാം മനസ്സിലാക്കുന്നു. നാം ശരിയായി ഘടിപ്പിക്കാത്തപക്ഷം അത് ഉരസിയെന്നു വരാം. അങ്ങനെയെങ്കിൽ നമ്മുടെ തോളിലുള്ള നുകം നാം അടുത്തു പരിശോധിക്കേണ്ട ആവശ്യമുണ്ട്. എന്തെങ്കിലും കാരണത്താൽ നുകം നന്നാക്കുകയോ ശരിയായി ഘടിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ അതു വഹിക്കുന്നതിനു നമ്മുടെ പക്ഷത്തുനിന്നു കൂടുതൽ ശ്രമം ആവശ്യമാണെന്നു മാത്രമല്ല അതു വേദനക്കും കാരണമാകും. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ദിവ്യാധിപത്യ പ്രവർത്തനങ്ങൾ നമുക്ക് ഒരു ഭാരമായി തോന്നാൻ തുടങ്ങുന്നുവെങ്കിൽ നാം അവ ശരിയായ വിധത്തിലാണോ കൈകാര്യം ചെയ്യുന്നത് എന്നു പരിശോധിക്കണം. നാം ചെയ്യുന്ന കാര്യങ്ങൾക്കു പിന്നിലുള്ള ഉദ്ദേശ്യമെന്താണ്? യോഗങ്ങൾക്കു പോകുമ്പോൾ നാം വേണ്ടപോലെ തയ്യാറാകുന്നുണ്ടോ? വയൽ ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ നാം ശാരീരികവും മാനസികവുമായി തയ്യാറാകുന്നുണ്ടോ? സഭയിലുള്ളവരുമായി നാം അടുത്ത, നല്ല ബന്ധം ആസ്വദിക്കുന്നുണ്ടോ? സർവോപരി, യഹോവയാം ദൈവവും അവന്റെ പുത്രനായ യേശുക്രിസ്തുവുമായി നമ്മുടെ വ്യക്തിപരമായ ബന്ധം എങ്ങനെയുള്ളതാണ്?
9. ക്രിസ്തീയ നുകം ഒരിക്കലും വഹിക്കാനാവാത്ത ഭാരം ആയിക്കൂടാത്തത് എന്തുകൊണ്ട്?
9 യേശു വാഗ്ദാനംചെയ്യുന്ന നുകം നാം മുഴുഹൃദയത്തോടെ സ്വീകരിക്കുകയും ശരിയായ വിധത്തിൽ വഹിക്കുന്നതിനു പഠിക്കുകയും ചെയ്യുന്നുവെങ്കിൽ അതു വഹിക്കാനാവാത്ത ഭാരമാണെന്ന് എപ്പോഴെങ്കിലും തോന്നേണ്ട യാതൊരു കാരണവുമില്ല. വാസ്തവത്തിൽ, നമ്മോടൊപ്പം ഒരേ നുകത്തിൻ കീഴിൽ യേശു നിൽക്കുന്നതായി നമുക്കു വിഭാവനചെയ്യാൻ കഴിയുന്നുവെങ്കിൽ ഭാരത്തിന്റെ ഏറിയപങ്കും വഹിക്കുന്നത് ആരാണെന്നു കാണുക പ്രയാസമുള്ള കാര്യമല്ല. പിച്ചനടക്കുന്ന കുട്ടി തന്റെ ഉന്തുകസേരയുടെ കൈപിടിയിൽ മുന്നോട്ടു ചായുന്നപോലെയാണത്. താനാണ് അതു മുന്നോട്ടു തള്ളുന്നതെന്നാണു കുട്ടിയുടെ വിചാരം, വാസ്തവത്തിൽ മാതാപിതാക്കളിൽ ഒരാളാണ് അതു തള്ളുന്നത്. സ്നേഹവാനായ പിതാവെന്ന നിലയിൽ യഹോവയാം ദൈവം നമ്മുടെ പരിമിതികളെയും പോരായ്മകളെയുംപ്പറ്റി ശരിക്കും ബോധവാനാണ്, യേശുക്രിസ്തു മുഖാന്തരം അവൻ നമ്മുടെ ആവശ്യങ്ങളോടു പ്രതികരിക്കുന്നു. “ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും” എന്നു പൗലോസ് പറഞ്ഞു.—ഫിലിപ്പിയർ 4:19; യെശയ്യാവു 65:24 താരതമ്യം ചെയ്യുക.
10. ശിഷ്യത്വം ഗൗരവമായി എടുക്കുന്ന ഒരാളുടെ അനുഭവം എന്തായിരിക്കുന്നു?
10 അനേക സമർപ്പിത ക്രിസ്ത്യാനികൾ വ്യക്തിപരമായ അനുഭവത്തിലൂടെ ഇതു വിലമതിക്കാൻ ഇടയായിട്ടുണ്ട്. ജെനിയുടെ ഉദാഹരണം പരിചിന്തിക്കുക. വളരെ തിരക്കുള്ള മുഴുസമയ ലൗകിക ജോലി ചെയ്യുന്നതോടൊപ്പം എല്ലാ മാസവും സഹായ പയനിയറിങ് ചെയ്യുന്നതു തന്റെമേൽ ഏറെ സമ്മർദം ചെലുത്തുന്നതായി അവൾ തിരിച്ചറിയുന്നു. എങ്കിലും, പയനിയർ സേവനം സന്തുലിതാവസ്ഥ നിലനിർത്താൻ തന്നെ സഹായിക്കുന്നതായി അവൾക്കു തോന്നുന്നു. ബൈബിൾ സത്യം മനസ്സിലാക്കുന്നതിന് ആളുകളെ സഹായിക്കുന്നതും ദൈവാംഗീകാരം നേടുന്നതിനുവേണ്ടി അവർ തങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നതു കാണുന്നതുമാണു തിരക്കുള്ള ജീവിതത്തിലും അവൾക്ക് ഏറ്റവും വലിയ സന്തോഷം കൈവരുത്തുന്നത്. “യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂട്ടുന്നില്ല” എന്ന സദൃശവാക്യത്തിലെ വാക്കുകളോട് അവൾ മുഴുഹൃദയാൽ യോജിക്കുന്നു.—സദൃശവാക്യങ്ങൾ 10:22.
ലഘുവായ ഒരു ചുമട്
11, 12. ‘എന്റെ ചുമടു ലഘു’വാകുന്നു എന്നു പറഞ്ഞപ്പോൾ യേശു എന്താണ് അർഥമാക്കിയത്?
11 നമുക്ക് “മൃദു”വായ ഒരു നുകം വാഗ്ദാനം ചെയ്യുന്നതിനുപുറമേ ‘എന്റെ ചുമടു ലഘുവാകുന്നു’ എന്ന് യേശു ഉറപ്പുനൽകുന്നു. ഒരു “മൃദു”വായ നുകം ജോലി എളുപ്പമാക്കിത്തീർക്കുന്നു; ചുമടു ലഘുവുമാണെങ്കിൽ ജോലി വാസ്തവത്തിൽ ഉല്ലാസകരമാണ്. ആ പ്രസ്താവന നൽകിയപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് എന്തായിരുന്നു?
12 ഒരു കർഷകൻ തന്റെ മൃഗങ്ങളുടെ ജോലി മാറ്റുമ്പോൾ, അതായത് ഉഴവു നിർത്തി വണ്ടി വലിക്കാൻ കൊണ്ടുപോകുമ്പോൾ അയാൾ എന്തു ചെയ്യുമെന്നു പരിചിന്തിക്കുക. അയാൾ ആദ്യം കലപ്പ മാറ്റും എന്നിട്ട് വണ്ടി ഘടിപ്പിക്കും. അയാൾ കലപ്പയും വണ്ടിയും മൃഗങ്ങളുടെമേൽ പിണയ്ക്കുന്നെങ്കിൽ അത് ആക്ഷേപാർഹമായിരിക്കും. അവ്വണ്ണം, ജനങ്ങൾ വഹിക്കുന്ന ചുമടിന്റെ പുറത്തു തന്റെ ചുമടുകൂടി വയ്ക്കാൻ അവരോടു പറയുകയായിരുന്നില്ല യേശു. “രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യനും കഴികയില്ല” എന്ന് അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞു. (ലൂക്കൊസ് 16:13) അങ്ങനെ, യേശു ജനത്തിന് ഒരു തിരഞ്ഞെടുപ്പു വാഗ്ദാനം ചെയ്യുകയായിരുന്നു. അവർ തങ്ങളുടെ പക്കലുള്ള ഭാരിച്ച ചുമട് തുടർന്നു ചുമക്കുമോ അതോ അതു താഴെ വച്ചിട്ട് അവൻ വാഗ്ദാനം ചെയ്യുന്നത് സ്വീകരിക്കുമോ? യേശു അവർക്കു സ്നേഹനിർഭരമായ ഈ പ്രചോദനമേകി: ‘എന്റെ ചുമടു ലഘുവാകുന്നു.’
13. യേശുവിന്റെ നാളിലെ ജനങ്ങൾ എന്തു ചുമടാണു ചുമന്നിരുന്നത്, ഫലമെന്തായിരുന്നു?
13 യേശുവിന്റെ നാളിൽ ജനം, മർദകരായ റോമാ ഭരണാധിപന്മാരും ഔദ്യോഗിക, കപടഭക്തരായ മതനേതാക്കന്മാരും അടിച്ചേൽപ്പിച്ച ഭാരിച്ച ചുമടിൻകീഴിൽ നട്ടംതിരിയുകയായിരുന്നു. (മത്തായി 23:23) റോമാക്കാർ ഏൽപ്പിച്ച ചുമട് എറിഞ്ഞുകളയുന്നതിനുള്ള ഉദ്യമത്തിൽ ചിലർ കാര്യാദികൾ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു. അവർ രാഷ്ട്രീയ ഏറ്റുമുട്ടലുകളിൽ ഏർപ്പെടാൻ തുടങ്ങിയെങ്കിലും വിനാശകരമായ അന്ത്യമായിരുന്നു ഫലം. (പ്രവൃത്തികൾ 5:36, 37) മറ്റുചിലർ ഭൗതിക കാര്യങ്ങളിൽ ആഴമായി ഏർപ്പെട്ടുകൊണ്ടു തങ്ങളുടെ സാഹചര്യം മെച്ചപ്പെടുത്താൻ തുനിഞ്ഞിറങ്ങി. (മത്തായി 19:21, 22; ലൂക്കൊസ് 14:18-20) തന്റെ ശിഷ്യന്മാർ ആകാൻ ക്ഷണിച്ചുകൊണ്ട് യേശു ആശ്വാസത്തിനുള്ള മാർഗം അവർക്കു വാഗ്ദാനം ചെയ്തപ്പോൾ എല്ലാവരുമൊന്നും അതു സ്വീകരിക്കാൻ തയ്യാറായില്ല. തങ്ങൾ ചുമന്നുകൊണ്ടിരുന്ന ഭാരിച്ച ചുമടു താഴെ വച്ചിട്ട് യേശുവിന്റെ ചുമടു ചുമക്കാൻ അവർക്കു മടിയായിരുന്നു. (ലൂക്കൊസ് 9:59-62) എന്തൊരു ദാരുണമായ പിശക്!
14. ജീവിതത്തിന്റെ ഉത്കണ്ഠകളും ഭൗതിക ആഗ്രഹങ്ങളും നമ്മുടെമേൽ അമിതഭാരം ചെലുത്തിയേക്കാവുന്നത് എങ്ങനെ?
14 ജാഗ്രതയുള്ളവരല്ലാത്തപക്ഷം അതേ തെറ്റുകൾ ഇന്നു നാമും ചെയ്തെന്നുവരാം. യേശുവിന്റെ ശിഷ്യരായിരിക്കുന്നത്, ലോകത്തിലെ ജനങ്ങൾ പിന്തുടരുന്ന അതേ ലക്ഷ്യങ്ങളും മൂല്യങ്ങളും പിന്തുടരുന്നതിൽനിന്നു നമ്മെ സ്വതന്ത്രരാക്കുന്നു. ദൈനംദിന ആവശ്യങ്ങൾക്കുവേണ്ടി നമുക്കു കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നുവരികിലും നാം ഇവയെ നമ്മുടെ ജീവിതത്തിലെ മുഖ്യ സംഗതിയാക്കുന്നില്ല. എങ്കിലും, ജീവിതത്തിന്റെ ഉത്കണ്ഠകൾക്കും ഭൗതിക സുഖങ്ങളാകുന്ന കെണിയ്ക്കും നമ്മുടെമേൽ ശക്തമായ സ്വാധീനം ചെലുത്താവുന്നതാണ്. നാം അതിന് അനുവദിക്കുന്ന പക്ഷം അത്യധികം ഉത്സാഹത്തോടെ നാം കൈക്കൊണ്ട സത്യത്തെ അത്തരം ആഗ്രഹങ്ങൾ ഞെരുക്കിയെന്നുപോലും വരാം. (മത്തായി 13:22) അത്തരം ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിൽ നാം വ്യാപൃതരാകുന്നതു നിമിത്തം നമ്മുടെ ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ ക്ഷീണിപ്പിക്കുന്ന കടമകളായിത്തീരുന്നു, തൻമൂലം എങ്ങനെയെങ്കിലും അത് ഒന്നു പെട്ടെന്നു ചെയ്തു തീർത്ത് അതിൽനിന്നു തല ഊരിയാൽ മതിയെന്നു തോന്നുന്നു. അതേ മനോഭാവത്തിലാണു നാം ദൈവസേവനത്തിൽ ഏർപ്പെടുന്നതെങ്കിൽ അതിൽനിന്ന് എന്തെങ്കിലും ഉന്മേഷം ലഭിക്കുമെന്നു പ്രതീക്ഷിക്കാൻ നമുക്കു വകയില്ല.
15. ഭൗതിക വസ്തുക്കളെപ്പറ്റിയുള്ള ആഗ്രഹം സംബന്ധിച്ച് യേശു എന്തു മുന്നറിയിപ്പു നൽകി?
15 സംതൃപ്ത ജീവിതം ഉരുത്തിരിയുന്നതു നമ്മുടെ ആഗ്രഹങ്ങളെല്ലാം നിവർത്തിക്കുന്നതിലൂടെയല്ല, മറിച്ച് ജീവിതത്തിൽ കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുന്നുവെന്ന് ഉറപ്പു വരുത്തുന്നതിലൂടെയാണെന്ന് യേശു ചൂണ്ടിക്കാട്ടി. “എന്തു തിന്നും, എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലയോ?” എന്ന് അവൻ അനുശാസിച്ചു. എന്നിട്ട്, ആകാശത്തിലെ പക്ഷികളിലേക്കു ശ്രദ്ധ തിരിച്ചുകൊണ്ട് അവൻ പറഞ്ഞു: “അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല; എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു.” വയലിലെ താമരയെപ്പറ്റി പരാമർശിച്ചുകൊണ്ട് അവൻ ഇങ്ങനെ പറഞ്ഞു: “അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല. എന്നാൽ ശലോമോൻപോലും തന്റെ സർവ്വ മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല.”—മത്തായി 6:25-29.
16. ഭൗതിക അനുധാവനങ്ങളുടെ ഫലമെന്താണെന്നാണ് അനുഭവങ്ങൾ കാണിച്ചിരിക്കുന്നത്?
16 ഈ ഗുണപാഠങ്ങളിൽനിന്നു നമുക്ക് എന്തെങ്കിലും പഠിക്കാൻ കഴിയുമോ? ഒരു വ്യക്തി തന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ എത്രമാത്രം കഠിനമായി ശ്രമിക്കുന്നോ ലൗകിക അനുധാവനങ്ങളുടെ കുരുക്കിൽ അകപ്പെടാനുള്ള സാധ്യതയും അത്രമാത്രം ഏറുമെന്നതു സാധാരണ അനുഭവമാണ്. ലോകം മുഴുവനും വ്യവസായ സംഘാടകരെക്കൊണ്ടു നിറഞ്ഞിരിക്കയാണ്. തങ്ങളുടെ ഭൗതിക വിജയത്തിന്റെ പരിണതഫലമായി കുടുംബച്ഛിദ്രം, വിവാഹ തകർച്ച, ക്ഷയിച്ച ആരോഗ്യസ്ഥിതി എന്നിവയും അതിലധികവും അനുഭവിച്ചറിഞ്ഞവരാണ് അവർ. (ലൂക്കൊസ് 9:25; 1 തിമൊഥെയൊസ് 6:9, 10) നോബൽ സമ്മാന ജേതാവ് ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “സ്വത്തുക്കൾ, പുറമേയുള്ള വിജയം, പ്രസിദ്ധി, ആർഭാടം—എന്നെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം നികൃഷ്ടമാണ്. ലളിതവും ഒതുക്കവുമുള്ള ജീവിതമാണ് ഏവർക്കും ഏറ്റവും നല്ലത് എന്നാണു ഞാൻ വിശ്വസിക്കുന്നത്.” ഈ അഭിപ്രായപ്രകടനം അപ്പോസ്തലനായ പൗലോസിന്റെ ലളിതമായ ഉപദേശത്തിന്റെ ആവർത്തനം മാത്രമാണ്: “അലംഭാവത്തോടുകൂടിയ [“സ്വയംപര്യാപ്തതയോടു കൂടിയ,” NW] ദൈവഭക്തി വലുതായ ആദായം ആകുന്നു.”—1 തിമൊഥെയൊസ് 6:6.
17. ഏതു തരത്തിലുള്ള ജീവിതമാണു ബൈബിൾ ശുപാർശ ചെയ്യുന്നത്?
17 നാം അവഗണിച്ചു കൂടാത്ത ഒരു പ്രധാന സംഗതിയുണ്ട്. “ലളിതവും ഒതുക്കവുമുള്ള ജീവിത”ത്തിനു പല പ്രയോജനങ്ങളുണ്ടെങ്കിലും അത് അതിൽത്തന്നെ സംതൃപ്തി കൈവരുത്തുന്നില്ല. സാഹചര്യങ്ങളുടെ സമ്മർദം മൂലം ലളിതമായ ജീവിതം നയിക്കുന്ന അനേകരുണ്ട്, എങ്കിലും അവർ യാതൊരുവിധത്തിലും സംതൃപ്തരോ സന്തുഷ്ടരോ അല്ല. ഭൗതിക ആസ്വാദനം ഉപേക്ഷിച്ചു സന്യാസ ജീവിതം നയിക്കാനല്ല ബൈബിൾ നമ്മോടു പറയുന്നത്. ഊന്നൽ നൽകിയിരിക്കുന്നതു ദൈവഭക്തിയിലാണ്, സ്വയംപര്യാപ്തതയിലല്ല. അതു രണ്ടും കൂട്ടിച്ചേർക്കുമ്പോഴാണു നമുക്ക് “വലുതായ ആദായം” ലഭിക്കുന്നത്. എന്താദായം? ‘നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശ വയ്ക്കുന്നവർ . . . സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലൊരു അടിസ്ഥാനം നിക്ഷേപി’ക്കുമെന്ന് അതേ ലേഖനത്തിൽത്തന്നെ പൗലോസ് ചൂണ്ടിക്കാട്ടി.—1 തിമൊഥെയൊസ് 6:17-19.
18. (എ) ഒരുവനു യഥാർഥ നവോന്മേഷം എങ്ങനെ കണ്ടെത്താം? (ബി) നമ്മൾ വരുത്തേണ്ടിവന്നേക്കാവുന്ന മാറ്റങ്ങളെ നമ്മൾ എങ്ങനെ വീക്ഷിക്കേണ്ടതുണ്ട്?
18 നാം ചുമക്കുന്ന വ്യക്തിപരമായ ഭാരിച്ച ചുമടു താഴെയിറക്കിയശേഷം യേശു വാഗ്ദാനം ചെയ്യുന്ന ലഘുവായ ചുമടു ചുമക്കാൻ നാം പഠിക്കുന്നുവെങ്കിൽ നമുക്കു നവോന്മേഷം ലഭിക്കും. രാജ്യസേവനത്തിൽ കൂടുതലായി പങ്കുപറ്റാൻ തക്കവണ്ണം തങ്ങളുടെ ജീവിതത്തിൽ ക്രമീകരണം വരുത്തിയിരിക്കുന്ന അനേകരും സന്തുഷ്ടിയും സംതൃപ്തിയും നിറഞ്ഞ ജീവിതത്തിലേക്കുള്ള വഴി കണ്ടെത്തിയിരിക്കുന്നു. അത്തരമൊരു പടി സ്വീകരിക്കുന്നതിന് ഒരുവനു വിശ്വാസവും ധൈര്യവും ആവശ്യമാണെന്നതു തീർച്ചയാണ്, ഇടയിൽ തടസ്സങ്ങൾ ഉണ്ടായെന്നും വരാം. എന്നാൽ, “കാറ്റിനെ വിചാരിക്കുന്നവൻ വിതെക്കയില്ല മേഘങ്ങളെ നോക്കുന്നവൻ കൊയ്കയുമില്ല” എന്നു ബൈബിൾ നമ്മെ ഓർമിപ്പിക്കുന്നു. (സഭാപ്രസംഗി 11:4) ചെയ്യണമെന്നു നാം മനസ്സിൽ ഉറച്ചുകഴിഞ്ഞാൽ അനേക കാര്യങ്ങളും ചെയ്യുക അത്ര പ്രയാസമുള്ള കാര്യമല്ല. തീരുമാനമെടുക്കുന്നതാണ് ഏറ്റവും പ്രയാസകരമായ സംഗതി. ആ ആശയവുമായി മല്ലിടുകയോ അതിനെ ചെറുത്തുനിൽക്കുകയോ ചെയ്യുന്നതിന്റെ ഫലമായി നാം ക്ഷീണിതരായെന്നുവരാം. നാം നമ്മുടെ മനസ്സിനെ ശക്തീകരിക്കുകയും വെല്ലുവിളി സ്വീകരിക്കുകയും ചെയ്യുന്നപക്ഷം അത് എന്തൊരു അനുഗ്രഹമായി തീരുന്നുവെന്നു നാം ആശ്ചര്യം പൂണ്ടേക്കാം. “യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ” എന്നു സങ്കീർത്തനക്കാരൻ പ്രചോദനമേകി.—സങ്കീർത്തനം 34:8; 1 പത്രൊസ് 1:13.
“നിങ്ങളുടെ ദേഹികൾക്കു നവോന്മേഷം”
19. (എ) ലോകാവസ്ഥകൾ ദിനംതോറും വഷളായിക്കൊണ്ടിരിക്കുമ്പോൾ നമുക്ക് എന്തു പ്രതീക്ഷിക്കാവുന്നതാണ്? (ബി) യേശുവിന്റെ നുകത്തിൻകീഴിലായിരിക്കുമ്പോൾ നമുക്ക് എന്തുറപ്പുണ്ട്?
19 “നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു” എന്ന് അപ്പോസ്തലായ പൗലോസ് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ ഓർമിപ്പിച്ചു. (പ്രവൃത്തികൾ 14:22) അത് ഇന്നും ബാധകമാണ്. ലോകാവസ്ഥകൾ തുടർച്ചയായി വഷളായിക്കൊണ്ടിരിക്കുന്നതിനാൽ നീതിയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന സകലരുടെയുംമേൽ വന്നു ഭവിക്കുന്ന സമ്മർദങ്ങൾ അധികമായിരിക്കും. (2 തിമൊഥെയൊസ് 3:12; വെളിപ്പാടു 13:16, 17) എങ്കിലും പൗലോസിനു തോന്നിയവണ്ണം നമുക്കു തോന്നുന്നു: “ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവർ എങ്കിലും നശിച്ചുപോകുന്നില്ല” എന്ന് അവൻ പറഞ്ഞു. അതിന്റെ കാരണം സാധാരണയിലും കവിഞ്ഞ ശക്തി പ്രദാനംചെയ്യുന്നതിനു നമുക്ക് യേശുക്രിസ്തുവിൽ ആശ്രയിക്കാമെന്നതാണ്. (2 കൊരിന്ത്യർ 4:7-9) ശിഷ്യത്വത്തിന്റെ നുകം മുഴുഹൃദയത്തോടെ ഏറ്റുകൊണ്ട് യേശുവിന്റെ ഈ വാഗ്ദത്ത നിവൃത്തി നാം ആസ്വദിക്കും: “നിങ്ങൾ നിങ്ങളുടെ ദേഹികൾക്കു നവോന്മേഷം കണ്ടെത്തും.”—മത്തായി 11:29, NW.
നിങ്ങൾക്കു വിശദീകരിക്കാമോ?
◻ യേശു വാഗ്ദാനം ചെയ്ത മൃദുവായ നുകം എന്ത്?
◻ നമ്മുടെ നുകം ഒരു ഭാരമായിത്തീരുന്നുവെന്നു നമുക്കു തോന്നുന്നുവെങ്കിൽ നാം എന്തു ചെയ്യണം?
◻ ‘എന്റെ ചുമടു ലഘു’വാകുന്നുവെന്നു പറഞ്ഞപ്പോൾ യേശു എന്താണ് അർഥമാക്കിയത്?
◻ നമ്മുടെ ചുമടു ലഘുവായി അവശേഷിക്കുന്നുവെന്നു നമുക്ക് എങ്ങനെ ഉറപ്പുവരുത്താൻ കഴിയും?