കുടുംബാസൂത്രണം ക്രിസ്തീയ വീക്ഷണം
ആയിരത്തിതൊള്ളായിരത്തിഎഴുപത്തിനാലിൽ നടന്ന ആദ്യത്തെ ലോക ജനസംഖ്യാ സമ്മേളനത്തിൽ പങ്കെടുത്ത 140 രാജ്യങ്ങൾ, എല്ലാ ദമ്പതികൾക്കും “എത്ര കുട്ടികൾ വേണമെന്നും എത്ര ഇടവേളക്കു ശേഷം വേണമെന്നും, സ്വതന്ത്രമായും ചുമതലാബോധത്തോടെയും തീരുമാനിക്കുന്നതിനും അതിനുവേണ്ട വിവരങ്ങളും വിദ്യാഭ്യാസവും മാർഗ്ഗങ്ങളും ലഭിക്കുന്നതിനും അടിസ്ഥാനപരമായ അവകാശമുണ്ട്” എന്നു പ്രഖ്യാപിച്ചു.
അനേകരും ആ പ്രമേയത്തെ നല്ലതായി പരിഗണിച്ചു. യഹോവയാം ദൈവം ആദ്യം ആദാമിനോടും ഹവ്വയോടും പിന്നീടു നോഹയുടെ കുടുംബത്തോടും “സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറ”യുന്നതിനു കല്പിച്ചു എന്നതു സത്യം തന്നെ, എന്നാൽ ക്രിസ്താനികൾക്ക് അപ്രകാരമൊരു കല്പന നൽകിയിട്ടില്ല. (ഉല്പത്തി 1:28; 9:1) തിരുവെഴുത്തുകൾ ക്രിസ്തീയ ദമ്പതികൾക്കു കുട്ടികൾ ഉണ്ടാകാൻ പ്രോത്സാഹിപ്പിക്കുന്നില്ല ഉണ്ടാകരുതെന്നൊട്ടു കല്പിക്കുന്നുമില്ല. കുട്ടികൾ വേണോ വേണ്ടയോ അഥവാ കുട്ടികൾ ഉണ്ടാകാൻ ഉദ്ദേശിക്കുന്നുവെങ്കിൽ എത്ര കുട്ടികൾ വേണം, എപ്പോൾ വേണം എന്നും വിവാഹിതരായ ദമ്പതികൾക്കു തന്നെ തീരുമാനിക്കാവുന്നതാണ്.
ദൈവദത്തമായ ഒരു ഉത്തരവാദിത്വം
എങ്കിലും ലോക ജനസംഖ്യാ സമ്മേളനത്തിന്റെ പ്രഖ്യാപനത്തിൽ, ദമ്പതികൾ “എത്ര കുട്ടികൾ വേണമെന്നും എത്ര ഇടവേളക്കു ശേഷം വേണമെന്നും ചുമതലാബോധത്തോടെ” തീരുമാനിക്കേണ്ടതുണ്ട് എന്നു പറഞ്ഞതു നിങ്ങൾ ശ്രദ്ധിച്ചോ? ചുമതലാബോധത്തിന്റെ ഈ തത്ത്വവും ബൈബിളിനോടു ചേർച്ചയിലാണ്. കുട്ടികൾ ദൈവത്തിൽ നിന്നുള്ള അമൂല്യമായ ദാനമാണെങ്കിലും ആ ദാനത്തോടു ചേർന്നു ഗണ്യമായ ഉത്തരവാദിത്വവും വരുന്നുവെന്നു ക്രിസ്തീയ മാതാപിതാക്കൾ തിരിച്ചറിയുന്നു.
ഒന്നാമതായി കുട്ടികളുടെ ഭൗതിക ആവശ്യങ്ങൾ നിറവേറേറണ്ട ഉത്തരവാദിത്വമുണ്ട്. ബൈബിൾ പറയുന്നു: “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.”—1 തിമൊഥെയൊസ് 5:8.
ഒരുവന്റെ കുടുംബത്തിനുവേണ്ടി കരുതുന്നതിൽ ആഹാരം സമ്പാദിക്കുന്നതിലും ബില്ല് അടച്ചുതീർക്കുന്നതിലും അധികം ഉൾപ്പെട്ടിരിക്കുന്നു, അത് അതിൽതന്നെ ഒരു വലിയ ജോലിയാണെന്നുവരികിലും. ഉത്തരവാദിത്വമുള്ള ക്രിസ്തീയ ദമ്പതികൾ കുടുംബത്തിന്റെ വലിപ്പം ആസൂത്രണം ചെയ്യുമ്പോൾ അമ്മയുടെ ശാരീരിക സൗഖ്യവും അതോടൊപ്പം അവരുടെ വൈകാരികവും മാനസികവും അദ്ധ്യാത്മികവുമായ ക്ഷേമവും പരിഗണനയിൽ എടുക്കുന്നു. ഒരു കുട്ടിയുടെ പരിപാലനത്തിനു ധാരാളം സമയം ചിലവിടേണ്ടതായി വരുന്നു, പിന്നെ ഒന്നിനു പിറകെ ഒന്നായി കുട്ടികൾ ജനിക്കുമ്പോൾ അമ്മമാർ മിക്കപ്പോഴും അവരുടെ വിശ്രമം, വിനോദം, വ്യക്തിപരമായ വളർച്ച, ക്രിസ്തീയ പ്രവർത്തനങ്ങളിലുള്ള തങ്ങളുടെ പങ്കുപററൽ എന്നിവമാത്രമല്ല തങ്ങളുടെ ശാരീരികവും ആത്മീയവുമായ ആരോഗ്യത്തെപ്പോലും ബലികഴിക്കുന്നു.
ഉത്തരവാദിത്വമുള്ള ക്രിസ്തീയ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ ആവശ്യങ്ങളും പരിഗണിക്കുന്നു. ലോകത്തിലെ ജനസംഖ്യാവസ്ഥ 1991 (The State of the World’s Population 1991) പറയുന്നു: “അധികം അംഗങ്ങൾ ഉള്ള കുടുംബത്തിൽ, കുറഞ്ഞ ഇടവേളക്കുള്ളിൽ ജനിക്കുന്ന കുട്ടികൾക്കു ഭക്ഷണത്തിനും, വസ്ത്രത്തിനും, മാതാപിതാക്കളുടെ വാത്സല്യത്തിനും വേണ്ടി സഹോദരീ സഹോദരൻമാരുമായി മത്സരിക്കേണ്ടിവരുന്നു. അവർ പകർച്ചവ്യാധികൾക്കും വളരെ എളുപ്പം വിധേയരാകുന്നു. ഈ കുഞ്ഞുങ്ങൾ ക്ഷതമേൽക്കാവുന്ന ശൈശവവർഷങ്ങളെ അതിജീവിച്ചാൽതന്നെ അവരുടെ വളർച്ച മുരടിക്കുന്നതിനും ബുദ്ധിയുടെ വികസനം തകരാറിലാകുന്നതിനും കൂടുതൽ സാദ്ധ്യതയുണ്ട്. പ്രായപൂർത്തിയായ ജീവിതത്തിൽ ഈ കുട്ടികളുടെ പ്രതീക്ഷകൾ വളരെയധികം ചുരുങ്ങുന്നു.” തീർച്ചയായും എല്ലാ വലിയ കുടുംബങ്ങളിലെയും അവസ്ഥ ഇപ്രകാരമല്ല, പക്ഷേ എത്ര കുട്ടികൾ ഉണ്ടാകണമെന്നു ആസൂത്രണം ചെയ്യുമ്പോൾ ക്രിസ്തീയ ദമ്പതികൾ പരിഗണിക്കേണ്ട ഒരു സംഗതിയാണിത്.
ക്രിസ്തീയ മാതാപിതാക്കൾക്കു കുട്ടികളെ ആത്മീയമായി പരിരക്ഷിക്കാനുള്ള കടപ്പാടുണ്ട്, ബൈബിൾ കല്പിക്കുന്നപ്രകാരം: “പിതാക്കൻമാരെ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററി വളർത്തുവിൻ.”—എഫെസ്യർ 6:4.
നൈജീരിയിൽ നിയമം പഠിപ്പിക്കുന്ന ഒരു ക്രിസ്താനിയായ എമീക്കാ വിവാഹിതനായിട്ട് ഒരു വർഷം ആയി, എന്നാൽ ഒരു വലിയ കുടുംബത്തിന്റെ പിതാവാകാനുള്ള തിടുക്കത്തിലല്ല. “എന്റെ ഭാര്യയും ഞാനും എത്ര കുട്ടികളുണ്ടാകണം എന്നതിനെപ്പററി ചർച്ച ചെയ്തു. അഞ്ചു കുട്ടികളുണ്ടാകുന്നതിനെപ്പററി ഞങ്ങൾ പരിചിന്തിച്ചു, എന്നാൽ മൂന്നു മതിയെന്നു തീരുമാനിച്ചു. രണ്ടു കുട്ടികളുണ്ടാകുന്നതായിരിക്കും മെച്ചമെന്നു പിന്നീടു ഞങ്ങൾ തീരുമാനത്തിലെത്തി. ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതു പ്രയാസകരമാണ്. അത് ഒരു വലിയ ഉത്തരവാദിത്വമാണ്.”
ചില ക്രിസ്തീയ ദമ്പതികൾ ദൈവത്തെ സേവിക്കുന്നതിനു തങ്ങളുടെ മുഴു സമയവും അർപ്പിക്കുന്നതിനുവേണ്ടി കുട്ടികൾ വേണ്ട എന്നു തീരുമാനിച്ചിട്ടുണ്ട്. സന്താനരഹിതരായി കഴിയാൻ ഭർത്താവിനോട് അനുകൂലിച്ച ആഫ്രിക്കയിലെ ഒരു മിഷനറി പറയുന്നു: “പ്രസവിക്കാത്തതിനാൽ എനിക്കെന്തെങ്കിലും നഷ്ടമായതുപോലെ തോന്നുന്നില്ല. എന്റെ ഭർത്താവും ഞാനും പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും സന്തോഷം അനുഭവിച്ചിട്ടില്ലെങ്കിലും ഞങ്ങളുടെ ജീവിതം മററുസന്തോഷങ്ങളാൽ പൂരിതമാണ്. ബൈബിൾ സത്യങ്ങൾ പഠിക്കുന്നതിനു മററുള്ളവരെ സഹായിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ ലോകത്തിന്റെ അനേക ഭാഗങ്ങളിൽ ഞങ്ങൾക്ക് ആത്മീയ മക്കൾ ഉണ്ട്. ഞങ്ങൾ അവരെ സ്നേഹിക്കുന്നു, അവർ ഞങ്ങളേയും സ്നേഹിക്കുന്നു. ഞങ്ങളുടെ ഇടയിൽ ഒരു പ്രത്യേക സ്നേഹബന്ധം ഉണ്ട്. അപ്പോസ്തലനായ പൗലൊസ് താൻ ആത്മീയമായി സഹായിച്ചവരുടെ മേൽ കാണിച്ച മൃദുല വാത്സല്യത്താൽ തന്നെത്തന്നെ കുഞ്ഞുങ്ങളെ പോററുന്ന അമ്മയോടു സാദൃശ്യപ്പെടുത്തിയതു നല്ല കാരണത്താൽ ആണ്.”—1 തെസ്സലൊനീക്യർ 2:7, 8.
ജനനനിയന്ത്രണം
ബൈബിൾ ജനനനിയന്ത്രണത്തെ കുററം വിധിക്കുന്നുണ്ടോ? ഇല്ല, അത് അപ്രകാരം ചെയ്യുന്നില്ല. ആ തിരഞ്ഞെടുപ്പു ദമ്പതികൾക്കു വിട്ടിരിക്കുകയാണ്. ഒരു വിവാഹിത ദമ്പതികൾ ജനനനിയന്ത്രണം പാലിക്കാൻ തീരുമാനിക്കുന്ന പക്ഷം, ഗർഭനിരോധന വസ്തുക്കളുടെ തിരഞ്ഞെടുപ്പു വ്യക്തിപരമായ കാര്യമാണ്. എന്നിരുന്നാലും, ഒരു ക്രിസ്തീയ ദമ്പതികൾ തിരഞ്ഞെടുക്കുന്ന ജനനനിയന്ത്രണ രീതി ജീവന്റെ പവിത്രതയോടുള്ള ആദരവിനാൽ ഭരിക്കപ്പെടണം. ഒരു വ്യക്തിയുടെ ജീവിതം ഗർഭധാരണത്തിൽ തുടങ്ങുന്നുവെന്നു ബൈബിൾ സൂചിപ്പിക്കുന്നതിനാൽ ഗർഭം അലസ്സിപ്പിക്കുന്ന അഥവാ വളർന്നു വരുന്ന കുഞ്ഞിന്റെ ജീവനെ നശിപ്പിക്കുന്ന ഗർഭനിരോധന രീതികൾ ക്രിസ്ത്യാനികൾ ഒഴിവാക്കും.—സങ്കീർത്തനം 139:16; പുറപ്പാടു 21:22, 23-ഉം യിരെമ്യാവു 1:5-ഉം താരതമ്യം ചെയ്യുക.
അതുകൊണ്ട് കുടുംബാസൂത്രണത്തോടുള്ള ബന്ധത്തിൽ ദമ്പതികൾ ഉചിതമായും വ്യത്യസ്ത തിരഞ്ഞെടുപ്പുകൾ നടത്തിയേക്കാം. ചിലർ തങ്ങൾക്കുണ്ടാകാൻ പോകുന്ന കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തിയേക്കാം. മററുചിലർ ഏതെങ്കിലുംഗർഭനിരോധന രീതി ഉപയോഗിച്ചുകൊണ്ടു കുട്ടികൾ വേണ്ട എന്നുതന്നെ തീരുമാനിച്ചേക്കാം. പല ജനനനിയന്ത്രണ രീതികൾ ഉണ്ട്, ഓരോന്നിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഏതു രീതിയാണു തങ്ങൾക്കു ഉത്തമമെന്നു ദമ്പതികൾ തീരുമാനിക്കുമ്പോൾ, ചില രീതികൾ മററുള്ളവയേക്കാൾ വളരെയേറെ കാര്യക്ഷമമാണെന്ന് ഓർമ്മിക്കേണ്ടതുണ്ട്. ഉണ്ടായേക്കാവുന്ന പാർശ്വഫലങ്ങളെക്കുറിച്ചും അവർ അന്വേഷിക്കണം. ഡോക്ടർമാരും കുടുംബാസൂത്രണ കേന്ദ്രങ്ങളും ജനനനിയന്ത്രണ രീതികളെക്കുറിച്ച് ഉപദേശം നൽകുന്നതിനും ദമ്പതികളെ തങ്ങളുടെ ആവശ്യം നിവർത്തിക്കുന്ന ഉത്തമമായ രീതി തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിനും സജ്ജരാണ്.
കുട്ടികൾ അധികം വേണമെന്നോ കുറച്ചുമതിയെന്നോ ഒന്നും വേണ്ടെന്നോ ഉള്ള ഒരു ദമ്പതികളുടെ തീരുമാനം തീർത്തും വ്യക്തിപരമായ ഒന്നാണ്. ദൂരവ്യാപകഫലങ്ങളുള്ള ഒരു പ്രധാന തീരുമാനം കൂടിയാണിത്. വിവാഹിതദമ്പതികൾ സൂക്ഷ്മതയോടെയും പ്രാർത്ഥനാപൂർവ്വവും ഈ വിഷയം തൂക്കിനോക്കുന്നതു ബുദ്ധിയായിരിക്കും. (g93 2/22)
[8, 9 പേജുകളിലെ ചതുരം]
പ്രചാരത്തിലുള്ളജനനനിയന്ത്രണ രീതികൾ
വന്ധ്യംകരണം
പുരുഷൻമാരിൽ: വൃഷണ സഞ്ചിയിൽ ഒരു ചെറിയ മുറിവുണ്ടാക്കി ഇരുവശവുമുള്ള ബീജവാഹിനിക്കുഴലുകൾ മുറിച്ചുകളയുന്ന ഒരു ലളിതമായ ശസ്ത്രക്രിയ.
സ്ത്രീകളിൽ: അണ്ഡം ഗർഭാശയത്തിലേക്കു കടക്കുന്നതിനെ തടയുന്നതിനുവേണ്ടി ഇരുവശവുമുള്ള അണ്ഡവാഹിനിക്കുഴലുകൾ കെട്ടിയിടുകയൊ മുറിച്ചുമാററുകയൊ ചെയ്യുന്ന ശസ്ത്രക്രിയ.
ഗുണങ്ങൾ: എല്ലാ ജനനനിയന്ത്രണ രീതികളിലുംവച്ച് ഏററവും ഫലപ്രദമായ മാർഗ്ഗം വന്ധ്യംകരണമാണ്.
ദോഷങ്ങൾ: സ്ഥിരമായിരുന്നേക്കാം. സ്ത്രീകളിലും പുരുഷൻമാരിലും ഉത്പാദകശക്തി ശസ്ത്രക്രിയ മുഖാന്തരം വീണ്ടെടുത്തിട്ടുണ്ട്, എങ്കിലും ഇതിന് ഉറപ്പു നൽകാൻ കഴിയുകയില്ല.a
ജനനനിയന്ത്രണ ഗുളികകൾ
ഇതിൽ ഹോർമോൺ മിനിപിൽ ഉൾപ്പെടുന്നു. അണ്ഡം പാകമായി വിട്ടുകൊടുക്കുന്നതു തടയുന്നതിനായി അവ ഒരു സ്ത്രീയുടെ സാധാരണ ഹോർമോൺ നിലയെ തടസ്സപ്പെടുത്തുന്നു.b
ഗുണങ്ങൾ: ഗർഭധാരണം തടയുന്നതിന് അത്യന്തം ഫലപ്രദമായ മാർഗ്ഗം.
ദോഷങ്ങൾ: ശാരീരികമായ ചില പാർശ്വഫലങ്ങൾ ഉണ്ടെങ്കിലും 40 വയസ്സിൽ താഴെയുള്ള, പുകവലിക്കാത്ത ആരോഗ്യവതികളിൽ ഇതു കുറവാണ്.
ഡയഫ്രവും ബീജഹത്യാവസ്തുവും
വഴക്കമുള്ള ഒരു വട്ടിൽ ബന്ധിച്ച അർദ്ധവൃത്താകൃതിയിലുള്ള ഒരു റബ്ബർ കപ്പാണു ഡയഫ്രം. ബീജത്തെ നശിപ്പിക്കുന്ന കുഴമ്പ് (ബീജഹത്യാവസ്തു) ഈ ഉപാധിയിൽ പുരട്ടിയശേഷം ഇത്, ഗർഭാശയമുഖം മറയ്ക്കത്തക്കവണ്ണം യോനിക്കുള്ളിൽ നിക്ഷേപിക്കുന്നു.
ഗുണങ്ങൾ: ശരിയായി ഉപയോഗിക്കുമളവിൽ ജനനനിയന്ത്രണത്തിനു സുരക്ഷിതവും തീർത്തും ആശ്രയയോഗ്യവുമായ ഒരു രീതി.
ദോഷങ്ങൾ: ദമ്പതികൾ സംഭോഗം നടത്തുമ്പോഴെല്ലാം ഉപയോഗിക്കണം. ഉപാധി ഉള്ളിൽ നിക്ഷേപിക്കുന്നതിനു വൈഭവം ആവശ്യമാണ്. കൂടാതെ, സംഭോഗത്തിനു മുമ്പ് അത് ഉള്ളിൽ നിക്ഷേപിക്കുകയും അതിനുശേഷം ആറു മണിക്കൂർമുതൽ എട്ടു മണിക്കൂർവരെ അവിടെത്തന്നെ വെച്ചിരിക്കേണ്ടതുമുണ്ട്.
ഗ്രൈവേയ ആവരണം
ഡയഫ്രത്തെക്കാൾ ചെറിയതും പ്ലാസ്ററിക്ക് അല്ലെങ്കിൽ റബ്ബർ കൊണ്ടുണ്ടാക്കിയതുമായ കപ്പ് പോലുള്ള ഒരു ഉപാധി. ഡയഫ്രം മാതിരി ഇതും ഗർഭാശയമുഖത്തു നിക്ഷേപിക്കുന്നു, എന്നാൽ ഇതു കൂടുതൽ ഒതുക്കത്തോടെ ചേർന്നിരിക്കും, അതുപോലെ ബീജഹത്യാ കുഴമ്പ് കുറച്ചുമതിതാനും.
ഗുണങ്ങൾ: ഫലപ്രദത്വത്തിന്റെ കാര്യത്തിൽ ഈ ആവരണം ഡയഫ്രംപോലെതന്നെയാണ്. കൂടാതെ, 48 മണിക്കൂർ അത് അവിടെ ഇരുന്നുകൊള്ളും. സംഭോഗം ആവർത്തിക്കുന്ന സാഹചര്യത്തിൽ ബീജഹത്യാവസ്തു പുരട്ടേണ്ടതില്ല.
ദോഷങ്ങൾ: ഇതു ഗർഭാശയമുഖത്തു നിക്ഷേപിക്കാൻ ഡയഫ്രത്തേക്കാൾ കൂടുതൽ പ്രയാസമാണ്, തന്നെയുമല്ല ഓരോ പ്രാവശ്യവും സംഭോഗത്തിനു മുമ്പും പിമ്പും ഗർഭാശയമുഖത്തെ അതിന്റെ സ്ഥാനം പരിശോധിക്കേണ്ടതുണ്ട്. ഗർഭപാത്രത്തിലൊ ഗർഭാശയമുഖത്തൊ രോഗബാധയുണ്ടാകാൻ സാദ്ധ്യതകളുണ്ട്. ഈ ഉപാധി കുചാഗ്രപരിശോധനകളിൽ സാധാരണ നിലയുള്ള സ്ത്രീകൾ മാത്രമേ ധരിക്കാവൂ.
സ്പഞ്ച്
ഗർഭാശയമുഖം മറയ്ക്കത്തക്കവണ്ണം യോനിയിൽ സ്ഥാപിച്ചു ബീജത്തിന് ഭൗതികവും രാസസംബന്ധവുമായ തടസ്സം സൃഷ്ടിക്കുന്ന പോളീയുറെത്തെൻ സ്പഞ്ച് അടങ്ങുന്ന ഒരു ബീജഹത്യാവസ്തു. ഉപയോഗത്തിനുശേഷം ഉപേക്ഷിക്കുന്നു.
ഗുണങ്ങൾ: സ്പഞ്ച് 24 മണിക്കൂർവരെ അവിടെ വെച്ചേക്കാൻ കഴിയും തന്നെയുമല്ല ആ സമയത്തിനുള്ളിൽ ലൈംഗിക വേഴ്ച ആവർത്തിക്കുകയാണെങ്കിൽ ഇതു ഫലപ്രദവുമാണ്.
ദോഷങ്ങൾ: ചിലതരം അലർജികളും ടോക്സിക്ക് ഷോക്കിന്റെ ലക്ഷണങ്ങൾ ബാധിച്ച ഏതാനും കേസുകളും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
ഗർഭാശയാന്തരമാർഗങ്ങൾ ഐയുഡി എന്നോ, ലൂപ്പ് എന്നോ, കോയിൽ എന്നോ വിളിക്കുന്ന, ലോഹമൊ പ്ലാസ്ററിക്കൊ കൊണ്ടുണ്ടാക്കുന്ന ഈ വസ്തു ഗർഭാശയത്തിനുള്ളിൽ സ്ഥാപിക്കുന്നു. ഇതിന്റെ യഥാർത്ഥ പ്രവർത്തനരീതിയെ സംബന്ധിച്ച് അനിശ്ചിതത്വമുണ്ടെങ്കിലും നാനാവിധങ്ങളിൽ ഇതു ഗർഭധാരണത്തെ തടയുന്നു എന്നു ഡോക്ടർമാർ വിശ്വസിക്കുന്നു. ഇതിലൊരു വിധം ഗർഭാശയഭിത്തിയിൽ പററിപ്പിടിക്കുന്നതിൽനിന്നും ഭ്രൂണത്തെ തടയുകയാണ്.
ഗുണങ്ങൾ: ആശ്രയിക്കാവുന്ന ഒരു ജനനനിയന്ത്രണ ഉപാധി.
ദോഷങ്ങൾ: ചിലപ്പോൾ രക്തസ്രാവത്തിലും വേദനയിലും കലാശിക്കുന്നു. മററുചിലപ്പോൾ അതിന്റെ പ്രവർത്തന വിധം ഗർഭച്ഛിദ്രവുമായിരുന്നേക്കാം.c
ഉറകൾ
വിസർജിതശുക്ലം യോനിയിൽ പ്രവേശിക്കാതിരിക്കാൻ സംഭോഗാവസരത്തിൽ പുരുഷലിംഗത്തിൽ ധരിക്കുന്ന ഉറ.
ഗുണങ്ങൾ: സുരക്ഷിതവും ഫലപ്രദവുമായ ഒരു ജനനനിയന്ത്രണ ഉപാധി. എയ്ഡ്സ് ഉൾപ്പെടെയുള്ള ലൈംഗികമായി പകരുന്ന രോഗങ്ങൾ പകരാനുള്ള സാദ്ധ്യത കുറയ്ക്കുന്നു.
ദോഷങ്ങൾ: ഇതിന്റെ ഉപയോഗം ലൈംഗിക വേഴ്ചക്കു ഭംഗം വരുത്തുന്നതിനാൽ ചിലർ ഇഷ്ടപ്പെടുന്നില്ല.
പിൻവലിക്കൽ
സംഭോഗസമയത്ത് ശുക്ലവിസർജനത്തിനുതൊട്ടുമുമ്പു പുരുഷലിംഗം യോനിയിൽനിന്നു പിൻവലിക്കൽ.
ഗുണങ്ങൾ: പണച്ചെലവോ തയ്യാറെടുപ്പോ ബാഹ്യഉപകരണങ്ങളൊ ആവശ്യമായി വരുന്നില്ല.
ദോഷങ്ങൾ: ലൈംഗികമായി തൃപ്തികരമല്ല, വളരെ ആത്മനിയന്ത്രണം ആവശ്യമാണ്, അത്യന്തം ആശ്രയിക്കാനാവാത്തതുമാണ്.
സുരക്ഷിതകാലസംഭോഗ രീതി
സ്ത്രീയുടെ ആർത്തവചക്രത്തിൽ ഗർഭധാരണശക്തി ഏറിയദിവസങ്ങളിൽ സംഭോഗം നടത്തുന്നതിൽ നിന്നും ദമ്പതികൾ ഒഴിഞ്ഞിരിക്കുന്നു.
ഗുണങ്ങൾ: സുരക്ഷിതമാണ്, ഉപദ്രവകരമായ പാർശ്വഫലങ്ങൾ ഇല്ല, സംഭോഗസമയത്ത് ഒരു നടപടിയും ആവശ്യമായി വരുന്നില്ല.
ദോഷങ്ങൾ: കുട്ടികൾ വേണ്ട എന്നു ദമ്പതികൾ ദൃഢനിശ്ചയമുള്ളവരായിരിക്കുകയും ഇതിനുള്ള നിർദ്ദേശങ്ങൾ കണിശമായി പിൻപററുന്നതിൽനിന്നും വ്യതിചലിക്കാതിരിക്കുകയും ചെയ്യാത്തപക്ഷം ഈ ഉപാധി ഗർഭധാരണം തടയുന്നതിൽ വളരെ വിജയപ്രദമല്ല.
ഹോർമോണുകളുടെ പ്രതിഷ്ഠാപനം
ജനനനിയന്ത്രണത്തിനുള്ള ഏററവും പുതിയ ഗർഭനിരോധനവസ്തു, തീരെ ചെറിയ സിലിക്കൺ സിലിണ്ടറുകളുടെ ഒരു പരമ്പര സ്ത്രീയുടെ കയ്യിലെ തൊലിക്കുള്ളിൽ സ്ഥാപിക്കുന്നു. അഞ്ചുവർഷംവരെ ഇതു ഒരു ചെറിയ അളവു ഹോർമോൺ തുടർച്ചയായി രക്തപ്രവാഹത്തിലേക്കു വിട്ടുകൊടുക്കുന്നു. ഈ കാലയളവിൽ അവൾ ഗർഭധാരണത്തിൽ നിന്നും സംരക്ഷിക്കപ്പെടുന്നു.
ഗുണങ്ങൾ: അത്യന്തം ഫലപ്രദം. സ്ഥാപിതവസ്തു നീക്കം ചെയ്തുകൊണ്ടു ഗർഭധാരണശക്തി വീണ്ടെടുക്കാൻ കഴിയും.
ദോഷങ്ങൾ: ദുല്ലഭമാണ്. ഗർഭനിരോധന ഹോർമോൺ ഗുളിക (മിനിപിൽ) പോലെതന്നെ. ഹോർമോൺ ഗുളികകൾ ഉപയോഗിക്കുമ്പോൾ ഗർഭച്ഛിദ്രത്തിലൂടെയാണു മിക്കപ്പോഴും ഗർഭധാരണത്തെ തടയുന്നത്.d
[അടിക്കുറിപ്പുകൾ]
a വന്ധ്യംകരണം ക്രിസ്തീയ തത്ത്വങ്ങളോടു യോജിപ്പിലാണോ എന്നതിനേക്കുറിച്ചുള്ള ഒരു ചർച്ച 1985 മേയ് 1-ലെ വാച്ച്ടവറിന്റെ 31-ാം പേജിൽ കാണാവുന്നതാണ്.
b ജനനനിയന്ത്രണ ഗുളികകൾ ഗർഭധാരണത്തെ തടയുന്ന വിധത്തെക്കുറിച്ചുള്ള ഒരു ചർച്ച 1989 ജൂൺ 15-ലെ വാച്ച്ടവറിന്റെ 29-ാം പേജിൽ കാണാവുന്നതാണ്.
c ഐയുഡി ക്രിസ്തീയ തത്ത്വങ്ങളോടു യോജിപ്പിലാണൊ എന്നതിനേക്കുറിച്ചുള്ള ഒരു ചർച്ച 1979 മേയ് 15-ലെ വാച്ച്ടവറിന്റെ 30-1 പേജുകളിൽ കാണാവുന്നതാണ്.
d ജനനനിയന്ത്രണ ഗുളികകൾ ജനനത്തെ തടയുന്നത് എപ്രകാരമെന്നതിന്റെ ഒരു ചർച്ച 1989 ജൂൺ 15-ലെ വാച്ച് ടവറിന്റെ 29-ാം പേജിൽ കാണാവുന്നതാണ്.