യഹോവയിൽ ആശ്രയിക്കാൻ ഞാൻ പഠിച്ചു
യാൻ കൊർപാ ഓണ്ടോ പറഞ്ഞ പ്രകാരം
വർഷം 1942. റഷ്യയിലെ കുർസ്കിനു സമീപത്തായി ഹംഗേറിയൻ പട്ടാളക്കാരുടെ കാവലിൽ ആയിരുന്നു ഞാൻ. രണ്ടാം ലോക മഹായുദ്ധത്തിൽ റഷ്യക്കെതിരെ പോരാടിയ അച്ചുതണ്ട് ശക്തികളുടെ തടവുകാരായിരുന്നു ഞങ്ങൾ. എന്നെക്കൊണ്ട് സ്വന്തം ശവക്കുഴി കുഴിപ്പിച്ചിട്ട്, മേലാൽ ഞാൻ ഒരു യഹോവയുടെ സാക്ഷി അല്ലെന്നു പ്രസ്താവിക്കുന്ന ഒരു രേഖയിൽ ഒപ്പുവെക്കാനായി എനിക്കു പത്തു മിനിറ്റ് അനുവദിച്ചു. തുടർന്ന് എന്തു സംഭവിച്ചു എന്നു പറയുന്നതിനു മുമ്പ്, ഈ സാഹചര്യത്തിലേക്കു നയിച്ച സംഭവങ്ങൾ ഞാൻ വിവരിക്കാം.
ഇപ്പോൾ കിഴക്കൻ സ്ലോവാക്യയിൽ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമായ സാഹൊറിൽ 1904-ൽ ആയിരുന്നു എന്റെ ജനനം. ഒന്നാം ലോക മഹായുദ്ധത്തെ തുടർന്ന് ഈ ഗ്രാമം പുതുതായി രൂപംകൊണ്ട ചെക്കോസ്ലോവാക്യയുടെ ഭാഗം ആയിത്തീർന്നു. ഞങ്ങളുടെ ഗ്രാമത്തിൽ 200-ഓളം വീടുകളും രണ്ടു പള്ളികളും ഉണ്ടായിരുന്നു. ഒരെണ്ണം ഗ്രീക്കു കത്തോലിക്കരുടെയും മറ്റേത് കാൽവിൻ മതക്കാരുടെയും.
കാൽവിൻ മതക്കാരുടെ പള്ളിയിൽ പോയിരുന്നെങ്കിലും, ധാർമികമായി കുത്തഴിഞ്ഞ ജീവിതം ആയിരുന്നു എന്റേത്. ഞങ്ങളുടെ അടുത്തായി തികച്ചും വ്യത്യസ്തനായ ഒരു വ്യക്തി താമസിച്ചിരുന്നു. ഒരിക്കൽ അദ്ദേഹം എന്നോടു സംഭാഷണം നടത്തുകയും വായിക്കാനായി ഒരു ബൈബിൾ തരുകയും ചെയ്തു. എന്റെ കൈകൊണ്ട് ആദ്യമായി ബൈബിൾ തൊടുന്നത് അപ്പോഴാണ്. ഏതാണ്ട് ഈ സമയത്ത്, അതായത് 1926-ൽ, ഞാൻ ബാർബൊറയെ വിവാഹം കഴിച്ചു. താമസിയാതെ രണ്ടു കുട്ടികളും ഉണ്ടായി, ബാർബൊറയും യാനും.
ബൈബിൾ വായിക്കാൻ ആരംഭിച്ചെങ്കിലും എനിക്കു മനസ്സിലാകാഞ്ഞ നിരവധി സംഗതികൾ അതിൽ ഉണ്ടായിരുന്നു. അതുകൊണ്ട് ഞാൻ പാസ്റ്ററോടു സഹായം ആവശ്യപ്പെട്ടു. “വിദ്യാഭ്യാസം ഉള്ളവർക്കു മാത്രമുള്ളതാ ബൈബിൾ, അതു മനസ്സിലാക്കാൻ ശ്രമിക്കുകയേ വേണ്ട,” അദ്ദേഹം പറഞ്ഞു. തുടർന്ന് അദ്ദേഹം എന്നെ ചീട്ടു കളിക്കാൻ ക്ഷണിച്ചു.
അതിനുശേഷം, എനിക്കു ബൈബിൾ തന്ന ആളുടെ അടുത്തു ഞാൻ പോയി. അദ്ദേഹം ഒരു ബൈബിൾ വിദ്യാർഥി ആയിരുന്നു. യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. എന്നെ സഹായിക്കാൻ അദ്ദേഹത്തിനു സന്തോഷമായിരുന്നു. അദ്ദേഹം പറഞ്ഞത് സത്യമാണെന്നു ഞാൻ മനസ്സിലാക്കി. അമിത മദ്യപാനം നിർത്തിയ ഞാൻ നല്ല രീതിയിൽ ജീവിക്കാൻ തുടങ്ങി. യഹോവയെ കുറിച്ച് മറ്റുള്ളവരോടു സംസാരിക്കാൻ പോലും തുടങ്ങി. 1920-കളുടെ ആരംഭത്തിൽ ആയിരുന്നു സാഹൊറിൽ ബൈബിൾ സത്യം വിതയ്ക്കപ്പെട്ടത്. പെട്ടെന്നുതന്നെ ബൈബിൾ വിദ്യാർഥികളുടെ ഒരു സജീവ കൂട്ടം അവിടെ പ്രവർത്തന നിരതമായി.
എന്നിരുന്നാലും, മതപരമായ കടുത്ത എതിർപ്പ് ഉണ്ടായിരുന്നു. എനിക്കു ഭ്രാന്താണെന്നു പറഞ്ഞ് പ്രാദേശിക പള്ളിയിലെ പുരോഹിതൻ എന്റെ കുടുംബാംഗങ്ങളെ എല്ലാവരെയുംതന്നെ എനിക്ക് എതിരെ തിരിച്ചു. എന്നാൽ എന്റെ ജീവിതം ഉദ്ദേശ്യപൂർണം ആകുകയായിരുന്നു. സത്യദൈവമായ യഹോവയെ സേവിക്കാൻ ഞാൻ തീരുമാനിച്ചുറച്ചു. അങ്ങനെ 1930-ൽ, ഞാൻ യഹോവയ്ക്കുള്ള എന്റെ സമർപ്പണം സ്നാപനത്താൽ പ്രതീകപ്പെടുത്തി.
കഠിന പരിശോധനകളുടെ ആരംഭം
1938-ൽ ഞങ്ങളുടെ പ്രദേശം, രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനിയുമായി കൂട്ടുചേർന്ന ഹംഗറിയുടെ ആധിപത്യത്തിലായി. ആയിരത്തിൽ താഴെ മാത്രം ആളുകൾ ഉണ്ടായിരുന്ന ഞങ്ങളുടെ ഗ്രാമത്തിൽ അപ്പോൾ ഏതാണ്ട് 50 സാക്ഷികൾ ഉണ്ടായിരുന്നു. പ്രസംഗ വേല ഞങ്ങളുടെ ജീവനെയും സ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തുമായിരുന്നു എങ്കിലും ഞങ്ങൾ അതിൽ തുടർന്നു.
1940-ൽ, എന്നെ നിർബന്ധിച്ച് ഹംഗേറിയൻ സൈന്യത്തിൽ ചേർത്തു. ഇനിയെന്തു ചെയ്യും? കൊള്ളാം, ആളുകൾ തങ്ങളുടെ യുദ്ധായുധങ്ങൾ സമാധാന ഉപകരണങ്ങളായി അടിച്ചു തീർക്കുന്നതിനെ കുറിച്ചുള്ള ബൈബിൾ പ്രവചനങ്ങൾ ഞാൻ വായിച്ചിരുന്നു. തക്കസമയത്ത് ദൈവം ഭൂമിയിൽനിന്നു യുദ്ധങ്ങളെ പൂർണമായി നീക്കം ചെയ്യുമെന്നും എനിക്ക് അറിയാമായിരുന്നു. (സങ്കീർത്തനം 46:9; യെശയ്യാവു 2:4) അങ്ങനെ ഞാൻ യുദ്ധത്തെ വെറുക്കാൻ ഇടയായി. പരിണത ഫലങ്ങൾ എന്തുതന്നെ ആയിരുന്നാലും സൈന്യത്തിൽ ചേരാതിരിക്കാൻ ഞാൻ തീരുമാനിച്ചു.
14 മാസത്തെ ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെട്ട ഞാൻ ഹംഗറിയിലെ പാച്ചിൽവെച്ച് ശിക്ഷ അനുഭവിച്ചു. വേറെ അഞ്ചു സാക്ഷികളും ആ ജയിലിൽ ഉണ്ടായിരുന്നു. പരസ്പരം സഹവസിക്കാൻ സാധിച്ചതു ഞങ്ങൾ വിലമതിച്ചു. എന്നുവരികിലും, കാലിൽ ചങ്ങലയിട്ട് കുറേ നാളത്തേക്ക് എന്നെ ഏകാന്ത തടവിൽ ആക്കി. യുദ്ധവുമായി ബന്ധപ്പെട്ട ജോലി ചെയ്യാൻ വിസ്സമ്മതിച്ചപ്പോൾ ഞങ്ങളെ മർദിച്ചു. കൂടാതെ, ഉച്ചയ്ക്കു രണ്ടു മണിക്കൂർ ഒഴികെ ദിവസം മുഴുവനും അനങ്ങാതെ നിൽക്കാൻ ഞങ്ങൾ നിർബന്ധിതരായി. ഈ അഗ്നിപരീക്ഷ മാസങ്ങളോളം തുടർന്നു. എങ്കിലും ഞങ്ങൾ സന്തുഷ്ടർ ആയിരുന്നു. കാരണം ദൈവമുമ്പാകെ ഞങ്ങൾക്ക് ഒരു ശുദ്ധ മനസ്സാക്ഷി ഉണ്ടായിരുന്നു.
വിട്ടുവീഴ്ചാ പ്രതിസന്ധി
സൈന്യത്തിൽ ചേർന്ന് യുദ്ധത്തെ പിന്തുണയ്ക്കുന്നതു വളരെ പ്രധാനമാണെന്ന് ബോധ്യപ്പെടുത്താനായി ഒരു ദിവസം 15 കത്തോലിക്കാ പുരോഹിതന്മാർ ഞങ്ങളെ സന്ദർശിച്ചു. ചർച്ചയ്ക്കിടയിൽ ഞങ്ങൾ പറഞ്ഞു: “ആത്മാവ് അമർത്യമാണെന്നും യുദ്ധത്തിൽ കൊല്ലപ്പെടുന്നപക്ഷം ഞങ്ങൾ സ്വർഗത്തിൽ പോകുമെന്നും ബൈബിളിൽനിന്നു തെളിയിക്കാമെങ്കിൽ ഞങ്ങൾ സൈന്യത്തിൽ ചേരാം.” തീർച്ചയായും അവർക്ക് അതിനു സാധിച്ചില്ല. ചർച്ച തുടരാനൊട്ട് അവർ മിനക്കെട്ടുമില്ല.
1941-ൽ എന്റെ ജയിൽ ശിക്ഷ അവസാനിച്ചു. വീണ്ടും കുടുംബത്തോട് ഒത്തുചേരാൻ ഞാൻ കാത്തിരിക്കുക ആയിരുന്നു. എന്നാൽ എന്നെ ചങ്ങലകൊണ്ട് ബന്ധിച്ച് ഹംഗറിയിലെ ഷാരൊഷ്പാട്ടെകിലുള്ള സൈനിക താവളത്തിലേക്കു കൊണ്ടുപോകുകയാണ് ചെയ്തത്. അവിടെ എത്തിച്ചേർന്നപ്പോൾ, എനിക്കു മോചനത്തിനുള്ള ഒരു സുവർണാവസരം വീണുകിട്ടി. “വീട്ടിൽ പോകുമ്പോൾ നീ 200 പെങ്കോ അടയ്ക്കുമെന്ന് ഉറപ്പാക്കുന്ന ഈ രേഖയിൽ ഒപ്പുവെച്ചാൽ മാത്രം മതി,” എന്നോടു പറഞ്ഞു.
“അത് എങ്ങനെ സാധിക്കും?” ഞാൻ ചോദിച്ചു. “നിങ്ങൾക്കു പണം എന്തിനാ?”
“പണത്തിനു പകരം, സൈനികർക്കുള്ള വൈദ്യ പരിശോധനയിൽ നീ പരാജയപ്പെട്ടു എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിനക്കു തരാം,” എന്നോടു പറഞ്ഞു.
എനിക്ക് അപ്പോൾ നിർണായകമായ ഒരു തീരുമാനം എടുക്കേണ്ടി വന്നു. ഒരു വർഷത്തിൽ ഏറെയായി ഞാൻ മൃഗീയ പീഡനം സഹിക്കുക ആയിരുന്നു; അത് എന്നെ വളരെ അവശനാക്കിയിരുന്നു. ഇപ്പോഴിതാ കുറച്ച് പണം അടയ്ക്കാമെന്നേറ്റാൽ സ്വതന്ത്രനാകാം. “ചിന്തിച്ചു നോക്കട്ടെ,” ഞാൻ പറഞ്ഞു.
എന്തു തീരുമാനം എടുക്കും? ഭാര്യയെയും കുട്ടികളെയും കുറിച്ച് എനിക്കു ചിന്തിക്കേണ്ടിയിരുന്നു. ഏതാണ്ട് ആ സമയത്ത് എനിക്ക് ഒരു സഹവിശ്വാസിയിൽനിന്ന് പ്രോത്സാഹജനകമായ ഒരു കത്ത് കിട്ടി. അപ്പൊസ്തലനായ പൗലൊസ് യഹോവയുടെ പിൻവരുന്ന വാക്കുകൾ ഉദ്ധരിക്കുന്ന എബ്രായർ 10:38 അദ്ദേഹം ആ കത്തിൽ എഴുതിയിരുന്നു: “എന്നാൽ ‘എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല.’” അധികം താമസിയാതെ, സൈനിക താവളത്തിലെ രണ്ടു ഹംഗേറിയൻ ഉദ്യോഗസ്ഥർ എന്നോടു സംസാരിക്കുകയുണ്ടായി. ഒരാൾ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ബൈബിൾ തത്ത്വങ്ങൾ ഇത്ര ബലിഷ്ഠമായി ഉയർത്തിപ്പിടിക്കുന്നതിൽ ഞങ്ങൾ നിങ്ങളെ എത്രമാത്രം ആദരിക്കുന്നുണ്ടെന്നോ! തളർന്നു പിന്മാറരുത്!”
200 പെങ്കോയ്ക്കു സ്വാതന്ത്ര്യം വാഗ്ദാനം ചെയ്തവരോടു പിറ്റേദിവസം ഞാൻ ഇങ്ങനെ പറഞ്ഞു: “ഞാൻ ജയിലിൽ ആകാൻ യഹോവയാം ദൈവം അനുവദിച്ചതിനാൽ, എന്റെ മോചനവും അവൻ തന്നെ നടത്തിക്കൊള്ളും. അതിനായി ഞാൻ പണം അടയ്ക്കില്ല.” അതുകൊണ്ട് എന്നെ പത്തു വർഷത്തെ ജയിൽ ശിക്ഷയ്ക്കു വിധിച്ചു. എന്നാൽ എന്നെക്കൊണ്ടു വിട്ടുവീഴ്ച ചെയ്യിക്കാനുള്ള ശ്രമങ്ങൾ അതോടെ അവസാനിച്ചില്ല. ആയുധമൊന്നും ഉപയോഗിക്കുകപോലും ചെയ്യാതെ, സൈന്യത്തിൽ വെറും രണ്ടു മാസം സേവിക്കാൻ ഒരുക്കമാണെങ്കിൽ കോടതി എനിക്കു മാപ്പു തരാമെന്ന് അറിയിച്ചു! എന്നാൽ ഞാൻ അതും നിരസിച്ചു. അങ്ങനെ വീണ്ടും എന്റെ ജയിൽവാസം ആരംഭിച്ചു.
പീഡനം വർധിക്കുന്നു
എന്നെ വീണ്ടും പാച്ചിലെ ജയിലിൽ ആക്കി. ഇത്തവണ പീഡനം അതികഠിനം ആയിരുന്നു. കൈകൾ പുറകിലേക്കു കൂട്ടിക്കെട്ടിയിട്ട് രണ്ടു മണിക്കൂറോളം ആ കൈകളിൽ എന്നെ തൂക്കിനിർത്തി. തന്മൂലം എന്റെ തോളുകളുടെ സ്ഥാനം തെറ്റി. അത്തരം പീഡനം ആറു മാസത്തോളം തുടർന്നു. തളർന്നു പിന്മാറാഞ്ഞതിനു യഹോവയ്ക്കു നന്ദി കൊടുക്കാൻ മാത്രമേ എനിക്കു കഴിയൂ.
രാഷ്ട്രീയ തടവുകാരും യഹൂദരും 26 യഹോവയുടെ സാക്ഷികളും അടങ്ങിയ ഞങ്ങളുടെ ഒരു കൂട്ടത്തെ 1942-ൽ, കുർസ്ക് നഗരത്തിൽ ജർമൻ സൈന്യം ആധിപത്യം ഉറപ്പിച്ചിരുന്ന ഒരു പ്രദേശത്തേക്കു കൊണ്ടുപോയി. അവിടെവെച്ച് ഞങ്ങളെ ജർമൻകാർക്കു കൈമാറി. പോരാട്ടത്തിൽ ഏർപ്പെട്ടിരുന്ന സൈനികർക്ക് ആവശ്യമായ ആഹാരവും ആയുധങ്ങളും വസ്ത്രവും എത്തിക്കാൻ അവർ ജയിൽപുള്ളികളെ നിയോഗിച്ചു. ആ നിയമനം ക്രിസ്തീയ നിഷ്പക്ഷതയ്ക്കു നിരക്കാത്തത് ആയതുകൊണ്ട് സാക്ഷികളായ ഞങ്ങൾ അതു നിരസിച്ചു. തത്ഫലമായി ഞങ്ങളെ ഹംഗറിക്കാരുടെ അടുക്കലേക്കു തിരിച്ചയച്ചു.
ഒടുവിൽ ഞങ്ങളെ കുർസ്കിലുള്ള പ്രാദേശിക ജയിലിലാക്കി. തുടർന്ന് റബർ ദണ്ഡുകൊണ്ട് ദിവസം മൂന്നു പ്രാവശ്യം വീതം ഞങ്ങളെ അടിക്കാൻ തുടങ്ങി. ഇതു ദിവസങ്ങളോളം തുടർന്നു. ഒരിക്കൽ ചെന്നിക്കിട്ട് അടികിട്ടിയ ഞാൻ നിലത്തു വീണു. അടികൊള്ളവേ, ‘മരിക്കുന്നത് അത്ര ബുദ്ധിമുട്ടല്ല’ എന്നു ഞാൻ ചിന്തിച്ചു. എന്റെ ശരീരം മുഴുവൻ മരച്ചു പോയിരുന്നതുകൊണ്ട് ഞാനൊന്നും അറിഞ്ഞില്ല. മൂന്നു ദിവസത്തേക്കു കഴിക്കാൻ യാതൊന്നും ലഭിച്ചില്ല. തുടർന്നു കോടതിയിൽ ഹാജരാക്കിയ ഞങ്ങളിൽ ആറുപേരെ വധശിക്ഷയ്ക്കു വിധിച്ചു. ശിക്ഷ നടപ്പാക്കിക്കഴിഞ്ഞപ്പോൾ ഞങ്ങളിൽ 20 പേർ മാത്രമേ ശേഷിച്ചുള്ളൂ.
1942 ഒക്ടോബറിൽ കുർസ്കിൽവെച്ച് നേരിട്ട വിശ്വാസത്തിന്റെ പരിശോധനകൾ ഞാൻ അനുഭവിച്ചതിൽ വെച്ച് ഏറ്റവും കഠിനമായിരുന്നു. തന്റെ ജനം കടുത്ത പ്രതികൂല സാഹചര്യത്തെ അഭിമുഖീകരിച്ചപ്പോൾ പുരാതന കാലത്തെ യെഹോശാഫാത്ത് രാജാവ് നടത്തിയ അപേക്ഷകൾക്കു സമാനമായിരുന്നു ഞങ്ങളുടെ വാക്കുകളും: “ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിർപ്പാൻ ഞങ്ങൾക്കു ശക്തിയില്ല; എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു.”—2 ദിനവൃത്താന്തം 20:12.
ഞങ്ങൾക്കായി പൊതു ശവക്കുഴി കുത്താൻ ഞങ്ങളെ 20 പേരെയും 18 ഹംഗേറിയൻ പട്ടാളക്കാരുടെ കാവലിൽ പുറത്തേക്കു കൊണ്ടുപോയി. കുഴി കുത്തിക്കഴിഞ്ഞപ്പോൾ, ഭാഗികമായി ഇപ്രകാരം എഴുതിയിരുന്ന ഒരു രേഖയിൽ ഒപ്പുവെക്കാൻ ഞങ്ങൾക്കു പത്തു മിനിറ്റുണ്ടെന്ന് അവർ പറഞ്ഞു: “യഹോവയുടെ സാക്ഷികളുടെ ഉപദേശങ്ങൾ തെറ്റാണ്. മേലാൽ ഞാനതു വിശ്വസിക്കുകയോ അതിനെ പിന്താങ്ങുകയോ ഇല്ല. എന്റെ മാതൃരാജ്യമായ ഹംഗറിക്കുവേണ്ടി ഞാൻ പോരാടും . . . റോമൻ കത്തോലിക്കാ സഭയിൽ ചേരുകയാണെന്ന് എന്റെ ഒപ്പിനാൽ ഞാൻ സമ്മതിച്ചുകൊള്ളുന്നു.”
പത്തു മിനിറ്റു കഴിഞ്ഞപ്പോൾ കൽപ്പന വന്നു: “വലത്തോട്ടു തിരിയൂ! ശവക്കുഴിയിലേക്കു നടക്കൂ!” തുടർന്ന് ഇങ്ങനെ ഉത്തരവിട്ടു: “ഒന്നാമനും മൂന്നാമനും കുഴിയിലിറങ്ങൂ!” രേഖയിൽ ഒപ്പുവെക്കുന്നതിന് അവർക്കു രണ്ടുപേർക്കും പത്തു മിനിറ്റു കൂടി അനുവദിച്ചു. ഒരു സൈനികൻ ഇങ്ങനെ അഭ്യർഥിച്ചു: “നിങ്ങളുടെ വിശ്വാസം ഉപേക്ഷിച്ചിട്ട് ശവക്കുഴിയിൽനിന്ന് കയറിവാ!” ആരും ഒരക്ഷരം മിണ്ടിയില്ല. തുടർന്ന് മേൽനോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ അവരെ രണ്ടുപേരെയും വെടിവെച്ചു.
“ബാക്കിയുള്ളവരെ എന്തു ചെയ്യണം?” ഒരു സൈനികൻ അദ്ദേഹത്തോടു ചോദിച്ചു.
“അവരെ കെട്ടിയിട്,” അദ്ദേഹം ആക്രോശിച്ചു. “കുറച്ചു കൂടി പീഡിപ്പിച്ചിട്ട് രാവിലെ ആറു മണിക്ക് അവരെ തട്ടാം.”
പെട്ടെന്ന് ഞാനാകെ വിവശനായി. ഇനിയും പീഡനം സഹിക്കാൻ എനിക്കു ശേഷി ഇല്ലാഞ്ഞതിനാൽ ഞാൻ വിട്ടുവീഴ്ച ചെയ്യുമോ എന്നായിരുന്നു എന്റെ പേടി. അല്ലാതെ മരണഭയംകൊണ്ട് ആയിരുന്നില്ല. അതുകൊണ്ട് മുന്നോട്ടു നീങ്ങിനിന്ന് ഞാൻ ഇങ്ങനെ ചോദിച്ചു: “സാർ, താങ്കൾ വെടിവെച്ചു കൊന്നവർ ചെയ്ത അതേ ലംഘനമേ ഞങ്ങളും ചെയ്തിട്ടുള്ളൂ, പിന്നെ ഞങ്ങളെ വെടിവെക്കാത്തത് എന്താ?”
എന്നാൽ അവർ ഞങ്ങളെ വെടിവെച്ചില്ല. കൈകൾ പുറകിലേക്കു കൂട്ടിക്കെട്ടിയിട്ട് ആ കൈകളിൽ ഞങ്ങളെ തൂക്കിനിർത്തി. ഞങ്ങളുടെ ബോധം നശിക്കുമ്പോൾ അവർ വെള്ളം തളിക്കുമായിരുന്നു. ശരീര ഭാരം മൂലം തോളിന്റെ സ്ഥാനം തെറ്റിയതിനാൽ വേദന അതികഠിനം ആയിരുന്നു. മൂന്നു മണിക്കൂറോളം ഈ പീഡനം തുടർന്നു. യഹോവയുടെ സാക്ഷികളെ ആരെയും മേലാൽ വെടിവെക്കരുതെന്ന് പെട്ടെന്ന് ഒരു ഉത്തരവുണ്ടായി.
കിഴക്കോട്ടു നീങ്ങി രക്ഷപ്പെടുന്നു
മൂന്നാഴ്ച കഴിഞ്ഞ് ഞങ്ങളെ കൂട്ടത്തോടെ ഡോൺ നദിയുടെ തീരത്തേക്കു നടത്തി കൊണ്ടുപോയി. അതിന് ദിവസങ്ങളെടുത്തു. ഞങ്ങൾ ജീവനോടെ തിരിച്ചു വരുകയില്ലെന്ന് മേൽനോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥന്മാർ ഞങ്ങളോടു പറഞ്ഞു. പകൽ സമയത്ത് വെറും പാഴ്വേലകളായിരുന്നു ഞങ്ങൾ ചെയ്യേണ്ടിയിരുന്നത്—കുഴി കുഴിക്കുക, എന്നിട്ട് അതു നികത്തുക. സായാഹ്നങ്ങളിൽ ഞങ്ങൾക്ക് അൽപ്പമൊക്കെ സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
എന്റെ മുമ്പാകെ രണ്ടു വഴികളേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ അവിടെ കിടന്നു മരിക്കുക, അല്ലെങ്കിൽ ജർമൻകാരിൽനിന്നു രക്ഷപ്പെട്ട് റഷ്യക്കാർക്കു കീഴടങ്ങുക. തണുത്തു മരവിച്ച ഡോൺ നദി കുറുകെ കടന്ന് രക്ഷപ്പെടാൻ ഞങ്ങളിൽ മൂന്നു പേർ മാത്രമേ തീരുമാനിച്ചുള്ളൂ. 1942 ഡിസംബർ 12-ന് യഹോവയോടു പ്രാർഥിച്ചിട്ട് ഞങ്ങൾ അവിടെ നിന്നും രക്ഷപ്പെട്ടു. റഷ്യൻ ഭാഗത്തെത്തിയ ഞങ്ങളെ ഉടനെ 35,000-ത്തോളം തടവുകാരുള്ള ഒരു ജയിലിൽ അടച്ചു. വസന്തകാലം ആയപ്പോഴേക്കും അവരിൽ 2,300 പേരേ ജീവനോടെ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവർ പട്ടിണിമൂലം മരിച്ചു.
സ്വാതന്ത്ര്യം—എങ്കിലും ദുരന്തം
ശേഷിച്ച യുദ്ധകാലത്തെ ഞാൻ അതിജീവിച്ചു. ഒരു റഷ്യൻ തടവുകാരൻ എന്നനിലയിൽ പിന്നെയും കുറേ മാസങ്ങൾ കഴിയേണ്ടി വന്നു. അവസാനം 1945 നവംബറിൽ, സാഹൊറിലെ ഞങ്ങളുടെ വീട്ടിൽ ഞാൻ മടങ്ങിയെത്തി. ഞങ്ങളുടെ കൃഷിസ്ഥലമൊക്കെ ആകെ താറുമാറായിരുന്നു. അതുകൊണ്ട് എല്ലാം ആദ്യം മുതൽ തുടങ്ങേണ്ടിയിരുന്നു. യുദ്ധസമയത്ത് എന്റെ ഭാര്യയും കുട്ടികളും കൃഷിയിടത്തിൽ പണിയെടുത്തിരുന്നു. എങ്കിലും, 1944 ഒക്ടോബറിൽ റഷ്യൻ സൈന്യം അടുത്തെത്തിയപ്പോൾ അവരെ അവിടെ നിന്നും കിഴക്കു ഭാഗത്തേക്ക് ഒഴിച്ചുമാറ്റി. ഞങ്ങളുടെ സമ്പത്തെല്ലാം കൊള്ളയടിക്കപ്പെട്ടു.
ഏറ്റവും ദാരുണമായി, ഞാൻ തിരിച്ചെത്തിയപ്പോഴേക്കും എന്റെ ഭാര്യ ഒരു രോഗിയായി മാറിക്കഴിഞ്ഞിരുന്നു. 1946 ഫെബ്രുവരിയിൽ അവൾ മരിച്ചു. അവൾക്കു വെറും 38 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അഞ്ചു വർഷത്തിലധികം നീണ്ടുനിന്ന ദുഷ്കരമായ വേർപാടിനു ശേഷമുള്ള ഒത്തുചേരൽ ആസ്വദിക്കാൻ വളരെ കുറച്ചു സമയമേ ഞങ്ങൾക്കു ലഭിച്ചുള്ളൂ.
യോഗങ്ങളിൽ സംബന്ധിച്ചുകൊണ്ടും വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുത്തുകൊണ്ടും ഞാൻ ആത്മീയ സഹോദരങ്ങളിൽനിന്ന് ആശ്വാസം കണ്ടെത്തി. 1947-ൽ, ഏതാണ്ട് 400 കിലോമീറ്റർ അകലെയുള്ള ബർണോയിലെ ഒരു കൺവെൻഷനിൽ സംബന്ധിക്കുന്നതിനായി ഞാൻ കുറച്ചു പണം കടം വാങ്ങി. അവിടെവെച്ച്, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന നേഥൻ എച്ച്. നോർ ഉൾപ്പെടെയുള്ള ക്രിസ്തീയ സഹോദരങ്ങളിൽനിന്ന് എനിക്കു വളരെ സാന്ത്വനവും പ്രോത്സാഹനവും ലഭിച്ചു.
യുദ്ധാനന്തരം ലഭിച്ച സ്വാതന്ത്ര്യം അധികം നിണ്ടുനിന്നില്ല. 1948-ൽ കമ്യൂണിസ്റ്റുകാർ ഞങ്ങളെ അടിച്ചമർത്താൻ തുടങ്ങി. യഹോവയുടെ സാക്ഷികളുടെ ചെക്കോസ്ലോവാക്യയിലെ വേലയ്ക്കു നേതൃത്വം വഹിച്ചിരുന്ന നിരവധി സഹോദരങ്ങളെ 1952-ൽ അറസ്റ്റു ചെയ്തു. സഭകളുടെ ഉത്തരവാദിത്വം എനിക്കു ലഭിച്ചു. 1954-ൽ, എന്നെയും അറസ്റ്റു ചെയ്ത് നാലു വർഷത്തെ ജയിൽ ശിക്ഷയ്ക്കു വിധിച്ചു. ക്രിസ്തീയ നിഷ്പക്ഷത മുറുകെ പിടിച്ചതിന് എന്റെ മകൻ യാനും കൊച്ചുമകൻ യൂറിയും തടവിലാക്കപ്പെട്ടു. പ്രാഗിലെ പാൻക്രാറ്റ്സ് സെൻട്രൽ ജയിലിൽ ഞാൻ രണ്ടു വർഷം കിടന്നു. 1956-ൽ പൊതുമാപ്പ് ലഭിച്ച ഞാൻ മോചിതനായി.
ഒടുവിൽ സ്വാതന്ത്ര്യം!
അവസാനം 1989-ൽ, ചെക്കോസ്ലോവാക്യയുടെ മേലുള്ള കമ്യൂണിസ്റ്റുകാരുടെ പിടി നഷ്ടപ്പെട്ടു. തുടർന്ന് യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിയമപരമായി രജിസ്റ്റർ ചെയ്യപ്പെട്ടു. അങ്ങനെ, കൂടിവരുന്നതിനും പരസ്യമായി പ്രസംഗിക്കുന്നതിനും ഞങ്ങൾക്കു സാധിച്ചു. അപ്പോൾ സാഹൊറിൽ ഏതാണ്ട് നൂറ് സാക്ഷികൾ ഉണ്ടായിരുന്നു. ഓരോ പത്തു ഗ്രാമീണരിലും ഒരാൾ വീതം യഹോവയുടെ സാക്ഷി ആയിരുന്നു എന്നർഥം. ഏതാനും വർഷം മുമ്പ്, 200-ഓളം പേർക്ക് ഇരിക്കാവുന്ന, ഭംഗിയുള്ള ഒരു രാജ്യഹാൾ ഞങ്ങൾ സാഹൊറിൽ പണിതു.
ആരോഗ്യ സ്ഥിതി ഇപ്പോൾ വളരെ മോശമായതിനാൽ, സഹോദരങ്ങൾ എന്നെ രാജ്യഹാളിലേക്കു വാഹനത്തിൽ കൊണ്ടുപോകുന്നു. അവിടെ ആയിരിക്കുന്നതു സന്തോഷകരവും വീക്ഷാഗോപുര അധ്യയനത്തിൽ ഉത്തരങ്ങൾ പറയുന്നത് ആസ്വാദ്യവും ആണ്. നിരവധി കൊച്ചുമക്കൾ ഉൾപ്പെടെ എന്റെ കുടുംബത്തിലെ മൂന്നു തലമുറകളിൽ പെട്ടവർ യഹോവയെ സേവിക്കുന്നതു കാണുന്നതിൽ ഞാൻ വിശേഷാൽ സന്തുഷ്ടനാണ്. തന്റെ കുടുംബ ഉത്തരവാദിത്വങ്ങൾ വർധിക്കുന്നതുവരെ അവരിലൊരാൾ യഹോവയുടെ സാക്ഷികളുടെ ഒരു സഞ്ചാര മേൽവിചാരകനായി ചെക്കോസ്ലോവാക്യയിൽ സേവിച്ചു.
അനേകം പരിശോധനാ സമയങ്ങളിൽ എനിക്കു ശക്തി പ്രദാനം ചെയ്തതിൽ ഞാൻ യഹോവയോടു നന്ദിയുള്ളവനാണ്. “അദൃശ്യദൈവത്തെ കണ്ടതുപോലെ” എന്റെ ശ്രദ്ധ അവനിൽ കേന്ദ്രീകരിച്ചതാണ് എന്നെ പുലർത്തിയത്. (എബ്രായർ 11:27) അതേ, ഞാൻ അവന്റെ ശക്തിയേറിയ വിമോചന ഹസ്തം അനുഭവിച്ചറിഞ്ഞിരിക്കുന്നു. ഇപ്പോൾ പോലും ഞാൻ ക്രിസ്തീയ യോഗങ്ങളിൽ സന്നിഹിതനാകാൻ ശ്രമിക്കുന്നതും പരസ്യ ശുശ്രൂഷയിൽ അവന്റെ നാമത്തെ ഘോഷിക്കുന്നതിൽ എന്റെ കഴിവിന്റെ പരമാവധി ചെയ്യുന്നതും അതുകൊണ്ടാണ്.
[25-ാം പേജിലെ ചിത്രം]
സാഹൊറിലെ രാജ്യഹാൾ
[26-ാം പേജിലെ ചിത്രം]
വീക്ഷാഗോപുര അധ്യയനത്തിൽ ഉത്തരം പറയുന്നതിനുള്ള പദവി ഞാൻ വിലമതിക്കുന്നു