ഭവനഅധ്യാപനം അതു നിങ്ങൾക്കുള്ളതോ?
“ദേശീയ പ്രസ്ഥാനമായിത്തീർന്നിരിക്കുന്ന ഒരു അസാമാന്യശീലം.” അങ്ങനെയാണു ഐക്യനാടുകളിലെ ഭവന അധ്യാപനത്തെ അടുത്തയിടെ ടൈം മാസിക വർണിച്ചത്—ഒരു കുട്ടിക്കു ലഭിക്കാവുന്ന ഏററവും നല്ല വിദ്യാഭ്യാസം ലഭ്യമായിരിക്കുന്നതു പരമ്പരാഗതമായ ക്ലാസ്സ്മുറിയിലല്ല മറിച്ച്, അവന്റെയോ അവളുടെയോ സ്വന്തം മുറിയിലാണ് എന്നു വിശ്വസിക്കുന്ന മാതാപിതാക്കൾ പിന്തുണക്കുന്ന വളർന്നുവരുന്ന ഒരു പ്രവണത തന്നെ.
ചിലർ ഇപ്പോഴും അതിനെ അസാമാന്യശീലമോ വിപ്ലവാത്മകം പോലുമോ ആയി വീക്ഷിക്കുന്നുണ്ടെങ്കിലും ഭവന അധ്യാപനം ഓരോ വർഷവും കൂടുതൽ പിന്തുണക്കാരെ നേടുന്നു. ഭവന അധ്യാപനം നടത്തുന്നവരുടെ എണ്ണം 1970-ലെ ഏതാണ്ട് 15,000-ത്തിൽ നിന്ന് 1990-ൽ 5,00,000 ആയി വർധിച്ചതായി ഗവേഷകർ പറയുന്നു. ഐക്യനാടുകളിലെ പത്തുലക്ഷത്തിലധികം കുടുംബങ്ങൾ ഇപ്പോൾ തങ്ങളുടെ കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുന്നുണ്ടെന്നു ചില ഭവന അധ്യാപന പിന്തുണക്കാർ അവകാശപ്പെടുന്നു.
ഭവന അധ്യാപനം നടത്തുന്നവരെ പിന്താങ്ങുന്ന സംഘങ്ങൾ ആസ്ട്രേലിയ, കാനഡ, ഇംഗ്ലണ്ട്, ജർമനി, ജപ്പാൻ, ന്യൂസിലൻഡ് എന്നിവിടങ്ങളിലും പെട്ടെന്നു പ്രത്യക്ഷപ്പെട്ടിരിക്കുന്നു, ഭവന അധ്യാപനത്തിലുള്ള താത്പര്യം ആഗോളമായി വ്യാപിക്കുകയാണെന്നു സൂചിപ്പിച്ചുകൊണ്ടുതന്നെ.
തങ്ങളുടെ കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കാമെന്ന് അനേകം മാതാപിതാക്കളും തീരുമാനിക്കുന്നത് എന്തുകൊണ്ടാണ്? ഭവന അധ്യാപനം എത്ര ഫലപ്രദമാണ്? നിങ്ങളുടെ കുടുംബത്തിനുവേണ്ടി പരിഗണിക്കാൻ തക്ക മൂല്യമുള്ള ഒരു തിരഞ്ഞെടുപ്പാണോ ഇത്?
ഭവന അധ്യാപനം അതിന്റെ അടിസ്ഥാന സങ്കല്പത്തിൽ അതു തോന്നിക്കുന്നതുപോലെ അത്ര പുതിയതല്ല. “വിദ്യാലയമല്ല ഭവനമായിരുന്നു ഏററവും ആദ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം” എന്ന് റെയ്മണ്ടും ഡൊരത്തി മൂറും തങ്ങളുടെ ഹോം-സ്പൺ സ്കൂൾസ് എന്ന പുസ്തകത്തിൽ അഭിപ്രായപ്പെടുന്നു. “കഴിഞ്ഞ നൂററാണ്ടുവരെ, സ്കൂളിൽ പോയിരുന്ന മിക്ക കുട്ടികളും പന്ത്രണ്ടു വയസ്സിലോ അതിനുശേഷമോ ആണു പോയിത്തുടങ്ങിയത്.”
ജോർജ് വാഷിങ്ടൺ, എബ്രാഹം ലിങ്കൺ, തോമസ് ജെഫേഴ്സൺ, തോമസ് എഡിസൺ, ആൽബർട്ട് ഐൻസ്ററീൻ എന്നീ ശ്രദ്ധേയരായ വ്യക്തികൾ വീട്ടിലിരുന്നാണു പഠിച്ചത്. വാസ്തവത്തിൽ, 19-ാം നൂററാണ്ടിന്റെ അവസാനംവരെ ഐക്യനാടുകളിൽ നിർബന്ധിത സ്കൂൾ ഹാജരാകൽ നിയമങ്ങൾ പ്രയോഗത്തിൽ കൊണ്ടുവന്നിട്ടില്ലായിരുന്നു. അതുകൊണ്ട് ഗ്രന്ഥകാരിയും ഭവന അധ്യാപനം നടത്തുന്ന മാതാവുമായ കെയ്റി ബെന്നററ് വില്യംസൺ പറയുന്നതനുസരിച്ചു ഭവന അധ്യാപനം സമീപവർഷങ്ങളിലെ ഒരു ഭ്രമം അല്ല, മറിച്ച് “ഒരു പഴയ വിദ്യാഭ്യാസ നിലവാര”മാണ്. തീർച്ചയായും, ഭവന അധ്യാപനം ബൈബിൾ കാലങ്ങളിലെ മിക്കയാളുകളുടെയും നിലവാരം ആയിരുന്നു.
അവർ അതു ചെയ്യുന്നതിന്റെ കാരണം
രസാവഹമായി, ഐക്യനാടുകളിൽ ഭവന അധ്യാപനം നടത്തുന്ന 50മുതൽ 90വരെ ശതമാനം മാതാപിതാക്കൾ മതപരമായ കാരണങ്ങളാൽ അതു ചെയ്യുന്നുവെന്നു നാഷനൽ കത്തോലിക്ക് റിപ്പോർട്ടർ കണക്കാക്കുന്നു. ഈ മാതാപിതാക്കൾ സ്കൂളുകളിൽ തങ്ങൾ കാണുന്ന നിരീശ്വരവാദ സ്വാധീനങ്ങൾ പോലുള്ളതിൽനിന്നു തങ്ങളുടെ കുട്ടികളെ സംരക്ഷിക്കുന്നതിനെക്കുറിച്ചു പൊതുവെ ചിന്തയുള്ളവരാണ്. “ക്ലാസ്സ്മുറിയിൽ മതം അധിക്ഷേപിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നുവെന്നു വിശ്വസിക്കുന്ന ക്രിസ്തീയ യാഥാസ്ഥിതിക സമുദായമാണ് ഭവന വിദ്യാലയ പ്രസ്ഥാനത്തിന്റെ നട്ടെല്ല്” എന്നു ടൈം മാസിക പറഞ്ഞു.
ചെറുപ്പത്തിൽ അപകടകരമായ അധാർമിക സ്വാധീനത്തിനു വിധേയരാകുന്നതിൽനിന്നു സംരക്ഷിക്കുന്നതിനു മററുചില മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ പൊതുവിദ്യാലയങ്ങളിൽനിന്നു മാററിയിരിക്കുന്നു. “വിദ്യാലയങ്ങളിലെ അധാർമികത നിമിത്തം കാര്യങ്ങൾ നിയന്ത്രണാതീതമാകുകയായിരുന്നു” എന്ന് ഒരു ക്രിസ്തീയ മനുഷ്യൻ പറഞ്ഞു, അദ്ദേഹവും ഭാര്യയും തങ്ങളുടെ കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുമെന്നു അനേകവർഷംമുമ്പു തീരുമാനിച്ചിരുന്നു. “ഞങ്ങളുടെ കുട്ടികളെക്കുറിച്ചും സ്കൂളിലെ പരിതാപകരമായ അവസ്ഥയെക്കുറിച്ചും ഞങ്ങൾ ഉത്ക്കണ്ഠാകുലരായിരുന്നു.”
ചിലസമയങ്ങളിൽ, മാതാപിതാക്കൾ പ്രത്യയശാസ്ത്രപരമായ കാരണങ്ങളെക്കാൾ വിദ്യാഭ്യാസപരമായ കാരണങ്ങളാൽ ഭവന അധ്യാപനം തിരഞ്ഞെടുക്കുന്നു. പല പൊതുവിദ്യാലയങ്ങളിലും നിലവിലുള്ള തിങ്ങിനിറഞ്ഞ ക്ലാസ്സ്മുറികളാലും തരംതാഴ്ന്ന അധ്യയന നിലവാരങ്ങളാലും സുരക്ഷാപ്രശ്നങ്ങളാലും അവർ മടുത്തുപോയിരിക്കുന്നു. വിദ്യാലയത്തിലെ പഠിപ്പിക്കലിന്റെ മിക്കപ്പോഴും നിഷ്പ്രഭമായ ഫലങ്ങളാൽ നിരാശിതരായിരിക്കുന്ന അവർ വ്യക്തിഗതമായി ശ്രദ്ധകൊടുക്കാൻ കഴിയുന്ന ഭവന അധ്യാപനത്താൽ തങ്ങളുടെ കുട്ടികളെ കൂടുതൽ സഹായിക്കാൻ കഴിയുമെന്നു വിശ്വസിക്കുന്നു.
ഭവന അധ്യാപനം ചിലർ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടെന്നു വിശദീകരിച്ചുകൊണ്ടു ഭവന വിദ്യാലയങ്ങൾ: ഒരു പകരോപാധി (Home Schools An Alternative) എന്ന പുസ്തകം പറയുന്നു: “[ഭവനത്തിൽ പഠിപ്പിക്കുന്ന] മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുമായി 100% ഉൾപ്പെടൽ ഉണ്ട് . . . അവർക്കു തങ്ങളുടെ സ്വന്തം കുട്ടിയുടെ വിദ്യാഭ്യാസത്തിനു ശ്രദ്ധ കൊടുക്കാൻ കഴിയും.”
അതു ഫലപ്രദമാകുന്നുണ്ടോ?
വീട്ടിൽ കുട്ടികൾ കൂടുതൽ ഫലപ്രദമായി പഠിക്കുന്നുവെന്നു ഭവന അധ്യാപനത്തെ പിന്തുണക്കുന്നവർ പറയുന്നു, കാരണം പാഠങ്ങൾ കുടുംബത്തിന്റെ ദൈനംദിന പ്രവർത്തനത്തിന്റെ എല്ലാ വശങ്ങളുമായി നെയ്തുചേർത്തിരിക്കുന്നു. “അനേകം കുടുംബങ്ങളും ഒരു കണക്കു പാഠപുസ്തകംകൊണ്ടു തുടങ്ങുന്നു, എന്നാൽ ദൈനംദിന അനുഭവങ്ങളാൽ പാഠങ്ങൾ പഠിക്കാൻ കഴിയുമെന്ന് അവർ പിന്നീടു കണ്ടെത്തുകയും ചെയ്യുന്നു” എന്ന് സ്കൂൾ ലൈബ്രറി ജേർണലിൽ ജെയ്ൻ എ. ആവ്നർ എഴുതുന്നു. സാധനങ്ങൾ വാങ്ങുന്നതും ചെക്ക്ബുക്കിലെ മിച്ചം പരിശോധിക്കുന്നതും പണം കൈകാര്യം ചെയ്യുന്നതു ഗ്രഹിക്കാൻ വിദ്യാർഥികളെ സഹായിച്ചേക്കാം, വീടിന്റെ കേടുപാടുകൾ പോക്കുന്നതു അളവുസംബന്ധിച്ച ഒരു അത്യുത്തമ പാഠാവലിയാണ്.”
ഭവന അധ്യാപനം എത്ര ഫലപ്രദമാണെന്നു തെളിഞ്ഞിരിക്കുന്നു? ഭവനത്തിലിരുന്നു പഠിക്കുന്നവർ പ്രാമാണിക വിജ്ഞാന പരീക്ഷകളിൽ സാധാരണമായി ദേശീയ ശരാശരിയോ അതിൽ കൂടുതലോ ആയ സ്ഥാനങ്ങൾ നേടുന്നുവെന്നു ചില പഠനങ്ങൾ കാണിച്ചിട്ടുണ്ട്. എന്നാൽ അത്തരം ഫലങ്ങൾ, കീഴ്നടപ്പനുസരിച്ചു സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെക്കാൾ മെച്ചമായ വിദ്യാഭ്യാസം ഭവനത്തിലിരുന്നു പഠിക്കുന്നവർക്കുണ്ടെന്ന് അവശ്യം തെളിയിക്കുന്നില്ല.
“ഇപ്പോഴത്തെ തെളിവു നിർണായകമല്ല” എന്നു ദ ഹോം സ്കൂൾ മാനുവൽ പുസ്തകം പറയുന്നു. “ഈ പഠനങ്ങളെല്ലാം സംബന്ധിച്ച പ്രാഥമിക പ്രശ്നം വീട്ടിലിരുന്നു പഠിക്കുന്ന അനേകരുടെ പരീക്ഷാമാർക്കുകൾ ഗവേഷകർക്കു ലഭ്യമല്ല എന്നതാണ്.”
ഭവന വിദ്യാഭ്യാസം അധ്യാപനപരമായി ശ്രേഷ്ഠമായ വിദ്യാഭ്യാസ രീതിയാണ് എന്നു അന്തിമമായി തെളിയിക്കാൻ “പരമാർഥത്തിൽ അനുഭവത്തിലധിഷ്ഠിതമായ തെളിവുകൾ ഒന്നും ലഭ്യമല്ല” എന്നു ദ ഹോം സ്കൂൾ മാനുവൽ വിശദീകരിക്കുന്നു. “ഭവനത്തിൽ വിദ്യാഭ്യാസം ചെയ്യുന്നവർ പൊതുവെ നന്നായി പഠിക്കുന്നുവെങ്കിലും ശരിയായ ഗവേഷണ പരിപാടി ഏതു വ്യത്യാസവും മററു ഘടകങ്ങളാലല്ല എന്നു കാണിക്കേണ്ട ആവശ്യമുണ്ട്.”
അനേകർ ഇപ്പോഴും സംശയാലുക്കൾ
ഭവന അധ്യാപനത്തെ വിമർശിക്കുന്നവരുമുണ്ട്. ഭവന അധ്യാപന ശ്രമങ്ങളിലൂടെ നൽകപ്പെടുന്ന തൃപ്തികരമല്ലാത്ത ഗുണമേൻമയോടുകൂടിയ വിദ്യാഭ്യാസത്തെക്കുറിച്ച് അനേകം സ്കൂളധികാരികൾ ഉത്ക്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. ടൈം മാസിക അതിങ്ങനെ പറയുന്നു: “നല്ല ഉദ്ദേശ്യങ്ങൾ സ്വതവെ ഈടുററ വിദ്യാഭ്യാസത്തിൽ കലാശിക്കുന്നില്ല.”
അക്കാരണത്താൽ, മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാനുള്ള ആസൂത്രണങ്ങളെക്കുറിച്ച് അറിയിക്കുമ്പോൾ ജില്ലാ വിദ്യാഭ്യാസ വിഭാഗം ചിലസമയങ്ങളിൽ സഹകരിക്കാതിരിക്കുകയോ എതിർക്കുകപോലുമോ ചെയ്യുന്നു. ചില ജില്ലാവിദ്യാഭ്യാസ യൂണിററുകൾ സമീപവർഷങ്ങളിൽ ഭവന അധ്യാപനം നടത്തുന്നവരോടു കൂടുതൽ അടുത്തു പ്രവർത്തിക്കാൻ ശ്രമിക്കവെ മററുചില വിദ്യാഭ്യാസ അധികാരികൾ സംശയാലുക്കളായി നിലകൊള്ളുന്നു. ചില മാതാപിതാക്കൾ വേണ്ടത്ര വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിൽ പ്രാപ്തരായിരിക്കുകയില്ല എന്നു ഭയപ്പെട്ടുകൊണ്ടു പ്രാഥമിക വിദ്യാലയ പ്രിൻസിപ്പൾമാരുടെ ദേശീയ സംഘവും ദേശീയ വിദ്യാഭ്യാസ സംഘവും (NEA) ഭവന അധ്യാപനത്തിനെതിരെ നിലപാടു സ്വീകരിച്ചിരിക്കുന്നു. NEA-യുടെ ഔദ്യോഗിക പ്രസ്താവന അനുസരിച്ച്, “ഭവന അധ്യാപന പരിപാടികൾക്ക് ഒരു വിദ്യാർഥിക്കു സമഗ്ര വിദ്യാഭ്യാസ അനുഭവം പ്രദാനം ചെയ്യാൻ കഴിയുകയില്ല.”
നല്ല അധ്യാപകർ ആയിരിക്കാൻ മാതാപിതാക്കൾക്കു കോളെജു സാക്ഷ്യപത്രങ്ങൾ ആവശ്യമില്ലെന്നു ഭവന അധ്യാപനത്തെ പിന്തുണക്കുന്നവർ പറയുന്നു. “കുട്ടികളുടെ ചോദ്യങ്ങൾക്കു സ്വന്തമായി ഉത്തരം കണ്ടുപിടിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനു മാതാപിതാക്കൾ എല്ലാ ഉത്തരങ്ങളും അറിയേണ്ട ആവശ്യമില്ല” എന്നു ഭവന അധ്യാപന—ചോദ്യങ്ങൾക്ക് ഉത്തരം നൽകൽ (Home Schooling—Answering Questions) എന്ന പുസ്തകം പറയുന്നു. കുട്ടികളെ വിഷയത്തിന്റെ ഉചിതമായ ഉറവിലേക്കു തിരിച്ചുവിടാൻ കഴിയും. മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരുമിച്ചു പഠിക്കാൻ കഴിയും. ഉന്നതപരിശീലനമോ വൈദഗ്ധ്യമോ ആവശ്യമുള്ളിടത്ത് അംശകാലാടിസ്ഥാനത്തിൽ സ്വകാര്യ അധ്യാപകരെ വേതന വ്യവസ്ഥയിൽ നിയമിക്കാൻ സാധിക്കും.
ഭവനത്തിൽ വിദ്യാഭ്യാസം നടത്തിയ വിദ്യാർഥികൾ വളരെ ഒററപ്പെട്ടവരും സമപ്രായക്കാരായ മററുകുട്ടികളുമായി പരസ്പര ഇടപഴകൽ ഇല്ലാത്തവരും ആണെന്നും വിമർശകർ പറയുന്നു. വീണ്ടും, പിന്തുണക്കാർ ശക്തമായി നിരസിക്കുന്ന ഒരു നിഗമനമാണിത്. “ഈ കുട്ടികൾ സാമൂഹികമായി ഒററപ്പെട്ടവരല്ല” എന്നു ദേശീയ ഭവന വിദ്യാഭ്യാസ ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടറായ ബ്രിയൻ റേ പറഞ്ഞു. “ഭവനത്തിൽ വിദ്യാഭ്യാസം ചെയ്യുന്നവർ സാധാരണമായി മൃഗശാലയിലോ കലാപ്രദർശന ശാലയിലോ നേരിട്ടു വീക്ഷിക്കുന്നതിനു സന്ദർശനങ്ങൾ നടത്തുന്നു. അവർ മററു കുട്ടികളെപ്പോലെതന്നെ അയൽപക്കത്തു കളിക്കുന്നു. രാവിലെ എട്ടുമുതൽ രാത്രി പത്തുവരെ അവരെ മുറിയിൽ അടച്ചുപൂട്ടിയിരിക്കുകയാണ് എന്ന അഭിപ്രായം ശരിയല്ല.”
ഇതു നിങ്ങൾക്കുള്ളതോ?
ഭവന അധ്യാപനത്തിന് “ധൈര്യം മാത്രമല്ല, കെല്പും കണ്ടുപിടിത്തത്തിനുള്ള വാസനയും പിരിമുറുക്കമില്ലായ്മയും” ആവശ്യമാണെന്നു ക്രിസ്ത്യാനിത്വം ഇന്ന് (Christianity Today) പറയുന്നു. അതുകൊണ്ട് നിങ്ങൾ ഭവന അധ്യാപനത്തെക്കുറിച്ചു ഗൗരവബുദ്ധ്യാ ചിന്തിക്കുന്നുവെങ്കിൽ ഉൾപ്പെട്ടിരിക്കുന്ന ചുമതലയെക്കുറിച്ചു യാഥാർഥ്യ ബോധത്തോടെ ചിന്തിക്കുക. കുട്ടികൾക്കു ദൈനംദിന പഠന പരിപാടി പ്രദാനം ചെയ്യുന്നതു കൂടാതെ ഗൃഹ ജോലികളും മററു കുടുംബ ഉത്തരവാദിത്വങ്ങളും ഭംഗംവരാതെ തുടരുന്നതിന് ഉത്സാഹത്തോടെയുള്ള ശ്രമവും നല്ല സംഘാടനവും ആവശ്യമായിരിക്കും. “തക്ക മൂല്യമുള്ളതായി തോന്നുന്നതിനാൽ നിങ്ങൾ വളരെ കഠിനാധ്വാനം ചെയ്യുന്നുണ്ടാവും” എന്നു റേ പറഞ്ഞു. “അതു വളരെയധികം ആവശ്യപ്പെടുന്നതാണ്”.
അടുത്തതായി, നിങ്ങളുടെ പ്രദേശത്തെ ഭവന അധ്യാപന നിയമങ്ങൾ കണ്ടുപിടിക്കുക. ഉദാഹരണത്തിന്, ഐക്യനാടുകളിലെ 50 സംസ്ഥാനങ്ങളിലും ഭവന അധ്യാപനം നിയമാനുസൃതമാണ്, എന്നാൽ നിയമവ്യവസ്ഥയുടെ നിലവാരങ്ങൾ ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ചില സ്ഥലങ്ങളിൽ, നിങ്ങളുടെ കുട്ടിയെ വീട്ടിലിരുത്തി പഠിപ്പിക്കുന്നതു പ്രാദേശിക സ്കൂൾ അധികാരിയെ അറിയിക്കുന്നതും ഒരു പേജുള്ള ഒരു ഫോറം പൂരിപ്പിച്ചു കൊടുക്കുന്നതും മാത്രമെ അർഥമാക്കുന്നുള്ളു. മററു ചില സംസ്ഥാനങ്ങളിൽ, ഭവന അധ്യാപനം നടത്താൻ യോഗ്യത നേടുന്നതിന് ഒരു മാതാവോ പിതാവോ സാക്ഷ്യപത്രം ലഭിച്ച ഒരു അധ്യാപികയോ അധ്യാപകനോ ആയിരിക്കേണ്ട ആവശ്യമുണ്ട്. നിയമപരമായ എല്ലാ നിബന്ധനകൾക്കും വിധേയമാകാൻ നിങ്ങൾക്കു കഴിയുമാറു പ്രാദേശിക നയം എന്താണെന്ന് ഉറപ്പുവരുത്തുക.
അടുത്തതായി, ചെലവു പരിഗണിക്കുക. പഠിപ്പിക്കുന്നതിനുള്ള സാമഗ്രികൾ വാങ്ങുന്നതാണു ഭവന അധ്യാപനത്തിലെ വലിയ വെല്ലുവിളികളിൽ ഒന്ന്—വിശേഷിച്ചും പണം പരിമിതമായിരിക്കുമ്പോൾ. “പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നവർക്ക് എളുപ്പം പിടികൂടാവുന്ന ഒരു ഇരയാണു നിങ്ങൾ” എന്ന് ഭവന അധ്യാപനത്തിലേക്കുള്ള ഒരു അതിജീവകന്റെ മാർഗനിർദേശം (A Survivor’s Guide to Home Schooling) മുന്നറിയിപ്പു നൽകുന്നു.
ചിലർ മിതമായ ട്യൂഷൻ ഫീസ് ഈടാക്കുന്നുവെന്നിരിക്കെ മററു ഭവന അധ്യാപന പരിപാടികൾക്കു നൂറുകണക്കിനു ഡോളറിന്റെ ചെലവുണ്ട്. ഭവന അധ്യാപനം നടത്തുന്നവർ വാർഷികമായി നടത്താൻ ചില സംസ്ഥാനങ്ങളിൽ ആവശ്യപ്പെടുന്ന പ്രാമാണിക പരീക്ഷകൾ ഓരോന്നിനും 50 ഡോളർവരെ ചെലവുവരുത്തുന്നു. പുതിയ പാഠപുസ്തകങ്ങളും പലവക ബുക്കുകളും മററു വസ്തുക്കളും വർഷംതോറും ആവശ്യമായിരിക്കും, അതുകൊണ്ട് ശ്രദ്ധാപൂർവം ആസൂത്രണംചെയ്ത ഒരു ഭവന അധ്യാപന ബജററ് അനുപേക്ഷണീയമാണ്.
തീർച്ചയായും, ഭവന അധ്യാപനം വിജയപ്രദമാക്കുന്നതിന് ആവശ്യമാണെന്നു വിദഗ്ധർ പറയുന്ന സമയവും ശ്രമവും പണവും ചെലവഴിക്കാൻ എല്ലാ മാതാപിതാക്കളും മനസ്സൊരുക്കമുള്ളവരോ പ്രാപ്തരോ അല്ല. “ഭവന അധ്യാപനം എല്ലാവർക്കുമുള്ളതല്ല” എന്ന് 7 വയസ്സുള്ളപ്പോൾ ഭവനത്തിൽ വിദ്യാഭ്യാസം തുടങ്ങിയ ഒരു 14 വയസ്സുകാരി പറഞ്ഞു. “അതിന് ഉചിതമായ സാഹചര്യങ്ങളും ഉചിതമായ മനോഭാവങ്ങളും നിശിത താത്പര്യമുള്ള മാതാപിതാക്കളും ആവശ്യമാണ്.” മാതാപിതാക്കളുടെയും കുട്ടികളുടെയും ആത്മശിക്ഷണവും ഈ പട്ടികയോടു കൂട്ടാൻ കഴിയും. ഭവന അധ്യാപനം വിജയപ്രദമാക്കുന്നതിന് “ഒരു ദൃഢമായ പ്രതിബദ്ധത ആവശ്യമാണ്” എന്നു മുമ്പ് ഉദ്ധരിച്ച മനുഷ്യൻ പറഞ്ഞു. അദ്ദേഹം തുടർന്നു: “യഥാർഥ വെല്ലുവിളി അതു ചെയ്യുന്നതിനു സമയം അർപ്പിക്കുന്നതും അതുമായി മുമ്പോട്ടുപോകുന്നതുമാണ്.”
ഭവന അധ്യാപനം ചില സമയങ്ങളിൽ നിഷ്ഫലമോ നിരുത്തരവാദപരമായ രീതിയിലോ പോലും നടത്തപ്പെടുന്നുവെന്നു ഭവന അധ്യാപനത്തിന്റെ തീക്ഷ്ണതയുള്ള പിന്തുണക്കാർപ്പോലും സമ്മതിക്കുന്നു. തീർച്ചയായും, ഓരോ വർഷവും ചില ഭവന അധ്യാപന ശ്രമങ്ങൾ പരാജയപ്പെടുന്നു, കുട്ടികളെ ഭാവി വിദ്യാഭ്യാസ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ സജ്ജരല്ലാത്തവരായി വിട്ടുകൊണ്ടുതന്നെ.
കൂടാതെ, പൊതുവിദ്യാലയങ്ങളിൽ കാണുന്ന അധാർമിക സ്വാധീനങ്ങളിൽനിന്നു ഭവന അധ്യാപനം മാത്രം തങ്ങളുടെ കുട്ടികളെ സംരക്ഷിക്കുമെന്നു ചിന്തിച്ചുകൊണ്ടു മാതാപിതാക്കൾ തങ്ങളെത്തന്നെ വഞ്ചിക്കരുത്. ലോകവുമായുള്ള സമ്പർക്കത്തിൽനിന്നു പൂർണമായി സംരക്ഷിക്കാൻ ആർക്കും ഒരു മാർഗവുമില്ല. ചിട്ടപ്രകാരമുള്ള വിദ്യാഭ്യാസത്തിനതീതമായി, മാതാപിതാക്കളുടെ ദൃഷ്ടാന്തം സഹവാസങ്ങൾ, വിനോദം, വ്യക്തിപരവും കുടുംബപരവുമായ ബൈബിളധ്യയനം എന്നിവ ഉൾപ്പെടെ അനേകം ഘടകങ്ങൾ ഒരു കുട്ടിയുടെ ചിന്തയെ രൂപപ്പെടുത്തുന്നു. ഈ എല്ലാ മണ്ഡലങ്ങളിലുമുള്ള ഉത്സാഹപൂർവകമായ പരിശീലനം കൂടാതെ ഒരു വിദ്യാഭ്യാസ പദ്ധതിയും ക്രിസ്തീയ കുട്ടികളെ വളർത്തുന്നതിൽ വിജയപ്രദമാണെന്നു തെളിയുകയില്ല.
സത്യമായും, തങ്ങളുടെ കുട്ടികളുടെ ആത്മീയ പുരോഗതിക്കു ഭവന അധ്യാപനം സംഭാവന ചെയ്തിട്ടുണ്ടെന്നു ചില മാതാപിതാക്കൾക്കു തോന്നിയിരിക്കുന്നു. എന്നാൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന അനേകം ക്രിസ്തീയ യുവാക്കൾ അതുപോലെതന്നെ നല്ല ആത്മീയ പുരോഗതി വരുത്തുന്നുണ്ടെന്നതു മറക്കരുത്. പല കേസുകളിലും, ഗുണമുള്ള വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പ്രാദേശിക വിദ്യാഭ്യാസ വിഭാഗവുമായി അടുത്തു പ്രവർത്തിക്കുന്നതിനാൽ മാതാപിതാക്കൾക്കു നല്ല ഫലങ്ങൾ ഉണ്ടായിട്ടുണ്ട്.
തങ്ങളുടെ കുട്ടികളുടെ ഉചിതമായ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും അന്തിമമായി ഉത്തരവാദിത്വമുള്ള മാതാപിതാക്കൾ അവരുടെ കുടുംബത്തിന് ഏററവും അധികം പ്രയോജനം ചെയ്യുമെന്നു തോന്നുന്ന തരം വിദ്യാഭ്യാസം ഏതാണെന്നു തീരുമാനിക്കേണ്ട ആവശ്യമുണ്ട്. നിങ്ങളുടെ കുട്ടിയെ വീട്ടിലിരുത്തി പഠിപ്പിക്കാനുള്ള വെല്ലുവിളി ഏറെറടുക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ തീരുമാനമെടുക്കുന്നതിനു മുമ്പ് എല്ലാ ഘടകങ്ങളും ശ്രദ്ധാപൂർവം തൂക്കിനോക്കുക.
[12-ാം പേജിലെ ആകർഷകവാക്യം]
“കുട്ടികൾ തങ്ങൾ സ്കൂളിൽ ആയിരുന്നാലെന്നതു പോലെതന്നെ ഒരു സമയ പട്ടികയിൻ കീഴിൽ ആയിരിക്കണം.”
മകളെ വീട്ടിലിരുത്തി പഠിപ്പിച്ച സി. എഫ്. എൽ., മാതാപിതാക്കൾ
[10-ാം പേജിലെ ചിത്രങ്ങൾ]
നിങ്ങളുടെ കുട്ടിക്ക് ഏററവും മെച്ചമായത് ഏതെന്നു—പൊതു വിദ്യാഭ്യാസമോ ഭവന അധ്യാപനമോ—തീരുമാനിക്കാൻ നിങ്ങൾക്കു മാത്രമെ കഴിയു