“നിങ്ങളുടെ മകൾക്ക് പ്രമേഹമുണ്ട്!”
ഡോക്ടറുടെ നാവിൽനിന്ന് അടർന്നുവീണ ആ വാക്കുകൾ എന്നിലേൽപ്പിച്ച ആഘാതം അത്ര പെട്ടെന്നൊന്നും എനിക്കു മറക്കാനാവില്ല. എന്റെ മോൾ സോണിയയ്ക്ക് അന്നു പത്തു വയസ്സാണ്. ചുറുചുറുക്കോടെ എപ്പോഴും ഓടിച്ചാടി നടന്നിരുന്ന അവൾ നിറഞ്ഞു തുളുമ്പുന്ന ആരോഗ്യത്തിന് ഉടമയായിരുന്നു. ഏറ്റവും ഒടുവിൽ അവളെ ഒരു അസുഖത്തിനായി ചികിത്സിച്ചത് അവൾക്ക് അഞ്ചു വയസ്സുള്ളപ്പോഴായിരുന്നു.
എന്നാൽ, ഇത്തവണ ഡോക്ടറെ കാണാൻ ചെന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങൾ ശരിക്കും വിഷമം പിടിച്ചതായിരുന്നു. കുറച്ചു ദിവസങ്ങളായി, സോണിയയെ കണ്ടാൽ തന്നെ എന്തോ അസുഖമുള്ളതായി തോന്നുമായിരുന്നു. മാത്രമല്ല, ആയിടയ്ക്ക് അവൾക്ക് അമിതദാഹവും അനുഭവപ്പെടാറുണ്ടായിരുന്നു, വെള്ളം കുടിച്ചുകഴിഞ്ഞാലാകട്ടെ ഉടനെ മൂത്രമൊഴിക്കണമെന്ന തോന്നലും. ചിലപ്പോഴൊക്കെ 15 മിനിട്ടു കൂടുമ്പോൾ അവൾക്കു മൂത്രമൊഴിക്കാൻ പോകേണ്ടിവന്നു. രാത്രിയിൽ ചുരുങ്ങിയത് മൂന്നു തവണയെങ്കിലും അതിനു വേണ്ടി അവൾ എഴുന്നേൽക്കുമായിരുന്നു. ആദ്യമൊക്കെ, മൂത്രാശയത്തിൽ പഴുപ്പു പോലെ നിസ്സാരമായ എന്തെങ്കിലും പ്രശ്നമായിരിക്കും എന്നും കുറച്ചു കഴിയുമ്പോൾ അതു ശരിയായിക്കൊള്ളും എന്നുമൊക്കെ ഓർത്തു ഞാൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു. എന്നാൽ കുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോൾ, ആന്റിബയോട്ടിക്കോ മറ്റോ കൊടുക്കാതെ ശരിയാകില്ല എന്ന് എനിക്കു മനസ്സിലായി.
അങ്ങനെയാണ് ഞാൻ അവളെ ഡോക്ടറുടെ അടുത്തു കൊണ്ടുപോയത്. അവളുടെ അസുഖത്തെ കുറിച്ചുള്ള എന്റെ നിഗമനങ്ങളെല്ലാം പറഞ്ഞപ്പോൾ അവളുടെ മൂത്രം പരിശോധിക്കണം എന്ന് അദ്ദേഹം പറഞ്ഞു. മൂത്രം എടുത്ത പാത്രത്തിൽ നിറയെ, കാഴ്ചക്കു ചെറിയ മഞ്ഞിൻപരലുകൾ പോലിരിക്കുന്ന തരികൾ ഉള്ളതു ഞാൻ ശ്രദ്ധിച്ചു. നേഴ്സും അതു ശ്രദ്ധിക്കുകയുണ്ടായി. ലളിതമായ ഒരു രക്തപരിശോധന അവരുടെ സംശയങ്ങൾ സ്ഥിരീകരിച്ചു. അവൾക്ക് ടൈപ്പ് 1 പ്രമേഹമുണ്ടായിരുന്നു.
അതിന്റെ അർഥം സോണിയയ്ക്കു മനസ്സിലായി. വെറും പത്തു വയസ്സേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, സ്കൂളിൽ വെച്ച് അവൾ പ്രമേഹത്തെ കുറിച്ചു പഠിച്ചിട്ടുണ്ടായിരുന്നു. അവളുടെ മുഖത്തു തെളിഞ്ഞ ഭീതിയും വിഷമവും എന്റെ വികാരങ്ങളുടെ തനിപ്രതിഫലനമാണ് എന്നു തോന്നി. അവൾക്ക് എന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പ് ഉടനടി ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് ഡോക്ടർ എന്നോട് ആവശ്യപ്പെട്ടു. എന്നിട്ട് അദ്ദേഹം തന്നെ, യു.എസ്.എ.-യിലെ ഓറിഗണിൽ ഉള്ള പോർട്ട്ലൻഡിലെ ഒരു ആശുപത്രിയിൽ, തീവ്ര പരിചരണ വിഭാഗത്തിൽ അവളെ അഡ്മിറ്റു ചെയ്യാനുള്ള ക്രമീകരണങ്ങൾ ചെയ്തു തന്നു. അങ്ങനെ ഒരു അവസ്ഥയിൽ ആയപ്പോൾ സോണിയയ്ക്കു ദേഷ്യം അടക്കാനായില്ല. ജീവൻ നിലനിർത്താൻ കുത്തിവെപ്പുകൾ എടുക്കേണ്ടിവരുന്നതിനെ അവൾ വെറുത്തു. സദാ കരച്ചിലായിരുന്നു അവൾ. തനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്ന് എന്നോടവൾ കൂടെക്കൂടെ ചോദിച്ചുകൊണ്ടിരുന്നു. എത്ര പണിപ്പെട്ടാണ് എന്റെ സങ്കടം ഞാൻ കടിച്ചമർത്തിക്കൊണ്ടിരുന്നത് എന്ന് എനിക്കു മാത്രമേ അറിയൂ. കുറെ കഴിഞ്ഞപ്പോഴേക്കും എനിക്കും നിയന്ത്രണം വിട്ടു. അവിടെ, ആ കാത്തിരിപ്പുമുറിയിൽ പരസ്പരം കെട്ടിപ്പുണർന്നു ഞങ്ങൾ ഏങ്ങലടിച്ചു കരഞ്ഞു, സഹായത്തിനായി യഹോവയോടു കേണപേക്ഷിച്ചുക്കൊണ്ട്.
ആശുപത്രിയിലെ അഗ്നിപരീക്ഷണം
സോണിയയെയും കൊണ്ടു വീട്ടിൽ ചെന്ന് അത്യാവശ്യം ചില സാധനങ്ങൾ എടുത്തിട്ടുവരാൻ ഡോക്ടർ സമ്മതം മൂളി. അവിടെ ചെന്നതിനു ശേഷം ഞാൻ ഭർത്താവ് ഫില്ലിനെ വിവരമറിയിച്ചു. സ്കൂളിൽ നിന്നു ഞങ്ങളുടെ മകൻ ഓസ്റ്റിനെ വിളിച്ചുകൊണ്ടുവരാൻ വേണ്ട ഏർപ്പാടുകളും ചെയ്തു. ഒരു മണിക്കൂറിനകം ഞാനും ഭർത്താവും കൂടെ സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവളുടെ രക്തത്തിൽ കൂടുതലായി അടിഞ്ഞുകൂടിയിരുന്ന പഞ്ചസാരയും കീറ്റോണുകളും നീക്കം ചെയ്യുന്നതിന് അവർ ഉടനടി ഞരമ്പിലൂടെ ലായനി കയറ്റാൻ തുടങ്ങി.a ഇത് ഒരു അഗ്നിപരീക്ഷ തന്നെയായിരുന്നു. നിർജലീകരണം മൂലം സോണിയയ്ക്കു മൂന്നുകിലോ തൂക്കം നഷ്ടപ്പെട്ടിരുന്നു. കുത്തിവെക്കാനാണെങ്കിൽ, ഞരമ്പു കിട്ടുന്നുമില്ലായിരുന്നു. അവസാനം ഒരുവിധത്തിൽ നേഴ്സിന് അതിനു കഴിഞ്ഞു, അങ്ങനെ, തത്കാലത്തേക്കു പ്രശ്നങ്ങൾ അടങ്ങി. സോണിയയെ തിരിച്ചുവീട്ടിലേക്കു കൊണ്ടു പോകുന്നതിനു മുമ്പുതന്നെ വായിച്ചു മനസ്സിലാക്കണം എന്ന നിബന്ധനയിൽ, ആശുപത്രിയിൽ നിന്നു ഞങ്ങൾക്ക് ഒരു വലിയ പുസ്തകം തന്നു, ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ കുറെ കടലാസുകളും.
ഡോക്ടർമാരും നേഴ്സുമാരും ഭക്ഷണക്രമ വിദഗ്ധരും ഞങ്ങളെ നിരന്തരം സന്ദർശിച്ചുകൊണ്ടിരുന്നു. ദിവസം രണ്ടു തവണ വീതം സോണിയയ്ക്ക് ഇൻസുലിൻ കുത്തിവെക്കുന്നതിന്, സിറിഞ്ച് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് അവർ ഞങ്ങൾക്കു കാണിച്ചു തന്നു. രക്തപരിശോധന നടത്തേണ്ടുന്ന വിധവും അവർ ഞങ്ങളെ പഠിപ്പിച്ചു. ദിവസം നാലു പ്രാവശ്യം രക്തപരിശോധന നടത്തേണ്ടതുണ്ടായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവു കണ്ടുപിടിക്കാൻ ആയിരുന്നു ഇത്. എന്തുമാത്രം കാര്യങ്ങളായിരുന്നെന്നോ ഞങ്ങൾക്കു പഠിക്കാനുണ്ടായിരുന്നത്! അവൾക്കു ഭക്ഷണം കൊടുക്കേണ്ടുന്ന രീതി പോലും ഞങ്ങൾ പഠിക്കേണ്ടി വന്നു. പഞ്ചസാരയുടെ അളവ് അധികമുള്ള ആഹാരമൊന്നും തന്നെ പാടില്ല. വളരുന്ന പ്രായമായതു കൊണ്ട് ആവശ്യമായ സമീകൃത ആഹാരം നൽകുമ്പോൾ തന്നെ ഓരോ നേരത്തെയും ആഹാരത്തിലെ ധാന്യകത്തിന്റെ അളവു കിറുകൃത്യമായിരിക്കാൻ ശ്രദ്ധിക്കണമായിരുന്നു.
മൂന്നു ദിവസം കഴിഞ്ഞപ്പോൾ അവളെ ആശുപത്രിയിൽ നിന്നു വിട്ടു. ഇൻസുലിൻ കുത്തിവെക്കാൻ അവൾ എന്നെ അനുവദിച്ചെങ്കിലും രക്തപരിശോധന സ്വയം നടത്താനാണ് അവൾ ഇഷ്ടപ്പെട്ടത്. ഒരു മാസത്തിനുള്ളിൽ ഇൻസുലിൻ കുത്തിവെക്കുന്നതും അവൾ തനിയെ ചെയ്യാൻ തുടങ്ങി. ഇന്നുവരെയും അത് അങ്ങനെ തന്നെയാണ്. തനിക്കു പ്രമേഹമുണ്ട് എന്ന വസ്തുത അംഗീകരിച്ചു കൊണ്ട് അതുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ അവൾ പഠിക്കുന്നതു കാണുന്നത് അത്ഭുതകരമായിരുന്നു. ആദ്യമൊക്കെ, മരിച്ചു പോയിട്ടു പറുദീസ വരുമ്പോൾ ഉയിർത്തെഴുന്നേറ്റു വന്നാൽ മതി എന്നായിരുന്നു അവളുടെ ആഗ്രഹം. എങ്കിലും അതിൽ നിന്ന്, തന്റെ രോഗത്തിന്റെ ശാരീരിക ലക്ഷണങ്ങളും അതുളവാക്കുന്ന വൈകാരിക പ്രശ്നങ്ങളും മറ്റു പരിമിതികളും മനസ്സിലാക്കാനും ആവശ്യങ്ങൾ പറഞ്ഞറിയിക്കാനും പറ്റുന്ന ഒരു അവസ്ഥയിലേക്ക് അവൾ പുരോഗമിച്ചു.
പൊരുത്തപ്പെടലുകളുടെ കാലം
ആദ്യത്തെ ഏതാനും മാസങ്ങളിൽ ഞങ്ങൾ വളരെയധികം ബുദ്ധിമുട്ടി. കുടുംബത്തിലെ ഓരോ അംഗത്തിനും സമ്മിശ്ര വികാരങ്ങളായിരുന്നു അനുഭവപ്പെട്ടത്. കഴിവിന്റെ പരമാവധി ചെയ്യാൻ ശ്രമിച്ച് ശ്രമിച്ച്, കുറെ കഴിഞ്ഞപ്പോൾ എല്ലാം ഇട്ടെറിഞ്ഞ് എവിടേക്കെങ്കിലും ഓടിപ്പോകാൻ വരെ എനിക്കു തോന്നിപ്പോയി. ചിട്ടകൾ കടുകിട പോലും തെറ്റാതെ പാലിക്കുന്നതായിരുന്നു ഏറ്റവും കടുപ്പം, പ്രത്യേകിച്ചും അവ ക്രിസ്തീയ യോഗങ്ങൾക്കും പ്രസംഗ പ്രവർത്തനത്തിനും തടസ്സം സൃഷ്ടിച്ചപ്പോൾ. ദിവസേനയുള്ള സ്കൂൾചര്യകളുടെയും അവധിക്കാലത്തിന്റെയും കാര്യമൊട്ടു പറയുകയും വേണ്ട. എന്നാൽ, പ്രാർഥനാപൂർവം അതതു ദിവസത്തെ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടു പോകാൻ ഞാനും ഭർത്താവും പഠിച്ചു. അതുപോലെ തന്നെ ഞങ്ങൾ പുതിയ ചുമതലകൾ മനസ്സാ സ്വീകരിക്കാനും തുടങ്ങി.
അന്തഃസ്രാവ വിജ്ഞാനത്തിൽ പ്രത്യേക പരിശീലനം സിദ്ധിച്ച, വളരെ നല്ല ഒരു ഡോക്ടറെ കണ്ടുപിടിക്കാൻ ഞങ്ങൾക്കു സാധിച്ചു. എപ്പോൾ വേണമെങ്കിലും ഞങ്ങളുടെ സഹായത്തിന് എത്താൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. ഇ-മെയിലിലൂടെ പോലും അദ്ദേഹം ഞങ്ങളുമായി ബന്ധം പുലർത്താറുണ്ട്. അദ്ദേഹത്തിന്റെ ഓഫീസ് പതിവായി സന്ദർശിക്കുക എന്നത് ഞങ്ങളുടെ പട്ടികയുടെ ഒരു ഭാഗമായിത്തീർന്നിരിക്കുന്നു. മൂന്നുമാസം കൂടുമ്പോൾ പരിശോധനയ്ക്കായി അദ്ദേഹത്തെ സന്ദർശിക്കുന്നതു കൊണ്ട് സോണിയയുടെ പുരോഗതി അറിയാൻ കഴിയുന്നു, മാത്രമല്ല അവൾക്കു വേണ്ടി ഞങ്ങളാൽ ആകുന്നതു ചെയ്യുന്നുണ്ട് എന്ന സാന്ത്വനദായകമായ ഉറപ്പും അതു നൽകുന്നു.
സ്വാഭാവികമായും, തന്റെ പെങ്ങൾക്ക് ഇത്രമാത്രം ശ്രദ്ധ ലഭിക്കുന്നതു ഞങ്ങളുടെ മകനെ വളരെയേറെ അസ്വസ്ഥനാക്കി. ഇതു നന്നായി മനസ്സിലാക്കിയ അവന്റെ ടീച്ചറും സഭയിലുള്ളവരും, അവൻ അതേ കുറിച്ച് അധികം ആലോചിച്ചു വിഷമിക്കുന്നതിന് ഇടകൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. മാത്രമല്ല, ഇങ്ങനെയൊരു സാഹചര്യത്തിൽ അവൻ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ട് എന്നു കാണാനും അവർ അവനെ സഹായിച്ചു. ഇപ്പോൾ അവളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിൽ അവൻ ഞങ്ങൾക്കു വലിയൊരു സഹായമാണ്. സോണിയയുടെ അച്ഛനും അമ്മയുമെന്ന നിലയിൽ ചിലപ്പോഴൊക്കെ അവളുടെ കാര്യത്തിൽ ഞങ്ങൾ അമിത സംരക്ഷണബോധവും അവളുടെ ആരോഗ്യത്തെക്കുറിച്ച് അമിതഭയവും ഉള്ളവരായിരുന്നിട്ടുണ്ട്. എന്നാൽ ഭയത്തിന്റെ ഇത്തരം വികാരങ്ങളെ തടയാനുള്ള ഏറ്റവും മെച്ചപ്പെട്ട മാർഗം, ഈ രോഗത്തെ കുറിച്ചു ഗവേഷണം നടത്തി അതു ശരീരത്തെ ബാധിക്കുന്ന വിധം സംബന്ധിച്ചു പഠിക്കുകയാണ് എന്നു ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നു.
ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ
ഒട്ടുമിക്കപ്പോഴും ഞങ്ങൾ യഹോവയുടെ വാഗ്ദാനങ്ങളെ കുറിച്ചും രോഗം ഒരു പഴങ്കഥയായി മാറുന്ന സമയത്തെ കുറിച്ചും ചർച്ച ചെയ്യാറുണ്ട്. (യെശയ്യാവു 33:24) അതു യാഥാർഥ്യമായി തീരുന്നതു വരെ, ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങളെ കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നതിൽ കഴിവിന്റെ പരമാവധി ചെയ്തു കൊണ്ട് ഒരു കുടുംബമെന്ന നിലയിൽ യഹോവയെ സേവിക്കുന്നതിൽ സജീവമായി തുടരുക എന്നതാണു ഞങ്ങളുടെ ലക്ഷ്യം. സഭായോഗങ്ങളിൽ ക്രമമായി ഹാജരാകാനും ഞങ്ങൾ പരമാവധി ശ്രമിക്കുന്നു.
ഏതാനും വർഷം മുമ്പ്, താത്കാലിക അടിസ്ഥാനത്തിൽ എന്റെ ഭർത്താവിന് ഇസ്രായേലിൽ ഒരു ജോലി വാഗ്ദാനം ചെയ്യപ്പെട്ടു. സോണിയയുടെ രോഗാവസ്ഥ കണക്കിലെടുത്തു കൊണ്ട് ഞങ്ങൾ അങ്ങോട്ടു താമസം മാറ്റുന്നതിനെ കുറിച്ചു വളരെയധികം ആലോചിച്ചു എന്നു മാത്രമല്ല, അക്കാര്യം ഞങ്ങളുടെ പ്രാർഥനാവിഷയമാക്കുകയും ചെയ്തു. സോണിയയുടെ ഭക്ഷണക്രമങ്ങൾ കടുകിട പോലും തെറ്റാതെ പാലിക്കുന്നതിനായി ക്രമീകരണം ചെയ്യുന്നത് ഉൾപ്പെടെ ശരിയായ വിധത്തിലുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന പക്ഷം, അത്തരമൊരു നീക്കം ആത്മീയ അനുഗ്രഹങ്ങളിൽ കലാശിച്ചേക്കും എന്നു ഞങ്ങൾക്കു മനസ്സിലായി. ഒന്നര വർഷത്തോളം, ടെൽ അവീവ് ഇംഗ്ലീഷ് സഭയുടെ ഭാഗമായിരിക്കാനുള്ള പദവി ഞങ്ങൾക്കു ലഭിച്ചു. തികച്ചും വ്യത്യസ്തമായ രീതിയിലുള്ള പ്രസംഗപ്രവർത്തനം ആസ്വദിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. അതു ഞങ്ങളുടെ കുടുംബത്തിന് ഒരു മുതൽക്കൂട്ടു തന്നെയായിരുന്നു.
“നിങ്ങളുടെ മകൾക്ക് പ്രമേഹമുണ്ട്!” എന്ന ആ ഏതാനും വാക്കുകൾ ഞങ്ങളുടെ ജീവിതം തന്നെ തകിടംമറിച്ചു. എന്നാൽ നിരാശയുടെ നീർച്ചുഴിയിൽ പെട്ട് ഉഴലുന്നതിനു പകരം, ഞങ്ങൾ മകളുടെ ശാരീരിക ക്ഷേമം ഒരു കുടുംബപദ്ധതിയായി സ്വീകരിച്ചു. ഇതു ഞങ്ങളെ തമ്മിൽ മുമ്പെന്നത്തെക്കാളും കൂടുതൽ അടുപ്പിച്ചിരിക്കുന്നു. “സർവ്വാശ്വാസവും നല്കുന്ന ദൈവ”മായ യഹോവ പൊരുത്തപ്പെടാൻ ഞങ്ങളെ സഹായിച്ചിരിക്കുന്നു. (2 കൊരിന്ത്യർ 1:3)—സിൻഡി ഹേർഡ് പറഞ്ഞ പ്രകാരം.
[അടിക്കുറിപ്പുകൾ]
a “പ്രമേഹം ചികിത്സിക്കാത്ത പക്ഷം, അതു കീറ്റോസിസ് എന്ന അവസ്ഥയിലേക്കു നയിക്കും. കൊഴുപ്പു വിഘടിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന കീറ്റോണുകൾ രക്തത്തിൽ കുമിഞ്ഞു കൂടുന്ന പ്രക്രിയയാണ് അത്. ഇതിനെ തുടർന്ന് അസിഡോസിസ് (രക്തത്തിൽ അമ്ലം അടിഞ്ഞു കൂടുക) ഉണ്ടാകുന്നു. ഈ അവസ്ഥയിൽ രോഗിക്ക് മനംപിരട്ടലും ഛർദ്ദിയും ഉണ്ടാകും. ധാന്യകത്തിന്റെയും കൊഴുപ്പിന്റെയും ഉപാപചയപ്രവർത്തനം ശരിയായ വിധത്തിൽ നടക്കാത്തതിന്റെ ഫലമായി രക്തത്തിൽ ഇങ്ങനെ വിഷവസ്തുക്കൾ അടിഞ്ഞുകൂടിക്കൊണ്ടേയിരുന്നാൽ, രോഗി അബോധാവസ്ഥയിൽ (diabetic coma) ആകും.”—എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക.
[21-ാം പേജിലെ ചതുരം]
എന്താണ് പ്രമേഹം?
നാം കഴിക്കുന്ന ആഹാരത്തെ ശരീരം നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഊർജമാക്കി മാറ്റുന്നു. ഇത് ശ്വസനം പോലെ തന്നെ അത്യാവശ്യമായ ഒരു സംഗതിയാണ്. ആഹാരപദാർഥങ്ങൾ ആമാശയത്തിലും കുടലുകളിലും വെച്ച് ലഘുവായ ഘടകങ്ങളായി വിഘടിപ്പിക്കപ്പെടുന്നു. ഈ ഘടകങ്ങളിലൊന്ന് ഗ്ലൂക്കോസ് എന്ന ഒരു തരം പഞ്ചസാരയാണ്. ഇപ്രകാരം പഞ്ചസാര ഉത്പാദിപ്പിക്കപ്പെടുമ്പോൾ, അതിനോടുള്ള പ്രതികരണമായി ആഗ്നേയ ഗ്രന്ഥി ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു. ഇൻസുലിൻ ശരീര കോശങ്ങളിലേക്കു പഞ്ചസാരയെ കടത്തിവിടുന്നു. കോശങ്ങൾക്കകത്തു വെച്ച് പഞ്ചസാരയ്ക്ക് ഓക്സീകരണം—ഓക്സിജന്റെ സാന്നിധ്യത്തിൽ നടക്കുന്ന വിഘടനം—സംഭവക്കുന്നതിന്റെ ഫലമായി ഊർജം ഉത്പാദിപ്പിക്കപ്പെടുന്നു.
ഒരാൾക്കു പ്രമേഹമുണ്ടെങ്കിൽ, ഒന്നുകിൽ ആഗ്നേയ ഗ്രന്ഥി വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കുന്നില്ല അല്ലെങ്കിൽ ശരീരം വേണ്ട വിധത്തിൽ ഇൻസുലിൻ ഉപയോഗപ്പെടുത്തുന്നില്ല. ഇതിലേതു സംഭവിച്ചാലും, രക്തത്തിലുള്ള പഞ്ചസാര ശരീരകോശങ്ങൾക്കുള്ളിലേക്കു കടക്കുകയില്ല. ഇൻസുലിനെ ആശ്രയിക്കേണ്ട തരം പ്രമേഹത്തെ മനസ്സിലാക്കൽ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “അതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവു കണക്കിലധികം ഉയരുന്നു. ഇങ്ങനെ രക്തത്തിൽ കണക്കിലധികം നിറയുന്ന പഞ്ചസാര വൃക്കയിലൂടെ കടന്നു മൂത്രത്തിലെത്തുന്നു.” ചികിത്സിക്കാത്തപക്ഷം, പ്രമേഹ രോഗി കൂടെക്കൂടെയുള്ള മൂത്രംപോക്ക് പോലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിച്ചേക്കാം.
[21-ാം പേജിലെ ചതുരം]
ടൈപ്പ് 1 പ്രമേഹം
ഈ പ്രമേഹം മുമ്പ് അറിയപ്പെട്ടിരുന്നത് ജുവനൈൽ ഡയബറ്റിസ് എന്നായിരുന്നു. മുഖ്യമായും ഇതു കുട്ടികളിലും ചെറുപ്പക്കാരിലുമാണ് കണ്ടുവരുന്നത് എന്നതായിരുന്നു കാരണം. എന്നാൽ ഏതു പ്രായത്തിലുള്ളവർക്കും ഇതു പിടിപെടാവുന്നതാണ്. പ്രമേഹത്തിന്റെ കാരണം എന്താണ് എന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെങ്കിലും, വിവിധ ഘടകങ്ങൾ ടൈപ്പ് 1 പ്രമേഹത്തിന് ഇടയാക്കുന്നതായി കരുതപ്പെടുന്നു:
1. പാരമ്പര്യം (ജനിതക ഘടകം)
2. സ്വയംനാശകപ്രതിരോധശക്തി (ശരീരം അതിന്റെ തന്നെ കലകളോടോ കോശങ്ങളോടോ പ്രതിരോധശേഷി വളർത്തിയെടുക്കുന്ന അവസ്ഥ—ഇക്കാര്യത്തിൽ, ആഗ്നേയ ഗ്രന്ഥിയിലെ കോശങ്ങളോടോ കലകളോടോ ആണ് ശരീരം പ്രതിരോധശേഷി വളർത്തിയെടുക്കുന്നത്)
3. പാരിസ്ഥിതിക ഘടകങ്ങൾ (വൈറസ് അല്ലെങ്കിൽ രാസഘടകങ്ങൾ)
വൈറസ് ബാധയോ മറ്റു ഘടകങ്ങളോ മൂലം ഐലറ്റ് കോശങ്ങൾക്ക് (ആഗ്നേയ ഗ്രന്ഥിയിലെ കോശങ്ങൾ—ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത് ഈ കോശങ്ങളാണ്) കേടു സംഭവിച്ചേക്കാം. കൂടുതൽ കൂടുതൽ ഐലറ്റ് കോശങ്ങൾ നശിക്കുന്നതോടെ, ഒരാൾക്ക് പ്രമേഹം പിടിപെടാനുള്ള സാധ്യതയും കൂടുന്നു.
പ്രമേഹരോഗികളിൽ പലതരം ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്:
1. കൂടെക്കൂടെയുള്ള മൂത്രംപോക്ക്
2. അമിത ദാഹം
3. അടിക്കടി വിശപ്പുതോന്നൽ; ശരീരത്തിന് ആവശ്യത്തിന് ഊർജം ലഭിക്കാത്തതു കൊണ്ടാണ് ഇതു സംഭവിക്കുന്നത്
4. തൂക്കം കുറയൽ. ശരീരകോശങ്ങളിലേക്കു പഞ്ചസാര കടക്കാതെ വരുമ്പോൾ, ശരീരം അതു ശേഖരിച്ചു വെച്ചിരിക്കുന്ന കൊഴുപ്പിനെയും മാംസ്യങ്ങളെയും ഓക്സീകരിച്ച് ഊർജം ഉത്പാദിപ്പിക്കുന്നു. ഇത്, ശരീരത്തിന്റെ തൂക്കം കുറയുന്നതിന് ഇടയാക്കും
5. അസ്വസ്ഥത. പ്രമേഹരോഗിക്കു മൂത്രമൊഴിക്കുന്നതിനു രാത്രിയിൽ കൂടെക്കൂടെ എഴുന്നേൽക്കേണ്ടി വരുന്നുണ്ടെങ്കിൽ, അദ്ദേഹത്തിനു സുഖകരമായ ഉറക്കം ലഭിക്കുകയില്ല. അതിന്റെ ഫലമായി പെരുമാറ്റത്തിൽ വ്യത്യാസങ്ങൾ കണ്ടേക്കാം
ടൈപ്പ് 1 പ്രമേഹമാണെങ്കിൽ, ആഗ്നേയ ഗ്രന്ഥി ഒന്നുകിൽ ഇൻസുലിൻ ഒട്ടും ഉത്പാദിപ്പിക്കുന്നില്ല അല്ലെങ്കിൽ തീരെ കുറച്ചു മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. അത്തരം കേസുകളിൽ, ഇൻസുലിൻ ദിവസേന സ്വീകരിക്കേണ്ടത് അനിവാര്യമാണ്. സാധാരണഗതിയിൽ ഇൻസുലിൻ കുത്തിവെക്കുകയാണു പതിവ്. (ഇൻസുലിൻ വായിലൂടെ കഴിച്ചാൽ, അതു വയറ്റിൽ വെച്ച് നശിച്ചുപോകും).
[21-ാം പേജിലെ ചതുരം]
ടൈപ്പ് 2 പ്രമേഹം
ടൈപ്പ് 1 പ്രമേഹവുമായി ഇതിനെ കൂട്ടിക്കുഴയ്ക്കരുത്. ഇത്തരം പ്രമേഹമുള്ള ഒരാളുടെ ശരീരം ഒന്നുകിൽ ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നില്ല അല്ലെങ്കിൽ അതു ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നില്ല. 40 വയസ്സിനു മേൽ പ്രായമുള്ളവരിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്ന പ്രമേഹമാണിത്. ഈ പ്രമേഹം സാധാരണഗതിയിൽ ഏറെ സാവധാനമാണു വികാസം പ്രാപിക്കുക. ഈ പ്രമേഹത്തിന്റെ കാര്യത്തിൽ പാരമ്പര്യത്തിന് ഒരു പങ്കുണ്ടെങ്കിലും, തെറ്റായ ഭക്ഷണക്രമം അല്ലെങ്കിൽ അമിതവണ്ണം എന്നിവ നിമിത്തം അതു വഷളാകുന്നു. പല കേസുകളിലും ഗുളികകളുടെ ഉപയോഗത്താൽ കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ തക്കവണ്ണം ആഗ്നേയ ഗ്രന്ഥിയെ ഉത്തേജിപ്പിക്കാൻ കഴിയും, ചുരുങ്ങിയ പക്ഷം രോഗത്തിന്റെ ആരംഭ ദശയിലെങ്കിലും. എന്നാൽ ഈ ഗുളികകൾ ഇൻസുലിൻ അല്ല.
[22-ാം പേജിലെ ചതുരം]
പ്രമേഹത്തിന്റെ അപകടങ്ങൾ
ശരീരത്തിനു പ്രവർത്തിക്കാൻ ഇന്ധനം ആവശ്യമാണ്. ഈ ആവശ്യം നിറവേറ്റുന്നതിന് ഗ്ലൂക്കോസ് ഉപയോഗപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ, പിന്നെ ശരീരം ചെയ്യുന്നത് അതു ശേഖരിച്ചു വെച്ചിരിക്കുന്ന കൊഴുപ്പും മാംസ്യങ്ങളും ഉപയോഗപ്പെടുത്തുകയാണ്. കൊഴുപ്പ് ഓക്സീകരിക്കപ്പെടുമ്പോൾ പക്ഷേ, കീറ്റോണുകൾ എന്ന പാഴ്വസ്തുക്കളും ഉണ്ടാകുന്നു. രക്തത്തിലെ കീറ്റോണിന്റെ അളവു കൂടിക്കൂടി ഒടുവിൽ അതു മൂത്രത്തിൽ കലരുന്നു. കീറ്റോണുകൾക്ക് ആരോഗ്യമുള്ള ശരീരകലകളെക്കാൾ കൂടുതൽ അമ്ലസ്വഭാവമുള്ളതിനാൽ, രക്തത്തിൽ കണക്കിലധികം കീറ്റോണുകൾ അടിഞ്ഞുകൂടിയാൽ അതു കീറ്റോഅസിഡോസിസ് എന്ന ഗുരുതരമായ അവസ്ഥയിലേക്കു നയിച്ചേക്കാം.
പ്രമേഹ രോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവു സാധാരണയിലും കുറഞ്ഞുപോകുന്നതും അപകടകരമാണ്. (ഇതിനെ ഹൈപ്പോഗ്ലൈസീമിയ എന്നു പറയുന്നു.) അങ്ങനെ സംഭവിക്കുമ്പോൾ അസുഖകരമായ അനേകം രോഗലക്ഷണങ്ങൾ അദ്ദേഹത്തിന് ഉണ്ടായേക്കാം. വിറയൽ, വിയർപ്പ്, ക്ഷീണം, വിശപ്പ്, അസ്വസ്ഥത, ആശയക്കുഴപ്പം അല്ലെങ്കിൽ ഹൃദയമിടിപ്പിന്റെ വേഗം കൂടൽ, കാഴ്ച മങ്ങൽ, തലവേദന, മരവിപ്പ്, ചുണ്ടുകൾക്കും വായയ്ക്കു ചുറ്റിനും തരിപ്പ് അനുഭവപ്പെടൽ എന്നിവ സംഭവിച്ചേക്കാം, ചിലപ്പോൾ അപസ്മാരത്തിന്റേതു പോലുള്ള ലക്ഷണങ്ങളോ ബോധക്ഷയമോ പോലും ഉണ്ടായേക്കാം. ശരിയായ ആഹാരം കൃത്യ സമയത്തു കഴിച്ചാൽ മിക്കപ്പോഴും ഈ പ്രശ്നങ്ങൾ ഒഴിവാക്കാവുന്നതേയുള്ളൂ.
മുകളിൽ പരാമർശിച്ചതു പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ, ലഘുവായ പഞ്ചസാരകൾ കഴിക്കുന്നതു വഴി—ഒരുപക്ഷേ ഏതെങ്കിലും പഴച്ചാറോ ഗ്ലൂക്കോസ് ഗുളികകളോ മറ്റോ കഴിക്കുന്നത്—രക്തത്തിലെ പഞ്ചസാരയുടെ അളവു സുരക്ഷിതമായ നിലയിലേക്കു കൊണ്ടുവരാൻ സഹായിച്ചേക്കും, മറ്റു ഭക്ഷണങ്ങൾ കഴിക്കുന്നതു വരെ. എന്നാൽ സാഹചര്യം ഗുരുതരമാണെങ്കിൽ, ഗ്ലൂക്കഗോൺ കുത്തിവെക്കേണ്ടി വരും. കരളിൽ സംഭരിച്ചിരിക്കുന്ന പഞ്ചസാര രക്തത്തിലേക്കു കടത്തിവിടുന്നതിനു സഹായിക്കുന്ന ഒരു ഹോർമോൺ ആണ് ഗ്ലൂക്കഗോൺ. ഇങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിക്കുന്നു. പ്രമേഹരോഗിയായ ഒരു കുട്ടിയുടെ മാതാപിതാക്കൾ, സ്കൂൾ അധികൃതരെയും സ്കൂൾ ബസ് ഡ്രൈവറെയും അല്ലെങ്കിൽ ഡേ കെയർ ജോലിക്കാരെയുമൊക്കെ കുട്ടിയുടെ അവസ്ഥയെ കുറിച്ച് അറിയിക്കാൻ താത്പര്യപ്പെട്ടേക്കാം.
[22-ാം പേജിലെ ചതുരം]
ഭാവി പ്രശ്നങ്ങൾ
ഒരു പ്രമേഹ രോഗിക്ക് ഭാവിയിൽ പലതരം പ്രശ്നങ്ങൾ ഉണ്ടായേക്കാനും സാധ്യതയുണ്ട്. ഹൃദയാഘാതം, മസ്തിഷ്കാഘാതം, നേത്ര രോഗങ്ങൾ, അടിക്കടിയുള്ള അണുബാധ എന്നിവയും കരൾ, കാൽ അല്ലെങ്കിൽ പാദം എന്നിവയ്ക്കു സംഭവിക്കുന്ന കുഴപ്പങ്ങളും അതിൽ ഉൾപ്പെടുന്നു. രക്തക്കുഴലുകൾ, നാഡികൾ എന്നിവയ്ക്കു പറ്റുന്ന തകരാറുകൾ, രോഗബാധയ്ക്കെതിരെ പ്രതിരോധ ശേഷി നഷ്ടപ്പെടൽ എന്നീ കാരണങ്ങൾ കൊണ്ടായിരിക്കാം ഇവ സംഭവിക്കുന്നത്. എന്നിരുന്നാലും, എല്ലാത്തരം പ്രമേഹങ്ങളും ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കണമെന്നില്ല.
രക്തത്തിലെ പഞ്ചസാര സാധാരണ അളവിലാക്കി നിറുത്തുന്നതു മൂലം ഇത്തരം കുഴപ്പങ്ങൾ വൈകിക്കാനോ അല്ലെങ്കിൽ അവയുടെ ഹാനികരമായ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനോ സാധിക്കും. ഇതു കൂടാതെ, തൂക്കവും രക്തസമ്മർദവും സാധാരണ നിലയിലാക്കി നിറുത്തുന്നതും പുകവലിക്കാതിരിക്കുന്നതും അപകടസാധ്യത കുറയ്ക്കുന്നതിനുള്ള വളരെ ഫലപ്രദമായ മാർഗങ്ങൾ ആണ്. ഒരു പ്രമേഹ രോഗി ധാരാളം വ്യായാമം ചെയ്യാനും ശരിയായ ഭക്ഷണക്രമം പാലിക്കാനും മരുന്നുകൾ മുറ തെറ്റാതെ കഴിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
[23-ാം പേജിലെ ചിത്രം]
ഹേർഡ് കുടുംബം