ദൈവസേവനത്തിൽ ഗൃഹവിരഹദുഃഖത്തെ തരണംചെയ്യൽ
യേശുക്രിസ്തു അനുഗാമികളോടു കൽപ്പിച്ചു: “പുറപ്പെട്ടു . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19) അനേകം ക്രിസ്ത്യാനികളെ സംബന്ധിച്ചു പറയുകയാണെങ്കിൽ, ആ കൽപ്പന നിറവേററുക എന്നുവെച്ചാൽ വീട്ടിൽനിന്നു വളരെ അകലെയുള്ള ദുഷ്കര സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക എന്നാണർഥം. സഞ്ചാരമേൽവിചാരകൻമാർ, അവരുടെ ഭാര്യമാർ എന്നിവരും മററുള്ളവരും ദൈവസേവനത്തിനുവേണ്ടി അനേകം സംഗതികൾ പിന്നിൽ വിട്ടേച്ചുപോരുന്നു. യഹോവയുടെ ഈ സാക്ഷികൾക്കെല്ലാം ഗൃഹവിരഹദുഃഖം ഒരു വലിയ വെല്ലുവിളി ആയിരുന്നേക്കാം.
സുരക്ഷിതത്വവും സ്നേഹവും അനുഭവിച്ചിരുന്ന സുഖാനുഭൂതികൾനിറഞ്ഞ ഒരു കഴിഞ്ഞകാലത്തിലേക്ക് ഓർമകൾ നിങ്ങളുടെ ചിന്തകളെ കൊണ്ടുപോകുമ്പോഴാണ് ഗൃഹവിരഹദുഃഖം അനുഭവപ്പെടുന്നത്. ഇതു വളരെ കടുത്ത വിഷമത്തിനും കാരണമാകാം. ചിലപ്പോൾ തനിക്ക് ഇനി മുന്നോട്ടു പോകാനാവില്ല എന്നു തോന്നുമാറു വിഷാദത്തിലായെന്നും വരും. വാസ്തവത്തിൽ, വസ്തുവകകൾ വിററ് വളരെ ചെലവേറിയ യാത്രയും നടത്തി വിദേശത്ത് എത്തിയ ചിലർ തങ്ങളുടെ പരിപാടിയെല്ലാം വേണ്ടന്നുവെച്ചു വീട്ടിലേക്കു മടങ്ങിപ്പോന്നിട്ടുണ്ട്. കാരണം അവരെ ഗൃഹവിരഹദുഃഖം പിടികൂടി.
വൈകാരികമായ അത്തരം പ്രത്യാഘാതങ്ങൾ ആദ്യമായി വീടുവിട്ടശേഷം കൂടെക്കൂടെ ഉണ്ടാകുന്നതു സാധാരണമാണ്. എന്നാൽ ചിലർക്കാകട്ടെ, അവ ആയുഷ്കാലം മുഴുവൻ തുടരുന്നു. 20 വർഷത്തിലധികം വീട്ടിൽനിന്ന് അകന്നു കഴിഞ്ഞ യാക്കോബ് “പിതൃഭവനത്തിന്നായുള്ള അതിവാഞ്ഛയി”ലായി. (ഉല്പത്തി 31:30) ആർക്കൊക്കെയാണ് ഗൃഹവിരഹദുഃഖം അനുഭവപ്പെടുക? എന്താണ് അതിനുള്ള കാരണം? അത്തരം വികാരങ്ങളെ ഒരു വ്യക്തിക്ക് എങ്ങനെയാണു നേരിടാനാവുക?
ദുഃഖത്തിനു കാരണമെന്ത്?
ഗൃഹവിരഹദുഃഖം ആരെയും ബാധിക്കാവുന്നതാണ്. മിദ്യാന്യ രാജാവായ ആസ്ററീയാഗസിന്റെ മകളായ ആമീററസിന് സന്തോഷിക്കാൻ പ്രത്യക്ഷത്തിൽ സകലതും ഉണ്ടായിരുന്നു: ധനം, അന്തസ്സ്, മനോഹരമായ ഭവനം. എങ്കിലും മിദ്യാന്യ ദേശത്തെ പർവതങ്ങളെ വിട്ടുപോന്നതിലുള്ള ദുഃഖം അവളെ വേട്ടയാടി. അതുകൊണ്ട് അവളുടെ ഭർത്താവായ നെബുഖദ്നേസർ രാജാവ് അവളെ ആശ്വസിപ്പിക്കാൻവേണ്ടി ബാബിലോനിൽ തൂങ്ങുന്ന ഉദ്യാനങ്ങൾ (hanging gardens) പണികഴിപ്പിച്ചു.
വീട്ടിലായിരുന്നപ്പോഴത്തെക്കാൾ ദുഷ്കരമാണ് ഇപ്പോഴത്തെ ജീവിതമെന്നു തോന്നിയാൽ ഗൃഹവിരഹദുഃഖം വിശേഷാൽ പീഡാകരമായിരുന്നേക്കാം. യഹൂദാജനം പ്രവാസത്തിലായപ്പോൾ അവർ ഇങ്ങനെ വിലപിച്ചു: “ബാബേൽ നദികളുടെ തീരത്തു ഞങ്ങൾ ഇരുന്നു, സീയോനെ ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞു. ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ?”—സങ്കീർത്തനം 137:1, 4.
വീടുവിട്ടതിനെചൊല്ലിയുള്ള മൂകവികാരങ്ങളെ ഇളക്കിവിടാൻ അനേകം സംഗതികൾക്കാകും. കാനഡ വിട്ടുപോന്ന ടെറി പറയുന്നതു കേൾക്കുക: “ഒരു ദിവസം കുടുംബഫോട്ടോ പുസ്തകത്തിൽനിന്നു താഴെ വീണു. അതു താഴെനിന്ന് എടുത്ത ഞാൻ ഗൃഹവിരഹദുഃഖത്തിൽ മുങ്ങി. പിന്നെ ഒരുപാടു കരഞ്ഞു.” ഇംഗ്ലണ്ട് വിട്ട ക്രിസ് എത്തിയത് തീർത്തും ദരിദ്രമായ ഒരു രാജ്യത്തായിരുന്നു. അവൾ ഇങ്ങനെ സമ്മതിച്ചുപറയുന്നു: “ഒരു പഴയ പാട്ടൊന്നു കേട്ടാൽ അല്ലെങ്കിൽ ഇഷ്ടപ്പെട്ട ഒരു കറിയുടെ വാസനയൊന്നടിച്ചാൽ, പിന്നെ അതുമതി, പഴയ കാര്യങ്ങൾ ഓർക്കാനും അതിനായി വാഞ്ഛിക്കാനും.”—താരതമ്യം ചെയ്യുക: സംഖ്യാപുസ്തകം 11:5.
പലപ്പോഴും, അടുത്ത കുടുംബബന്ധങ്ങൾ ഈ സംഗതിക്ക് ആക്കം കൂട്ടുന്നു. ഇപ്പോൾ അയൽരാജ്യത്ത് താമസിക്കുന്ന ബ്രസീലുകാരിയായ റൊസേലിയുടെ അഭിപ്രായം ഇതാണ്: “വീട്ടിൽനിന്ന് അസുഖകരമായ വാർത്ത ലഭിക്കുമ്പോൾ എനിക്ക് അവിടെ എത്തി അവരെ സഹായിക്കാനാവുന്നില്ലല്ലോ എന്നോർത്ത് ഭയങ്കര മനോവിഷമം. ഇനി മററുചിലപ്പോഴാണെങ്കിലോ, വീട്ടിൽനിന്നു യാതൊരു വിവരവുമില്ല. അപ്പോൾപ്പിന്നെ ചിന്ത അവിടെ എന്തെങ്കിലും സംഭവിച്ചിരിക്കുമോ എന്നാകും. അതു സംഗതികളെ കൂടുതൽ വഷളാക്കും.” വടക്കേ അമേരിക്കയിൽനിന്ന് ആമസോൺ ഉഷ്ണമേഖലാ പ്രദേശത്തെ ഒരു ചെറുപട്ടണത്തിലെത്തിയ ജാനസ് പറയുന്നു: “വീട്ടിൽനിന്നു നല്ല വിശേഷം കേൾക്കുമ്പോൾ എനിക്കു വീട്ടിൽ പോകണമെന്നു തോന്നും. അവർ ഒത്തൊരുമിച്ചു സഹവാസം ആസ്വദിക്കുന്ന വിധമെല്ലാം കേൾക്കുമ്പോൾ ഞാനും അവരോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകും.”
ആളുകളെ വിട്ടേച്ചുപോരുന്നതു മാത്രമല്ല ഗൃഹവിരഹദുഃഖത്തിനു കാരണമാകുന്നത്. ലിൻഡയുടെ വിശദീകരണം കേൾക്കുക: “എനിക്കാവശ്യമുള്ള വസ്തുക്കൾ എവിടെനിന്നു കിട്ടുമെന്നറിയാതെ ഞാൻ കുണ്ഠിതപ്പെടുന്നു. വിലയറിയില്ല, പകരം എന്തു കൊടുക്കണമെന്നറിയില്ല. ഒരു കാർ വാങ്ങാമെന്നുവെച്ചാൽ അതിനു ഭയങ്കര വിലയാ. തിങ്ങിനിറഞ്ഞ പൊതുവാഹനങ്ങളിൽ ഒന്നു കയറിപ്പററാൻ ഞാൻ എത്ര പാടുപെടുന്നു. പക്ഷേ തിക്കിലും തിരക്കിലും പെട്ട് എപ്പോഴും പുറത്താവുന്നു. ഇത് എന്നെ വീട്ടിൽ പോകണമെന്ന ചിന്തയിലാക്കി.” സാംസ്കാരികവും സാമ്പത്തികവുമായ അന്തരത്തെപ്പററി പറയുമ്പോൾ ജാനററിന്റെ അഭിപ്രായം ഇങ്ങനെയാണ്: “ദാരിദ്ര്യമായിരുന്നു എന്നെ വിഷമിപ്പിച്ചത്. ആളുകൾ അപ്പത്തിനായി യാചിക്കുന്നതോ വെള്ളത്തിനുള്ള സൗകര്യങ്ങളൊന്നുമില്ലാത്ത ഒററ മുറിയിൽ വലിയ കുടുംബങ്ങൾ താമസിക്കുന്നതോ ഞാൻ ഇതിനുമമ്പ് ഒരിക്കലും കണ്ടിട്ടില്ല. . . . ഇനി എനിക്കിവിടെ താമസിക്കാനാവില്ല, എന്നു പോലും തോന്നിപ്പോയി. ആ സംഗതികൾ എന്നെ അത്രയ്ക്ക് വിഷമിപ്പിച്ചു.”
നിങ്ങളുടെ വികാരങ്ങളെ തരണം ചെയ്യൽ
നാം സ്നേഹിക്കുന്നവരോടോ നാം വളർന്നുവന്ന കുടുംബ ചുററുപാടുകളോടോ ഒരു ശക്തമായ വികാരവായ്പ് അനുഭവപ്പെടുന്നെങ്കിൽ നാം അമ്പരക്കേണ്ട കാര്യമില്ല. ഊഷ്മളമായ വ്യക്തിബന്ധങ്ങൾ ആസ്വദിക്കാൻ യഹോവയാം ദൈവമാണ് നമുക്കു വികാരങ്ങൾ തന്നിരിക്കുന്നത്. എഫേസൂസ് സഭയിലെ ക്രിസ്തീയ മേൽവിചാരകൻമാർ വൈകാരികമായ പക്വതയുള്ളവരായിരുന്നു. പക്ഷേ, അവർക്കുവേണ്ടി പൗലോസ് നടത്തിയ സന്ദർശനം അവസാനിക്കാറായപ്പോൾ എന്താണു സംഭവിച്ചത്? “എല്ലാവരും വളരെ കരഞ്ഞു. . . . അവർ ഏററവും ദുഃഖിച്ചു പൌലോസിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു അവനെ ചുബിച്ചു.” (പ്രവൃത്തികൾ 20:37, 38) തീർച്ചയായും, ഈ സംഭവത്തിൽ ഗൃഹവിരഹദുഃഖം വരുന്നില്ല. എന്നാൽ, അതു ചിന്തയ്ക്കു വക നൽകുന്നുണ്ട്. വികാരങ്ങൾ ഉണ്ടാവുക എന്നതു സ്വാഭാവികമാണ്. എന്നാൽ അവ നമ്മെ നിയന്ത്രിക്കരുതെന്നു മാത്രം. അപ്പോൾ, ഗൃഹവിരഹദുഃഖത്തെ നിങ്ങൾക്ക് എങ്ങനെ വിജയകരമായി നേരിടാനാവും?
പ്രദേശത്തെ ഭാഷ സംസാരിക്കാൻ പഠിച്ചെടുക്കണം. അതാണ് അവിടവുമായി ഇണങ്ങാനുള്ള ഒരു മാർഗം. അന്യഭാഷ കൈകാര്യം ചെയ്യണ്ടതിനാൽ ആശയവിനിമയത്തിനു വിഘ്നം നേരിടുമ്പോൾ ഗൃഹവിരഹദുഃഖം അതിന്റെ ഉച്ചസ്ഥായിയിൽ എത്തും. അതുകൊണ്ട്, സാധ്യമെങ്കിൽ ഒരു പുതിയ സ്ഥലത്തേക്കു പോകുന്നതിനു മുമ്പുതന്നെ അവിടുത്തെ ഭാഷ വായിക്കാനും സംസാരിക്കാനും പഠിക്കുക. അല്ലെങ്കിൽ അവിടെ എത്തി ആദ്യത്തെ ഏതാനും ആഴ്ചകൾ ഭാഷാപഠനത്തിനായി മാററിവെക്കുക. അതിനുള്ള ശക്തമായ പ്രേരണ നിങ്ങൾക്ക് ഉണ്ടാകുന്നതും അങ്ങനെ അതു പഠിക്കുന്നതിനുള്ള ഏററവും നല്ല സമയത്തായിരിക്കുന്നതും അപ്പോഴാണ്. ഈ ആഴ്ചകൾ മുഖ്യമായും ഭാഷാപഠനത്തിനായി മാററിവെച്ചാൽ, താമസിയാതെ നിങ്ങൾ സംഭാഷണങ്ങൾ ആസ്വദിച്ചുതുടങ്ങും. അതോടെ ഗൃഹവിരഹദുഃഖവികാരങ്ങൾ ശമിച്ചുതുടങ്ങുകയും ചെയ്യും.
സാധിക്കുന്നത്ര വേഗത്തിൽ പുതിയ കൂട്ടുകാരെ കണ്ടെത്തുക. ഇതിന് അസ്വസ്ഥതയകററി ആശ്വാസം പ്രദാനം ചെയ്യാനാവും. യഥാർഥ സുഹൃത്തുക്കളെ കണ്ടെത്താൻ പററിയ ഏററവും നല്ല സ്ഥലമാണ് യഹോവയുടെ സാക്ഷികളുടെ സഭ. മുൻകൈ എടുത്തു മററുള്ളവരുടെ കാര്യത്തിൽ താത്പര്യം പ്രകടമാക്കുക. അവരുടെ പശ്ചാത്തലം, കുടുംബം, പ്രശ്നങ്ങൾ, താത്പര്യങ്ങൾ എന്നിവയെല്ലാം അറിയാൻ ഒരു ശ്രമം നടത്തുക. സഹവിശ്വാസികളെ നിങ്ങളുടെ വീട്ടിലേക്കു ക്ഷണിക്കുക. തത്ഫലമായി, നിങ്ങളുടെ കാര്യത്തിലും മററുള്ളവർ താത്പര്യമെടുക്കുന്നതായി നിങ്ങൾക്കു കാണാവുന്നതാണ്.
ദൈവജനത്തിനിടയിൽ സുഹൃദ്ബന്ധങ്ങൾക്കു കുടുംബബന്ധങ്ങളെപ്പോലെ അടുപ്പമുള്ളതായിരിക്കാൻ കഴിയും. “ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നേ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു യേശു പറയുകയുണ്ടായി. (മർക്കൊസ് 3:35) യേശു തന്റെ അനുഗാമികൾക്കു കൊടുത്ത ഉറപ്പ് ഇങ്ങനെയായിരുന്നു: “എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരൻമാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ, ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടുംകൂടെ നൂറു മടങ്ങു വീടുകളെയും സഹോദരൻമാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല.” (മർക്കൊസ് 10:29, 30) അത്തരം അത്ഭുതകരമായ ആത്മീയ സാഹോദര്യമുള്ളപ്പോൾ നാം ഒരു പുതിയ രാജ്യത്താണെങ്കിൽപ്പോലും ഒററയ്ക്കായിപ്പോവില്ല.
ഗൃഹവിരഹദുഃഖം ഒഴിവാക്കാനുള്ള മറെറാരു മാർഗം വീട്ടിലുള്ളവരുമായുള്ള സൗഹൃദം നിലനിർത്തുകയാണ്. നിങ്ങൾ ഇപ്പോൾ വീടുവിട്ടു പോന്നിരിക്കുകയാണല്ലോ. നിങ്ങളുടെ എഴുത്തിലെ ആശയവിനിയമം വിശേഷാൽ അർഥസമ്പുഷ്ടമാകുന്നതു കാണുമ്പോൾ നിങ്ങൾക്ക് അത്ഭുതം തോന്നും. കാരണം, എഴുതുമ്പോൾ നിങ്ങൾ കാര്യമായി ചിന്തിച്ചു വാക്കുകൾ തിരഞ്ഞെടുക്കാനാണു സാധ്യത. പറയാൻ രസകരമായ സംഗതികളുണ്ടാവും. നേരത്തെ സൂചിപ്പിച്ച ജാനററ് നിർദേശിക്കുന്നത് ഇതാണ്: “ദീർഘദൂര ടെലിഫോൺ വിളികൾ ചെലവു കൂടിയതാണ്. എന്നാൽ റെക്കോഡ് ചെയ്ത ഒരു കാസെററ് ടേപ് തപാലിലൂടെ അയയ്ക്കുന്നതിനു താരതമ്യേന നിസ്സാര ചെലവേ വരുകയുള്ളൂ. ഒരു യന്ത്രത്തോടു സംസാരിക്കൽ, ആദ്യമൊക്കെ ഒരപരിചിതത്വം തോന്നാം. എന്നിരുന്നാലും, ഒരു മൈക്രോഫോണിലൂടെ നിങ്ങൾ ആരെങ്കിലുമായി സംസാരിക്കുമ്പോൾ അത് ആയാസരഹിതവും രസകരവുമാകുന്നു.” ഒരു കാസെററ് റെക്കോഡിങ് തിരിച്ചും അയയ്ക്കാൻ നിങ്ങൾക്ക് ആവശ്യപ്പെടാം.
25 വർഷം മുമ്പ് ഐക്യനാടുകളിൽനിന്നു ലാററിൻ അമേരിക്കയിലേക്കു കുടിയേറിപ്പാർത്ത ഷെർലി പറയുന്നു: “പ്രശ്നങ്ങൾക്കു പകരം ഞാൻ എപ്പോഴും കെട്ടുപണി ചെയ്യുന്ന അനുഭവങ്ങളാണ് എഴുതാറ്. എനിക്ക് തുടർന്നും എഴുതിക്കൊണ്ടിരിക്കാൻ ഇതു മററുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു.” പക്ഷേ, ഇവിടെയും ശ്രദ്ധിക്കാനുണ്ട്. എഴുത്തയയ്ക്കൽ കൂടിപ്പോയാലും കുഴപ്പമാണ്, ചിലപ്പോൾ പുതിയ കൂട്ടുകാരെ കിട്ടുകയില്ലെന്നും വരാം. കാനഡയിൽനിന്നു മറെറാരു രാജ്യത്തേക്കു പോയ ഡെൽ പറയുന്നു: “വീട്ടിൽ കുത്തിയിരുന്നു നാട്ടിലെ കാര്യങ്ങളൊക്കെ ഓർത്ത് മൂകമായിരിക്കരുത്. പുറത്തേക്കിറങ്ങുക. പുതിയ പ്രദേശം ആസ്വദിക്കുക.”
പുതിയ പ്രദേശത്തിന്റെ ആചാരങ്ങൾ, ചരിത്രം, നേരമ്പോക്കുകൾ, വിനോദസഞ്ചാരപ്രധാനമായ സ്ഥലങ്ങൾ എന്നിവയെക്കുറിച്ചെല്ലാം അറിയണം. ഇതു നിങ്ങളെ നിഷേധാത്മകവശങ്ങൾക്കു ശ്രദ്ധ കൊടുക്കാതിരിക്കാൻ സഹായിക്കും. വന്നെത്തിയിരിക്കുന്ന സ്ഥലത്തുതന്നെ താമസിക്കാനാണു നിങ്ങളുടെ പരിപാടിയെങ്കിൽ നിങ്ങളുടെ മാതൃരാജ്യത്തേക്കു പെട്ടെന്നോ കൂടെക്കൂടെയോ പോകാതിരിക്കുന്നതാണ് ഏററവും ഉചിതം. പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കിയെടുക്കാനും പുതിയ ചുററുപാടുകളുമായി ഇണങ്ങാനും സമയമെടുക്കും. തിരിച്ചു വീട്ടിലേക്കായി നടത്തുന്ന ദീർഘമായ സന്ദർശനങ്ങൾ ആ പ്രക്രിയയെ തടസ്സപ്പെടുത്തും. ഒരിക്കൽ നിങ്ങൾ വേരുറപ്പിച്ചാൽപ്പിന്നെ വീട്ടിലേക്ക് ഒരു സന്ദർശനം നടത്തി തിരിച്ചുവരുന്നത് ആസ്വദിക്കാം. അതിനിടയിൽ പുതിയ വീടുമായുള്ള ബന്ധം പടുത്തുയർത്തുന്നതിൽ തിരക്കോടെ ഏർപ്പെടുക.
മുന്നോട്ടുതന്നെ നോക്കിക്കൊണ്ടിരിക്കുക
മുഴുഭൂമിയെയും യഹോവ നമുക്കു നമ്മുടെ ഭവനമായി തന്നിരിക്കുന്നു. (സങ്കീർത്തനം 115:16) സന്തോഷനിർഭരമായ ക്രിസ്തീയ ആത്മാവുള്ളപ്പോൾ ഏതു രാജ്യത്തായിരുന്നാലും ജീവിതം ഉല്ലാസപ്രദമായിരിക്കാവുന്നതാണ്. മറെറാരു രാജ്യത്ത് അഥവാ നിങ്ങളുടെതന്നെ രാജ്യത്തിന്റെ മറെറാരു ഭാഗത്ത് [ദൈവ]രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിക്കാനും സുവാർത്ത പ്രസംഗിക്കാനുമാണ് നിങ്ങൾ പോകുന്നതെങ്കിൽ സന്തോഷകരമായ പ്രതീക്ഷയോടെ അങ്ങനെ ചെയ്യുവിൻ. പുതിയ സുഹൃത്തുക്കളെ നേടാൻ, വ്യത്യസ്ത ആചാരങ്ങളെക്കുറിച്ചു പഠിക്കാൻ, ശിഷ്യരെ ഉളവാക്കാൻ, അല്ലെങ്കിൽ ദൈവസേവനത്തിൽ പ്രതിഫലദായകമായ കാര്യങ്ങൾ ചെയ്യാൻ നോക്കിപ്പാർത്തിരിക്കുക.
നിങ്ങൾ എവിടെ ആയിരുന്നാലും എല്ലായ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്ന ഒരു സുഹൃത്താണ് യഹോവയാം ദൈവം. (സങ്കീർത്തനം 94:14; 145:14, 18) അതുകൊണ്ട് പ്രാർഥനയിൽ അവിടുത്തോട് അടുത്തിരിക്കുക. (റോമർ 12:12) ദൈവത്തിന്റെ ഒരു ദാസനെന്ന നിലയിൽ ജീവിതത്തിൽ നിങ്ങൾക്കുള്ള ലക്ഷ്യത്തെ മനസ്സിൽ പിടിക്കുവാൻ ഇതു നിങ്ങളെ സഹായിക്കും. ഊർ നഗരത്തിലെ സുഖപ്രദമായ വീടു വിട്ടുപോയപ്പോൾ അബ്രഹാമും സാറായും തങ്ങളുടെ ഉദ്ദേശ്യം മനസ്സിൽ സൂക്ഷിച്ചു. യഹോവയുടെ കൽപ്പനയോടുള്ള അനുസരണത്തിൽ അവർ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിട്ടേച്ചുപോന്നു. (പ്രവൃത്തികൾ 7:2-4) തങ്ങൾ വിട്ടുപോന്ന സ്ഥലത്തെക്കുറിച്ച് ഓർത്തും ആഗ്രഹിച്ചും കഴിഞ്ഞിരുന്നെങ്കിൽ അവർക്കു തിരിച്ചുപോകാനുള്ള അവസരം ഉണ്ടായേനേ. പക്ഷേ അവർ എത്തിപ്പിടിക്കാൻ ശ്രമിച്ചത് അതിലും ഭേദപ്പെട്ട സ്ഥലത്തിനുവേണ്ടിയായിരുന്നു—അന്തിമമായി, ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിൻ കീഴിൽ പറുദീസാ ഭൂമിയിലെ ജീവിതത്തിനുവേണ്ടി.—എബ്രായർ 11:15, 16.
വിദേശവയലുകളിലോ മാതൃരാജ്യത്തുതന്നെ രാജ്യഘോഷകരുടെ ആവശ്യം കൂടുതലുള്ളയിടങ്ങളിലോ പ്രസംഗിക്കുന്നതു തികച്ചും വെല്ലുവിളിനിറഞ്ഞതാകാം. എന്നാൽ ആ വേല ഫലമുളവാക്കുന്നതും ഏററവും പ്രതിഫലദായകവുംകൂടിയാണ്. (യോഹന്നാൻ 15:8) താത്കാലികമായി നിഷേധാത്മക ചിന്തകൾ നിങ്ങളെ പിടികൂടിയാൽ നിങ്ങളുടെ ലക്ഷ്യം മനസ്സിൽ പിടിച്ചുകൊണ്ടും മുന്നോട്ടു നോക്കിക്കൊണ്ടും അവയെ നിങ്ങൾക്കു മറികടക്കാവുന്നതാണ്. വിവാഹിതയല്ലാത്ത ഒരു മിഷനറി സഹോദരി പറഞ്ഞത് ഇതാണ്: “എന്നെ ദുഃഖം പിടികൂടുമ്പോൾ ഞാൻ പുതിയ ലോകത്തെയും അതിൽ സകല മനുഷ്യവർഗവും എങ്ങനെയാണ് ഒററ കുടുംബമായിരിക്കുക എന്നതിനെയും സംബന്ധിച്ചു ചിന്തിക്കാൻ ശ്രമിക്കുന്നു.” ഇതുപോലുള്ള സുഖജനകമായ ചിന്തകൾക്ക് നിങ്ങളുടെ സന്തോഷത്തെ നിലനിർത്താനും ഗൃഹവിരഹദുഃഖത്തിനു വഴിപ്പെടാതിരിക്കാനും നിങ്ങളെ സഹായിക്കാനാവും.
[29-ാം പേജിലെ ചിത്രം]
ഗൃഹവിരഹദുഃഖം ക്രിസ്തീയ ശുശ്രൂഷയ്ക്കു വിഘാതമാകണമെന്നില്ല