ന്യായാസനത്തിനു മുമ്പാകെ നിങ്ങൾ എങ്ങനെ നിൽക്കും?
“മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും.”—മത്തായി 25:31.
1-3. നീതി സംബന്ധിച്ചു ശുഭാപ്തിവിശ്വാസമുള്ളവരായിരിക്കാൻ നമുക്ക് എന്തു കാരണമുണ്ട്?
‘കുറ്റക്കാരനോ നിരപരാധിയോ?’ ഏതെങ്കിലും കോടതിക്കേസിനെപ്പറ്റിയുള്ള റിപ്പോർട്ടുകൾ കേൾക്കുമ്പോൾ അനേകരും അതേക്കുറിച്ചറിയാൻ ജിജ്ഞാസുക്കളാണ്. ന്യായാധിപന്മാരും ജൂറി അംഗങ്ങളും സത്യസന്ധരായിരിക്കാൻ ശ്രമിച്ചെന്നുവരാം, എന്നാൽ മിക്കപ്പോഴും നീതി നടപ്പിലാകുന്നുണ്ടോ? ന്യായവിസ്താര നടപടിയിലുള്ള അനീതിയെയും അന്യായത്തെയും കുറിച്ചു നിങ്ങൾ കേട്ടിട്ടില്ലേ? അത്തരം അനീതി പുത്തരിയല്ലെന്നു ലൂക്കൊസ് 18:1-8-ലുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്നു നമുക്കു കാണാവുന്നതാണ്.
2 മനുഷ്യനീതിയുമായി നിങ്ങളുടെ അനുഭവം എന്തുതന്നെയായിരുന്നാലും യേശു ഉപസംഹരിച്ചിരിക്കുന്നത് എങ്ങനെയെന്നു ശ്രദ്ധിക്കുക: “ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ . . . പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ? വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?”
3 ഉവ്വ്, തന്റെ ദാസന്മാർക്ക് ഒടുവിൽ നീതി ലഭിക്കുന്നുവെന്നു യഹോവ ഉറപ്പുവരുത്തും. യേശുവും അതിൽ ഉൾപ്പെട്ടിരിക്കുന്നു, കാരണം പ്രത്യേകിച്ചും ഇപ്പോൾ നാം ഈ ദുഷ്ടവ്യവസ്ഥിതിയുടെ “അന്ത്യകാല”ത്താണു ജീവിക്കുന്നത്. ഭൂമിയിൽനിന്നു ദുഷ്ടത തുടച്ചുനീക്കാൻ യഹോവ പെട്ടെന്നുതന്നെ തന്റെ ശക്തനായ പുത്രനെ ഉപയോഗിക്കും. (2 തിമൊഥെയൊസ് 3:1; 2 തെസ്സലൊനീക്യർ 1:7, 8; വെളിപ്പാടു 19:11-16) യേശു നൽകിയ അവസാന ഉപമകളിലൊന്നായ, മിക്കപ്പോഴും ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമയെന്നു പറയപ്പെടുന്നതിൽനിന്നു നമുക്ക് യേശുവിന്റെ പങ്കു സംബന്ധിച്ച് ഉൾക്കാഴ്ച നേടാൻ കഴിയും.
4. ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമയുടെ കാലയളവിനെക്കുറിച്ചു നാം എങ്ങനെയാണു മനസ്സിലാക്കിയിരുന്നത്, എന്നാൽ ഇപ്പോൾ നാം ആ ഉപമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്തുകൊണ്ട്? (സദൃശവാക്യങ്ങൾ 4:18)
4 യേശു 1914-ൽ രാജാവായി സിംഹാസനസ്ഥനാകുന്നതും അന്നുമുതൽ ന്യായവിധികൾ—ചെമ്മരിയാടു തുല്യരെന്നു തെളിയിക്കുന്നവർക്കു നിത്യജീവനും കോലാടു തുല്യരെന്നു തെളിയിക്കുന്നവർക്കു ശാശ്വതമരണവും വിധിച്ചുകൊണ്ട്—നടപ്പാക്കുന്നതുമായാണ് ഈ ഉപമയെക്കുറിച്ചു നാം ദീർഘകാലമായി മനസ്സിലാക്കിയിരുന്നത്. എന്നാൽ ഈ ഉപമയെക്കുറിച്ചുള്ള പുനഃവിചിന്തനം അതിന്റെ കാലയളവിനെയും അത് എന്താണു ചിത്രീകരിക്കുന്നത് എന്നതിനെയും കുറിച്ചു പരിഷ്കരിച്ച ഗ്രാഹ്യത്തിലേക്കു വിരൽ ചൂണ്ടുന്നു. ഈ പരിഷ്കരണം നമ്മുടെ പ്രസംഗവേലയുടെ പ്രാധാന്യത്തെയും ആളുകളുടെ പ്രതികരണത്തിന്റെ അർഥത്തെയും അധികം ബലിഷ്ഠമാക്കുന്നു. ഉപമയെക്കുറിച്ചുള്ള ആഴമായ ഈ ഗ്രാഹ്യത്തിന്റെ അടിസ്ഥാനം കണ്ടെത്തുന്നതിന്, രാജാക്കന്മാരും ന്യായാധിപന്മാരുമെന്ന നിലയിൽ യഹോവയെയും യേശുവിനെയും കുറിച്ചു ബൈബിൾ എന്താണു പ്രകടമാക്കുന്നതെന്നു നമുക്കു പരിചിന്തിക്കാം.
യഹോവ പരമോന്നത ന്യായാധിപതി
5, 6. യഹോവയെ രാജാവും ന്യായാധിപതിയുമായി കാണുന്നത് ഉചിതമായിരിക്കുന്നതെന്തുകൊണ്ട്?
5 സകലത്തിന്മേലും അധികാരം പ്രയോഗിച്ചുകൊണ്ടു യഹോവ അഖിലാണ്ഡത്തെ ഭരിക്കുന്നു. ആരംഭവും അവസാനവുമില്ലാത്ത അവൻ “നിത്യതയുടെ രാജാവാ”ണ്. (1 തിമൊഥെയൊസ് 1:17; സങ്കീർത്തനം 90:2, 4; വെളിപാട് 15:3, NW) ചട്ടങ്ങളോ നിയമങ്ങളോ ഉണ്ടാക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും അവന് അധികാരമുണ്ട്. എന്നാൽ ഒരു ന്യായാധിപതിയായിരിക്കുക എന്നത് അവന്റെ അധികാരത്തിലുൾപ്പെടുന്നു. “യഹോവ നമ്മുടെ ന്യായാധിപൻ; യഹോവ നമ്മുടെ ന്യായദാതാവു; യഹോവ നമ്മുടെ രാജാവു; അവൻ നമ്മെ രക്ഷിക്കും” എന്നു യെശയ്യാവു 33:22 പറയുന്നു.
6 വ്യവഹാരങ്ങളുടെയും വിവാദങ്ങളുടെയും ന്യായാധിപതിയായി യഹോവയെ ദൈവജനം പണ്ടുമുതലേ അംഗീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, “സർവ്വഭൂമിക്കും ന്യായാധിപതിയായവൻ” സോദോമിലെയും ഗൊമോറയിലെയും ദുഷ്ടതയുടെ തെളിവുകൾ അളന്നുതൂക്കിയശേഷം അതിലെ നിവാസികൾ നാശയോഗ്യരാണെന്നു വിധിക്കുകയും നീതിയുള്ള ന്യായവിധി നടപ്പാക്കുകയും ചെയ്തു. (ഉല്പത്തി 18:20-33; ഇയ്യോബ് 34:10-12) യഹോവ തന്റെ വിധികൾ എല്ലായ്പോഴും നടപ്പിലാക്കാൻ കഴിയുന്ന നീതിയുള്ള ന്യായാധിപതിയാണെന്ന അറിവ് നമുക്കെത്രമാത്രം ഉറപ്പേകണം!
7. ഇസ്രായേല്യരുമായുള്ള ഇടപെടലിൽ യഹോവ ന്യായാധിപതിയെന്ന നിലയിൽ എങ്ങനെയാണു പ്രവർത്തിച്ചത്?
7 പുരാതന ഇസ്രായേലിൽ യഹോവ ചിലപ്പോഴൊക്കെ നേരിട്ടു ന്യായവിധി നടപ്പാക്കി. ഒരു പൂർണ ന്യായാധിപൻ കാര്യാദികൾക്കു തീരുമാനമുണ്ടാക്കുകയായിരുന്നുവെന്ന അറിവ് അന്നു നിങ്ങളെ സാന്ത്വനപ്പെടുത്തുമായിരുന്നില്ലേ? (ലേവ്യപുസ്തകം 24:10-16; സംഖ്യാപുസ്തകം 15:32-36; 27:1-11) ന്യായവിധിക്കുള്ള മാനദണ്ഡമായി ‘നീതിന്യായ തീർപ്പുക’ളും ദൈവം പ്രദാനംചെയ്തു. (ലേവ്യപുസ്തകം 25:18, 19, NW; നെഹെമ്യാവു 9:13; സങ്കീർത്തനം 19:9, 10; 119:7, 75, 164; 147:19, 20) അവൻ “സർവ്വഭൂമിക്കും ന്യായാധിപതി”യായതിനാൽ നാമെല്ലാവരും അതിൽ ഉൾപ്പെടുന്നു.—എബ്രായർ 12:23.
8. പ്രസക്തമായ എന്തു ദർശനമാണു ദാനിയേലിന് ഉണ്ടായത്?
8 ഈ വസ്തുത സംബന്ധിച്ചുള്ള ഒരു “ദൃക്സാക്ഷി” വിവരണം നമുക്കുണ്ട്. ഗവൺമെന്റുകളെ അഥവാ സാമ്രാജ്യങ്ങളെ ചിത്രീകരിക്കുന്ന ഭീകര മൃഗങ്ങളെപ്പറ്റി പ്രവാചകനായ ദാനിയേലിന് ഒരു ദർശനം നൽകപ്പെട്ടു. (ദാനീയേൽ 7:1-8, 17) അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്ത”തായിരുന്നു. (ദാനീയേൽ 7:9) ദാനിയേൽ സിംഹാസനങ്ങളും “വയോധികനായ ഒരുത്തൻ [യഹോവ] ഇരുന്ന”തും കണ്ടുവെന്നതു ശ്രദ്ധിക്കുക. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) നിങ്ങൾ സ്വയം ചോദിക്കുക, ‘ദൈവം രാജാവാകുന്നതിനാണോ ദാനിയേൽ ഇവിടെ സാക്ഷ്യം വഹിച്ചത്?’
9. ഒരു സിംഹാസനത്തിൽ ‘ഇരിക്കുന്നു’ എന്നതിന്റെ ഒരർഥമെന്ത്? ഉദാഹരണങ്ങൾ നൽകുക.
9 കൊള്ളാം, ഒരുവൻ ഒരു സിംഹാസനത്തിൽ “ഇരുന്നു” എന്നു നാം വായിക്കുമ്പോൾ അവൻ രാജാവാകുന്നതായി നാം ചിന്തിച്ചേക്കാം, കാരണം ബൈബിൾ ചിലപ്പോഴൊക്കെ അത്തരം ഭാഷ പ്രയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന്, “[സിമ്രി] രാജാവായി സിംഹാസനത്തിൽ ഇരുന്ന ഉടനെ . . . ” (1 രാജാക്കന്മാർ 16:11; 2 രാജാക്കന്മാർ 10:30; 15:12; യിരെമ്യാവു 33:17) “അവൻ . . . സിംഹാസനത്തിൽ ഇരുന്നു വാഴും” എന്ന് ഒരു മിശിഹൈക പ്രവചനം പറഞ്ഞു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) തന്മൂലം, ‘സിംഹാസനത്തിൽ ഇരിക്കുന്നു’ എന്നതു രാജാവായിത്തീരുന്നതിനെ അർഥമാക്കാം. (സെഖര്യാവു 6:12, 13) സിംഹാസനത്തിലിരിക്കുന്ന ഒരു രാജാവായിട്ടാണു യഹോവയെ വർണിച്ചിരിക്കുന്നത്. (1 രാജാക്കന്മാർ 22:19; യെശയ്യാവു 6:1; വെളിപ്പാടു 4:1-3) അവൻ “നിത്യതയുടെ രാജാവാ”ണ്. എങ്കിലും, പരമാധികാരത്തിന്റെ പുതിയ വശം ഉറപ്പാക്കിയതുകൊണ്ട് അവൻ രാജാവ് ആയിത്തീർന്നു എന്ന്, തന്റെ സിംഹാസനത്തിൽ പുതുതായി ഇരിക്കുന്നുവെന്നപോലെ, പറയാൻ കഴിയും.—1 ദിനവൃത്താന്തം 16:1, 31; യെശയ്യാവു 52:7; വെളിപ്പാടു 11:15-17; 15:3, NW; 19:1, 2, 6.
10. ഇസ്രായേല്യ രാജാക്കന്മാരുടെ ഒരു പ്രധാന ധർമമെന്തായിരുന്നു? ദൃഷ്ടാന്തീകരിക്കുക.
10 എന്നാൽ ഒരു മുഖ്യ ആശയമിതാ: പുരാതന രാജാക്കന്മാരുടെ ഒരു മുഖ്യ ധർമം വ്യവഹാരങ്ങൾ കേട്ടു ന്യായവിധി കൽപ്പിക്കലായിരുന്നു. (സദൃശവാക്യങ്ങൾ 20:8; 29:14) ഒരു കുട്ടിക്കുവേണ്ടി രണ്ടു സ്ത്രീകൾ അവകാശമുന്നയിച്ചപ്പോൾ ശലോമോൻ നടത്തിയ ജ്ഞാനപൂർവകമായ ന്യായവിധിയെപ്പറ്റി അനുസ്മരിക്കുക. (1 രാജാക്കന്മാർ 3:16-28; 2 ദിനവൃത്താന്തം 9:8) അവന്റെ ഭരണനിർവഹണത്തിനുള്ള കെട്ടിടങ്ങളിലൊന്നു ‘ന്യായം വിധിക്കേണ്ടതിനുള്ള ആസ്ഥാനമണ്ഡപ’മായിരുന്നു, അതിനെ ‘സിംഹാസനമണ്ഡപം’ എന്നും വിളിച്ചിരുന്നു. (1 രാജാക്കന്മാർ 7:7) ‘ന്യായാസനങ്ങൾ . . . ഇരിക്കുന്ന’ സ്ഥലമായി യെരുശലേമിനെ വർണിച്ചിരുന്നു. (സങ്കീർത്തനം 122:5) ‘സിംഹാസനത്തിൽ ഇരിക്കുന്നതു’ ന്യായാധികാരം നിർവഹിക്കുന്നതിനെയും അർഥമാക്കാമെന്നു വ്യക്തമാണ്.—പുറപ്പാടു 18:13; സദൃശവാക്യങ്ങൾ 20:8.
11, 12. (എ) യഹോവ ഇരിക്കുന്നതായി ദാനീയേൽ 7-ാം അധ്യായത്തിൽ സൂചിപ്പിച്ചിരിക്കുന്നതിന്റെ അർഥമെന്ത്? (ബി) യഹോവ ന്യായംവിധിക്കാൻ ഇരിക്കുന്നുവെന്നു മറ്റു വാക്യങ്ങൾ കാണിക്കുന്നതെങ്ങനെ?
11 ‘വയോധികൻ ഇരുന്ന’തായി ദാനിയേൽ കണ്ട രംഗത്തേക്ക് ഇപ്പോൾ നമുക്കു മടങ്ങിച്ചെല്ലാം. “ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു” എന്നു ദാനീയേൽ 7:10 കൂട്ടിച്ചേർക്കുന്നു. അതേ, ലോകാധിപത്യത്തെ ന്യായംവിധിക്കുന്നതിനും ഭരിക്കുന്നതിനു മനുഷ്യപുത്രനെ യോഗ്യനെന്നു വിധിക്കുന്നതിനുമാണു വയോധികൻ ഇരുന്നത്. (ദാനീയേൽ 7:13, 14) ‘വയോധികനായവൻ വന്നു അത്യുന്നതനായവന്റെ വിശുദ്ധന്മാർക്ക് [മനുഷ്യപുത്രനോടൊപ്പം ഭരിക്കുന്നതിനു യോഗ്യരായി ന്യായംവിധിക്കപ്പെട്ടവർക്ക്] ന്യായാധിപത്യം നൽകി’യതായി നാം പിന്നീടു വായിക്കുന്നു. (ദാനീയേൽ 7:21) ഒടുവിൽ “ന്യായവിസ്താരസഭ ഇരുന്നുകൊണ്ടു” ഒടുവിലത്തെ ലോകശക്തിയുടെമേൽ പ്രതികൂലമായി ന്യായംവിധിക്കാൻ തുടങ്ങി.—ദാനീയേൽ 7:26a
12 തദനുസരണം, ദൈവം ‘സിംഹാസനത്തിൽ ഇരുന്ന’തായി ദാനിയേൽ കാണുന്നത് അവൻ ന്യായംവിധിക്കാൻ വരുന്നതിനെയാണ് അർഥമാക്കുന്നത്. മുമ്പു ദാവീദ് പാടി: “നീ [യഹോവ] എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു; നീ നീതിയോടെ വിധിച്ചുകൊണ്ടു സിംഹാസനത്തിൽ ഇരിക്കുന്നു.” (സങ്കീർത്തനം 9:4, 5) കൂടാതെ യോവേൽ ഇങ്ങനെ എഴുതി: “ജാതികൾ ഉണർന്നു യഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാൻ [യഹോവ] ചുറ്റുമുള്ള സകലജാതികളെയും ന്യായം വിധിക്കേണ്ടതിന്നു ഇരിക്കും.” (യോവേൽ 3:12; യെശയ്യാവു 16:5 താരതമ്യം ചെയ്യുക.) യേശുവും പൗലോസും ഒരു മനുഷ്യൻ ഇരുന്നു വിചാരണകേട്ടു ന്യായംവിധിക്കുന്ന സാഹചര്യത്തിലായിരുന്നിട്ടുണ്ട്.b—യോഹന്നാൻ 19:12-16; പ്രവൃത്തികൾ 23:3; 25:6.
യേശുവിന്റെ സ്ഥാനം
13, 14. (എ) യേശു രാജാവാകുമെന്നതിൽ ദൈവജനത്തിന് എന്ത് ഉറപ്പാണുണ്ടായിരുന്നത്? (ബി) യേശു തന്റെ സിംഹാസനത്തിൽ എന്നാണ് ഇരുന്നത്, പൊ.യു. 33 മുതൽ എന്തർഥത്തിലാണ് അവൻ വാഴ്ച തുടങ്ങിയത്?
13 യഹോവ രാജാവും ന്യായാധിപതിയുമാണ്. യേശുവോ? അവന്റെ ജനനം വിളിച്ചറിയിച്ച ദൂതൻ ഇങ്ങനെ പറഞ്ഞു: “കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും. . . . അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല.” (ലൂക്കൊസ് 1:32, 33) യേശു ദാവീദിക രാജത്വത്തിന്റെ നിത്യാവകാശി ആയിരിക്കും. (2 ശമൂവേൽ 7:12-16) അവൻ സ്വർഗത്തിൽനിന്നു ഭരിക്കും. കാരണം, “യഹോവ എന്റെ കർത്താവിനോടു [യേശു] അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക. നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക” എന്നു ദാവീദ് പറഞ്ഞു.—സങ്കീർത്തനം 110:1-4.
14 അതെന്നായിരിക്കും? മനുഷ്യനായിരുന്നപ്പോൾ യേശു രാജാവായി വാണില്ല. (യോഹന്നാൻ 10:33-37) പൊ.യു. (പൊതുയുഗം) 33-ൽ അവൻ മരിച്ച്, ഉയിർത്തെഴുന്നേറ്റ്, സ്വർഗാരോഹണം ചെയ്തു. “യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു” എന്ന് എബ്രായർ 10:12 പറയുന്നു. യേശുവിന് എന്തധികാരമാണ് ഉണ്ടായിരുന്നത്? “[ദൈവം] അവനെ സ്വർഗ്ഗത്തിൽ തന്റെ വലത്തുഭാഗത്തു എല്ലാ വാഴ്ചെക്കും അധികാരത്തിന്നും . . . അത്യന്തം മീതെ ഇരുത്തുകയും . . . അവനെ സർവത്തിന്നും മീതെ തലയാ”ക്കുകയും ചെയ്തു. (എഫെസ്യർ 1:20-22) യേശുവിന് അന്നു ക്രിസ്ത്യാനികളുടെമേൽ രാജകീയ അധികാരമുണ്ടായിരുന്നതിനാൽ യഹോവ “നമ്മെ ഇരുട്ടിന്റെ അധികാരത്തിൽനിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കി” എന്നു പൗലോസിന് എഴുതാൻ കഴിഞ്ഞു.—കൊലൊസ്സ്യർ 1:13; 3:1.
15, 16. (എ) പൊ.യു. 33-ൽ യേശു ദൈവരാജ്യത്തിന്റെ രാജാവായില്ലെന്നു നമ്മൾ പറയുന്നതെന്തുകൊണ്ട്? (ബി) യേശു ദൈവരാജ്യത്തിൽ വാഴ്ച തുടങ്ങിയതെന്ന്?
15 എന്നിരുന്നാലും, യേശു ആ സമയത്തു രാജാവും ന്യായാധിപതിയുമായി ജാതികളുടെമേൽ വാണിരുന്നില്ല. ദൈവരാജ്യത്തിന്റെ രാജാവായി വാഴാനുള്ള സമയത്തിനായി അവൻ ദൈവത്തിന്റെ അടുത്ത് കാത്തിരുന്നു. ‘“ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?’ എന്നു പൗലോസിന് യേശുവിനെപ്പറ്റി എഴുതാൻ കഴിഞ്ഞു.—എബ്രായർ 1:13.
16 ദൈവരാജ്യത്തിന്റെ രാജാവായി 1914-ൽ യേശു അദൃശ്യ സ്വർഗങ്ങളിൽ വാഴാൻ തുടങ്ങിയതോടെ കാത്തിരിപ്പിൻ കാലം അവസാനിച്ചുവെന്നതിനു ധാരാളം തെളിവുകൾ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നേക്കും വാഴും” എന്നു വെളിപ്പാടു 11:15, 18 പറയുന്നു. “ജാതികൾ കോപിച്ചു: നിന്റെ കോപവും വന്നു.” അതേ, ഒന്നാം ലോകമഹായുദ്ധകാലത്തു രാജ്യങ്ങൾ പരസ്പരം ക്രോധം പ്രകടിപ്പിച്ചു. (ലൂക്കൊസ് 21:24) നാം 1914 മുതൽ കണ്ടുവരുന്ന യുദ്ധങ്ങളും ഭൂകമ്പങ്ങളും മഹാമാരിയും ഭക്ഷ്യക്ഷാമവും അതുപോലുള്ള മറ്റു സംഗതികളും യേശു ഇപ്പോൾ ദൈവരാജ്യത്തിൽ വാഴുകയാണെന്നതിനും ലോകത്തിന്റെ അന്തിമ നാശം സമീപിക്കുകയാണെന്നതിനുമുള്ള സ്ഥിരീകരണമാണ്.—മത്തായി 24:3-14.
17. ഇതിനോടകം നാം എന്തെല്ലാം മുഖ്യ ആശയങ്ങളാണു സ്ഥാപിച്ചത്?
17 ഒരു ഹ്രസ്വ പുനരവലോകനം: ദൈവത്തെക്കുറിച്ച് അവൻ രാജാവായി സിംഹാസനസ്ഥനായിരിക്കുന്നുവെന്നു പറയാവുന്നതാണ്, എന്നാൽ മറ്റൊരർഥത്തിൽ, ന്യായംവിധിക്കുന്നതിനു സിംഹാസനസ്ഥനാകാൻ അവനു കഴിയും. പൊ.യു. 33-ൽ യേശു ദൈവത്തിന്റെ വലത്തു ഭാഗത്തിരുന്നു, ഇപ്പോൾ അവൻ രാജ്യത്തിന്റെ രാജാവാണ്. എന്നാൽ ഇപ്പോൾ രാജാവായി ഭരിക്കുന്ന യേശു ന്യായാധിപതിയായും സേവനമനുഷ്ഠിക്കുന്നുണ്ടോ? ഇതു നമ്മിൽ, പ്രത്യേകിച്ചും ഇപ്പോൾ, എന്തിനു താത്പര്യമുണർത്തണം?
18. യേശു ന്യായാധിപതിയായും വാഴുമെന്നതിന് എന്തു തെളിവാണുള്ളത്?
18 ന്യായാധിപതികളെ നിയോഗിക്കാൻ അധികാരമുള്ള യഹോവ യേശുവിനെ തന്റെ നിലവാരങ്ങൾക്കു നിരക്കുന്നവനായി തിരഞ്ഞെടുത്തു. ആളുകൾ ആത്മീയമായി ജീവിക്കുന്നവരായിത്തീരുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ യേശു അതു പ്രകടമാക്കി: “പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു.” (യോഹന്നാൻ 5:22) എങ്കിലും, ന്യായവിധി നടപ്പാക്കുന്നതിനുള്ള യേശുവിന്റെ പങ്ക് അത്തരം ന്യായംവിധിക്കലിനുമപ്പുറം പോകുന്നു, കാരണം അവൻ ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ന്യായാധിപതിയാണ്. (പ്രവൃത്തികൾ 10:42; 2 തിമൊഥെയൊസ് 4:1) “താൻ നിയമിച്ച പുരുഷൻ[യേശു]മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ [ദൈവം] ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.”—പ്രവൃത്തികൾ 17:31; സങ്കീർത്തനം 72:2-7.
19. യേശു ന്യായാധിപതിയായി ഇരിക്കുന്നുവെന്നു പറയുന്നതു ശരിയായിരിക്കുന്നതെന്തുകൊണ്ട്?
19 അങ്ങനെ, യേശു ന്യായാധിപതിയുടെ സ്ഥാനമലങ്കരിച്ചുകൊണ്ട് ഒരു മഹനീയ സിംഹാസനത്തിൽ ആസനസ്ഥനായിരിക്കുന്നുവെന്നു നിഗമനം ചെയ്യാൻ നമുക്കു ന്യായമുണ്ടോ? ഉവ്വ്. “എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ [“പുനഃസൃഷ്ടി,” NW] മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും” എന്ന് യേശു അപ്പോസ്തലന്മാരോടു പറഞ്ഞു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (മത്തായി 19:28) യേശു ഇപ്പോൾ രാജ്യത്തിന്റെ രാജാവാണെന്നുവരികിലും മത്തായി 19:28-ൽ സൂചിപ്പിച്ചിരിക്കുന്ന അവന്റെ കൂടുതലായ പ്രവർത്തനത്തിൽ സഹസ്രാബ്ദ വാഴ്ചക്കാലത്തു ന്യായംവിധിക്കുന്നതിനു സിംഹാസനസ്ഥനാകുന്നതും ഉൾപ്പെടും. അന്ന് അവൻ മനുഷ്യവർഗത്തെ മുഴുവൻ, നീതിമാൻമാരെയും നീതികെട്ടവരെയും, ന്യായംവിധിക്കും. (പ്രവൃത്തികൾ 24:15) നമ്മുടെ കാലത്തെയും നമ്മുടെ ജീവനെയും സംബന്ധിച്ചു വിവരിക്കുന്ന യേശുവിന്റെ ഉപമകളിലൊന്നിലേക്കു നമ്മുടെ ശ്രദ്ധ തിരിക്കുമ്പോൾ ഇതു മനസ്സിൽ പിടിക്കുന്നതു സഹായകമായിരിക്കും.
ഉപമ എന്താണു പറയുന്നത്?
20, 21. നമ്മുടെ സമയത്തോടു ബന്ധപ്പെട്ട എന്തു ചോദ്യമാണ് യേശുവിന്റെ അപ്പോസ്തലന്മാർ ചോദിച്ചത്, അത് എന്തു ചോദ്യത്തിലേക്കു നയിക്കുന്നു?
20 “ഇതെല്ലാം എപ്പോൾ സംഭവിക്കും, നിന്റെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം എന്തായിരിക്കും?” എന്ന് യേശു മരിക്കുന്നതിനു തൊട്ടുമുമ്പ് അവന്റെ അപ്പോസ്തലന്മാർ അവനോടു ചോദിച്ചു. (മത്തായി 24:3, NW) ‘അവസാനം വരുന്നതിനു മുമ്പ്’ ഭൂമിയിൽ സംഭവിക്കാൻ പോകുന്ന ശ്രദ്ധേയമായ സംഭവവികാസങ്ങളെപ്പറ്റി യേശു മുൻകൂട്ടിപ്പറഞ്ഞു. ആ അന്ത്യത്തിനു തൊട്ടുമുമ്പു “മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു” ജാതികൾ കാണും.—മത്തായി 24:14, 29, 30.
21 എങ്കിലും, മനുഷ്യപുത്രൻ തന്റെ തേജസ്സിൽ വന്നെത്തുമ്പോൾ ആ ജാതികളിലുള്ള ജനങ്ങൾ എങ്ങനെ വർത്തിക്കും? നമുക്ക് ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമയിൽനിന്ന് അതു കണ്ടുപിടിക്കാം. അത് ഇങ്ങനെ തുടങ്ങുന്നു: “മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും. സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും.”—മത്തായി 25:31, 32.
22, 23. ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമയുടെ നിവൃത്തി 1914-ൽ തുടങ്ങിയില്ലെന്നു കാണിക്കുന്ന ആശയങ്ങൾ ഏത്?
22 നാം നേരത്തെ മനസ്സിലാക്കിയിരുന്നവണ്ണം ഈ ഉപമ 1914-ൽ യേശു തന്റെ രാജകീയ അധികാരത്തിൽ ഇരുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവോ? കൊള്ളാം, മത്തായി 25:34 യേശുവിനെ രാജാവെന്നു വിളിക്കുന്നുണ്ട്. തന്മൂലം 1914-ൽ യേശു രാജാവായതുമുതൽ ഈ ഉപമ ബാധകമായിരിക്കുന്നതു യുക്തിസഹമാണ്. അതേത്തുടർന്നു പെട്ടെന്ന് അവൻ ഏതു ന്യായവിധിയാണു നടപ്പാക്കിയത്? അതു “സകല ജാതിക”ളുടെയും ന്യായവിധിയായിരുന്നില്ല. മറിച്ച്, അവൻ “ദൈവഗൃഹ”മെന്ന് അവകാശപ്പെട്ടവരുടെ ഇടയിൽ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (1 പത്രൊസ് 4:17) മലാഖി 3:1-3-നു ചേർച്ചയിൽ യഹോവയുടെ സന്ദേശവാഹകനെന്ന നിലയിൽ യേശു ഭൂമിയിൽ അവശേഷിച്ചിരുന്ന അഭിഷിക്ത ക്രിസ്ത്യാനികളെ നീതിന്യായപരമായി പരിശോധിച്ചു. അതു “ദൈവഗൃഹ”മെന്നു വ്യാജരൂപേണ അവകാശപ്പെട്ട ക്രൈസ്തവലോകത്തിന്മേൽ ന്യായവിധി നടപ്പാക്കുന്നതിനുള്ള സമയവുമായിരുന്നു.c (വെളിപ്പാടു 17:1, 2; 18:4-8) എങ്കിലും അന്നോ അന്നു മുതലോ സകല ജാതികളെയും ഒടുവിൽ ചെമ്മരിയാടുകളോ കോലാടുകളോ ആയി ന്യായംവിധിക്കാൻ യേശു ഇരുന്നതായി യാതൊന്നും സൂചിപ്പിക്കുന്നില്ല.
23 ആ ഉപമയിൽ യേശുവിന്റെ പ്രവർത്തനത്തെപ്പറ്റി നാം വിശകലനം ചെയ്യുന്നപക്ഷം അവൻ ഒടുവിൽ സകല ജാതികളെയും ന്യായംവിധിക്കുന്നതായി നാം നിരീക്ഷിക്കുന്നു. ഇക്കഴിഞ്ഞ ദശകങ്ങളിലെല്ലാമായി മരിച്ചുപോയ വ്യക്തികൾ ശാശ്വതനാശത്തിനോ നിത്യജീവനോ യോഗ്യരായി ന്യായംവിധിക്കപ്പെട്ടിരിക്കത്തക്കവണ്ണം അത്തരം ന്യായവിധിക്ക് അനേക വർഷങ്ങളുടെ ദൈർഘ്യമുള്ളതായി ആ ഉപമ കാണിക്കുന്നില്ല. സമീപ ദശകങ്ങളിൽ മരിച്ചവരിൽ ഭൂരിപക്ഷവും മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴിയിലേക്കു പോയതായി തോന്നുന്നു. (വെളിപ്പാടു 6:8; 20:13) എന്നുവരികിലും, അന്നു ജീവിച്ചിരിക്കുന്ന, തന്റെ ന്യായവിധിയെ അഭിമുഖീകരിക്കുന്ന, “സകല ജാതിക”ളെയും യേശു ന്യായംവിധിക്കുന്ന സമയത്തെപ്പറ്റി ഉപമ സൂചിപ്പിക്കുന്നുണ്ട്.
24. ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമ എപ്പോൾ നിവൃത്തിയേറും?
24 മറ്റുവാക്കുകളിൽ പറഞ്ഞാൽ മനുഷ്യപുത്രൻ തന്റെ തേജസ്സിൽ വരുന്ന ഭാവി സമയത്തെയാണ് ഉപമ ചൂണ്ടിക്കാട്ടുന്നത്. അന്നു ജീവിച്ചിരിക്കുന്നവരെ ന്യായംവിധിക്കാനായി അവൻ ഇരിക്കും. തങ്ങൾ എന്താണെന്ന് അവർ സ്വയം പ്രകടമാക്കിയിരിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും അവന്റെ ന്യായവിധി. അന്ന് “ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം” വ്യക്തമായി സ്ഥാപിച്ചു കഴിഞ്ഞിരിക്കും. (മലാഖി 3:18) ഒരു പരിമിതമായ സമയത്തിനുള്ളിൽ യഥാർഥ ന്യായവിധി കൽപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതാണ്. വ്യക്തികളെക്കുറിച്ചു വ്യക്തമായിത്തീർന്നിരിക്കുന്ന സംഗതികളുടെ അടിസ്ഥാനത്തിൽ യേശു നീതിപൂർവകമായ തീരുമാനങ്ങൾ എടുക്കും.—2 കൊരിന്ത്യർ 5:10 കൂടെ കാണുക.
25. മനുഷ്യപുത്രൻ തേജസ്സുള്ള സിംഹാസനത്തിലിരിക്കുമെന്നു പറയുമ്പോൾ മത്തായി 25:31 എന്താണു സൂചിപ്പിക്കുന്നത്?
25 അങ്ങനെ യേശു ന്യായവിധിക്കായി “തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കു”ന്നതായി സൂചിപ്പിക്കുന്ന മത്തായി 25:31, ശക്തനായ ഈ രാജാവു ജാതികളുടെമേൽ ന്യായവിധി പ്രഖ്യാപിച്ചു നടപ്പാക്കുന്ന ഒരു ഭാവി കാലത്തെ അർഥമാക്കുന്നു. അതേ, മത്തായി 25:31-33, 46-ൽ കൊടുത്തിരിക്കുന്ന യേശു ഉൾപ്പെടുന്ന ന്യായവിധിയുടെ രംഗം, വാഴ്ച നടത്തുന്ന രാജാവായ വയോധികൻ ന്യായാധിപനെന്ന തന്റെ ധർമം നിർവഹിക്കാനായി ഇരിക്കുന്ന ദാനീയേൽ 7-ലെ രംഗവുമായി താരതമ്യപ്പെടുത്താവുന്നതാണ്.
26. ആ ഉപമയെപ്പറ്റി പുതിയ എന്തു വിശദീകരണമാണു വ്യക്തമായിരിക്കുന്നത്?
26 ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുള്ള ഉപമയുടെ ഈ രീതിയിലുള്ള ഗ്രാഹ്യം ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ന്യായവിധി നടത്തപ്പെടുന്നതു ഭാവിയിലായിരിക്കുമെന്നു സൂചിപ്പിക്കുന്നു. അത്, മത്തായി 24:29, 30-ൽ [NW] സൂചിപ്പിച്ചിരിക്കുന്ന “മഹോപദ്രവം” പൊട്ടിപ്പുറപ്പെടുകയും മനുഷ്യപുത്രൻ ‘തേജസ്സോടുകൂടെ വരുക’യും ചെയ്തശേഷം സംഭവിക്കും. (മർക്കൊസ് 13:24-26 താരതമ്യം ചെയ്യുക.) പിന്നീട്, മുഴു ദുഷ്ടവ്യവസ്ഥിതിയുടെയും അന്ത്യത്തിൽ യേശു ന്യായവിസ്താരസഭ വിളിച്ചുകൂട്ടുകയും ന്യായവിധി കൽപ്പിക്കുകയും നിർവഹിക്കുകയും ചെയ്യും.—യോഹന്നാൻ 5:30; 2 തെസ്സലൊനീക്യർ 1:7-10.
27. യേശുവിന്റെ അവസാനത്തെ ഉപമയെപ്പറ്റി എന്തറിയാൻ നാം തത്പരരായിരിക്കണം?
27 ചെമ്മരിയാടുകളും കോലാടുകളും ന്യായംവിധിക്കപ്പെടുന്നതു പ്രകടമാക്കുന്ന ഉപമയുടെ സമയത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തെ ഇതു വ്യക്തമാക്കുന്നു. എന്നാൽ തീക്ഷ്ണതയോടെ രാജ്യസുവാർത്ത പ്രസംഗിക്കുന്ന നമ്മെ ഇത് എങ്ങനെ ബാധിക്കുന്നു? (മത്തായി 24:14) ഇതു നമ്മുടെ വേലയെ പ്രാധാന്യം കുറഞ്ഞതാക്കിത്തീർക്കുന്നുണ്ടോ, അതോ ഉത്തരവാദിത്വത്തിന്റെ ഒരു വലിയ ഭാരം ഇതു നമ്മുടെമേൽ കൊണ്ടുവരുന്നുണ്ടോ? നമ്മെ ഇത് എങ്ങനെ ബാധിക്കുന്നുവെന്ന് അടുത്ത ലേഖനത്തിൽ നമുക്കു കാണാം.
[അടിക്കുറിപ്പുകൾ]
a ദാനീയേൽ 7:10, 26-ലുള്ള “ന്യായവിസ്താരസഭ” എന്നു ഭാഷാന്തരം ചെയ്തിരിക്കുന്ന പദം എസ്രാ 7:26-ലും ദാനീയേൽ 4:37; 7:22 എന്നിവിടങ്ങളിലും കാണാവുന്നതാണ്.
b ക്രിസ്ത്യാനികൾ അന്യോന്യം കോടതിയിൽ കൊണ്ടുപോകുന്നതു സംബന്ധിച്ചു പൗലോസ് ഇങ്ങനെ ചോദിച്ചു: “വിധിപ്പാൻ സഭ ഗണ്യമാക്കാത്തവരെ ഇരുത്തുന്നുവോ [അക്ഷരാർഥത്തിൽ, “നിങ്ങൾ ഇരുത്തുന്നുവോ”]?”—1 കൊരിന്ത്യർ 6:4.
c വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചിരിക്കുന്ന വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ 56, 73, 235-45, 260 പേജുകൾ കാണുക.
നിങ്ങൾ ഓർക്കുന്നുവോ?
◻ യഹോവ രാജാവും ന്യായാധിപതിയുമായി സേവനമനുഷ്ഠിക്കുന്നതെങ്ങനെ?
◻ ‘സിംഹാസനത്തിൽ ഇരിക്കുന്നു’ എന്നതിന് ഏതു രണ്ട് അർഥമുണ്ടായിരിക്കാൻ കഴിയും?
◻ മത്തായി 25:31-ന്റെ കാലയളവിനെപ്പറ്റി നാം നേരത്തെ എന്താണു പറഞ്ഞിരുന്നത്, പരിഷ്കരിച്ച വീക്ഷണത്തിന് എന്ത് അടിസ്ഥാനമാണുള്ളത്?
◻ മത്തായി 25:31 സൂചിപ്പിക്കുന്നപ്രകാരം മനുഷ്യപുത്രൻ എന്നാണു തന്റെ സിംഹാസനത്തിൽ ഇരിക്കുന്നത്?