യഹോവയുടെ നിലയ്ക്കാത്ത സ്നേഹത്തെക്കുറിച്ച് ധ്യാനിക്കുക
“ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും.”—സങ്കീ. 77:12.
1, 2. (എ) യഹോവ തന്റെ ജനത്തെ സ്നേഹിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് ഉറപ്പുള്ളത് എന്തുകൊണ്ടാണ്? (ബി) എന്ത് ആഗ്രഹം സഹിതമാണ് മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്?
യഹോവ തന്റെ ജനത്തെ ആഴമായി സ്നേഹിക്കുന്നു. ഇക്കാര്യത്തിൽ നിങ്ങൾക്ക് ഉറപ്പുള്ളത് എന്തുകൊണ്ടാണ്? ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുമ്പ് നമുക്ക് ചില ഉദാഹരണങ്ങൾ നോക്കാം. വർഷങ്ങളോളം, റ്റേയ്ലീൻ എന്നു പേരുള്ള ഒരു സഹോദരിയെ, തന്നെക്കുറിച്ചുതന്നെ കണക്കിലേറെ ചിന്തിച്ച് ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ലെന്ന് പറഞ്ഞുകൊണ്ട് സഹോദരങ്ങൾ ദയാപൂർവം പ്രോത്സാഹിപ്പിച്ചിരുന്നു. അവൾ പറയുന്നു: “യഹോവ എന്നെ സ്നേഹിക്കുന്നില്ലായിരുന്നെങ്കിൽ, ഇക്കാലമത്രയും എനിക്ക് അവന്റെ ഉപദേശം ഇങ്ങനെ കിട്ടുമായിരുന്നില്ല.” ഭർത്താവിന്റെ മരണശേഷം രണ്ടു കുട്ടികളെ ഒറ്റയ്ക്കു വളർത്തേണ്ടിവന്ന ബ്രിജിറ്റ് പറയുന്നത്, “സാത്താന്റെ വ്യവസ്ഥിതിയിൽ മക്കളെ വളർത്തിക്കൊണ്ടുവരുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടുനിറഞ്ഞ ഒരു കാര്യമാണ്; വിശേഷിച്ചും, ഒറ്റക്കാരായ മാതാപിതാക്കൾക്ക്. എന്നാൽ യഹോവയുടെ സ്നേഹം ഞാൻ തൊട്ടറിഞ്ഞു. കാരണം, എന്റെ കണ്ണീരിലും ഹൃദയവേദനയിലും അവൻ എന്നെ വഴിനയിച്ചു. എനിക്കു സഹിച്ചുനിൽക്കാൻ കഴിയുന്നതിന് മീതെ ഒന്നും അനുഭവിക്കാൻ ദൈവം അനുവദിച്ചിട്ടില്ല.” (1 കൊരി. 10:13) സാന്ദ്രയ്ക്ക്, ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത ഗുരുതരമായ ഒരു രോഗമുണ്ട്. ഒരിക്കൽ ഒരു കൺവെൻഷൻ സ്ഥലത്തുവെച്ച് ഒരു സഹോദരി അവളോട് പ്രത്യേകതാത്പര്യം കാണിച്ചു. സാന്ദ്രയുടെ ഭർത്താവ് ഇങ്ങനെ പറഞ്ഞു: “ആ സഹോദരിയെ ഞങ്ങൾക്ക് വ്യക്തിപരമായി അറിയില്ലായിരുന്നെങ്കിലും അവർ കാണിച്ച ആഴമായ താത്പര്യം ഞങ്ങൾക്ക് വലിയ സന്തോഷം പകർന്നു. നമ്മുടെ സഹോദരീസഹോദരന്മാരുടെ ചെറിയചെറിയ സ്നേഹപ്രകടനങ്ങൾപോലും യഹോവ ഞങ്ങളെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് എനിക്കു കാണിച്ചുതരുന്നു.”
2 സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള ആഗ്രഹത്തോടുകൂടെയാണ് യഹോവ മനുഷ്യരെ സൃഷ്ടിച്ചത്. എന്നിരുന്നാലും, രോഗത്താലോ സാമ്പത്തികപ്രശ്നങ്ങളാലോ ശുശ്രൂഷയിൽ ഫലം കിട്ടാതെ വരുന്നതിനാലോ നമ്മൾ എളുപ്പം നിരുത്സാഹിതരായേക്കാം. അത്തരം സാഹചര്യങ്ങളിൽ യഹോവ നമ്മളെ സ്നേഹിക്കുന്നില്ലെന്ന് തോന്നുന്നെങ്കിൽ, നമ്മൾ അവന് വിലപ്പെട്ടവരാണെന്നും അവൻ നമ്മുടെ വലതുകൈ പിടിച്ച് നമ്മളെ സഹായിക്കാൻ എപ്പോഴും അടുത്തുണ്ടെന്നും ഒരിക്കലും മറക്കരുത്. അവനോട് വിശ്വസ്തരാണെങ്കിൽ അവൻ ഒരിക്കലും നമ്മളെ മറക്കില്ല.—യെശ. 41:13; 49:15.
3. യഹോവയ്ക്ക് നമ്മളോട് നിലയ്ക്കാത്ത സ്നേഹമുണ്ടെന്ന ബോധ്യം ശക്തമാക്കാൻ എന്തിന് കഴിയും?
3 പ്രയാസങ്ങൾ നേരിട്ടപ്പോൾ ദൈവം തങ്ങളോടൊപ്പമുണ്ടായിരുന്നെന്ന് മുൻഖണ്ഡികയിൽ പറഞ്ഞ സഹോദരങ്ങൾക്ക് ബോധ്യപ്പെട്ടിരുന്നു. നമുക്കും, യഹോവ നമ്മുടെ പക്ഷത്തുണ്ടെന്ന അതേ ബോധ്യമുള്ളവരായിരിക്കാം. (സങ്കീ. 118:6, 7) യഹോവ നമ്മളെ സ്നേഹിക്കുന്നു എന്നതിന് തെളിവ് നൽകുന്ന നാലു ദാനങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ ചർച്ച ചെയ്യും. (1) യഹോവയുടെ സൃഷ്ടികൾ, (2) ബൈബിൾ, (3) പ്രാർഥന, (4) മറുവില. യഹോവ ചെയ്തിരിക്കുന്ന നല്ല കാര്യങ്ങളെക്കുറിച്ച് ആഴമായി ചിന്തിക്കുന്നത് അവന്റെ നിലയ്ക്കാത്ത സ്നേഹത്തോട് കൂടുതൽ നന്ദി കാണിക്കാൻ നമ്മളെ സഹായിക്കും.—സങ്കീർത്തനം 77:11, 12 വായിക്കുക.
യഹോവയുടെ സൃഷ്ടികളെക്കുറിച്ച് ധ്യാനിക്കുക
4. യഹോവയുടെ സൃഷ്ടികളിൽനിന്ന് നമ്മൾ എന്ത് പഠിക്കുന്നു?
4 യഹോവയുടെ സൃഷ്ടികളിലൂടെ ഒന്നു കണ്ണോടിച്ചാൽ, അവൻ നമ്മളെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാകും. (റോമ. 1:20) ഉദാഹരണത്തിന്, നമ്മൾ എങ്ങനെയെങ്കിലും ഒന്ന് ‘ജീവിച്ചുപോയാൽ മതി’ എന്ന വിധത്തിലല്ല യഹോവ ഭൂമിയെ രൂപകല്പന ചെയ്തത്. നമ്മൾ ജീവിതം ആസ്വദിക്കാൻ ആവശ്യമായതെല്ലാം അവൻ തന്നിട്ടുണ്ട്. നമ്മൾ ആഹാരം കഴിക്കണം. എന്നാൽ അത് ആസ്വാദ്യകരമായ ഒരു അനുഭവമാക്കി മാറ്റാൻ യഹോവ നമുക്ക് വൈവിധ്യമാർന്ന ആഹാരസാധനങ്ങൾ നൽകിയിരിക്കുന്നു. (സഭാ. 9:7) സൃഷ്ടികളിൽ കാണുന്നതെന്തും ആസ്വദിക്കുന്ന ഒരാളാണ് കാതറിൻ; പ്രത്യേകിച്ച് കനഡയിലെ വസന്തകാലത്ത്. സഹോദരി പറയുന്നു: “എല്ലാം ജീവനിലേക്ക് വരുന്നത് ഒരു അത്ഭുതംതന്നെ! ആരോ മുൻകൂട്ടി തീരുമാനിച്ചുവെച്ചതുപോലെ പൊട്ടിമുളയ്ക്കുന്ന പൂക്കൾ, എന്റെ അടുക്കളയുടെ ജനാലയ്ക്കരികിലുള്ള തീറ്റിപ്പാത്രത്തിലേക്ക് കൃത്യമായി എത്തുന്ന കുഞ്ഞൻ മൂളിപ്പക്ഷി, ദേശാടനം കഴിഞ്ഞെത്തുന്ന മറ്റു പക്ഷികൾ, അങ്ങനെ എല്ലാം. ഇത്ര ആസ്വാദ്യകരമായ കാര്യങ്ങൾ യഹോവ പ്രദാനം ചെയ്തിരിക്കുന്നത് അവൻ നമ്മളെ അതിയായി സ്നേഹിക്കുന്നതുകൊണ്ടാണ്.” നമ്മുടെ പിതാവ് തന്റെ സൃഷ്ടികളെ സ്നേഹിക്കുന്നു. നമ്മൾ അതെല്ലാം ആസ്വദിക്കാനും അവൻ ആഗ്രഹിക്കുന്നു.—പ്രവൃ. 14:16, 17.
5. മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്ന വിധത്തിൽ യഹോവയുടെ സ്നേഹം പ്രതിഫലിക്കുന്നത് എങ്ങനെ?
5 അർഥവത്തായ ജോലി ചെയ്യാനും അത് ആസ്വദിക്കാനും ഉള്ള കഴിവോടുകൂടിയാണ് യഹോവ നമ്മളെ സൃഷ്ടിച്ചത്. (സഭാ. 2:24) ഭൂമിയിൽ നിറയാനും, അതിൽ കൃഷി ചെയ്യാനും, അതിലുള്ള പക്ഷിമൃഗാദികളെ എല്ലാം പരിപാലിക്കാനും ഉള്ള നിയമനം യഹോവ മനുഷ്യർക്ക് നൽകി. (ഉല്പ. 1:26-28) നമുക്ക് അവനെ അനുകരിക്കാൻ കഴിയേണ്ടതിന് ശ്രേഷ്ഠമായ ഗുണങ്ങളും സഹിതമാണ് അവൻ നമ്മളെ സൃഷ്ടിച്ചത്.—എഫെ. 5:1.
ദൈവത്തിന്റെ വചനം അമൂല്യമാണ്
6. ദൈവവചനത്തോട് നമുക്ക് അതിയായ വിലമതിപ്പ് ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
6 നമ്മളോടുള്ള അതിരറ്റ സ്നേഹത്തെപ്രതിയാണ് യഹോവ ബൈബിൾ തന്നിരിക്കുന്നുത്. നമ്മൾ അവനെക്കുറിച്ച് അറിയേണ്ട കാര്യങ്ങളും മനുഷ്യരെക്കുറിച്ച് അവന് എന്തു തോന്നുന്നു എന്നും ബൈബിൾ പറയുന്നു. ഉദാഹരണത്തിന്, പലപ്പോഴും തന്നോട് അനുസരണക്കേട് കാണിച്ച ഇസ്രായേല്യരെക്കുറിച്ച് യഹോവയ്ക്ക് എന്തു തോന്നിയെന്ന് ബൈബിൾ നമ്മോട് പറയുന്നു. സങ്കീർത്തനം 78:38 പറയുന്നത് ഇതാണ്: “അവൻ കരുണയുള്ളവനാകകൊണ്ടു അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു.” ഈ വാക്യത്തെക്കുറിച്ച് ധ്യാനിക്കുന്നത് യഹോവ നിങ്ങളെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നും കരുതുന്നുണ്ടെന്നും മനസ്സിലാക്കാൻ നിങ്ങളെ സഹായിച്ചേക്കാം. യഹോവ നമുക്കുവേണ്ടി അതിയായി കരുതുന്നു എന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാം.—1 പത്രോസ് 5:6, 7 വായിക്കുക.
7. ബൈബിളിനെ വിലപ്പെട്ടതായി കാണേണ്ടത് എന്തുകൊണ്ട്?
7 ബൈബിളിനെ നമ്മൾ വിലപ്പെട്ടതായി കാണണം. കാരണം, യഹോവ നമ്മളോട് സംസാരിക്കുന്നത് തന്റെ വചനത്തിലൂടെയാണ്. മാതാപിതാക്കളും കുട്ടികളും തമ്മിൽ തുറന്ന ആശയവിനിമയമുണ്ടെങ്കിൽ, അവർക്കിടയിലുള്ള സ്നേഹവും പരസ്പരമുള്ള ആശ്രയത്വവും കൂടുതൽ ശക്തമാകും. യഹോവ നമ്മുടെ സ്നേഹവാനായ പിതാവാണ്. നമ്മൾ അവനെ കാണുകയോ അവന്റെ ശബ്ദം കേൾക്കുകയോ ചെയ്തിട്ടില്ല. എങ്കിലും, നേരിട്ട് കണ്ട് സംസാരിക്കുന്നതുപോലെയാണ് യഹോവ ബൈബിളിലൂടെ നമ്മളോട് സംസാരിക്കുന്നത്; അതിനു നമ്മൾ ചെവികൊടുക്കണം. (യെശ. 30:20, 21) ദൈവവചനം വായിക്കുമ്പോൾ, നമ്മൾ, നമ്മളെ വഴിനടത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന യഹോവയെക്കുറിച്ച് അറിയാനും അവനിൽ ആശ്രയിക്കാനും തുടങ്ങും.—സങ്കീർത്തനം 19:7-11; സദൃശവാക്യങ്ങൾ 1:33 വായിക്കുക.
യേഹൂദർശകന് യെഹോശാഫാത്തിനെ ഉപദേശിക്കേണ്ടിവന്നെങ്കിലും യഹോവ യെഹോശാഫാത്തിൽ “നന്മ” കണ്ടു (8, 9 ഖണ്ഡികകൾ കാണുക)
8, 9. നമ്മൾ എന്ത് അറിയാനാണ് യഹോവ ആഗ്രഹിക്കുന്നത്? ബൈബിളിൽനിന്നുള്ള ഒരു ദൃഷ്ടാന്തം നൽകുക.
8 യഹോവ നമ്മളെ സ്നേഹിക്കുന്നുണ്ടെന്ന് നമ്മൾ അറിയാൻ അവൻ ആഗ്രഹിക്കുന്നു. അവൻ നമ്മളിലെ നന്മ അന്വേഷിക്കുന്നതുകൊണ്ട് നമ്മുടെ അപൂർണതകൾക്കും അപ്പുറത്തേക്ക് നോക്കുന്നു. (2 ദിന. 16:9) യെഹൂദാ രാജാവായ യെഹോശാഫാത്തിലുള്ള നന്മ യഹോവ കണ്ടത് എങ്ങനെയെന്നു നോക്കാം. യെഹോശാഫാത്ത് ഇസ്രായേൽ രാജാവായ ആഹാബിനോട് ചേർന്ന് ഗിലെയാദിലെ രാമോത്തിൽവെച്ച് അരാമ്യരോട് യുദ്ധം ചെയ്യാമെന്ന് ഒരു തെറ്റായ തീരുമാനം എടുത്തു. യുദ്ധത്തിൽ വിജയിക്കുമെന്ന് ദുഷ്ടനായ ആഹാബിനോട് 400 വ്യാജപ്രവാചകന്മാർ പറഞ്ഞെങ്കിലും, യുദ്ധത്തിൽ പരാജയപ്പെടുമെന്ന് യെഹോശാഫാത്തിനോട് യഹോവയുടെ പ്രവാചകനായ മീഖായാവ് പറഞ്ഞു. അതുതന്നെയാണ് സംഭവിച്ചതും. ആഹാബ് യുദ്ധത്തിൽ കൊല്ലപ്പെട്ടു, യെഹോശാഫാത്ത് കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു. യുദ്ധത്തിനു ശേഷം യേഹൂദർശകനെ ഉപയോഗിച്ച് യഹോവ യഹോശാഫാത്തിന്റെ തെറ്റ് ചൂണ്ടിക്കാട്ടി അവനെ ഉപദേശിച്ചു. എന്നിട്ട് ഇങ്ങനെയുംകൂടെ പറഞ്ഞു: “നന്മയും നിന്നിൽ കണ്ടിരിക്കുന്നു.”—2 ദിന. 18:4, 5, 18-22, 33, 34; 19:1-3.
9 വർഷങ്ങൾക്ക് മുമ്പ് യെഹോശാഫാത്ത്, എല്ലാ യഹൂദാ നഗരങ്ങളും സന്ദർശിച്ച് ആളുകളെ യഹോവയുടെ ന്യായപ്രമാണം പഠിപ്പിക്കണമെന്ന് പ്രഭുക്കന്മാരോടും ലേവ്യരോടും പുരോഹിതന്മാരോടും പറഞ്ഞിട്ടുണ്ടായിരുന്നു. മറ്റ് ജനതകളിലുള്ളവർപോലും യഹോവയെക്കുറിച്ച് അറിയുന്ന അളവോളം അവർ അതിൽ വിജയിച്ചു. (2 ദിന. 17:3-10) പിന്നീട് യെഹോശാഫാത്ത് ഒരു തെറ്റായ തീരുമാനമെടുത്തെങ്കിലും അവൻ മുമ്പ് ചെയ്ത നന്മകൾ യഹോവ മറന്നുകളഞ്ഞില്ല. ഇടയ്ക്കൊക്കെ നമുക്കും തെറ്റുകൾ പറ്റുന്നതുകൊണ്ട് ഈ ദൃഷ്ടാന്തം നമുക്ക് വളരെ ആശ്വാസം നൽകുന്ന ഒന്നാണ്. എങ്കിലും യഹോവയെ സേവിക്കാൻ നമ്മൾ കഴിവിന്റെ പരമാവധി ചെയ്യുമ്പോൾ അവൻ നമ്മളെ തുടർന്നും സ്നേഹിക്കും; നമ്മൾ ചെയ്തിട്ടുള്ള നന്മകൾ അവൻ മറന്നുകളയുകയുമില്ല.
പ്രാർഥന എന്ന പദവി വിലമതിക്കുക
10, 11. (എ) പ്രാർഥന യഹോവ തന്നിരിക്കുന്ന വിലയേറിയ ഒരു സമ്മാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) യഹോവ നമ്മുടെ പ്രാർഥനകൾക്ക് എങ്ങനെയായിരിക്കാം ഉത്തരം നൽകുക? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
10 മക്കൾ സംസാരിക്കാൻ ആഗ്രഹിക്കുമ്പോൾ സ്നേഹമുള്ള ഒരു പിതാവ് അത് ശ്രദ്ധയോടെ കേൾക്കും. അവരെക്കുറിച്ച് ആഴമായ കരുതലുള്ളതുകൊണ്ട് അവരുടെ വികാരങ്ങൾ അറിയാൻ ആ പിതാവ് ആഗ്രഹിക്കുന്നു. സ്നേഹവാനായ നമ്മുടെ സ്വർഗീയപിതാവും അതുതന്നെയാണ് ചെയ്യുന്നത്. നമ്മൾ പ്രാർഥിക്കുമ്പോൾ അവൻ ശ്രദ്ധയോടെ കേൾക്കുന്നു. നമ്മുടെ സ്വർഗീയ പിതാവിനോട് സംസാരിക്കുക എന്നത് വിലപ്പെട്ട ഒരു പദവിയാണ്!
11 എപ്പോൾ വേണമെങ്കിലും നമുക്ക് യഹോവയോട് പ്രാർഥിക്കാം. കാരണം അവൻ നമ്മുടെ സുഹൃത്താണ്, നമ്മുടെ പ്രാർഥനകൾ കേൾക്കാൻ എപ്പോഴും ഒരുക്കമുള്ളവനുമാണ്. നേരത്തെ പറഞ്ഞ റ്റേയ്ലീൻ ഇങ്ങനെ പറയുന്നു: “നിങ്ങൾക്ക് ദൈവത്തോട് എന്തുവേണമെങ്കിലും പറയാം.” നമ്മുടെ ഉള്ളിന്റെ ഉള്ളിലെ വികാരങ്ങൾ യഹോവയെ പ്രാർഥനയിലൂടെ അറിയിക്കുമ്പോൾ, ഒരു ബൈബിൾഭാഗത്തിലൂടെയോ നമ്മുടെ മാസികയിലെ ഒരു ലേഖനത്തിലൂടെയോ ഒരു സഹോദരനോ സഹോദരിയോ നൽകുന്ന പ്രോത്സാഹനത്തിലൂടെയോ അവൻ നമുക്ക് ഉത്തരം തന്നേക്കാം. യഹോവ നമ്മുടെ ആത്മാർഥമായ യാചനകൾ കേൾക്കുന്നു; മറ്റാരും മനസ്സിലാക്കാത്തപ്പോൾപോലും യഹോവ നമ്മളെ മനസ്സിലാക്കുന്നു. നമ്മുടെ പ്രാർഥനകൾക്കുള്ള ഉത്തരങ്ങൾ നമ്മോടുള്ള അവന്റെ സ്നേഹം ഒരിക്കലും നിലയ്ക്കാത്ത ഒന്നാണെന്ന് തെളിയിക്കുന്നു.
12. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രാർഥനകൾ നമ്മൾ പഠിക്കേണ്ടത് എന്തുകൊണ്ട്? ഉദാഹരണം നൽകുക.
12 ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രാർഥനകളിൽനിന്ന് നമുക്ക് പ്രാധാന്യമേറിയ അനേകം പാഠങ്ങൾ പഠിക്കാനാകും. ഇത്തരം ചില പ്രാർഥനകളെക്കുറിച്ച് കുടുംബാരാധനയുടെ സമയത്ത് പഠിക്കുന്നത് പ്രയോജനകരമാണ്. മുൻകാല ദൈവദാസന്മാരുടെ ആത്മാർഥമായ പ്രാർഥനകളെക്കുറിച്ച് ധ്യാനിക്കുമ്പോൾ നമ്മുടെ പ്രാർഥനകളുടെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടും. ഉദാഹരണത്തിന്, ഒരു മഹാമത്സ്യത്തിന്റെ വയറ്റിൽക്കിടന്ന് യോനാ നടത്തിയ വിനീതമായ പ്രാർഥനയെക്കുറിച്ച് പഠിക്കുക. (യോനാ 1:17—2:10) ആലയത്തിന്റെ സമർപ്പണസമയത്ത് ശലോമോൻ യഹോവയോട് നടത്തിയ ആത്മാർഥമായ പ്രാർഥനയെക്കുറിച്ച് അവലോകനം ചെയ്യുക. (1 രാജാ. 8:22-53) യേശുവിന്റെ മാതൃകാപ്രാർഥനയെക്കുറിച്ചും ധ്യാനിക്കുക. (മത്താ. 6:9-13) ഏറ്റവും പ്രധാനമായി, ‘നിങ്ങളുടെ അപേക്ഷകൾ ദൈവത്തെ ക്രമമായി അറിയിക്കുക, അപ്പോൾ മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും കാത്തുകൊള്ളും.’—ഫിലി. 4:6, 7.
മറുവിലയോട് നന്ദിയുള്ളവരാണെന്ന് തെളിയിക്കുക
13. മറുവില നമുക്ക് എന്തിനുള്ള വഴി തുറന്നുതന്നിരിക്കുന്നു?
13 യഹോവ മറുവില എന്ന ദാനം നൽകിയത് ‘നാം ജീവൻ പ്രാപിക്കേണ്ടതിനാണ്.’ (1 യോഹ. 4:9) ദൈവസ്നേഹത്തിന്റെ ഈ മഹത്തായ തെളിവ് ചൂണ്ടിക്കാണിച്ചുകൊണ്ട് പൗലോസ് അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “നിശ്ചയിക്കപ്പെട്ട സമയത്ത് ക്രിസ്തു അഭക്തരായ മനുഷ്യർക്കുവേണ്ടി മരിച്ചു. നീതിനിഷ്ഠനായ ഒരുവനുവേണ്ടി ആരെങ്കിലും മരിക്കുന്നത് അപൂർവം; നന്മപ്രിയനായ ഒരുവനുവേണ്ടി ഒരുപക്ഷേ ആരെങ്കിലും മരിക്കാൻ തുനിഞ്ഞേക്കാം; ക്രിസ്തുവോ നാം പാപികളായിരിക്കുമ്പോൾത്തന്നെ നമുക്കുവേണ്ടി മരിച്ചു. ഇതിലൂടെ ദൈവം നമ്മോടുള്ള തന്റെ സ്നേഹം കാണിച്ചുതരുന്നു.” (റോമ. 5:6-8) യഹോവയുടെ സ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മറുവില. അത് മനുഷ്യർക്ക് അവനുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരാനുള്ള വഴി തുറന്നിരിക്കുന്നു.
14, 15. (എ) അഭിഷിക്ത ക്രിസ്ത്യാനികൾക്ക്, (ബി) ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവർക്ക്, മറുവില എന്ത് അർഥമാക്കുന്നു?
14 മറുവില നിമിത്തം ഒരു ചെറിയ കൂട്ടം ക്രിസ്ത്യാനികൾക്ക് ഒരു പ്രത്യേകവിധത്തിൽ യഹോവയുടെ നിലയ്ക്കാത്ത സ്നേഹം അനുഭവിച്ചറിയാനാകുന്നു. (യോഹ. 1:12, 13; 3:5-7) ദൈവം അവരെ തന്റെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തിരിക്കുന്നു. അതുകൊണ്ട് അവർ ഇപ്പോൾ അവന്റെ മക്കളാണ്. (റോമ. 8:15, 16) അവരിൽ ചിലർ ഇപ്പോഴും ഭൂമിയിലുണ്ടെന്നിരിക്കെ, പൗലോസ് എന്തുകൊണ്ടാണ് “ക്രിസ്തുയേശുവിനോട് ഏകീഭവിച്ച” അവരെ “ദൈവം ഉയർത്തി ക്രിസ്തുവിനോടുകൂടെ സ്വർഗത്തിൽ ഇരുത്തി” എന്നു പറഞ്ഞത്? (എഫെ. 2:6) കാരണം, എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ യഹോവ അവർക്ക് കൊടുത്തിരിക്കുന്നത് സ്വർഗത്തിലാണ്.—എഫെ. 1:13, 14; കൊലോ. 1:5.
15 അഭിഷിക്തരല്ലാത്തവർക്കും മറുവിലയിൽ വിശ്വാസം അർപ്പിച്ചാൽ ദൈവത്തിന്റെ സുഹൃത്തുക്കളാകാൻ കഴിയും. അവർക്ക് ദൈവമക്കളായി ദത്തെടുക്കപ്പെടാനും പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കാനും ഉള്ള അവസരമുണ്ട്. സകല മനുഷ്യരോടുമുള്ള യഹോവയുടെ സ്നേഹമാണ് മറുവില വെളിപ്പെടുത്തുന്നത്. (യോഹ. 3:16) ദൈവത്തെ നമ്മൾ വിശ്വസ്തമായി സേവിക്കുകയാണെങ്കിൽ, സാധ്യമാകുന്നതിലേക്കുംവെച്ച് ഏറ്റവും നല്ല ജീവിതം പുതിയലോകത്തിൽ നമുക്ക് കിട്ടും എന്ന് അറിയുന്നത് എത്ര ആവേശകരമാണ്! അതുകൊണ്ട് ദൈവത്തിന് നമ്മോടുള്ള നിലയ്ക്കാത്ത സ്നേഹത്തിന്റെ മഹത്തായ തെളിവായ മറുവിലയെ വിലമതിക്കുന്നെന്ന് നമുക്ക് തെളിയിക്കാം.
യഹോവയോടുള്ള നിങ്ങളുടെ സ്നേഹം തെളിയിക്കുക
16. യഹോവ നമ്മോട് സ്നേഹം കാണിക്കുന്ന വിധങ്ങളെക്കുറിച്ച് ധ്യാനിക്കുന്നത് നമ്മളെ എന്ത് ചെയ്യാൻ പ്രചോദിപ്പിക്കും?
16 യഹോവ നമ്മളോട് സ്നേഹം കാണിച്ചിരിക്കുന്ന വിധങ്ങൾ എണ്ണിയാൽ തീരില്ല. ദാവീദു രാജാവ് ഇങ്ങനെ പാടി: “ദൈവമേ, നിന്റെ വിചാരങ്ങൾ എനിക്കു എത്ര ഘനമായവ! അവയുടെ ആകത്തുകയും എത്ര വലിയതു! അവയെ എണ്ണിയാൽ മണലിനെക്കാൾ അധികം.” (സങ്കീ. 139:17, 18) യഹോവ നമ്മളെ സ്നേഹിക്കുന്ന അനേകം വിധങ്ങളെക്കുറിച്ച് ധ്യാനിക്കുന്നത്, അവനെ തിരിച്ച് സ്നേഹിക്കാനും നമുക്കുള്ളതിൽവെച്ച് ഏറ്റവും നല്ലത് അവന് കൊടുക്കാനും നമ്മെ പ്രചോദിപ്പിക്കും.
17, 18. ദൈവത്തോടുള്ള നമ്മുടെ സ്നേഹം പ്രകടമാക്കാനാകുന്ന ചില വിധങ്ങൾ ഏവ?
17 യഹോവയെ സ്നേഹിക്കുന്നുണ്ടെന്ന് കാണിക്കാൻ നമുക്ക് അനേകം വിധങ്ങളുണ്ട്. ഉദാഹരണത്തിന്, തീക്ഷ്ണതയോടെ ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിച്ചുകൊണ്ട് നമുക്ക് അങ്ങനെ ചെയ്യാം. (മത്താ. 24:14; 28:19, 20) നമ്മുടെ വിശ്വാസത്തിന്റെ മാറ്റുരയ്ക്കുന്ന പരിശോധനകളെ വിശ്വസ്തതയോടെ സഹിച്ചുനിന്നുകൊണ്ടും നമുക്ക് ദൈവത്തോടുള്ള സ്നേഹം തെളിയിക്കാം. (സങ്കീർത്തനം 84:11; യാക്കോബ് 1:2-5 വായിക്കുക.) ആ പരിശോധനകൾ എത്ര തീവ്രമായിരുന്നാലും നമ്മൾ അനുഭവിക്കുന്ന ദുരിതങ്ങൾ യഹോവ കാണുന്നുണ്ടെന്നും നമ്മളെ സഹായിക്കുമെന്നും നമുക്ക് ഉറപ്പുണ്ട്. കാരണം, അവന് നമ്മൾ അത്രയ്ക്ക് വിലപ്പെട്ടവരാണ്!—സങ്കീ. 56:8.
18 യഹോവയോടുള്ള നമ്മുടെ സ്നേഹം അവന്റെ സൃഷ്ടിയിലെ അത്ഭുതങ്ങളെക്കുറിച്ച് ധ്യാനിക്കാൻ നമ്മളെ പ്രചോദിപ്പിക്കും. ബൈബിളിന്റെ നല്ല പഠിതാക്കൾ ആയിരുന്നുകൊണ്ട് യഹോവയെയും അവന്റെ വചനത്തെയും സ്നേഹിക്കുന്നെന്ന് നമുക്ക് തെളിയിക്കാം. യഹോവയെ സ്നേഹിക്കുന്നതുകൊണ്ടും അവനോടുള്ള ബന്ധം ശക്തമാക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടും നമ്മൾ അവനോട് മുടങ്ങാതെ പ്രാർഥിക്കുന്നു. മറുവിലയെന്ന വിലയേറിയ ദാനത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ അവനോടുള്ള നമ്മുടെ സ്നേഹം കൂടുതൽക്കൂടുതൽ ആഴമുള്ളതായിത്തീരും. (1 യോഹ. 2:1, 2) യഹോവ നമ്മോട് കാണിക്കുന്ന നിലയ്ക്കാത്ത സ്നേഹത്തെ നമ്മൾ അതിയായി വിലമതിക്കുന്നു എന്നു പ്രകടമാക്കാനാകുന്ന അനേകം വിധങ്ങളിൽ ചിലതു മാത്രമാണ് ഇവ!