വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പേ. 62-പേ. 65 ഖ. 4
  • സംഭാഷണ ചാതുര്യം എങ്ങനെ മെച്ചപ്പെടുത്താം?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സംഭാഷണ ചാതുര്യം എങ്ങനെ മെച്ചപ്പെടുത്താം?
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഭവനത്തിൽത്തന്നെ തുടങ്ങുക
  • ഒരു അപരിചിതനുമായി സംഭാഷണത്തിൽ ഏർപ്പെടൽ
  • സംഭാഷണം എങ്ങനെ തുടർന്നുകൊണ്ടുപോകാം?
  • സഹവിശ്വാസികളുമായി സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ
  • പരിപുഷ്ടിപ്പെടുത്തുന്ന സംഭാഷണം
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • ശുശ്രൂഷയിലെ നമ്മുടെ വൈദഗ്‌ധ്യം വർധിപ്പിക്കുക—അനൗപചാരിക സാക്ഷീകരണത്തിലേക്കു നയിക്കുന്ന സംഭാഷണത്തിനു മുൻകൈയെടുത്തുകൊണ്ട്‌
    2014 നമ്മുടെ രാജ്യശുശ്രൂഷ
  • സംഭാഷണം ഒരു കല
    ഉണരുക!—1995
  • സംസാ​രി​ക്കാ​നുള്ള കഴിവ്‌ എനിക്ക്‌ എങ്ങനെ മെച്ച​പ്പെ​ടു​ത്താം?
    യുവജനങ്ങൾ ചോദിക്കുന്നു
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പേ. 62-പേ. 65 ഖ. 4

സംഭാഷണ ചാതുര്യം എങ്ങനെ മെച്ചപ്പെടുത്താം?

നിങ്ങൾക്കു പൊതുവേ മറ്റുള്ളവരുമായി അനായാസം സംഭാഷണം നടത്താൻ കഴിയുന്നുണ്ടോ? മറ്റുള്ളവരുമായി, പ്രത്യേകിച്ചും അപരിചിതരുമായി, സംഭാഷണത്തിൽ ഏർപ്പെടുന്നതിനെ കുറിച്ചുള്ള ചിന്തപോലും പലരിലും ഉത്‌കണ്‌ഠ ജനിപ്പിക്കുന്നു. അത്തരക്കാർ ലജ്ജാ ശീലമുള്ളവർ ആയിരിക്കാം. അവർ ഇങ്ങനെ ചിന്തിച്ചേക്കാം: ‘ഞാൻ എന്തിനെ കുറിച്ചാണു സംസാരിക്കേണ്ടത്‌? സംഭാഷണത്തിനു തുടക്കമിടാൻ എനിക്ക്‌ എങ്ങനെ കഴിയും? എനിക്ക്‌ എങ്ങനെ സംഭാഷണം തുടർന്നുകൊണ്ടുപോകാനാകും?’ ആത്മവിശ്വാസമുള്ളവരും മറ്റുള്ളവരോടു വേഗത്തിൽ ഇണങ്ങി ഇടപഴകുന്നവരുമായ ആളുകൾ സംഭാഷണത്തിൽ ആധിപത്യം പുലർത്താൻ പ്രവണത കാണിച്ചേക്കാം. അത്തരക്കാരുടെ വെല്ലുവിളി ഉള്ളുതുറന്നു സംസാരിക്കാൻ മറ്റുള്ളവരെ സഹായിക്കുകയും അവർ പറയുന്ന കാര്യങ്ങൾ കേട്ടിരിക്കാൻ പഠിക്കുകയും ചെയ്യുക എന്നതായിരിക്കാം. അതുകൊണ്ട്‌ ലജ്ജിച്ച്‌ ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരായാലും, മറ്റുള്ളവരോടു വേഗത്തിൽ ഇണങ്ങി ഇടപഴകുന്ന പ്രകൃതക്കാരായാലും സംഭാഷണ കല വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കേണ്ടതിന്റെ ആവശ്യം നമുക്ക്‌ എല്ലാവർക്കും ഉണ്ട്‌.

ഭവനത്തിൽത്തന്നെ തുടങ്ങുക

സംഭാഷണ ചാതുര്യം മെച്ചപ്പെടുത്താനുള്ള ശ്രമം നിങ്ങളുടെ ഭവനത്തിൽത്തന്നെ എന്തുകൊണ്ടു തുടങ്ങിക്കൂടാ? കെട്ടുപണി ചെയ്യുന്ന സംഭാഷണം കുടുംബസന്തുഷ്ടിയിൽ വലിയൊരു പങ്കുവഹിക്കുന്നു.

അത്തരം സംഭാഷണത്തിനു പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാന ഘടകം അന്യോന്യമുള്ള ആഴമായ കരുതലാണ്‌. (ആവ. 6:6, 7; സദൃ. 4:1-4) ഒരു വ്യക്തിയോടു കരുതൽ ഉള്ളപ്പോൾ നാം അയാളോടു സംസാരിക്കുകയും അയാൾക്കു പറയാനുള്ളതു ശ്രദ്ധിച്ചു കേൾക്കുകയും ചെയ്യുന്നു. പറയാൻ തക്ക മൂല്യമുള്ള എന്തെങ്കിലും ഉണ്ടായിരിക്കുക എന്നതാണു പ്രധാനപ്പെട്ട മറ്റൊരു ഘടകം. വ്യക്തിപരമായി ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരു പതിവുണ്ടെങ്കിൽ പങ്കുവെക്കാൻ നമുക്കു വളരെയേറെ കാര്യങ്ങൾ ഉണ്ടായിരിക്കും. തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന ചെറുപുസ്‌തകം ജ്ഞാനപൂർവം ഉപയോഗിക്കുന്നത്‌ ചർച്ചയ്‌ക്കുള്ള അവസരങ്ങൾ തുറന്നുതന്നേക്കാം. അന്നേ ദിവസം വയൽസേവനത്തിൽ ആയിരിക്കെ നമുക്ക്‌ ആസ്വാദ്യമായ ഒരു അനുഭവം ഉണ്ടായേക്കാം. വിജ്ഞാനപ്രദമോ ചിരിപ്പിക്കുന്നതോ ആയ എന്തെങ്കിലും നാം വായിക്കാനിടയായേക്കാം. കുടുംബമൊന്നിച്ചുള്ള ആരോഗ്യാവഹമായ സംഭാഷണ വേളയിൽ ഈ കാര്യങ്ങൾ പങ്കുവെക്കുന്നതു നാം ഒരു ശീലമാക്കണം. ഇത്‌ കുടുംബവൃത്തത്തിനു വെളിയിൽ ഉള്ളവരുമായി സംഭാഷണം നടത്താനും നമ്മെ സഹായിക്കും.

ഒരു അപരിചിതനുമായി സംഭാഷണത്തിൽ ഏർപ്പെടൽ

അപരിചിതരുമായി സംഭാഷണം ആരംഭിക്കാൻ മടിയുള്ളവരാണു പലരും. എന്നാൽ, മറ്റുള്ളവരുമായി ബൈബിൾ സത്യങ്ങൾ പങ്കുവെക്കാൻ തക്കവണ്ണം സംഭാഷണം നടത്തേണ്ടത്‌ എങ്ങനെയെന്നു പഠിക്കാൻ ആത്മാർഥ ശ്രമം നടത്തുന്നതിന്‌ ദൈവത്തോടും അയൽക്കാരനോടും ഉള്ള സ്‌നേഹം യഹോവയുടെ സാക്ഷികളെ പ്രേരിപ്പിക്കുന്നു. ഇതിൽ മെച്ചപ്പെടാൻ നിങ്ങളെ എന്തു സഹായിക്കും?

ഫിലിപ്പിയർ 2:​4-ൽ പ്രസ്‌താവിച്ചിരിക്കുന്ന തത്ത്വം മൂല്യവത്താണ്‌. “സ്വന്തഗുണമല്ല മററുള്ളവന്റെ ഗുണവും കൂടെ” നോക്കാൻ അവിടെ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. അതേക്കുറിച്ച്‌ ഈ രീതിയിൽ ചിന്തിക്കുക: നിങ്ങൾ ആ വ്യക്തിയെ മുമ്പൊരിക്കലും കണ്ടിട്ടില്ലെങ്കിൽ, അദ്ദേഹം നിങ്ങളെ ഒരു അപരിചിതൻ ആയാണു വീക്ഷിക്കുക. നിങ്ങൾക്ക്‌ അദ്ദേഹത്തിന്റെ പിരിമുറുക്കം എങ്ങനെ ഇല്ലാതാക്കാൻ കഴിയും? ഊഷ്‌മളമായി പുഞ്ചിരിക്കുന്നതും സൗഹാർദപൂർവം അഭിവാദനം ചെയ്യുന്നതും സഹായകമായിരിക്കും. എന്നാൽ അതു മാത്രം പോരാ.

നിങ്ങൾ അവിടെ ചെന്നത്‌ അദ്ദേഹത്തിന്റെ ചിന്തകളെ തടസ്സപ്പെടുത്തിയിരിക്കാം. അദ്ദേഹത്തിന്റെ മനസ്സിലുള്ളത്‌ എന്താണെന്നു കണക്കിലെടുക്കാതെ നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങളെ സംബന്ധിച്ച ചർച്ചയിൽ അയാളെ ഉൾപ്പെടുത്താൻ ശ്രമിച്ചാൽ അയാൾ അനുകൂലമായി പ്രതികരിക്കുമോ? ശമര്യയിലെ ഒരു കിണറ്റിങ്കൽവെച്ച്‌ ഒരു സ്‌ത്രീയെ കണ്ടുമുട്ടിയപ്പോൾ യേശു എന്താണു ചെയ്‌തത്‌? അപ്പോൾ അവളുടെ മനസ്സിലെ ചിന്ത വെള്ളം കോരുന്നതിനെ കുറിച്ചായിരുന്നു. വെള്ളത്തെ കുറിച്ചു പറഞ്ഞുകൊണ്ടാണ്‌ യേശു അവളുമായി സംഭാഷണം ആരംഭിച്ചത്‌. പെട്ടെന്നുതന്നെ അവൻ അത്‌ ജീവസ്സുറ്റ ഒരു ആത്മീയ ചർച്ചയാക്കി മാറ്റിയെടുത്തു.​—യോഹ. 4:7-26.

നിരീക്ഷണ പാടവം ഉണ്ടെങ്കിൽ, നിങ്ങൾക്കും ആളുകളുടെ ചിന്ത എന്തിനെ കുറിച്ച്‌ ആയിരിക്കാം എന്നു കണ്ടുപിടിക്കാൻ കഴിയും. ആ വ്യക്തി സന്തോഷവാനായാണോ അതോ നിരാശനായാണോ കാണപ്പെടുന്നത്‌? ആൾ പ്രായമേറിയ, സാധ്യതയനുസരിച്ച്‌ ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവിക്കുന്ന വ്യക്തിയാണോ? വീട്ടിൽ കുട്ടികൾ ഉള്ളതിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ കാണുന്നുണ്ടോ? സാമ്പത്തികമായി നല്ല നിലയിലുള്ള ആളാണോ അദ്ദേഹം, അതോ ജീവിതാവശ്യങ്ങൾ നിറവേറ്റാൻ കഷ്ടപ്പെടുന്ന ഒരുവനാണോ? വീട്ടിലെ അലങ്കാരങ്ങളോ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളോ ആ വ്യക്തിയുടെ മതപരമായ ചായ്‌വിനെ സൂചിപ്പിക്കുന്നുവോ? ഇത്തരം കാര്യങ്ങൾ കണക്കിലെടുത്താണു നിങ്ങൾ ആ വ്യക്തിയെ അഭിവാദനം ചെയ്യുന്നതെങ്കിൽ, അയാൾ നിങ്ങളെ തന്റേതിനോടു സമാനമായ താത്‌പര്യങ്ങളുള്ള ഒരാളായി വീക്ഷിക്കാനിടയുണ്ട്‌.

നിങ്ങൾ വീട്ടുകാരനെ നേരിൽ കാണുന്നില്ല, ഒരുപക്ഷേ പൂട്ടിയിട്ടിരിക്കുന്ന വാതിലിലൂടെ അദ്ദേഹത്തിന്റെ ശബ്ദം മാത്രമേ കേൾക്കുന്നുള്ളു എന്നു കരുതുക. അപ്പോൾ നിങ്ങൾ എന്തു നിഗമനത്തിൽ എത്തിച്ചേരും? ആ വ്യക്തി ഭയന്നു കഴിയുന്ന ആളായിരിക്കാം. വാതിലിന്റെ അപ്പുറത്തു നിൽക്കുന്ന ആ ആളുമായി സംഭാഷണം ആരംഭിക്കുന്നതിന്‌ അദ്ദേഹം ഭയന്നു കഴിയുകയാണെന്നുള്ള വസ്‌തുത ഉപയോഗിക്കാൻ കഴിയുമോ?

ചില സ്ഥലങ്ങളിൽ നിങ്ങളെ കുറിച്ചുതന്നെ ചില കാര്യങ്ങൾ​—നിങ്ങളുടെ പശ്ചാത്തലം, നിങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നിരിക്കുന്നതിന്റെ കാരണം, നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നതിന്റെ കാരണം, നിങ്ങൾ ബൈബിൾ പഠിച്ചു തുടങ്ങിയതിന്റെ കാരണം, ബൈബിൾ നിങ്ങളെ സഹായിച്ചിരിക്കുന്ന വിധം​—പറഞ്ഞുകൊണ്ട്‌ ഒരാളെ സംഭാഷണത്തിൽ ഉൾപ്പെടുത്തുക സാധ്യമാണ്‌. (പ്രവൃ. 26:4-23) തീർച്ചയായും വിവേചനയോടും വ്യക്തമായ ഒരു ലക്ഷ്യത്തോടും കൂടെ വേണം ഇതു ചെയ്യാൻ. ഇത്‌, തന്നെക്കുറിച്ചും താൻ കാര്യങ്ങളെ വീക്ഷിക്കുന്ന വിധത്തെ കുറിച്ചും ചിലതൊക്കെ നിങ്ങളോടു പറയാൻ ആ വ്യക്തിയെ പ്രേരിപ്പിച്ചേക്കാം.

ചില സംസ്‌കാരങ്ങളിൽ അപരിചതർക്ക്‌ ആതിഥ്യമരുളുന്നതു നാട്ടുനടപ്പാണ്‌. കാണുന്ന ഉടൻതന്നെ അകത്തു കയറി ഇരിക്കാൻ ആളുകൾ നിങ്ങളോടു പറഞ്ഞേക്കാം. ഇരുന്നുകഴിഞ്ഞ്‌, കുടുംബത്തിന്റെ ക്ഷേമത്തെ കുറിച്ച്‌ ആദരപൂർവം അന്വേഷിക്കുകയും അവരുടെ മറുപടി ആത്മാർഥമായി ശ്രദ്ധിക്കുകയും ചെയ്യുന്നപക്ഷം, നിങ്ങൾക്കു പറയാനുള്ളതു വീട്ടുകാരനും അതേപോലെ ശ്രദ്ധിക്കാനിടയുണ്ട്‌. മറ്റു ചില സംസ്‌കാരങ്ങളിൽ പെട്ടവർ സന്ദർശകരിൽ അതിനെക്കാളേറെ താത്‌പര്യം കാണിക്കുന്നവരാണ്‌. അതുകൊണ്ട്‌, പറയാൻ ചെന്ന കാര്യത്തിലേക്കു കടക്കുന്നതിനു മുമ്പ്‌ നിങ്ങൾ കൂടുതൽ സമയം സംസാരിച്ചിരിക്കേണ്ടി വന്നേക്കാം. സംഭാഷണത്തിനിടയിൽ അവർക്കു നിങ്ങളുമായി പല കാര്യങ്ങളിലും സമാനതയുണ്ടെന്ന്‌ അവർ മനസ്സിലാക്കിയേക്കാം. ഇതു പ്രയോജനപ്രദമായ ഒരു ആത്മീയ ചർച്ചയിലേക്കു നയിച്ചേക്കാം.

മറ്റു ഭാഷകൾ സംസാരിക്കുന്ന നിരവധി പേർ നിങ്ങളുടെ പ്രദേശത്ത്‌ ഉണ്ടെങ്കിലോ? അവരുമായി എങ്ങനെ നിങ്ങൾക്കു സംഭാഷണം നടത്താൻ കഴിയും? ആ ഭാഷകളിൽ ചിലതിൽ ലളിതമായി അഭിവാദനം പറയാനെങ്കിലും പഠിക്കുന്നപക്ഷം, നിങ്ങൾ അവരിൽ തത്‌പരരാണെന്ന്‌ അവർ മനസ്സിലാക്കും. ഇതു കൂടുതലായ ആശയവിനിമയത്തിനു വഴി തുറന്നേക്കാം.

സംഭാഷണം എങ്ങനെ തുടർന്നുകൊണ്ടുപോകാം?

സംഭാഷണം തുടർന്നുകൊണ്ടുപോകുന്നതിന്‌ മറ്റേ വ്യക്തിയുടെ ചിന്താഗതിയിൽ താത്‌പര്യം കാട്ടുക. തന്റെ മനസ്സിലുള്ളതു വെളിപ്പെടുത്താൻ ആ വ്യക്തി ഒരുക്കമാണെങ്കിൽ അതിന്‌ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക. ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ചോദ്യങ്ങൾ സഹായകമായിരുന്നേക്കാം. വീക്ഷണചോദ്യങ്ങൾ ചോദിക്കുന്നതാണ്‌ ഏറ്റവും നല്ലത്‌. അവയ്‌ക്കുള്ള ഉത്തരങ്ങൾ സാധാരണഗതിയിൽ ഉവ്വ്‌ അല്ലെങ്കിൽ ഇല്ല എന്ന രണ്ടക്ഷരങ്ങളിൽ ഒതുക്കാനാവില്ല എന്നതുതന്നെ കാരണം. ഉദാഹരണത്തിന്‌, പ്രാദേശിക താത്‌പര്യമുള്ള ഒരു പ്രശ്‌നത്തെ കുറിച്ചു പരാമർശിച്ചശേഷം, “ഈ സാഹചര്യത്തിന്‌ ഇടയാക്കിയിരിക്കുന്നത്‌ എന്താണെന്നാണു നിങ്ങൾ കരുതുന്നത്‌?” എന്നോ “ഇതിനുള്ള പരിഹാരം എന്താണെന്നാണു നിങ്ങൾ വിചാരിക്കുന്നത്‌?” എന്നോ ചോദിക്കാൻ കഴിയും.

നിങ്ങളുടെ ചോദ്യത്തിനു വീട്ടുകാരൻ മറുപടി പറയുമ്പോൾ അതു ശ്രദ്ധാപൂർവം കേൾക്കുക. വാക്കിലൂടെയോ തലയാട്ടുന്നതിലൂടെയോ മറ്റേതെങ്കിലും ആംഗ്യംകൊണ്ടോ നിങ്ങളുടെ ആത്മാർഥമായ താത്‌പര്യം പ്രകടമാക്കുക. ഇടയ്‌ക്കു കയറി സംസാരിക്കരുത്‌. മറ്റേ വ്യക്തി പറയുന്ന കാര്യങ്ങൾ ഒരു തുറന്ന മനസ്സോടെ വിലയിരുത്തുക. ‘കേൾപ്പാൻ വേഗതയും പറവാൻ താമസവും ഉള്ളവൻ ആയിരിക്കുക.’ (യാക്കോ. 1:19) ഇനി, സംസാരിക്കാനുള്ള നിങ്ങളുടെ ഊഴം വരുമ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ നിങ്ങൾ ശരിക്കും ശ്രദ്ധിച്ചുകേൾക്കുന്നുണ്ടായിരുന്നു എന്നു വാക്കുകളിലൂടെയോ മറ്റോ പ്രകടമാക്കുക.

എന്നിരുന്നാലും, എല്ലാവരും നിങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി പറയില്ല എന്ന കാര്യം മനസ്സിലാക്കുക. ചിലർ ആശ്ചര്യദ്യോതകമായി പുരികം ഉയർത്തുകയോ ഒന്നു പുഞ്ചിരിക്കുകയോ മാത്രമായിരിക്കും ചെയ്യുക. ഉവ്വ്‌ അല്ലെങ്കിൽ ഇല്ല എന്ന രണ്ടക്ഷരങ്ങളിൽ ഒതുങ്ങുന്നതായിരിക്കും മറ്റു ചിലരുടെ പ്രതികരണം. നിരുത്സാഹപ്പെടരുത്‌. ക്ഷമ കാട്ടുക. നിർബന്ധിച്ചു സംസാരിപ്പിക്കാൻ ശ്രമിക്കരുത്‌. ശ്രദ്ധിക്കാൻ വ്യക്തി ഒരുക്കമാണെങ്കിൽ കെട്ടുപണി ചെയ്യുന്ന തിരുവെഴുത്ത്‌ ആശയങ്ങൾ പങ്കുവെക്കാൻ ആ അവസരം ഉപയോഗിക്കുക. ക്രമേണ അദ്ദേഹം നിങ്ങളെ ഒരു സുഹൃത്തായി കണ്ടേക്കാം. അപ്പോൾ ഒരുപക്ഷേ മനസ്സിലുള്ള കാര്യങ്ങൾ തുറന്നു ചർച്ചചെയ്യാൻ ആ വ്യക്തി ഒരുക്കം കാണിച്ചേക്കാം.

ആളുകളുമായി സംസാരിക്കവേ, ഭാവി മടക്കസന്ദർശനങ്ങൾക്കായി അടിത്തറ പാകാൻ ശ്രമിക്കുക. ഒരാൾ നിരവധി ചോദ്യങ്ങൾ ചോദിക്കുന്ന പക്ഷം ചിലതിന്‌ ഉത്തരം പറഞ്ഞിട്ട്‌ ഒന്നോ രണ്ടോ എണ്ണം അടുത്ത തവണ കണ്ടുമുട്ടുമ്പോൾ ചർച്ച ചെയ്യാനായി മാറ്റിവെക്കുക. ഗവേഷണം ചെയ്യാമെന്നു പറയുക. എന്നിട്ട്‌ അതിൽനിന്നു കിട്ടുന്ന വിവരങ്ങൾ അദ്ദേഹവുമായി പങ്കുവെക്കുക. അദ്ദേഹം ചോദ്യങ്ങൾ ഒന്നും ചോദിക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ താത്‌പര്യം ഉണർത്തുമെന്നു നിങ്ങൾക്കു തോന്നുന്ന ഒരു ചോദ്യം ചോദിച്ചുകൊണ്ടു സംഭാഷണം അവസാനിപ്പിക്കാവുന്നതാണ്‌. അത്‌ അടുത്ത സന്ദർശനത്തിൽ ചർച്ച ചെയ്യാമെന്നു പറയുക. തിരുവെഴുത്തുകളിൽ നിന്ന്‌ ന്യായവാദം ചെയ്യൽ എന്ന പുസ്‌തകത്തിലും ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയിലും വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ അടുത്തകാലത്തെ ലക്കങ്ങളിലും ഒട്ടേറെ ആശയങ്ങൾ കണ്ടെത്താൻ കഴിയും.

സഹവിശ്വാസികളുമായി സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ

യഹോവയുടെ സാക്ഷിയായ മറ്റൊരു വ്യക്തിയെ ആദ്യമായി കണ്ടുമുട്ടുമ്പോൾ നിങ്ങൾ മുൻകൈയെടുത്ത്‌ ആ വ്യക്തിയെ പരിചയപ്പെടാറുണ്ടോ? അതോ ഒന്നും മിണ്ടാതെ വെറുതെ നിൽക്കുകയാണോ ചെയ്യുന്നത്‌? സഹോദരങ്ങളോടുള്ള സ്‌നേഹം അവരെ പരിചയപ്പെടാനുള്ള ആഗ്രഹം തോന്നാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്‌. (യോഹ. 13:35) നിങ്ങൾക്ക്‌ എങ്ങനെ സംഭാഷണം തുടങ്ങാൻ കഴിയും? സ്വന്തം പേരു പറഞ്ഞിട്ട്‌ മറ്റേ വ്യക്തിയുടെ പേര്‌ എന്താണെന്നു ചോദിച്ചുകൊണ്ടു നിങ്ങൾക്കു തുടങ്ങാവുന്നതേയുള്ളൂ. സത്യം പഠിക്കാൻ ഇടയായത്‌ എങ്ങനെയെന്ന്‌ അന്വേഷിക്കുന്നതു സാധാരണഗതിയിൽ രസകരമായ ഒരു സംഭാഷണത്തിലേക്കു നയിക്കുകയും പരസ്‌പരം അറിയാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. ഒഴുക്കോടെ സംസാരിക്കാൻ കഴിയുന്നില്ലെങ്കിൽ പോലും അയാളുമായി സംസാരിക്കാൻ നിങ്ങൾ നടത്തുന്ന ശ്രമത്തിലൂടെ, മറ്റേ വ്യക്തിയെ കുറിച്ചു നിങ്ങൾ കരുതുന്നു എന്ന്‌ അയാൾക്കു കാണിച്ചുകൊടുക്കുന്നു. അതാണു പ്രധാനവും.

നിങ്ങളുടെ സഭയിലെ ഒരു അംഗവുമായി അർഥവത്തായ സംഭാഷണം നടത്തുന്നതിന്‌ എന്തു സഹായിക്കും? ആ വ്യക്തിയിലും അദ്ദേഹത്തിന്റെ കുടുംബത്തിലും ആത്മാർഥമായ താത്‌പര്യം പ്രകടമാക്കുക. യോഗം ഇപ്പോൾ തീർന്നതേയുള്ളോ? സഹായകമെന്നു നിങ്ങൾ കണ്ടെത്തിയ ആശയങ്ങളെ കുറിച്ച്‌ അഭിപ്രായം പറയുക. നിങ്ങൾ രണ്ടുകൂട്ടർക്കും അതു പ്രയോജനം ചെയ്യും. വീക്ഷാഗോപുരത്തിന്റെയോ ഉണരുക!യുടെയോ അടുത്തകാലത്തെ ഒരു ലക്കത്തിൽനിന്നുള്ള രസകരമായ ഒരു ആശയം നിങ്ങൾക്കു പങ്കുവെക്കാവുന്നതാണ്‌. ഇങ്ങനെ ചെയ്യുന്നത്‌ നിങ്ങളുടെ അറിവു മറ്റുള്ളവരെ കാണിക്കാനോ അറിവിന്റെ ഒരു പരിശോധന എന്ന നിലയിലോ ആയിരിക്കരുത്‌, മറിച്ച്‌ നിങ്ങൾക്കു വിശേഷാൽ ഇഷ്ടപ്പെട്ട ഒരു ആശയം പങ്കുവെക്കുക എന്ന ഉദ്ദേശ്യത്തിലായിരിക്കണം. നിങ്ങളിൽ ആർക്കെങ്കിലും ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ നിയമനം ഉണ്ടെങ്കിൽ അതേക്കുറിച്ചു സംസാരിക്കാനും അത്‌ എങ്ങനെ നടത്താം എന്നതു സംബന്ധിച്ച്‌ ആശയങ്ങൾ കൈമാറാനും കഴിയും. നിങ്ങൾക്കു വയൽശുശ്രൂഷയിലെ അനുഭവങ്ങൾ പങ്കിടാനും സാധിക്കും.

തീർച്ചയായും, ആളുകളിലുള്ള നമ്മുടെ താത്‌പര്യം പലപ്പോഴും അവരെ കുറിച്ചുള്ള, അവർ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളെ കുറിച്ചുള്ള, സംഭാഷണത്തിലേക്കു നയിക്കുന്നു. നർമവും നമ്മുടെ സംഭാഷണത്തിലെ ഒരു ഘടകമായിരുന്നേക്കാം. നാം പറയുന്ന കാര്യങ്ങൾ കെട്ടുപണി ചെയ്യുന്നത്‌ ആയിരിക്കുമോ? നാം ദൈവവചനത്തിലെ ബുദ്ധിയുപദേശം സർവാത്മനാ സ്വീകരിക്കുകയും നമ്മെ പ്രചോദിപ്പിക്കുന്ന ഘടകം ദൈവിക സ്‌നേഹം ആയിരിക്കുകയും ചെയ്യുമ്പോൾ നമ്മുടെ സംസാരം തീർച്ചയായും കെട്ടുപണി ചെയ്യുന്നത്‌ ആയിരിക്കും.​—സദൃ. 16:27, 28; എഫെ. 4:​25, 29; 5:​3, 4; യാക്കോ. 1:⁠26.

വയൽശുശ്രൂഷയിൽ ഏർപ്പെടുന്നതിനു മുമ്പ്‌ നാം തയ്യാറാകാറുണ്ട്‌. സൃഹുത്തുക്കളുമായുള്ള സംഭാഷണവേളയിൽ പങ്കുവെക്കാനായി രസകരമായ ഒരു നുറുങ്ങ്‌ തയ്യാറാകരുതോ? രസകരമായ കാര്യങ്ങൾ വായിക്കുകയും കേൾക്കുകയും ചെയ്യുമ്പോൾ, മറ്റുള്ളവരുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്ന ആശയങ്ങൾ മനസ്സിൽ കുറിച്ചിടുക. അങ്ങനെ ഒടുവിൽ, നിങ്ങൾക്കു തിരഞ്ഞെടുക്കാൻ ഇഷ്ടംപോലെ വിവരങ്ങൾ ആകും. നിങ്ങളുടെ സംസാരം ദിവസവും ചെയ്യുന്ന പതിവു കാര്യങ്ങളിൽ ഒതുങ്ങി നിൽക്കാതിരിക്കാൻ ഇതു സഹായിക്കും. സർവോപരി, നിങ്ങളുടെ സംസാരം ദൈവവചനം നിങ്ങൾക്ക്‌ എത്ര വിലപ്പെട്ടതാണ്‌ എന്നതിനു തെളിവു നൽകട്ടെ!​—സങ്കീ. 139:⁠17, NW.

സംഭാഷണത്തിനു തുടക്കമിടാൻ

  • നാട്ടുനടപ്പുകൾ അനുസരിക്കുക

  • വ്യക്തിയെ ആത്മാർഥമായി അഭിനന്ദിക്കുക

  • ഇരുകൂട്ടർക്കും താത്‌പര്യമുള്ള ഒരു കാര്യം പരാമർശിക്കുക

  • ഒരു വീക്ഷണചോദ്യം ചോദിക്കുക

സഹായകമായ ഗുണങ്ങൾ

  • ഒരു പ്രസന്ന മനോഭാവം

  • ഊഷ്‌മളതയും ആത്മാർഥതയും

  • ഉചിതമായ വ്യക്തിഗത താത്‌പര്യം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക