ജീവിതകഥ
കന്യാസ്ത്രീകൾ ആത്മീയസഹോദരിമാരായി മാറുന്നു
“എന്നോട് ഇനി നീ മിണ്ടണ്ട. നിന്റെ മതത്തെക്കുറിച്ച് എനിക്ക് ഒന്നും കേൾക്കണ്ട. അത് കേൾക്കുന്നത് എനിക്കു വെറുപ്പാ. എനിക്കു നിന്നോടും വെറുപ്പാ.” എന്റെ അനിയത്തി ആർസലി എന്നോട് വർഷങ്ങൾക്കു മുമ്പ് പറഞ്ഞ വാക്കുകളാണ് ഇത്. എനിക്ക് ഇപ്പോൾ 91 വയസ്സായി. എന്നാൽ ആ വാക്കുകൾ എന്നെ അന്ന് എത്ര മുറിപ്പെടുത്തിയെന്ന് ഞാൻ ഇപ്പോഴും ഓർക്കുന്നു. സഭാപ്രസംഗി 7:8 പറയുന്നത്, “ഒരു കാര്യത്തിന്റെ ആരംഭത്തെക്കാൾ അതിന്റെ അവസാനം നല്ലത്” എന്നാണ്. ഞങ്ങളുടെ കാര്യത്തിലും അത് അങ്ങനെതന്നെ സംഭവിച്ചു.—ഫെലീസ.
ഫെലീസ: വളരെ മതഭക്തിയുള്ള ഒരു കുടുംബത്തിലാണ് ഞാൻ വളർന്നുവന്നത്. വാസ്തവത്തിൽ ഞങ്ങളുടെ കുടുംബത്തിലെ 13 പേർ കത്തോലിക്കാസഭയിലെ പുരോഹിതന്മാരോ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രമുഖസ്ഥാനങ്ങളിൽ ഉള്ളവരോ ആയിരുന്നു. എന്റെ അമ്മയുടെ ഒരു അടുത്തബന്ധു കത്തോലിക്കാസ്കൂളിൽ പഠിപ്പിച്ചിരുന്ന ഒരു പുരോഹിതനായിരുന്നു. മരണശേഷം അദ്ദേഹത്തെ പോപ്പ് ജോൺ പോൾ രണ്ടാമൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഞങ്ങളുടേത് ഒരു എളിയ കുടുംബമായിരുന്നു. എന്റെ അച്ഛൻ ഒരു ഇരുമ്പുപണിക്കാരനായിരുന്നു, അമ്മ കൃഷിയിടങ്ങളിലും പണി ചെയ്തിരുന്നു. ഞങ്ങൾ എട്ടു മക്കളായിരുന്നു. ഞാനായിരുന്നു ഏറ്റവും മൂത്തയാൾ.
എനിക്കു 12 വയസ്സുള്ളപ്പോൾ സ്പെയിനിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. എന്റെ അച്ഛൻ വെച്ചുപുലർത്തിയിരുന്ന രാഷ്ട്രീയ ആശയങ്ങൾ ഗവണ്മെന്റിന് എതിരായിരുന്നതുകൊണ്ട് യുദ്ധത്തിനു ശേഷം അദ്ദേഹം ജയിലിലായി. ഞങ്ങൾക്കെല്ലാവർക്കും ആവശ്യത്തിനു ഭക്ഷണം കണ്ടെത്തുക എന്നത് അമ്മയ്ക്കു വലിയ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് അമ്മ എന്റെ അനിയത്തിമാരായ ആർസലിയെയും ലൗറിയെയും റമോണിയെയും സ്പെയിനിലുള്ള ബിൽബാവോയിലെ ഒരു മഠത്തിലേക്കു വിട്ടു. അവിടെ അവർക്ക് ആവശ്യത്തിന് ഭക്ഷണമെങ്കിലും കിട്ടുമായിരുന്നു.
ആർസലി: ഞങ്ങളെ മഠത്തിലാക്കിയ സമയത്ത് എനിക്ക് 14-ഉം ലൗറിക്ക് 12-ഉം റമോണിക്ക് 10-ഉം ആയിരുന്നു പ്രായം. വീട്ടിൽനിന്നു മാറി നിന്നത് ഞങ്ങൾക്ക് വളരെ സങ്കടമായിരുന്നു. അവിടെ ഞങ്ങളുടെ ജോലി ശുചീകരണമായിരുന്നു. രണ്ടു വർഷത്തിനു ശേഷം കന്യാസ്ത്രീകൾ സറഗോസയിലെ പ്രായമായവരെ ശുശ്രൂഷിക്കുന്ന ഒരു വലിയ മഠത്തിലേക്കു ഞങ്ങളെ മാറ്റി. അവിടെ ഞങ്ങളുടെ ജോലി അടുക്കള വൃത്തിയാക്കലായിരുന്നു, കൗമാരത്തിലായിരുന്ന ഞങ്ങളെ തളർത്തിക്കളയുന്ന ഒന്ന്.
ഫെലീസ: അനിയത്തിമാരെ സറഗോസയിലേക്കു മാറ്റിയപ്പോൾ അമ്മയും ഇടവകയിലെ പുരോഹിതനായിരുന്ന ഒരു അമ്മാവനും കൂടെ എന്നെ ജോലിക്കായി അതേ മഠത്തിലേക്കു വിടാൻ തീരുമാനിച്ചു. എന്നോട് താത്പര്യം കാണിച്ച ഒരു പയ്യനിൽനിന്ന് എന്നെ അകറ്റി നിറുത്താനായിരുന്നു അത്. ഒരു മതഭക്തയായിരുന്നതുകൊണ്ട് കുറച്ചുനാളത്തേക്ക് മഠത്തിൽ താമസിക്കാൻ അവസരം കിട്ടിയത് എനിക്ക് ഇഷ്ടമായി. ഞാൻ എല്ലാ ദിവസവും കുർബാന കൂടുമായിരുന്നു. ആഫ്രിക്കയിലുള്ള എന്റെ ഒരു ബന്ധുവിനെപ്പോലെ ഒരു മിഷനറി ആയാലോ എന്നുപോലും ഞാൻ ചിന്തിച്ചു.
സറഗോസയിലെ മഠം (ഇടത്ത്), നാകാർ-കൊളംഗാ ഭാഷാന്തരം ബൈബിൾ (വലത്ത്)
ഞാൻ ചെയ്യാൻ ആഗ്രഹിച്ച പലതും മഠത്തിൽവെച്ച് ചെയ്യാൻ കഴിയില്ലെന്ന് എനിക്കു മനസ്സിലായി. മറ്റൊരു രാജ്യത്തു പോയി ദൈവത്തെ സേവിക്കാനുള്ള എന്റെ ആഗ്രഹത്തെ അവിടത്തെ കന്യാസ്ത്രീകൾ ഒരുവിധത്തിലും പ്രോത്സാഹിപ്പിച്ചില്ല. അതുകൊണ്ട് ഒരു വർഷത്തിനു ശേഷം, പുരോഹിതനായിരുന്ന എന്റെ അമ്മാവനെ ശുശ്രൂഷിക്കാമെന്നുകരുതി ഞാൻ തിരിച്ച് വീട്ടിലേക്കു പോയി. അവിടെ ഞാൻ അമ്മാവന്റെ വീട്ടുകാര്യങ്ങളൊക്കെ നോക്കിനടത്തി. വൈകുന്നേരങ്ങളിൽ ഞങ്ങൾ ഒരുമിച്ചിരുന്ന് കൊന്ത ചൊല്ലുമായിരുന്നു. അതുപോലെ, പള്ളിയിലെ അലങ്കാരപ്പണികൾ ചെയ്യാനും മറിയയുടെയും മറ്റ് “വിശുദ്ധരുടെയും” പ്രതിമകൾ ഒരുക്കാനും ഒക്കെ എനിക്കു വളരെ ഇഷ്ടമായിരുന്നു.
ആർസലി: സറഗോസയിലായിരുന്നപ്പോൾ, ഞാൻ ഒരു കന്യാസ്ത്രീയാകാനുള്ള പ്രഥമ പ്രതിജ്ഞയെടുത്തു. അതു കഴിഞ്ഞപ്പോൾ അവിടത്തെ കന്യാസ്ത്രീകൾ എന്നെയും അനിയത്തിമാരെയും പല സ്ഥലങ്ങളിലേക്കു വിടാൻ തീരുമാനിച്ചു. അവർ എന്നെ മഡ്രിഡിലുള്ള ഒരു മഠത്തിലേക്കും ലൗറിയെ വലെൻസിയയിലുള്ള ഒരു മഠത്തിലേക്കും വിട്ടു. റമോണി സറഗോസയിൽത്തന്നെ തുടർന്നു. മഡ്രിഡിൽവെച്ച് ഞാൻ ഒരു കന്യാസ്ത്രീയാകാനുള്ള രണ്ടാംകൂട്ടം പ്രതിജ്ഞയെടുത്തു. കുട്ടികളും പ്രായമായവരും ഒക്കെ ആ മഠത്തിൽ താമസിക്കാൻ വരുമായിരുന്നു. അതുകൊണ്ട് അവിടെ ചെയ്യാൻ ഒരുപാട് ജോലികളുണ്ടായിരുന്നു. ഞാൻ മഠത്തിന്റെ ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്.
സത്യത്തിൽ, കന്യാസ്ത്രീയായിക്കഴിഞ്ഞാൽ ആത്മീയമായി എനിക്കു പല പ്രയോജനങ്ങൾ കിട്ടുമെന്നാണ് ഞാൻ കരുതിയത്. അതായത് ബൈബിൾ വായിക്കാനും പഠിക്കാനും ഒക്കെ കുറെ സമയം കിട്ടുമെന്ന്. എന്നാൽ കാര്യങ്ങൾ അങ്ങനെയൊന്നുമായിരുന്നില്ല. അവിടെ ആരും ബൈബിൾ ഉപയോഗിക്കില്ലായിരുന്നെന്നു മാത്രമല്ല, ദൈവത്തെയോ യേശുവിനെയോ കുറിച്ച് സംസാരിക്കുക പോലുമില്ലായിരുന്നു. അവിടെവെച്ച് ഞാൻ ചെയ്തത്, കുറച്ച് ലാറ്റിൻ പഠിച്ചു, “വിശുദ്ധന്മാരുടെ” ജീവിതത്തെക്കുറിച്ച് പഠിച്ചു, മറിയയെ ആരാധിച്ചു, ഇതൊക്കെയാണ്. ബാക്കിയെല്ലാം നല്ല അധ്വാനം ഉൾപ്പെടുന്ന ജോലികളായിരുന്നു.
എനിക്കെന്തോ വല്ലാത്ത ഉത്കണ്ഠ തോന്നിത്തുടങ്ങി. മഠത്തിൽ പണി ചെയ്ത് മറ്റുള്ളവരെ കാശുകാരാക്കുന്നതിനു പകരം സ്വന്തം കുടുംബത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് എനിക്കു തോന്നി. അങ്ങനെ ഞാൻ ഇക്കാര്യം മഠത്തിലമ്മയോട് സംസാരിച്ചു. എനിക്ക് അവിടെനിന്നു പോകണമെന്ന് ഞാൻ പറഞ്ഞു. എന്നാൽ അവർ എന്നെ ഒരു മുറിയിലിട്ട് പൂട്ടുകയാണ് ചെയ്തത്. അങ്ങനെയെങ്കിലും എന്റെ തീരുമാനം മാറുമെന്ന് അവർ വിചാരിച്ചു.
പിന്നീട് മുറിയിൽനിന്ന് പുറത്തിറക്കിയശേഷം തീരുമാനത്തിന് മാറ്റമുണ്ടോ എന്ന് അവർ എന്നോടു ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ എന്നെ വീണ്ടും പൂട്ടിയിട്ടു. അങ്ങനെ മൂന്നുതവണ എന്നെ പൂട്ടിയിട്ടിട്ടും തീരുമാനത്തിനു മാറ്റമൊന്നുമില്ലെന്ന് മനസ്സിലായപ്പോൾ, “ദൈവത്തെ സേവിക്കുന്നതിനെക്കാൾ സാത്താനെ സേവിക്കാനാണ് എനിക്ക് ഇഷ്ടം. അതുകൊണ്ട് ഞാൻ പോകുന്നു” എന്ന് എഴുതിക്കൊടുത്താൽ എനിക്ക് അവിടെനിന്നു പോകാമെന്ന് അവർ പറഞ്ഞു. അതു കേട്ട ഞാൻ ഞെട്ടിപ്പോയി. എനിക്ക് അവിടംവിട്ടു പോകണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും അങ്ങനെ എഴുതിക്കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. അവസാനം, എനിക്ക് കുമ്പസാരിക്കണമെന്ന് ഞാൻ പറഞ്ഞു. കാര്യങ്ങളെല്ലാം ഞാൻ പുരോഹിതനോട് പറഞ്ഞു. അങ്ങനെ അദ്ദേഹം എന്നെ സറഗോസയിലെ മഠത്തിലേക്കു വിടാനുള്ള അനുമതി ബിഷപ്പിൽനിന്ന് വാങ്ങി. കുറച്ചു മാസം സറഗോസയിൽ നിന്നശേഷം എന്നെ വീട്ടിൽ പോകാൻ അനുവദിച്ചു. അധികംവൈകാതെതന്നെ, ലൗറിയും റമോണിയും മഠം വിട്ടുപോന്നു.
ഞങ്ങളെ ഭിന്നിപ്പിച്ച പുസ്തകം
ഫെലീസ
ഫെലീസ: താമസിയാതെ വിവാഹിതയായ ഞാൻ സ്പെയിനിലെ കന്റാബ്രിയയിലേക്കു പോയി അവിടെ താമസമാക്കി. അവിടെ ചെന്നശേഷവും ഞാൻ പതിവായി പള്ളിയിൽ പോകുമായിരുന്നു. ഒരു ഞായറാഴ്ച വേദിയിൽനിന്നുകൊണ്ട് പുരോഹിതൻ നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകം കാണിച്ചിട്ട് അപ്രതീക്ഷിതമായി ഒരു അറിയിപ്പ് നടത്തി: “ഈ പുസ്തകം കണ്ടോ, ആരെങ്കിലും ഇത് നിങ്ങൾക്കു തന്നാൽ ഒന്നുകിൽ എന്റെ കൈയിൽ തരണം അല്ലെങ്കിൽ എറിഞ്ഞുകളഞ്ഞേക്കണം.”
ആ പുസ്തകം ഞാൻ കണ്ടിട്ടില്ലായിരുന്നു, പക്ഷേ ഇത് കേട്ടപ്പോൾ അത് അപ്പോൾത്തന്നെ എനിക്ക് കിട്ടണമെന്നായി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ യഹോവയുടെ സാക്ഷികളായ രണ്ട് സ്ത്രീകൾ എന്റെ വീട്ടിൽ വന്നു. അവർ എനിക്ക് ആ പുസ്തകം തന്നു. അന്നു രാത്രിതന്നെ ഞാൻ അതു വായിച്ചുതീർത്തു. അവർ വീണ്ടും വന്നപ്പോൾ ബൈബിൾ പഠിക്കാൻ ഇഷ്ടമാണോ എന്ന് ചോദിച്ചു. ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞു.
‘വിലക്കപ്പെട്ട’ പുസ്തകം
ദൈവത്തിന് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനാണ് ഞാൻ എപ്പോഴും ആഗ്രഹിച്ചത്. അങ്ങനെയിരിക്കെയാണ് ഞാൻ യഹോവയെക്കുറിച്ചുള്ള സത്യം പഠിക്കാൻ തുടങ്ങിയത്. അത് യഹോവയെ ആഴമായി സ്നേഹിക്കാൻ എന്നെ പ്രേരിപ്പിച്ചു. എല്ലാവരോടും യഹോവയെക്കുറിച്ച് പറയണമെന്ന് എനിക്ക് തോന്നി. 1973-ൽ ഞാൻ സ്നാനമേറ്റു. കിട്ടുന്ന അവസരങ്ങളിലെല്ലാം ഞാൻ വീട്ടുകാരോട് സത്യത്തെക്കുറിച്ച് പറയുമായിരുന്നു. എന്നാൽ ഞാൻ വിശ്വസിക്കുന്നതൊക്കെ തെറ്റാണെന്ന വാദത്തിൽത്തന്നെ വീട്ടുകാർ ഉറച്ചുനിന്നു, പ്രത്യേകിച്ച് അനിയത്തി ആർസലി.
ആർസലി: മഠത്തിൽവെച്ച് മോശമായ പെരുമാറ്റത്തിന് ഇരയായതുകൊണ്ട് മതത്തെക്കുറിച്ച് ഓർത്തപ്പോൾ എനിക്കു ദേഷ്യവും സങ്കടവും ഒക്കെ വന്നു. എങ്കിലും എല്ലാ ഞായറാഴ്ചകളിലും പള്ളിയിൽ പോകുകയും ദിവസവും കൊന്ത ചൊല്ലുകയും ചെയ്യുമായിരുന്നു. അപ്പോഴും ബൈബിൾ മനസ്സിലാക്കണമെന്നായിരുന്നു എന്റെ ആഗ്രഹം, അതിനുവേണ്ടി ഞാൻ പ്രാർഥിക്കുകയും ചെയ്തു. ഫെലീസ പഠിച്ച കാര്യങ്ങളൊക്കെ എന്നോടു പറഞ്ഞു. അതു പറയുമ്പോഴുള്ള അവളുടെ ആവേശം കണ്ടപ്പോൾ എനിക്കു തോന്നി അവൾ ഒരു തീവ്രവാദിയായെന്ന്. ചേച്ചി പറഞ്ഞതിനോടൊന്നും ഞാൻ യോജിച്ചില്ല.
ആർസലി
പിന്നീട്, ഞാൻ ജോലിക്കായി മഡ്രിഡിലേക്ക് പോയി. അവിടെവെച്ച് ഞാൻ കല്ല്യാണം കഴിച്ചു. സ്ഥിരമായി പള്ളിയിൽ പോകുന്ന പലരും യേശു പറഞ്ഞതനുസരിച്ചൊന്നുമല്ല ജീവിക്കുന്നതെന്ന് കാലാന്തരത്തിൽ എനിക്ക് മനസ്സിലായി. അതുകൊണ്ട് ഞാൻ പള്ളിയിൽപോക്ക് നിറുത്തി. ‘വിശുദ്ധന്മാരിലും’ നരകാഗ്നിയിലും കുമ്പസാരത്തിലും ഞാൻ വിശ്വസിക്കാതെയായി. എന്റെ കൈയിൽ ഉണ്ടായിരുന്ന വിഗ്രഹങ്ങളെല്ലാം ഞാൻ കളഞ്ഞു. ഞാൻ ആ ചെയ്തതൊക്കെ ശരിയാണോ എന്ന് എനിക്ക് അറിയില്ലായിരുന്നു. എനിക്ക് ആകെ വിഷമമായി, എങ്കിലും “എനിക്ക് അങ്ങയെ അറിയാൻ ആഗ്രഹമുണ്ട്, എന്നെ സഹായിക്കേണമേ” എന്ന് ദൈവത്തോട് പ്രാർഥിക്കുന്നത് ഞാൻ നിറുത്തിയില്ല. യഹോവയുടെ സാക്ഷികൾ പല തവണ എന്റെ കതകിൽ മുട്ടിയത് എനിക്ക് ഓർമയുണ്ട്, പക്ഷേ അപ്പോഴൊന്നും ഞാൻ കതക് തുറന്നില്ല. എനിക്ക് ഒരു മതത്തിലും വിശ്വാസമില്ലായിരുന്നു.
എന്റെ അനിയത്തി ലൗറി ഫ്രാൻസിലും റമോണി സ്പെയിനിലും ആണ് താമസിച്ചിരുന്നത്. 1980-കളുടെ തുടക്കത്തിൽ അവർ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി. ഫെലീസയെപ്പോലെ അവരും വഴിതെറ്റിക്കപ്പെട്ടെന്ന് എനിക്കു തോന്നി. പിന്നെ ഞാൻ എന്റെ അയൽക്കാരി ആൻജലീനസിനെ പരിചയപ്പെട്ടു. ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി. ആൻജലീനസ് ഒരു യഹോവയുടെ സാക്ഷിയായിരുന്നു. ആൻജലീനസും ഭർത്താവും എനിക്കു ബൈബിൾ പഠിക്കാൻ ഇഷ്ടമാണോ എന്ന് പലവട്ടം ചോദിച്ചു. മതത്തിൽ താത്പര്യമില്ലെന്ന് ഞാൻ പറയുമായിരുന്നെങ്കിലും ബൈബിളിനെക്കുറിച്ച് അറിയാൻ എനിക്ക് ആഗ്രഹമുണ്ടെന്ന് അവർക്കു മനസ്സിലായി. അവസാനം ഞാൻ പറഞ്ഞു: “എന്റെ ബൈബിൾ ഉപയോഗിച്ച് പഠിക്കാനാണെങ്കിൽ മാത്രം ഞാൻ സമ്മതിക്കാം.” എന്റെ കൈയിൽ നാകാർ-കൊളംഗാ ഭാഷാന്തരം ബൈബിളുണ്ടായിരുന്നു.
ഒടുവിൽ ബൈബിൾ ഞങ്ങളെ ഒന്നിപ്പിക്കുന്നു
ഫെലീസ: 1973-ൽ ഞാൻ സ്നാനമേറ്റ കാലത്ത് കന്റാബ്രിയയുടെ തലസ്ഥാനമായ സാന്റാന്ററിൽ ഏകദേശം 70 സാക്ഷികൾ ഉണ്ടായിരുന്നു. കന്റാബ്രിയയിലുള്ള നൂറുകണക്കിനു ഗ്രാമങ്ങളിലുള്ള എല്ലാവരെയും സുവാർത്ത അറിയിക്കണമെങ്കിൽ ഞങ്ങൾക്കു കുറെ ദൂരം യാത്ര ചെയ്യണമായിരുന്നു. അതുകൊണ്ട് ഞങ്ങൾ ആദ്യം ബസ്സിൽ ചെന്ന് ഇറങ്ങും, പിന്നെ അടുത്തുള്ള ഗ്രാമങ്ങളിലേക്കു കാറിൽ പോകും.
ബൈബിൾ പഠിക്കാൻ ഞാൻ പലരെയും സഹായിച്ചു, അതിൽ 11 പേർ സ്നാനമേൽക്കുകയും ചെയ്തു. പഠിച്ചവരിൽ മിക്കവരും കത്തോലിക്കരായിരുന്നു. അവരോട് ക്ഷമയോടെ ഇടപെടണമായിരുന്നു. കാരണം, വിശ്വസിച്ചിരുന്ന കാര്യങ്ങളൊക്കെ തെറ്റാണെന്ന് മനസ്സിലാക്കാൻ എന്നെപ്പോലെതന്നെ അവർക്കും സമയം വേണമായിരുന്നു. ബൈബിളിനും യഹോവയുടെ പരിശുദ്ധാത്മാവിനും മാത്രമേ ഒരാളുടെ ചിന്തകൾക്കു മാറ്റം വരുത്താനും സത്യം മനസ്സിലാക്കാൻ അയാളെ സഹായിക്കാനും കഴിയൂ എന്ന് എനിക്ക് അറിയാമായിരുന്നു. (എബ്രാ. 4:12) പോലീസുകാരനായിരുന്ന എന്റെ ഭർത്താവ് ബീൻവെനിഡോ 1979-ൽ സ്നാനമേറ്റു. മരിക്കുന്നതിനു മുമ്പ് അമ്മയും ബൈബിൾ പഠിക്കാൻ തുടങ്ങിയിരുന്നു.
ആർസലി: ബൈബിൾപഠനം തുടങ്ങിയ കാലത്ത് യഹോവയുടെ സാക്ഷികൾ വിശ്വസിക്കാൻ കൊള്ളാവത്തവരാണെന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ കുറച്ചു നാൾ കഴിഞ്ഞപ്പോൾ അത്തരം ചിന്തകളെല്ലാം മാറി. സാക്ഷികൾ ബൈബിൾ പഠിപ്പിക്കുന്നവർ മാത്രമല്ല അത് അനുസരിക്കുന്നവരും ആണ്. യഹോവയിലും ബൈബിളിലും ഉള്ള എന്റെ വിശ്വാസം കൂടിക്കൂടിവന്നു, അതോടൊപ്പം എന്റെ സന്തോഷവും. അയൽക്കാരിൽ ചിലർ എനിക്കു വന്ന മാറ്റം കണ്ടിട്ട് ഇങ്ങനെ പറഞ്ഞു, “ആർസലീ, നീ തിരഞ്ഞെടുത്ത വഴിയേതന്നെ പൊയ്ക്കോ!”
“എന്നെ ഉപേക്ഷിക്കാതെ ബൈബിളിനെക്കുറിച്ചുള്ള സത്യം മനസ്സിലാക്കാൻ പല അവസരങ്ങൾ തന്നതിന് യഹോവേ നന്ദി” എന്ന് പറഞ്ഞുകൊണ്ട് ഞാൻ പ്രാർഥിക്കുമായിരുന്നു. മോശമായി സംസാരിച്ചതിന് ഞാൻ ഫെലീസയോടു ക്ഷമ ചോദിക്കുകയും ചെയ്തു. അന്നുമുതൽ തർക്കിക്കുന്നതിനു പകരം ഞങ്ങൾ സന്തോഷത്തോടെ ബൈബിളിനെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. 1989-ൽ ഞാൻ സ്നാനമേറ്റു, എന്റെ 61-ാം വയസ്സിൽ.
ഫെലീസ: എനിക്ക് ഇപ്പോൾ 91 വയസ്സായി. എന്റെ ഭർത്താവ് മരിച്ചു. മുമ്പത്തെപ്പോലെയൊന്നും ഇപ്പോൾ ചെയ്യാൻ പറ്റുന്നില്ല. എങ്കിലും എല്ലാ ദിവസവും ഞാൻ ബൈബിൾ വായിക്കും. സാധ്യമാകുമ്പോഴെല്ലാം യോഗങ്ങൾക്കും വയൽശുശ്രൂഷയ്ക്കും പോകുകയും ചെയ്യും.
ആർസലി: ഒരു കന്യാസ്ത്രീയായിരുന്നതുകൊണ്ടാണെന്നു തോന്നുന്നു കണ്ടുമുട്ടുന്ന എല്ലാ പുരോഹിതന്മാരോടും കന്യാസ്ത്രീകളോടും യഹോവയെക്കുറിച്ചു സംസാരിക്കാൻ എനിക്കു വലിയ ഇഷ്ടമാണ്. അവരിൽ ചിലരുമായി രസകരമായ സംഭാഷണങ്ങൾ നടത്താൻ എനിക്കായിട്ടുണ്ട്. പലരും മാസികകളും പുസ്തകങ്ങളും സ്വീകരിച്ചിട്ടുമുണ്ട്. ഒരു പുരോഹിതന്റെ കാര്യം ഞാൻ പ്രത്യേകം ഓർക്കുന്നു. കുറച്ചു തവണ അദ്ദേഹവുമായി സംസാരിച്ച് കഴിഞ്ഞപ്പോൾ ഞാൻ പറയുന്നതിനോട് അദ്ദേഹം യോജിച്ചു. അദ്ദേഹം പറഞ്ഞു: “ഈ പ്രായത്തിൽ ഞാൻ എന്തു ചെയ്യാനാ? ഇടവകക്കാരും കുടുംബക്കാരും ഒക്കെ എന്തു പറയും?” അപ്പോൾ ഞാൻ ചോദിച്ചു: “ദൈവം എന്തു പറയും എന്നു ചിന്തിച്ചോ?” ഞാൻ പറഞ്ഞത് ശരിയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹത്തിന്റെ മുഖത്തെ സങ്കടം എനിക്കു കാണാനായി. പക്ഷേ മാറ്റം വരുത്താനുള്ള ധൈര്യം അദ്ദേഹത്തിനില്ലായിരുന്നു.
എന്റെകൂടെ യോഗത്തിനു വരണമെന്ന് ഭർത്താവ് പറഞ്ഞത് ഞാൻ ഒരിക്കലും മറക്കില്ല. ആ സമയത്ത് 80-നു മേൽ പ്രായമുണ്ടായിരുന്നെങ്കിലും അതിനു ശേഷം അദ്ദേഹം ഒറ്റ യോഗംപോലും മുടക്കിയില്ല. അദ്ദേഹം ബൈബിൾ പഠിക്കുകയും പ്രസംഗപ്രവർത്തനം തുടങ്ങുകയും ചെയ്തു. ശുശ്രൂഷയിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ അനേകം മധുരസ്മരണകൾ എനിക്കുണ്ട്. സ്നാനപ്പെടുന്നതിനു രണ്ടു മാസം മുമ്പ് അദ്ദേഹം മരണമടഞ്ഞു.
ഫെലീസ: യഹോവയെ സേവിക്കാൻ തുടങ്ങിയപ്പോൾ എന്റെ മൂന്ന് അനിയത്തിമാരും എന്നെ എതിർത്തു. എന്നാൽ പിന്നീട് അവരും സത്യം സ്വീകരിച്ചു. എന്റെ ജീവിതത്തിൽ നടന്നിട്ടുള്ളതിൽവെച്ച് ഏറ്റവും നല്ലൊരു കാര്യമായിരുന്നു അത്. ഒരുമിച്ചിരുന്ന് സ്നേഹവാനായ യഹോവയെക്കുറിച്ചും അവിടുത്തെ വചനത്തെക്കുറിച്ചും സംസാരിക്കുന്നത് ഞങ്ങൾക്ക് എത്ര ഇഷ്ടമാണെന്നോ! അങ്ങനെ ഞങ്ങൾ ആത്മീയസഹോദരിമാർ ആയി മാറി.a
a ഇപ്പോൾ ആർസലിക്ക് 87-ഉം ഫെലീസയ്ക്ക് 91-ഉം റമോണിക്ക് 83-ഉം ആണ് പ്രായം. അവർ ഇപ്പോഴും യഹോവയെ വിശ്വസ്തമായി സേവിക്കുന്നു. ലൗറി 1990-ൽ മരിച്ചു. മരിക്കുന്നതുവരെ ലൗറി യഹോവയോടു വിശ്വസ്തയായിരുന്നു.