വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 29 പേ. 181-പേ. 185 ഖ. 3
  • ശബ്ദഗുണം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ശബ്ദഗുണം
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • ശബ്ദമെച്ചപ്പെടുത്തലും മൈക്കിന്റെ ഉപയോഗവും
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • ശ്വാസകോശങ്ങൾ—രൂപകൽപ്പനയിലെ ഒരു അത്ഭുതം
    ഉണരുക!—1992
  • വാക്കുകൾ വ്യക്തമായി പറയൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • ‘അപരിചിതരുടെ സ്വര’ത്തിനെതിരെ ജാഗ്രത പാലിക്കുക
    2004 വീക്ഷാഗോപുരം
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 29 പേ. 181-പേ. 185 ഖ. 3

പാഠം 29

ശബ്ദഗുണം

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

നിങ്ങളുടെ ശബ്ദം മെച്ചപ്പെടുത്തുക. ഇതു മറ്റാരെയെങ്കിലും അനുകരിച്ചുകൊണ്ടല്ല, പകരം ശരിയായി ശ്വാസോച്ഛ്വാസം ചെയ്‌തും മുറുകിയ മാംസപേശികൾക്ക്‌ അയവുവരുത്തിയുംകൊണ്ടു വേണം ചെയ്യാൻ.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

ശബ്ദഗുണം നന്നായിരിക്കുന്നത്‌, പിരിമുറുക്കം ഇല്ലാതിരിക്കാനും നിങ്ങൾ പറയുന്നതു സന്തോഷത്തോടെ കേൾക്കാനും മറ്റുള്ളവരെ സഹായിക്കുന്നു. ശബ്ദഗുണം മോശമായിരിക്കുന്നത്‌ ആശയവിനിമയത്തിനു തടസ്സം സൃഷ്ടിക്കുന്നു. അതു പ്രസംഗകനെയും സദസ്സിനെയും നിരാശപ്പെടുത്തിയേക്കാം.

എന്തു പറയുന്നു എന്നതു മാത്രമല്ല, എങ്ങനെ പറയുന്നു എന്നതും ആളുകളെ വളരെയേറെ സ്വാധീനിക്കുന്നു. നിങ്ങളോടു സംസാരിക്കുന്ന ഒരു വ്യക്തിക്ക്‌ സുഖകരവും ഊഷ്‌മളവും സൗഹാർദവും ദയാവായ്‌പോടു കൂടിയതുമായ ഒരു ശബ്ദമാണ്‌ ഉള്ളതെന്നിരിക്കട്ടെ. അദ്ദേഹത്തിന്റെ ശബ്ദം നിർവികാരമോ പരുഷമോ ആണെങ്കിൽ ശ്രദ്ധിക്കുമായിരുന്നതിനെക്കാൾ അനുകൂലമായി ശ്രദ്ധിക്കാൻ നിങ്ങൾ ചായ്‌വു കാണിക്കില്ലേ?

അഭികാമ്യമായ ശബ്ദഗുണം വളർത്തിയെടുക്കുന്നത്‌ സ്വനതന്ത്ര ഘടകങ്ങളെ (നമ്മുടെ ശബ്ദത്തിന്റെ ഉത്‌പാദനത്തെ നിയന്ത്രിക്കുന്ന സാങ്കേതിക വശങ്ങൾ) മാത്രം ആശ്രയിച്ചിരിക്കുന്ന ഒരു സംഗതിയല്ല. ഒരുവന്റെ വ്യക്തിത്വത്തിനും അതിൽ ഒരു പങ്കുണ്ടായിരുന്നേക്കാം. ഒരു വ്യക്തി ബൈബിൾ സത്യത്തെ കുറിച്ചുള്ള അറിവിലും അതനുസരിച്ചു പ്രവർത്തിക്കുന്നതിലും പുരോഗതി വരുത്തവേ അദ്ദേഹത്തിന്റെ സംസാരരീതിയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങുന്നു. സ്‌നേഹം, സന്തോഷം, ദയ തുടങ്ങിയ ദൈവിക ഗുണങ്ങൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ പ്രതിഫലിക്കും. (ഗലാ. 5:​22, 23) മറ്റുള്ളവരോട്‌ അദ്ദേഹത്തിന്‌ ആത്മാർഥമായ താത്‌പര്യം തോന്നുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ അതു നിഴലിക്കും. എപ്പോഴും പരാതിപറയുന്ന മനോഭാവം ഉണ്ടായിരുന്നിടത്ത്‌ ഒരു കൃതജ്ഞതാ മനോഭാവം സ്ഥാനം പിടിക്കുമ്പോൾ പറയുന്ന വാക്കുകളും സ്വരവും അതു വെളിവാക്കുന്നു. (വിലാ. 3:39-42, പി.ഒ.സി. ബൈ.; 1 തിമൊ. 1:​12, പി.ഒ.സി. ബൈ.; യൂദാ 16) ഭാഷ മനസ്സിലാകുന്നില്ലെങ്കിൽ പോലും, ഒരാളുടെ ശബ്ദത്തിൽ ധിക്കാരം, അസഹിഷ്‌ണുത, വിമർശനഭാവം, പാരുഷ്യം എന്നിവയും മറ്റൊരാളുടെ ശബ്ദത്തിൽ താഴ്‌മ, ക്ഷമ, ദയ, സ്‌നേഹം എന്നിവയും ധ്വനിക്കുന്നെങ്കിൽ വ്യത്യാസം തിരിച്ചറിയാൻ നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകില്ല.

ചിലരുടെ കാര്യത്തിൽ ശബ്ദഗുണം മോശമായിരിക്കുന്നത്‌ എന്തെങ്കിലും രോഗം വന്ന്‌ സ്വനപേടകത്തിനു കേടു സംഭവിച്ചതിനാലാകാം. അല്ലെങ്കിൽ അതിനു പാരമ്പര്യമായിത്തന്നെ ഘടനാപരമായ എന്തെങ്കിലും തകരാറ്‌ ഉള്ളതുകൊണ്ടാകാം. അത്തരം ചില പ്രശ്‌നങ്ങൾ ഈ വ്യവസ്ഥിതിയിൽ പൂർണമായി ഭേദമാക്കാൻ കഴിയാത്തത്ര ഗുരുതരമായിരുന്നേക്കാം. എന്നിരുന്നാലും, ഭാഷണ അവയവങ്ങൾ ശരിയായി ഉപയോഗിക്കാൻ പഠിക്കുന്നതിലൂടെ സാധാരണഗതിയിൽ പുരോഗതി കൈവരിക്കാൻ കഴിയും.

ആദ്യംതന്നെ, ശബ്ദസവിശേഷതകൾ ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കുന്നതു പ്രധാനമാണ്‌. മറ്റാരെയെങ്കിലും അനുകരിച്ചുകൊണ്ട്‌ ശബ്ദം അതുപോലെ മാറ്റിയെടുക്കുക എന്നതായിരിക്കരുത്‌ നിങ്ങളുടെ ലക്ഷ്യം. പകരം നിങ്ങളുടെ സ്വന്തം ശബ്ദം അതിന്റെ വ്യതിരിക്ത സവിശേഷതകൾ സഹിതം മെച്ചപ്പെടുത്തിയെടുക്കാനുള്ള സാധ്യതകളെ കുറിച്ചു പരിചിന്തിക്കുക. ഇപ്രകാരം ചെയ്യുന്നതിനു നിങ്ങളെ എന്തു സഹായിക്കും? മുഖ്യമായും രണ്ടു സംഗതികൾ അനിവാര്യമാണ്‌.

ശരിയായി ശ്വാസോച്ഛ്വാസം ചെയ്യുക. ശബ്ദത്തിന്റെ ഉപയോഗത്തിൽ ഏറ്റവും മികച്ച ഫലം ലഭിക്കാൻ വേണ്ടത്ര വായു ലഭ്യമായിരിക്കണം. മാത്രമല്ല, ശരിയായ ശ്വാസനിയന്ത്രണവും ആവശ്യമാണ്‌. ഇവ രണ്ടും ഇല്ലെങ്കിൽ നിങ്ങളുടെ ശബ്ദം ദുർബലവും അവതരണം മുറിഞ്ഞു മുറിഞ്ഞുള്ളതും ആയിരുന്നേക്കാം.

ശ്വാസകോശങ്ങളുടെ ഏറ്റവും വിസ്‌താരമുള്ള ഭാഗം നെഞ്ചിന്റെ മുകൾഭാഗത്തല്ല. തോളെല്ലുകൾ നിമിത്തം നെഞ്ചിന്റെ മുകൾഭാഗം വലിപ്പക്കൂടുതൽ ഉള്ളതായി കാണപ്പെടുന്നുവെന്നേ ഉള്ളൂ. പകരം, ശ്വാസകോശങ്ങളുടെ ഏറ്റവും വിസ്‌താരമുള്ള ഭാഗം ഡയഫ്രത്തിനു തൊട്ടുമുകളിലാണു സ്ഥിതി ചെയ്യുന്നത്‌. അടിയിലത്തെ വാരിയെല്ലുകളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഡയഫ്രം നെഞ്ചിനെ ഉദരത്തിൽനിന്നു വേർതിരിക്കുന്നു.

ശ്വാസം ഉള്ളിലേക്ക്‌ എടുക്കുമ്പോൾ നിങ്ങളുടെ ശ്വാസകോശങ്ങളുടെ മുകൾഭാഗത്തു മാത്രമേ വായു നിറയുന്നുള്ളുവെങ്കിൽ അതു പെട്ടെന്നുതന്നെ തീർന്നുപോകും. നിങ്ങളുടെ ശബ്ദത്തിനു കരുത്തുണ്ടാവില്ല എന്നു മാത്രമല്ല, നിങ്ങൾ പെട്ടെന്നുതന്നെ ക്ഷീണിക്കുകയും ചെയ്യും. ശരിയായി ശ്വസിക്കുന്നതിന്‌ നിവർന്ന്‌ ഇരിക്കുകയോ നിൽക്കുകയോ ചെയ്‌തിട്ട്‌ തോളുകൾ പുറകോട്ടാക്കി പിടിക്കണം. സംസാരിക്കാനായി ശ്വാസം ഉള്ളിലേക്ക്‌ എടുക്കുമ്പോൾ നെഞ്ചിന്റെ മുകൾഭാഗം മാത്രം വികസിപ്പിക്കുന്നത്‌ ഒഴിവാക്കാൻ ബോധപൂർവകമായ ഒരു ശ്രമം നടത്തുക. ആദ്യം ശ്വാസകോശങ്ങളുടെ കീഴ്‌ഭാഗത്ത്‌ വായു നിറയ്‌ക്കുക. ഈ ഭാഗത്ത്‌ വായു നിറയുമ്പോൾ നിങ്ങളുടെ വാരിക്കൂടിന്റെ കീഴ്‌ഭാഗം വശങ്ങളിലേക്കു വികസിക്കും. അതേസമയംതന്നെ ആമാശയത്തിനും കുടലുകൾക്കും മെല്ലെ സ്ഥാനഭ്രംശം വരുത്തിക്കൊണ്ട്‌ ഡയഫ്രം താഴേക്കു നീങ്ങും. അപ്പോൾ, ധരിച്ചിരിക്കുന്ന ബെൽറ്റോ വസ്‌ത്രമോ വയറിന്മേൽ അമരുന്നതായി നിങ്ങൾക്ക്‌ അനുഭവപ്പെടും. എന്നാൽ ശ്വാസകോശങ്ങൾ അവിടെയല്ല സ്ഥിതി ചെയ്യുന്നത്‌; അവ വാരിക്കൂടിനുള്ളിലാണ്‌. സ്വയം പരിശോധിച്ച്‌ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, വാരിക്കൂടിന്റെ കീഴ്‌ഭാഗത്ത്‌ ഇരുവശങ്ങളിലുമായി നിങ്ങളുടെ കൈകൾ വെക്കുക. എന്നിട്ട്‌ ദീർഘമായി ശ്വസിക്കുക. നിങ്ങൾ ശരിയായ വിധത്തിലാണ്‌ ശ്വസിക്കുന്നതെങ്കിൽ വയറ്‌ അകത്തേക്ക്‌ വലിയുകയോ തോളുകൾ ഉയരുകയോ ചെയ്യില്ല. പകരം വാരിയെല്ലുകൾ മുകളിലേക്കും പുറത്തേക്കും നേരിയ തോതിൽ നീങ്ങുന്നതായി നിങ്ങൾക്ക്‌ അനുഭവപ്പെടും.

അടുത്തതായി, വായു ശരിയായി പുറത്തുവിടാൻ പഠിക്കുക. വായു ഒറ്റയടിക്കു പുറത്തു കളഞ്ഞുകൊണ്ട്‌ ഉള്ളിലെ വായുശേഖരം വെറുതേ പാഴാക്കിക്കളയരുത്‌. അതു സാവധാനം പുറത്തു വിടുക. തൊണ്ട ഇറുക്കിക്കൊണ്ട്‌ വായുവിന്റെ പുറത്തേക്കുള്ള പ്രവാഹം നിയന്ത്രിക്കാൻ ശ്രമിക്കരുത്‌. അതു താമസിയാതെ അസ്വാഭാവികമോ അസാധാരണമാം വിധം ഉച്ചസ്ഥായിയിലുള്ളതോ ആയ ശബ്ദത്തിൽ കലാശിക്കും. ഉദരത്തിലും വാരിയെല്ലുകൾക്കിടയിലും ഉള്ള പേശികളിൽനിന്നുള്ള മർദത്താലാണ്‌ വായു പുറന്തള്ളപ്പെടുന്നത്‌. അതേസമയം ഡയഫ്രം, വായു എത്ര വേഗത്തിൽ പുറന്തള്ളപ്പെടുന്നു എന്നതിനെ സ്വാധീനിക്കുന്നു.

[183 ലെ രേഖാചിത്രങ്ങൾ]

ഒരു ഓട്ടക്കാരൻ ഓട്ടമത്സരത്തിനായി പരിശീലിക്കുന്നതുപോലെ, ഒരു പ്രസംഗകനും അഭ്യാസത്തിലൂടെ ശരിയായ ശ്വാസനിയന്ത്രണം വികസിപ്പിച്ചെടുക്കാൻ കഴിയും. തോളുകൾ പിന്നോട്ടാക്കി നിവർന്നു നിൽക്കുക. എന്നിട്ട്‌ ശ്വാസകോശങ്ങളുടെ അടിഭാഗത്തു വായു നിറയത്തക്കവണ്ണം ശ്വാസം എടുക്കുക. ഒടുവിൽ, ഒറ്റശ്വാസത്തിൽ എത്രവരെ എണ്ണാൻ കഴിയുമോ അത്രവരെ സാവധാനത്തിലും തടസ്സം കൂടാതെയും എണ്ണിക്കൊണ്ട്‌ വായു സാവധാനം പുറത്തു കളയുക. തുടർന്ന്‌ അതേ രീതിയിൽ ശ്വാസോച്ഛ്വാസം ചെയ്‌തുകൊണ്ട്‌ ഉച്ചത്തിൽ വായിച്ചു പരിശീലിക്കുക.

മുറുകിയ മാംസപേശികൾക്ക്‌ അയവു വരുത്തുക. നല്ല ശബ്ദഗുണത്തിന്‌ അനിവാര്യമായ മറ്റൊരു സംഗതിയാണ്‌ പിരിമുറുക്കത്തിന്‌ അയവു വരുത്തുന്നത്‌! സംസാരിക്കുമ്പോൾ പിരിമുറുക്കത്തിന്‌ അയവു വരുത്താൻ പഠിക്കുന്നതിലൂടെ ശബ്ദഗുണം എത്രമാത്രം മെച്ചപ്പെടുത്താൻ കഴിയുമെന്നതു നിങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തും! ശരീരത്തിനെന്ന പോലെ മനസ്സിനും അയവു വരുത്തേണ്ടതുണ്ട്‌. എന്തുകൊണ്ടെന്നാൽ മാനസിക പിരിമുറുക്കം മാംസപേശികളുടെ പിരിമുറുക്കത്തിലേക്കു നയിക്കുന്നു.

നിങ്ങളുടെ ശ്രോതാക്കളെ കുറിച്ചു ശരിയായ വീക്ഷണം കൈക്കൊള്ളുകവഴി മാനസിക പിരിമുറുക്കത്തിന്‌ അയവു വരുത്തുക. വയൽശുശ്രൂഷയിൽ കണ്ടുമുട്ടുന്നവരാണ്‌ നിങ്ങളുടെ ശ്രോതാക്കളെങ്കിൽ, നിങ്ങൾ ബൈബിൾ പഠിക്കാൻ തുടങ്ങിയിട്ട്‌ ഏതാനും മാസങ്ങളേ ആയിട്ടുള്ളു എങ്കിൽപ്പോലും, അവരുമായി പങ്കുവെക്കുന്നതിന്‌ യഹോവയുടെ ഉദ്ദേശ്യത്തെ കുറിച്ചുള്ള മൂല്യവത്തായ സംഗതികൾ നിങ്ങൾക്ക്‌ അറിയാമെന്ന കാര്യം ഓർമിക്കുക. മാത്രമല്ല, അവർ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, നിങ്ങൾ അവരെ സന്ദർശിക്കുന്നത്‌ അവർക്കു സഹായം ആവശ്യമായതുകൊണ്ടാണുതാനും. ഇനി, രാജ്യഹാളിൽ വെച്ചാണ്‌ നിങ്ങൾ സംസാരിക്കുന്നതെങ്കിൽ സദസ്യരിൽ ഭൂരിഭാഗവും യഹോവയുടെ ജനമാണ്‌. അവർ നിങ്ങളുടെ സുഹൃത്തുക്കളാണ്‌, നിങ്ങളുടെ വിജയം ആഗ്രഹിക്കുന്നവർ. നാം നിരന്തരം അഭിമുഖീകരിക്കുന്ന സദസ്സിന്റെ അത്ര സൗഹൃദഭാവവും സ്‌നേഹവും ഉള്ള ഒരു സദസ്സിനെ അഭിമുഖീകരിക്കുന്ന ആളുകൾ ഭൂമിയിൽ വേറെയില്ല.

തൊണ്ടയിലെ പേശികൾക്ക്‌ അയവു വരുത്തുക. അവയിൽ മനസ്സു കേന്ദ്രീകരിച്ചുകൊണ്ടും ബോധപൂർവം അവയുടെ പിരിമുറുക്കം കുറച്ചുകൊണ്ടും ഇതു ചെയ്യാവുന്നതാണ്‌. നിങ്ങളുടെ സ്വനതന്തുക്കളിലൂടെ വായു കടന്നുപോകുമ്പോൾ അവ കമ്പനം ചെയ്യുന്നു എന്ന കാര്യം ഓർമിക്കുക. ഗിത്താറിന്റെയോ വയലിന്റെയോ കമ്പിയുടെ മുറുക്കം കൂട്ടുകയോ കുറയ്‌ക്കുകയോ ചെയ്യുമ്പോൾ അത്‌ ഉത്‌പാദിപ്പിക്കുന്ന നാദത്തിനു സ്ഥായിഭേദം സംഭവിക്കുന്നതുപോലെതന്നെ, തൊണ്ടയിലെ പേശികൾ മുറുകുകയോ അയയുകയോ ചെയ്യുമ്പോൾ മനുഷ്യശബ്ദത്തിന്റെ സ്ഥായിക്കും വ്യത്യാസം വരുന്നു. സ്വനതന്തുക്കൾക്ക്‌ അയവു വരുത്തുമ്പോൾ സ്ഥായി താഴുന്നു. തൊണ്ടയിലെ പേശികൾക്ക്‌ അയവു വരുത്തുന്നത്‌ നാസാരന്ധ്രങ്ങൾ തുറന്നിരിക്കാനും സഹായിക്കുന്നു. ഇതാകട്ടെ നിങ്ങളുടെ ശബ്ദഗുണത്തെ തീർച്ചയായും സ്വാധീനിക്കും.

കാൽമുട്ടുകൾ, കൈപ്പത്തികൾ, തോളുകൾ, കഴുത്ത്‌ എന്നിങ്ങനെ നിങ്ങളുടെ മുഴു ശരീരത്തെയും അയവുള്ളതാക്കുക. ഇതു നിങ്ങളുടെ ശബ്ദത്തിനു വ്യാപനപ്രാപ്‌തി പ്രദാനം ചെയ്യുന്ന അനുനാദം ഉണ്ടാകാൻ, അതായത്‌ ശരീര ഭാഗങ്ങൾ കമ്പനം ചെയ്‌ത്‌, പുറപ്പെടുവിക്കപ്പെട്ട ശബ്ദത്തിന്റെ തീവ്രത വർധിക്കാൻ സഹായിക്കും. മുഴു ശരീരവും ഒരു സൗണ്ടിങ്‌ ബോർഡായി (ധ്വനിഫലകം) വർത്തിക്കുമ്പോഴാണ്‌ അനുനാദം ഉണ്ടാകുന്നത്‌. എന്നാൽ പിരിമുറുക്കം ഇതിനു തടസ്സം സൃഷ്ടിക്കുന്നു. സ്വനപേടകത്തിൽ ഉത്‌പാദിപ്പിക്കപ്പെടുന്ന നാദം നാസാരന്ധ്രങ്ങളിൽ മാത്രമല്ല പ്രതിധ്വനിക്കുന്നത്‌. നെഞ്ചിലെ അസ്ഥികൾ, പല്ല്‌, അണ്ണാക്ക്‌, സൈനസുകൾ എന്നിവയിൽ തട്ടിയും അതു പ്രതിധ്വനിക്കുന്നു. ഇവയ്‌ക്കെല്ലാം അനുനാദത്തിന്റെ ഗുണമേന്മ വർധിപ്പിക്കാൻ കഴിയും. ഒരു ഗിത്താറിന്റെ സൗണ്ട്‌ബോർഡിൽ ഒരു ഭാരമെടുത്തു വെച്ചാൽ ശബ്ദ തീവ്രത കുറയും. സൗണ്ട്‌ബോർഡ്‌ സ്വതന്ത്രമായി കമ്പനം ചെയ്‌താലേ അതു ശരിയായി അനുനാദം പുറപ്പെടുവിക്കൂ. തീരെ അയവില്ലാത്ത പേശികൾ നമ്മുടെ ശരീരത്തിലെ അസ്ഥിഘടനകളുടെമേൽ പിടി മുറുക്കുമ്പോഴും അതുതന്നെയാണ്‌ സംഭവിക്കുന്നത്‌. ശബ്ദത്തിനു ശരിയായ ഉച്ചനീചത്വം വരുത്താനും നേരിയ വികാര വ്യതിയാനങ്ങൾ പോലും പ്രകടിപ്പിക്കാനും അനുനാദം നിങ്ങളെ പ്രാപ്‌തരാക്കും. അധികം ശബ്ദം ഉയർത്താതെതന്നെ വലിയൊരു സദസ്സിനു കേൾക്കാവുന്ന വിധത്തിൽ സംസാരിക്കാൻ നിങ്ങൾക്കു കഴിയും.

സംസാരം ഉളവാകുന്നത്‌ എങ്ങനെ?

സ്വനപേടകത്തിൽനിന്ന്‌ ഉത്ഭവിക്കുന്ന എല്ലാ ശബ്ദങ്ങളുടെയും അടിസ്ഥാനം നിങ്ങൾ ശ്വാസകോശങ്ങളിൽനിന്നു മേൽപ്പോട്ട്‌ വിടുന്ന വായുസ്‌തംഭം ആണ്‌. ശ്വാസകോശങ്ങൾ, ശ്വാസനാളിയിലൂടെ തൊണ്ടയുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന സ്വനപേടകത്തിലേക്കു വായുവിനെ തള്ളിവിട്ടുകൊണ്ട്‌ ഉലത്തോലുകൾ പോലെ വർത്തിക്കുന്നു. സ്വനപേടകത്തിനുള്ളിൽ എതിർ വശങ്ങളിലായി മാംസപേശിയുടെ രണ്ടു ചെറിയ മടക്കുകൾ ഉണ്ട്‌. ഇവയ്‌ക്ക്‌ സ്വനതന്തുക്കൾ എന്നാണു പറയുന്നത്‌. ഇവയാണ്‌ ശബ്ദം ഉത്‌പാദിപ്പിക്കുന്ന മുഖ്യ അവയവങ്ങൾ. ഈ പേശീ മടക്കുകൾ, വായു ശ്വാസകോശങ്ങളുടെ ഉള്ളിലേക്കു വിടാനും പുറത്തേക്കു കളയാനും അതുപോലെതന്നെ അവയിൽ അനാവശ്യ വസ്‌തുക്കൾ കടക്കാതിരിക്കാനും സ്വനപേടകത്തിലൂടെയുള്ള വായുമാർഗം തുറക്കുകയും അടയ്‌ക്കുകയും ചെയ്യുന്നു. സാധാരണ ശ്വാസോച്ഛ്വാസ സമയത്ത്‌, വായു സ്വനതന്തുക്കളിലൂടെ കടന്നുപോകുമ്പോൾ യാതൊരു ശബ്ദവും ഉത്‌പാദിപ്പിക്കപ്പെടുന്നില്ല. എന്നാൽ ഒരു വ്യക്തി സംസാരിക്കണമെന്ന്‌ ആഗ്രഹിക്കുമ്പോൾ, സ്വനതന്തുക്കൾ വലിഞ്ഞുമുറുകാൻ പേശികൾ ഇടയാക്കുന്നു. ഇങ്ങനെ മുറുകിയിരിക്കുന്ന സ്വനതന്തുക്കളെ തട്ടി ശ്വാസകോശങ്ങളിൽ നിന്നുള്ള വായു ശക്തമായി കടന്നുപോകുമ്പോൾ അവ കമ്പനം ചെയ്യുന്നു. അതിന്റെ ഫലമായി ശബ്ദം ഉണ്ടാകുന്നു.

സ്വനതന്തുക്കൾ വലിഞ്ഞുമുറുകുന്തോറും അവയുടെ കമ്പന വേഗവും ഉത്‌പാദിപ്പിക്കപ്പെടുന്ന ശബ്ദങ്ങളുടെ സ്ഥായിയും കൂടും. എന്നാൽ, സ്വനതന്തുക്കൾ അയയുന്തോറും ഉത്‌പാദിപ്പിക്കപ്പെടുന്ന ശബ്ദങ്ങളുടെ സ്ഥായി കുറഞ്ഞുവരും. സ്വനപേടകത്തിൽനിന്നു പുറത്തുവരുന്ന ശബ്ദതരംഗം ഗ്രസനി എന്നു വിളിക്കപ്പെടുന്ന തൊണ്ടയുടെ മേൽഭാഗത്തു പ്രവേശിക്കുന്നു. തുടർന്ന്‌ അതു വായിലും നാസാരന്ധ്രത്തിലും പ്രവേശിക്കുന്നു. അവിടെവെച്ച്‌ അടിസ്ഥാന സ്വരത്തിൽ മാറ്റങ്ങൾ വരുത്തുകയും അവയെ പ്രബലിതമാക്കുകയും ചെയ്യുന്ന മേൽസ്വരങ്ങൾ (overtones) ചേർക്കപ്പെടുന്നു. അണ്ണാക്കും നാവും പല്ലുകളും ചുണ്ടുകളും താടിയെല്ലും ചേർന്ന്‌ കമ്പനം ചെയ്‌തുകൊണ്ടിരിക്കുന്ന ശബ്ദതരംഗങ്ങളെ വിഘടിപ്പിക്കുന്നു. തത്‌ഫലമായി മനസ്സിലാകുന്ന സംസാരത്തിന്റെ രൂപത്തിൽ അവ പുറത്തേക്കു വരുന്നു.

മനുഷ്യശബ്ദം ഒരു അത്ഭുതമാണ്‌. അതിന്‌ ബഹുവിധ ഭാവങ്ങൾ ആവിഷ്‌കരിക്കാനാകും. ഇക്കാര്യത്തിൽ അതിനോടു കിടനിൽക്കുന്ന യാതൊരു മനുഷ്യനിർമിത ഉപകരണവും ഇല്ല. അതിന്‌ മൃദുല, സൗമ്യ ഭാവമായ സ്‌നേഹം മുതൽ പരുഷവും ഘോരവുമായ വിദ്വേഷം വരെയുള്ള വിവിധ വികാരങ്ങൾ ആവിഷ്‌കരിക്കാനുള്ള പ്രാപ്‌തി ഉണ്ട്‌. ശരിയായ രീതിയിൽ വികസിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന പക്ഷം മനുഷ്യശബ്ദത്തിന്‌ അനുക്രമം തീവ്രത വർധിച്ചുവരുന്ന 8 സ്വരങ്ങൾ വീതം ഉൾപ്പെട്ട 3 സ്ഥായികളിൽ (octaves) അടങ്ങിയിരിക്കുന്ന അത്ര ശ്രുതിവൈവിധ്യം പ്രാപിക്കാനാകുമെന്നു മാത്രമല്ല, ശ്രുതിമധുരമായ സംഗീതധ്വനികളും ഹൃദയംഗമമായ സംസാരവും ഉളവാക്കാനും കഴിയും.

ചില പ്രത്യേക പ്രശ്‌നങ്ങൾ തരണം ചെയ്യൽ

ദുർബല ശബ്ദം. മൃദുവായ ശബ്ദം ദുർബലമായിരിക്കണമെന്നില്ല. അതു സമ്പുഷ്ടവും ആസ്വാദ്യവും ആണെങ്കിൽ മറ്റുള്ളവർ അതു സന്തോഷത്തോടെ കേട്ടേക്കാം. എന്നാൽ, ഫലകരമായിരിക്കണമെങ്കിൽ, ശബ്ദം വേണ്ടത്ര ഉച്ചത്തിലുള്ളത്‌ ആയിരിക്കണം.

ശബ്ദത്തിന്റെ വ്യാപനഗുണം മെച്ചപ്പെടുത്തുന്നതിന്‌ നിങ്ങൾ അതിന്റെ അനുനാദം മെച്ചപ്പെടുത്തേണ്ടതുണ്ട്‌. അതിന്‌, ഈ പാഠത്തിൽ വിവരിച്ച രീതിയിൽ നിങ്ങളുടെ മുഴു ശരീരത്തെയും അയവുള്ളതാക്കാൻ പഠിക്കേണ്ടത്‌ ആവശ്യമാണ്‌. നിങ്ങളുടെ ശരീരത്തിന്‌ ബോധപൂർവം അയവു വരുത്തുന്നതും മൂളൽ വ്യായാമം (humming exercise) ചെയ്യുന്നതും സഹായകമാണ്‌. ചുണ്ടുകൾ പരസ്‌പരം ചെറുതായി മാത്രമേ സ്‌പർശിക്കാവൂ. അവ ഇറുക്കിപ്പിടിക്കരുത്‌. മൂളുമ്പോൾ, ശിരസ്സിലും നെഞ്ചിലും അതിന്റെ കമ്പനങ്ങൾ അനുഭവിച്ചറിയുക.

ചിലപ്പോൾ ശബ്ദം ദുർബലമോ വലിഞ്ഞുമുറുകിയതോ ആയി തോന്നാൻ കാരണം, സംസാരിക്കുന്ന ആൾക്കു സുഖമില്ലാത്തതോ വേണ്ടത്ര ഉറക്കം ലഭിക്കാഞ്ഞതോ ആണ്‌. ഈ സാഹചര്യം മെച്ചപ്പെടുന്നപക്ഷം തീർച്ചയായും ശബ്ദവും മെച്ചപ്പെടും.

അങ്ങേയറ്റം ഉച്ചസ്ഥായിയിലുള്ള ശബ്ദം. സ്വനതന്തുക്കളുടെ മുറുക്കം വർധിക്കുന്നത്‌ സ്ഥായി കൂടാൻ കാരണമാകുന്നു. പിരിമുറുക്കം ധ്വനിക്കുന്ന ശബ്ദം കേൾവിക്കാരിലും പിരിമുറുക്കം സൃഷ്ടിക്കുന്നു. സ്വനതന്തുക്കളുടെ മുറുക്കം കുറയ്‌ക്കാൻ തക്കവണ്ണം തൊണ്ടയിലെ പേശികൾക്ക്‌ അയവു വരുത്തിക്കൊണ്ട്‌ നിങ്ങൾക്കു സ്ഥായി താഴ്‌ത്താനാകും. ബോധപൂർവം ഇങ്ങനെ ചെയ്യുക. ദൈനംദിന സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ ഇതു ചെയ്‌തു ശീലിക്കാവുന്നതാണ്‌. ആഴമായി ശ്വസിക്കുന്നതും സഹായകമാണ്‌.

നാസീയ ശബ്ദം. ചിലപ്പോഴൊക്കെ ഇതിനു കാരണം മൂക്കിനുള്ളിലെ തടസ്സമാണ്‌. എന്നാൽ സാധാരണഗതിയിൽ അതല്ല പ്രശ്‌നം. ചിലപ്പോൾ ഒരു വ്യക്തി തൊണ്ടയിലെയും വായിലെയും പേശികളെ പിരിമുറുക്കമുള്ളതാക്കിക്കൊണ്ട്‌ നാസാരന്ധ്രങ്ങൾ അടച്ചുകളഞ്ഞേക്കാം. അങ്ങനെ ചെയ്യുമ്പോൾ വായുവിന്‌ സ്വതന്ത്രമായി കടന്നുപോകാൻ കഴിയാതെ വരുന്നു. ഇത്‌ മൂക്ക്‌ അടഞ്ഞിരിക്കുന്നതുകൊണ്ട്‌ ഉണ്ടാകുന്ന പ്രത്യേക ശബ്ദത്തിൽ കലാശിക്കുന്നു. ഇത്‌ ഒഴിവാക്കുന്നതിന്‌ പിരിമുറുക്കം കുറയ്‌ക്കേണ്ടത്‌ ആവശ്യമാണ്‌.

പരുക്കൻ ശബ്ദം. അത്തരം ശബ്ദം സൗഹാർദപരമായ ആശയ കൈമാറ്റത്തിന്‌ സഹായകമല്ല. ഭീഷണിപ്പെടുത്തുകയാണോ എന്ന തോന്നൽ അതു മറ്റുള്ളവരിൽ ഉളവാക്കിയേക്കാം.

ചിലരുടെ കാര്യത്തിൽ, വ്യക്തിത്വത്തിനു മാറ്റം വരുത്താൻ തുടർച്ചയായ ശ്രമം ചെയ്യുന്നതാണ്‌ പ്രശ്‌നപരിഹാരത്തിനുള്ള അടിസ്ഥാനം. (കൊലൊ. 3:8, 12) അതു ചെയ്‌തുകഴിഞ്ഞാൽ സ്വനതന്ത്ര തത്ത്വങ്ങൾ ബാധകമാക്കുന്നത്‌ പ്രയോജനം ചെയ്യും. തൊണ്ടയും താടിയും അയവുള്ളതാക്കുക. ഇത്‌ ശബ്ദത്തെ കൂടുതൽ ആസ്വാദ്യമാക്കിത്തീർക്കുകയും വായ്‌ വേണ്ടത്ര തുറക്കാതെ സംസാരിക്കുന്നതു നിമിത്തം ശബ്ദത്തിനുണ്ടാകുന്ന വൈകൃതം ഇല്ലാതാക്കുകയും ചെയ്യുന്നു.

മെച്ചപ്പെടാൻ കഴിയുന്ന വിധം

  • ക്രിസ്‌തീയ വ്യക്തിത്വത്തിന്‌ ഇണങ്ങുന്ന ഗുണങ്ങൾ നട്ടുവളർത്തുക.

  • ശ്വാസകോശങ്ങളുടെ അടിഭാഗത്തു വായു നിറയാൻ ഇടയാകുമാറ്‌ ശരിയായി ശ്വാസോച്ഛ്വാസം ചെയ്‌തു ശീലിക്കുക.

  • സംസാരിക്കുമ്പോൾ നിങ്ങളുടെ പേശികൾ​—⁠തൊണ്ട, കഴുത്ത്‌, തോളുകൾ, എന്തിന്‌ മുഴു ശരീരംതന്നെയും​—⁠അയവുള്ളതാക്കുക.

അഭ്യാസങ്ങൾ: (1) ഒരാഴ്‌ചത്തേക്ക്‌ ദിവസവും ഏതാനും മിനിട്ടു നേരം, ശ്വാസകോശങ്ങളുടെ അടിഭാഗത്തു വായു നിറയുന്ന വിധത്തിൽ ശ്വാസോച്ഛ്വാസം ചെയ്‌തു പരിശീലിക്കുക. (2) ഒരാഴ്‌ചത്തേക്ക്‌ ദിവസവും ഒരു പ്രാവശ്യമെങ്കിലും സംസാരസമയത്ത്‌ തൊണ്ടയിലെ പേശികൾക്കു ബോധപൂർവം അയവു വരുത്തുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക