മനുഷ്യരെയല്ല, ദൈവത്തെ ഭയപ്പെടേണ്ടത് എന്തുകൊണ്ട്?
“മനുഷ്യരുടെ മുമ്പിൽ വിറക്കുന്നതാണ് ഒരു കെണി ഒരുക്കുന്നത്, എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവൻ സംരക്ഷിക്കപ്പെടും.” (സദൃശവാക്യങ്ങൾ 29:25) ഈ വാക്കുകളോടെ പുരാതന സദൃശവാക്യം തീർച്ചയായും ഒരു മാനസികവിഷമായിരിക്കുന്ന തരം ഭയത്തെ—മാനുഷികഭയത്തെ—കുറിച്ചു നമ്മെ ജാഗരൂകരാക്കുന്നു. അത് ഒരു കെണിയോടു ഉപമിക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഒരു മുയലിനെപ്പോലെയുള്ള ഒരു ചെറിയ ജന്തു ഒരു കെണിയിൽ പിടിക്കപ്പെടുമ്പോൾ അത് നിസ്സഹായാവസ്ഥയിലാണ്. അത് ഓടിപ്പോകാനാഗ്രിക്കുന്നു, എന്നാൽ കെണി വിടാതെ അതിനെ പിടിച്ചുകൊള്ളുന്നു. ഫലത്തിൽ ഇര സ്തംഭിച്ചുപോകുന്നു.
നമ്മെ മാനുഷഭയം പിടിപെടുകയാണെങ്കിൽ, നാം അധികമായി ആ മുയലിനെപ്പോലെയാണ്. നാം എന്താണ് ചെയ്യേണ്ടതെന്ന് നമുക്ക് അറിയാമായിരിക്കും. നാം അതു ചെയ്യാനാഗ്രഹിക്കുകയുംചെയ്തേക്കാം. എന്നാൽ ഭയം നമ്മെ അടിമത്വത്തിൽ നിർത്തുന്നു. നാം സ്തംഭിച്ചുപോകുകയും പ്രവർത്തിക്കാൻ അപ്രാപ്തരായിത്തീരുകയും ചെയ്യുന്നു.
മനുഷ്യനെ ഭയപ്പെടുന്നതിന്റെ കെണി
മാനുഷഭയത്താൽ അടിമത്വത്തിലാക്കപ്പെട്ടിരുന്ന, ബൈബിൾ കാലങ്ങളിലെ ചിലരുടെ ദൃഷ്ടാന്തങ്ങളെക്കുറിച്ചു ചിന്തിക്കുക. യോശുവായുടെ നാളുകളിൽ, ഇസ്രായേല്യരുടെ ആസൂത്രിത ആക്രമണത്തിനു മുമ്പേ ദേശം ഒററുനോക്കാൻ 12 ചാരൻമാർ അയക്കപ്പെട്ടു. ദൈവം പറഞ്ഞിരുന്നതുപോലെതന്നെ ദേശം ഫലഭൂയിഷ്ഠവും സമ്പൽസമൃദ്ധവുമാണെന്ന് ചാരൻമാർ തിരികെവന്ന് അറിയിച്ചു. എന്നാൽ ചാരൻമാരിൽ പത്തുപേർ ദേശനിവാസികളുടെ ബലത്തിൽ പേടിച്ചരണ്ടുപോയി. അങ്ങനെ മാനുഷഭയം പിടിപെട്ട് അവർ ഈ ശക്തിയെക്കുറിച്ച് ഇസ്രായേല്യർക്ക് ഊതിവീർപ്പിച്ച ഒരു റിപ്പോർട്ടുകൊടുക്കുകയും മുഴു ജനതയെയും ഭയചകിതരാക്കുകയും ചെയ്തു. കനാനിലേക്ക് മാർച്ചുചെയ്ത് ദേശം കൈവശപ്പെടുത്താനുള്ള ദൈവകല്പന അനുസരിക്കാൻ ഇസ്രായേല്യർ വിസമ്മതിച്ചു. തത്ഫലമായി, അടുത്ത 40 വർഷക്കാലത്ത് ഏതാനും ചിലരൊഴിച്ച് പ്രായപൂർത്തിയായ മുഴുവൻ പേരും മരുഭൂമിയിൽ മരിച്ചു.—സംഖ്യാപുസ്തകം 13:21-14:38.
യോനാ മാനുഷഭയത്തിന്റെ മറെറാരു ഇരയായിരുന്നു. മഹാനഗരമായ നിനവേയോടു പ്രസംഗിക്കാൻ നിയോഗിക്കപ്പെട്ടപ്പോൾ അവൻ “യഹോവയുടെ മുമ്പാകെനിന്ന് എഴുന്നേററ് തർശീശിലേക്ക് ഓടിപ്പോകാൻ തുടങ്ങി.” (യോനാ 1:3) എന്തുകൊണ്ട്? നിർദ്ദയരായ ഒരു ഉഗ്രജനം എന്ന കീർത്തി നിനവേക്കുണ്ടായിരുന്നു, തീർച്ചയായും യോനായ്ക്ക് അതറിയാമായിരുന്നു. മാനുഷഭയം നിനവേയിൽനിന്ന് വിദൂരത്തിലുള്ള ഒരു ദിശയിലേക്ക് അവൻ ഓടിപ്പോകാനിടയാക്കി. അവൻ ഒടുവിൽ തന്റെ നിയമനം സ്വീകരിച്ചുവെന്നതു സത്യംതന്നെ, എന്നാൽ യഹോവയിൽനിന്ന് അസാധാരണമായ ശിക്ഷണം കിട്ടിയശേഷമായിരുന്നു അത്.—യോനാ 1:4, 17.
രാജാക്കൻമാർപോലും മനുഷ്യരെ ഭയപ്പെട്ടേക്കാം. ഒരു അവസരത്തിൽ ശൗൽരാജാവ് ദൈവത്തിൽനിന്നുള്ള വ്യക്തമായ ഒരു കല്പനയോട് നേരിട്ട് അനുസരണക്കേടു കാണിച്ചു. അവന്റെ ഒഴികഴിവ് എന്തായിരുന്നു? “ഞാൻ ജനത്തെ ഭയപ്പെടുകയും തന്നിമിത്തം അവരുടെ ശബ്ദം അനുസരിക്കുകയും ചെയ്തതുകൊണ്ട് ഞാൻ യഹോവയുടെ ആജ്ഞയെയും നിന്റെ വാക്കുകളെയും മറികടന്നിരിക്കുന്നു.” (1 ശമുവേൽ 15:24) കുറേ നൂററാണ്ടുകൾക്കുശേഷം, യരൂശലേം ബാബിലോന്യരാലുള്ള ആക്രമണത്തിൻകീഴിലായിരുന്നപ്പോൾ ഒരു വിശ്വസ്തപ്രവാചകനായിരുന്ന യിരെമ്യാവ് കീഴടങ്ങാനും അങ്ങനെ വളരെയധികമായ രക്തച്ചൊരിച്ചിലിൽനിന്ന് യരൂശലേമിനെ രക്ഷിക്കാനും സിദെക്കിയാരാജാവിനെ ഉപദേശിച്ചു. എന്നാൽ സിദെക്കിയാവു വിസമ്മതിച്ചു. എന്തുകൊണ്ട്? അവൻ യിരെമ്യാവിനോട് ഇങ്ങനെ ഏററുപറഞ്ഞു: “ഞാൻ കല്ദയരുടെ മുമ്പിൽ തോററ യഹൂദൻമാരെ ഭയപ്പെടുന്നു, അവർ എന്നെ അവരുടെ കൈയിൽ ഏൽപ്പിക്കുമെന്നും അവർ യഥാർത്ഥത്തിൽ എന്നോട് നിന്ദകമായി ഇടപെട്ടേക്കാമെന്നുമുള്ള പേടിയിൽത്തന്നെ.”—യിരെമ്യാവ് 38:19.
ഒടുവിൽ, ഒരു അപ്പോസ്തലനുപോലും ഭയപ്പെട്ടുപോകാമായിരുന്നു. യേശു മരിക്കാനിരുന്ന രാത്രിയിൽ അവന്റെ അനുഗാമികളെല്ലാം തന്നെ ഉപേക്ഷിക്കുമെന്ന് അവൻ അവർക്ക് മുന്നറിയിപ്പുകൊടുത്തിരുന്നു. എന്നിരുന്നാലും, പത്രോസ് സധീരം ഇങ്ങനെ പ്രഖ്യാപിച്ചു: “കർത്താവേ, ഞാൻ നിന്നോടുകൂടെ തുറുങ്കിലേക്കും മരണത്തിലേക്കും പോരാൻ തയ്യാറാണ്.” (ലൂക്കോസ് 22:33; മത്തായി 26:31, 33) ഈ വാക്കുകൾ എത്ര തെററായിരുന്നുവെന്നു തെളിഞ്ഞു! ഏതാനുംചില മണിക്കൂറുകൾ കഴിഞ്ഞ് പത്രോസ് യേശുവിനോടുകൂടെയായിരുന്നുവെന്നതിനെ അല്ലെങ്കിൽ അവനെ അറിയും എന്നതിനെ പോലും ഭയപൂർവം നിരസിച്ചു. മാനുഷഭയം അവനെ കീഴടക്കി! അതെ, മാനുഷഭയം തീർച്ചയായും ഒരു വിഷമാണ്.
നാം ആരെ ഭയപ്പെടണം?
നമുക്ക് മാനുഷഭയത്തെ എങ്ങനെ തരണംചെയ്യാൻ കഴിയും? അതിനുപകരം വളരെയധികം ആരോഗ്യാവഹമായ ഭയം വളർത്തുന്നതിനാൽത്തന്നെ. അതേ അപ്പോസ്തലനായ പത്രോസ് “ദൈവത്തെ ഭയപ്പെടുക” എന്നു പറഞ്ഞപ്പോൾ ഇത്തരം ഭയത്തിനു പ്രോൽസാഹിപ്പിച്ചു. (1 പത്രോസ് 2:17) വെളിപ്പാടിൽ യോഹന്നാൻ കണ്ട ദൂതൻ “ദൈവത്തെ ഭയപ്പെട്ട് അവന് മഹത്വം കൊടുക്കുക” എന്ന് മനുഷ്യവർഗ്ഗത്തോടു വിളിച്ചുപറഞ്ഞു. (വെളിപ്പാട് 14:7) ജ്ഞാനിയായ ശലോമോനും ഇങ്ങനെ പറഞ്ഞുകൊണ്ട് അത്തരം ഭയത്തിനു പ്രോൽസാഹിപ്പിച്ചു: “സകലവും കേട്ട ശേഷം കാര്യത്തിന്റെ നിഗമനം ഇതാണ്: സത്യദൈവത്തെ ഭയപ്പെടുകയും അവന്റെ കല്പനകൾ അനുസരിക്കുകയും ചെയ്യുക. എന്തുകൊണ്ടെന്നാൽ മമനുഷ്യന്റെ മുഴു കടപ്പാടും ഇതാണ്.” (സഭാപ്രസംഗി 12:13) അതെ, ദൈവഭയം ഒരു കടപ്പാടാണ.
ദൈവഭയം പ്രയോജനങ്ങൾ കൈവരുത്തുന്നു. പുരാതന സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “തീർച്ചയായും, [യഹോവയുടെ] രക്ഷ അവനെ ഭയപ്പെടുന്നവരോട് അടുത്തിരിക്കുന്നു.” (സങ്കീർത്തനം 85:9) ഒരു ബൈബിൾ സദൃശവാക്യവും ഊന്നൽ നൽകുന്നു: “യഹോവാഭയംതന്നെ ദിവസങ്ങൾ കൂട്ടും.” (സദൃശവാക്യങ്ങൾ 10:27) അതെ, യഹോവാഭയം ആരോഗ്യാവഹമായ, പ്രയോജനകരമായ, സംഗതിയാണ്. ‘എന്നാൽ തീർച്ചയായും യഹോവ സ്നേഹവാനായ ഒരു ദൈവമാകുന്നു. നാം സ്നേഹമുള്ള ഒരു ദൈവത്തെ ഭയപ്പെടുന്നതെന്തിന്?’ എന്ന് നിങ്ങൾ ചോദിച്ചേക്കാം.
സനേഹമുള്ള ഒരു ദൈവത്തെ ഭയപ്പെടുകയോ?
അതിനു കാരണം ദൈവഭയം ചില സാഹചര്യങ്ങളിൽ ആളുകളെ ഗ്രസിക്കുന്ന സ്തംഭിപ്പിക്കുന്ന ഗുരുതരമായ ഭയമല്ല എന്നുള്ളതാണ്. അത് ഒരു കുട്ടി അവന്റെ അപ്പനെ സ്നേഹിക്കുകയും അപ്പൻ അവനെ സ്നേഹിക്കുന്നുണ്ടെന്ന് അറിയുകയും ചെയ്യുന്നുവെങ്കിലും അവന് അപ്പനോട് തോന്നിയേക്കാവുന്ന തരം ഭയമാണ്.
ദൈവഭയം യഥാർത്ഥത്തിൽ സ്രഷ്ടാവ് നീതിയുടെയും ന്യായത്തിന്റെയും ജ്ഞാനത്തിന്റെയും സ്നേഹത്തിന്റെയും മൂർത്തിമദ്ഭാവംതന്നെയാണെന്നുള്ള തിരിച്ചറിവിൽനിന്ന് സംജാതമാകുന്ന ഒരു ശക്തമായ ആദരവാണ്. അതിൽ ദൈവം പ്രതിഫലം കൊടുക്കുന്നതിനും ശിക്ഷിക്കുന്നതിനും അധികാരമുള്ള പരമോന്നതന്യയാധിപനായതുകൊണ്ട് അവനെ അപ്രീതിപ്പെടുത്തുന്നതിലുള്ള ആരോഗ്യാവഹമായ ഒരു ഭീതി ഉൾപ്പെടുന്നു. “ജീവനുള്ള ദൈവത്തിന്റെ കൈകളിൽ വീഴുന്നത് ഒരു ഭയങ്കര കാര്യമാകുന്നു”വെന്ന് അപ്പോസ്തലനായ പൗലോസ് എഴുതുകയുണ്ടായി. (എബ്രായർ 10:31) ദൈവത്തിന്റെ സ്നേഹം ചിന്തകൂടാതെ അംഗീകരിക്കേണ്ടതല്ല, അവന്റെ ന്യായവിധി നിസ്സാരീകരിക്കപ്പെടേണ്ടതുമല്ല. അതുകൊണ്ടാണ് “യഹോവാഭയം ജ്ഞാനത്തിന്റെ ആരംഭമാകുന്നു” എന്ന് ബൈബിൾ നമ്മെ ഓർമ്മിപ്പിക്കുന്നത്.—സദൃശവാക്യങ്ങൾ 9:10.
എന്നിരുന്നാലും, തന്നെ അനുസരിക്കാത്തവരെ ശിക്ഷിക്കാനുള്ള അധികാരം യഹോവക്കുണ്ടെങ്കിലും—മിക്കപ്പോഴും അങ്ങനെ ചെയ്തിട്ടുമുണ്ടെങ്കിലും—അവൻ തീർച്ചയായും രക്തദാഹിയോ ക്രൂരനോ അല്ല. അവൻ യഥാർത്ഥത്തിൽ സ്നേഹമുള്ള ഒരു പിതാവിനെപ്പോലെ, ചിലപ്പോൾ അമർഷം പ്രകടിപ്പിക്കുന്നുവെങ്കിലും അവൻ സ്നേഹവാനായ ഒരു ദൈവമാണ്. (1 യോഹന്നാൻ 4:8) അതുകൊണ്ടാണ് അവനെയുള്ള ഭയം ആരോഗ്യാവഹമായിരിക്കുന്നത്. അത് നമ്മുടെ നൻമക്കുവേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള അവന്റെ നിയമം അനുസരിക്കുന്നതിലേക്കു നമ്മെ നയിക്കുന്നു. ദൈവനിയമങ്ങളനുസരിക്കുന്നത് സന്തുഷ്ടി കൈവരുത്തുന്നു, അതേസമയം അവയെ ലംഘിക്കുന്നത് എല്ലായപ്പോഴും ദുഷ്ഫലങ്ങൾ കൈവരുത്തുന്നു. (ഗലാത്യർ 6:7, 8) “യഹോവയുടെ വിശുദ്ധൻമാരായുള്ളോരേ, അവനെ ഭയപ്പെടുക, എന്തെന്നാൽ അവനെ ഭയപ്പെടുന്നവർക്ക് ഇല്ലായ്മയില്ല” എന്ന് പ്രഖ്യാപിക്കാൻ സങ്കീർത്തനക്കാരൻ നിശ്വസ്തനാക്കപ്പെട്ടു.—സങ്കീർത്തനം 34:9.
നിങ്ങൾ ആരെ ഭയപ്പെടുന്നു?
മാനുഷഭയം ഒഴിവാക്കാൻ ദൈവഭയം നമ്മെ സഹായിക്കുന്നതെങ്ങനെയാണ്? ശരി, നൻമചെയ്യുന്നതുനിമിത്തം മനുഷ്യർ നമ്മെ പരിഹസിച്ചേക്കാം, നമ്മെ പീഡിപ്പിക്കുകപോലും ചെയ്തേക്കാം. അതു നമ്മുടെമേൽ സമ്മർദ്ദം വരുത്തിക്കൂട്ടുന്നു. എന്നാൽ ആദരവോടുകൂടിയ ദൈവഭയം ഒരു ശരിയായ ഗതിയോടു പററിനിൽക്കാൻ നമ്മുടെമേൽ സമ്മർദ്ദം ചെലുത്തും, കാരണം ദൈവത്തെ അപ്രീതിപ്പെടുത്താൻ നാമാഗ്രഹിക്കുന്നില്ല. മാത്രവുമല്ല, ദൈവസ്നേഹം ദൈവഹൃദയത്തിനു സന്തോഷം കൈവരുത്തുന്നതു ചെയ്യാൻ നമ്മെ പ്രോൽസാഹിപ്പിക്കും. തന്നെയുമല്ല, നൻമ ചെയ്യുന്നതുനിമിത്തം ദൈവം നമുക്കു സമൃദ്ധമായി പ്രതിഫലം നൽകുന്നുവെന്ന് നാം ഓർക്കുന്നു. അത് നാം അവനെ പൂർവാധികം സ്നേഹിക്കാനും അവന്റെ ഇഷ്ടംചെയ്യാനാഗ്രഹിക്കാനും ഇടയാക്കുന്നു. അതുകൊണ്ട്, ദൈവത്തെക്കുറിച്ചുള്ള ഒരു സന്തുലിതവീക്ഷണം നമുക്കുണ്ടായിരുന്നേക്കാവുന്ന ഏതു മാനുഷഭയത്തെയും തരണംചെയ്യാൻ നമ്മെ സഹായിക്കുന്നു.
ദൃഷ്ടാന്തത്തിന്, തങ്ങളുടെ സമപ്രായക്കാർ വിചാരിക്കുന്നതിനെ ഭയപ്പെടുകനിമിത്തം തെററുചെയ്യുന്നതിന് അനേകർക്ക് സമ്മർദ്ദമനുഭവപ്പെടുന്നു. സ്ക്കൂളിൽ യുവജനങ്ങൾ പുകവലിക്കുകയോ ചീത്തഭാഷ ഉപയോഗിക്കുകയോ ലൈംഗികാനുഭവത്തെക്കുറിച്ച് (യഥാർത്ഥമോ സാങ്കല്പികമോ) വീമ്പിളക്കുകയോ മദ്യമോ മയക്കുമരുന്നുകളോ പരീക്ഷിച്ചുനോക്കുകപോലുമോ ചെയ്തേക്കാം. എന്തുകൊണ്ട്? എല്ലായ്പ്പോഴും അവർ അത് ആഗ്രഹിക്കുന്നതുകൊണ്ടല്ല, പിന്നെയോ അവർ വ്യത്യസ്തമായി പ്രവർത്തിച്ചാൽ അവരുടെ സമപ്രായക്കാർ പറയുന്നതിനെ അവർ ഭയപ്പെടുന്നതുകൊണ്ടാണ്. ഒരു യുവപ്രായക്കാരന്, കളിയാക്കും പരിഹാസവും ശാരീരികപീഡനംപോലെതന്നെ സഹിക്കാൻ പ്രയാസമായിരിക്കാം.
പ്രായമുള്ള ഒരാൾക്കും തെററുചെയ്യാൻ സമ്മർദ്ദമനുഭവപ്പെട്ടേക്കാം. ഒരുപക്ഷേ ജോലിസ്ഥലത്തെ മേലാവ് ഒരു ബില്ലിന്റെ തുക കൂട്ടിയെഴുതാനോ നികുതിബാദ്ധ്യത കുറക്കാൻ വഞ്ചാനാത്മകമായി നികുതിഫാറം പൂരിപ്പിക്കാനോ ഒരു ജോലിക്കാരനോട് ആവശ്യപ്പെട്ടേക്കാം. താൻ അനുസരിക്കുന്നില്ലെങ്കിൽ, തന്റെ ജോലി നഷ്ടപ്പെടുമെന്ന് ക്രിസ്ത്യാനി വിചാരിച്ചേക്കാം. അങ്ങനെ, മാനുഷഭയം തെററുചെയ്യാൻ അയാളുടെമേൽ സമ്മർദ്ദം ചെലുത്തിയേക്കാം.
ഇരുസംഗതികളിലും, ആരോഗ്യാവഹമായ ഒരു ദൈവഭയവും അവന്റെ കല്പനകളോടുള്ള ആദരവും മാനുഷഭയത്താൽ സ്തംഭിച്ചുപോകുന്നതിൽനിന്ന് ഒരു ക്രിസ്ത്യാനിയെ തടയും. ദൈവത്തോടുള്ള സ്നേഹം ദൈവം വിലക്കിയിരിക്കുന്ന പ്രവൃത്തികളിലേർപ്പെടുന്നതിൽ അയാളെ നിയന്ത്രിക്കും. (സദൃശവാക്യങ്ങൾ 8:13) തന്നെയുമല്ല, അയാളുടെ ദൈവവിശ്വാസം, തന്റെ ബൈബിൾ പരിശീലിതമനസ്സാക്ഷിക്കനുസൃതമായി പ്രവർത്തിച്ചാൽ പരിണതഫലമെന്തായാലും ദൈവം അയാളെ പിന്താങ്ങുമെന്ന് അയാൾക്കുറപ്പുകൊടുക്കും. അപ്പോസ്തലനായ പൗലോസ് ഈ വാക്കുകളിൽ തന്റെ വിശ്വാസം പ്രകടമാക്കി: “എനിക്ക് ബലം നൽകുന്നവൻ ഹേതുവായി എനിക്ക് സകലത്തിനും ശക്തിയുണ്ട്.”—ഫിലിപ്പിയർ 4:13.
കഠിനപരിശോധനകളിൽപോലും യഹോവയോടു വിശ്വസ്തരായിരുന്നിട്ടുള്ള സ്ത്രീപുരുഷൻമാരുടെ നിരവധി ദൃഷ്ടാന്തങ്ങൾ ബൈബിൾ നൽകുന്നുണ്ട്. അവർക്ക് “പരിഹാസങ്ങളാലും ചമ്മട്ടിപ്രഹരങ്ങളാലും, . . .ബന്ധനങ്ങളാലും തടവുകളാലും തങ്ങളുടെ പീഡാനുഭവങ്ങളുണ്ടായി. അവർ കല്ലെറിയപ്പെട്ടു, അവർ പരീക്ഷിക്കപ്പെട്ടു, അവർ അറുക്കപ്പെട്ടു, വാളുകൊണ്ടുള്ള സംഹാരത്താൽ അവർ മരിച്ചു.” (എബ്രായർ 11:36, 37) എന്നാൽ അവരുടെ മനസ്സുകളെ നിയന്ത്രിക്കാൻ അവർ മാനുഷഭയത്തെ അനുവദിച്ചില്ല. എന്നാൽ യേശു പിന്നീടു തന്റെ ശിഷ്യൻമാർക്കു കൊടുത്ത ബുദ്ധിപൂർവകമായ ഗതി അവർ പിന്തുടർന്നു: “ദേഹിയെ കൊല്ലാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടരുത്; എന്നാൽ ദേഹിയെയും ദേഹത്തെയും ഗീഹെന്നായിൽ നശിപ്പിക്കാൻ കഴിയുന്നവനെ [ദൈവത്തെ] ഭയപ്പെടുക.”—മത്തായി 10:28.
മനുഷ്യരെയല്ല, ദൈവത്തെ ഭയപ്പെടാനുള്ള യേശുവിന്റെ ഈ ബുദ്ധിയുപദേശത്തിന്റെ അനുസരിക്കൽ “സുവാർത്തക്കുവേണ്ടി” സകലതരം പ്രയാസങ്ങളും പീഡാനുഭവങ്ങളും പീഡനങ്ങളും സഹിക്കുന്നതിന് ആദിമക്രിസ്ത്യാനികളെ പ്രാപ്തരാക്കി. (ഫിലേമോൻ 13) അപ്പോസ്തലനായ പൗലോസ് ഇതിന്റെ ശ്രദ്ധാർഹമായ ഒരു ദൃഷ്ടാന്തമാണ്. ദൈവഭയം തടവുശിക്ഷകളും പ്രഹരങ്ങളും കല്ലേറും കപ്പൽച്ചേതങ്ങളും റോഡുകളിലെ വിവിധ അപകടങ്ങളും നിദ്രാരഹിതരാത്രികളും വിശപ്പും ദാഹവും തണുപ്പും നഗ്നതയും സഹിക്കാൻ തന്നെ എങ്ങനെ ധൈര്യപ്പെടുത്തിയെന്ന് കൊരിന്ത്യർക്കുള്ള തന്റെ രണ്ടാമത്തെ ലേഖനത്തിൽ അവൻ പ്രകടമാക്കുന്നു—2 കൊരിന്ത്യർ 11:23-27.
ദൈവഭയം റോമൻസാമ്രാജ്യത്തിൻകീഴിൽ കഠിനപീഡനത്തെ ചെറുത്തുനിൽക്കുന്നതിനുപോലും ആ ആദിമക്രിസ്ത്യാനികളെ ശക്തിപ്പെടുത്തി, അന്ന് ചിലർ പോർക്കളങ്ങളിലെ കാട്ടുമൃഗങ്ങളുടെ മുമ്പിലേക്കുപോലും എറിയപ്പെട്ടിരുന്നു. മദ്ധ്യയുഗങ്ങളിൽ തങ്ങളുടെ വിശ്വാസത്തിൽ വിട്ടുവീഴ്ചചെയ്യുകയില്ലാഞ്ഞതു നിമിത്തം ധീരരായ വിശ്വാസികൾ പരസ്യമായി തീവെച്ചുകൊല്ലപ്പെടുകപോലും ചെയ്തു. കഴിഞ്ഞ ലോകയുദ്ധകാലത്ത് ദൈവത്തെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുന്നതിനു പകരം തടങ്കൽപാളയങ്ങളിൽ യാതനയനുഭവിക്കാനും മരിക്കാനും ക്രിസ്ത്യാനികൾ കൂടുതലിഷ്ടപ്പെട്ടു. ദൈവികഭയം എത്ര ശക്തമായ സ്വാധീനമാണ്! തീർച്ചയായും, അങ്ങനെയുള്ള പീഡാകരമായ സാഹചര്യങ്ങളിൽ അത് മാനുഷഭയത്തെ തരണംചെയ്യാൻ ക്രിസ്ത്യാനികളെ ബലപ്പെടുത്തിയെങ്കിൽ നാം ഏതു സാഹചര്യങ്ങളിലായാലും നമ്മെ ശക്തീകരിക്കാൻ അതിനു കഴിയും. അതുകൊണ്ട് സത്യക്രിസ്ത്യാനികൾക്ക് പിൻവരുന്ന പ്രകാരം എഴുതിയപ്പോൾ അപ്പോസ്തലനായ പൗലോസ് പ്രകടമാക്കിയ അതേ ദൃഢനിശ്ചയം നമുണ്ടായിരിക്കണം: “നാം നാശത്തിലേക്കു പിൻമാറുന്ന തരക്കാരല്ല, പിന്നെയോ ദേഹിയെ ജീവനോടെ സംരക്ഷിക്കാൻതക്ക വിശ്വാസമുള്ള തരക്കാരാണ്.” (എബ്രായർ 10:39) യഹോവാഭയം ശക്തിയുടെ ഒരു യഥാർത്ഥ ഉറവാണ്. അതിന്റെ സഹായത്തോടെ നമുക്ക് “നല്ല ധൈര്യശാലികളായി ‘യഹോവ എന്റെ സഹായിയാകുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്ത് ചെയ്യാൻകഴിയും’ എന്ന് പറയാം.”—എബ്രായർ 13:6. (w89 6⁄1)
[7-ാം പേജിലെ ചിത്രം]
ദൈവഭയം പ്രഹരങ്ങളും തടവും കപ്പൽച്ചേതവും പോലും ഉൾപ്പെടെ സകലവും സഹിക്കുന്നതിന് പൗലോസിനെ ധൈര്യപ്പെടുത്തി.—2 കൊരിന്ത്യർ 11:23-27