ദൈവികഭക്തി സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തം അനുകരിക്കുക
“ഈ ദൈവികഭക്തിയുടെ പാവനരഹസ്യം സമ്മതമാംവണ്ണം വലിയതാകുന്നു: ‘അവൻ [യേശു] ജഡത്തിൽ പ്രത്യക്ഷനാക്കപ്പെട്ടു.’”—1 തിമൊഥെയോസ് 3:16.
1. (എ) ഏതു ചോദ്യത്തിന് 4,000ത്തിൽപരം വർഷങ്ങളിൽ ഉത്തരംകിട്ടാതിരുന്നു? (ബി) എപ്പോൾ, എങ്ങനെ, ഉത്തരം നൽകപ്പെട്ടു?
അത് 4,000ത്തിൽപരം വർഷങ്ങളിൽ ഉത്തരംകിട്ടാഞ്ഞ ഒരു ചോദ്യമായിരുന്നു. ഒന്നാം മനുഷ്യനായിരുന്ന ആദാം നിർമ്മലത പാലിക്കുന്നതിൽ പരാജയപ്പെട്ടതുമുതൽ ചോദ്യം ഇതായിരുന്നു: മനുഷ്യവർഗ്ഗത്തിന്റെ ഇടയിൽ എങ്ങനെ ദൈവികഭക്തി പ്രകടമാക്കപ്പെടാൻ കഴിയും? ഒടുവിൽ, ക്രി. വ. ഒന്നാം നൂററാണ്ടിൽ, ദൈവപുത്രൻ ഭൂമിയിലേക്കു വന്നതോടെ ഉത്തരം നൽകപ്പെട്ടു. ഓരോ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും യേശുക്രിസ്തു യഹോവയോടുള്ള തന്റെ വ്യക്തിപരമായ അടുപ്പം പ്രകടമാക്കി. അവൻ അങ്ങനെ ‘ദൈവികഭക്തിയുടെ പാവനരഹസ്യം’ അനാച്ഛാദനം ചെയ്യുകയും സമർപ്പിതമനുഷ്യർക്ക് അങ്ങനെയുള്ള ഭക്തി നിലനിർത്തുന്നതിനുള്ള വഴി പ്രകടമാക്കുകയുംചെയ്തു.—1 തിമൊഥെയോസ് 3:16.
2. ദൈവികഭക്തി പിന്തുടരുമ്പോൾ, നാം യേശുവിന്റെ ദൃഷ്ടാന്തത്തെ അടുത്തു പരിഗണിക്കേണ്ടതെന്തുകൊണ്ട്?
2 സമർപ്പിതരും സ്നാപനമേററവരുമായ ക്രിസ്ത്യാനികളെന്ന നിലയിൽ നാം യേശുക്രിസ്തുവിന്റെ ദൃഷ്ടാന്തത്തെ “അടുത്തു പരിചിന്തിക്കുന്ന”തു നല്ലതാണ്. (എബ്രായർ 12:3) എന്തുകൊണ്ട്? രണ്ടു കാരണങ്ങളാൽ. ഒന്ന്, യേശുവിന്റെ ദൃഷ്ടാന്തത്തിന് ദൈവികഭക്തി നട്ടുവളർത്തുന്നതിന് നമ്മെ സഹായിക്കാൻകഴിയും. യേശുവിന് തന്റെ പിതാവിനെക്കുറിച്ച് മററാരെയുംകാൾ കൂടുതൽ അറിയാമായിരുന്നു. (യോഹന്നാൻ 1:18) യേശു യഹോവയുടെ വഴികളും ഗുണങ്ങളും വളരെ അടുത്തു അനുകരിച്ചതുകൊണ്ട് “എന്നെ കണ്ടിരിക്കുന്നവൻ എന്റെ പിതാവിനെയും കണ്ടിരിക്കുന്നു” എന്നു പറയാൻ അവനു കഴിഞ്ഞു. (യോഹന്നാൻ 14:9) അപ്പോൾ, യേശുവിന്റെ ജീവിതത്തിലൂടെയും ശുശ്രൂഷയിലൂടെയും യഹോവയുടെ കരുണാർദ്രമായ ഗുണങ്ങളെക്കുറിച്ച് നമുക്ക് ആഴമേറിയ വിലമതിപ്പു നേടാനും അങ്ങനെ നമ്മുടെ സ്നേഹവാനായ സ്രഷ്ടാവിനോടുള്ള നമ്മുടെ വ്യക്തിപരമായ ബന്ധത്തെ ബലിഷ്ഠമാക്കാനും കഴിയും. രണ്ട്, യേശുവിന്റെ ദൃഷ്ടാന്തത്തിന് ദൈവികഭക്തി പ്രകടമാക്കുന്നതിൽ നമ്മെ സഹായിക്കാൻകഴിയും. അവൻ ദൈവികഭക്തി പ്രകടമാക്കുന്ന നടത്തയുടെ പൂർണ്ണതയുള്ള ദൃഷ്ടാന്തം വെച്ചു. അങ്ങനെ നമുക്ക് എങ്ങനെ ‘ക്രിസ്തുവിനെ ധരിക്കാമെന്ന്,’ അതായത്, അവനെ ഒരു മാതൃകയെന്ന നിലയിൽ എടുക്കുന്നതിന്, അവന്റെ ദൃഷ്ടാന്തം അനുകരിക്കുന്നതിന് കഴിയുമെന്നു പരിചിന്തിക്കുന്നതു നന്നായിരിക്കും.—റോമർ 13:14.
3. നമ്മുടെ വ്യക്തിപരമായ ബൈബിളദ്ധ്യയനത്തിൽ എന്തുൾപ്പെടണം, എന്തുകൊണ്ട്?
3 യേശു പറയുകയും പ്രവർത്തിക്കുകയും ചെയ്ത സകലവും ലിഖിതരൂപത്തിൽ സൂക്ഷിക്കപ്പെട്ടിട്ടില്ല. (യോഹന്നാൻ 21:25) അതുകൊണ്ട്, ദിവ്യനിശ്വസ്തതയാൽ രേഖപ്പെടുത്തപ്പെട്ട കാര്യങ്ങൾ നമുക്ക് പ്രത്യേക താൽപര്യമുള്ളവയായിരിക്കണം. അതുകൊണ്ട് വ്യക്തിപരമായ ബൈബിൾപഠനത്തിന്റെ ഒരു പരിപാടിയിൽ യേശുവിന്റെ ജീവിതം സംബന്ധിച്ച സുവിശേഷവിവരണങ്ങളുടെ ഒരു ക്രമമായ വായന ഉൾപ്പെടണം. എന്നാൽ അങ്ങനെയുള്ള വായന നമ്മുടെ ദൈവികഭക്തിയുടെ പിന്തുടരലിൽ നമ്മെ സഹായിക്കണമെങ്കിൽ നാം വായിക്കുന്നതുസംബന്ധിച്ച് വിലമതിപ്പോടെ വിചിന്തനംചെയ്യുന്നതിനു സമയമെടുക്കണം. നാം പ്രത്യക്ഷത്തിൽ കാണുന്നതിനുമപ്പുറം നോക്കാൻ ജാഗ്രതയുള്ളവരുമായിരിക്കണം.
പിതാവിനെപ്പോലെ പുത്രനും
4. (എ) യേശു ഊഷ്മളതയും ആഴമായ വികാരവുമുള്ള ഒരു ആളായിരുന്നുവെന്ന് എന്തു പ്രകടമാക്കുന്നു? (ബി) മററുള്ളവരോട് ഇടപെട്ടപ്പോൾ യേശു എന്തു മുൻകൈ എടുത്തു?
4 ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക. യേശു ഊഷ്മളതയും ആഴമായ വികാരവുമുള്ള ഒരാളായിരുന്നു. എല്ലാ പ്രായങ്ങളിലും പശ്ചാത്തലങ്ങളിലുമുള്ള ആളുകൾ അവനെ സമീപിക്കാവുന്നവനായി കണ്ടെത്തിയെന്ന് മർക്കോസ് 10:1, 10, 13, 17, 35 എന്നിവയിൽനിന്ന് കാണുക. ഒന്നിലധികം സന്ദർഭങ്ങളിൽ, അവൻ കുട്ടികളെ തന്റെ കൈകളിലെടുത്തു. (മർക്കോസ് 9:36; 10:16) ആളുകൾ, കുട്ടികൾ പോലും, യേശുവിന്റെ അടുക്കൽ വളരെ സുഖമനുഭവിച്ചതെന്തുകൊണ്ട്? അവരിലുള്ള അവന്റെ ആത്മാർത്ഥവും യഥാർത്ഥവുമായ താൽപര്യംനിമിത്തം. (മർക്കോസ് 1:40, 41) അവൻ മിക്കപ്പോഴും സഹായമാവശ്യമുള്ള മററുള്ളവരെ സമീപിക്കുന്നതിന് മുൻകൈയെടുത്തതിൽനിന്ന് ഇതു വ്യക്തമായിരുന്നു. അങ്ങനെ നയീനിലെ വിധവ അവന്റെ “ദൃഷ്ടിയിൽപെട്ടു”വെന്ന് നാം വായിക്കുന്നു, അവളുടെ മരിച്ച പുത്രനെ ആളുകൾ വഹിച്ചുകൊണ്ടുപോകുകയായിരുന്നു. അപ്പോൾ അവൻ “സമീപിക്കുകയും” ബാലനെ ഉയിർപ്പിക്കുകയുംചെയ്തു. അങ്ങനെ ചെയ്യാൻ ആരും അവനോട് അപേക്ഷിച്ചതായി പറയുന്നില്ല. (ലൂക്കോസ് 7:13-15) ആവശ്യപ്പെടാതെതന്നെ അവൻ ഒരു വികലയായ സ്ത്രീയെയും മഹോദരമുണ്ടായിരുന്ന ഒരു മനുഷ്യനെയും സൗഖ്യമാക്കാൻ മുൻകൈയെടുത്തു.—ലൂക്കോസ് 13:11-13; 14:1-4.
5. യേശുവിന്റെ ശുശ്രൂഷയെക്കുറിച്ചുള്ള ഈ വിവരണങ്ങൾ യഹോവയുടെ വഴികളെയും ഗുണങ്ങളെയുംകുറിച്ച് നമ്മെ എന്തു പഠിപ്പിക്കുന്നു?
5 നിങ്ങൾ അങ്ങനെയുള്ള സംഭവങ്ങളെക്കുറിച്ചു വായിക്കുമ്പോൾ, നിന്ന് നിങ്ങളോടുതന്നെ ചോദിക്കുക: ‘യേശു പൂർണ്ണമായി തന്റെ പിതാവിനെ അനുകരിച്ചതുകൊണ്ട്, യഹോവയുടെ ഗുണങ്ങളെയും വഴികളെയുംകുറിച്ച് ഈ വിവരണങ്ങൾ എന്നോട് എന്തു പറയുന്നു?’ യഹോവ ഊഷ്മളതയും ആഴമായ വികാരവുമുള്ള ഒരു ദൈവമാണെന്ന് അവ വീണ്ടും നമുക്ക് ഉറപ്പുനൽകേണ്ടതാണ്. മനുഷ്യകുടുംബത്തിലുള്ള അവന്റെ സ്ഥായിയായ താൽപര്യത്തിന്റെ തീവ്രത അവരുമായി ഇടപെടുന്നതിനു മുൻകൈയെടുക്കാൻ അവനെ പ്രേരിപ്പിച്ചിരിക്കുന്നു. തന്റെ പുത്രനെ “അനേകർക്കു പകരമായി ഒരു മറുവില”യായി കൊടുക്കാൻ അവനെ ബലമായി നിർബന്ധിക്കേണ്ടിയിരുന്നില്ല. (മത്തായി 20:28; യോഹന്നാൻ 3:16) സ്നേഹത്തിൽനിന്നു തന്നെ സേവിക്കുന്നവരോട് “പററിനിൽക്കാ”നുള്ള അവസരങ്ങൾ അവൻ തേടുന്നു. (ആവർത്തനം 10:15) ബൈബിൾ പറയുന്നതുപോലെ: “തന്റെ നേരെ ഹൃദയം പൂർണ്ണമായിരിക്കുന്നവർക്കുവേണ്ടി തന്റെ ശക്തി പ്രകടമാക്കാൻ [യഹോവയുടെ] കണ്ണുകൾ സർവഭൂമിയിലും ചുററിനടക്കുകയാണ്.”—2 ദിനവൃത്താന്തം 16:9.
6. തന്റെ പുത്രനാൽ ഉദാഹരിക്കപ്പെട്ട യഹോവയുടെ ഊഷ്മളതയെയും ആഴമായ വികാരത്തെയും നാം വിചിന്തനംചെയ്യുമ്പോൾ എന്തു ഫലമുണ്ടാകുന്നു?
6 തന്റെ പുത്രനാൽ ദൃഷ്ടാന്തീകരിക്കപ്പെട്ടപ്രകാരം, യഹോവയുടെ ഊഷ്മളതയെയും ആഴമായ വികാരത്തെയും കുറിച്ച് വിചിന്തനം ചെയ്യുന്നത് നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കുകയും അവന്റെ സ്നേഹനിർഭരവും ആകർഷകവുമായ ഗുണങ്ങൾ സംബന്ധിച്ച വർദ്ധിച്ച വിലമതിപ്പുകൊണ്ട് അതിനെ നിറക്കുകയുംചെയ്യും. ഇത്, ക്രമത്തിൽ, നിങ്ങളെ അവനിലേക്ക് ആകർഷിക്കും. നിങ്ങൾ എല്ലാ സമയങ്ങളിലും എല്ലാ സാഹചര്യങ്ങളിലും പ്രാർത്ഥനയിൽ യഥേഷ്ടം അവനെ സമീപിക്കുന്നതിന് പ്രേരിപ്പിക്കപ്പെടും. (സങ്കീർത്തനം 65:2) അത് അവനോടുള്ള നിങ്ങളുടെ വ്യക്തിപരമായ ബന്ധത്തെ ബലിഷ്ഠമാക്കും.
7. യഹോവയുടെ ഊഷ്മളതയെയും ആഴമായ വികാരത്തെയും കുറിച്ച് വിചിന്തനംചെയ്തശേഷം നിങ്ങൾ നിങ്ങളോടുതന്നെ എന്തു ചോദിക്കണം, എന്തുകൊണ്ട്?
7 എന്നിരുന്നാലും, ദൈവികഭക്തിയിൽ കേവലം ആരാധനാവികാരത്തെക്കാളധികം ഉൾപ്പെട്ടിരിക്കുന്നുവെന്ന് ഓർക്കുക. ബൈബിൾ പണ്ഡിതനായ ആർ. ലെൻസ്ക്കി പ്രസ്താവിക്കുന്നതുപോലെ, “അതിൽ ആദരപൂർവകമായ നമ്മുടെ മുഴു ആരാധനാമനോഭാവവും അതിൽനിന്ന പുറപ്പെടുന്ന പ്രവർത്തനങ്ങളും ഉൾപ്പെടുന്നു. (ഇററാലിക്സ് ഞങ്ങളുടേത്.) അതുകൊണ്ട് യേശുവിനാൽ ഉദാഹരിക്കപ്പെട്ടപ്രകാരമുള്ള യഹോവയുടെ ഊഷ്മളതയേയും ആഴമായ വികാരത്തെയും കുറിച്ചു വിചിന്തനം ചെയ്തശേഷം നിങ്ങളോടുതന്നെ ചോദിക്കുക: ‘ഈ കാര്യത്തിൽ എനിക്ക് കൂടുതലായി യഹോവയെപ്പോലെയായിരിക്കാൻ എങ്ങനെ കഴിയും? ഞാൻ സമീപിക്കാവുന്നവനാണെന്ന് മററുള്ളവർ കണ്ടെത്തുന്നുണ്ടോ?’ നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ നിങ്ങൾ നിങ്ങളുടെ കുട്ടികൾക്കു സമീപിക്കാവുന്നവരായിരിക്കണം. നിങ്ങൾ ഒരു സഭാമൂപ്പനാണെങ്കിൽ, നിങ്ങൾ തീർച്ചയായും സമീപിക്കാവുന്നവൻ ആയിരിക്കണം. അപ്പോൾ എന്താണ് നിങ്ങളെ കൂടുതൽ സമീപിക്കാവുന്നവനാക്കുന്നത്? ഊഷ്മളതയും ആഴമായ വികാരവും. നിങ്ങൾ മററുള്ളവരിൽ ആത്മാർത്ഥവും യഥാർത്ഥവുമായ താത്പര്യം നട്ടുവളർത്തണം. നിങ്ങൾ മററുള്ളവരെക്കുറിച്ച് യഥാർത്ഥത്തിൽ കരുതുമ്പോൾ, അവർക്കുവേണ്ടി നിങ്ങളേത്തന്നെ കൊടുക്കാൻ സന്നദ്ധനുമായിരിക്കുമ്പോൾ, അവർ ഇതു തിരിച്ചറിയുകയും നിങ്ങളിലേക്ക് ആകർഷിക്കപ്പെടുകയുംചെയ്യും.
8. (എ) നിങ്ങൾ യേശുവിനെക്കുറിച്ചുള്ള ബൈബിൾവിവരണം വായിക്കുമ്പോൾ നിങ്ങൾ എന്തു മനസ്സിൽ പിടിക്കണം? (ബി) അടിക്കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന വിവരണങ്ങളിൽനിന്ന് നാം യഹോവയെക്കുറിച്ച് എന്തു പഠിക്കുന്നു?
8 അതുകൊണ്ട് നിങ്ങൾ യേശുവിനെക്കുറിച്ചുള്ള ബൈബിൾവിവരണം വായിക്കുമ്പോൾ യേശു ചെയ്യുകയും പറയുകയുംചെയ്ത കാര്യങ്ങളിൽനിന്ന് ഒരു വ്യക്തിയെന്ന നിലയിൽ യഹോവയെക്കുറിച്ച് നിങ്ങൾക്കു വളരെയധികം കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്ന് മനസ്സിൽപിടിക്കുക.a യേശുവിനാൽ പ്രതിഫലിപ്പിക്കപ്പെട്ട പ്രകാരമുള്ള ദൈവത്തിന്റെ ഗുണങ്ങളോടുള്ള നിങ്ങളുടെ വിലമതിപ്പു കൂടുതലായി അവനെപ്പോലെയാകാൻ ശ്രമിക്കുന്നതിന് നിങ്ങളെ പ്രേരിപ്പിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവികഭക്തിയുടെ തെളിവു നൽകുകയാണ്.
കുടുംബാംഗങ്ങളോടു ദൈവികഭക്തിയാചരിക്കൽ
9, 10. (എ) യേശു മരിക്കുന്നതിനു നിമിഷങ്ങൾക്കുമുമ്പ് അവൻ തന്റെ അമ്മയായ മറിയയോടുള്ള സ്നേഹവും താൽപര്യവും പ്രകടമാക്കിയതെങ്ങനെ? (ബി) പ്രസ്പഷ്ടമായി, മറിയയുടെ പരിപാലനം അവന്റെ സ്വന്തം ജഡികസഹോദരൻമാരിലൊരാളെ ഏൽപ്പിക്കാതെ അപ്പോസ്തലനായ യോഹന്നാനെ ഏൽപ്പിച്ചതെന്തുകൊണ്ട്?
9 യേശുക്രിസ്തുവിന്റെ ജീവിതവും ശുശ്രൂഷയും ദൈവികഭക്തി പ്രകടമാക്കേണ്ടതെങ്ങനെയെന്ന് വളരെയധികം വെളിപ്പെടുത്തുന്നു. യോഹന്നാൻ 19:25-27ൽ ഒരു വികാരസ്പർശിയായ ദൃഷ്ടാന്തം രേഖപ്പെടുത്തിയിരിക്കുന്നു. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “എന്നിരുന്നാലും, യേശുക്രിസ്തുവിന്റെ ദണ്ഡനസ്തംഭത്തിനരികെ അവന്റെ അമ്മയും അവന്റെ അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യയായ മറിയയും മഗ്ദലനമറിയയും നിൽക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് യേശു അവന്റെ അമ്മയും അവൻ സ്നേഹിച്ച ശിഷ്യനും [യോഹന്നാൻ] അരികെ നിൽക്കുന്നതു കണ്ടുകൊണ്ട് അവന്റെ അമ്മയോട്: ‘സ്ത്രീയേ, കാൺമിൻ! നിന്റെ പുത്രൻ!’ എന്നു പറഞ്ഞു. അടുത്തതായി അവൻ ശിഷ്യനോട്: ‘കാൺമിൻ നിന്റെ അമ്മ!’ എന്നു പറഞ്ഞു. ആ നാഴികമുതൽ ശിഷ്യൻ അവളെ അവന്റെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി.”
10 അതിനെക്കുറിച്ചു സങ്കൽപ്പിക്കുക! യേശു തന്റെ ഭൗമികജീവൻ അർപ്പിക്കുന്നതിനു നിമിഷങ്ങൾക്കുമാത്രം മുമ്പ് അവന്റെ സ്നേഹവും ശ്രദ്ധയും (പ്രത്യക്ഷത്തിൽ ഇപ്പോൾ ഒരു വിധവയായിരുന്ന) അവന്റെ അമ്മയായ മറിയയുടെ പരിപാലനം അവന്റെ പ്രിയപ്പെട്ട അപ്പോസ്തലനായിരുന്ന യോഹന്നാനെ ഭരമേൽപ്പിക്കാൻ അവനെ പ്രേരിപ്പിച്ചു. എന്നാൽ യേശുവിന്റെ സ്വന്തം ജഡികസഹോദരൻമാരിൽ ഒരാളെ ഏൽപ്പിക്കാതെ യോഹന്നാനെ ഏൽപ്പിച്ചതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യേശു മറിയയുടെ ഭൗതികമായ, ശാരീരികമായ, ആവശ്യങ്ങളിൽ മാത്രമല്ല, വിശേഷതരമായി അവളുടെ ആത്മീയ ക്ഷേമത്തിലും തൽപ്പരനായിരുന്നു. അപ്പോസ്തലനായ യോഹന്നാൻ (യേശുവിന്റെ മച്ചുനനായിരിക്കാനിടയുണ്ട്) അവന്റെ വിശ്വാസം തെളിയിച്ചിരുന്നു, എന്നാൽ യേശുവിന്റെ ജഡികസഹോദരൻമാർ അപ്പോഴും വിശ്വാസികളായിത്തീർന്നതായി സൂചനയില്ല.—മത്തായി 12:46-50; യോഹന്നാൻ 7:5.
11. (എ) പൗലോസ് പറയുന്നതനുസരിച്ച് ഒരു ക്രിസ്ത്യാനിക്ക് സ്വന്തം ഭവനത്തിൽ എങ്ങനെ ദൈവികഭക്തി ആചരിക്കാം? (ബി) യഥാർത്ഥ ക്രിസ്ത്യാനി പ്രായമുള്ള മാതാപിതാക്കൾക്കുവേണ്ടി കരുതൽചെയ്യുന്നതെന്തുകൊണ്ട്?
11 ഇപ്പോൾ, ഇത് ദൈവികഭക്തിയുടെ ഒരു പ്രകടനമായിരുന്നതെങ്ങനെ? അപ്പോസ്തലനായ പൗലോസ് വിശദീകരിക്കുന്നു: “യഥാർത്ഥത്തിൽ വിധവകളായ വിധവമാരെ ബഹുമാനിക്കുക. എന്നാൽ ഏതെങ്കിലും വിധവക്ക് മക്കളോ മക്കളുടെ മക്കളോ ഉണ്ടെങ്കിൽ, അവർ ആദ്യം തങ്ങളുടെ സ്വന്തം ഭവനങ്ങളിൽ ദൈവികഭക്തി ആചരിക്കാനും തങ്ങളുടെ മാതാപിതാക്കൾക്കും വല്യമ്മവല്യപ്പൻമാർക്കും ഒരു തക്ക പ്രതിഫലം കൊടുത്തുകൊണ്ടിരിക്കാനും പഠിക്കട്ടെ, എന്തുകൊണ്ടെന്നാൽ ഇത് ദൈവത്തിന്റെ ദൃഷ്ടിയിൽ സ്വീകാര്യമാണ്.” (1 തിമൊഥെയോസ് 5:3, 4) പൗലോസ് പറയുന്നതുപോലെ, തങ്ങളുടെ മാതാപിതാക്കൻമാർക്ക് ആവശ്യമായിവരുമ്പോൾ ഭൗതികസഹായം കൊടുത്തുകൊണ്ട് അവരെ ബഹുമാനിക്കുന്നത് ദൈവികഭക്തിയുടെ ഒരു പ്രകടനമാണ്. (എഫേസ്യർ 3:14, 15; 6:1-3) അതുകൊണ്ട്, അങ്ങനെയുള്ള കുടുംബ ഉത്തരവാദിത്വത്തിന്റെ അനുഷ്ഠാനം ഒരുവന്റെ മാതാപിതാക്കളോടുള്ള സ്നേഹം പ്രകടമാക്കുന്നുവെന്നുമാത്രമല്ല, പിന്നെയൊ ദൈവത്തോടുള്ള ഭക്തിയും അവന്റെ കൽപ്പനകളോടുള്ള അനുസരണവും പ്രകടമാക്കുന്നുവെന്ന് യഥാർത്ഥ ക്രിസ്ത്യാനി തിരിച്ചറിയുന്നു.—കൊലോസ്യർ 3:20 താരതമ്യപ്പെടുത്തുക.
12. നിങ്ങൾക്ക് പ്രായമുള്ള മാതാപിതാക്കളോട് എങ്ങനെ ദൈവികഭക്തി ആചരിക്കാം, ആന്തരമെന്തായിരിക്കണം?
12 അപ്പോൾ നിങ്ങൾക്ക് എങ്ങനെ കുടുംബാംഗങ്ങളോട് ദൈവികഭക്തി ആചരിക്കാൻ കഴിയും? ഇതിൽ തീർച്ചയായും യേശു ചെയ്തതുപോലെ, പ്രായമുള്ള മാതാപിതാക്കളുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾക്കുവേണ്ടി കരുതാൻ ഏർപ്പാടുചെയ്യുന്നത് ഉൾപ്പെടുന്നു. അങ്ങനെ ചെയ്യുന്നതിലുള്ള പരാജയം ദൈവികഭക്തിയുടെ അഭാവത്തെ വെളിപ്പെടുത്തും. (2 തിമൊഥെയോസ് 3:2, 3, 5 താരതമ്യപ്പെടുത്തുക.) സമർപ്പിത ക്രിസ്ത്യാനി ഞെരുക്കമുള്ള മാതാപിതാക്കൾക്കുവേണ്ടി കരുതുന്നത് കേവലം ദയയിൽനിന്നോ കടമയിൽനിന്നോ അല്ല, പിന്നെയോ അയാൾ തന്റെ കുടുംബത്തെ സ്നേഹിക്കുന്നതുകൊണ്ടും അത്തരം ഉത്തരവാദിത്തനിർവഹണത്തിന് യഹോവ കൊടുക്കുന്ന ഉന്നതപരിഗണന തിരിച്ചറിയുന്നതുകൊണ്ടുമാണ്. അങ്ങനെ, അയാൾ തന്റെ പ്രായമുള്ള മാതാപിതാക്കളെ പരിപാലിക്കുന്നത് ദൈവികഭക്തിയുടെ ഒരു പ്രകടനമാണ്.b
13. ഒരു ക്രിസ്തീയപിതാവിന് തന്റെ കുടുംബത്തോട് എങ്ങനെ ദൈവികഭക്തി ആചരിക്കാം?
13 കുടുംബത്തിൽ മററു വിധങ്ങളിലും ദൈവികഭക്തി ആചരിക്കാവുന്നതാണ്. ദൃഷ്ടാന്തമായി, ഒരു ക്രിസ്തീയ പിതാവിന് തന്റെ കുടുംബത്തിനുവേണ്ടി ഭൗതികമായും വൈകാരികമായും ആത്മീയമായും കരുതാനുള്ള ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട്, ഭൗതികസഹായം കൊടുക്കുന്നതിനു പുറമേ, അയാൾ സ്നേഹപൂർവം ക്രമമായ ഒരു കുടുംബബൈബിളദ്ധ്യയനത്തിന് ക്രമീകരണംചെയ്യുന്നു. അയാൾ തന്റെ കുടുംബത്തോടൊത്ത് ക്രമമായി വയൽശുശ്രൂഷയിലേർപ്പെടാൻ സമയം പട്ടികപ്പെടുത്തുന്നു. വിശ്രമത്തിനും വിനോദത്തിനുംവേണ്ടിയുള്ള അവരുടെ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട് അയാൾ സമനില പാലിക്കുന്നു. സഭാപ്രവർത്തനം തന്റെ കുടുംബത്തെ അയാളവഗണിക്കാനിടയാക്കാതെ ബുദ്ധിപൂർവം മുൻഗണനകൾ വെക്കുന്നു. (1 തിമൊഥെയോസ് 3:5, 12) അയാൾ ഇതെല്ലാം ചെയ്യുന്നതെന്തുകൊണ്ട്? കേവലം ഒരു കർത്തവ്യബോധംകൊണ്ടല്ല പിന്നെയോ കുടുംബത്തോടുള്ള തന്റെ സ്നേഹംകൊണ്ടാണ്. ഒരുവന്റെ കുടുംബപരിപാലനത്തിന് യഹോവ കൊടുക്കുന്ന പ്രാധാന്യത്തെ അയാൾ തിരിച്ചറിയുന്നു. അങ്ങനെ ഭർത്താവും പിതാവുമെന്ന നിലയിലുള്ള അയാളുടെ ഉത്തരവാദിത്തം നിറവേററുന്നതിനാൽ അയാൾ ദൈവികഭക്തി ആചരിക്കുകയാണ്.
14. ഒരു ക്രിസ്തീയ ഭാര്യക്ക് ഭവനത്തിൽ എങ്ങനെ ദൈവികഭക്തി പ്രകടമാക്കാം?
14 ക്രിസ്തീയ ഭാര്യമാർക്കും ഭവനത്തിൽ ദൈവികഭക്തി ആചരിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. എങ്ങനെ? ഒരു ഭാര്യ ഭർത്താവിന് “കീഴ്പ്പെട്ടിരിക്കണ”മെന്നും അയാളോട് “അഗാധമായ ആദരവു”ണ്ടായിരിക്കണമെന്നും ബൈബിൾ പറയുന്നു. (എഫേസ്യർ 5:22, 23) അവളുടെ ഭർത്താവ് ഒരു വിശ്വാസിയല്ലെങ്കിൽപോലും അവൾ അയാൾക്ക് “കീഴ്പ്പെട്ടിരിക്കുന്നു”. (1 പത്രോസ് 3:1) തന്റെ ഭർത്താവ് ചെയ്യുന്ന തീരുമാനങ്ങൾ ദൈവനിയമങ്ങൾക്കു വിരുദ്ധമല്ലാത്തിടത്തോളംകാലം അവക്കു പിന്തുണ കൊടുത്തുകൊണ്ട് ക്രിസ്തീയ സ്ത്രീ അങ്ങനെയുള്ള ഭാര്യാസഹജമായ കീഴ്പ്പെടൽ പ്രകടമാക്കുന്നു. (പ്രവൃത്തികൾ 5:29) അവൾ ഈ റോൾ സ്വീകരിക്കുന്നതെന്തുകൊണ്ട്? അവൾ തന്റെ ഭർത്താവിനെ സ്നേഹിക്കുന്നതുകൊണ്ടു മാത്രമല്ല, പിന്നെയോ വിശേഷാൽ അത് “കർത്താവിൽ ഉചിതമായിരിക്കുന്നു”വെന്ന് അവൾ തിരിച്ചറിയുന്നതുകൊണ്ടുമാണ്—അതായത് അത് കുടുംബത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ ക്രമീകരണമാണ്. (കൊലോസ്യർ 3:18) അങ്ങനെ അവളുടെ ഭർത്താവിനോടുള്ള അവളുടെ മനസ്സോടെയുള്ള കീഴ്പ്പെടൽ അവളുടെ ദൈവികഭക്തിയുടെ ഒരു പ്രകടനമാണ്.
“ഈ ഉദ്ദേശ്യത്തിൽ ഞാൻ വെളിയിൽ പോയിരിക്കുന്നു”
15. ഏതു പ്രമുഖ വിധത്തിൽ യേശു ദൈവികഭക്തി പ്രകടമാക്കി?
15 യേശുക്രിസ്തു ദൈവികഭക്തി പ്രകടമാക്കിയ പ്രമുഖമായ വിധങ്ങളിലൊന്ന് ‘ദൈവരാജ്യത്തിന്റെ സുവാർത്ത ഘോഷിക്കുക’യായിരുന്നു. (ലൂക്കോസ് 4:43) ക്രി.വ. 29-ൽ യോർദ്ദാനിൽ നടന്ന അവന്റെ സ്നാപനത്തെ തുടർന്ന് യേശു ഈ സർവപ്രധാനമായ വേലയിൽ ഉററിരുന്നുകൊണ്ട് അടുത്ത മൂന്നര വർഷം ചെലവഴിച്ചു. “ഈ ഉദ്ദേശ്യത്തിലാണ് ഞാൻ വെളിയിൽ പോയിരിക്കുന്ന”തെന്ന് അവൻ വിശദീകരിച്ചു. (മർക്കോസ് 1:38; യോഹന്നാൻ 18:37) എന്നാൽ ഇത് അവന്റെ ദൈവികഭക്തിയുടെ ഒരു പ്രകടനമായിരുന്നതെങ്ങനെ?
16, 17. (എ) പ്രസംഗത്തിലും പഠിപ്പിക്കലിലും ഉററിരിക്കാൻ യേശുവിനെ പ്രേരിപ്പിച്ചതെന്ത്? (ബി) പ്രസംഗിക്കലും പഠിപ്പിക്കലുമായിരുന്ന യേശുവിന്റെ ശുശ്രൂഷ അവന്റെ ദൈവികഭക്തിയുടെ ഒരു പ്രകടനമായിരുന്നതെന്തുകൊണ്ട്?
16 ദൈവികഭക്തിയിൽ നിങ്ങൾ ദൈവത്തെ സ്നേഹിക്കുന്നതുകൊണ്ടും അവന്റെ പ്രിയങ്കരങ്ങളായ ഗുണങ്ങളെ അഗാധമായി വിലമതിക്കുന്നതുകൊണ്ടും ദൈവത്തിനു പ്രസാദകരമായ ഒരു വിധത്തിൽ ജീവിക്കുന്നത് ഉൾപ്പെടുന്നുവെന്നോർക്കുക. അപ്പോൾ ഭൂമിയിലെ തന്റെ അന്തിമവർഷങ്ങൾ പ്രസംഗത്തിലും പഠിപ്പിക്കലിലും ഉററിരുന്നുകൊണ്ട് ചെലവഴിക്കാൻ യേശുവിനെ പ്രേരിപ്പിച്ചതെന്തായിരുന്നു? കേവലം കടമയുടെയോ കടപ്പാടിന്റെയോ ഒരു ബോധമായിരുന്നോ? അവന് ജനങ്ങളോടു താല്പര്യമുണ്ടായിരുന്നുവെന്നതിനു സംശയമില്ല. (മത്തായി 9:35, 36) പരിശുദ്ധാത്മാവിനാലുള്ള അവന്റെ അഭിഷേകം തന്റെ ശുശ്രൂഷ നിർവഹിക്കാൻ അവനെ നിയമിക്കുകയും നിയോഗിക്കുകയും ചെയ്തുവെന്ന് അവൻ പൂർണ്ണമായും തിരിച്ചറിഞ്ഞു. (ലൂക്കോസ് 4:16-21) എന്നിരുന്നാലും, അവന്റെ ആന്തരങ്ങൾ കൂടുതൽ അഗാധമായിരുന്നു.
17 തന്റെ ഭൗമികജീവിതത്തിന്റെ അവസാനരാത്രിയിൽ യേശു തന്റെ അപ്പോസ്തലൻമാരോട് “ഞാൻ പിതാവിനെ സ്നേഹിക്കുന്നു” എന്ന് വ്യക്തമായി പറഞ്ഞു. (യോഹന്നാൻ 14:31) ആ സ്നേഹം യഹോവയുടെ ഗുണങ്ങൾ സംബന്ധിച്ച വളരെ അഗാധവും ഗാഢവുമായ പരിജ്ഞാനത്തിൽ അധിഷ്ഠിതമാണ്. (ലൂക്കോസ് 10:22) അഗാധമായ വിലമതിപ്പിനാൽ ഉത്തേജിതമായ ഒരു ഹൃദയത്താൽ പ്രേരിതമായി യേശു ദൈവേഷ്ടംചെയ്യുന്നതിൽ പ്രമോദം കണ്ടെത്തി. (സങ്കീർത്തനം 40:8) അത് അവന്റെ “ആഹാര”മായിരുന്നു—ജീവിതത്തിന് അത്യാവശ്യവും വളരെ ആസ്വാദ്യവും. (യോഹന്നാൻ 4:34) അവൻ സ്വത്വത്തെ ഒന്നാമതു വെക്കുന്നതിനുപകരം “ഒന്നാമതു രാജ്യം അന്വേഷിക്കുന്ന”തിന്റെ പൂർണ്ണതയുള്ള ദൃഷ്ടാന്തം വെച്ചു. (മത്തായി 6:33) അതുകൊണ്ട് അവൻ കേവലം എന്തു ചെയ്തുവെന്നതോ എത്രയധികംചെയ്തുവെന്നതോ അല്ല പിന്നെയൊ എന്തുകൊണ്ടു ചെയ്തുവെന്നതായിരുന്നു അവന്റെ പ്രസംഗത്തിന്റെയും പഠിപ്പിക്കലിന്റെയും ശുശ്രൂഷയെ അവന്റെ ദൈവികഭക്തിയുടെ പ്രകടനമാക്കിയത്.
18. ശുശ്രൂഷയിൽ ഒരു പങ്കുണ്ടായിരിക്കുന്നത് അവശ്യം ദൈവികഭക്തിയുടെ ഒരു പ്രകടനമായിരിക്കുന്നില്ലാത്തതെന്തുകൊണ്ട്?
18 ഈ കാര്യത്തിൽ നമുക്ക് “മാതൃക”യായ യേശുവിന്റെ ദൃഷ്ടാന്തം എങ്ങനെ പിന്തുടരാൻ കഴിയും? (1 പത്രോസ് 2:21) “വന്ന് എന്റെ അനുഗാമിയാകാ”നുള്ള യേശുവിന്റെ ക്ഷണത്തിനു ചെവികൊടുക്കുന്ന എല്ലാവർക്കും രാജ്യസുവാർത്ത പ്രസംഗിക്കുന്നതിനും ശിഷ്യരെ ഉളവാക്കുന്നതിനുമുള്ള ഒരു ദിവ്യനിയോഗമുണ്ട്. (ലൂക്കോസ് 18:22; മത്തായി 24:14; 28:19, 20) സുവാർത്താപ്രസംഗത്തിൽ കുറെ പങ്കുണ്ടായിരുന്നാൽ നാം ദൈവികഭക്തിയാചരിക്കുകയാണെന്ന് അതിനർത്ഥമുണ്ടോ? അവശ്യം അർത്ഥമുണ്ടായിരിക്കുന്നില്ല. നാം അലസമോ നാമമാത്രമോ ആയ രീതിയിൽ അല്ലെങ്കിൽ കുടുംബാംഗങ്ങളെയോ മററുള്ളവരെയോ പ്രസാദിപ്പിക്കാൻമാത്രം ശുശ്രൂഷയിലേർപ്പെടുകയാണെങ്കിൽ അത് ‘ദൈവികഭക്തിയുടെ ഒരു പ്രവർത്തനമായി’ അശേഷം പരിഗണിക്കപ്പെടുകയില്ല.—2 പത്രോസ് 3:11.
19. (എ) നാം ശുശ്രൂഷയിൽ ചെയ്യുന്നതിന്റെ ഒരു മുഖ്യകാരണം എന്തായിരിക്കണം? (ബി) നാം ദൈവത്തോടുള്ള അഗാധസ്ഥിതമായ സ്നേഹത്താൽ പ്രേരിതരായിരിക്കുമ്പോൾ എന്തു ഫലമുണ്ടാകുന്നു?
19 യേശുവിന്റെ കാര്യത്തിലെന്നപോലെ, നമ്മുടെ ആന്തരങ്ങൾ ആഴമേറിയതായിരിക്കണം. യേശു ഇങ്ങനെ പറഞ്ഞു: “നീ നിന്റെ ദൈവമായ യഹോവയെ നിന്റെ മുഴുഹൃദയത്തോടും [ആന്തരികവ്യക്തിയുടെ വികാരങ്ങളും ആഗ്രഹങ്ങളും വിചാരങ്ങളും] നിന്റെ മുഴുദേഹിയോടും [നിങ്ങളുടെ ജീവനും മുഴു അസ്തിത്വവും] നിന്റെ മുഴുമനസ്സോടും [നിങ്ങളുടെ ബുദ്ധിപരമായ കഴിവുകൾ] നിന്റെ മുഴു ശക്തിയോടുംകൂടെ സ്നേഹിക്കണം.” ഇതിനോട് വിവേകമുള്ള ഒരു ശാസ്ത്രി ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇത് . . . സർവാംഗഹോമയാഗങ്ങളെക്കാളും ബലികളെക്കാളുമെല്ലാം മൂല്യമുള്ളതാകുന്നു.” (മർക്കോസ് 12:30, 33, 34) അതുകൊണ്ട് നാം എന്തുചെയ്യുന്നുവെന്നതുമാത്രമല്ല, പിന്നെയോ എന്തുകൊണ്ടു ചെയ്യുന്നുവെന്നതുമാണ് കാര്യമായിട്ടുള്ളത്. നമ്മുടെ ഓരോ തന്തുവും ഉൾപ്പെടുന്ന ദൈവത്തോടുള്ള അഗാധസ്ഥിതമായ ഒരു സ്നേഹമായിരിക്കണം നമ്മുടെ ശുശ്രൂഷാപ്രവർത്തനത്തിന്റെ മുഖ്യകാരണം. വാസ്തവമതായിരിക്കുമ്പോൾ, നാം നാമമാത്രമായ ഒരു പങ്കിൽ തൃപ്തരായിരിക്കുകയില്ല, എന്നാൽ നാം നമ്മുടെ പരമാവധിചെയ്യുന്നതിനാൽ നമ്മുടെ ദൈവികഭക്തിയുടെ ആഴം പ്രകടമാക്കാൻ നാം പ്രേരിതരാകും. (2 തിമൊഥെയോസ് 2:15) അതേ സമയം, നമ്മുടെ ആന്തരം ദൈവസ്നേഹമായിരിക്കുമ്പോൾ, നാം നമ്മുടെ ശുശ്രൂഷയെ മററുള്ളവരുടേതിനോടു താരതമ്യപ്പെടുത്തിക്കൊണ്ട് വിമർശിക്കുന്നവരായിരിക്കയില്ല.—ഗലാത്യർ 6:4.
20. ദൈവികഭക്തി പിന്തുടരുന്നതിലെ യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എങ്ങനെ പൂർണ്ണമായി പ്രയോജനം നേടാം?
20 യഹോവ നമുക്ക് ദൈവികഭക്തിയുടെ പാവനരഹസ്യം വെളിപ്പെടുത്തിയതിൽ നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാൻ കഴിയും! യേശു പറയുകയും പ്രവർത്തിക്കുകയുംചെയ്ത കാര്യങ്ങൾ ശ്രദ്ധാപൂർവം പഠിക്കുന്നതിനാലും അവനെ അനുകരിക്കാൻ ശ്രമിക്കുന്നതിനാലും തികവേറിയ അളവിൽ ദൈവികഭക്തി നട്ടുവളർത്താനും പ്രകടമാക്കാനും നാം സഹായിക്കപ്പെടും. സമർപ്പിതരും സ്നാപനമേററവരുമായ ക്രിസ്ത്യാനികളെന്ന നിലയിൽ ദൈവികഭക്തി പിന്തുടരുന്നതിൽ നാം യേശുവിന്റെ ദൃഷ്ടാന്തം പിന്തുടരുമ്പോൾ യഹോവ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കും.—1 തിമൊഥെയോസ് 4:7, 8. (w90 3⁄1)
[അടിക്കുറിപ്പുകൾ]
a പ്രായമുള്ള മാതാപിതാക്കളോട് ദൈവികഭക്തിയാചരിക്കുന്നതുസംബന്ധിച്ച ഒരു പൂർണ്ണചർച്ചക്ക് 1987 ജൂൺ 1-ലെ വാച്ച്ററവറിന്റെ 13-18 വരെ പേജുകൾ കാണുക.
b കൂടുതലായ ചില ദൃഷ്ടാന്തങ്ങൾക്ക് പിൻവരുന്ന വിവരണങ്ങളിൽനിന്ന് നാം യഹോവയെക്കുറിച്ച് എന്തു പഠിക്കുന്നുവെന്ന് പരിചിന്തിക്കുക: മത്തായി 8:2, 3; മർക്കോസ് 14:3-9; ലൂക്കോസ് 21:1-4, യോഹന്നാൻ 11:33-36.
നിങ്ങൾ ഓർക്കുന്നുവോ?
◻ ദൈവികഭക്തി പിന്തുടരുമ്പോൾ നാം യേശുവിന്റെ ദൃഷ്ടാന്തം പരിചിന്തിക്കേണ്ടതെന്തുകൊണ്ട്?
◻ യേശുവിനാൽ ഉദാഹരിക്കപ്പെട്ട ഊഷ്മളതയിൽനിന്നും ആഴമായ വികാരത്തിൽനിന്നും നാം യഹോവയെക്കുറിച്ച് എന്തു പഠിക്കുന്നു?
◻ നമുക്ക് എങ്ങനെ കുടുംബാംഗങ്ങളോട് ദൈവികഭക്തി പ്രത്യക്ഷമാക്കാം?
◻ നമ്മുടെ ശുശ്രൂഷ ദൈവികഭക്തിയുടെ ഒരു പ്രകടനമായിരിക്കുന്നതിന് നമ്മുടെ ആന്തരമെന്തായിരിക്കണം?
[21-ാം പേജിലെ ചിത്രം]
ഒരു ക്രിസ്തീയ പിതാവിന് തന്റെ കുടുംബത്തിനുവേണ്ടി ഭൗതികമായും വൈകാരികമായും ആത്മീയമായും കരുതാനുള്ള ഉത്തരവാദിത്തമുണ്ട്
[23-ാം പേജിലെ ചിത്രം]
“എന്നാൽ ഏതെങ്കിലും വിധവക്ക് മക്കളോ മക്കളുടെ മക്കളോ ഉണ്ടെങ്കിൽ അവർ . . . തങ്ങളുടെ മാതാപിതാക്കൾക്കും വല്യമ്മ വല്യപ്പൻമാർക്കും ഒരു തക്ക പ്രതിഫലം കൊടുത്തു കൊണ്ടിരിക്കാനും പഠിക്കട്ടെ.”