ഉദ്ദേശ്യത്തോടുകൂടിയ മടക്കസന്ദർശനങ്ങൾ
1 ഒരു മടക്കസന്ദർശനം നടത്തുമ്പോൾ, നിങ്ങൾ മുമ്പ് ചർച്ചചെയ്ത വിഷയത്തിലുള്ള ആ വ്യക്തിയുടെ അറിവിനോടു കൂട്ടിച്ചേർക്കുന്നതിനു പറ്റിയ ഒരു തിരുവെഴുത്ത് ഉപയോഗിക്കാൻ ശ്രമിക്കണം.
2 വരിസംഖ്യ സ്വീകരിച്ചിട്ടില്ലെങ്കിൽ, മാസിക സമർപ്പിച്ചിടത്തു മടക്കസന്ദർശനം നടത്തുന്നതിന്റെ ഒരു ലക്ഷ്യം മാസികാറൂട്ടു സ്ഥാപിക്കുക എന്നതാണ്. ഇതുപോലുള്ള ഒരു ലളിതമായ അവതരണം ഫലപ്രദമായിരുന്നേക്കാം:
◼“ഞാൻ തന്നിട്ടുപോയ വീക്ഷാഗോപുരത്തിലെ, നാം ദൈവത്തെ ഭയപ്പെടുന്നവർ ആയിരിക്കേണ്ടത് എന്തുകൊണ്ട് എന്നു വിശദീകരിച്ച ലേഖനം താങ്കൾ ആസ്വദിച്ചുകാണുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ‘ജീവിതം ഇത്ര ഹ്രസ്വമായിരിക്കുന്നത് എന്തുകൊണ്ട്?’ എന്ന ചോദ്യമുന്നയിക്കുന്ന ലേഖനമുള്ള ഒരു ഉണരുക! മാസിക ഞാൻ ഇന്നു കൊണ്ടുവന്നിട്ടുണ്ട്. അതൊരു നല്ല ചോദ്യമാണ്, അല്ലേ?” നിങ്ങൾക്ക് ഇങ്ങനെ പറഞ്ഞുകൊണ്ടു തുടരാവുന്നതാണ്: “യോഹന്നാൻ 3:16-ലെ യേശുവിന്റെ വാക്കുകൾ നിത്യജീവന്റെ പ്രത്യാശ നൽകുന്നു. ദയവായി ഈ മാസിക സ്വീകരിക്കുകയും ബൈബിളിൽ വാഗ്ദാനം ചെയ്തിരിക്കുന്ന ഉറച്ച പ്രത്യാശയാൽ പ്രോത്സാഹിതനാകുകയും ചെയ്യുക.” അടുത്ത ലക്കങ്ങളുമായി നിങ്ങൾ തിരികെ ചെല്ലുമെന്നും അനുസരണയുള്ള മനുഷ്യവർഗത്തിനു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതെന്താണെന്നതു സംബന്ധിച്ച് ഒരുപക്ഷേ കൂടുതലായി ചർച്ചചെയ്യാമെന്നും വിശദീകരിക്കുക. ഓരോ തവണയും നിങ്ങൾ മാസിക എത്തിച്ചുകൊടുക്കുമ്പോൾ നിങ്ങൾക്ക് ഒരു മടക്കസന്ദർശനം റിപ്പോർട്ടു ചെയ്യാമെന്ന് ഓർമിക്കുക.
3 “യുദ്ധമില്ലാത്ത ഒരു ലോകം—എപ്പോൾ?” എന്ന ലേഖനമാണ് അവതരിപ്പിച്ചതെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“പരിപൂർണ സമാധാനമായിരുന്നുവെങ്കിൽ ഈ ഭൂമിയിലെ ജീവിതം എങ്ങനെയായിരിക്കുമായിരുന്നു? [പ്രതികരണത്തിന് അനുവദിക്കുക.] ദൈവം എന്താണു ചെയ്യാൻ പോകുന്നതെന്നു വാഗ്ദാനം ചെയ്തിരിക്കുന്നതു ഞാൻ താങ്കളെ കാണിക്കാം.” സങ്കീർത്തനം 37:10, 11 വായിച്ചിട്ട് ദൈവേഷ്ടം ഭൂമിയിൽ ചെയ്യപ്പെടുമ്പോൾ അവസ്ഥകൾ എങ്ങനെയായിരിക്കും എന്നു വിശദീകരിക്കുക. മത്തായി 6:9, 10-ൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, യേശു തന്റെ അനുഗാമികളെ എന്താണു പ്രാർഥിക്കാൻ പഠിപ്പിച്ചതെന്ന് ആ വ്യക്തിയോടു പറയുക. യേശുവിന്റെ വാക്കുകളുടെ അർഥം സംബന്ധിച്ചു ന്യായവാദം ചെയ്യാൻ വീട്ടുകാരനെ സഹായിക്കുക. വീട്ടുകാരൻ മുമ്പു വീക്ഷാഗോപുരത്തിനോ ഉണരുക!യ്ക്കോ വരിസംഖ്യയെടുത്തിട്ടില്ലെങ്കിൽ നിങ്ങൾ അത് ഇപ്പോൾ സമർപ്പിക്കുകയും കൂടുതലായ ചർച്ചയ്ക്കുവേണ്ടി മടങ്ങിവരുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്യുക.
4 “ജീവിതം വളരെ ഹ്രസ്വമായിരിക്കുന്നത് എന്തുകൊണ്ട്” എന്ന കവർ ലേഖന പരമ്പരകൾ സംബന്ധിച്ചു കുടുതൽ ചർച്ചചെയ്യുന്നതിനുവേണ്ടി നിങ്ങൾ മടങ്ങിച്ചെല്ലുന്നുവെങ്കിൽ, നിങ്ങൾക്ക് ഇങ്ങനെ പറഞ്ഞുതുടങ്ങാവുന്നതാണ്:
◼“കഴിഞ്ഞതവണ ഞാൻ സന്ദർശിച്ചപ്പോൾ നമ്മൾ മനുഷ്യന്റെ ആയുർദൈർഘ്യത്തെക്കുറിച്ചു സംസാരിച്ചു. 70 അല്ലെങ്കിൽ 80 വർഷത്തിലേറെ ജീവിക്കുന്നതിനു നമ്മെ സഹായിക്കുന്നതിനു ശാസ്ത്രജ്ഞൻമാർ ഒരു പ്രത്യാശയും തരുന്നില്ല എന്നു നിങ്ങൾ ഉണരുക! ലേഖനങ്ങളിൽ ശ്രദ്ധിച്ചുവെന്നതിൽ സംശയമില്ല. എന്നാൽ ബൈബിൾ വാഗ്ദാനം ചെയ്യുന്നതു സംബന്ധിച്ചു നിങ്ങൾ എന്തു വിചാരിക്കുന്നു? [ഉത്തരത്തിന് അനുവദിക്കുക.] മനുഷ്യനുവേണ്ടി വളരെ മെച്ചമായ എന്തോ ദൈവം കരുതുന്നുണ്ടെന്നു ബൈബിൾ പ്രകടമാക്കുന്നു.” തുടർന്ന് യോഹന്നാൻ 17:3 വായിച്ചിട്ട് അറിവു സമ്പാദിക്കുന്നതു നിത്യജീവനിലേക്കു നയിച്ചേക്കാവുന്നത് എങ്ങനെയെന്നു വിശദീകരിക്കുക. ഈ ഘട്ടത്തിൽ ഒരുപക്ഷേ ഒരു ഭവന ബൈബിളധ്യയനത്തിനോ മറ്റൊരു ചർച്ചയ്ക്കോ വേണ്ടി ക്രമീകരിക്കുന്നതിനു നിങ്ങൾക്കു കഴിഞ്ഞേക്കും.
5 ഒരു ബൈബിളധ്യയനം ആരംഭിക്കുന്നതു നമ്മുടെ ശൂശ്രൂഷയിലെ ഒരു പ്രധാന ലക്ഷ്യമാണ്. മാസികകൾ സ്വീകരിച്ച ഒരു വ്യക്തിയെ നിങ്ങൾ പല തവണ സന്ദർശിച്ചിട്ടുണ്ടായിരിക്കാം. അടുത്ത തവണ നിങ്ങൾ സന്ദർശിക്കുമ്പോൾ ഈ സമീപനം എന്തുകൊണ്ടൊന്നു പരീക്ഷിച്ചുകൂടാ?:
◼“മതത്തെ സംബന്ധിച്ചും ആധുനിക ജീവിതത്തിൽ അതിനുള്ള മൂല്യം സംബന്ധിച്ചും ആളുകൾക്ക് അനേകം വ്യത്യസ്ത ആശയങ്ങളുണ്ട്. ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട് അല്ലെങ്കിൽ നാം വാർധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട് എന്നതു സംബന്ധിച്ചു പരസ്പര വിരുദ്ധമായ വിശ്വാസങ്ങളുണ്ട്. ദൈവം കേൾക്കുന്നവിധം എങ്ങനെ പ്രാർഥിക്കണമെന്ന് അറിയാൻ ചിലർ ആഗ്രഹിക്കുന്നു.” വീട്ടുകാരനു താത്പര്യജനകമായിരിക്കുമെന്നു നിങ്ങൾക്കു തോന്നുന്ന ഒരു വിഷയത്തിലേക്കു നമ്മുടെ ബൈബിളധ്യയന പ്രസിദ്ധീകരണങ്ങളിലൊന്നു തുറന്നിട്ട് ഒരു അധ്യയനം നടത്തുന്നതെങ്ങനെയെന്നു ഹ്രസ്വമായി പ്രകടിപ്പിക്കുക.
6 യഹോവ ഉദ്ദേശ്യമുള്ള ഒരു ദൈവമാണ്. ഒക്ടോബറിൽ ഒരു ഉദ്ദേശ്യത്തോടു കൂടി മടക്കസന്ദർശനങ്ങൾ നടത്തിക്കൊണ്ട് നമുക്ക് അവനെ അനുകരിക്കാം.