നാം ഉണർന്നിരിക്കുന്നുവോ—ശ്രദ്ധാശൈഥില്യങ്ങൾ ഒഴിവാക്കിക്കൊണ്ട്?
1 സുനിശ്ചിതമായും വരാനിരിക്കുന്ന വിപത്തുകളെ “ഒഴിഞ്ഞുപോകുന്നതിൽ വിജയിക്കേണ്ടതിന് . . . ഉണർന്നിരിക്കാൻ” യേശു മുന്നറിയിപ്പു നൽകി. (ലൂക്കോ. 21:36, NW) മാനുഷ ചരിത്രത്തിലെ ഏറ്റവും അപകടകരമായ സമയത്താണു നാം ജീവിക്കുന്നത്. ആത്മീയ മാന്ദ്യത്തിലേക്കു വഴുതിവീഴുന്നവരെ അനർഥം കാത്തിരിക്കുന്നു. ഇത് നമുക്കോരോരുത്തർക്കും ഒരു അപകടഭീഷണി ഉയർത്തുന്നു. തീറ്റിയും കുടിയും ദൈനംദിന ജീവിതോത്കണ്ഠകളും സംബന്ധിച്ച് യേശു പരാമർശിച്ചു. എന്തുകൊണ്ട്? എന്തെന്നാൽ ഈ കാര്യങ്ങൾക്കു പോലും നമ്മെ അവയിൽ വ്യാപൃതരാക്കി നിർത്തുന്നതിനും ശ്രദ്ധാശൈഥില്യങ്ങൾ ആയിത്തീരുന്നതിനും അപകടകരമായ ആത്മീയ മാന്ദ്യത്തിനു പ്രേരിപ്പിക്കുന്നതിനും കഴിയും.
2 സാധാരണ ശ്രദ്ധാശൈഥില്യങ്ങൾ: ചിലർ അമിതമായതോ ചോദ്യംചെയ്യത്തക്കതോ ആയ വിനോദപരിപാടികളിൽ വ്യാപൃതരാകുന്നു, ടിവി ആസക്തരായിക്കൊണ്ടുപോലും. ഒന്നാമതു ദൈവരാജ്യം അന്വേഷിക്കുന്നത് നാം എല്ലാ തരത്തിലുമുള്ള വിനോദങ്ങൾ ഒഴിവാക്കണമെന്ന് തീർച്ചയായും അർഥമാക്കുന്നില്ല. നാം ന്യായയുക്തതയും മിതത്വവും ഉപയോഗിക്കുമ്പോൾ വിനോദം പ്രയോജനപ്രദമായിരിക്കാൻ കഴിയും. (1 തിമൊഥെയൊസ് 4:8 താരതമ്യം ചെയ്യുക.) എന്നാൽ അതു നമ്മുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട സംഗതിയായിത്തീരുമ്പോൾ നമ്മുടെ സമയത്തിന്റെയും വിഭവങ്ങളുടെയും അല്ലെങ്കിൽ രാജ്യപ്രഘോഷണ വേലയിലെ നമ്മുടെ പങ്കിന്റെയും അധികപങ്കും എടുക്കുമ്പോൾ അതൊരു ശ്രദ്ധാശൈഥില്യമാണ്.
3 ആത്മീയ ഉറക്കത്തിനു കാരണമാക്കുന്ന മറ്റൊരു സാധാരണ ശ്രദ്ധാശൈഥില്യം അത്യാവശ്യമില്ലാത്ത ഭൗതിക വസ്തുക്കൾക്കു വേണ്ടിയുള്ള ആഗ്രഹമാണ്. ഇത് ഒരു വ്യക്തി കൂടുതൽ സമയം ലൗകിക ജോലിയിൽ ചെലവഴിക്കേണ്ടത് ആവശ്യമാക്കിത്തീർക്കുകയും ആത്മീയ അനുധാവനങ്ങൾ പുറന്തള്ളുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. കൂടുതൽ സുഖകരമായ ജീവിതം നയിക്കുന്നതിനുവേണ്ടി ഭൗതിക വസ്തുക്കൾ സമ്പാദിക്കുന്നതിൽ പൂർണമായി മുഴുകുന്നതിനാൽ ചിലർ ആത്മീയ ലക്ഷ്യങ്ങൾ മറന്നുകളഞ്ഞിരിക്കുന്നു. നമുക്ക് “ഉണ്മാനും ഉടുപ്പാനും” ഉള്ളത് ആവശ്യമായിരിക്കെ, പണത്തോടുള്ള സ്നേഹം വളർത്തിയെടുക്കുന്നതിനെതിരെ നാം ജാഗരിക്കണം, അതിനു നമ്മെ വിശ്വാസത്തിൽനിന്നു വ്യതിചലിപ്പിക്കാൻ കഴിയും. (1 തിമൊ. 6:8-10) രാജ്യ താത്പര്യങ്ങളിൽ നമ്മുടെ ദൃഷ്ടിപതിപ്പിക്കുന്നതിൽ പരാജയപ്പെടുകവഴി നമ്മുടെ കുടുംബത്തിന്റെ ആത്മീയ ആവശ്യങ്ങൾക്കുവേണ്ടി കരുതുന്നതിൽ നിഷ്ഠയില്ലാത്തവരും നമ്മുടെ ശുശ്രൂഷ പൂർത്തീകരിക്കുന്നതിൽ പരാജയപ്പെടുന്നവരും ആയിത്തീരാൻ കഴിയും.—1 തിമൊ. 5:8; 2 തിമൊ. 4:5.
4 മറ്റു ചിലർ തങ്ങൾ ആത്മീയമായി ഉറക്കത്തിലാകുന്ന ഘട്ടത്തോളം തങ്ങളുടെ ‘ഹൃദയം ഉപജീവനചിന്തകളാൽ ഭാരപ്പെടാൻ’ അനുവദിക്കുന്നു. (ലൂക്കൊ. 21:34) ചില സമയങ്ങളിൽ, ആരോഗ്യപ്രശ്നങ്ങളാലോ കഷ്ടകരമായ കുടുംബ അവസ്ഥകളാലോ ഉത്കണ്ഠ അനുഭവപ്പെടുന്നു. എന്നാൽ അത്തരം വ്യക്തിപരമായ പരിഗണനകൾ ഈ വ്യവസ്ഥിതിയുടെ സത്വരം സമീപിച്ചുകൊണ്ടിരിക്കുന്ന അവസാനത്തെ സംബന്ധിച്ച നമ്മുടെ ജാഗ്രതയ്ക്കു മങ്ങലേൽക്കാൻ അനുവദിക്കരുത്.—മർക്കൊ. 13:33.
5 നമ്മെ ഒരു സ്വപ്നലോകത്തിൽ, ചില ലൗകിക ഭ്രമങ്ങളുടെ അനുധാവനത്തിൽ ആക്കിത്തീർക്കുന്നതിൽ വിജയിക്കുന്നതിനെക്കാൾ സാത്താനെ സന്തോഷിപ്പിക്കുന്ന മറ്റൊന്നില്ല. ആത്മീയമായി ഉണർന്നിരിക്കുന്നതിനു നാം പോരാടേണ്ടതുണ്ട്. ‘യഹോവയുടെ ദിവസം ഒരു കള്ളനെപ്പോലെ വരുന്നുവെന്നു’ നമുക്കറിയാം, അതുകൊണ്ട് “ഉണർന്നും സുബോധ”വുമായിരിക്കുന്നതു ജീവത്പ്രധാനമാണ്. (1 തെസ്സ. 5:2, 6, NW) ഉറക്കത്തിന്റെ ലക്ഷണങ്ങൾ നാം നമ്മിൽത്തന്നെ കണ്ടുപിടിക്കുന്നുവെങ്കിൽ, “ഇരുട്ടിന്റെ പ്രവൃത്തികളെ വിട്ടൊഴി”യുന്നത് അടിയന്തിരമാണ്.—റോമ. 13:11-13, NW.
6 നമ്മെ ഉണർവുള്ളവരായി നിർത്തുന്നതിനുള്ള സഹായങ്ങൾ: അത്തരം സഹായങ്ങൾ എന്താണ്? പ്രാർഥന ഒഴിച്ചുകൂടാനാവാത്തതാണ്. നാം ഇടവിടാതെ പ്രാർഥിക്കണം. (1 തെസ്സ. 5:17) ക്രിസ്തീയ സഭയോടുള്ള അടുപ്പം ‘സ്നേഹത്തിനും സത്പ്രവൃത്തികൾക്കും നമ്മെ ഉത്സാഹിപ്പിക്കും.’ (എബ്രാ. 10:24) ക്രമമായ, സത്യസന്ധമായ ഒരു പരിശോധനയ്ക്കു ബലഹീനതകളെ തരണംചെയ്യണ്ടതിന്റെ ആവശ്യം സംബന്ധിച്ചു ജാഗരൂകരായിരിക്കാൻ നമ്മെ സഹായിക്കാൻ കഴിയും. (2 കൊരി. 13:5) വ്യക്തിപരമായ പഠനത്തിന്റെ നല്ല ശീലങ്ങൾ നമ്മെ ‘വിശ്വാസത്തിന്റെ വചനത്താൽ പോഷണം ലഭിച്ചവരായി’ നിർത്തും. (1 തിമൊ. 4:6) നാം ശുഷ്കാന്തിയുള്ളവരാണെങ്കിൽ ശ്രദ്ധാശൈഥില്യങ്ങൾ ഒഴിവാക്കുന്നതിനും ‘ഉണർന്നിരിക്കുന്നതിനും വിശ്വാസത്തിൽ നിലനിൽക്കുന്നതിനും’ പ്രാപ്തരായിരിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—1 കൊരി. 16:13.