ഇന്ത്യയിലെ ശൂശ്രൂഷാ പരിശീലന സ്കൂളിന്റെ ആദ്യ ക്ലാസ്സ്
1 ലൊണാവ്ലയിൽ നടന്ന ആദ്യത്തെ ശുശ്രൂഷാ പരിശീലന ക്ലാസ്സിൽ 23 വിദ്യാർഥികളും രണ്ടു നിരീക്ഷകരും സംബന്ധിച്ചു. ഇവർ സിക്കിം ഉൾപ്പെടെ ഇന്ത്യയിലെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നും നേപ്പാളിൽനിന്നുമുള്ളവരായിരുന്നു. വിദ്യാർഥികളിൽ രണ്ടുപേർ മൂപ്പൻമാരും ശേഷിച്ചവർ ശുശ്രൂഷാദാസൻമാരുമായിരുന്നു. അവരിൽ ഏഴു പേർ പ്രത്യേക പയനിയർമാരും ഒമ്പതു പേർ നിരന്തര പയനിയർമാരും മറ്റുള്ളവർ സഭാ പ്രസാധകരും ആയിരുന്നു. 1995 മേയ് 22 മുതൽ ജൂലൈ 16 വരെയുള്ള എട്ട് ആഴ്ചകളിൽ രണ്ട് അധ്യാപകർ വിദ്യാർഥികളെ പഠിപ്പിക്കുന്നതിൽ ഏർപ്പെട്ടിരുന്നു. മൊത്തം ഏതാണ്ട് 270 മണിക്കൂർ ക്ലാസ്സ്മുറിയിലെ അധ്യാപനം ഉൾപ്പെട്ടിരുന്നു, ഗൃഹപാഠം ചെയ്തുകൊണ്ടും പ്രോജക്റ്റുകൾ തയ്യാറാക്കിക്കൊണ്ടും വിദ്യാർഥികൾ വളരെയധികം മണിക്കൂറുകൾ ചെലവഴിച്ചു. ബെഥേലിലെ ജോലിയുടെ കുറച്ചു പ്രായോഗിക പരിചയവും അവർ നേടിയെടുത്തു.
2 ജൂലൈ 16 ഞായറാഴ്ച ബെഥേൽ രാജ്യഹാളിൽ വളരെ നന്നായി ക്രമീകരിച്ച ബിരുദദാന ചടങ്ങു നടന്നു. പരിപാടിയുടെ അവസാനം വിദ്യാർഥികൾക്ക് അവരുടെ നിയമനം കൊടുത്തു. മറ്റെവിടെയെങ്കിലും പോകുന്നതിനു സാഹചര്യം അനുവദിച്ച ആറു പേർക്കു പ്രത്യേക പയനിയർമാരെന്ന നിലയിൽ നിയമനം കൊടുത്തു. ശേഷിച്ചവർ തങ്ങളുടെ മാതൃസഭകളിലേക്കു തിരികെപ്പോയി, അവിടെ അവർ നിരന്തര പയനിയർമാരോ സഭാ പ്രസാധകരോ എന്ന നിലയിൽ സേവിക്കുന്നതിൽ തുടരും.
3 വിദ്യാർഥികൾക്കു ലഭിച്ച പ്രബോധനം വളരെയധികം വിലമതിക്കപ്പെട്ടു. അത്തരം പഠിപ്പിക്കൽ അവർക്കു തങ്ങളെത്തന്നെ ആത്മീയമായി സജ്ജരാക്കുന്നതിനു മാത്രമല്ല, അവർ സഹവസിക്കുന്ന സഭയെയും സഹായിക്കുന്നതിന് ഉതകുമെന്നു ഞങ്ങൾക്കുറപ്പുണ്ട്. അത്തരം പരിശീലനത്തിന്റെ ഗണ്യമായ ആവശ്യമുണ്ട്. അതുകൊണ്ട് 23-നും 50-നും ഇടയ്ക്കു പ്രായമുള്ള, കുറഞ്ഞപക്ഷം രണ്ടു വർഷമായി ശുശ്രൂഷാദാസൻമാരായി സേവിക്കുന്ന സഹോദരൻമാർക്കു ഭാവി ക്ലാസ്സുകളിൽ പേർ ചാർത്താൻ കഴിയുമെന്നു പ്രത്യാശിക്കുന്നു.
4 എല്ലാ വർഷവും ശൂശ്രൂഷാ പരിശീലന സ്കൂളിന്റെ ഓരോ ക്ലാസ്സ് നടത്താൻ ഞങ്ങൾ ക്രമീകരിക്കുന്നു. അതുകൊണ്ട് അടുത്ത ക്ലാസ്സിനുവേണ്ടി യോഗ്യതനേടാൻ തക്കവണ്ണം പ്രവർത്തിക്കുന്നതിനു സഹോദരൻമാർക്കു കഴിയും. ഉദാഹരണത്തിന്, ഇംഗ്ലീഷ് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമായതിനാൽ, മറ്റു രീതിയിൽ യോഗ്യതയുള്ള എന്നാൽ ഇംഗ്ലീഷ് നന്നായി അറിയില്ലാത്തവർക്ക് ഇംഗ്ലീഷ് മെച്ചപ്പെടുന്നതിനുവേണ്ടി ക്ലാസ്സുകളിൽ സംബന്ധിക്കാവുന്നതാണ്. അടുത്ത ക്ലാസ്സിൽ പേർചാർത്താൻ ആഗ്രഹിക്കുന്ന സഹോദരൻമാർ അവരുടെ ഡിസ്ട്രിക്റ്റ് മേൽവിചാരകനുമായി ബന്ധപ്പെടുന്നതിന് അടുത്ത സർക്കിട്ട് സമ്മേളനത്തിൽ ഭാവി വിദ്യാർഥികൾക്കു വേണ്ടി നടത്തപ്പെടുന്ന യോഗത്തിൽ പങ്കെടുക്കുന്നതിനും അഭ്യർഥിക്കുന്നു. അവർ യോഗത്തിൽവെച്ച് ഒരു പ്രാഥമിക അപേക്ഷാഫാറം വാങ്ങി അതു ഞങ്ങൾക്ക് അയച്ചുതരുന്നതിനുവേണ്ടി ഉടൻതന്നെ പൂരിപ്പിച്ച് ഡിസ്ട്രിക്റ്റ് മേൽവിചാരകനെ ഏൽപ്പിക്കുക. യോഗ്യതയുള്ള വിദ്യാർഥികളുമായി സൊസൈറ്റി ബന്ധപ്പെടുന്നതാണ്.