നിങ്ങളുടെ അടിയന്തിരതാബോധം കാത്തുകൊള്ളുക
യഹോവയെ മുഴുദേഹിയോടെ സേവിച്ചുകൊണ്ടിരിക്കുന്നതിന് ഉറപ്പുള്ളതും ദൈവാംഗീകാരമുള്ളതുമായ ഒരു വിധം എന്താണ്? നമ്മുടെ ഹൃദയത്തിന്റെ അകത്തളങ്ങളിൽ ഒരു യഥാർഥ അടിയന്തിരതാബോധം ഉണ്ടായിരിക്കുക എന്നതാണ്. മുഴുദേഹിയോടെ ദൈവത്തെ സേവിക്കുക എന്നതിന്റെ അർഥം നമ്മുടെ മുഴു അസ്തിത്വത്തോടെയും അവനെ സേവിക്കുക എന്നാണ്. അതിന് അവൻ നമ്മോടു ചെയ്യാൻ ആവശ്യപ്പെടുന്ന എന്തിനോടുമുള്ള ആത്മാർഥവും പരിപൂർണവുമായ അനുസരണം ആവശ്യമാണ്.
“നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു മോശ ഇസ്രായേൽ ജനതയെ പ്രബോധിപ്പിച്ചപ്പോൾ അവൻ ഈ ആവശ്യത്തിന് ഊന്നൽകൊടുക്കുകയുണ്ടായി. (ആവർത്തനപുസ്തകം 6:5) നൂറ്റാണ്ടുകൾക്കുശേഷം, ഇതേ കൽപ്പന യേശുക്രിസ്തു ആവർത്തിക്കുകയുണ്ടായി: “നിന്റെ ദൈവമായ യഹോവയെ നിന്റെ പൂർണ്ണഹൃദയത്തോടും, പൂർണ്ണമനസ്സോടും സർവ്വശക്തിയോടും സ്നേഹിക്ക.” (മത്തായി 22:37, ഗുണ്ടർട്ട് ബൈബിൾ) “മുഴുദേഹിയോടെ ദൈവഹിതം” ചെയ്യാൻ എഫേസ്യരോടു പറഞ്ഞപ്പോഴും “നിങ്ങൾ ചെയ്യുന്നത് എന്തായിരുന്നാലും മനുഷ്യർക്കെന്നപോലെയല്ല, യഹോവയ്ക്കെന്നപോലെ മുഴുദേഹിയോടെ അതു ചെയ്യുക” എന്നു കൊലോസ്യരെ പ്രോത്സാഹിപ്പിച്ചപ്പോഴും അപ്പോസ്തലനായ പൗലോസ് അതേ ആവശ്യത്തെ പരാമർശിക്കുകയായിരുന്നു.—എഫെസ്യർ 6:6; കൊലോസ്യർ 3:23, NW.
എന്നിരുന്നാലും, നമ്മുടെ ഉള്ളിന്റെയുള്ളിൽ ഒരു അടിയന്തിരതാബോധം ഇല്ലാതിരിക്കുകയോ ഒരിക്കലുണ്ടായിരുന്ന അടിയന്തിരതാബോധത്തിനു മങ്ങലേറ്റിരിക്കുകയോ ഒരുപക്ഷേ അതു തീർത്തും നഷ്ടമായിരിക്കുകയോ ആണെങ്കിൽ, ദൈവസേവനത്തിൽ നമ്മുടെ ഹൃദയവും ദേഹിയും അർപ്പിക്കുക ബുദ്ധിമുട്ടായിരിക്കും. മനുഷ്യചരിത്രത്തിൽ ഇന്നോളം ഉണ്ടായിരുന്നിട്ടില്ലാത്ത ഒരു അടിയന്തിര കാലഘട്ടത്തിലാണു നാമിന്നു ജീവിക്കുന്നത്.
പ്രത്യേക അടിയന്തിര കാലഘട്ടങ്ങൾ
ക്രിസ്തീയ-പൂർവ കാലങ്ങളിൽ പല അടിയന്തിര കാലഘട്ടങ്ങളുണ്ടായിരുന്നു. നോഹയുടെ നാളും സോദോമിന്റെയും ഗൊമോറയുടെയും നാശത്തിലേക്കു നയിച്ച കാലഘട്ടവും തീർച്ചയായും യഥാർഥ അടിയന്തിര കാലഘട്ടങ്ങളായിരുന്നു. (2 പത്രൊസ് 2:5, 6; യൂദാ 7) പ്രളയത്തിനുമുമ്പുള്ള വർഷങ്ങൾ നിസ്സംശയമായും അടിയന്തിര പ്രവർത്തനം നിറഞ്ഞതായിരുന്നു. പ്രളയം കൃത്യമായും എപ്പോൾ തുടങ്ങുമെന്നു നോഹയ്ക്കും കുടുംബത്തിനും അറിയില്ലായിരുന്നെങ്കിലും, കാര്യാദികൾ നീട്ടിവെക്കാതിരിക്കാൻ അവരുടെ “ദൈവഭയം” ഉറപ്പുവരുത്തുമായിരുന്നു.—എബ്രായർ 11:7, NW.
അതുപോലെ, സോദോമിന്റെയും ഗൊമോറയുടെയും നാശത്തിനുമുമ്പ്, ദൂതന്മാർ “ലോത്തിനെ ബദ്ധപ്പെടുത്തി” അവനോടു പറഞ്ഞു: “ജീവരക്ഷെക്കായി ഓടിപ്പോക.” (ഉല്പത്തി 19:15, 17) അതേ, ആ സന്ദർഭത്തിലും നീതിനിഷ്ഠമായി ജീവിക്കുന്നവരെ രക്ഷപ്പെടുത്തിയത് അടിയന്തിരതയായിരുന്നു. നൂറ്റാണ്ടുകൾക്കുശേഷം, ബാബിലോനിലെ യഹൂദ തടവുകാർ ഇങ്ങനെ ഉദ്ബോധിപ്പിക്കപ്പെട്ടു: “വിട്ടുപോരുവിൻ; വിട്ടുപോരുവിൻ; അവിടെനിന്നു പുറപ്പെട്ടുപോരുവിൻ; അശുദ്ധമായതൊന്നും തൊടരുതു; അതിന്റെ നടുവിൽനിന്നു പുറപ്പെട്ടുപോരുവിൻ.” (യെശയ്യാവു 52:11) ആ അടിയന്തിര പ്രാവചനിക കൽപ്പന അനുസരിച്ചുകൊണ്ട് പൊ.യു.മു. 537-ൽ 2,00,000-ത്തോളം പ്രവാസികൾ ബാബിലോനിൽനിന്നു ബദ്ധപ്പെട്ടു പുറത്തുകടന്നു.
ആ ഓരോ സ്ഥിതിവിശേഷത്തിലെയും അടിയന്തിരതാബോധം, തങ്ങൾ അടിയന്തിര കാലഘട്ടത്തിൽ ജീവിക്കുകയാണെന്ന ബോധ്യമുണ്ടായിരുന്നവർക്കും ആ ബോധ്യം സജീവമായി മനസ്സിൽ നിലനിർത്തിയവർക്കും മുഴുദേഹിയോടെയുള്ള സേവനത്തിലേർപ്പെടാൻ കാരണമായി.
ക്രിസ്തീയ കാലഘട്ടങ്ങളിലെ അടിയന്തിരത
അടിയന്തിരതയുടെ പ്രതിധ്വനികൾ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിലും ഉടനീളം കേൾക്കാവുന്നതാണ്. “നോക്കിക്കൊണ്ടിരിക്കുവിൻ,” “ഉണർന്നിരിക്കുവിൻ,” ജാഗരൂകരായിരിക്കുവിൻ,” “ഒരുക്കമുള്ളവരെന്നു തെളിയിക്കുവിൻ”—തന്റെ അനുഗാമികളിൽ അടിയന്തിരതാബോധം ഉളവാക്കാൻ യേശുക്രിസ്തു ഉപയോഗിച്ച പദപ്രയോഗങ്ങളാണ് അവയെല്ലാം. (മത്തായി 24:42-44; മർക്കോസ് 13:32-37, NW) അതിനുപുറമേ, പത്തു കന്യകമാരെയും ദുഷ്ടഭൃത്യനെയും താലന്തുകളെയും കോലാടുകളിൽനിന്നു ചെമ്മരിയാടുകളെ വേർതിരിക്കുന്നതിനെയും കുറിച്ചുള്ള അവന്റെ ദൃഷ്ടാന്തങ്ങളെല്ലാം പ്രതീക്ഷയുണർത്തുന്നതും ഒരു അടിയന്തിരതാബോധം ജനിപ്പിക്കുന്നതുമാണ്.—മത്തായി 25:1, 14, 15, 32, 33.
യേശു അടിയന്തിരതയെക്കുറിച്ചു സംസാരിക്കുകമാത്രമല്ല, അടിയന്തിരതയോടെ പ്രവർത്തിച്ചുകൊണ്ട് തന്റെ വാക്കുകളുടെ യാഥാർഥ്യത്തെ പിന്താങ്ങുകയും ചെയ്തു. ഒരു സന്ദർഭത്തിൽ താൻ വിട്ടുപോകരുതെന്നു ശഠിച്ച പുരുഷാരത്തോട് അവൻ പറഞ്ഞു: “ഞാൻ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു.” (ലൂക്കൊസ് 4:42, 43) കൂടാതെ, “കൊയ്ത്തു വളരെ”യുണ്ടെങ്കിലും ‘വേലക്കാർ ചുരുക്ക’മായതിനാൽ കൊയ്ത്തിന്റെ യജമാനനോട് അവന്റെ കൊയ്ത്തിനു കൂടുതൽ വേലക്കാരെ അയയ്ക്കാൻ യാചിക്കണമെന്ന് അവൻ തന്റെ ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചു. (മത്തായി 9:37, 38) അടിയന്തിരതാമനോഭാവമാണു പ്രാർഥനാനിർഭരമായ അത്തരം യാചനയിൽ പ്രതിഫലിക്കുന്നത്.
അത്തരം അടിയന്തിരത അസ്ഥാനത്തായിരുന്നുവോ?
ചിലർ യുക്തിപൂർവകമായ ഈ ചോദ്യമുന്നയിച്ചേക്കാം, മുൻകൂട്ടിപ്പറയപ്പെട്ട “മഹോപദ്രവം” നൂറ്റാണ്ടുകൾ അകലെയായിരുന്നെങ്കിൽ, അന്ന് അടിയന്തിരതാബോധം ആവശ്യമായിരുന്നത് എന്തുകൊണ്ടാ യിരുന്നു?—മത്തായി 24:21, NW.
പ്രസംഗ, പഠിപ്പിക്കൽ വേലയിൽ തന്റെ അനുഗാമികളെ തിരക്കുള്ളവരായി നിർത്താൻ യേശു പ്രയോഗിച്ച ഒരു തന്ത്രമായിരുന്നില്ല അതെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും. തന്ത്രമായിരുന്നില്ല, തന്റെ ശിഷ്യന്മാരോടുള്ള സ്നേഹമായിരുന്നു, സമയത്തെക്കുറിച്ചുള്ള യഹോവയുടെ കാഴ്ചപ്പാടു സംബന്ധിച്ച് അവനുണ്ടായിരുന്ന പൂർണ ഗ്രാഹ്യമായിരുന്നു അടിയന്തിരതയെക്കുറിച്ചുള്ള അവന്റെ ബുദ്ധ്യുപദേശത്തിന് ആധാരമായിരുന്നത്. അതേ, ദൈവോദ്ദേശ്യമനുസരിച്ചു യഹോവയുടെ ഹിതം നിവർത്തിക്കാൻ ഒരു അടിയന്തിരതാമനോഭാവം ആവശ്യമാണെന്നു യേശുക്രിസ്തുവിന് അറിയാമായിരുന്നു. മാത്രമല്ല, തന്റെ തിരിച്ചുവരവുവരെ ഒരു അടിയന്തിരതാബോധം നിലനിർത്തുന്നതിനാൽ തന്റെ ശിഷ്യന്മാർ തങ്ങൾക്കുതന്നെ ആത്മീയമായി പ്രയോജനം കൈവരുത്തുമെന്നും അവന് അറിയാമായിരുന്നു.
ഒരു ചുരുങ്ങിയ കാലംകൊണ്ട് നിർവഹിക്കേണ്ടതായ ലോകവ്യാപകമായ ഒരു സാക്ഷ്യവേലയുണ്ടെന്നു യേശുക്രിസ്തു വ്യക്തമായി സൂചിപ്പിച്ചിരുന്നു. (മത്തായി 24:14; മർക്കൊസ് 13:10) വേല പുരോഗമിച്ചപ്പോൾ മാത്രമേ ഈ നിയമനത്തിന്റെ ക്രമാനുഗതമായ ഘട്ടങ്ങൾ വെളിപ്പെടുത്തപ്പെട്ടുള്ളൂ. എന്നാൽ ഓരോ ഘട്ടവും നിവർത്തിക്കാൻ അടിയന്തിരത ആവശ്യമായിരുന്നു. “നിങ്ങൾ . . . യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും” എന്നു പറഞ്ഞപ്പോൾ യേശു ഈ നിയമനത്തിന്റെ ക്രമാനുഗത വികസനത്തെ സൂചിപ്പിക്കുകയായിരുന്നു. (പ്രവൃത്തികൾ 1:8) ഇന്നുവരെയും ആ നിയമനം അങ്ങനെയാണു പുരോഗമിച്ചിരിക്കുന്നത്. കാലത്തിന്റെ നീരൊഴുക്കിൽ ദൈവദാസന്മാർക്കു വിസ്മയങ്ങളുളവാക്കിക്കൊണ്ട് ചിലപ്പോഴെല്ലാം ഗ്രാഹ്യത്തിൽ പൊരുത്തപ്പെടുത്തലുകൾ ആവശ്യമായിവന്നു എന്നാണ് അതിന്റെ അർഥം.
ക്രിസ്തീയ അടിയന്തിരതാബോധം യഹോവയുടെ ഉദ്ദേശ്യത്തിന് ഉതകിയിരിക്കുകയാണ്. ക്രിസ്തുവിന്റെ ശിഷ്യന്മാരുടെ നിയമനം യഹോവയുടെ പിഴവുപറ്റാത്ത പട്ടികയ്ക്കനുസൃതമായി ക്രമാനുഗതമായി നിവർത്തിച്ചുപോരുവാൻ അത് അവരെ സഹായിച്ചിരിക്കുന്നു. അങ്ങനെ ഇന്ന്, 2,000-ത്തോളം വർഷം പിന്നോട്ടു നോക്കവേ നാം ആ ദൈവിക പട്ടികയെ കൂടുതൽ തികവോടെ മനസ്സിലാക്കുകയാണ്.
ഇസ്രായേല്യരോടു ദൈവത്തിനു വിശേഷാൽ ഉണ്ടായിരുന്ന പ്രീതി അവസാനിച്ച വർഷമായ പൊ.യു. (പൊതുയുഗം) 36-നു മുമ്പായി യെരുശലേമിലും യഹൂദ്യയിലും ശമര്യയിലും ചിതറിപ്പാർത്തിരുന്ന യഹൂദന്മാർക്കും ഒരു പൂർണസാക്ഷ്യം കൊടുക്കാൻ ക്രിസ്തീയ അടിയന്തിരത ശിഷ്യന്മാരെ സഹായിച്ചു. (ദാനീയേൽ 9:27; പ്രവൃത്തികൾ 2:46, 47) അതുപോലെ, യഹൂദ വ്യവസ്ഥിതി താമസിയാതെ അവസാനിക്കുമെന്ന് എല്ലാ യഹൂദന്മാർക്കും വ്യക്തമായ മുന്നറിയിപ്പു കൊടുക്കുന്നതിൽ ക്രിസ്തീയ അടിയന്തിരത ആദിമ സഭയെ സഹായിച്ചു. (ലൂക്കൊസ് 19:43, 44; കൊലൊസ്സ്യർ 1:5, 6, 23) പൊ.യു. 70-ൽ അത് അപ്രതീക്ഷിതമായി അവസാനിച്ചശേഷം, മുൻകൂട്ടിപ്പറയപ്പെട്ട വിശ്വാസത്യാഗം അതിന്റെ മരണകരമായ അന്ധകാരം വരുത്തുന്നതിനുമുമ്പ് അനേകരോടു സ്വർഗീയ പ്രത്യാശയെക്കുറിച്ചു പ്രഘോഷിക്കാൻ അടിയന്തിരത ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തുവിന്റെ സാക്ഷികളെ തുണച്ചു. (2 തെസ്സലൊനീക്യർ 2:3; 2 തിമൊഥെയൊസ് 4:2) പിന്നെ, ഇരുണ്ടയുഗങ്ങളിലെ നൂറ്റാണ്ടുകളിലുടനീളം ഗോതമ്പുതുല്യരായ ഏതാനും ക്രിസ്ത്യാനികൾ, ക്രിസ്തുയേശു മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ, രാജ്യപ്രത്യാശ സജീവമായി നിലനിർത്തി. (മത്തായി 13:28-30) അവസാനം, യഹോവയുടെ നിയമിത സമയത്ത്, അവൻ ആധുനികനാളിലെ, ഊർജസ്വലമായ സഭയെ ഉയർത്തി, ഈ അവസാന തലമുറയിൽ ജീവിക്കുന്നവർക്കുവേണ്ടിയുള്ള അടിയന്തിരമായ ന്യായവിധി സന്ദേശത്താൽ അതിനു പ്രചോദനമേകി.—മത്തായി 24:34.
പുരാതന നാളിലെ ദാനീയേലിനെപ്പോലെ, “നീ എന്തു ചെയ്യുന്നു” എന്ന് അവനോടു ചോദിച്ചുകൊണ്ട് യഹോവയെ ചോദ്യം ചെയ്യാൻ ആധുനികനാളിലെ, ദൈവത്തിന്റെ വിശ്വസ്ത സാക്ഷികൾ ഒരിക്കലും ധൈര്യപ്പെടുകയില്ല. (ദാനീയേൽ 4:35) പട്ടികപ്പെടുത്തിയിരിക്കുന്ന അതേസമയത്തുതന്നെ വേല നടക്കാൻ ആവശ്യമായിരിക്കുന്നത് എന്തെന്നു യഹോവയ്ക്കു കൃത്യമായി അറിയാമെന്ന് അവർക്കുറപ്പുണ്ട്. അതുകൊണ്ട്, കാര്യങ്ങൾ ക്രമീകരിക്കുന്ന യഹോവയുടെ വിധത്തെ ചോദ്യംചെയ്യുന്നതിനുപകരം, ഈ അതിപ്രധാന കാലത്തു ദൈവത്തോടൊപ്പം വേലചെയ്യുന്നതിനുള്ള അവസരം അവൻ തങ്ങൾക്കു നൽകിയതിൽ അവർ സന്തുഷ്ടിയടയുന്നു.—1 കൊരിന്ത്യർ 3:9.
അടിയന്തിരതയ്ക്കുള്ള കൂടുതലായ ഒരു പ്രോത്സാഹനം
മഹോപദ്രവം പെട്ടെന്നു പൊട്ടിപ്പുറപ്പെടുന്ന കൃത്യ നാളോ നാഴികയോ സൂചിപ്പിക്കാൻ നമുക്കു സാധിക്കില്ലെന്നത് അടിയന്തിരതയ്ക്കുള്ള മറ്റൊരു കാരണമാണ്. ആ നിർണായക സംഭവത്തിന്റെ ആരംഭം കുറിക്കുന്ന മുൻനിർണയിക്കപ്പെട്ട ആ നാളും നാഴികയും ഭൂമിയിലാർക്കും അറിയില്ലെന്ന് ക്രിസ്തുയേശുവിനു നിശ്ചയമുണ്ടായിരുന്നു. (മത്തായി 24:36) ആകാംക്ഷാഭരിതരായ തന്റെ അപ്പോസ്തലന്മാരോട് അവൻ മറ്റൊരു സന്ദർഭത്തിൽ ഇങ്ങനെ പറഞ്ഞു: “പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.” (പ്രവൃത്തികൾ 1:7) അതേ, സംഭവിക്കാനിരിക്കുന്നതു വ്യക്തമാണ്, എന്നാൽ എല്ലാ വിശദാംശങ്ങളും അറിയുന്നതു നമ്മുടെ കാര്യമേയല്ല.
അപ്പോസ്തലനായ പൗലോസിന് അടിയന്തിരതയെക്കുറിച്ചു ശരിയായ മനോഭാവമുണ്ടായിരുന്നു. “കാലങ്ങളെയും സമയങ്ങളെയും കുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാൻ ആവശ്യമില്ല” എന്നു ക്രിസ്തുവിന്റെ സാന്നിധ്യത്തെക്കുറിച്ചു തെസ്സലൊനീക്യർക്ക് എഴുതിയപ്പോൾ ഒരുപക്ഷേ യേശുവിന്റെ വാക്കുകൾ അവന്റെ മനസ്സിലുണ്ടായിരുന്നിരിക്കാം. (1 തെസ്സലൊനീക്യർ 5:1) “നിങ്ങൾ . . . ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും” എന്നു യേശു പറഞ്ഞ് 17 വർഷങ്ങൾ കഴിഞ്ഞാണ് അവൻ ഈ ലേഖനം എഴുതിയത്. (പ്രവൃത്തികൾ 1:8) കൂടുതലൊന്നും വെളിപ്പെടുത്താഞ്ഞതിനാൽ ആ സമയത്ത് അതിൽ കൂടുതലൊന്നും എഴുതാൻ സാധിക്കുമായിരുന്നില്ല. എങ്കിലും, ക്രിസ്ത്യാനികൾ അടിയന്തിരമായി പ്രസംഗവേലയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോൾത്തന്നെ യഹോവയുടെ നാൾ “രാത്രിയിലെ ഒരു കള്ളനെപ്പോലെ” തീർച്ചയായും വരുമെന്നതിൽ അവർക്ക് ഉറപ്പുള്ളവരായിരിക്കാൻ സാധിക്കുമായിരുന്നു.—1 തെസ്സലൊനീക്യർ 5:2.
ഈ വാക്കുകൾ ഓർമയിലിരിക്കേ, യഹോവയുടെ നാൾ നൂറ്റാണ്ടുകൾ അകലെയാണെന്ന് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ വിചാരിച്ചിരിക്കാൻ സാധ്യതയില്ല. ദൂരദേശത്തേക്കു പോയ രാജാവിനെയും വിദേശയാത്രയ്ക്കു പോകുന്ന മനുഷ്യനെയും കുറിച്ചുള്ള യേശുവിന്റെ ഉപമകൾ അവർക്കറിയാമായിരുന്നു എന്നതു സത്യംതന്നെ. എന്നാൽ “അവസാനം” രാജാവും “വളരെ കാലം കഴിഞ്ഞശേഷം” യാത്രികനും തിരിച്ചുവരുമെന്ന് ഉപമകൾ പ്രകടമാക്കിയിരുന്നുവെന്നും അവർക്കറിയാമായിരുന്നു. പക്ഷേ “അവസാനം” എപ്പോഴാണ്? എന്നതുപോലുള്ള ചോദ്യങ്ങൾ അവരെ നിസ്സംശയമായും കുഴക്കിയിരുന്നു. “വളരെ കാലം കഴിഞ്ഞശേഷം” എന്നതിനാൽ എന്താണ് അർഥമാക്കുന്നത്? പത്തു വർഷമോ? ഇരുപതു വർഷമോ? അമ്പതു വർഷമോ? അതോ അതിനെക്കാൾ കൂടുതലോ? (ലൂക്കൊസ് 19:12, 15, NW; മത്തായി 25:14, 19) “നിനയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ” എന്ന യേശുവിന്റെ വാക്കുകൾ അവരുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കുമായിരുന്നു.—ലൂക്കൊസ് 12:40.
അടിയന്തിരതയുടെ ഗുണകരമായ ഫലം
അതേ, വിസ്മയാവഹമായി പ്രോത്സാഹനമേകിയ ഒരു ഫലമായിരുന്നു ദൈവപ്രചോദിത അടിയന്തിരതാബോധം ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെമേൽ ഉളവാക്കിയത്. അത് അവരെ സർവപ്രധാനമായ പ്രസംഗ, പഠിപ്പിക്കൽ വേലയിൽ തിരക്കോടെ ഏർപ്പെടാൻ സഹായിച്ചു. അത് ഇന്ന് അനേകം വിധങ്ങളിൽ നമ്മെ പ്രോത്സാഹിപ്പിക്കുന്നതിൽ തുടരുന്നു. അതു നമ്മെ അലംഭാവമുള്ളവർ ആയിത്തീരാതെ അല്ലെങ്കിൽ ‘നന്മ ചെയ്യുന്നതിൽ മടുപ്പുതോന്നാതിരിക്കാ’തെ പരിരക്ഷിക്കുന്നു. (ഗലാത്തിയാ 6:9, പി.ഒ.സി. ബൈ.) ലൗകിക കാര്യങ്ങളിലും അതിന്റെ വഞ്ചനാത്മകമായ ഭൗതികത്വചിന്താഗതിയിലും അമിതമായി ഉൾപ്പെട്ടുപോകുന്നതിൽനിന്ന് അതു നമ്മെ സംരക്ഷിക്കുന്നു. അതു നമ്മുടെ മനസ്സിനെ “സാക്ഷാലുള്ള ജീവ”നിൽ കേന്ദ്രീകരിച്ചുനിർത്തുന്നു. (1 തിമൊഥെയൊസ് 6:19) “ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ”യായിരിക്കും തന്റെ ശിഷ്യന്മാരെന്നു കർത്താവായ യേശു പറയുകയുണ്ടായി. ലോകത്തോടു പോരാടുന്നതിനുവേണ്ടി നാം ദൃഢചിത്തമായ, ഉറപ്പായ ഒരു കാഴ്ചപ്പാടു നിലനിർത്തേണ്ട ആവശ്യത്തെക്കുറിച്ച് അവന് അറിയാമായിരുന്നു. അതേ, നമ്മുടെ ക്രിസ്തീയ അടിയന്തിരതാബോധത്താൽ നാം പരിരക്ഷിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.—മത്തായി 10:16.
യഹോവയാം ദൈവം തന്റെ അനന്ത ജ്ഞാനത്തിൽ തന്റെ ദാസന്മാർക്ക് അവരുടെ അടിയന്തിരതാബോധത്തെ സജീവമായി നിലനിർത്തുന്നതിനു വേണ്ടത്ര വിവരങ്ങൾ എല്ലായ്പോഴും നൽകിയിട്ടുണ്ട്. ഈ ദുഷിച്ച വ്യവസ്ഥിതിയുടെ “അവസാന നാളുകളി”ലാണ് നാം എന്നതു സംബന്ധിച്ച് അവൻ ദയാപുരസ്സരം നമുക്ക് ഉറപ്പേകിയിരിക്കുന്നു. (2 തിമോത്തി 3:1, NW) മഹോപദ്രവത്തിലും അതിന്റെ പാരമ്യമായ അർമഗെദോനിലുമായി നാം ജീവിക്കുന്ന തലമുറ ഒഴിഞ്ഞുപോകുന്നതുവരെ ജ്യോതിസ്സുകളെപ്പോലെ പ്രശോഭിക്കണമെന്നു നാം നിരന്തരം അനുസ്മരിക്കപ്പെടുന്നു.—ഫിലിപ്പിയർ 2:15; വെളിപ്പാടു 7:14; 16:14, 16.
യഹോവയ്ക്കു മുഴുദേഹിയോടെയുള്ള സേവനത്തിന്റെ ഒരു അവിഭാജ്യ ഭാഗമാണ് ദൈവിക അടിയന്തിരതാബോധം. ‘[തങ്ങളുടെ] ഉള്ളിൽ ക്ഷീണിച്ചു മടുക്കാൻ’ ദൈവദാസന്മാരെ ഇടയാക്കുന്നതിനു പിശാച് നടത്തുന്ന ശ്രമങ്ങളെ അകറ്റിനിർത്തുകയും അവയെ വിഫലമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. (എബ്രായർ 12:3) നിത്യതയിലുടനീളം യഹോവയെ അനുസരിക്കാൻ മുഴുദേഹിയോടെയുള്ള ഭക്തി അവന്റെ ദാസന്മാരെ പ്രേരിപ്പിക്കും. എന്നാൽ ഇപ്പോൾ, അർമഗെദോനു മുമ്പുള്ള ഈ നാളുകളിൽ, ആഴമായ ഒരു യഥാർഥ അടിയന്തിരതാബോധം മുഴുദേഹിയോടെയുള്ള ഭക്തിയുടെ അടിസ്ഥാന ഭാഗമാണ്.
അപ്പോസ്തലനായ യോഹന്നാന്റെ പിൻവരുന്ന വാക്കുകൾ നാം തുടർന്നും മുഴക്കവേ, നമ്മുടെ അടിയന്തിരതാബോധത്തെ കാത്തുസൂക്ഷിക്കാൻ നമ്മുടെ ദൈവമായ യഹോവ നമ്മെയെല്ലാം സഹായിക്കുമാറാകട്ടെ: “ആമേൻ, കർത്താവായ യേശുവേ, വരേണമേ.”—വെളിപ്പാടു 22:20.