കേൾക്കുന്നവർ മാത്രമായിരിക്കാതെ അതു പ്രവർത്തിക്കുന്നവരായിരിക്കുക
1 വചനം കേൾക്കുന്നവർ മാത്രമായിരിക്കാതെ അതു പ്രവർത്തിക്കുന്നവരായിരിക്കുക എന്ന ബൈബിളിന്റെ അനുശാസനം ഇന്നു സത്യക്രിസ്ത്യാനികൾ ഹൃദയത്തിൽ ഏറ്റുകൊള്ളുന്നു. (യാക്കോ. 1:22) ഇത് ക്രിസ്ത്യാനികളെന്നവകാശപ്പെടുന്നുണ്ടെങ്കിലും ദൈവത്തിനു അധരസേവ മാത്രം അർപ്പിക്കുന്നവരിൽനിന്ന് അവരെ തികച്ചും വ്യത്യസ്തരാക്കുന്നു. (യെശ. 29:13) ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവർ മാത്രമേ രക്ഷിക്കപ്പെടുകയുള്ളു എന്ന് യേശു വ്യക്തമായി പ്രസ്താവിച്ചു.—മത്താ. 7:21.
2 ദൈവിക പ്രവൃത്തികളില്ലാതെയുള്ള ആരാധന അർഥശൂന്യമാണ്. (യാക്കോ. 2:26) അതുകൊണ്ട്, ‘എന്റെ വിശ്വാസം യഥാർഥമാണെന്ന് എന്റെ പ്രവൃത്തികൾ എപ്രകാരം തെളിയിക്കുന്നു? ഞാൻ വാസ്തവമായും വിശ്വസിക്കുന്നതിനു ചേർച്ചയിൽ ജീവിക്കുന്നുവെന്ന് എന്തു പ്രകടമാക്കുന്നു? എനിക്ക് യേശുവിനെ കൂടുതൽ തികവോടെ എങ്ങനെ അനുകരിക്കാൻ കഴിയും?’ എന്നിങ്ങനെ നാം സ്വയം ചോദിക്കണം. ഈ ചോദ്യങ്ങൾക്കുള്ള സത്യസന്ധമായ ഉത്തരങ്ങൾ ദൈവേഷ്ടം ചെയ്യുന്നതിൽ നാം എത്രമാത്രം പുരോഗതി കൈവരുത്തിയിട്ടുണ്ട് അല്ലെങ്കിൽ ഇനിയും വരുത്തേണ്ടതുണ്ട് എന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കും.
3 യേശുവിന്റെ അനുഗാമികളെന്നനിലയിൽ നമ്മുടെ ജീവിതത്തിലും സങ്കീർത്തനക്കാരൻ പ്രകടിപ്പിച്ച അതേ പ്രഥമ ലക്ഷ്യം ഉണ്ടായിരിക്കണം. അവൻ ഇപ്രകാരം പ്രസ്താവിച്ചു: “ദൈവത്തിൽ ഞങ്ങൾ നിത്യം [ദിവസം മുഴുവൻ, NW] പ്രശംസിക്കുന്നു; നിന്റെ നാമത്തിന്നു എന്നും സ്തോത്രം ചെയ്യുന്നു.” (സങ്കീ. 44:8) ക്രിസ്ത്യാനിത്വം ഒരു ജീവിതരീതിയാണ്. അതു ദൈനംദിനം, നാം ചെയ്യുന്ന എല്ലാറ്റിലും പ്രകടമാക്കപ്പെടുന്നു. യഹോവയെ സ്തുതിക്കുന്നതിനുള്ള നമ്മുടെ ഹൃദയംഗമമായ ആഗ്രഹം എല്ലാ പ്രവൃത്തികളിലും നാം പ്രകടിപ്പിക്കുമ്പോൾ എന്തോരു സംതൃപ്തിയാണു നമുക്കുണ്ടാകുന്നത്!—ഫിലി. 1:11.
4 യഹോവയ്ക്കു സ്തുതി കരേറ്റുന്നതിൽ യോഗ്യമായ ഒരു ജീവിതം നയിക്കുന്നതിലുപരി ഉൾപ്പെടുന്നു: നല്ല നടത്ത മാത്രമാണു ദൈവം ആവശ്യപ്പെട്ടിരുന്നതെങ്കിൽ നമ്മുടെ വ്യക്തിത്വം ശ്രേഷ്ഠമാക്കുന്നതിൽ മാത്രം നാം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയായിരുന്നു. എന്നാൽ, നമ്മുടെ ആരാധനയിൽ യഹോവയുടെ സദ്ഗുണങ്ങളെ ഘോഷിക്കുന്നതും അവന്റെ നാമത്തിനു പരസ്യപ്രഖ്യാപനം നടത്തുന്നതും ഉൾപ്പെടുന്നു!—എബ്രാ. 13:15; 1 പത്രൊ. 2:9.
5 നാം ചെയ്യുന്ന വേലകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് സുവാർത്തയുടെ പരസ്യഘോഷണമാണ്. യേശു ഈ വേലക്കായി തന്നെത്തന്നെ അർപ്പിച്ചു. കാരണം ശ്രദ്ധിക്കുന്നവർക്ക് അതു നിത്യജീവനെ അർഥമാക്കിയെന്ന് അവനറിയാമായിരുന്നു. (യോഹ. 17:3) ഇന്നും “വചന ശുശ്രൂഷ” അത്രതന്നെ പ്രധാനമാണ്; ഇത് ആളുകൾക്കു രക്ഷ സാധ്യമാക്കുന്ന ഏക ഉപാധിയാണ്. (പ്രവൃ. 6:4; റോമ. 10:13) അതിന്റെ ദൂരവ്യാപകമായ പ്രയോജനങ്ങൾ മനസ്സിലാക്കുമ്പോൾ “വചനം പ്രസംഗിക്ക” അതിനായി ‘ഒരുങ്ങിനില്ക്കുക’ എന്നു പൗലോസ് അനുശാസനം നൽകിയതെന്തുകൊണ്ടാണെന്നു വിലമതിക്കാൻ നമുക്കു കഴിയും.—2 തിമൊ. 4:2.
6 നമ്മുടെ ജീവിതത്തിൽ എത്രത്തോളം നാം യഹോവയെ സ്തുതിക്കണം? ദിവസം മുഴുവൻ അതു തന്റെ മനസ്സിലുണ്ടായിരുന്നുവെന്നു സങ്കീർത്തനക്കാരൻ പറഞ്ഞു. നമുക്കും അങ്ങനെ തോന്നുന്നില്ലേ? ഉവ്വ്, മറ്റൊരാളുമായുള്ള ഏതൊരു സമ്പർക്കവും യഹോവയുടെ നാമത്തെക്കുറിച്ചു സംസാരിക്കുന്നതിനുള്ള അവസരമായി നാം കണക്കാക്കും. ആത്മീയ കാര്യങ്ങളിലേക്കു നമ്മുടെ സംഭാഷണം തിരിച്ചുവിടുന്നതിനുള്ള ഉചിതമായ അവസരങ്ങൾക്കായി നാം കാത്തിരിക്കും. സഭ ക്രമീകരിക്കുന്ന വയൽസേവന പ്രവർത്തനങ്ങളിൽ ക്രമമായി പങ്കെടുക്കുന്നതിനും നാം പരിശ്രമിക്കും. അനുകൂലസാഹചര്യങ്ങളുള്ളവർക്കു പയനിയർ സേവനത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കാവുന്നതാണ്. കാരണം എല്ലാ ദിവസവും പ്രസംഗവേലയെ നമ്മുടെ ജീവിതത്തിൽ ഒന്നാമതു വെക്കുന്നതിന് ഇതു നമ്മെ സഹായിക്കുന്നു. ദൈവേഷ്ടം ചെയ്യുന്നതിൽ സ്ഥിരോത്സാഹം കാട്ടുന്നതുനിമിത്തം നാം സന്തുഷ്ടരായിരിക്കും എന്നു ദൈവവചനം നമുക്ക് ഉറപ്പു തരുന്നു.—യാക്കോ. 1:25.