“നിങ്ങൾ നന്ദിയുള്ളവർ എന്നു പ്രകടമാക്കുക”
“ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ നിയന്ത്രണംചെലുത്തട്ടെ . . . നിങ്ങൾ നന്ദിയുള്ളവർ എന്നു പ്രകടമാക്കുക.”—കൊലോസ്യർ 3:15.
1. ഈ നന്ദികെട്ട ലോകത്തിൽ ക്രിസ്ത്യാനികൾ എന്തിനെതിരെ ജാഗ്രതയുള്ളവരായിരിക്കണം?
ഈ കുഴപ്പം നിറഞ്ഞ 20-ാം നൂററാണ്ട് നന്ദിയുള്ളവരായിരിക്കേണ്ടതെങ്ങനെയെന്ന് അനേകരും മറന്നുപോയിരിക്കുന്ന ഒരു ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഓരോ വർഷം കഴിയുന്തോറും “ദയവായി” “നന്ദി” എന്നിങ്ങനെയുള്ള വിലമതിപ്പു പ്രകടമാക്കുന്ന പദങ്ങൾ വിരളമായേ കേൾക്കാറുള്ളു. നന്ദിയില്ലായ്മ ഈ ലോകത്തിലെ ആളുകളെ ഭരിക്കുന്ന സ്വാർത്ഥതയുടെ ആത്മാവാകുന്ന “വായു”വിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു. (എഫേസ്യർ 2:1, 2) ക്രിസ്ത്യാനികൾ “ലോകത്തിന്റെ ഭാഗമല്ലെ”ങ്കിലും ഇപ്പോഴത്തെ വ്യവസ്ഥിതി സ്ഥിതിചെയ്യുന്നിടത്തോളം കാലം അവർ അതിൽ ജീവിക്കേണ്ടിയിരിക്കുന്നു. (യോഹന്നാൻ 17:11, 16) അതുകൊണ്ട്, ഈ നന്ദിയില്ലായ്മയുടെ ആത്മാവ് തങ്ങളെ ബാധിക്കാതിരിക്കാനും അങ്ങനെ തങ്ങളുടെ നന്ദി കുറയാനിടയാക്കാതിരിക്കാനും അവർ ജാഗ്രത പാലിക്കണം.
2. (എ) യഹോവയുടെ ദാസൻമാർ അവനോട് നന്ദി പ്രകടമാക്കേണ്ട ചില വിധങ്ങളേവ? (ബി) വാഗ്രൂപേണയുള്ള നന്ദിപ്രകടനങ്ങളിൽപരമായി എന്താവശ്യമാണ്?
2 ദൈവത്തിന്റെ നൻമയോടുള്ള വിലമതിപ്പ് മിക്കപ്പോഴും സഹവിശ്വാസികളുമായുളുള സംഭാഷണത്തിൽ പ്രകടമാക്കാൻ കഴിയും. മിക്ക സമർപ്പിത ക്രിസ്ത്യാനികളും ദിവസം പല പ്രാവശ്യം വ്യക്തിപരമായ പ്രാർത്ഥനയിൽ തങ്ങളുടെ സ്വർഗ്ഗീയ പിതാവായ യഹോവക്ക് അവന്റെ നൻമക്കുവേണ്ടി നന്ദി കൊടുക്കാനിടയുണ്ട്. സഭാപരമായ പ്രാർത്ഥനകളിലും ക്രിസ്തീയയോഗങ്ങളിൽ രാജ്യഗീതങ്ങൾ പാടുമ്പോഴും നന്ദി പ്രകടിപ്പിക്കപ്പെടുന്നു. തീർച്ചയായും, വാക്കിനാൽ നന്ദി പ്രകടമാക്കുന്നത് ആപേക്ഷികമായി എളുപ്പമാണ്. എന്നിരുന്നാലും, അപ്പോസ്തലനായ പൗലോസ് തങ്ങൾ നന്ദിയുള്ളവരാണെന്ന് പറയാൻ മാത്രമല്ല, പിന്നെയോ തങ്ങളുടെ അനുദിന ജീവിതത്തിൽ നന്ദി കാണിക്കാനും അഥവാ പ്രകടമാക്കാനും കൊലോസ്സിയിലെ തന്റെ സഹോദരൻമാരെ പ്രോൽസാഹിപ്പിച്ചു. അവൻ ഇങ്ങനെ എഴുതി: “ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ നിയന്ത്രണംചെലുത്തട്ടെ, എന്തെന്നാൽ നിങ്ങൾ യഥാർത്ഥത്തിൽ ഏക ശരീരമായി അതിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ നന്ദിയുള്ളവർ എന്നു പ്രകടമാക്കുക.”—കൊലോസ്യർ 3:15.
നന്ദിക്ക് ധാരാളം കാരണങ്ങൾ
3. നമ്മളെല്ലാം ദൈവത്തോട് നന്ദിയുള്ളവരായിരിക്കേണ്ടതെന്തുകൊണ്ട്?
3 ജീവിച്ചിരിക്കുന്ന എല്ലാവർക്കും നന്ദിയുള്ളവരായിരിക്കാൻ ധാരാളം കാരണങ്ങളുണ്ട്. അതിപ്രമുഖ കാരണം ജീവന്റെ ആസ്വാദനംതന്നെയാണ്, എന്തുകൊണ്ടെന്നാൽ നമുക്കു ജീവൻ നഷ്ടപ്പെടുകയാണെങ്കിൽ നമുക്കുള്ളതെല്ലാം അല്ലെങ്കിൽ നാം ആസൂത്രണംചെയ്യുന്നതെല്ലാം, പെട്ടെന്ന് വിലയില്ലാത്തതായിത്തീരും. “നിങ്കലാകുന്നു [യഹോവയാം ദൈവത്തിൽ] ജീവന്റെ ഉറവുള്ളത്” എന്ന് ഓർമ്മിക്കാൻ സങ്കീർത്തനക്കാരനായ ദാവീദ് സകല മനുഷ്യരെയും പ്രോൽസാഹിപ്പിച്ചു. (സങ്കീർത്തനം 36:9) അപ്പോസ്തലനായ പൗലോസ് അരയോപഗസിൽ നിന്നു സംസാരിച്ചപ്പോൾ ആതൻസിലെ മനുഷ്യരെ ഇതേ നിത്യസത്യം ഓർമ്മിപ്പിച്ചു. (പ്രവൃത്തികൾ 17:28) അതെ, ജീവിച്ചിരിക്കുന്നതുതന്നെ നന്ദിക്ക് മതിയായ കാരണമാണ്. ദൈവം നമുക്കു തന്നിരിക്കുന്ന രസന, സ്പർശനം, ഘ്രാണം, കാഴ്ച, കേൾവി എന്നിങ്ങനെയുള്ള പ്രാപ്തികളെക്കുറിച്ചു നാം ഓർക്കുമ്പോൾ നമ്മുടെ വിലമതിപ്പിന് ആഴംകൂടുന്നു—അവയാലാണല്ലോ നമുക്ക് ജീവിതവും നമുക്കു ചുററുമുള്ള സൃഷ്ടിയുടെ മനോഹാരിതകളും ആസ്വദിക്കാൻ കഴിയുന്നത്.
4. ജീവിതത്തിലെ അനുഗ്രഹങ്ങളെ നിസ്സാരമായി എടുക്കുന്നതിൽനിന്ന് നമ്മെ എന്തു തടയും?
4 എന്നിരുന്നാലും, അനേകർ ഈ നല്ല കാര്യങ്ങളെ നിസ്സാരമായി എടുക്കുകയാണ്. കാഴ്ചയോ കേൾവിയോ പോലുള്ള ഒരു പ്രാപ്തി നഷ്ടപ്പെടുമ്പോൾ മാത്രമാണ് നല്ല ആരോഗ്യമുണ്ടായിരുന്നപ്പോൾ തങ്ങൾ വിലമതിക്കാഞ്ഞ അനുഗ്രഹങ്ങളെക്കുറിച്ച് അനേകർ തിരിച്ചറിയുന്നത്. സമർപ്പിതക്രിസ്ത്യാനികൾ സമാനമായ ഒരു വിലമതിപ്പില്ലായ്മയിലേക്കു വഴുതിവീഴാതിരിക്കാൻ നിരന്തരം ശ്രദ്ധിക്കേണ്ടതുണ്ട്. സങ്കീർത്തനക്കാരൻ പ്രകടമാക്കിയ നന്ദി നിറഞ്ഞ അതേ മനോഭാവം നിലനിർത്താൻ അവർ കഠിനാദ്ധ്വാനംചെയ്യേണ്ടതാണ്. അവൻ ഇങ്ങനെ പറഞ്ഞു: “എന്റെ ദൈവമായ യഹോവേ, നീ തന്നെ അനേകം കാര്യങ്ങൾ ചെയ്തിരിക്കുന്നു, നിന്റെ അത്ഭുതപ്രവൃത്തികളും ഞങ്ങളോടുള്ള നിന്റെ വിചാരങ്ങളുംതന്നെ; നിന്നോടു താരതമ്യപ്പെടുത്താവുന്ന ആരുമില്ല. ഞാൻ അവയെക്കുറിച്ച് പറയാനും സംസാരിക്കാനും ചായ്വുകാണിച്ചാൽ അവ എനിക്കു വിവരിക്കാവുന്നതിനെക്കാൾ നിരവധിയായിത്തീർന്നിരിക്കുന്നു.”—സങ്കീർത്തനം 40:5.
5. ഇസ്രായേലിന് യഹോവയിൽനിന്ന് കൂടുതലായ അനുഗ്രഹങ്ങൾ ലഭിച്ചിരുന്നിട്ടും അവർ ഏതു ലജ്ജാവഹമായ ഗതി പിന്തുടർന്നു?
5 നൂററിയാറാം സങ്കീർത്തനം യഹോവ തന്റെ ജനമായ ഇസ്രായേലിനുവേണ്ടി ചെയ്ത വീര്യപ്രവൃത്തികളുടെ ഒരു കവിതാപരമായ സംഗ്രഹം നൽകുന്നു. അവരോടുള്ള ദൈവത്തിന്റെ ഇടപെടലുകൾ പൊതു മനുഷ്യവർഗ്ഗത്തിന് അവൻ കൊടുക്കുന്ന നൻമകൾക്കും സാധാരണ അനുഗ്രഹങ്ങൾക്കും പുറമേയായിരുന്നു. എന്നിരുന്നാലും, ഈ പ്രയോജനങ്ങളൊക്കെ ഉണ്ടായിരുന്നിട്ടും ഇസ്രായേല്യർ തങ്ങളുടെ അനുപമമായ അനുഗ്രഹങ്ങൾക്കുവേണ്ടി നന്ദി പ്രകടമാക്കുന്നതിൽ തുടർന്നില്ലെന്ന് സങ്കീർത്തനക്കാരൻ ചൂണ്ടിക്കാണിക്കുന്നു. 13-ാം വാക്യം ഇങ്ങനെ പ്രസ്താവിക്കുന്നു: “അവർ അവന്റെ പ്രവൃത്തികൾ പെട്ടെന്നു മറന്നു; അവർ അവന്റെ ബുദ്ധിയുപദേശത്തിനായി കാത്തിരുന്നില്ല.” അല്ല, തങ്ങൾക്കുവേണ്ടി ദൈവം ചെയ്തത് ദശാബ്ദങ്ങൾക്കുശേഷം ഓർക്കാത്തവിധം കാലം കടന്നുപോയതുകൊണ്ടല്ലായിരുന്നു ക്രമേണ അവരുടെ നന്ദി കുറഞ്ഞുപോയത്. പകരം, അവർ പെട്ടെന്ന് മറന്നുപോയി—ചെങ്കടലിൽ അവർക്കുവേണ്ടി യഹോവ ചെയ്ത മുന്തിയ അത്ഭുതങ്ങൾക്കുശേഷം ആഴ്ചകൾക്കുള്ളിൽ. (പുറപ്പാട് 16:1-3) സങ്കടകരമെന്നു പറയട്ടെ, നന്ദിയില്ലായ്മ അവരുടെ ജീവിതത്തിൽ ഒരു ക്രമമായ ശീലമായിത്തീർന്നുവെന്ന് ഭാവിസംഭവങ്ങൾ പ്രകടമാക്കി.
നന്ദി പ്രകടമാക്കേണ്ട വിധം
6. ദശാംശവ്യവസ്ഥ പ്രയാസകരമല്ലാഞ്ഞതെന്തുകൊണ്ട്?
6 തന്റെ നൻമകൾക്കുവേണ്ടി ഇസ്രായേല്യർ യഥാർത്ഥ നന്ദിപ്രകടമാക്കേണ്ടിയിരുന്ന മൂന്നു വിധങ്ങൾ യഹോവ വിശദമാക്കി. ഒന്ന് സകല ഉല്പന്നങ്ങളുടെയും കന്നുകാലികളുടെയും പത്തിലൊന്നു യഹോവക്കു കൊടുത്തുകൊണ്ട് ദശാംശവ്യവസ്ഥ പാലിക്കുകയെന്നതായിരുന്നു. (ലേവ്യപുസ്തകം 27:30-32) ഇതു പ്രയാസമായിരിക്കുമായിരുന്നില്ല, എന്തുകൊണ്ടെന്നാൽ സൂര്യനും ഫലപുഷ്ടിയുള്ള മണ്ണിനും മഴക്കും വളർച്ചയുടെ അത്ഭുതത്തിനും ദൈവം ഉത്തരവാദിയായിരുന്നു. അതുകൊണ്ട് യഹോവയുടെ വിശുദ്ധമന്ദിരത്തിലെ പുരോഹിതൻമാർക്ക് പത്തിലൊന്നു കൊടുക്കുന്നത് യഹോവയോടുതന്നെയുള്ള നന്ദിയുടെ ഒരു പ്രായോഗികപ്രകടനമായിരുന്നു.
7. (എ) ദശാംശവും യഹോവക്കു സംഭാവനകൊടുക്കുന്നതും തമ്മിൽ ഏതു മുഖ്യ വ്യത്യാസമുണ്ടായിരുന്നു? (ബി) ഇത് തങ്ങളെക്കുറിച്ചുതന്നെ എന്തു വെളിപ്പെടുത്താൻ ഇസ്രായേല്യരെ അനുവദിച്ചു?
7 മറെറാരു വ്യവസ്ഥ ദൈവത്തിന് സംഭാവന കൊടുക്കുന്നതായിരുന്നു, അതിന്റെ തുക നിർണ്ണയിക്കപ്പെട്ടിരുന്നത് ഓരോ ഇസ്രായേല്യവ്യക്തിയുടെയും ഹൃദയനിലയാലായിരുന്നു. നിശ്ചിത തുക ഏർപ്പെടുത്തിയിരുന്നില്ലെങ്കിലും സംഭാവനകൾ ആദ്യഫലങ്ങളുടേതായിരിക്കേണ്ടിയിരുന്നു, ആദ്യത്തെ ധാന്യവും മുന്തിരിയും ആട്ടുരോമങ്ങളുംതന്നെ. (സംഖ്യാപുസ്തകം 15:17-21; ആവർത്തനം 18:4) തന്നെയുമല്ല, തന്റെ ജനം ‘വൈമനസ്യത്തോടെയല്ല,’ പിന്നെയോ “ആദ്യം പഴുക്കുന്ന ഫലങ്ങളിൽ ഏററവും നല്ലത്” കൊടുക്കാൻ യഹോവ വ്യവസ്ഥചെയ്തു. (പുറപ്പാട് 22:29; 23:19) ഇത് സ്പർശനീയമായ ഒരു വിധത്തിൽ യഹോവയോടു നന്ദി പ്രകടമാക്കാൻ ഇസ്രായേല്യർക്ക് അവസരങ്ങൾ നൽകി. അവർക്ക് സംഭാവനയുടെ തുകയാൽ നന്ദിയുടെ ആഴം വെളിപ്പെടുത്താൻ കഴിയുമായിരുന്നു. അവർ വെറുമൊരു മുന്തിരിക്കുലയായിരിക്കുമോ സംഭാവനചെയ്യുന്നത്? അതോ ഒരു കുട്ട നിറയെ കൊടുക്കാൻ അവരുടെ ഉദാരഹൃദയം അവരെ പ്രേരിപ്പിക്കുമോ? അങ്ങനെ നിർബന്ധംകൂടാതെ ഓരോ വ്യക്തിക്കും അഥവാ കുടുംബത്തിനും നന്ദി പ്രകടമാക്കാൻ കഴിയുമായിരുന്നു.
8. (എ) കാലാപെറുക്കൽ ക്രമീകരണം ഏതു രണ്ടു പ്രയോജനങ്ങൾ പ്രദാനംചെയ്തു? (ബി) കാലാപെറുക്കൽ ക്രമീകരണത്തിൽ ഉൾപ്പെട്ടിരുന്നവർക്കെല്ലാം എങ്ങനെ ഔദാര്യവും നന്ദിയും പ്രകടമാക്കാൻ കഴിയുമായിരുന്നു?
8 നന്ദി പ്രകടമാക്കാനുള്ള ഒരു മൂന്നാമത്തെ നിർദ്ദിഷ്ട വിധം കാലാപെറുക്കുന്നതു സംബന്ധിച്ച ദൈവത്തിന്റെ വ്യവസ്ഥയോടുള്ള ബന്ധത്തിലായിരുന്നു. കൊയ്ത്തുകാലത്ത് ദരിദ്രർക്കുവേണ്ടി ചില ഭാഗങ്ങൾ കൊയ്യാതെ വിട്ടേക്കണമായിരുന്നു. ഇത് ദരിദ്രരോടുള്ള സഹതാപവും പരിഗണനയും പഠിപ്പിച്ചുവെന്നുമാത്രമല്ല അവരുടെ ഭാഗത്തെ ശ്രമം ആവശ്യമില്ലാഞ്ഞ അധഃപതിപ്പിക്കുന്ന ഭിക്ഷകൊണ്ട് അവർ ജീവിക്കുന്നില്ലെന്നും ഉറപ്പുവരുത്തി. (ലേവ്യപുസ്തകം 19:9, 10) ദരിദ്രർക്കുവേണ്ടി എത്രമാത്രം വിട്ടേക്കണമെന്ന് നിർദ്ദേശിച്ചിരുന്നില്ല. എന്നാൽ ഇസ്രായേല്യ കർഷകർ തങ്ങളുടെ വയലുകളുടെ അരികുകളിൽ ധാരാളം ഇട്ടേക്കുന്നതിനാലും അങ്ങനെ ദരിദ്രരോടു പ്രീതികാട്ടുന്നതിനാലും ഒരു ഉദാരമായ ആത്മാവ് പ്രകടമാക്കുന്നുവെങ്കിൽ അവർ ദൈവത്തെ മഹത്വപ്പെടുത്തുന്നതായിരിക്കും. (സദൃശവാക്യങ്ങൾ 14:31) ഒരു ഇടുങ്ങിയ പ്രദേശമോ വിസ്തൃതമായ പ്രദേശമോ കൊയ്യാതെ വിടണമെന്ന് തീരുമാനിക്കേണ്ടത് അവരായിരുന്നു. വയലിൽ കാണാതെ കിടന്നിരുന്ന കററകളും വൃക്ഷത്തിലോ മുന്തിരിയിലോ വിട്ടിരുന്ന ഏതു ഫലങ്ങളും കാലാപെറുക്കുന്നവർക്കായിരിക്കണമെന്ന് നിർദ്ദേശിച്ചതിനാൽ ദൈവം ഔദാര്യം സംബന്ധിച്ച് ശക്തമായ മാർഗ്ഗനിർദ്ദേശം കൊടുത്തിരുന്നു. (ആവർത്തനം 24:19-22) ക്രമത്തിൽ, തങ്ങൾ കാലാപെറുക്കുന്നതിന്റെ പത്തിലൊന്ന് യഹോവയുടെ ആരാധനാസ്ഥലത്ത് സംഭാവനചെയ്യുന്നതിനാൽ കാലാപെറുക്കുന്നവർക്ക് അവനോടുള്ള തങ്ങളുടെ സ്വന്തം നന്ദി പ്രകടമാക്കാൻ കഴിയുമായിരുന്നു.
ഹൃദയത്തിന്റെ ഔദാര്യം
9. ഒരു സ്വാർത്ഥമനോഭാവം പ്രകടമാക്കുന്നവർ യഥാർത്ഥത്തിൽ തങ്ങളേത്തന്നെ ദ്രോഹിക്കുകയായിരുന്നതെന്തുകൊണ്ട്?
9 ഇസ്രായേല്യർ ഉദാരമായ സംഭാവനകൾ കൊടുത്തിരുന്നുവെങ്കിൽ യഹോവയുടെ അനുഗ്രഹം അവരുടെ ഭവനങ്ങളിൻമേൽ ഉണ്ടായിരിക്കുമായിരുന്നു. (യെഹെസ്ക്കേൽ 44:30; മലാഖി 3:10 താരതമ്യംചെയ്യുക.) എന്നിരുന്നാലും, സമൃദ്ധമായ വിളവെടുപ്പുകളുണ്ടായിരുന്നിട്ടും അവർ മിക്കപ്പോഴും സംഭാവനകൾ കൊടുക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. അപ്പോൾ അവരുടെ നന്ദിയെ വീണ്ടും ഉണർത്താൻ ദൈവം രാജാക്കൻമാരും പ്രവാചകൻമാരും മുഖേനയുള്ള ഓർമ്മിപ്പിക്കലുകളെ ഉപയോഗിച്ചു. യഥാർത്ഥത്തിൽ, സ്വാർത്ഥമതികളായ ഇസ്രായേല്യർക്കായിരുന്നു നഷ്ടം, എന്തുകൊണ്ടെന്നാൽ തന്റെ ആരാധനയോടു ബന്ധപ്പെട്ടായാലും ദരിദ്രർക്കുവേണ്ടിയായാലും സംഭാവനകൾ കൊടുക്കാതിരുന്നവരെ യഹോവക്ക് അനുഗ്രഹിക്കാൻ കഴിയുമായിരുന്നില്ല.
10. (എ) നന്ദിസംബന്ധിച്ച ഹിസ്ക്കിയാവ്രാജാവിന്റെ ഓർമ്മിപ്പിക്കലുകളുടെ സന്തുഷ്ടഫലങ്ങൾ എന്തായിരുന്നു? (ബി) ഈ അവസ്ഥകൾ നിലനിന്നോ?
10 ഒരു സന്ദർഭത്തിൽ, ഹിസ്ക്കിയാവ് രാജാവിന്റെ ഓർമ്മിപ്പിക്കലുകൾ യരുശലേമിൽ 14 ദിവസത്തെ സന്തോഷകരമായ ആഘോഷത്തിൽ കലാശിച്ചു. ജനങ്ങൾ ആത്മീയമായി പുനരുജ്ജീവിപ്പിക്കപ്പെട്ടു. ഒന്നാമതായി അവർ വിഗ്രഹാരാധനയുടെ സകല അനുബന്ധങ്ങളെയും നശിപ്പിച്ചു, അനന്തരം “കൂനകൾക്കുമേൽ കൂനകൾ കൊടുത്തു. . . . ഹിസ്ക്കിയാവും പ്രഭുക്കൻമാരും വന്ന് കൂനകൾ കണ്ടപ്പോൾ അവർ യഹോവയെയും അവന്റെ ജനമായ ഇസ്രായേലിനെയും വാഴ്ത്താൻ തുടങ്ങി.” (2 ദിനവൃത്താന്തം 30:1, 21-23; 31:1, 6-8) സങ്കടകരമായി, അങ്ങനെയുള്ള കാലികമായ പുനരുജ്ജീവനങ്ങൾക്കുശേഷവും ജനം നന്ദിയില്ലായ്മയിലേക്കു പിൻമാറി. ഒടുവിൽ, ദൈവത്തിന്റെ ക്ഷമ അററു, തന്റെ ജനത്തെ ബാബിലോനിലേക്കു അടിമകളായി കൊണ്ടുപോകാൻ അവൻ അനുവദിച്ചു. അവരുടെ നഗരവും മനോഹരമായ ആലയവും നശിപ്പിക്കപ്പെട്ടു. (2 ദിനവൃത്താന്തം 36:17-21) പിന്നീട് പുനഃസ്ഥിതീകരണത്തിനുശേഷം അവസ്ഥകൾ വളരെ ഗുരുതരമായിത്തീർന്നതുകൊണ്ട് യഹൂദൻമാരുടെ പിശുക്കിനെ തന്നിൽനിന്ന് മോഷ്ടിക്കുന്നതിനോട്, അപഹരിക്കുന്നതിനോട്, യഹോവ ഉപമിച്ചു!—മലാഖി 3:8.
11. ഇസ്രായേലിന്റെ ചരിത്രത്തിൽനിന്ന് പഠിക്കുന്ന ഏതു തത്വത്തിന് ഈ കാലത്ത് ജീവിക്കുന്ന ക്രിസ്ത്യാനികൾക്ക് പ്രയോജനംചെയ്യാൻ കഴിയും?
11 ഇസ്രായേല്യരുടെ ചപലമായ ചരിത്രത്തിൽനിന്ന് ഏതു തത്വം പഠിക്കാൻ കഴിയും? ഇത്: അവരുടെ ഹൃദയങ്ങളിൽ നന്ദി ശക്തമായിരുന്നപ്പോൾ അവർ യഹോവക്ക് “കൂനകൾക്കുമേൽ കൂനകൾ” കൊടുത്തുകൊണ്ട് അവർ സന്തോഷപൂർവം അതു പ്രകടമാക്കി. എന്നാൽ നന്ദി വിസ്മരിക്കപ്പെട്ടപ്പോൾ അല്ലെങ്കിൽ കുറഞ്ഞുപോയപ്പോൾ സന്തോഷപൂർവകമായ ഭൗതിക കൊടുക്കൽ ഫലത്തിൽ നിന്നുപോയി. ഇന്ന് സമർപ്പിതക്രിസ്ത്യാനികൾക്ക് അത്തരമൊരു ചീത്ത മനോഭാവം പ്രകടമാക്കാൻ കഴിയുമോ? ഉവ്വ്, എന്തുകൊണ്ടെന്നാൽ മാനുഷ അപൂർണ്ണത ഇപ്പോഴും നമ്മോടുകൂടെയുണ്ട്. ഈ വ്യവസ്ഥിതിയുടെ അവസാനകാലത്ത് ജീവിക്കുന്ന നമുക്ക് ഇസ്രായേലുമായുള്ള ദൈവത്തിന്റെ ഇടപെടലുകൾ പഠിച്ച് പ്രയോജനംനേടാൻ കഴിയത്തക്കവണ്ണം അവൻ അവ രേഖപ്പെടുത്തിയതിൽ നാം എത്ര സന്തോഷമുള്ളവരാണ്!—റോമർ 15:4; 1 കൊരിന്ത്യർ 10:11.
12. (എ) ഇക്കാലത്തെ യഹോവയുടെ ജനം ഇസ്രായേല്യരുടേതുപോലെയുള്ള ഒരു സ്ഥാനത്തായിരിക്കുന്നതെങ്ങനെ? (ബി) നാം ഏതു ചോദ്യങ്ങൾ ചോദിക്കേണ്ടതാവശ്യമാണ്?
12 ഇസ്രായേല്യരെപ്പോലെ, ഇന്നത്തെ യഹോവയുടെ ജനത്തിന് നന്ദിയുള്ളവരായിരിക്കാൻ അനേകം കാരണങ്ങൾ ഉണ്ട്. നമ്മളും നമ്മുടെ സഹമനുഷ്യർ ആസ്വദിക്കുന്നതിനെക്കാൾ കൂടുതൽ അനുഗ്രഹങ്ങൾ ലഭിച്ചിട്ടുള്ളവരാണ്. യഥാർത്ഥത്തിൽ, യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഇസ്രായേൽജനത്തെക്കാൾ വളരെക്കൂടുതൽ നമുക്ക് അറിയാം. ദൈവം മനസ്സോടെ തന്റെ പുത്രനെ എങ്ങനെ ബലിചെയ്തെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. ഇത് ദിവ്യാംഗീകാരമുള്ളവർക്ക് കൈവരുത്തുന്ന അനുഗ്രഹങ്ങളെക്കുറിച്ച് നമുക്ക് അറിവുണ്ട്. ഇന്ന്, നമുക്ക് ഒരു ആത്മീയപരദീസയിലായിരിക്കാനുള്ള പദവിയുണ്ട്, എന്തുകൊണ്ടെന്നാൽ 1919 മുതൽ യഹോവ തന്റെ ജനത്തിനുവേണ്ടി ഒരു മഹത്തായ ആത്മീയാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. അതെ, യഹോവയുടെ സാക്ഷികൾക്ക് നന്ദിക്ക് കൂടുതലായ അനേകം കാരണങ്ങളുണ്ട്. അതുകൊണ്ട് നാം ഇങ്ങനെ ചോദിക്കേണ്ടതുണ്ട്: ദൈവത്തോടുള്ള നമ്മുടെ നന്ദി എത്ര അഗാധമാണ്? ഈ 20-ാം നൂററാണ്ടിൽ നമുക്ക് എങ്ങനെ നന്ദിയുള്ളവർ എന്ന് പ്രകടമാക്കാൻ കഴിയും?
ആധുനിക സമാന്തരങ്ങൾ
13, 14. ക്രിസ്ത്യാനികൾ മോശൈകന്യായപ്രമാണത്തിൻകീഴിലല്ലെങ്കിലും ദശാംശനിയമത്തിൽനിന്ന് അവർക്കുവേണ്ടി എന്തെങ്കിലും സമാന്തരം കാണാൻ കഴിയുമോ?
13 ക്രിസ്ത്യാനികൾ ദൈവത്തോടു എങ്ങനെ നന്ദി പ്രകടമാക്കാമെന്നു വിവരിച്ച മോശൈകന്യായപ്രമാണത്തിൻകീഴിലല്ല. (ഗലാത്യർ 3:24, 25) യഹോവക്കായുള്ള നമ്മുടെ സ്തുതി “യാഗം” “അവന്റെ നാമത്തിന് പരസ്യപ്രഖ്യാപനം നടത്തുന്ന അധരഫലമാ”കുന്നു. (എബ്രായർ 13:15) അപ്പോൾ സമർപ്പിതക്രിസ്ത്യാനികൾക്ക് ദൈവത്തോടു നന്ദി പ്രകടമാക്കാൻ കഴിയുന്ന മുഖ്യവിധം ഇതാണ്. എന്നാൽ ദശാംശം, സംഭാവനകൾ, കാലാപെറുക്കൽ എന്നിവസംബന്ധിച്ച നിയമങ്ങളിൽനിന്ന് കൗതുകകരങ്ങളായ സമാന്തരങ്ങൾ സ്വീകരിക്കാൻ കഴിയും.
14 ദശാംശം നിർദ്ദിഷ്ടമായ പത്തിലൊന്ന് കൊടുക്കുന്നതിനെ അർത്ഥമാക്കി—ഇതു സംബന്ധിച്ച് മറെറാന്നും തെരഞ്ഞെടുക്കാനില്ലായിരുന്നു. സമാനമായി, യഹോവയുടെ ദാസൻമാരുടെമേലെല്ലാം സ്ഥിതിചെയ്യുന്ന പ്രത്യേക കല്പനകൾ ഇന്നുണ്ട്, അവ സംബന്ധിച്ചും മറെറാന്നും തെരഞ്ഞെടുക്കാനില്ല. നാം ക്രമമായി കൂടിവരേണ്ടതാണ്, നാം യഹോവയുടെ രാജ്യത്തിന്റെ സുവാർത്ത പരസ്യമായി പ്രസംഗിക്കുകയും ക്രിസ്തുവിന്റെ ശിഷ്യൻമാരായിത്തീരാൻ മററുള്ളവരെ സഹായിക്കുകയും ചെയ്യേണ്ടതാണ്.—എബ്രായർ 10:24, 25; മത്തായി 24:14; 28:19, 20.
15. പുരാതന ഇസ്രായേലിലെ സംഭാവനകളാലും കാലാപെറുക്കൽ ക്രമീകരണങ്ങളാലും വെളിപ്പെടുത്തപ്പെട്ട ഉദാരഹൃദയങ്ങൾ ആധുനികകാലങ്ങളിലെ ഉദാരഹൃദയങ്ങളുടെ ഏതു സൂചനകളോടു സമാന്തരമാണ്?
15 സംഭാവനകളും കാലാപെറുക്കൽക്രമീകരണങ്ങളുംകൂടെ ഓർക്കുക. പ്രത്യേക തുകകൾ നിർദ്ദേശിച്ചിരുന്നില്ല. അതുപോലെതന്നെ, യഹോവയുടെ സാക്ഷികൾ ഓരോരുത്തരും വിശുദ്ധസേവനത്തിൽ ചെലവഴിക്കേണ്ട നിശ്ചിതസമയം തിരുവെഴുത്തുകൾ വെക്കുന്നില്ല. ദൈവവചനം പഠിക്കുന്നതിനും മററുള്ളവരോടു പ്രസംഗിക്കുന്നതിനും അർപ്പിക്കുന്ന സമയം ഉദാരമായ, നിസ്വാർത്ഥമായ ഹൃദയങ്ങളുടെ പ്രേരണക്ക് വിടുകയാണ്. അതുപോലെതന്നെ, രാജ്യതാത്പര്യങ്ങളുടെ പുരോഗമനത്തിനു കൊടുക്കുന്ന ഭൗതിക സംഭാവനകളുടെ പരിധി ഓരോ വ്യക്തിയുടെയും ഹൃദയം നിശ്ചയിക്കാൻ വിടുകയാണ്. ഇന്നത്തെ ദൈവദാസൻമാരിലൊരാൾ “കൂനകൾക്കുമേൽ കൂനകളായി” കൊണ്ടുവരുമോ അതോ കഷ്ടിച്ചു രക്ഷപെടാനുള്ളത് കൊണ്ടുവരുമോയെന്ന് നന്ദിയുടെ ആഴമാണ് നിശ്ചയിക്കുന്നത്. (2 ദിനവൃത്താന്തങ്ങൾ 31:6) എന്നിരുന്നാലും, ഇസ്രായേലിന്റെ സംഗതിയിലെന്നപോലെ, ഒരുവന്റെ നന്ദിപ്രകടനം എത്ര വലുതാണോ അത്ര സമൃദ്ധമായിരിക്കും ദൈവത്തിൽനിന്ന് അയാൾക്ക് കിട്ടുന്ന അനുഗ്രഹങ്ങൾ.
നന്ദിപ്രകടമാക്കുന്നതിനുള്ള വഴികൾ
16-18. സമർപ്പിക്കപ്പെട്ട ക്രിസ്ത്യാനികൾക്ക് ഏതു പ്രത്യേക വിധങ്ങളിൽ നന്ദിയുള്ളവരെന്ന് പ്രകടമാക്കാൻ കഴിയും?
16 യഹോവയോടുള്ള നന്ദി പ്രകടമാക്കാനുള്ള അത്യന്തം നേരിട്ടുള്ള ഒരു മാർഗ്ഗം മുഴുസമയ ശുശ്രൂഷയിലേർപ്പെടുകയാണ്. നിങ്ങളുടെ ഹൃദയത്തിന് ആ വാഞ്ഛയുണ്ടായിരിക്കത്തക്കവണ്ണം നിങ്ങളുടെ നന്ദി അത്ര വലുതാണോ? ഒരു വിജയപ്രദനായ പയനിയർക്ക് ആദ്യം സേവിക്കാനുള്ള ആഗ്രഹവും അനന്തരം ശരിയായ സാഹചര്യങ്ങളും വേണ്ടതാണെന്ന് നന്നായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നന്ദി ശക്തമായിരിക്കുമ്പോൾ കൂടുതൽ പൂർണ്ണമായി ദൈവത്തെ സേവിക്കാനുള്ള ഒരു പ്രേരകശക്തി ഒരു വിലമതിപ്പുള്ള ഹൃദയത്തിൽ നിറയുന്നു. നിങ്ങൾക്ക് അങ്ങനെയാണോ തോന്നുന്നത്? നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യങ്ങൾ മുഴുസമയശുശ്രൂഷയിൽ പങ്കെടുക്കുന്നതിൽനിന്ന് നിങ്ങളെ ഒഴിവാക്കുന്നുവെങ്കിലും അത് പയനിയർ ആത്മാവിനെ ഹനിക്കേണ്ടതില്ല. നിങ്ങൾക്ക് പയനിയർമാർക്ക് മുഴുഹൃദയത്തോടുകൂടിയ പിന്തുണയും പ്രോൽസാഹനവും കൊടുക്കാൻ കഴിയും.
17 നിങ്ങൾക്ക് ഇപ്പോൾ പയനിയർവേല ചെയ്യാൻ കഴികയില്ലെങ്കിൽ ചിലപ്പോഴൊക്കെ നിങ്ങൾക്ക് സഹായപയനിയറിംഗ് നടത്താൻ കഴിയുമോ? ക്രിസ്തീയസഭ പ്രസംഗവേലയിൽ സാധാരണയിൽ കവിഞ്ഞ ശ്രമത്തിനു പ്രോൽസാഹിപ്പിക്കുന്ന പ്രത്യേക കാലഘട്ടങ്ങൾ ഓരോ വർഷവുമുണ്ട്. ദൃഷ്ടാന്തമായി, വേനൽമാസങ്ങൾ അനേകർക്ക് യോജിച്ച സമയമാണ്. ഒക്ടോബറിൽ മാസികാവരിസംഖ്യാപ്രസ്ഥാനംസംബന്ധിച്ച് കൂടുതലായ പ്രവർത്തനമുണ്ട്. വിശുദ്ധസേവനത്തിന്റെ വർദ്ധിച്ച സമയം സംബന്ധിച്ച് നന്ദി ഉദാരമായ കൊടുക്കൽ ഉളവാക്കുന്നുവെന്ന തത്വം സത്യമായിരിക്കുന്നു.
18 നന്ദി പ്രകടമാക്കാനുള്ള മറെറാരു പ്രത്യേക വിധം ഭൂമിയിലെങ്ങും നടന്നുവരുന്ന ദിവ്യാധിപത്യ നിർമ്മാണപരിപാടിക്ക് പിന്തുണ കൊടുക്കുകയാണ്. അനേകം രാജ്യങ്ങളിൽ, പുതിയ രാജ്യഹാളുകൾ പണിതുകൊണ്ടിരിക്കുകയാണ്, ആൾപ്പെരുപ്പം നിമിത്തം നിലവിലുള്ള ഹാളുകൾ വികസിപ്പിക്കുന്നുമുണ്ട്. പുതിയ സമ്മേളനഹാളുകൾ പണിയുന്നുണ്ട്. ബെഥേൽ ഭവനങ്ങൾക്കും ഫാക്റററികൾക്കും കൂട്ടിച്ചേർപ്പുകൾ നിർമ്മിക്കുന്നുമുണ്ട്. ഈ നിർമ്മാണപദ്ധതികൾക്കുവേണ്ടി നമ്മുടെ അദ്ധ്വാനം അല്ലെങ്കിൽ പണം സംഭാവനചെയ്യുന്നത് യഹോവയോടുള്ള നന്ദി പ്രകടമാക്കുന്നതിനുള്ള എന്തോരു പ്രായോഗികമായ മാർഗ്ഗമാണ്!
ദരിദ്രയായ വിധവയുടെ നല്ല മാതൃക
19. ആലയത്തിലെ ദരിദ്രയായ വിധവയേസംബന്ധിച്ച് നിങ്ങളിൽ ഏററവുമധികം മതിപ്പുളവാക്കുന്നതെന്ത്?
19 ഉദാരമായ ഭൗതികകൊടുക്കലിനാൽ നന്ദി പ്രകടമാക്കുന്നതിന്റെ ഒരു സുപ്രസിദ്ധ ബൈബിൾദൃഷ്ടാന്തം യേശു വർണ്ണിച്ച വിധവയുടെ ദൃഷ്ടാന്തമാണ്. (ലൂക്കോസ് 21:1-4) വളരെ നിസ്സാരമൂല്യമുള്ള അവളുടെ രണ്ടു നാണയങ്ങൾ ആലയത്തിന്റെയും അവിടെ സേവിക്കുന്നവരുടെയും ഭൗതികക്ഷേമത്തിൽ വലിയ വ്യത്യാസമുളവാക്കുകയില്ലെന്ന് അവൾ തിരിച്ചറിഞ്ഞിരിക്കും. എന്നാൽ അവൾ ആലയത്തെയും അവിടെ സേവിക്കുന്ന പുരോഹിതൻമാരെയും നോക്കി ഇങ്ങനെ ചിന്തിച്ചില്ല: ‘അവർ എന്നെക്കാൾ വളരെ മെച്ചമായിട്ടാണ് ജീവിക്കുന്നത്, എന്റെ ചെറിയ വീടിനെക്കാൾ മെച്ചപ്പെട്ട കെട്ടിടവുമുണ്ട്.’ ആലയം വളരെയേറെ ആഡംബരവും മനോഹാരിതയുമുള്ളതായിരുന്നുവെന്നതു സത്യംതന്നെ. “അത് നല്ല കല്ലുകളാലും നേർച്ചവസ്തുക്കളാലും അലംകൃതമായിരുന്നു.” (ലൂക്കോസ് 21:5) എന്നാൽ അത് ഒരു സംഭാവന കൊടുക്കുന്നതിൽനിന്ന് വിധവയെ തടഞ്ഞില്ല. അവൾ യഹോവയോട് നന്ദിയുള്ളവളെന്നു തെളിയിക്കാനാഗ്രഹിച്ചു, ആലയത്തിൽ സേവിച്ചവരോടല്ല.
20. നമുക്ക് ദരിദ്രയായ വിധവ പ്രകടമാക്കിയ ആദരണീയമായ അതേ മനോഭാവം പ്രകടമാക്കാവുന്നതെങ്ങനെ?
20 ഇന്നത്തെ യഹോവയുടെ ജനം ഈ ദൃഷ്ടാന്തത്തിൽനിന്ന് ഒരു പാഠം പഠിക്കുന്നു. ദരിദ്രയായ വിധവയെപ്പോലെ തങ്ങളുടെ സംഭാവനകൾ വലുതായാലും ചെറുതായാലും ദൈവത്തിനാണ് കൊടുക്കുന്നതെന്ന് അവർക്കറിയാം. യാതൊരു വ്യക്തിക്കും സാമ്പത്തികമായി എന്നെങ്കിലും ലാഭമുണ്ടാക്കാൻ കഴിയാത്ത വിധമാണ് യഹോവയുടെ ഭൗമികസ്ഥാപനത്തിന്റെ ഘടനയെന്ന അറിവിനാൽ അവർക്ക് ഉറപ്പുണ്ട്. സൊസൈററിയുടെ സൗകര്യങ്ങൾ ബൈബിളുകളുടെയും ബൈബിൾസഹായികളുടെയും ഗുണമേൻമയുള്ള ഉൽപ്പാദനത്തിലും രാജ്യതാല്പര്യങ്ങൾക്കുതകുന്നതിലും പരമാവധി ഫലം ലഭിക്കത്തക്കവണ്ണം കഠിനാദ്ധ്വാനികളെ സജ്ജരാക്കാൻ തക്കവണ്ണമാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നതും പ്രവർത്തിക്കപ്പെടുന്നതും. ഇത് ചില റെറലിവിഷൻ സുവിശേഷകൻമാരോടുള്ള ബന്ധത്തിൽ അടുത്ത കാലത്ത് റിപ്പോർട്ടു ചെയ്യപ്പെട്ട സംഭാവനകളുടെ ദുരുപയോഗം സംബന്ധിച്ച അപവാദത്തിൽനിന്ന് ശ്രദ്ധേയമാംവിധം വ്യത്യസ്തമാണ്.
നന്ദിക്കുള്ള ഓർമ്മിപ്പിക്കലുകൾ പ്രയോജനകരം
21, 22. നന്ദിയുള്ളവരെന്നു പ്രകടമാക്കാനുള്ള ദയാപുരസ്സരമായ ഓർമ്മിപ്പിക്കലുകൾ വിലമതിപ്പുള്ള ഹൃദയങ്ങളിൽ എന്തു ഫലം ഉളവാക്കേണ്ടതാണ്?
21 യഹോവയോടുള്ള തങ്ങളുടെ കടമ സംബന്ധിച്ച്, വിശേഷിച്ച് ഒരു നന്ദിനിറഞ്ഞ ആത്മാവ് പ്രകടമാക്കേണ്ടതിന്റെ ആവശ്യംസംബന്ധിച്ച്, ഇസ്രായേല്യർക്ക് നിരന്തരമായ ഓർമ്മിപ്പിക്കലുകൾ ആവശ്യമായിരുന്നു. പൊതുവെ പറഞ്ഞാൽ, ഈ കാര്യങ്ങൾ അവരുടെ ശ്രദ്ധയിലേക്കു വരുത്തിയപ്പോൾ അവരുടെ ഹൃദയങ്ങളിൽ വീണ്ടും നന്ദി ജ്വലിപ്പിക്കപ്പെട്ടു, ഇത് നന്ദിനിറഞ്ഞ വിലമതിപ്പ് പ്രകടമാക്കൽ വാക്കുകളെക്കാൾ കവിയുന്നതിൽ കലാശിച്ചു. യഹോവയുടെ ആരാധനാലയത്തിൽ ഉപയോഗിക്കുന്നതിന് അവന് വിളവിന്റെ “കൂനകൾക്കുമേൽ കൂനകൾ” കൊടുക്കാൻ അവർ സന്നദ്ധരായിരുന്നു.
22 അതുകൊണ്ട് ഇക്കാലത്തെ “ദൈവത്തിന്റെ ഇസ്രയേലും” അവരുടെ കൂട്ടാളികളായ “മഹാപുരുഷാരവും” എല്ലായ്പ്പോഴും അതേ വിധത്തിൽ വിചാരിക്കട്ടെ. (ഗലാത്യർ 6:16; വെളിപ്പാട് 7:9) അവരുടെ നന്ദിനിറഞ്ഞ ഹൃദയങ്ങൾ യഹോവക്ക് സ്തുതിയുടെ “കൂനകൾക്കുമേൽ കൂനകൾ” കൊടുക്കാൻ അവരെ പ്രേരിപ്പിക്കട്ടെ. അപ്പോൾ അവർക്ക് സത്യമായി ഇങ്ങനെ പറയാൻ കഴിയും: “ഞങ്ങൾ ഞങ്ങളുടെ ഉദാരനും സ്നേഹവാനുമായ ദൈവമായ യഹോവയോട് നന്ദിയുള്ളവർ എന്നു പ്രകടമാക്കുകയാണ്.” (w88 7/1)
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◻ ക്രിസ്ത്യാനികൾ തങ്ങളുടെ നന്ദിയുടെ അളവിനെ നിരന്തരം പരിശോധിക്കേണ്ടതെന്തുകൊണ്ട്?
◻ യഹോവയുടെ ജനത്തിന് എപ്പോഴും നന്ദിക്ക് കൂടുതലായ കാരണമുണ്ടായിരുന്നിട്ടുള്ളതെന്തുകൊണ്ട്?
◻ ഇസ്രായേല്യർക്ക് ഏതു പ്രത്യേക വിധങ്ങളിൽ യഹോവയോടുള്ള തങ്ങളുടെ നന്ദി പ്രകടമാക്കാൻ കഴിയുമായിരുന്നു?
◻ ഇസ്രായേല്യരേപ്പോലെ നന്ദി പ്രകടമാക്കാൻ നമുക്ക് ഏതു പ്രത്യേക കാര്യങ്ങൾ ചെയ്യാൻ കഴിയും?
◻ ആലയത്തിലെ ദരിദ്രയായ വിധവയിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
[18-ാം പേജിലെ ചിത്രം]
ദശാംശവും ആദ്യഫലങ്ങളും കൊടുത്തുകൊണ്ടും തങ്ങളുടെ വയലുകളിൽ കാലാപെറുക്കാൻ ദരിദ്രരെ അനുവദിച്ചുകൊണ്ടും ഇസ്രായേല്യർ നന്ദി പ്രകടമാക്കി
[19-ാം പേജിലെ ചിത്രം]
യഹോവയുടെ അത്ഭുതപ്രവൃത്തികളും തന്റെ ജനത്തോടുള്ള അവന്റെ വിചാരങ്ങളും നിമിത്തം സങ്കീർത്തനക്കാരൻ അവനു നന്ദികൊടുത്തു
[21-ാം പേജിലെ ചിത്രം]
ഇന്ന് യഹോവയുടെ സാക്ഷികൾ വയൽസേവനത്തിലും ദിവ്യാധിപത്യ നിർമ്മാണപ്രവൃത്തികളിലും പങ്കെടുത്തുകൊണ്ടും ഭൗതികദാനങ്ങൾ കൊടുത്തുകൊണ്ടും നന്ദി പ്രകടമാക്കുന്നു