പുതിയ ലഘുപത്രികയും അതിന്റെ കാസെറ്റുമുപയോഗിച്ച് ദൈവം ആവശ്യപ്പെടുന്ന സംഗതികളെക്കുറിച്ചു പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുക
1 “ദൈവസമാധാന സന്ദേശവാഹകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ ഊന്നൽ കൊടുത്ത ഒരു സംഗതി, ദൈവം ആവശ്യപ്പെടുന്ന സംഗതികളെക്കുറിച്ചു പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുക എന്നതായിരുന്നു. ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയുടെ പ്രകാശനത്തെ തുടർന്ന്, പ്രസ്തുത ലഘുപത്രിക ഉപയോഗിച്ചു ബൈബിളധ്യയനം നടത്തുന്നതിലൂടെ, ദൈവത്തെ സേവിക്കാൻ ആവശ്യമായിരിക്കുന്ന സുപ്രധാന സംഗതികളെക്കുറിച്ചു പഠിക്കുന്നതിന് മറ്റുള്ളവരെ എങ്ങനെ സഹായിക്കാൻ കഴിയുമെന്നു വിശേഷവത്കരിച്ച ഒരു പ്രസംഗം നടത്തപ്പെട്ടു. ഈ ലഘുപത്രികയിൽ രണ്ടു പേജ് വീതമുള്ള 13 പാഠങ്ങളും ഒരു പേജ് വീതമുള്ള മൂന്നു പാഠങ്ങളുമുണ്ട്. ദൈവത്തെ പ്രസാദിപ്പിക്കാൻ അത്യാവശ്യമായ സംഗതികളെക്കുറിച്ചു താരതമ്യേന ചുരുങ്ങിയ സമയംകൊണ്ടു മനസ്സിലാക്കാൻ ഇവ വീട്ടുകാരനെ സഹായിക്കും. ആ പ്രസംഗവും അതിലെ പ്രകടനങ്ങളും, ഈ പ്രസിദ്ധീകരണമുപയോഗിച്ച് ഒരു ബൈബിളധ്യയനം തുടങ്ങുക എത്ര എളുപ്പമാണെന്നു നമ്മെ കാണിച്ചുതന്നു.
2 അതിനുശേഷം ഒരു ചോദ്യം ഉന്നയിക്കപ്പെട്ടു: “താത്പര്യം കാണിച്ച ഒരു വ്യക്തിക്കു വായിക്കാൻ അറിയില്ലെങ്കിലോ?” ഈ ഘട്ടത്തിൽ, “സൊസൈറ്റി ഈ പുതിയ ലഘുപത്രിക ഓഡിയോ കാസെറ്റിലും ലഭ്യമാക്കുകയാണ് എന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്” എന്ന അറിയിപ്പോടെ ഒരു ഓഡിയോ കാസെറ്റ് പ്രകാശനം ചെയ്യപ്പെട്ടു. ഈ കാസെറ്റ് ഇപ്പോൾ പത്ത് ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്. അതുകൊണ്ട്, ധാരാളം ചിത്രങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ ലഘുപത്രികയും ഒപ്പം അതിന്റെ കാസെറ്റും ഉപയോഗിച്ച് വായിക്കാൻ അറിഞ്ഞുകൂടാത്ത താത്പര്യക്കാരുമായി അധ്യയനങ്ങൾ തുടങ്ങാൻ നമുക്കു സാധിക്കണം. (1 തിമൊ. 2:3, 4) തന്നെയുമല്ല, ശരിക്കും വായിക്കാറായിട്ടില്ലാത്ത കൊച്ചുകുട്ടികൾക്ക് അധ്യയനമെടുക്കാനും ഈ ലഘുപത്രികാ-കാസെറ്റ് സംയോജനം ഉപയോഗിക്കാവുന്നതാണ്. ഇതു ഫലപ്രദമായി ചെയ്യാൻ എങ്ങനെ സാധിക്കും?
3 പ്രസാധകൻ ഒരു ഭവനത്തിൽ മടക്കസന്ദർശനത്തിനായി വന്നിരിക്കുകയാണെന്നു നമുക്കു സങ്കൽപ്പിക്കാം. ഒരു കാസെറ്റ്പ്ലെയറും ആവശ്യം ലഘുപത്രികയുടെ പ്രാദേശിക ഭാഷയിലുള്ള ഓഡിയോ കാസെറ്റും ഉപയോഗിച്ച് അദ്ദേഹം വായിക്കാൻ അറിഞ്ഞുകൂടാത്ത ആ വീട്ടുകാരനെ ദൈവം ആവശ്യപ്പെടുന്ന സംഗതികളെക്കുറിച്ചു പഠിക്കുന്നതിൽ കാസെറ്റും ആവശ്യം ലഘുപത്രികയും ഉപയോഗിക്കുന്നതെങ്ങനെയെന്നു പ്രകടിപ്പിച്ചു കാണിക്കുന്നു.
4 ആദ്യം ടേപ്പ് റെക്കോർഡർ ഓൺചെയ്യുക. വീട്ടുകാരൻ അതു ശ്രദ്ധിക്കാൻ തുടങ്ങവേ നാം ഒന്നാം പാഠത്തിലെ ആദ്യ ഖണ്ഡികയിലേക്കു ശ്രദ്ധ തിരിക്കുന്നു. ദൈവത്തിൽനിന്നു നമുക്കു ലഭിച്ച ഏറ്റവും വലിയ സമ്മാനം ബൈബിളാണെന്ന് അതു പറയുന്നു. ടേപ്പ് റെക്കോർഡർ ഓഫാക്കി വീട്ടുകാരനെ മൂന്നാം പേജിലെ ചിത്രം കാണിച്ച്, പുരാതന കയ്യെഴുത്തുപ്രതികളിൽനിന്നും ബൈബിളിന്റെ പകർപ്പുകളുണ്ടാക്കുന്നതിനെ അതെങ്ങനെ ചിത്രീകരിക്കുന്നെന്നും എത്രമാത്രം ശ്രമകരമായാണ് പകർപ്പുകൾ ഉണ്ടാക്കിയിരുന്നതെന്നും വിശദീകരിക്കുക. അടുത്ത പാഠത്തിലേക്കു നീങ്ങവേ, നമുക്ക് ദൈവത്തിന്റെ സൃഷ്ടികളിൽനിന്നും അവന്റെ വചനത്തിൽനിന്നും അവനെക്കുറിച്ചു മനസ്സിലാക്കാൻ സാധിക്കുമെന്ന് ആറാം ഖണ്ഡിക വ്യക്തമാക്കുന്നു. വീണ്ടും ടേപ്പ് റെക്കോർഡർ ഓഫാക്കിയ ശേഷം നാലും അഞ്ചും പേജുകളിലെ മനോഹരമായ ചിത്രങ്ങളിലേക്കു വീട്ടുകാരന്റെ ശ്രദ്ധ ക്ഷണിച്ച്, സൃഷ്ടിപ്പു നടത്താനുള്ള ദൈവത്തിന്റെ കഴിവിന് ഊന്നൽ നൽകിക്കൊണ്ട് അവയെക്കുറിച്ചുള്ള വീട്ടുകാരന്റെ അഭിപ്രായമാരായുക. ആറാം ഖണ്ഡിക പഠിക്കവേ സ്റ്റാൻഡിന്മേൽ തുറന്നുവെച്ചിരിക്കുന്ന ബൈബിളിന്റെ ചിത്രം കാണിക്കുക. അങ്ങനെ, ദൈവത്തിന്റെ സൃഷ്ടികളിൽനിന്നും അവന്റെ വചനത്തിൽനിന്നും നമുക്ക് ദൈവമുണ്ടെന്ന് അറിയാൻ സാധിക്കുമെന്ന് വീട്ടുകാരനെ ബോധ്യപ്പെടുത്തുക. മറ്റു പാഠങ്ങളെടുക്കുന്നതിലും ഇതേ രീതി പിന്തുടരുക.
5 ചിത്രങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നതിനായി, വേണ്ടപ്പോഴെല്ലാം ടേപ്പ് റെക്കോർഡർ ഓഫാക്കാൻ ശ്രദ്ധിക്കുക. ഓരോ പാഠത്തിനുശേഷവും, (ടേപ്പ് റെക്കോർഡർ ഓഫാക്കി) പുനരവലോകന ചോദ്യങ്ങൾ പരിചിന്തിക്കുക. സ്വന്തം വാക്കുകളിൽ ഉത്തരം പറയാൻ വീട്ടുകാരനെ അനുവദിക്കുക. ഓരോ തവണ പഠിക്കുമ്പോഴും ചുരുങ്ങിയത് ഒരു പാഠമെങ്കിലും തീർക്കാൻ സാധിക്കണം. വിദ്യാർഥിക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന സമയദൈർഘ്യവും അയാളുടെ പ്രാപ്തികളും അനുസരിച്ചായിരിക്കണം ഇത്. പഠനം ധൃതിപിടിച്ചു നടത്തുന്നത് ഒഴിവാക്കുക. വിദ്യാർഥിയിൽ യഹോവയോടുള്ള ഹൃദയംഗമമായ വിലമതിപ്പ് വളർത്തിയെടുക്കുക എന്നതായിരിക്കണം മുഖ്യ ലക്ഷ്യം. ലഘുപത്രികയിൽ വിശദീകരിച്ചിരിക്കുന്ന അടിസ്ഥാന വിവരങ്ങൾ വീട്ടുകാരൻ ഗ്രഹിച്ചുകഴിഞ്ഞാലുടൻ പഠനം പരിജ്ഞാനം പുസ്തകത്തിലേക്കു മാറ്റാവുന്നതാണ്.
6 നിങ്ങൾ ഒരു അധ്യയനം ആരംഭിക്കുമ്പോൾത്തന്നെ വീട്ടുകാരനെ പ്രാദേശിക രാജ്യഹാളിൽ നടക്കുന്ന യോഗങ്ങളിൽ സംബന്ധിക്കാൻ ക്ഷണിക്കുക. ഓരോ ആഴ്ചയും നടക്കാൻ പോകുന്ന പരസ്യപ്രസംഗത്തിന്റെ വിഷയം വ്യക്തിയെ മുൻകൂട്ടി അറിയിക്കുക. വിദ്യാർഥി മുമ്പെപ്പോഴെങ്കിലും താത്പര്യം കാണിച്ച ഒരു വിഷയത്തെക്കുറിച്ചാണു പരസ്യപ്രസംഗമെങ്കിൽ ഹാജരാകാൻ പ്രത്യേകം പ്രോത്സാഹിപ്പിക്കുക. അദ്ദേഹം ഹാജരാകുമ്പോൾ യോഗസ്ഥലത്തുള്ള മറ്റുള്ളവർക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തുക. ഈ വിധത്തിൽ വിദ്യാർഥിയെ സ്ഥാപനത്തോടൊത്തു സഹവസിക്കാൻ നിങ്ങൾക്കു ക്രമേണ സഹായിക്കാൻ കഴിയും. ഏതാനും യോഗങ്ങൾക്ക് അദ്ദേഹം ഹാജരായിക്കഴിയുമ്പോൾ, വിമുഖത മാറ്റി സ്വന്തം വാക്കുകളിൽ ചെറിയ ഉത്തരങ്ങൾ പറയാൻ നിങ്ങൾക്ക് അദ്ദേഹത്തെ സഹായിക്കാൻ കഴിയും. ഇത്, അവിടെ നടക്കുന്ന കാര്യങ്ങളിൽ തനിക്കും ഒരു പങ്കുണ്ടെന്ന ബോധം അദ്ദേഹത്തിലുളവാക്കും.
7 വിദ്യാർഥി കൂടുതൽ പുരോഗതി പ്രാപിക്കവേ, ലഘുപത്രികയിൽനിന്നും കാസെറ്റിൽനിന്നും അല്ലെങ്കിൽ പരിജ്ഞാനം പുസ്തകത്തിൽനിന്നും പഠിക്കുന്ന വിലയേറിയ വിവരങ്ങളെക്കുറിച്ച് മറ്റുള്ളവരോടു പറയാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക. ക്രമേണ, നമ്മോടൊത്തു വയൽസേവനത്തിൽ പങ്കുപറ്റേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് അദ്ദേഹവുമായി ചർച്ചചെയ്യുക. സ്നാപനമേൽക്കാത്ത പ്രസാധകനെന്ന പദവിയിലെത്തിച്ചേരുന്നതിന് അദ്ദേഹത്തെ ഒരുക്കുകയും ചെയ്യുക. കാലക്രമേണ ഈ പടികൾ അദ്ദേഹത്തെ സമർപ്പണത്തിനും സ്നാപനത്തിനും വേണ്ട യോഗ്യതകൾ നേടാൻ സഹായിക്കും.
8 സ്ഥിരോത്സാഹവും വിവേചനയുമുള്ള ഒരു അധ്യാപകനെന്ന നിലയിൽ നിങ്ങൾക്ക്, യഹോവയോടും അവന്റെ സ്ഥാപനത്തോടുമുള്ള വിദ്യാർഥിയുടെ സ്നേഹത്തിന്റെ ആഴമളക്കാൻ സാധിക്കും. ആവശ്യം ലഘുപത്രികയും അതിന്റെ കാസെറ്റും പരിമിതമായ വായനാപ്രാപ്തിയുള്ളവർക്ക് ഇരട്ട-സഹായികളാണെന്ന് ഓർക്കുക. അത്തരം ആളുകളെ ദൈവത്തിന്റെ പുതിയ ലോകത്തിലെ നിത്യജീവൻ നേടാൻ സഹായിക്കുന്നതിന് ഇവ നന്നായി ഉപയോഗിക്കുക.