പുതിയ പ്രത്യേക സമ്മേളനദിന പരിപാടി
“സകലതും സുവാർത്തയ്ക്കുവേണ്ടി ചെയ്യുക” എന്നതാണ് ഈ മാസം ഇന്ത്യയിൽ ആരംഭിക്കുന്ന പുതിയ പ്രത്യേക സമ്മേളനദിന പരിപാടിയുടെ വിഷയം. (1 കൊരി. 9:23, NW) ഇന്നു കേൾക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വാർത്ത രാജ്യസുവാർത്തയാണ്. അത്യത്ഭുതകരമായ ഈ വാർത്തയുടെ ഘോഷകരെന്ന നിലയിൽ നമുക്കുള്ള അനുപമമായ പദവി വിലമതിക്കാൻ ഈ പരിപാടി നമ്മെ സഹായിക്കും. ഇടതടവില്ലാതെ സുവാർത്ത പ്രഖ്യാപിക്കാൻ ഇതു നമ്മെ ധൈര്യമുള്ളവരാക്കുകയും ചെയ്യും.—പ്രവൃ. 5:42.
ശുശ്രൂഷ ഏറ്റവും മെച്ചമായി നിർവഹിക്കത്തക്കവണ്ണം നമ്മുടെ ദിവ്യാധിപത്യ പരിശീലനം എപ്രകാരം പ്രയോജനപ്പെടുത്താമെന്ന് ഈ പരിപാടി വ്യക്തമാക്കും. തങ്ങൾക്കുള്ള സകലതും സുവാർത്തയുടെ ഉന്നമനത്തിനായി അർപ്പിക്കുന്ന യുവജനങ്ങളുൾപ്പെടെ, തങ്ങളുടെ സേവനം കൂടുതൽ വിശാലമാക്കാൻ പൊരുത്തപ്പെടുത്തലുകൾ വരുത്തിയിരിക്കുന്നവരിൽനിന്നു നാം കേൾക്കും.—ഫിലിപ്പിയർ 2:22 താരതമ്യം ചെയ്യുക.
അതിഥി പ്രസംഗകൻ നിർവഹിക്കുന്ന മുഖ്യ പ്രസംഗം, “സുവാർത്ത ഭരമേൽപ്പിക്കപ്പെടാൻ യോഗ്യർ” ആയിരിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിടും. (1 തെസ്സ. 2:4, NW) മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കാനുള്ള പദവി നിലനിർത്തുന്നതിന് നമ്മുടെ ചിന്തയിലും നടത്തയിലും ദൈവനിയമങ്ങളോടും പ്രമാണങ്ങളോടും നിരന്തരം ഒത്തുപോകണമെന്നു മനസ്സിലാക്കാൻ നാം സഹായിക്കപ്പെടും. അങ്ങനെ ചെയ്യുമ്പോൾ നമുക്കു ലഭിക്കുന്ന അനുഗ്രഹങ്ങളും പരിപാടിയിൽ വിശേഷവത്കരിക്കപ്പെടും.
ജീവത്പ്രധാനമായ ഈ പരിപാടി നഷ്ടപ്പെടുത്തരുത്. പ്രത്യേക സമ്മേളനദിനത്തിൽ സ്നാപനമേൽക്കാനാഗ്രഹിക്കുന്ന പുതുതായി സമർപ്പിതരായവർ അധ്യക്ഷമേൽവിചാരകനെ എത്രയും പെട്ടെന്ന് അറിയിക്കണം. നിങ്ങളുടെ എല്ലാ അധ്യേതാക്കളെയും ഹാജരാകാൻ ക്ഷണിക്കുക. സുവാർത്തയ്ക്കായി നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യാനും അങ്ങനെ അർമഗെദോനു മുമ്പായി ഈ സർവപ്രധാന വേല പൂർത്തീകരിക്കാനുമായി യഹോവ നമ്മെ ശക്തീകരിക്കട്ടെ.