നല്ല നടത്തയാൽ സാക്ഷീകരിക്കൽ
1 ഇന്നത്തെ അനുവാദാത്മക സമൂഹത്തിൽ, മയക്കുമരുന്നുകൾ, അധാർമികത, മത്സരം, അക്രമം എന്നിവയിൽ നിരവധി യുവജനങ്ങൾ തങ്ങളുടെ ജീവിതം ബുദ്ധിശൂന്യമായി കേന്ദ്രീകരിച്ചിരിക്കുന്നു. ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമായി, ക്രിസ്തീയ സഭയിലെ ഉത്തമ യുവജനങ്ങളുടെ മാതൃകായോഗ്യമായ നടത്ത വീക്ഷിക്കുന്നത് നവോന്മേഷപ്രദമാണ്, അത് യഹോവയുടെ മുമ്പാകെ തികച്ചും മനോഹരവുമാണ്. മറ്റുള്ളവരെ സത്യത്തിലേക്ക് ആകർഷിച്ചേക്കാവുന്ന ശക്തമായ ഒരു സാക്ഷ്യമായും അത് ഉതകുന്നു.—1 പത്രൊ. 2:12.
2 ക്രിസ്തീയ യുവജനങ്ങളുടെ നല്ല നടത്തയ്ക്ക് ദൃക്സാക്ഷികളുടെമേൽ ക്രിയാത്മകമായ ഫലം ഉണ്ടായിരുന്നിട്ടുണ്ടെന്ന് ധാരാളം ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു. തന്റെ വിദ്യാർഥിനിയായിരുന്ന ഒരു യുവ സാക്ഷിയെ കുറിച്ച് സംസാരിക്കവേ, ആ പെൺകുട്ടിയുടെ ദൈവമായ യഹോവയാണ് സത്യദൈവമെന്ന് ഒരു സ്കൂൾ അധ്യാപിക മുഴു ക്ലാസ്സിനോടുമായി പ്രസ്താവിച്ചു. ആ പെൺകുട്ടിയുടെ നടത്ത എല്ലായ്പോഴും ആദരണീയമായിരുന്നതുകൊണ്ടാണ് അവർ ഇപ്രകാരം അഭിപ്രായപ്പെട്ടത്. മറ്റൊരു അധ്യാപിക സൊസൈറ്റിക്ക് ഇങ്ങനെ എഴുതി: “നിങ്ങളുടെ മതത്തിലുള്ള നല്ല യുവജനങ്ങളെ പ്രതി നിങ്ങളെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. . . . നിങ്ങളുടെ യുവജനങ്ങൾ ശരിക്കും ഒരു മാതൃകതന്നെ. അവർ മുതിർന്നവരെ ബഹുമാനിക്കുന്നവരും മര്യാദയുള്ളവരും യോഗ്യമായി വസ്ത്രം ധരിക്കുന്നവരും ആണ്. അവർക്ക് ബൈബിൾ എത്ര നന്നായി അറിയാം! വാസ്തവത്തിൽ അതാണ് മതം!”
3 മറ്റൊരു സ്കൂൾ അധ്യാപികയ്ക്കു തന്റെ ക്ലാസ്സിലെ ഒരു ഏഴു വയസ്സുകാരന്റെ നല്ല നടത്തയിൽ മതിപ്പുളവായി. മറ്റ് ആൺകുട്ടികളിൽ നിന്ന് ഈ കുട്ടിയെ തികച്ചും വ്യത്യസ്തനാക്കിയ സൗമ്യവും ഊർജസ്വലതയുള്ളതുമായ അവന്റെ വ്യക്തിത്വമാണ് അവരെ ആകർഷിച്ചത്. തന്റെ മതവിശ്വാസങ്ങളോടുള്ള അവന്റെ ഗൗരവമനോഭാവം അവരിൽ മതിപ്പുളവാക്കി. തന്റെ വിശ്വാസത്തോടുള്ള ബന്ധത്തിൽ വ്യത്യസ്തനായിരിക്കുന്നതിൽ അവനു സങ്കോചം തോന്നിയില്ല. അവന്റെ മനസ്സാക്ഷി പരിശീലിതമാണെന്നും “നന്മതിന്മകളെ തിരിച്ചറിവാൻ” അവനു സാധിക്കുന്നതായും അവർ മനസ്സിലാക്കി. (എബ്രാ. 5:14) ഒടുവിൽ ആ കുട്ടിയുടെ അമ്മ അധ്യാപികയെ സന്ദർശിക്കുകയും ഒരു ബൈബിളധ്യയനം ആരംഭിക്കുകയും ചെയ്തു. ക്രമേണ, ആ അധ്യാപിക സ്നാപനമേൽക്കുകയും പിന്നീട് ഒരു നിരന്തര പയനിയർ ആയിത്തീരുകയും ചെയ്തു!
4 തന്റെ സ്കൂളിലെ ഒരു സാക്ഷിയുടെ നല്ല നടത്തയാൽ ഒരു യുവാവ് സ്വാധീനിക്കപ്പെട്ടു. അവൾ തികച്ചും വ്യത്യസ്തയായിരുന്നു—നല്ല മര്യാദക്കാരി, പഠിക്കാൻ സമർഥ, വസ്ത്രധാരണത്തിൽ എല്ലായ്പോഴും ശാലീന, മറ്റുള്ള പെൺകുട്ടികളിൽ നിന്നു വ്യത്യസ്തമായി ആൺകുട്ടികളുമായി ശൃംഗരിക്കുന്ന സ്വഭാവമേ അവൾക്കില്ലായിരുന്നു. ബൈബിൾ തത്ത്വങ്ങൾ അനുസരിച്ചാണ് അവൾ ജീവിക്കുന്നതെന്ന് അവനു കാണാൻ കഴിഞ്ഞു. അവളുടെ മത വിശ്വാസങ്ങൾ സംബന്ധിച്ച് ഈ യുവാവ് അവളോടു ചില ചോദ്യങ്ങൾ ചോദിച്ചു. താൻ കേട്ട കാര്യങ്ങളിൽ അയാൾക്കു മതിപ്പുളവായി. അയാൾ പഠിക്കാൻ തുടങ്ങുകയും പെട്ടെന്നു തന്നെ സ്നാപനമേൽക്കുകയും ചെയ്തു. തുടർന്ന് ഒരു പയനിയറായും ബെഥേൽ അംഗമായും അദ്ദേഹം സേവനം അനുഷ്ഠിച്ചു.
5 മറ്റുള്ളവർക്കു നല്ല സാക്ഷ്യം കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു യുവ ക്രിസ്ത്യാനിയാണ് നിങ്ങളെങ്കിൽ, നടത്ത സംബന്ധിച്ച് എല്ലായ്പോഴും ജാഗ്രത പാലിക്കുക. ലോകത്തിന്റെ അനുവാദാത്മക മനോഭാവങ്ങൾക്കോ വീക്ഷണങ്ങൾക്കോ ജീവിത രീതികൾക്കോ നേരെ കണ്ണടച്ചുകൊണ്ട് ഒരിക്കലും ജാഗ്രത വെടിയരുത്. വയൽ സേവനത്തിലും സഭായോഗങ്ങളിലും സംബന്ധിക്കുമ്പോൾ മാത്രമല്ല, സ്കൂളിലും വിനോദത്തിൽ ഏർപ്പെടുമ്പോഴും സംസാരം, വേഷവിധാനം എന്നിവയുടെ കാര്യത്തിൽ ഉയർന്ന നിലവാരം പുലർത്തുക. (1 തിമൊ. 4:12) നല്ല നടത്തയാൽ “നിങ്ങളുടെ വെളിച്ചം പ്രകാശി”പ്പിക്കുന്നതു നിമിത്തം ആരെങ്കിലും സത്യത്തിൽ താത്പര്യം പ്രകടമാക്കുമ്പോൾ നിങ്ങൾക്കു യഥാർഥ സന്തോഷം ആസ്വദിക്കാനാകും.—മത്താ. 5:16.