ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്ന യുവജനങ്ങൾ
1. ക്രിസ്ത്യാനികൾ ശ്രദ്ധേയമാംവിധം വ്യത്യസ്തരായിരിക്കുമെന്നു ബൈബിൾ സൂചിപ്പിക്കുന്നത് എങ്ങനെ, ആ വാക്കുകൾ ഇന്നു യുവക്രിസ്ത്യാനികൾക്കു ബാധകമാകുന്നത് എങ്ങനെ?
1 “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്ന് യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു. (മത്താ. 5:14, 16) മലമുകളിൽ സ്ഥിതിചെയ്യുന്ന, സൂര്യപ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന നഗരംപോലെ അവർ വ്യത്യസ്തരായി കാണപ്പെടും. ഇന്ന്, നീതിനിഷ്ഠമായ നടത്തയാലും തീക്ഷ്ണമായ സാക്ഷീകരണത്താലും അനേകം യുവക്രിസ്ത്യാനികൾ “ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.”—ഫിലി. 2:15; മലാ. 3:18.
2. അധ്യാപകരോടും സഹപാഠികളോടും നിങ്ങൾക്കു സാക്ഷീകരിക്കാവുന്ന ചില വിധങ്ങൾ ഏവ?
2 സ്കൂളിൽ: സ്കൂളിൽ നിങ്ങൾക്ക് എങ്ങനെയൊക്കെ സാക്ഷ്യം നൽകാനായേക്കും? ചില യുവജനങ്ങൾ മയക്കുമരുന്ന്, പരിണാമം, പ്രകൃതിവിപത്തുകൾ തുടങ്ങിയ ഏതെങ്കിലും വിഷയത്തെക്കുറിച്ചുള്ള ക്ലാസ്സ് ചർച്ചകൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഭീകരപ്രവർത്തനത്തെക്കുറിച്ച് ഉപന്യാസം എഴുതാൻ ആവശ്യപ്പെട്ടപ്പോൾ ഒരു സഹോദരി മനുഷ്യവർഗത്തിന്റെ യഥാർഥ പ്രത്യാശ ദൈവരാജ്യമാണെന്നു വ്യക്തമാക്കിക്കൊണ്ട് സാക്ഷ്യം നൽകാൻ ആ അവസരം ഉപയോഗിച്ചു. നന്നായി ചിന്തിച്ചു തയ്യാറാക്കിയ ആ റിപ്പോർട്ട് അധ്യാപികയിൽ അങ്ങേയറ്റം മതിപ്പുളവാക്കി, അത് കൂടുതലായ സാക്ഷീകരണത്തിന് അവസരമൊരുക്കി.
3. സ്കൂളിൽ നിങ്ങളുടെ നടത്തയാൽ നിങ്ങൾക്കു വെളിച്ചം പ്രകാശിപ്പിക്കാനാകുന്നത് എങ്ങനെ?
3 ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നതിനുള്ള മറ്റൊരു വിധം നല്ല നടത്തയും മാന്യമായ വസ്ത്രധാരണവും ചമയവും ഉണ്ടായിരിക്കുക എന്നതാണ്. (1 കൊരി. 4:9; 1 തിമൊ. 2:9, 10എ) നിങ്ങളുടെ പെരുമാറ്റം വ്യത്യസ്തമാണെന്നു വിദ്യാർഥികളും അധ്യാപകരും കാണുമ്പോൾ, നിങ്ങളുടെ നല്ല നടത്തയാൽ ചിലർ സത്യത്തിലേക്ക് ആകർഷിക്കപ്പെട്ടേക്കാം; അത് ബൈബിൾ സത്യങ്ങൾ പങ്കുവെക്കാനുള്ള അവസരം നിങ്ങൾക്കു നൽകിയേക്കാം. (1 പത്രൊ. 2:12; 3:1, 2) ദൈവിക നടത്ത ഉള്ളവരായിരിക്കുന്നത് എളുപ്പമായിരിക്കില്ല, എന്നാൽ യഹോവ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. (1 പത്രൊ. 3:16, 17; 4:14) മറ്റുള്ളവരിൽ സുവാർത്തയോടു താത്പര്യം ഉണർത്തുന്നതിന് വിശ്രമവേളകളിൽ ബൈബിൾ സാഹിത്യം വായിക്കുകയോ മറ്റുള്ളവർക്കു കാണാവുന്നിടത്ത് അവ വെക്കുകയോ ചെയ്യാവുന്നതാണ്.
4. സ്കൂളിൽ സാക്ഷീകരിക്കുന്നതിന്റെ ചില പ്രയോജനങ്ങൾ ഏവ?
4 സ്കൂളിൽ നിങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കുന്നത് വിശ്വാസത്തെ ശക്തിപ്പെടുത്തുകയും യഹോവയെ സേവിക്കുന്നതിൽ അഭിമാനം വളർത്തിയെടുക്കാൻ സഹായിക്കുകയും ചെയ്യും. (യിരെ. 9:24) അതുപോലെ അതു സംരക്ഷണവും പ്രദാനംചെയ്യും. ഒരു സഹോദരി പറഞ്ഞു, “ബൈബിളിനു ചേർച്ചയിലല്ലാത്ത കാര്യങ്ങൾ ചെയ്യാൻ വിദ്യാർഥികൾ എന്നെ നിർബന്ധിക്കില്ല. എന്റെ വിശ്വാസങ്ങളെക്കുറിച്ചു സംസാരിക്കുന്നതിന്റെ ഒരു പ്രയോജനമാണത്.”
5. (എ) ചില യുവജനങ്ങൾ തങ്ങളുടെ ശുശ്രൂഷ വിപുലപ്പെടുത്തുന്നത് എങ്ങനെ? (ബി) നിങ്ങളുടെ ആത്മീയ ലക്ഷ്യങ്ങൾ എന്തെല്ലാം?
5 വിപുലമായ സേവനം: മറ്റൊരു വിധത്തിലും അനേകം യുവജനങ്ങളും ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നുണ്ട്, തങ്ങളുടെ ശുശ്രൂഷ വിപുലപ്പെടുത്തിക്കൊണ്ടാണത്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഒരു സഹോദരൻ രാജ്യഘോഷകരുടെ ആവശ്യം അധികമുള്ള ഒരു സ്ഥലത്തു സേവിക്കുന്നതിനായി അങ്ങോട്ടു താമസം മാറി. ഒരു മൂപ്പൻ മാത്രമുള്ള ഒരു ചെറിയ സഭയായിരുന്നു അവിടത്തേത്. “ഇവിടെ ഞാൻ ജീവിതം അങ്ങേയറ്റം ആസ്വദിക്കുകയാണ്. ശുശ്രൂഷ എത്രയോ നവോന്മേഷപ്രദമാണ്! ഓരോ വീട്ടിലും ഞങ്ങൾ ഏകദേശം 20 മിനിട്ടു സംസാരിക്കുന്നു, കാരണം ഞങ്ങൾക്കു പറയാനുള്ളതെല്ലാം കേൾക്കാനുള്ള ആഗ്രഹം അവർക്കുണ്ട്,” അവൻ തന്റെ സുഹൃത്തിന് എഴുതി. അവൻ ഇങ്ങനെയും കൂട്ടിച്ചേർത്തു: “ഓരോ യുവവ്യക്തിയും ഇതുപോലെ എന്തെങ്കിലും ചെയ്യണമെന്നും ഞാൻ അനുഭവിക്കുന്ന സംതൃപ്തി ആസ്വദിക്കണമെന്നും ഞാൻ ആശിച്ചുപോകുന്നു. നമുക്കുള്ളതെല്ലാംകൊണ്ട് യഹോവയെ സേവിക്കുന്നതിനെക്കാൾ മെച്ചമായി മറ്റൊന്നുമില്ല.”
6. നിങ്ങളുടെ സഭയിലെ യുവജനങ്ങളുടെ കാര്യത്തിൽ നിങ്ങൾ വിലമതിക്കുന്നത് എന്താണ്?
6 ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്ന യുവജനങ്ങളായ നിങ്ങളെക്കുറിച്ചു ഞങ്ങൾ എത്രമാത്രം അഭിമാനംകൊള്ളുന്നുവെന്നോ! (1 തെസ്സ. 2:20) യഹോവയെ നിങ്ങൾ പൂർണഹൃദയത്തോടും ആത്മാവോടും മനസ്സോടും ശക്തിയോടും കൂടെ സേവിക്കവേ “ഈ ലോകത്തിൽ തന്നേ, . . . നൂറു മടങ്ങും . . . വരുവാനുള്ള ലോകത്തിൽ നിത്യജീവ”നും നിങ്ങൾ കൊയ്യും.—മർക്കൊ. 10:29, 30; 12:30.