“ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു”
1 ഈ വ്യവസ്ഥിതിയുടെ ആത്മീയവും ധാർമികവുമായ അന്ധകാരത്തിൻ നടുവിൽ, സത്യദൈവമായ യഹോവയുടെ അറുപതു ലക്ഷത്തിലധികം വരുന്ന ആരാധകർ ലോകവ്യാപകമായി 234 രാജ്യങ്ങളിൽ “ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.” (ഫിലി. 2:14, 15) തന്നിമിത്തം മറ്റുള്ളവർക്കു നമ്മെ പെട്ടെന്നു തിരിച്ചറിയാം. യഹോവയിൽനിന്നു നിർഗമിക്കുന്ന സത്യത്തിന്റെ അനർഘ പ്രകാശം നാം എങ്ങനെയാണു പ്രതിഫലിപ്പിക്കുന്നത്?—2 കൊരി. 3:18.
2 നമ്മുടെ പ്രവൃത്തികൾ: നമ്മുടെ നടത്ത ആളുകൾ പെട്ടെന്ന് ശ്രദ്ധിക്കും. (1 പത്രൊ. 2:12) ഒരു സ്ത്രീ തന്റെ സഹജോലിക്കാരനായ ഒരു സാക്ഷി ദയയുള്ളവനും സഹായമനസ്കനും അസഭ്യം സംസാരിക്കുകയോ വൃത്തികെട്ട തമാശകൾ കേട്ട് ചിരിക്കുകയോ ചെയ്യാത്തവനും ആണെന്ന് നിരീക്ഷിക്കുകയുണ്ടായി. സഹോദരനെ പ്രകോപിപ്പിക്കുന്നതിന് മറ്റുള്ളവർ അദ്ദേഹം കേൾക്കെ അസഭ്യം പറഞ്ഞപ്പോൾ അദ്ദേഹം ശാന്തനായി നിലകൊണ്ടു, ഒപ്പം ശരിയായ നിലവാരങ്ങൾ മുറുകെപ്പിടിക്കുകയും ചെയ്തു. ഇത് സഹജോലിക്കാരിയായ ആ സ്ത്രീയിൽ എന്തു ഫലം ഉളവാക്കി? അവൾ ഇങ്ങനെ സ്മരിക്കുന്നു: “അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ എനിക്കു വളരെ മതിപ്പുതോന്നി, അതുകൊണ്ട് ഞാൻ ബൈബിളിനെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഞാൻ ദൈവവചനം പഠിക്കാൻ തുടങ്ങുകയും പിന്നീട് സ്നാപനമേൽക്കുകയും ചെയ്തു.” അവൾ ഇങ്ങനെ പറയുന്നു: “അദ്ദേഹത്തിന്റെ നടത്തയാണ് യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ അടുത്തു പരിശോധിക്കാൻ എന്നെ പ്രചോദിപ്പിച്ചത്.”
3 അധികാരത്തോടുള്ള നമ്മുടെ മനോഭാവം, ലോകത്തിന്റെ നടപടികളോടുള്ള നമ്മുടെ വീക്ഷണം, നമ്മുടെ ആരോഗ്യാവഹമായ സംസാരം എന്നിവ ബൈബിളിന്റെ ഉദാത്തമായ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്ന ആളുകൾ എന്നനിലയിൽ യഹോവയുടെ സാക്ഷികളെ വ്യതിരിക്തരാക്കുന്നു. അത്തരം സത്പ്രവൃത്തികൾ യഹോവയ്ക്കു മഹത്ത്വം കരേറ്റുകയും മറ്റുള്ളവരെ അവന്റെ ആരാധനയിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു.
4 നമ്മുടെ വാക്കുകൾ: നമ്മുടെ നല്ല നടത്ത നിരീക്ഷിക്കുന്നവരോട് നമ്മുടെ വിശ്വാസത്തെ സംബന്ധിച്ച് നാം സംസാരിക്കുന്നില്ലെങ്കിൽ നമ്മൾ എന്തുകൊണ്ടാണ് വ്യത്യസ്തരായിരിക്കുന്നത് എന്ന് അവർ മനസ്സിലാക്കിയെന്നുവരില്ല. നിങ്ങളുടെ സഹപ്രവർത്തകർക്ക് അല്ലെങ്കിൽ സഹപാഠികൾക്ക് നിങ്ങൾ യഹോവയുടെ സാക്ഷികളിൽ ഒരുവനാണെന്ന് അറിയാമോ? സാധാരണ സംഭാഷണങ്ങളിൽ ഏർപ്പെടുമ്പോൾ സാക്ഷ്യം നൽകാൻ നിങ്ങൾ അവസരങ്ങൾ തേടാറുണ്ടോ? ഉചിതമായ എല്ലാ സന്ദർഭങ്ങളിലും ‘നിങ്ങളുടെ വെളിച്ചം മനുഷ്യരുടെ മുമ്പിൽ പ്രകാശിപ്പിക്കാൻ’ നിങ്ങൾ ദൃഢനിശ്ചയമുള്ളവരാണോ?—മത്താ. 5:14-16.
5 പ്രകാശ വാഹകർ എന്നനിലയിലുള്ള നമ്മുടെ നിയോഗം നിറവേറ്റുന്നതിന് ആത്മത്യാഗ മനോഭാവം ആവശ്യമാണ്. മുഴുദേഹിയോടെ സേവിക്കാനുള്ള മനസ്സൊരുക്കം, പ്രാധാന്യം കുറഞ്ഞ കാര്യങ്ങളെ ഒഴിവാക്കിക്കൊണ്ട് പ്രസംഗിക്കാനും ശിഷ്യരാക്കാനുമുള്ള ജീവരക്ഷാകരമായ വേലയിൽ നമ്മുടെ പരമാവധി പ്രവർത്തിക്കാൻ നമ്മെ പ്രചോദിപ്പിക്കും.—2 കൊരി. 12:15.
6 നമ്മുടെ പ്രവൃത്തിയാലും വാക്കിനാലും ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നതിൽ നമുക്കു തുടരാം. നാം അപ്രകാരം ചെയ്യുന്നെങ്കിൽ യഹോവയ്ക്കു മഹത്ത്വം നൽകുന്നതിൽ നമ്മോടൊപ്പം ചേരാൻ മറ്റുള്ളവരും പ്രേരിതരായേക്കാം.