നമ്മുടെ വെളിച്ചം തുടർച്ചയായി പ്രകാശിപ്പിക്കൽ
1 വെളിച്ചം എന്താണ്? “ദർശനം സാധ്യമാക്കുന്ന ഒന്ന്” എന്നു നിഘണ്ടു അതിനെ നിർവചിക്കുന്നു. എന്നാൽ സാങ്കേതികമായി ഇത്രയധികം പുരോഗതി കൈവരിച്ചിട്ടും ഇയ്യോബ് 38:24-ൽ രേഖപ്പെടുത്തിയിരിക്കുന്ന യഹോവ ഉന്നയിച്ച ചോദ്യത്തിനുള്ള ഉത്തരം മനുഷ്യനു വാസ്തവത്തിൽ ഇപ്പോഴും പൂർണമായി അറിയില്ല. വെളിച്ചം കൂടാതെ നമുക്കു ജീവിക്കാനാവുമോ? വെളിച്ചമില്ലാതെ നമുക്കു നിലനിൽക്കാൻ കഴിയുമായിരുന്നില്ല. ഭൗതികമായ കാഴ്ചക്കു വെളിച്ചം അത്യാവശ്യമാണ്. ഒരു ആത്മീയ അർഥത്തിൽ “ദൈവം വെളിച്ചം ആകുന്നു” എന്ന് ബൈബിൾ പറയുന്നു. (1 യോഹ. 1:5) നമുക്കു “വെളിച്ചം തരുന്ന”വനിൽ നാം പൂർണമായി ആശ്രിതരാണ്.—സങ്കീ. 118:27, NW.
2 ഒരു ഭൗതിക അർഥത്തിൽ ഇതു സത്യമാണ്, എന്നാൽ ഒരു ആത്മീയ വിധത്തിൽ അതിലേറെ സത്യമാണ്. വ്യാജമതങ്ങൾ ജനഗണങ്ങളെ ‘ചുവർ തപ്പി നടക്കുന്ന കുരുടൻമാരെപ്പോലെ’ ആത്മീയാന്ധകാരത്തിൽ തള്ളിക്കൊണ്ടു വഴിതെറ്റിച്ചിരിക്കുന്നു. (യെശ. 59:9, 10) തന്റെ അളവറ്റ സ്നേഹത്താലും അനുകമ്പയാലും പ്രേരിതനായി യഹോവ ‘തന്റെ പ്രകാശവും സത്യവും അയക്കുന്നു.’ (സങ്കീ. 43:3) അക്ഷരാർഥത്തിൽ വിലമതിപ്പുള്ള ദശലക്ഷങ്ങൾ “അന്ധകാരത്തിൽനിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു” വന്നുകൊണ്ട് പ്രതികരിച്ചിട്ടുണ്ട്.—1 പത്രൊ. 2:9.
3 ഈ വെളിച്ചം ലോകത്തിലേക്കു കൊണ്ടുവരുന്നതിൽ യേശു ഒരു മർമപ്രധാനമായ പങ്കു വഹിക്കുന്നു. “എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു” എന്ന് അവൻ പറഞ്ഞു. (യോഹ. 12:46) തന്റെ മുഴു സമയവും ഊർജവും വസ്തുവകകളും സത്യത്തിന്റെ വെളിച്ചം പ്രസിദ്ധമാക്കുന്നതിനായി തിരിച്ചുവിട്ടു. വാസ്തവത്തിൽ ഓരോ നഗരത്തിലും ഗ്രാമത്തിലും പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് അവൻ തന്റെ ജൻമദേശത്തുടനീളം സഞ്ചരിച്ചു. എല്ലായിടത്തുനിന്നും അവൻ കഠിനമായ പീഡനം സഹിച്ചു. എന്നാൽ സത്യത്തിന്റെ വെളിച്ചം വ്യാപിപ്പിക്കാനുള്ള തന്റെ നിയോഗത്തിൽ അവൻ ഉറച്ചു നിന്നു.
4 ഒരു പ്രത്യേക ലക്ഷ്യം മനസ്സിൽവച്ചുകൊണ്ട് യേശു ശിഷ്യൻമാരെ തിരഞ്ഞെടുക്കുകയും പരിശീലിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചു. മത്തായി 5:14-16-ൽ അവരോടുള്ള അവന്റെ നിർദേശം നാം വായിക്കുന്നു: “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; . . . അങ്ങനെതന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” യേശുവിനെപ്പോലെതന്നെ സത്യത്തിന്റെ വെളിച്ചം എല്ലായിടത്തും വ്യാപിപ്പിച്ചുകൊണ്ട് അവർ “ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ” ആയിരിക്കേണ്ടിയിരുന്നു. (ഫിലി. 2:15) ഇതിനെ ജീവിതത്തിലെ മുഖ്യ ഉദ്ദേശ്യമായി വീക്ഷിച്ചുകൊണ്ട് അവർ ആ ഉത്തരവാദിത്വം സസന്തോഷം സ്വീകരിച്ചു. അല്പകാലത്തിനുശേഷം സുവാർത്ത “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചു” എന്ന് പൗലോസിനു പറയാൻ കഴിഞ്ഞു. (കൊലൊ. 1:23) ആ മഹത്തായ വേല നിർവഹിക്കുന്നതിൽ മുഴു ക്രിസ്തീയ സഭയും ഏകീകൃതമായിരുന്നു.
5 നാമിന്ന് “ഇരുട്ടിന്റെ പ്രവൃത്തികളെ വിട്ടുകളഞ്ഞ”വരുടെ കൂടെ ആയിരിക്കുന്നതിൽ നന്ദിയുള്ളവരായിരിക്കണം. (റോമ. 13:12, 13) യേശുവും കഴിഞ്ഞകാലങ്ങളിലെ വിശ്വസ്ത ക്രിസ്ത്യാനികളും വച്ച ദൃഷ്ടാന്തം അനുകരിച്ചുകൊണ്ട് നമുക്കു നമ്മുടെ വിലമതിപ്പു പ്രകടിപ്പിക്കാം. മനുഷ്യചരിത്രത്തിലെ മറ്റേതൊരു സമയത്തെക്കാളും മററുളളവർ സത്യം കേൾക്കേണ്ടതിന്റെ ആവശ്യം ഇന്ന് ഏറെ അടിയന്തിരവും നിർണായകവുമാണ്. ഈ വേലയോടുള്ള താരതമ്യത്തിൽ മറ്റൊരു പ്രവർത്തനവും ഇത്രമാത്രം അടിയന്തിരവും ദൂരവ്യാപക ഫലങ്ങൾ ഉളവാക്കുന്നതുമല്ല.
6 നമുക്കു ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കാൻ എങ്ങനെ കഴിയും? രാജ്യപ്രസംഗവേലയിൽ പങ്കെടുക്കുന്നതാണു നമ്മുടെ വെളിച്ചം പ്രകാശിപ്പിക്കുന്നതിനുള്ള മുഖ്യ മാർഗം. ഓരോ സഭയ്ക്കും അതിന്റെ നിയമിത പ്രദേശത്ത് പ്രസംഗവേല ചെയ്യുന്നതിനുള്ള നിരന്തരമായ സംഘടിത ക്രമീകരണമുണ്ട്. വിവിധ ഭാഷകളിൽ വൈവിധ്യമാർന്ന സാഹിത്യങ്ങൾ വലിയ അളവിൽ ലഭ്യമാക്കിയിട്ടുണ്ട്. യോഗങ്ങളിലൂടെ വിപുലമായ വിദ്യാഭ്യാസം പ്രദാനം ചെയ്യപ്പെടുന്നു. മറ്റുള്ളവരെ വ്യക്തിപരമായി പരിശീലിപ്പിക്കുന്നതിന് അനുഭവപരിചയമുള്ളവർ സഹായിക്കുന്നു. പങ്കുപറ്റുന്നതിനുള്ള അവസരം പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രായമായവർക്കും കുട്ടികൾക്കുപോലും ലഭ്യമാണ്. തങ്ങളുടെ പ്രാപ്തികളും സാഹചര്യങ്ങളും അനുവദിക്കുന്ന അളവോളം പങ്കെടുക്കാൻ സഭയിലെ ഓരോ അംഗവും ക്ഷണിക്കപ്പെടുന്നു. പ്രസംഗവേലയിൽ ഏതെങ്കിലും വിധത്തിൽ പങ്കെടുക്കുന്നതിന് ഓരോ അംഗത്തെയും സഹായിക്കുന്നതിനുള്ള ഏർപ്പാടോടെ സഭയിലെ എല്ലാ പ്രവർത്തനങ്ങളും അതിൽ കേന്ദ്രീകരിച്ചിരിക്കുന്നു. സഭയോടുള്ള നിരന്തരമായ ഉറ്റ സഹവാസമാണ് നമ്മുടെ വെളിച്ചം തുടർന്നു പ്രകാശിപ്പിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനുള്ള ഏറ്റവും മെച്ചമായ വിധം.
7 ഒരു വാച്യ സാക്ഷീകരണം ഉൾപ്പെടാത്ത സന്ദർഭങ്ങളിലും നമുക്കു പ്രകാശിക്കാൻ കഴിയും. നമ്മുടെ നടത്തയാൽ മാത്രം നമുക്കു മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയും. “നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു . . . ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം” എന്നു പ്രോത്സാഹിപ്പിച്ചപ്പോൾ പത്രോസിന്റെ മനസ്സിൽ ഉണ്ടായിരുന്നത് അതാണ്. (1 പത്രൊ. 2:12) അനേകരും ഒരു വേലയെ അല്ലെങ്കിൽ ഒരു സ്ഥാപനത്തെ അതുമായി സഹവസിക്കുന്നവരുടെ നടത്തയാൽ വിധിക്കുന്നു. ധാർമികമായി ശുദ്ധരും, സത്യസന്ധരും, സമാധാനപ്രിയരും നിയമമനുസരിക്കുന്നവരും ആയവരെ നിരീക്ഷകർ ശ്രദ്ധിക്കുമ്പോൾ അവരെ വ്യത്യസ്തരായി കണക്കാക്കുകയും ഭൂരിപക്ഷംപേരും പിൻപറ്റുന്നതിനെക്കാൾ ഉന്നതമായ നിലവാരങ്ങൾക്കനുസരിച്ചു ജീവിക്കുന്നവരാണവർ എന്നു തീർച്ചപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് ഒരു ഭർത്താവ് സ്നേഹപുരസ്സരമായ വിധത്തിൽ തന്റെ ഭാര്യയെ ബഹുമാനിക്കയും പരിപാലിക്കയും ചെയ്യുമ്പോൾ തന്റെ വെളിച്ചം പ്രകാശിപ്പിക്കുകയാണ്. തന്റെ ഭർത്താവിന്റെ ശിരഃസ്ഥാനത്തെ ബഹുമാനിക്കുക വഴി ഭാര്യയും അതുതന്നെ ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുകയും ലൈംഗിക അധാർമികതയും മയക്കുമരുന്നിന്റെ ഉപയോഗവും ഒഴിവാക്കുകയും ചെയ്യുമ്പോൾ വ്യത്യസ്തരായി നിലകൊള്ളുന്നു. തന്റെ വേല സംബന്ധിച്ചു മനസ്സാക്ഷിബോധമുള്ളവനും സത്യസന്ധനും മററുള്ളവരോടു പരിഗണനയുള്ളവനും ആയ ഒരു തൊഴിലാളി ഏറ്റവും വിലമതിക്കപ്പെടുന്നു. ഈ ക്രിസ്തീയ ഗുണങ്ങൾ പ്രകടിപ്പിക്കുന്നതിനാൽ നാം നമ്മുടെ വെളിച്ചം പ്രകാശിപ്പിക്കുകയാണ്, നമ്മുടെ ജീവിതരീതി മറ്റുള്ളവർക്കു ശുപാർശ ചെയ്യുകയാണ്.
8 ദൈവവചനത്തിൽനിന്നു നാം പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോടു സംസാരിക്കുന്നതാണു പ്രസംഗം. അത് ഒരു പൊതു പ്ലാററ്ഫാറത്തിൽനിന്നോ വീടുകൾതോറുമോ ചെയ്യപ്പെടുന്നു. എന്നാൽ ഇത് അത്തരം അവസരങ്ങളിലേക്കു മാത്രമായി പരിമിതപ്പെടുത്തപ്പെട്ടിട്ടില്ല. നമ്മുടെ ദൈനംദിന കാര്യാദികൾ നമ്മെ അനേകരുമായി സമ്പർക്കത്തിൽ വരുത്തുന്നു. ദിവസം എത്രതവണ നിങ്ങൾ നിങ്ങളുടെ അയൽക്കാരുമായി സംസാരിക്കുന്നു? എത്ര കൂടെക്കൂടെ ഒരാൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ മുട്ടുന്നു? സാധനങ്ങൾ വാങ്ങുമ്പോഴോ, ബസിൽ യാത്ര ചെയ്യുമ്പോഴോ അല്ലെങ്കിൽ ലൗകിക ജോലിസ്ഥലത്തോ എത്ര വ്യത്യസ്ത ആളുകളുമായി നിങ്ങൾ ബന്ധപ്പെടുന്നു? നിങ്ങൾ സ്കൂളിൽ പോകുന്ന ഒരു ചെറുപ്പക്കാരനാണെങ്കിൽ ഓരോ ദിവസവും നിങ്ങൾ എത്രപേരോടു സംസാരിക്കുന്നുവെന്നു തിട്ടപ്പെടുത്താൻ കഴിയുമോ? മറ്റുള്ളവരോടു സംസാരിക്കാനുള്ള അവസരങ്ങൾ വാസ്തവത്തിൽ അപരിമിതമാണ്. ആകെക്കൂടി നിങ്ങൾ ചെയ്യേണ്ടത്, ഏതാനും തിരുവെഴുത്താശയങ്ങൾ മനസ്സിൽ പിടിക്കുക, ഒരു ബൈബിളും കുറച്ചു ലഘുലേഖകളും കൈവശം വയ്ക്കുക, അവസരം കിട്ടുമ്പോൾ സംസാരിക്കാൻ മുൻകൈയെടുക്കുക, അത്രമാത്രം.
9 അനൗപചാരിക സാക്ഷീകരണം വളരെ ലളിതമാണെങ്കിലും അതു പരീക്ഷിക്കാൻ പലരും വിമുഖരാണ്. അപരിചിതരെ സമീപിക്കുന്നതിന് ലജ്ജയും ഭയവും ആണെന്നു പറഞ്ഞുകൊണ്ട് അവർ മിതഭാഷികളായിരുന്നേക്കാം. തങ്ങളിലേക്കുതന്നെ ശ്രദ്ധ ആകർഷിക്കുന്നതു സംബന്ധിച്ചോ പരുഷമായ ഒരു പ്രതികരണം ലഭിക്കുന്നതു സംബന്ധിച്ചോ അവർ ആശങ്കയുള്ളവരായിരുന്നേക്കാം. ഉത്കണ്ഠപ്പെടേണ്ട യാതൊരു കാരണവുമില്ലെന്ന് അനൗപചാരിക സാക്ഷീകരണത്തിൽ അനുഭവപരിചയമുള്ളവർക്കു നിങ്ങളോടു പറയാൻ കഴിയും. മറ്റുള്ളവരും അടിസ്ഥാനപരമായി നമ്മെപ്പോലെതന്നെയാണ്; അവർക്കും നമ്മുടെ അതേ ആവശ്യങ്ങളും നമ്മുടേതുപോലുള്ള വിചാരങ്ങളും ആണുള്ളത്, തങ്ങൾക്കും തങ്ങളുടെ കുടുംബങ്ങൾക്കും വേണ്ടി നാം ആഗ്രഹിക്കുന്നതുതന്നെ അവരും ആഗ്രഹിക്കുന്നു. പ്രസന്നമായ ഒരു പുഞ്ചിരിയോട് അല്ലെങ്കിൽ സൗഹാർദമായ ഒരു അഭിവാദനത്തോട് മിക്കവരും ദയാപൂർവം പ്രതികരിക്കും. തുടക്കമിടുന്നതിനു നിങ്ങൾ ‘ധൈര്യം സമ്പാദിക്കേണ്ടത്’ ഉണ്ടായിരിക്കാം. (1 തെസ്സ. 2:2) എന്നാൽ തുടങ്ങിക്കഴിഞ്ഞാൽ, ലഭിക്കുന്ന ഫലങ്ങൾ സംബന്ധിച്ചു നിങ്ങൾ ആശ്ചര്യഭരിതരും സന്തുഷ്ടരും ആയിത്തീർന്നേക്കും.
10 നമ്മുടെ വെളിച്ചം പ്രകാശിപ്പിക്കുമ്പോൾ നാം അനുഗ്രഹീതർ: അനൗപചാരിക സാക്ഷീകരണത്തിന്റെ ഫലമായുണ്ടായ നവോൻമേഷദായകമായ അനുഭവങ്ങളുടെ ചില ഉദാഹരണങ്ങൾ ഇതാ: 55 വയസ്സു പ്രായമുള്ള ഒരു സ്ത്രീ റോഡു കുറുകേ കടക്കാൻ ശ്രമിക്കുകയായിരുന്നു. ഒരു കാർ അവരെ ഇടിക്കാൻ തുടങ്ങിയപ്പോൾ ഒരു സഹോദരി അവരുടെ കൈയിൽപിടിച്ചുവലിച്ചു സുരക്ഷിതമായ ഒരിടത്തേക്കു മാറ്റിനിർത്തി. എന്നിട്ട് ഇപ്രകാരം പറഞ്ഞു: “സൂക്ഷിക്കണേ. നാം ജീവിക്കുന്നത് അപകടകരമായ കാലത്താണ്!” എന്നിട്ട്, കാലം ഇത്ര അപകടകരമായിരിക്കുന്നതിന്റെ കാരണം അവർ വിശദീകരിച്ചു. “നിങ്ങൾ ഒരു യഹോവയുടെ സാക്ഷിയാണോ?”, ആ സ്ത്രീ ചോദിച്ചു. തന്റെ സഹോദരിയുടെ പക്കൽനിന്നും നമ്മുടെ ഒരു പുസ്തകം സ്വീകരിച്ചിട്ട് ആ സ്ത്രീ യഹോവയുടെ സാക്ഷികളിൽ ആരെയെങ്കിലും കാണാനായി ആഗ്രഹിച്ചിരിക്കയായിരുന്നു. ഈ കൂടിക്കാഴ്ച അതു സാധ്യമാക്കിത്തീർത്തു.
11 ഒരു സഹോദരി ഡോക്ടറുടെ ഓഫീസിലെ വെയിറ്റിങ്റൂമിൽ വച്ച് ഒരു സ്ത്രീയുമായി സംഭാഷണം ആരംഭിച്ചു. ആ സ്ത്രീ ശ്രദ്ധാപൂർവം കേട്ടിട്ട് ഇപ്രകാരം പറഞ്ഞു: “കുറേക്കാലങ്ങളായി ഞാൻ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടുന്നു; എന്നാൽ ഭാവിയിൽ എന്നെങ്കിലും ഞാൻ വാസ്തവത്തിൽ ഒരു യഹോവയുടെ സാക്ഷിയായിത്തീരുന്നെങ്കിൽ അത് നിങ്ങൾ ഇപ്പോൾ എന്നോടു പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരിക്കും. ഒരു ഇരുണ്ടസ്ഥലത്തു വെളിച്ചം കാണാൻ തുടങ്ങുന്നതുപോലെയായിരുന്നു നിങ്ങളെ ശ്രദ്ധിക്കുന്നത്.”
12 ഒരു ദയാപ്രവൃത്തിക്കു മറ്റുള്ളവരെ സത്യം പഠിക്കാൻ സഹായിക്കുന്നതിനുള്ള ഒരു ചവിട്ടുപടിയായിരിക്കാൻ കഴിയും. വയൽസേവനം കഴിഞ്ഞു മടങ്ങുന്നവഴി നല്ല സുഖമില്ലാത്ത ഒരു പ്രായമുള്ള സ്ത്രീ ബസിൽനിന്നിറങ്ങുന്നതു രണ്ടു സഹോദരിമാർ ശ്രദ്ധിച്ചു. അവർ നിന്നിട്ട് എന്തെങ്കിലും സഹായംവേണമോ എന്ന് ആ സ്ത്രീയോടു ചോദിച്ചു. തികച്ചും അപരിചിതരായ ആ രണ്ടുപേർ കാണിച്ച താത്പര്യത്തിൽ അവർ അത്യന്തം ആശ്ചര്യഭരിതയായി. ഇത്തരമൊരു ദയാപ്രവൃത്തിക്ക് അവരെ പ്രേരിപ്പിച്ചതെന്താണെന്നറിയാൻ അവർ ആഗ്രഹിച്ചു. ഇതു സാക്ഷീകരണത്തിനുള്ള അവസരം പ്രദാനം ചെയ്തു. ആ സ്ത്രീ ഉടനടി തന്റെ മേൽവിലാസം നൽകുകയും തന്നെ സന്ദർശിക്കുന്നതിന് അവരെ ഊഷ്മളമായി ക്ഷണിക്കുകയും ചെയ്തു. ഒരധ്യയനം തുടങ്ങി. പെട്ടെന്നുതന്നെ ആ സ്ത്രീ യോഗങ്ങൾക്കു ഹാജരായിത്തുടങ്ങി. ഇപ്പോൾ മറ്റുള്ളവരുമായി സത്യം പങ്കുവെക്കുകയാണ്.
13 പ്രായമുള്ള ഒരു സഹോദരി കടൽത്തീരത്ത് അതിരാവിലെ സാക്ഷീകരിക്കുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്തുന്നു. അവർ വീട്ടമ്മമാരെയും, ശിശുപരിപാലകരെയും, ബാങ്കിലെ ക്ലർക്കുമാരെയും രാവിലെ കടൽപ്പുറത്ത് ഉലാത്താൻ വരുന്ന മറ്റുള്ളവരെയും കണ്ടുമുട്ടുന്നു. മണൽപ്പരപ്പിനടുത്തുള്ള ബഞ്ചുകളിലിരുന്ന് അവർ ബൈബിളധ്യയനങ്ങൾ നടത്തുന്നു. അനേകമാളുകൾ അവരിൽനിന്നു സത്യം പഠിച്ച് ഇപ്പോൾ യഹോവയുടെ സാക്ഷികളായിട്ടുണ്ട്.
14 ലൗകിക ജോലിസ്ഥലത്തുവച്ച്, ലോകപ്രശ്നങ്ങൾക്കു പരിഹാരം വരുത്തുമെന്നു താൻ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയെക്കുറിച്ച് ഒരു സഹജോലിക്കാരി സംസാരിക്കുന്നത് ഒരു സഹോദരി കേട്ടു. ദൈവരാജ്യം നിവർത്തിക്കാൻപോകുന്ന വാഗ്ദത്തങ്ങളെക്കുറിച്ചു സഹോദരി സംസാരിച്ചു. ജോലിസ്ഥലത്തെ ഈ ചർച്ച ഭവനത്തിൽവെച്ചുള്ള ഒരു നിരന്തര ബൈബിളധ്യയനത്തിലേക്കു നയിച്ചു. ഒടുവിൽ ആ സ്ത്രീയും അവരുടെ ഭർത്താവും സാക്ഷികളായിത്തീർന്നു.
15 നിങ്ങൾ ഒരു സാക്ഷിയാണെന്ന് ഒരിക്കലും മറക്കരുത്! തന്റെ ശിഷ്യൻമാരെ “ലോകത്തിന്റെ വെളിച്ച”മായി യേശു വർണിച്ചപ്പോൾ, ദൈവവചനത്തിന്റെ ആത്മീയ പ്രകാശത്തിൽനിന്നു പ്രയോജനം നേടുന്നതിന് അവർ മറ്റുള്ളവരെ സഹായിക്കണമെന്ന് യേശു വിവരിച്ചു. യേശുവിന്റെ ബുദ്ധ്യുപദേശം ബാധകമാക്കുന്നുവെങ്കിൽ നാം നമ്മുടെ ശുശ്രൂഷയെ എങ്ങനെ വീക്ഷിക്കും?
16 ജോലിക്കുവേണ്ടി അന്വേഷിക്കുമ്പോൾ, ചിലർ ഒരു അംശകാല ജോലി തിരഞ്ഞെടുക്കുന്നു. അതിനുവേണ്ടി അവർ എത്രമാത്രം സമയവും ശ്രമവും ചെലവഴിക്കും എന്നതു സംബന്ധിച്ച് അവർ പരിധിവെക്കുന്നു. കാരണം ഏറെ പ്രതിഫലദായകമെന്നു കണ്ടെത്തുന്ന പ്രവർത്തനങ്ങൾക്കായി തങ്ങളുടെ അധികം സമയവും വിനിയോഗിക്കാൻ അവർ ഇഷ്ടപ്പെടുന്നു. നമ്മുടെ ശുശ്രൂഷയെ സംബന്ധിച്ചു നാമും സമാനമായ ഒരു വീക്ഷണം കൈക്കൊള്ളുന്നുവോ? നാം നമ്മുടെ ഉത്തരവാദിത്വം തിരിച്ചറിയുകയും ശുശ്രൂഷക്കായി കുറെയൊക്കെ സമയം നീക്കിവെക്കാൻ തയ്യാറായിരിക്കുകയും ചെയ്തേക്കാമെങ്കിലും നമ്മുടെ മുഖ്യ താത്പര്യം മറ്റെവിടെയെങ്കിലുമായിരിക്കണമോ?
17 അംശകാല ക്രിസ്ത്യാനി എന്നൊന്നില്ല എന്നു തിരിച്ചറിഞ്ഞ്, ‘നമ്മെത്തന്നെ ത്യജിച്ച്’ യേശുവിനെ “തുടർച്ചയായി” അനുകരിക്കാൻ സമ്മതിച്ചുകൊണ്ട്, നാം സമർപ്പണം നടത്തി. (മത്താ. 16:24, NW) ആളുകൾ എവിടെയായിരുന്നാലും നമ്മുടെ വെളിച്ചം പ്രകാശിപ്പിക്കുന്നതിനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ട് അവരിൽ എത്തിച്ചേരുന്നതിൽ “മുഴുദേഹിയോടെ” തുടരുക എന്നതാണു നമ്മുടെ ആഗ്രഹം. (കൊലോ. 3:23, 24, NW) നാം ലൗകിക മനോഭാവങ്ങളെ ചെറുത്തു നിൽക്കണം, പ്രാരംഭത്തിലുണ്ടായിരുന്ന തീക്ഷ്ണത നിലനിർത്തണം, നമ്മുടെ വെളിച്ചം ഉജ്ജ്വലമായി തുടർന്നും പ്രകാശിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം. ചിലർ തങ്ങളുടെ ഉത്സാഹം തണുത്തുപോകാനും, വെളിച്ചം അടുത്തു നിന്നാൽപോലും കഷ്ടിച്ചുമാത്രം കാണാവുന്ന ഒരു മങ്ങിയ നാളമായിത്തീരാനും അനുവദിച്ചിട്ടുണ്ടായിരിക്കാം. അങ്ങനെയുള്ളവർക്ക് ശുശ്രൂഷയിൽ നഷ്ടപ്പെട്ട ഉത്സാഹം വീണ്ടെടുക്കുന്നതിനു സഹായം ആവശ്യമായിരിക്കാം.
18 നമ്മുടെ ദൂത് ജനരഞ്ജകമല്ല എന്നതാണ് ചിലർ പിൻമാറി നിൽക്കാൻ കാരണം. ക്രിസ്തുവിനെ സംബന്ധിച്ച സന്ദേശം ‘നശിച്ചുപോകുന്നവർക്കു ഭോഷത്വം’ ആയിരുന്നുവെന്നു പൗലോസ് പറഞ്ഞു. (1 കൊരി. 1:18) മറ്റുള്ളവർ എന്തുതന്നെ പറഞ്ഞാലും “സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല” എന്ന് അവൻ ശക്തിയുക്തം പ്രഖ്യാപിച്ചു. (റോമ. 1:16) ലജ്ജയുള്ള ഒരാൾ തരംതാണവനായി അല്ലെങ്കിൽ ഒന്നിനും കൊള്ളാത്തവനായി വിചാരിക്കുന്നു. അഖിലാണ്ഡത്തിന്റെ ഉന്നത പരമാധികാരിയെക്കുറിച്ചും നമ്മുടെ നിത്യ സന്തുഷ്ടിക്കായി അവൻ ചെയ്തിരിക്കുന്ന അത്ഭുതകരമായ കരുതലുകളെക്കുറിച്ചും സംസാരിക്കുമ്പോൾ നമുക്ക് എങ്ങനെ ലജ്ജ തോന്നാനാണ്? നാം ഈ സത്യങ്ങൾ മറ്റുള്ളവരോടു പറയുമ്പോൾ തരംതാണവരോ ഒന്നിനും കൊള്ളാത്തവരോ ആയി നമുക്കു തോന്നുക എന്നത് അചിന്തനീയമാണ്. പകരം, നമുക്കു “ലജ്ജിപ്പാൻ സംഗതിയില്ല” എന്ന നമ്മുടെ ബോധ്യം പ്രദർശിപ്പിച്ചുകൊണ്ട് നമ്മുടെ പരമാവധി ചെയ്യാൻ നാം പ്രേരിതരായിത്തീരണം. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—2 തിമൊ. 2:15.
19 ഭൂവ്യാപകമായുള്ള ദേശങ്ങളിൽ ഇന്നു പ്രകാശിക്കുന്ന സത്യത്തിന്റെ വെളിച്ചം ഒരു പറുദീസാവസ്ഥയിലുള്ള പുതിയ ലോകത്തിലെ നിത്യജീവന്റെ പ്രത്യാശ ഊഷ്മളമായി വാഗ്ദാനം ചെയ്യുന്നു. നമ്മുടെ വെളിച്ചം തുടർച്ചയായി പ്രകാശിപ്പിക്കുന്നതിനുള്ള ഉദ്ബോധനം നാം ഹൃദയത്തിൽ ഏറ്റുകൊണ്ടിരിക്കുന്നുവെന്നു നമുക്കു പ്രകടമാക്കാം! നാം അങ്ങനെ ചെയ്യുന്നെങ്കിൽ എല്ലാ ദിവസവും ‘ക്രിസ്തു യേശുവിനെക്കുറിച്ചുള്ള സുവിശേഷം പഠിപ്പിക്കയും പ്രഖ്യാപിക്കയും ചെയ്യുന്നതിൽ വിടാതെ തുടർന്ന’ ശിഷ്യൻമാരെപ്പോലെ നമുക്കും സന്തോഷിക്കുന്നതിനുള്ള കാരണം ഉണ്ടായിരിക്കും.—പ്രവൃ. 5:42.