‘നിങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ’
1 നമുക്കു ചുറ്റുമുള്ള ലോകം ആത്മീയവും ധാർമികവുമായി അന്ധകാരത്തിലാണ്. “ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തി”കളായ മാരകമായ ഈ ഇടർച്ചക്കല്ലുകളെ സത്യത്തിന്റെ വെളിച്ചം തുറന്നുകാട്ടുന്നതിനാൽ നമുക്ക് ഒഴിവാക്കാനാകും. തത്ഫലമായി, അപ്പൊസ്തലനായ പൗലൊസ് എഴുതി: “വെളിച്ചത്തിലുള്ളവരായി [“വെളിച്ചത്തിന്റെ മക്കളായി,” NW] നടന്നുകൊൾവിൻ.”—എഫെ. 5:8, 9, 11.
2 “വെളിച്ചത്തിന്റെ ഫലം” ലോകത്തിന്റെ അന്ധകാരത്തിൽ നിന്ന് വേറിട്ടു നിൽക്കുന്നു. (എഫെ. 5:10) ഈ ഫലം പുറപ്പെടുവിക്കുന്നതിന്, നമ്മൾ മാതൃകായോഗ്യമായ ക്രിസ്തീയ ജീവിതം നയിക്കുന്ന, യേശുക്രിസ്തു അംഗീകരിക്കുന്നതരം വ്യക്തികളായിരിക്കണം. സത്യത്തോട് നമുക്ക് അർപ്പണ മനോഭാവവും ആത്മാർഥതയും അതിനെപ്രതി ഉത്സാഹവും ഉണ്ടായിരിക്കണം. ദൈനംദിന ജീവിതത്തിലും ശുശ്രൂഷയിലും നാം ഈ ഗുണങ്ങൾ പ്രകടമാക്കുകയും വേണം.
3 എല്ലാ അവസരത്തിലും വെളിച്ചം പ്രകാശിപ്പിക്കുവിൻ: യേശു ശിഷ്യന്മാരോട് പറഞ്ഞു: “നിങ്ങളുടെ വെളിച്ചം അവരുടെ [മനുഷ്യരുടെ] മുമ്പിൽ പ്രകാശിക്കട്ടെ.” (മത്താ. 5:16) യേശുവിനെ അനുകരിച്ചുകൊണ്ട്, ദൈവരാജ്യത്തെയും ദൈവോദ്ദേശ്യങ്ങളെയും കുറിച്ചു പ്രസംഗിക്കുന്നതിലൂടെ നാം യഹോവയുടെ വെളിച്ചം പ്രതിഫലിപ്പിക്കുന്നു. ആളുകളുടെ വീടുകൾ സന്ദർശിക്കുമ്പോഴും ജോലിസ്ഥലത്തും സ്കൂളിലും അയൽക്കാരോടും സത്യം പങ്കിടുമ്പോഴും സാക്ഷീകരിക്കാനുള്ള മറ്റ് ഏത് അവസരത്തിലും നാം ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.—ഫിലി. 2:15.
4 ചിലർ വെളിച്ചത്തെ പകയ്ക്കുമെന്ന് യേശു പറഞ്ഞു. (യോഹ. 3:20) അതുകൊണ്ട്, ബഹുഭൂരിപക്ഷം ആളുകളും ‘ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം തങ്ങളുടെമേൽ ശോഭിക്കാൻ’ അനുവദിക്കുന്നില്ല എന്ന സംഗതി നമ്മെ നിരുത്സാഹിതരാക്കുന്നില്ല. (2 കൊരി. 4:4) യഹോവ മനുഷ്യരുടെ ഹൃദയം വായിക്കുന്നു, അനീതി പ്രവർത്തിക്കുന്നവർ തന്റെ ജനത്തിന്റെ ഭാഗമായിരിക്കാൻ അവൻ ആഗ്രഹിക്കുന്നില്ല.
5 യഹോവയുടെ വഴികൾ പിൻപറ്റി ആത്മീയ വെളിച്ചം ആസ്വദിക്കുമ്പോൾ, നമുക്ക് അത് മറ്റുള്ളവരുടെ മുമ്പാകെ പ്രതിഫലിപ്പിക്കാൻ സാധിക്കും. നമ്മുടെ നടത്തയിലൂടെ അവർ നമ്മുടെ പക്കൽ “ജീവന്റെ വെളിച്ച”മുണ്ടെന്ന് തിരിച്ചറിയുന്നെങ്കിൽ, പ്രകാശ വാഹകരായിത്തീരുന്നതിനു വേണ്ട മാറ്റങ്ങൾ വരുത്താൻ അവരും പ്രചോദിതരായേക്കാം.—യോഹ. 8:12.
6 വെളിച്ചം പ്രകാശിപ്പിക്കുന്നതു മുഖാന്തരം നാം സ്രഷ്ടാവിന് സ്തുതി കരേറ്റുകയും അവനെക്കുറിച്ച് അറിയാനും നിത്യജീവന്റെ പ്രത്യാശ നേടാനും ആത്മാർഥ ഹൃദയരെ സഹായിക്കുകയുമാണ് ചെയ്യുന്നത്. (1 പത്രൊ. 2:12) ആത്മീയ അന്ധകാരത്തിൽനിന്നു പുറത്തേക്കുള്ള പാത കാണാനും വെളിച്ചത്തിന്റെ ഫലം ഉത്പാദിപ്പിക്കാനും മറ്റുള്ളവരെ സഹായിക്കാൻ നമ്മുടെ പക്കലുള്ള വെളിച്ചം നമുക്ക് ഉപയോഗിക്കാം.