‘നിങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ’
1. മറ്റുള്ളവരുമായി എന്തു പങ്കുവെക്കാനുള്ള പദവിയാണ് നമുക്കുള്ളത്?
1 ദൃശ്യപ്രകാശത്തിന്റെ മനോഹാരിത പകലന്തിയോളം യഹോവയാം ദൈവത്തിന് മഹത്വം കരേറ്റുന്നു. എന്നാൽ മറ്റൊരുതരം വെളിച്ചത്തെക്കുറിച്ച് യേശു പറഞ്ഞു—“ജീവന്റെ വെളിച്ചം!” അതു സ്വന്തമാക്കാൻ അവൻ തന്റെ ശിഷ്യന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. (യോഹ. 8:12) ഈ ആത്മീയ പ്രബുദ്ധത കൈമുതലായുണ്ടായിരിക്കുക എന്നത് വലിയ ഉത്തരവാദിത്വങ്ങളടങ്ങുന്ന ഒരു പ്രത്യേക പദവിയാണ്. മറ്റുള്ളവർക്ക് പ്രയോജനം നേടാൻ തക്കവിധം “നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” എന്നു യേശു തന്റെ ശിഷ്യന്മാരെ ഉദ്ബോധിപ്പിച്ചു. (മത്താ. 5:16) അതെ, ആത്മീയ അന്ധകാരം നിറഞ്ഞ ഇന്നത്തെ ലോകത്തിൽ, നാം നമ്മുടെ വെളിച്ചം പ്രകാശിപ്പിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യേണ്ടതിന്റെ ആവശ്യം മുമ്പെന്നത്തെക്കാൾ കൂടുതലാണ് ഇന്ന്! എന്നാൽ നമുക്ക് എങ്ങനെ യേശുവിനെപ്പോലെ നമ്മുടെ വെളിച്ചം പ്രകാശിപ്പിക്കാൻ കഴിയും?
2. ആത്മീയ വെളിച്ചം പ്രകാശിപ്പിക്കുന്നതിന്റെ പ്രാധാന്യം യേശു പ്രകടമാക്കിയത് എങ്ങനെ?
2 പ്രസംഗവേലയിൽ ഏർപ്പെട്ടുകൊണ്ട്: സത്യത്തിന്റെ വെളിച്ചം ആളുകളെ അറിയിക്കാൻ തന്റെ സമയവും ഊർജവും ആസ്തിയുമെല്ലാം യേശു ഉപയോഗിക്കുകയുണ്ടായി. ആളുകളെ കണ്ടെത്താൻ സാധ്യതയുള്ള എല്ലായിടത്തും—വീടുകളിലും പൊതുസ്ഥലങ്ങളിലും മലകളിലും—പോയി അവൻ പ്രസംഗിച്ചു. സത്യത്തിന്റെ വെളിച്ചം പ്രകാശിപ്പിച്ചുകൊണ്ട് മറ്റുള്ളവരെ ആത്മീയമായി പ്രബുദ്ധരാക്കുന്നത് നിലനിൽക്കുന്ന പ്രയോജനം കൈവരുത്തുമെന്ന് അവന് അറിയാമായിരുന്നു. (യോഹ. 12:46) കൂടുതൽ ആളുകളുടെ പക്കൽ സുവാർത്ത എത്തിക്കുന്നതിന് ‘ലോകത്തിന്റെ വെളിച്ചമായിത്തീരാൻ’ യേശു തന്റെ ശിഷ്യന്മാരെ ഒരുക്കി. (മത്താ. 5:14) ആത്മീയ സത്യങ്ങൾ പങ്കുവെച്ചുകൊണ്ടും സഹമനുഷ്യർക്ക് നന്മ ചെയ്തുകൊണ്ടും അവർ തങ്ങളുടെ വെളിച്ചം പ്രകാശിപ്പിച്ചു.
3. സത്യത്തിന്റെ വെളിച്ചത്തോട് ഹൃദയംഗമമായ വിലമതിപ്പു പ്രകടമാക്കാൻ നമുക്ക് എങ്ങനെ കഴിയും?
3 “വെളിച്ചത്തിന്റെ മക്കളായി നടക്കുവിൻ” എന്ന ഉദ്ബോധനം ഗൗരവമായി എടുത്തുകൊണ്ട് ആളുകളെ കണ്ടെത്താനാകുന്ന എല്ലായിടങ്ങളിലും ഇന്നു ദൈവജനം സുവാർത്ത ഘോഷിക്കുന്നു. (എഫെ. 5:8) ജോലിസ്ഥലത്തോ സ്കൂളിലോ ആയിരിക്കുമ്പോൾ ഇടവേളകളിൽ ബൈബിളോ തിരുവെഴുത്തധിഷ്ഠിത പ്രസിദ്ധീകരണങ്ങളോ മറ്റുള്ളവർ കാണത്തക്കവിധം വായിക്കുന്നത് തിരുവെഴുത്ത് ചർച്ചകൾക്ക് വഴിയൊരുക്കിയേക്കാം. ഇങ്ങനെ ചെയ്തതുമുഖാന്തരം, ഒരു യുവ സഹോദരിക്ക് സ്കൂളിൽ ഒരു ബൈബിളധ്യയനം ആരംഭിക്കാനും 12 സഹപാഠികൾക്ക് പുസ്തകം സമർപ്പിക്കാനും കഴിഞ്ഞു.
4. ‘നമ്മുടെ വെളിച്ചം പ്രകാശിപ്പിക്കുന്നതിൽ’ മാതൃകായോഗ്യമായ പെരുമാറ്റം ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ?
4 നല്ല നടത്തയിലൂടെ: നമ്മുടെ വെളിച്ചം പ്രകാശിപ്പിക്കുന്നതിൽ നമ്മുടെ ദൈനംദിന നടത്തയും ഉൾപ്പെട്ടിരിക്കുന്നു. (എഫെ. 5:9) ജോലിസ്ഥലത്തും സ്കൂളിലും മറ്റിടങ്ങളിലുമുള്ള നമ്മുടെ നല്ല പെരുമാറ്റം ആളുകളുടെ ശ്രദ്ധയിൽപ്പെട്ടേക്കാം, അത് ബൈബിൾ സത്യങ്ങൾ പങ്കുവെക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കും. (1 പത്രോ. 2:12) ഉദാഹരണത്തിന്, ഒരു അഞ്ചുവയസ്സുകാരന്റെ നല്ല പെരുമാറ്റം ടീച്ചറിൽ വളരെയധികം മതിപ്പുളവാക്കി. “ഇത്രയധികം സദാചാരബോധമുള്ള ഒരു കുട്ടിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല!” എന്നാണ് ടീച്ചർ അവന്റെ മാതാപിതാക്കളോടു പറഞ്ഞത്. അതെ, നമ്മുടെ ശുശ്രൂഷയും നല്ല പെരുമാറ്റവും “ജീവന്റെ വെളിച്ച”ത്തിലേക്ക് ആളുകളെ ആകർഷിക്കുകയും യഹോവയ്ക്കു സ്തുതി കൈവരുത്തുകയും ചെയ്യും.