യജമാനന്റെ വസ്തുവകകൾക്കായി കരുതൽ
1 ബൈബിൾ കാലങ്ങളിൽ ഒരു ഗൃഹവിചാരകൻ അങ്ങേയറ്റം ആശ്രയ യോഗ്യമായ സ്ഥാനം വഹിച്ചിരുന്നു. തന്റെ പുത്രനായ യിസ്ഹാക്കിന് ഭാര്യയെ കണ്ടെത്താനുള്ള ഉത്തരവാദിത്വം അബ്രാഹാം തന്റെ ഗൃഹവിചാരകനെ ഭരമേൽപ്പിച്ചു. (ഉല്പ. 24:1-4) ഫലത്തിൽ, അബ്രാഹാമിന്റെ വംശത്തിന്റെ തുടർച്ച ഉറപ്പാക്കുന്നത് ഈ ഗൃഹവിചാരകന്റെ ചുമതലയായിരുന്നു. എത്ര വലിയോരു ഉത്തരവാദിത്വം! “ഗൃഹവിചാരകൻമാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കേണം എന്നത്രേ” എന്ന് അപ്പോസ്തലനായ പൗലൊസ് പ്രസ്താവിച്ചതിൽ തെല്ലും അത്ഭുതമില്ല!—1 കൊരി. 4:2.
ക്രിസ്തീയ ഗൃഹവിചാരണ
2 ക്രിസ്തീയ ശുശ്രൂഷയുടെ ചില വശങ്ങൾ ബൈബിളിൽ ഗൃഹവിചാരണയായി വർണിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, അപ്പോസ്തലനായ പൗലൊസ് എഫെസ്യരോട് “നിങ്ങൾക്കായി എനിക്കു ലഭിച്ച ദൈവകൃപയുടെ വ്യവസ്ഥയെക്കുറിച്ച് (“ഗൃഹവിചാരണയെക്കുറിച്ച്,” NW)” പ്രസ്താവിക്കുകയുണ്ടായി. (എഫെ. 3:2; കൊലൊ. 1:25, NW) ജാതികളോടു സുവാർത്ത അറിയിക്കാനുള്ള തന്റെ നിയോഗം വിശ്വസ്തതയോടെ കൈകാര്യം ചെയ്യേണ്ട ഒരു ഗൃഹവിചാരണ ആയാണ് അവൻ വീക്ഷിച്ചത്. (പ്രവൃ. 9:15; 22:21) അപ്പോസ്തലനായ പത്രൊസ് തന്റെ അഭിഷിക്ത സഹോദരങ്ങൾക്ക് ഇങ്ങനെ എഴുതി: “പിറുപിറുപ്പു കൂടാതെ തമ്മിൽ അതിഥിസല്ക്കാരം ആചരിപ്പിൻ. ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ.” (1 പത്രൊ. 4:9, 10; എബ്രാ. 13:16) ഒന്നാം നൂറ്റാണ്ടിലെ ആ ക്രിസ്ത്യാനികൾക്കുണ്ടായിരുന്ന ഭൗതിക സമ്പത്തെല്ലാം യഹോവയുടെ അനർഹദയയുടെ ഫലമായിരുന്നു. അതുകൊണ്ട് അവർ അതിന്റെ ഗൃഹവിചാരകന്മാരായിരുന്നു. ഒരു ക്രിസ്തീയ വിധത്തിൽ അവർ അത് ഉപയോഗിക്കേണ്ടിയിരുന്നു.
3 ഇന്ന്, കാര്യാദികൾ സംബന്ധിച്ച് യഹോവയുടെ സാക്ഷികൾക്കും സമാനമായ ഒരു വീക്ഷണമാണുള്ളത്. അവർ തങ്ങളെത്തന്നെ യഹോവയാം ദൈവത്തിനു സമർപ്പിച്ചിരിക്കുന്നു. അതുകൊണ്ട്, ജീവൻ, കായബലം, ഭൗതിക വസ്തുവകകൾ എന്നിങ്ങനെ തങ്ങൾക്കുള്ളതെല്ലാം “വിവിധമായുള്ള ദൈവകൃപയുടെ” ഫലങ്ങളായാണ് അവർ കരുതുന്നത്. ഉത്തമ ഗൃഹവിചാരകന്മാർ എന്ന നിലയിൽ, ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്ന വിധം സംബന്ധിച്ച് തങ്ങൾ യഹോവയോടു കണക്കു ബോധിപ്പിക്കേണ്ടവരാണെന്ന് അവർക്കു തോന്നുന്നു. ഇതിനു പുറമേ, സുവാർത്തയെ കുറിച്ചുള്ള പരിജ്ഞാനവും അവർക്കു നൽകപ്പെട്ടിരിക്കുന്നു. സാധ്യമായതിൽവെച്ച് ഏറ്റവും അഭികാമ്യമായ വിധത്തിൽ, അതായത് യഹോവയുടെ നാമം മഹത്ത്വപ്പെടുത്താനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്താൻ മറ്റുള്ളവരെ സഹായിക്കാനുമായി വിനിയോഗിക്കാൻ അവർ ആഗ്രഹിക്കുന്ന ഒരു ഉപ നിധിയാണ് ഇതും.—മത്താ. 28:19, 20; 1 തിമൊ. 2:3, 4; 2 തിമൊ. 1:13, 14.
4 ഗൃഹവിചാരകന്മാരെന്ന നിലയിലുള്ള തങ്ങളുടെ ഉത്തരവാദിത്വങ്ങൾ യഹോവയുടെ സാക്ഷികൾ നിറവേറ്റുന്നതെങ്ങനെ? കഴിഞ്ഞ വർഷം മാത്രം, അവർ ലോകവ്യാപകമായി “രാജ്യത്തിന്റെ . . . സുവിശേഷം” പ്രസംഗിച്ചുകൊണ്ട് നൂറു കോടിയിലധികം മണിക്കൂർ ചെലവഴിക്കുകയും താത്പര്യക്കാരുമൊത്ത് 45,00,000-ത്തിലധികം ഭവന ബൈബിളധ്യയനങ്ങൾ നടത്തുകയും ചെയ്തെന്ന് വാർഷിക റിപ്പോർട്ടു പ്രകടമാക്കുന്നു. (മത്താ. 24:14) ലോകവ്യാപക വേലയ്ക്കും പ്രാദേശിക രാജ്യഹാളുകളെ പിന്തുണയ്ക്കുന്നതിനും വേണ്ടിയുള്ള അകമഴിഞ്ഞ സംഭാവനയാലും സഞ്ചാര മേൽവിചാരകന്മാരോടും മറ്റുള്ളവരോടുമുള്ള അതിഥിപ്രിയത്താലും സായുധ പോരാട്ടങ്ങൾക്ക് ഇരയാകുന്നവരെ പോലെ ആവശ്യം കൂടുതലുള്ളവരോടുള്ള അനിതരസാധാരണ ദയയാലും യഹോവയുടെ ഗൃഹവിചാരകന്മാർ എന്നനിലയിലുള്ള തങ്ങളുടെ വിശ്വാസ്യത അവർ പ്രകടിപ്പിച്ചു. ഒരു കൂട്ടമെന്ന നിലയിൽ, സത്യക്രിസ്ത്യാനികൾ യജമാനന്റെ വസ്തുവകകൾക്കായി നന്നായി കരുതുന്നു.
“വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകൻ”
5 വ്യക്തികളെന്ന നിലയിൽ മാത്രമല്ല, ഒരു സ്ഥാപനമെന്ന നിലയിലും ഗൃഹവിചാരണ നിലനിൽക്കുന്നു. ഭൂമിയിലെ അഭിഷിക്ത ക്രിസ്തീയ സഭയെ “വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകൻ” എന്നു യേശു വിളിച്ചു. (ലൂക്കൊ. 12:42) “ആഹാരവീതം” പ്രദാനം ചെയ്യുകയും സുവാർത്തയുടെ സാർവദേശീയ പ്രസംഗത്തിൽ നേതൃത്വമെടുക്കുകയും ആണ് “വിശ്വസ്ത . . . ഗൃഹവിചാരക”ന്റെ ഉത്തരവാദിത്വം. (വെളി. 12:17) ഇതിനോടുള്ള ബന്ധത്തിൽ, ലോകവ്യാപക വേലയ്ക്കായുള്ള സാമ്പത്തിക സംഭാവനകൾ എപ്രകാരം ഉപയോഗിക്കപ്പെടുന്നു എന്നതിന്, ഭരണസംഘത്താൽ പ്രതിനിധീകരിക്കപ്പെടുന്ന വിശ്വസ്ത ഗൃഹവിചാരക വർഗം ഉത്തരവാദിയാണ്. അത്തരം സംഭാവനകൾ നൽകപ്പെടുന്നത് അവ ഉചിതമായി ഉപയോഗിക്കുമെന്ന ഉറപ്പിലാണ്. അതുകൊണ്ട്, ആ സംഭാവനകൾ പ്രതീക്ഷിക്കപ്പെടുന്ന ഉദ്ദേശ്യത്തിനായി ഉപയോഗിക്കപ്പെടുന്നെന്നും ജ്ഞാനപൂർവവും ലാഭകരവും ഫലപ്രദവുമായി കൈകാര്യം ചെയ്യപ്പെടുന്നെന്നും ഉറപ്പാക്കാനുള്ള ചുമതല “വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരക”നുണ്ട്.
6 സംഭാവന ചെയ്യപ്പെട്ട ഫണ്ടുകൾ ജ്ഞാനപൂർവകമായി ഉപയോഗിക്കുന്നു എന്നതിനുള്ള ഒരു ഉദാഹരണം യഹോവയുടെ സാക്ഷികളുടെ 20-ാം നൂറ്റാണ്ടിലെ അച്ചടി പ്രവർത്തനങ്ങളുടെ വർധനവിൽ പ്രതിഫലിക്കുന്നു. ബൈബിളിന്റെയും അതുപോലെതന്നെ മാസികകൾ, പുസ്തകങ്ങൾ, ലഘുപത്രികകൾ, ചെറുപുസ്തകങ്ങൾ, ലഘുലേഖകൾ രാജ്യവാർത്തകൾ എന്നിങ്ങനെയുള്ള ബൈബിൾ സാഹിത്യങ്ങളുടെയും വിതരണം ഈ “അന്ത്യകാലത്തു” “സുവിശേഷം” പ്രസിദ്ധമാക്കുന്നതിൽ ഒരു പ്രമുഖ പങ്കു വഹിച്ചിരിക്കുന്നു. (2 തിമൊ. 3:1; മർക്കൊ. 13:10) “ദൈവത്തിന്റെ ഭവനക്കാ”ർക്കും അവരുടെ സുഹൃത്തുക്കളായ “വേറെ ആടുക”ളുടെ “മഹാപുരുഷാര”ത്തിനും “തൽസമയത്തു ഭക്ഷണം കൊടു”ക്കുന്നതിനുള്ള ഒരു മുഖ്യ ഉപകരണമാണ് വീക്ഷാഗോപുരം.—എഫെ. 2:19; യോഹ. 10:16; വെളി. 7:9; മത്താ. 24:45.
7 ആദ്യമൊക്കെ വ്യാവസായിക അച്ചടി ശാലകളിലായിരുന്നു യഹോവയുടെ സാക്ഷികളുടെ മുഴു സാഹിത്യങ്ങളും അച്ചടിച്ചിരുന്നത്. എന്നാൽ യഹോവയുടെ ദാസന്മാർ സ്വന്തമായി അച്ചടിക്കുന്നപക്ഷം, അതായിരിക്കും കൂടുതൽ ഫലപ്രദവും ലാഭകരവുമെന്ന് 1920-കളിൽ തീരുമാനമായി. 1920-ൽ ചെറിയ അളവിൽ തുടങ്ങിയ അച്ചടി ന്യൂയോർക്കിലെ ബ്രുക്ലിനിൽ ക്രമേണ വികസിച്ചു. 1967 ആയപ്പോഴേക്കും അതിനായി നാലു ബ്ലോക്കുകൾ വേണ്ടിവന്നു. മറ്റു പല രാജ്യങ്ങളിലും അച്ചടി ആരംഭിച്ചിരുന്നു. എന്നാൽ മിക്ക രാജ്യങ്ങളിലും രണ്ടാം ലോക മഹായുദ്ധത്തോടെ അച്ചടി തടസ്സപ്പെട്ടു.
8 ഐക്യനാടുകളിലെ അച്ചടി വളരെയധികം വികസിച്ചെങ്കിലും, മുഴു ലോകത്തിനും ആവശ്യമായതു പ്രദാനം ചെയ്യാൻ അതൊരിക്കലും പര്യാപ്തമായിരുന്നില്ല. അതുകൊണ്ട് ഇംഗ്ലണ്ട്, കാനഡ, ഗ്രീസ്, ഡെന്മാർക്ക്, ദക്ഷിണാഫ്രിക്ക, പശ്ചിമ ജർമനി, സ്വിറ്റ്സർലൻഡ് എന്നിവ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ യുദ്ധാനന്തരം അച്ചടി പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവയിൽ ചില രാജ്യങ്ങളിലാകട്ടെ, അണിയറ പ്രവർത്തനങ്ങൾ നേരത്തേതന്നെ തുടങ്ങിയിരുന്നു. 1970-കളുടെ ആരംഭത്തോടെ, ഓസ്ട്രേലിയ, ഘാന, ജപ്പാൻ, നൈജീരിയ, ഫിൻലൻഡ്, ഫിലിപ്പീൻസ്, ബ്രസീൽ എന്നീ രാജ്യങ്ങളിലും അച്ചടി ആരംഭിച്ചു. ഇവയിൽ ചില രാജ്യങ്ങൾ ബയന്റിട്ട പുസ്തകങ്ങളും ഉത്പാദിപ്പിച്ചു തുടങ്ങി. കൂടാതെ 1970-കളുടെ ആരംഭത്തിൽ, ഗിലെയാദ് മിഷനറിമാർക്ക് അച്ചടിയിൽ പരിശീലനം നൽകുകയും പ്രാദേശിക സഹോദരങ്ങളെ സഹായിക്കാനായി ഈ രാജ്യങ്ങളിൽ ചിലതിലേക്ക് അയയ്ക്കുകയും ചെയ്തു.
9 മാസിക അച്ചടിക്കുന്ന രാജ്യങ്ങളുടെ എണ്ണം 1980-കളിൽ 51 ആയി വർധിച്ചു.a യജമാനന്റെ വസ്തുവകകളുടെ എത്ര മെച്ചമായുള്ള ഉപയോഗത്തെയാണ് ഇതു കാണിക്കുന്നത്! രാജ്യവേലയുടെ വികസനത്തിന്റെ എത്ര ശക്തമായ തെളിവ്! ‘യഹോവയെ തങ്ങളുടെ വിലയേറിയ വസ്തുക്കൾ കൊണ്ട് ബഹുമാനിച്ച’ ദശലക്ഷക്കണക്കിനു യഹോവയുടെ സാക്ഷികളുടെ അകമഴിഞ്ഞ പിന്തുണയുടെ എത്ര ഈടുറ്റ സാക്ഷ്യം! (സദൃ. 3:9, NW) അങ്ങനെ, യഹോവയിൽ നിന്നുള്ള വിവിധ അനുഗ്രഹങ്ങളായ വസ്തുവകകളുടെ ഉത്തമ ഗൃഹവിചാരകന്മാരാണു തങ്ങളെന്ന് അവർ സ്വയം തെളിയിച്ചു.
ഒരു മാറ്റം ദൃഷ്ടിപഥത്തിൽ
10 1970-കളിലും 1980-കളുടെ ആരംഭത്തിലും അച്ചടി സാങ്കേതികവിദ്യ ഗണ്യമായ പുരോഗതി കൈവരിച്ചു. യഹോവയുടെ സാക്ഷികൾ പുത്തൻ അച്ചടി വിദ്യകൾ സ്വീകരിച്ചു. പരമ്പരാഗത രീതിയിലുള്ള ലറ്റർ പ്രസ്സ് അച്ചടിയായിരുന്നു അവർ നേരത്തേ ഉപയോഗിച്ചിരുന്നത്. എന്നാൽ ആധുനിക ഓഫ്സെറ്റ് അച്ചടി വിദ്യ സ്വീകരിക്കാൻ തുടങ്ങിയതോടെ ഇതിനു മാറ്റംവന്നു. തത്ഫലമായി, പഴയ ലറ്റർ പ്രസ്സിൽ അച്ചടിച്ചിരുന്ന ദ്വിവർണ ചിത്രങ്ങൾക്കു (കറുപ്പും മറ്റൊരു വർണവും) പകരം മുഴുവർണ ചിത്രങ്ങളോടു കൂടിയ അതിമനോഹരമായ പ്രസിദ്ധീകരണങ്ങൾ ഉത്പാദിപ്പിച്ചു തുടങ്ങി. തുടർന്ന്, കമ്പ്യൂട്ടർ സാങ്കേതികവിദ്യ പ്രീ പ്രസ്സ് ഓപ്പറേഷനെ (അച്ചടിക്കുള്ള ഒരുക്കങ്ങൾ) പൂർണമായും മാറ്റിമറിച്ചു. യഹോവയുടെ സാക്ഷികൾ ബഹുഭാഷാ ഇലക്ട്രോണിക്ക് ഫോട്ടോ ടൈപ്പ്സെറ്റിങ് സിസ്റ്റം (മെപ്സ്) വികസിപ്പിച്ചെടുത്തു. ഇപ്പോൾ 370-ലധികം വ്യത്യസ്ത ഭാഷകളിൽ അച്ചടി സാധ്യമാക്കുന്ന ഒരു കമ്പ്യൂട്ടർവത്കൃത സംവിധാനമാണ് ഇത്. ഇത്രയധികം ഭാഷകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിൽ മെപ്സിന്റെ അടുത്തെത്താൻ മറ്റൊരു വ്യാവസായിക പ്രോഗ്രാമിനും സാധിക്കുകയില്ല.
11 മെപ്സ് കമ്പ്യൂട്ടർ സാങ്കേതിക വിദ്യയുടെയും ഇലക്ട്രോണിക് തപാൽ പോലുള്ള മറ്റു നൂതന വിദ്യകളുടെയും സഹായത്താൽ, തക്കസമയത്ത് ആത്മീയാഹാരം ഉത്പാദിപ്പിക്കുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചിരിക്കുന്നു. പഴയ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്ന കാലത്ത്, ഇംഗ്ലീഷ് മാസികയിലെ വിവരങ്ങൾ മാസങ്ങളോ വർഷങ്ങൾ പോലുമോ കഴിഞ്ഞായിരുന്നു മറ്റു ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. ഇപ്പോൾ വീക്ഷാഗോപുരം 115 ഭാഷകളിലും ഉണരുക! 62 ഭാഷകളിലും ഏകകാലികമായി പ്രസിദ്ധീകരിക്കപ്പെടുന്നു. ലോകവ്യാപകമായി യഹോവയുടെ സാക്ഷികളുടെ പ്രതിവാര വീക്ഷാഗോപുര അധ്യയനത്തിന് സന്നിഹിതരാകുന്നവരിൽ 95 ശതമാനത്തിലധികവും ഒരേ വിവരങ്ങൾ ഒരേ സമയത്തു പഠിക്കുന്നു എന്നാണ് അതിന്റെ അർഥം. എന്തൊരനുഗ്രഹം! പുത്തൻ സാങ്കേതിക വിദ്യയ്ക്കായി പണം മുടക്കിയത് യജമാനന്റെ വസ്തുവകകളുടെ ഒരു ഉത്തമ ഉപഭോഗമായിരുന്നു എന്നതു തീർച്ചയാണ്!
സംഘടനാപരമായ വ്യത്യസ്ത ആവശ്യങ്ങൾ
12 ഈ പുതിയ അച്ചടി സംവിധാനങ്ങൾ യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക അച്ചടി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംഘടനാപരമായ വ്യത്യസ്ത ആവശ്യങ്ങളിൽ മാറ്റങ്ങൾ വരുത്തി. വെബ് ഓഫ്സെറ്റ് പ്രസ്സുകൾ പഴയ ലറ്റർ പ്രസ്സുകളെക്കാൾ വളരെ വേഗമേറിയതാണ്. എന്നാൽ അവ വളരെ ചെലവേറിയതാണ്. എഴുത്ത്, തർജമ, ആർട്ട്, ഗ്രാഫിക്സ് എന്നീ മേഖലകളിൽ പഴയ സംവിധാനങ്ങളെ അപേക്ഷിച്ച് കമ്പ്യൂട്ടർ സംവിധാനം കൂടുതൽ മെച്ചമാണെങ്കിലും അതു വളരെ ചെലവേറിയതാണ്. അതിനാൽ 51 രാജ്യങ്ങളിൽ മാസിക അച്ചടിക്കുന്നതു മേലാൽ സാമ്പത്തികമായി ഫലപ്രദമല്ലെന്ന് പെട്ടെന്നുതന്നെ പ്രകടമായി. അതുകൊണ്ട്, “വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകൻ” 1990-കളിൽ കാര്യാദികൾ പുനഃപരിശോധിച്ചു. ഫലമെന്തായിരുന്നു?
13 അച്ചടിവേല ഏകീഭവിപ്പിക്കുന്ന പക്ഷം, യഹോവയുടെ സാക്ഷികളും അവരുടെ സുഹൃത്തുക്കളും സംഭാവന ചെയ്യുന്ന “വിലയേറിയ വസ്തുക്കൾ” കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാമെന്ന് പഠനങ്ങൾ പ്രകടമാക്കി. അതുകൊണ്ട്, അച്ചടി നടത്തുന്ന ബ്രാഞ്ചുകളുടെ എണ്ണം ക്രമേണ കുറച്ചു. നേരത്തേ സ്വന്തമായി അച്ചടിച്ചിരുന്ന ചില രാജ്യങ്ങൾ ഉൾപ്പെടെ, പശ്ചിമ-പൂർവ യൂറോപ്പിലെ നിരവധി രാജ്യങ്ങൾക്കുവേണ്ട മാസികയും സാഹിത്യവും ജർമനിയിൽ അച്ചടിക്കാൻ തുടങ്ങി. ആഫ്രിക്കയുടെ ചില പ്രദേശങ്ങൾക്കും അൽബേനിയയും ഗ്രീസും ഉൾപ്പെടെ ദക്ഷിണപൂർവ യൂറോപ്പിനും വേണ്ട സാഹിത്യം ഇറ്റലിയാണു പ്രദാനം ചെയ്യുന്നത്. നൈജീരിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും വേണ്ട മാസികകൾ മാത്രമേ ആഫ്രിക്കയിൽ അച്ചടിക്കുന്നുള്ളൂ. ലോകമെമ്പാടും ഇത്തരം ഏകീകരണം നടപ്പാക്കി.
വിലയിരുത്താനുള്ള ഘടകങ്ങൾ
14 1998 ജൂലൈയോടെ ഓസ്ട്രിയ, ഗ്രീസ്, ഡെന്മാർക്ക്, നെതർലൻഡ്സ്, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നിവ ഉൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ മാസിക അച്ചടിക്കുന്നതു നിർത്തലാക്കും. യൂറോപ്പിൽ ഇറ്റലി, ജർമനി, ഫിൻലൻഡ്, ബ്രിട്ടൻ, സ്പെയിൻ, സ്വീഡൻ എന്നീ രാജ്യങ്ങളിലേ അച്ചടി ഉണ്ടായിരിക്കുകയുള്ളൂ. ഏതൊക്കെ രാജ്യങ്ങൾ അച്ചടി തുടരണമെന്നും ഏതൊക്കെ രാജ്യങ്ങൾ അച്ചടി നിർത്തലാക്കണമെന്നും തീരുമാനിച്ചതെങ്ങനെ? യജമാനന്റെ വസ്തുവകകൾക്കായി ജ്ഞാനപൂർവം കരുതാനുള്ള കൽപ്പന അനുസരിച്ചുകൊണ്ട്, ഓരോ സ്ഥലത്തും അച്ചടിക്കുന്നതിനും അതുപോലെതന്നെ വിതരണത്തിനും ആവശ്യമായ ചെലവ് “വിശ്വസ്ത . . . ഗൃഹവിചാരകൻ” ശ്രദ്ധാപൂർവം വിലയിരുത്തി. നിയമപരമായി ഏറ്റവും അനുകൂലമായ സാഹചര്യങ്ങളിൽ സാഹിത്യം അച്ചടിച്ചു വിതരണം ചെയ്യാനായി ഓരോ രാജ്യത്തെയും നിയമങ്ങളും സൂക്ഷ്മമായി പരിശോധിച്ചിരിക്കുന്നു.
15 ചില രാജ്യങ്ങളിൽ അച്ചടി നിർത്തലാക്കി മറ്റു രാജ്യങ്ങളിൽ അത് ഏകീഭവിപ്പിച്ചതിനുള്ള ഏറ്റവും മുഖ്യ കാരണം പ്രായോഗികത ആയിരുന്നു. ഒരു രാജ്യം മറ്റനേകം രാജ്യങ്ങൾക്കുവേണ്ടി സാഹിത്യം അച്ചടിക്കുന്നതു കൂടുതൽ സൗകര്യപ്രദമാണ്. കൂടാതെ വിലപിടിച്ച ഉപകരണങ്ങൾ മെച്ചമായി ഉപയോഗിക്കാനും സാധിക്കും. ചെലവു കുറവും സാധനങ്ങളുടെ ലഭ്യതയും നല്ല വിതരണ സൗകര്യങ്ങളും ഉള്ള രാജ്യങ്ങളിലാണ് ഇപ്പോൾ അച്ചടി നടത്തുന്നത്. അങ്ങനെ യജമാനന്റെ വസ്തുവകകൾ ഉചിതമായി ഉപയോഗിക്കപ്പെടുന്നു. ഒരു രാജ്യത്ത് അച്ചടി നിർത്തലാക്കി എന്നത് അവിടുത്തെ പ്രസംഗവേല അസ്തമിച്ചു എന്ന് അർഥമാക്കുന്നില്ല. അച്ചടിച്ച വിവരങ്ങൾ തുടർന്നും അവിടെ ധാരാളമായി ലഭ്യമായിരിക്കും. ആ നാടുകളിലുള്ള ആയിരക്കണക്കിനു യഹോവയുടെ സാക്ഷികൾ തങ്ങളുടെ അയൽക്കാരുമായി “സമാധാന സുവാർത്ത” പങ്കുവെക്കുന്നതിൽ തീക്ഷ്ണതയോടെ തുടരും. (എഫെ. 2:17, NW) ഈ പുനഃസംഘാടനം സാമ്പത്തിക നേട്ടങ്ങളിൽ മാത്രമല്ല മറ്റു പ്രയോജനങ്ങളിലും കലാശിച്ചിരിക്കുന്നു.
16 ഗ്രീസ്, ഡെന്മാർക്ക്, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽനിന്ന് മിക്ക ആധുനിക അച്ചടിയന്ത്രങ്ങളും നൈജീരിയയിലേക്കും ഫിലിപ്പീൻസിലേക്കും അയയ്ക്കാൻ സാധിച്ചു എന്നതാണ് ഒരു പ്രയോജനം. ഈ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ വിദഗ്ധരായ യൂറോപ്യൻ രാജ്യങ്ങളിലെ സഹോദരങ്ങൾ അതാതു രാജ്യങ്ങളിലെ പ്രാദേശിക സഹോദരങ്ങൾക്കു പരിശീലനം കൊടുക്കാനായി അവയോടൊപ്പം പോകാനുള്ള ക്ഷണം സ്വീകരിച്ചു. അതുകൊണ്ട് ആ രാജ്യങ്ങൾക്ക് മറ്റു രാജ്യങ്ങളുടേതുപോലെ ഉയർന്ന ഗുണനിലവാരമുള്ള പ്രസിദ്ധീകരണങ്ങൾ ഇപ്പോൾ ലഭ്യമാണ്.
17 മറ്റൊരു പ്രയോജനം ശ്രദ്ധിക്കൂ: മാസികകൾ അച്ചടിക്കുന്നതിനുള്ള ചെലവ്, അച്ചടി തുടരുന്ന ഏതാനും രാജ്യങ്ങളാണു വഹിക്കുന്നത്. തത്ഫലമായി, അച്ചടി നിർത്തലാക്കിയ രാജ്യങ്ങളിൽ, രാജ്യഹാൾ നിർമാണം, ദരിദ്ര ദേശങ്ങളിലുള്ള നമ്മുടെ സഹോദരങ്ങളുടെ ആവശ്യങ്ങൾക്കായി കരുതുന്നതിനു സഹായിക്കൽ എന്നിങ്ങനെയുള്ള മറ്റ് ആവശ്യങ്ങൾക്കായി ചെലവഴിക്കാൻ ഇപ്പോൾ കൂടുതൽ വിഭവങ്ങൾ ലഭ്യമാണ്. അങ്ങനെ, യജമാനന്റെ വസ്തുവകകൾ ശ്രദ്ധയോടെ ഉപയോഗിക്കുന്നത്, കൊരിന്ത്യർക്കുള്ള പൗലൊസിന്റെ പിൻവരുന്ന വാക്കുകൾ സാർവദേശീയമായ അളവിൽ കൂടുതൽ ഫലപ്രദമായി ബാധകമാക്കാൻ സാധിക്കുമെന്ന് അർഥമാക്കുന്നു: “മറ്റുളളവർക്കു സുഭിക്ഷവും നിങ്ങൾക്കു ദുർഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ. സമത്വം ഉണ്ടാവാൻ തക്കവണ്ണം . . . നിങ്ങൾക്കുളള സുഭിക്ഷം അവരുടെ ദുർഭിക്ഷത്തിന്നു ഉതകട്ടെ.”—2 കൊരി. 8:13, 14.
18 ഈ ഏകീഭവിപ്പിക്കലിന്റെ ഫലമായി, ലോകവ്യാപകമായുള്ള യഹോവയുടെ സാക്ഷികൾ മുമ്പെന്നത്തെക്കാളും കൂടുതലായി ഒരു അടുത്ത ബന്ധത്തിലേക്കു വന്നിരിക്കുന്നു. തങ്ങൾ അച്ചടിച്ചുകൊണ്ടിരുന്ന മാസികകൾ ജർമനിയിൽ അച്ചടിക്കുന്നതിൽ ഡെന്മാർക്കിലെ സാക്ഷികൾക്കു യാതൊരു പ്രശ്നവുമില്ല. ജർമൻകാരായ തങ്ങളുടെ സഹോദരങ്ങളുടെ സേവനത്തെപ്രതി അവർ വിലമതിപ്പുള്ളവരാണ്. ഡെന്മാർക്ക്, യൂക്രെയിൻ, റഷ്യ തുടങ്ങിയ മറ്റു രാജ്യങ്ങൾക്കുവേണ്ട ബൈബിൾ സാഹിത്യം ഉത്പാദിപ്പിക്കാൻ തങ്ങളുടെ സംഭാവന ഉപയോഗിക്കുന്നതിൽ ജർമനിയിലെ സഹോദരങ്ങൾക്ക് അമർഷമുണ്ടോ? ഒരിക്കലുമില്ല! പകരം, ആ രാജ്യങ്ങളിലെ തങ്ങളുടെ സഹോദരങ്ങളുടെ സംഭാവനകൾ ഇപ്പോൾ മറ്റ് അത്യാവശ്യ കാര്യങ്ങൾക്കായി ഉപയോഗിക്കാമല്ലോ എന്നറിയുന്നതിൽ അവർക്കു സന്തോഷമേയുള്ളൂ.
വസ്തുവകകൾക്കായി കരുതൽ
19 യഹോവയുടെ സാക്ഷികളുടെ ലോകമെമ്പാടുമുള്ള എല്ലാ രാജ്യഹാളുകളിലും, “സൊസൈറ്റിയുടെ ലോകവ്യാപക വേലയ്ക്കുള്ള സംഭാവനകൾ—മത്തായി 24:14” എന്നെഴുതിയ സംഭാവന പെട്ടികൾ വെച്ചിട്ടുണ്ട്. ഈ പെട്ടികളിൽ മനസ്സോടെ ഇടുന്ന സംഭാവനകൾ ആവശ്യമുള്ളിടത്തു ലഭ്യമാക്കപ്പെടുന്നു. സംഭാവനകൾ എപ്രകാരം ഉപയോഗിക്കണമെന്നു തീരുമാനിക്കുന്നത് “വിശ്വസ്ത . . . ഗൃഹവിചാരകൻ” ആണ്. അതുകൊണ്ട്, ഒരു സഭയിൽ വെച്ചിരിക്കുന്ന സംഭാവന പെട്ടിയിൽ ഇടുന്ന പണം ഒരുപക്ഷേ നൂറുകണക്കിനു കിലോമീറ്റർ അകലെയുള്ള യഹോവയുടെ സാക്ഷികളുടെ മറ്റൊരു സഭയുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു. കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, ഭൂകമ്പം, ആഭ്യന്തര യുദ്ധങ്ങൾ തുടങ്ങിയവ നിമിത്തം ദുരിതമനുഭവിക്കുന്ന സഹവിശ്വാസികൾക്ക് അടിയന്തിര സഹായം പ്രദാനം ചെയ്യാനായി സംഭാവനകൾ ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ രാജ്യത്തുടനീളം പ്രത്യേക മുഴുസമയ സേവനത്തിലുള്ളവരെ സഹായിക്കാനും ഇത്തരം സംഭാവനകൾ ഉപയോഗിക്കുന്നു.
20 യഹോവയുടെ സാക്ഷികളുടെ സഭകളിൽ ഒരു പൊതു നിയമം എന്നപോലെ, മാസത്തിൽ കേവലം ഒരു പ്രാവശ്യം മാത്രമേ പണപരമായ കാര്യങ്ങൾ സൂചിപ്പിക്കപ്പെടുന്നുള്ളൂ. അതും ഏതാനും മിനിറ്റുകൾ മാത്രം. രാജ്യഹാളുകളിലോ സമ്മേളനങ്ങളിലോ പിരിവുപാത്രങ്ങൾ കൈമാറുന്നില്ല. ഫണ്ടുകൾക്കായുള്ള യാതൊരു അഭ്യർഥനകളും വ്യക്തികൾക്ക് അയച്ചുകൊടുക്കുന്നില്ല. കൂലിക്കെടുക്കുന്ന പണപ്പിരിവുകാരില്ല. ലോകവ്യാപക വേലയ്ക്കു പിന്തുണയേകാനായി വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് അതെങ്ങനെ ചെയ്യാനാകും എന്നു വിശദീകരിക്കുന്ന ഒരു ലേഖനം മാത്രമേ സാധാരണമായി ഓരോ വർഷവും വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിക്കുന്നുള്ളൂ. സൊസൈറ്റിയുടെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് ഉണരുക!യിൽ ക്രമമായ യാതൊരു പരാമർശവുമില്ല. അപ്പോൾപ്പിന്നെ, ലോകവ്യാപകമായുള്ള ബൃഹത്തായ സുവാർത്താപ്രസംഗ വേല, ആവശ്യമുള്ള രാജ്യഹാളുകളുടെ നിർമാണം, പ്രത്യേക മുഴുസമയ സേവനത്തിലുള്ളവർക്കായി കരുതൽ, സഹായം ആവശ്യമുള്ള ക്രിസ്ത്യാനികളെ സഹായിക്കൽ എന്നിവയും മറ്റും എങ്ങനെയാണു നിർവഹിക്കപ്പെടുന്നത്? ഔദാര്യ മനോഭാവത്താൽ യഹോവ തന്റെ ജനത്തെ അത്ഭുതകരമായ വിധത്തിൽ അനുഗ്രഹിച്ചിരിക്കുന്നു. (2 കൊരി. 8:2) ‘തങ്ങളുടെ വിലയേറിയ വസ്തുക്കൾ കൊണ്ട് യഹോവയെ ബഹുമാനിക്കുന്നതിൽ’ പങ്കുള്ള എല്ലാവരോടും നന്ദിപറയാൻ ഞങ്ങൾ ഈ അവസരം വിനിയോഗിച്ചുകൊള്ളുകയാണ്. “വിശ്വസ്ത . . . ഗൃഹവിചാരകൻ” യജമാനന്റെ വസ്തുവകകൾ കാത്തു പരിപാലിക്കുന്നതിൽ തുടരുമെന്ന് അവർക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും. ലോകവ്യാപക വേലയുടെ വികസനത്തിനായുള്ള എല്ലാ ക്രമീകരണങ്ങളെയും യഹോവ തുടർന്നും അനുഗ്രഹിക്കേണ്ടതിനു നാം പ്രാർഥിക്കുന്നു.
[അടിക്കുറിപ്പുകൾ]
a ഇവയിൽ ഏഴു രാജ്യങ്ങളിൽ വ്യവസായ അച്ചടി ശാലകളിലായിരുന്നു അച്ചടി നടത്തിയിരുന്നത്.