വേല നിർവഹിക്കപ്പെടാൻ നമ്മുടെയെല്ലാം ആവശ്യമുണ്ട്
1 രാജ്യപ്രസംഗ വേലയെ പിന്തുണയ്ക്കാനും അതിൽ പങ്കെടുക്കാനുമുള്ള തന്റെ ഉദ്യമങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നു എന്ന് യേശുക്രിസ്തുവിന്റെ ഓരോ ശിഷ്യനും തിരിച്ചറിയണം. തന്റെ ശിഷ്യന്മാർ വ്യത്യസ്ത അളവിൽ രാജ്യഫലം ഉത്പാദിപ്പിക്കുമെന്നു യേശു തിരിച്ചറിഞ്ഞു. (മത്താ. 13:23) പ്രസംഗ പ്രവർത്തനത്തിന്റെ സിംഹഭാഗവും നിർവഹിക്കപ്പെടുന്നത് കഠിനാധ്വാനികളായ പയനിയർമാരാൽ ആണെങ്കിലും, തങ്ങളുടെ കഴിവിന്റെ പരമാവധി ഫലം ഉത്പാദിപ്പിച്ചുകൊണ്ട് ദൈവത്തെ തുടർന്നും മഹത്ത്വപ്പെടുത്താൻ ഉത്സാഹപൂർവം ശ്രമിക്കുന്ന ഏവരെയും അഭിനന്ദിക്കേണ്ടതുണ്ട്.—യോഹ. 15:8.
2 കൂട്ടായ ശ്രമങ്ങൾ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നു: തന്റെ ശിഷ്യന്മാരുടെ ഒത്തുചേർന്നുള്ള പ്രവർത്തനങ്ങൾ തന്റേതിലും മികച്ച ഫലങ്ങൾ ഉത്പാദിപ്പിക്കുമെന്ന് യേശു മുൻകൂട്ടി പറഞ്ഞു. (യോഹ. 14:12) നമ്മുടെ വ്യക്തിപരമായ സാഹചര്യങ്ങൾ രാജ്യപ്രസംഗ വേലയിലുള്ള നമ്മുടെ പങ്കിനെ പരിമിതപ്പെടുത്തുകയോ വർധിപ്പിക്കുകയോ ചെയ്താലും, വേല നിർവഹിക്കപ്പെടുന്നതിനു നമ്മുടെയെല്ലാം ആവശ്യമുണ്ട്. അതു പൗലൊസ് പ്രസ്താവിച്ചതു പോലെയാണ്: “ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിന്റെ അതതു വ്യാപാരത്തിന്നു ഒത്തവണ്ണം ഉതവി ലഭിപ്പാനുളള ഏതു സന്ധിയാലും സ്നേഹത്തിലുളള വർദ്ധനെക്കായി അവനിൽനിന്നു വളർച്ച പ്രാപിക്കുന്നു.”—എഫെ. 4:16.
3 തങ്ങളുടെ ശ്രമങ്ങൾ വളരെ തുച്ഛമാണല്ലോയെന്നു ചിലർ വിചാരിച്ചേക്കാം. എന്നാൽ നമ്മുടെ സേവനം മുഴുദേഹിയോടെ ഉള്ളതായിരിക്കണം എന്നതാണ് യഹോവയുടെ ദൃഷ്ടിയിൽ പ്രധാനം. നാം അവനുവേണ്ടി ചെയ്യുന്ന സകലവും വിലയേറിയതും വിലമതിക്കപ്പെടുന്നതുമാണ്.—ലൂക്കൊസ് 21:1-4 താരതമ്യം ചെയ്യുക.
4 വേല പിന്തുണയ്ക്കുന്നതിൽ തുടരുക: ലോകവ്യാപക വേലയ്ക്കു സാമ്പത്തികമായി സംഭാവന ചെയ്യാനുള്ള പദവി നമുക്കെല്ലാവർക്കും ഉണ്ട്. രാജ്യവേലയെ പിന്തുണയ്ക്കുന്നതിൽ കായികാധ്വാനത്തിലൂടെ സഹായമേകാൻ ചിലർക്കു സാധിക്കും. യോഗങ്ങളിൽ നന്നായി തയ്യാറായ അഭിപ്രായങ്ങൾ പറയാനും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പങ്കെടുക്കാനും ഓരോ വ്യക്തിക്കും പ്രയത്നിക്കാനാകും. പരസ്പരം പ്രോത്സാഹിപ്പിക്കാനുള്ള അവസരങ്ങൾ മുതലാക്കുകവഴി, നാം സഭയുടെ ആത്മീയതയ്ക്കു വിലയേറിയ സംഭാവന നൽകുന്നു. സഭയെ ഭരമേൽപ്പിച്ചിരിക്കുന്ന വേല നിർവഹിക്കാൻ അത് കൂടുതൽ സഹായമേകുന്നു.
5 അതേ, വേല നിർവഹിക്കപ്പെടാൻ നമ്മുടെയെല്ലാം ആവശ്യമുണ്ട്. പ്രസ്തുത സംരംഭത്തിൽ തന്റെ ആവശ്യമില്ലെന്ന് ആരും കരുതരുത്. യഹോവയെ സേവിക്കുന്നതിലുള്ള, ചെറുതും വലുതുമായ നമ്മുടെ സംയുക്ത ശ്രമം ദൈവത്തിന്റെ സത്യാരാധകരുടെ ഒരേയൊരു ഗണമെന്ന നിലയിൽ നമ്മെ വ്യതിരിക്തരാക്കുന്നു. (മലാ. 3:18) യഹോവയെ ബഹുമാനിക്കുന്നതിലും അവനെ അറിഞ്ഞ്, സേവിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിലും നമുക്കോരോരുത്തർക്കും അർഥവത്തായ പങ്കുവഹിക്കാനാകും.