നമുക്കു വലിയ പ്രവൃത്തികൾ ചെയ്യാനാകും
1 യേശുക്രിസ്തുവിന്റെ ശുശ്രൂഷയുടെ സവിശേഷത ആയിരുന്നു ശ്രദ്ധേയമായ പ്രവൃത്തികൾ. അവൻ ആയിരക്കണക്കിന് ആളുകളെ അത്ഭുതകരമായി പോഷിപ്പിച്ചു, നിരവധി ആളുകളെ സുഖപ്പെടുത്തി, മരിച്ചുപോയ ചിലരെ ഉയിർപ്പിക്കുകയും ചെയ്തു. (മത്താ. 8:1-17; 14:14-21; യോഹ. 11:38-44) അവന്റെ പ്രവർത്തനം ഒരു വൻ ജനതയുടെതന്നെ ശ്രദ്ധ പിടിച്ചുപറ്റി. എന്നിരുന്നാലും, തന്റെ മരണത്തിന്റെ തലേ സായാഹ്നത്തിൽ അവൻ തന്റെ വിശ്വസ്ത അനുഗാമികളോട് ഇങ്ങനെ പറഞ്ഞു: “ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; . . . അതിൽ വലിയതും അവൻ ചെയ്യും.” (യോഹ. 14:12) നമുക്ക് എപ്രകാരം “വലിയ” പ്രവൃത്തികൾ ചെയ്യാനാകും?
2 കൂടുതൽ പ്രദേശം പ്രവർത്തിച്ചു തീർക്കുന്നതിനാൽ: യേശുവിന്റെ പ്രവർത്തന മണ്ഡലം പലസ്തീൻ മാത്രമായിരുന്നു. എന്നാൽ അവന്റെ ആദ്യകാല ശിഷ്യരോടു ‘ഭൂമിയുടെ അറ്റത്തോളം,’ അതായത് യേശു പ്രസംഗിച്ചതിനെക്കാൾ കൂടുതൽ വ്യാപകമായി സാക്ഷീകരിക്കാൻ അവൻ പറയുകയുണ്ടായി. (പ്രവൃ. 1:8) അവൻ തുടങ്ങിവെച്ച പ്രസംഗ വേല ഇപ്പോൾ ഗോളവ്യാപകമായിരിക്കുന്നു. അതേ, 232 രാജ്യങ്ങളിൽത്തന്നെ. (മത്താ. 24:14) നിങ്ങളുടെ സഭയുടെ നിയമിത പ്രദേശത്തു പ്രവർത്തിക്കുന്നതിൽ നിങ്ങൾക്കു പൂർണമായ ഒരു പങ്കുണ്ടോ?
3 കൂടുതൽ ആളുകളെ സമീപിക്കുന്നതിനാൽ: താരതമ്യേന വളരെ കുറച്ച് ശിഷ്യരെയാണ് യേശു, തനിക്കു ശേഷം പ്രസംഗ വേല തുടരാൻ ഏൽപ്പിച്ചത്. പൊ.യു. 33-ലെ പെന്തക്കോസ്തിൽ അവർ സതീക്ഷ്ണം സാക്ഷീകരിച്ചതിന്റെ ഫലമായി മൂവായിരത്തോളം ആളുകൾ സത്യം സ്വീകരിച്ചു സ്നാപനമേറ്റു. (പ്രവൃ. 2:1-11, 37-41) ‘നിത്യജീവനായി ശരിയായ മനോനിലയുള്ളവരുടെ’ ഈ കൂട്ടിച്ചേർക്കൽ നാളിതുവരെ തുടർന്നിരിക്കുന്നു. ഇപ്പോൾ ദിവസവും ശരാശരി 1,000-ത്തിലധികം ആളുകൾ സ്നാപനമേൽക്കുന്നുണ്ട്. (പ്രവൃ. 13:48, NW) പരമാർഥ ഹൃദയരായ ആളുകളെ കണ്ടുമുട്ടിയേക്കാവുന്ന എവിടെയും അവരെ സമീപിക്കുന്നതിനും കഴിവതും നേരത്തേതന്നെ താത്പര്യക്കാരുടെ അടുക്കൽ മടങ്ങിച്ചെല്ലുന്നതിനും നിങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടോ?
4 കൂടുതൽ കാലം പ്രസംഗിക്കുന്നതിനാൽ: യേശുവിന്റെ ഭൗമിക ശുശ്രൂഷയുടെ ദൈർഘ്യം മൂന്നര വർഷമായിരുന്നു. നമ്മിൽ മിക്കവരും പ്രസംഗവേലയിൽ ഏർപ്പെടാൻ തുടങ്ങിയിട്ട് അതിലുമേറെ വർഷങ്ങളായിരിക്കുന്നു. ഈ വേല തുടരാൻ യഹോവ അനുവദിക്കുന്നിടത്തോളം കാലം, ജീവനിലേക്കു നയിക്കുന്ന പാതയിലൂടെ ചരിക്കാൻ ഓരോ പുതിയ ശിഷ്യനെയും സഹായിക്കാൻ നാം സന്തോഷമുള്ളവരാണ്. (മത്താ. 7:14) ഓരോ മാസവും കർത്താവിന്റെ വേലയിൽ നിങ്ങൾ വർധിച്ചു വരുന്നുവോ?—1 കൊരി. 15:58.
5 യേശുവിന്റെ പിന്തുണയോടെ, അവന്റെ യഥാർഥ ശിഷ്യന്മാർ എന്ന നിലയിൽ നാം വലിയ പ്രവൃത്തികൾ ചെയ്യുമെന്നു നമുക്ക് ദൃഢവിശ്വാസം ഉള്ളവരായിരിക്കാം.—മത്താ. 28:19, 20.