പയനിയർമാർക്കുള്ള മണിക്കൂർ വ്യവസ്ഥയിലെ ഭേദഗതി
1 കഠിനവേല ചെയ്യുന്ന നിരന്തര, സഹായ പയനിയർമാർ സഭയിൽ ഉണ്ടായിരിക്കുന്നതു നാമെല്ലാം വിലമതിക്കുന്നു. പ്രദേശം പരിമിതവും അതേസമയം ക്രമമായും സമഗ്രമായും പ്രവർത്തിക്കപ്പെടുന്നതും ആയിരിക്കുന്നിടത്തു പോലും, പയനിയർമാർ തീക്ഷ്ണമായ രാജ്യസേവനത്താൽ വളരെ നല്ല മാതൃക വെച്ചിരിക്കുന്നു. “ശരിയായ മനോനില” ഉള്ളവരെ അന്വേഷിക്കുന്നതിൽ തിരക്കുള്ളവരായി തുടരാൻ അവർ എല്ലാ പ്രസാധകരെയും പ്രോത്സാഹിപ്പിച്ചിരിക്കുന്നു.—പ്രവൃ. 13:48, NW.
2 വ്യക്തിപരമായ ആവശ്യങ്ങൾക്കായി കരുതാനും അങ്ങനെ മുഴുസമയ സേവനത്തിൽ തുടരാനും തങ്ങളെ പര്യാപ്തമാക്കുന്ന ഒരു അംശകാല ജോലി കണ്ടെത്തുന്നത് ഉൾപ്പെടെ പയനിയർമാർ അഭിമുഖീകരിക്കുന്ന വർധിച്ചുവരുന്ന പ്രശ്നങ്ങൾ സൊസൈറ്റി നിരീക്ഷിച്ചിട്ടുണ്ട്. പയനിയർ വേലയിൽ പ്രവേശിക്കുക എന്നതു മറ്റ് അനേകരുടെയും ഹൃദയംഗമമായ ആഗ്രഹമാണെങ്കിലും, നിലവിലിരിക്കുന്ന സാമ്പത്തിക സ്ഥിതിവിശേഷം നിമിത്തം അനേക ദേശങ്ങളിലും അത് ഏറെ പ്രയാസകരം ആയിത്തീർന്നിരിക്കുന്നു. ഇക്കഴിഞ്ഞ മാസങ്ങളിൽ ഇതും മറ്റു ഘടകങ്ങളും അവധാനപൂർവം പരിചിന്തിക്കപ്പെടുകയുണ്ടായി.
3 മേൽപ്പറഞ്ഞതിന്റെ വീക്ഷണത്തിൽ, നിരന്തര, സഹായ പയനിയർമാർക്കുള്ള മണിക്കൂർ വ്യവസ്ഥയിൽ സൊസൈറ്റി കുറവു വരുത്തിയിരിക്കുന്നു. 1999 കലണ്ടർ വർഷം മുതൽ, നിരന്തര പയനിയർമാർക്കായി വ്യവസ്ഥ ചെയ്തിരിക്കുന്നതു മാസം 70 മണിക്കൂർ അല്ലെങ്കിൽ വർഷം 840 മണിക്കൂർ ആണ്. സഹായ പയനിയർമാർക്കായി വ്യവസ്ഥ ചെയ്തിരിക്കുന്നതു മാസം 50 മണിക്കൂർ ആണ്. എന്നാൽ, പ്രത്യേക പയനിയർമാർക്കും മിഷനറിമാർക്കും ഉള്ള മണിക്കൂർ വ്യവസ്ഥയ്ക്കു മാറ്റമില്ല. അവരുടെ അടിസ്ഥാന ഭൗതിക ആവശ്യങ്ങൾക്കായി സൊസൈറ്റി കരുതുന്നുണ്ട്. ആയതിനാൽ, അവർക്കു തങ്ങളുടെ പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ കൂടുതൽ തികവോടെ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്.
4 മണിക്കൂർ വ്യവസ്ഥയിലെ ഈ ഭേദഗതി, കൂടുതൽ പയനിയർമാരെ ഈ അമൂല്യ സേവന പദവി മുറുകെ പിടിക്കാൻ സഹായിക്കുമെന്നു പ്രത്യാശിക്കുന്നു. ഇനിയും ഏറെ പ്രസാധകർ നിരന്തര, സഹായ പയനിയർ വേല ഏറ്റെടുക്കാനും ഇതു വഴി തുറക്കേണ്ടതാണ്. സഭയിലെ എല്ലാവർക്കും ഇത് എന്തൊരു അനുഗ്രഹമെന്നു തെളിയും!