ക്ഷമ—ഇത്ര വിരളമായിരിക്കുന്നത് എന്തുകൊണ്ട്?
എമീലിയോ തന്റെ 60-കളിലായിരുന്നു.a ഒരു ദുഃഖകരമായ കൃത്യത്തിന്—പ്രായപൂർത്തിയായ മകനെ അടക്കം ചെയ്യാൻ—അവാഹുവിൽ വന്നതായിരുന്നു അദ്ദേഹം. കുന്നുംപുറത്തുള്ള ശാന്തമായ ഒരു തെരുവിലൂടെ ചില സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുകൊണ്ടു നടന്നപ്പോൾ ഒരു സ്വകാര്യ ഭവനത്തിലേക്കുള്ള റോഡിലൂടെ ഒരു കാറ് വളരെ വേഗതയിൽ പുറകോട്ടെടുത്തത് എമീലിയോയെ പരിഭ്രാന്തനാക്കി. കാറ് അദ്ദേഹത്തെ ഏതാണ്ട് ഇടിച്ചുവെന്ന മട്ടിലായി. കോപം മൂത്ത്, അക്ഷമനായി എമീലിയോ ഡ്രൈവറുടെ നേരെ ആക്രോശിച്ചുകൊണ്ട് കാറിനിട്ട് ഒരടികൊടുത്തു. അതേത്തുടർന്നു വാക്കേറ്റമായി. ഡ്രൈവർ എമീലിയോയെ തള്ളിയിട്ടെന്നു തോന്നുന്നു. അദ്ദേഹം പരുപരുത്ത തറയിൽ തലയിടിച്ചു വീണു. തലയിൽ ക്ഷതമേറ്റ എമീലിയോ ഏതാനും ദിവസങ്ങൾക്കകം മരിച്ചുപോയി. എന്തൊരു ദുഃഖകരമായ ഫലം!
ക്ഷമയെന്ന ഗുണം വിരളമായിരിക്കുന്ന ഒരു ലോകത്താണു നാം ജീവിക്കുന്നത്. അമിതവേഗത്തിൽ വണ്ടിയോടിക്കുന്ന ഡ്രൈവർമാർ കൂടിക്കൂടിവരുകയാണ്. ചിലർ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ—വളരെ അടുത്ത്—പരിധിവിട്ടുള്ള വേഗതയിലും. മറ്റു ചിലരാണെങ്കിൽ വണ്ടി വെട്ടിച്ചോടിക്കുന്നു, കാരണം മറ്റൊരു വാഹനത്തിന്റെ പിന്നിലാകുന്നത് അവർക്ക് അസഹനീയമാണ്. വീട്ടിൽ കുടുംബാംഗങ്ങൾ കോപത്തിന്റെ അണക്കെട്ടു തുറന്നു വിടുകയും അക്രമാസക്തരായിത്തീരുകയും ചെയ്തേക്കാം. ചില ക്രിസ്ത്യാനികൾ പോലും തങ്ങളുടെ ആത്മീയ സഹോദരങ്ങളുടെ കുറ്റങ്ങളും കുറവുകളും നിമിത്തം അമിതമായി അസ്വസ്ഥരായെന്നു വരാം.
ക്ഷമ ഇത്ര വിരളമായിരിക്കുന്നത് എന്തുകൊണ്ട്? എല്ലായ്പോഴും അത് അങ്ങനെയായിരുന്നോ? നമ്മുടെ നാളുകളിൽ ക്ഷമയുള്ളവരായിരിക്കുന്നത് ഇത്രമാത്രം പ്രയാസകരമായിരിക്കുന്നത് എന്തുകൊണ്ട്?
അക്ഷമയുടെ ദൃഷ്ടാന്തങ്ങൾ
നിർണായകമായ ഒരു തീരുമാനം എടുക്കുന്നതിനുമുമ്പ് ഭർത്താവുമായി പര്യാലോചിക്കാൻ കാത്തുനിൽക്കാഞ്ഞ ഒരു സ്ത്രീയെപ്പറ്റി ബൈബിൾ പറയുന്നു. അവളുടെ പേര് ഹവ്വാ എന്നായിരുന്നു. ആദാമിനുവേണ്ടി കാത്തുനിൽക്കാതെ ഒരുപക്ഷേ ഭാഗികമായി അക്ഷമമൂലം അവൾ വിലക്കപ്പെട്ട കനി ഭക്ഷിച്ചു. (ഉല്പത്തി 3:1-6) അവളുടെ ഭർത്താവിനെ സംബന്ധിച്ചെന്ത്? സഹായത്തിനോ മാർഗദർശനത്തിനോവേണ്ടി തന്റെ സ്വർഗീയ പിതാവായ യഹോവയെ ആദ്യം സമീപിക്കാതെ ഹവ്വായെ പിന്തുടരുന്ന കാര്യത്തിൽ അവനും അക്ഷമ പ്രകടിപ്പിച്ചിരിക്കാം. അവരുടെ അത്യാഗ്രഹം, ഒരുപക്ഷേ പാപത്തിലേക്കു നയിക്കാനിടയാക്കിയ അക്ഷമ സഹിതം, നമുക്കെല്ലാം മാരകമായ ഫലങ്ങൾ ഉളവാക്കിയിരിക്കുന്നു. അഹംഭാവവും അക്ഷമയും ഉൾപ്പെടെ പാപം ചെയ്യാനുള്ള പ്രവണത അവരിൽനിന്നു നമുക്കും അവകാശമായി ലഭിച്ചിരിക്കുന്നു.—റോമർ 5:12.
നമ്മുടെ ആദ്യ മാതാപിതാക്കൾ പാപം ചെയ്ത് ഏകദേശം 2,500 വർഷങ്ങൾക്കു ശേഷം ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായിരുന്ന ഇസ്രായേല്യർ തുടർച്ചയായി ആഴമായ അവിശ്വാസവും അക്ഷമയും പ്രകടമാക്കി. യഹോവ അവരെ ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് അത്ഭുതകരമായി രക്ഷിച്ചുവെങ്കിലും അവർ “അവന്റെ പ്രവൃത്തികളെ മറന്നു; അവന്റെ ആലോചനെക്കു കാത്തിരുന്നതുമില്ല.” (സങ്കീർത്തനം 106:7-14) അവർ അക്ഷമരായിരുന്നതിനാൽ വീണ്ടും വീണ്ടും ഗുരുതരമായ തെറ്റുകൾ ചെയ്യുകയുണ്ടായി. അവർ പൊന്നുകൊണ്ടുള്ള ഒരു കാളക്കുട്ടിയെ ഉണ്ടാക്കി അതിനെ ആരാധിക്കാൻ തുടങ്ങി; അവർക്കുവേണ്ടിയുള്ള യഹോവയുടെ ഭൗതിക കരുതലായ മന്നായെപ്പറ്റി അവർ മുറുമുറുത്തു; കൂടാതെ, അവരിലനേകർ യഹോവയുടെ ദിവ്യ നിയുക്ത പ്രതിനിധിയായ മോശക്കെതിരെപോലും മത്സരിച്ചു. വാസ്തവമായും, അവരുടെ അക്ഷമ അവരെ ദുരന്തത്തിലേക്കും നാശത്തിലേക്കും നയിച്ചു.
ഇസ്രായേലിന്റെ ആദ്യത്തെ മാനുഷ രാജാവായിരുന്ന ശൗലിന് തന്റെ പുത്രൻമാർ രാജകീയ പിൻഗാമികളാകുന്നതിനുള്ള അവസരം നഷ്ടമായി. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, യഹോവക്കു ബലിയർപ്പിക്കേണ്ടിയിരുന്ന പ്രവാചകനായ ശമുവേലിനുവേണ്ടി അവൻ കാത്തിരുന്നില്ല. ശമുവേൽ വരുന്നതിനു മുമ്പായി ബലിയർപ്പിക്കാൻ മനുഷ്യഭയം ശൗലിനെ ഇടയാക്കി. താൻ ബലിയർപ്പിച്ചു കഴിഞ്ഞയുടനെ ശമുവേൽ ആഗതനായിരിക്കുന്നതു കണ്ട ശൗലിന്റെ അവസ്ഥ ഒന്ന് ഊഹിച്ചുനോക്കൂ! ഏതാനും നിമിഷം കൂടെ അവൻ കാത്തിരുന്നെങ്കിൽ!—1 ശമൂവേൽ 13:6-14.
തിരക്കിട്ടു ഫലം ഭക്ഷിക്കുന്നതിനു മുമ്പ് ഹവ്വാ ആദാമിനുവേണ്ടി കാത്തിരുന്നെങ്കിൽ! യഹോവയുടെ ബുദ്ധ്യുപദേശത്തിനുവേണ്ടി ഇസ്രായേല്യർ കാത്തിരിക്കാൻ ഓർത്തിരുന്നെങ്കിൽ! അതേ, ക്ഷമ അവരെയും നമ്മെയും അനേകം ദുഃഖത്തിൽനിന്നും വേദനയിൽനിന്നും രക്ഷിച്ചേനേ.
അക്ഷമക്കുള്ള കാരണങ്ങൾ
ഇന്ന് അക്ഷമക്കുള്ള ഒരു പ്രധാന കാരണം മനസ്സിലാക്കാൻ ബൈബിൾ നമ്മെ സഹായിക്കുന്നു. നമ്മുടെ തലമുറ “ദുർഘടസമയങ്ങ”ളിൽ ജീവിക്കുന്നതായി രണ്ടു തിമൊഥെയൊസ് 3-ാം അധ്യായം വിശദീകരിക്കുന്നു. മനുഷ്യർ “സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും . . . അജിതേന്ദ്രിയൻമാരും ഉഗ്രൻമാരും സൽഗുണദ്വേഷികളും” ആയിരിക്കുമെന്ന് അതു പറയുന്നു. (2-ഉം 3-ഉം വാക്യങ്ങൾ) അത്തരം അത്യാഗ്രഹവും സ്വാർഥ മനോഭാവവും അനേകരുടെയും ഹൃദയങ്ങളെയും മനസ്സുകളെയും ബാധിക്കുന്നു. അത് സകലർക്കും, ക്രിസ്ത്യാനികൾക്കുപോലും ക്ഷമ പ്രകടിപ്പിക്കുക പ്രയാസകരമാക്കിത്തീർക്കുന്നു. ലോകക്കാരായ ആളുകൾ അമിത വേഗത്തിൽ വണ്ടിയോടിക്കുകയോ വെട്ടിച്ചുകയറുകയോ നമ്മെ പരിഹസിക്കുകയോ ചെയ്യുമ്പോൾ നാം ക്ഷമയുടെ നെല്ലിപ്പലക കണ്ടെന്നുവരാം. അവരെ അനുകരിക്കുന്നതിനോ അവരോടു പ്രതികാരം ചെയ്യുന്നതിനോ നാം പ്രലോഭിപ്പിക്കപ്പെട്ടേക്കാം. അങ്ങനെ നാം അവരുടെ സ്വാർഥമായ അത്യാഗ്രഹത്തിന്റെ നിലവാരത്തിലേക്കു തരംതാഴുകയാണ്.
നമ്മുടെതന്നെ തെറ്റിധാരണയാണു ചിലപ്പോഴൊക്കെ നമ്മുടെ ക്ഷമ കെടുന്നതിനു കാരണം. എടുത്തുചാടിയുള്ള, തെറ്റായ ന്യായവാദവും അക്ഷമയുള്ള, കോപാകുലമായ പെരുമാറ്റവും തമ്മിലുള്ള ബന്ധം ജ്ഞാനിയായ ശലോമോൻ രാജാവ് വിവരിക്കുന്നതെങ്ങനെയെന്നു ശ്രദ്ധിക്കുക. “ഗർവ്വമാനസനെക്കാൾ ക്ഷമാമാനസൻ ശ്രേഷ്ഠൻ. നിന്റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുതു; മൂഢൻമാരുടെ മാർവ്വിൽ അല്ലോ നീരസം വസിക്കുന്നതു.” (സഭാപ്രസംഗി 7:8, 9) ഒരു സാഹചര്യം സംബന്ധിച്ചു നടപടി സ്വീകരിക്കുന്നതിനു മുമ്പ് അതേപ്പറ്റി സൂക്ഷ്മമായ മുഴു വിവരവും നേടാൻ സമയം കണ്ടെത്തുന്നുവെങ്കിൽ നാം മറ്റുള്ളവരെപ്രതി കൂടുതൽ സഹാനുഭൂതിയും അനുകമ്പയും ക്ഷമയുമുള്ളവരായിരിക്കാൻ ഏറെ സാധ്യതയുണ്ട്. നേരേമറിച്ച് അഹങ്കാരമുള്ള, സ്വാർഥ മനോഭാവം ഇടുങ്ങിയ ചിന്താഗതിയും അക്ഷമയും കടുത്ത വിദ്വേഷവും ഉള്ളവരായിരിക്കാൻ ഇടവരുത്തും—മുറുമുറുത്തുകൊണ്ട് മോശയെ പീഡിപ്പിച്ച, നിർദാക്ഷിണ്യം പെരുമാറിയ ഇസ്രായേല്യരെപ്പോലെതന്നെ.—സംഖ്യാപുസ്തകം 20:2-5, 10.
യഹോവയിൽനിന്ന് അകന്നു നിൽക്കുന്നതിന്റെ ഫലമായുള്ള പ്രത്യാശാരഹിതമായ അവസ്ഥയാണ് ഈ ലോകത്തിൽ ക്ഷമാരാഹിത്യത്തിന്റെ വർധനവിനു മറ്റൊരു കാരണം. മനുഷ്യൻ യഹോവയിൽ പ്രത്യാശിക്കേണ്ടതിന്റെ ആവശ്യം ഇങ്ങനെ പ്രകടമാക്കി: “ദൈവത്തെ നോക്കി മൌനമായിരിക്ക; എന്റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു. (സങ്കീർത്തനം 62:5) യഹോവയെ അറിയാത്ത അനേകർക്ക് പരിമിതമായ, അവ്യക്തമായ വീക്ഷണമേ ഉള്ളൂ, തൻമൂലം, തങ്ങളുടെ കാലം കഴിയുന്നതിനുമുമ്പ് സന്തോഷത്തിന്റെ ഓരോ കണങ്ങളും തട്ടിയെടുക്കാൻ അവർ ശ്രമിക്കുന്നു. തങ്ങളുടെ ആത്മീയ പിതാവായ പിശാചായ സാത്താനെപ്പോലെ അവരും തങ്ങളുടെ പ്രവൃത്തികൾ മററുള്ളവരെ എങ്ങനെ വേദനിപ്പിച്ചേക്കാമെന്നൊന്നും അത്ര കാര്യമാക്കാറില്ല.—യോഹന്നാൻ 8:44; 1 യോഹന്നാൻ 5:19.
ക്ഷമ ഇന്നു വിരളമായിരിക്കുന്നതിൽ ഒട്ടും അതിശയിക്കാനില്ല. ഈ ദുഷ്ട, സ്വാർഥ വ്യവസ്ഥിതി, അതിന്റെ ദൈവമായ സാത്താൻ, നമ്മുടെ വീഴ്ചഭവിച്ച ജഡത്തിന്റെ പാപപങ്കിലമായ പ്രവണതകൾ എന്നിവ ക്ഷമയുള്ളവരായിരിക്കുക എന്നത് സകലർക്കും, ആത്മാർഥതയുള്ളവർക്കുപോലും, പ്രയാസകരമാക്കിത്തീർക്കുന്നു. എന്നിട്ടും, “ദീർഘക്ഷമയോടിരിപ്പിൻ” എന്നു ബൈബിൾ നമ്മെ അനുശാസിക്കുന്നു, പ്രത്യേകിച്ചും ദൈവത്തിന്റെ ഉദ്ദേശ്യപ്രാപ്തിയോടുള്ള ബന്ധത്തിൽ. (യാക്കോബ് 5:8) ക്ഷമ ഇത്ര വിലയേറിയതായിരിക്കുന്നത് എന്തുകൊണ്ട്? നമുക്ക് എന്തെല്ലാം പ്രതിഫലങ്ങൾ കൈവരുത്താൻ അതിനു കഴിയും?
ക്ഷമ—വിലയേറിയതായിരിക്കുന്നതിനു കാരണം
“ക്ഷമയോടെ കാത്തിരിക്കുന്നവരെ അവസരങ്ങൾ തേടിയെത്തുന്നു.” ആംഗലേയ കവിയായിരുന്ന ജോൺ മിൽട്ടൺ മുന്നൂറു വർഷങ്ങൾക്കുമുമ്പ് “അയാളുടെ അന്ധതയിൽ” (ഇംഗ്ലീഷ്) എന്ന അദ്ദേഹത്തിന്റെ ഗീതകത്തിൽ ഉരുവിട്ട പദങ്ങളാണ് അത്. തന്റെ നാൽപ്പതുകളിൽ അന്ധനായതുമൂലം ദൈവത്തെ മുഴുവനായി സേവിക്കാൻ കഴിയാത്തതിലുള്ള ഇച്ഛാഭംഗവും ഉത്കണ്ഠയും അദ്ദേഹം കവിതയിൽ ആദ്യം പ്രകടമാക്കിയിരുന്നു. എങ്കിലും മേലുദ്ധരിച്ച കവിതയുടെ അവസാന വരിയിൽ പ്രതിഫലിച്ചിരിക്കുന്നപോലെ, കഷ്ടതകൾ ക്ഷമാപൂർവം സഹിക്കുകയും ലഭ്യമായ സേവന അവസരങ്ങൾ തേടുകയും ചെയ്തുകൊണ്ട് ഒരുവനു ദൈവത്തെ ആരാധിക്കാൻ കഴിയുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ദൈവത്തിൽ ക്ഷമാപൂർവം ആശ്രയിക്കുന്നതിന്റെ മൂല്യം മിൽട്ടൺ തിരിച്ചറിഞ്ഞു.
നമ്മിൽ മിക്കവർക്കും നല്ല കാഴ്ചശക്തി ഉണ്ടായിരുന്നേക്കാം, എങ്കിലും നമ്മെ കോപിഷ്ടരും ഉത്കണ്ഠയുള്ളവരും ആക്കിത്തീർത്തേക്കാവുന്ന പരിമിതികൾ നമുക്കെല്ലാം ഉണ്ട്. നമുക്ക് എങ്ങനെ ക്ഷമ കൈവരിക്കയും അഭ്യസിക്കുകയും ചെയ്യാനാവും?
പ്രോത്സാഹജനകമായ ദൃഷ്ടാന്തങ്ങൾ
ബൈബിൾ ക്ഷമയുടെ പല ഉത്തമ ദൃഷ്ടാന്തങ്ങൾ നമുക്കു പ്രദാനം ചെയ്യുന്നു. യഹോവയുടെ ക്ഷമ കോടിക്കണക്കിന് ആളുകൾക്കു നിത്യജീവൻ സാധ്യമാക്കിത്തീർക്കുന്നു. (2 പത്രൊസ് 3:9, 15) തന്റെ നുകം ഏറ്റുകൊണ്ട് “[നമ്മുടെ] ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തു”വാൻ നമുക്കു നൽകുന്ന ദയാപുരസ്സരമായ ക്ഷണത്തിൽ യേശു തന്റെ പിതാവിന്റെ അത്ഭുതകരമായ ക്ഷമ പൂർണതയിൽ പ്രതിഫലിപ്പിക്കുന്നു. (മത്തായി 11:28-30) യഹോവയുടെയും യേശുവിന്റെയും ദൃഷ്ടാന്തങ്ങളെപ്പറ്റി ധ്യാനിക്കുന്നത് കൂടുതൽ ക്ഷമയുള്ളവരായിരിക്കാൻ നമ്മെ സഹായിക്കും.
കോപാകുലനും വിദ്വേഷമുള്ളവനും പ്രതികാരമനോഭാവമുള്ളവനും ആയിരിക്കാൻ തക്ക കാരണമുണ്ടായിരുന്ന ഒരുവനാണു യാക്കോബിന്റെ മകനായ യോസേഫ്. അവന്റെ സഹോദരങ്ങൾ അവനോടു തികച്ചും അന്യായമായി പെരുമാറുകയും അവനെ കൊല്ലാൻ ഗൂഢാലോചന ചെയ്യുകയും ഒടുവിൽ അവനെ അടിമയായി വിറ്റുകളയുകയും ചെയ്തു. ഈജിപ്തിൽ അവൻ മനസ്സാക്ഷിപൂർവം വിശ്വസ്തതയോടെ പോത്തീഫറിനെ സേവിച്ചിട്ടും യോസേഫ് അന്യായമായി കുറ്റം ചുമത്തപ്പെടുകയും തടവിലാക്കപ്പെടുകയുമുണ്ടായി. അവൻ ക്ഷമാപൂർവം സകല കഷ്ടതകളും സഹിച്ചു, അത്തരം പരിശോധനകൾ യഹോവയുടെ ഉദ്ദേശ്യം നിവർത്തിക്കാൻ ഉതകിയേക്കുമെന്ന് അവൻ ഒരുപക്ഷേ മനസ്സിലാക്കിയിരിക്കും. (ഉല്പത്തി 45:5) യോസേഫ് താഴ്മയും സഹാനുഭൂതിയും സഹിതം വിശ്വാസവും പ്രത്യാശയും നട്ടുവളർത്തിയതുകൊണ്ട് വളരെ പീഡനാത്മകമായ സാഹചര്യങ്ങളിലും അവനു ക്ഷമ പ്രകടിപ്പിക്കാൻ കഴിഞ്ഞു.
മറ്റൊരു പ്രധാന സഹായി യഹോവയുടെ പരിശുദ്ധാത്മാവാണ്. ഉദാഹരണത്തിന്, നമുക്ക് പൊട്ടിത്തെറിക്കുന്ന സ്വഭാവവും മെരുക്കമില്ലാത്ത നാവുമുണ്ടെങ്കിൽ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കാം, തൻമൂലം നമുക്ക് അതിന്റെ ഫലം നട്ടുവളർത്താം. ദീർഘക്ഷമയും ആത്മനിയന്ത്രണവും പോലുള്ള ഈ ഫലങ്ങളെപ്പറ്റി ധ്യാനിക്കുന്നത് അവ ക്ഷമയുമായി എങ്ങനെ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കും.—ഗലാത്യർ 5:22, 23.
ക്ഷമയുടെ പ്രതിഫലങ്ങൾ
ക്ഷമയുള്ളവരായിരിക്കുന്നത് നമുക്ക് അനേകം പ്രയോജനങ്ങൾ കൈവരുത്തും. അതു നമ്മുടെ സ്വഭാവഗുണങ്ങളെ ബലപ്പെടുത്തുകയും വീണ്ടുവിചാരമില്ലാത്ത, മൗഢ്യമായ പ്രവൃത്തികൾ ചെയ്യുന്നതിൽനിന്നു നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. പ്രയാസകരമോ സമ്മർദകരമോ ആയ സാഹചര്യങ്ങളിൽ എടുപിടീന്നു പെരുമാറിയതിന്റെ ഫലമായി നമ്മിൽ ആരാണ് ദോഷകരമായ തെറ്റു ചെയ്യാതിരുന്നിട്ടുള്ളത്? നാം നിർദാക്ഷിണ്യം സംസാരിക്കുകയോ പരുഷമായ രീതിയിൽ പെരുമാറുകയോ ചെയ്തിട്ടുണ്ടാവാം. പ്രിയപ്പെട്ട ഒരാളുമായി നടന്ന ഒരു നിസ്സാര സംഭവം വിട്ടുകൊടുക്കാത്ത മത്സരത്തിൽ കലാശിക്കാൻ നാം അനുവദിച്ചിട്ടുണ്ടാവാം. വളരെയധികം കോപത്തിനും ഇച്ഛാഭംഗത്തിനും വേദനയ്ക്കും ശേഷം നാം ‘ഞാൻ അൽപ്പം കൂടെ ക്ഷമയുള്ളവനായിരുന്നെങ്കിൽ’ എന്നു വ്യസനത്തോടെ ചിന്തിച്ചിട്ടുണ്ടാവാം. ക്ഷമ പ്രകടിപ്പിക്കുന്നതു സകലവിധ ദുഃഖങ്ങളിൽനിന്നും നമ്മെ സംരക്ഷിക്കുന്നു. ആ വസ്തുതതന്നെ നമ്മുടെ ജീവിതത്തിൽ നമുക്കു കൂടുതൽ സമാധാനവും സ്ഥിരതയും സംതൃപ്തിയും പ്രദാനം ചെയ്യുന്നു.—ഫിലിപ്പിയർ 4:5-7.
ക്ഷമയുള്ളവരായിരിക്കുന്നത് നമുക്ക് ശാന്തമായ, ആശ്രയയോഗ്യമായ ഹൃദയമുണ്ടായിരിക്കുന്നതിനും നമ്മെ സഹായിക്കുന്നു. ഇത് ശാരീരികവും വൈകാരികവും ആത്മീയവുമായി നല്ല ആരോഗ്യം ആസ്വദിക്കുന്നതിന് ഇടയാക്കുന്നു. (സദൃശവാക്യങ്ങൾ 14:30) അനിയന്ത്രിതമായാൽ അമർഷംപൂണ്ട കോപം കടുത്ത വൈകാരിക, ശാരീരിക രോഗത്തിനും മരണത്തിനും കാരണമാകും. നേരേമറിച്ച്, ക്ഷമയുള്ളവരായിരിക്കുന്നതിനാൽ നമുക്ക് മറ്റുള്ളവരോട്, പ്രത്യേകിച്ചും നമ്മുടെ ആത്മീയ സഹോദരങ്ങളോടും കുടുംബാംഗങ്ങളോടും, കൂടുതൽ ക്രിയാത്മകമായ മനോഭാവം പുലർത്താനാവും. അങ്ങനെയാകുമ്പോൾ നാം ശുണ്ഠിയുള്ളവരും വിമർശകരും ആയിരിക്കുന്നതിനു പകരം പരിഗണനയുള്ളവരും സഹായമേകുന്നവരും ആയിരിക്കുന്നതിനു കൂടുതൽ പ്രവണതയുള്ളവരായിരിക്കും. ഫലത്തിൽ അത്, നമ്മോടു സഹവസിക്കുന്നത് മറ്റുള്ളവർക്ക് എളുപ്പമാക്കിത്തീർക്കും.
ക്രിസ്തീയ സഭയിലുള്ള മൂപ്പൻമാർ പ്രത്യേകിച്ചും ക്ഷമ പ്രകടിപ്പിക്കേണ്ട ആവശ്യമുണ്ട്. ചിലപ്പോഴെല്ലാം സഹക്രിസ്ത്യാനികൾ ഗുരുതരമായ പ്രശ്നങ്ങളുമായി അവരെ സമീപിക്കുന്നു. ആത്മാർഥരായ ഇവർ സംഭ്രാന്തരോ അസ്വസ്ഥരോ വിഷാദമുള്ളവരോ ആണെന്നുവരാം. എന്നാൽ അതേ സമയം മൂപ്പൻമാർ തന്നെയും ക്ഷീണിതരോ അവരുടെതന്നെ വ്യക്തിപരമായ പ്രശ്നങ്ങളോ കുടുംബ പ്രശ്നങ്ങളോ നിമിത്തം അസ്വസ്ഥരോ ആണെന്നുവരാം. എങ്കിലും അത്തരം പരിശോധനാത്മകമായ സാഹചര്യത്തിൽ മൂപ്പൻമാർ ക്ഷമ പ്രകടിപ്പിക്കുന്നത് എത്ര മർമപ്രധാനമാണ്! ഇവ്വണ്ണം അവർക്ക് ‘ശാന്തത’യോടെ ഉപദേശിക്കാനും “ആട്ടിൻകൂട്ടത്തെ ആർദ്രതയോടെ പരിപാലിക്കു”വാനും കഴിയും. (2 തിമൊഥെയൊസ് 2:24, 25; പ്രവൃത്തികൾ 20:28, 29, NW) വിലയേറിയ ജീവൻ അപകടത്തിലാണ്. ദയാപുരസ്സരും സ്നേഹപുരസ്സരും ക്ഷമയുള്ളവരുമായ മൂപ്പൻമാർ സഭയ്ക്ക് എത്ര വലിയ അനുഗ്രഹമാണ്!
കുടുംബത്തിലെ തലവൻമാർ തങ്ങളുടെ കുടുംബാംഗങ്ങളെ ക്ഷമയോടും സഹാനുഭൂതിയോടും ദയയോടുംകൂടെ പരിപാലിക്കണം. കുടുംബാംഗങ്ങളെല്ലാം ഇതേ ഗുണങ്ങൾ പ്രകടിപ്പിക്കാൻ അവർ പ്രതീക്ഷിക്കുകയും അതിനായി അവരെ പോത്സാഹിപ്പിക്കുകയും ചെയ്യണം. (മത്തായി 7:12) അത് കുടുംബത്തിനുള്ളിൽ സ്നേഹവും സമാധാനവും വലിയ അളവിൽ സംഭാവന ചെയ്യും.
വയൽശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുമ്പോൾ ക്ഷമ പ്രകടമാക്കുന്നത് ഈ സേവനം കൂടുതൽ മുഴുവനായി ആസ്വദിക്കാൻ ക്രിസ്തീയ ശുശ്രൂഷകരെ സഹായിക്കും. അഭിമുഖീകരിക്കുന്ന ഏത് ഉദാസീനതയും എതിർപ്പും സഹിക്കാൻ അവർ കൂടുതൽ പ്രാപ്തരാകും. കോപിഷ്ഠരായ വീട്ടുകാരുമായി വാഗ്വാദത്തിൽ ഏർപ്പെടുന്നതിനു പകരം ക്ഷമയുള്ള ശുശ്രൂഷകന് ശാന്തമായി ഉത്തരം പറയുന്നതിനോ മിണ്ടാതെ അവിടം വിടുന്നതിനോ കഴിയും. അങ്ങനെ സമാധാനവും സന്തോഷവും നിലനിർത്താൻ കഴിയും. (മത്തായി 10:12, 13) കൂടാതെ ക്രിസ്ത്യാനികൾ സകലരോടും ക്ഷമയോടും ദയയോടും കൂടെ പെരുമാറുമ്പോൾ ചെമ്മരിയാടുതുല്യരായ ആളുകൾ രാജ്യസന്ദേശത്തിലേക്ക് ആകർഷിതരാകും. ക്ഷമയോടെയുള്ള ലോകവ്യാപക ശ്രമത്തെ യഹോവ അനുഗ്രഹിച്ചിരിക്കുന്നു, കാരണം, സൗമ്യതയുള്ള ദശലക്ഷക്കണക്കിനു സത്യാന്വേഷികൾ ഓരോ വർഷവും യഹോവയുടെ സ്നേഹപുരസ്സരമായ സഭയിലേക്ക് ഒഴുകിവരുകയാണ്.
ക്ഷമ പ്രകടിപ്പിക്കുന്നതു നമുക്ക് നല്ല ഫലങ്ങൾ കൈവരുത്തുമെന്നതു വാസ്തവമാണ്. എടുപിടീന്നു കാര്യങ്ങൾ ചെയ്യുന്നതുകൊണ്ടോ നാവിൻമേൽ കടിഞ്ഞാണിടാത്തതുകൊണ്ടോ ഉണ്ടാകുന്ന അപകടങ്ങളും പ്രശ്നങ്ങളും നാം ഒഴിവാക്കും. നാം കൂടുതൽ സന്തുഷ്ടരും കൂടുതൽ ശാന്തരും മിക്കവാറും കൂടുതൽ ആരോഗ്യമുള്ളവരും ആയിരിക്കും. നമ്മുടെ ശുശ്രൂഷയിലും സഭയിലും ഭവനത്തിലും നാം വലിയ സന്തോഷവും സമാധാനവും ആസ്വദിക്കും. എന്നാൽ എല്ലാറ്റിലും പ്രധാനമായി, നാം ദൈവവുമായി ഒരു ഉറ്റ ബന്ധം ആസ്വദിക്കും. അതുകൊണ്ട് യഹോവക്കായി കാത്തിരിക്കുക. ക്ഷമ പ്രകടിപ്പിക്കുക!
[അടിക്കുറിപ്പുകൾ]
a പേരിനു മാറ്റം വരുത്തിയിട്ടുണ്ട്.
[10-ാം പേജിലെ ചിത്രങ്ങൾ]
ദൈനംദിന ജീവിതത്തിൽ നിങ്ങൾ എത്ര ക്ഷമയുള്ളവരാണ്?