നേതൃത്വം വഹിക്കുന്ന മേൽവിചാരകന്മാർ—സഭാ പുസ്തക അധ്യയന നിർവാഹകന്മാർ
1 സഭാ പുസ്തക അധ്യയന നിർവാഹകൻ ആയി സേവിക്കുകയെന്നതു യോഗ്യതയുള്ള ഒരു മൂപ്പനെയോ ശുശ്രൂഷാ ദാസനെയോ സംബന്ധിച്ചിടത്തോളം ഒരു വിലയേറിയ പദവിയാണ്. തന്റെ കൂട്ടത്തിന്റെ ആത്മീയ ആവശ്യങ്ങൾ നോക്കിനടത്തുക എന്നതു ഗൗരവമുള്ള ഒരു ഉത്തരവാദിത്വമാണ്. അദ്ദേഹത്തിന്റെ ചുമതലകളെ മൂന്നായി തരംതിരിക്കാം.
2 കഴിവുറ്റ പഠിപ്പിക്കൽ: ഓരോ ആഴ്ചയിലും തന്റെ കൂട്ടത്തിനു ഗ്രാഹ്യം പകർന്നു കൊടുക്കാൻ സഭാ പുസ്തക അധ്യയന നിർവാഹകന്റെ ഭാഗത്ത് നല്ല തയ്യാറാകൽ ആവശ്യമാണ്. പഠിക്കുന്ന വിവരങ്ങളോടുള്ള വിലമതിപ്പു വളർത്തിയെടുക്കാൻ അദ്ദേഹം ശ്രമിക്കുന്നു. അധ്യയന സമയത്ത് അമിതമായി അഭിപ്രായങ്ങൾ പറയുന്നതിനു പകരം, പാഠത്തിലെ പ്രധാന ആശയങ്ങൾ പുറത്തുകൊണ്ടുവരാൻ, ആവശ്യമെങ്കിൽ കുറിക്കുകൊള്ളുന്ന ചോദ്യങ്ങൾ അദ്ദേഹം കൂടുതലായി ചോദിക്കും. അധ്യയനം രസകരവും പ്രബോധനാത്മകവും ആക്കിത്തീർക്കുകയും എല്ലാവരെയും ചർച്ചയിൽ ഉൾപ്പെടുത്തുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള വെല്ലുവിളി. ആത്മീയമായി കെട്ടുപണി ചെയ്യുക, അധ്യയനത്തിന്റെ പ്രായോഗിക മൂല്യം എടുത്തുകാട്ടുക, മനസ്സിലേക്കും ഹൃദയത്തിലേക്കും വിവരങ്ങൾ ഇറങ്ങുമാറാക്കുക എന്നിവയാണ് അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ.—1 തെസ്സ. 2:13.
3 സഹായം പ്രദാനം ചെയ്യുന്ന ഇടയവേല: സഭാ പുസ്തക അധ്യയന നിർവാഹകൻ “കാറ്റിൽനിന്നുള്ള ഒരു മറവിടവും വൻമഴയിൽനിന്നുള്ള ഒരു ഒളിപ്പിടവുംപോലെ” ആണ്. (യെശ. 32:2, NW) അദ്ദേഹം തന്റെ കൂട്ടത്തിലുള്ള എല്ലാവർക്കും വേണ്ടി യഥാർഥത്തിൽ കരുതുകയും തന്റെ മേൽനോട്ടത്തിലുള്ള ഒരാൾ നിരുത്സാഹിതനാകുന്നെങ്കിൽ അയാൾക്ക് ആത്മീയ സഹായം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.—യെഹെ. 34:15, 16; 1 തെസ്സ. 2:7, 8.
4 തീക്ഷ്ണതയോടെ സുവിശേഷിക്കൽ: തന്റെ കൂട്ടത്തിലുള്ള എല്ലാവരും വയൽ ശുശ്രൂഷയിൽ പൂർണമായി പങ്കുപറ്റുന്നതിനുവേണ്ട പ്രായോഗിക ക്രമീകരണങ്ങൾ ചെയ്യുന്നതിനു സഭാ പുസ്തക അധ്യയന നിർവാഹകൻ അതീവ ശ്രദ്ധയുള്ളവനാണ്. സേവനത്തിലുള്ള തന്റെ ക്രമവും തീക്ഷ്ണതയും ഉത്സാഹവും കൂട്ടത്തിലെ മറ്റുള്ളവരിലും പ്രതിഫലിക്കുമെന്ന് അറിഞ്ഞുകൊണ്ട് അദ്ദേഹം സുവിശേഷിക്കൽ വേലയിൽ നേതൃത്വമെടുക്കുന്നു. (കൊലൊ. 4:17; 2 തെസ്സ. 3:9) തന്റെ കൂട്ടത്തിലെ ഓരോ അംഗത്തോടൊപ്പവും പ്രവർത്തിക്കാൻ അദ്ദേഹം പരിശ്രമിക്കുന്നു. ശുശ്രൂഷയിലെ നമ്മുടെ പ്രസംഗ-പഠിപ്പിക്കൽ പ്രാപ്തികൾക്കു മൂർച്ച കൂട്ടാൻ നാം ആഗ്രഹിക്കുന്നെങ്കിൽ, ആ ലക്ഷ്യം നേടാൻ സഭാ പുസ്തക അധ്യയന നിർവാഹകനു നമ്മെ സഹായിക്കാനാകും.—1 തിമൊ. 4:16; 2 തിമൊ. 4:5.
5 ആത്മീയ സഹായവും സ്നേഹപൂർവകമായ പിന്തുണയും നൽകാൻ ഒരുക്കമുള്ള ഈ മനുഷ്യരാം ദാനങ്ങളാൽ നാം തീർച്ചയായും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. (1 തെസ്സ. 5:14) പുസ്തക അധ്യയനത്തിലെ നമ്മുടെ ക്രമമായ പങ്കുപറ്റലിനാലും സുവിശേഷിക്കൽ വേലയ്ക്കു നാം കൊടുക്കുന്ന വിശ്വസ്തമായ പിന്തുണയാലും യഹോവയിൽനിന്നുള്ള ഈ അത്ഭുതകരമായ കരുതലിനോടു നമുക്കു വിലമതിപ്പു പ്രകടമാക്കാം.—എബ്രാ. 10:25.