ദൈവദത്തമായ സ്വാതന്ത്ര്യത്തിന്റെ ഉദ്ദേശ്യം നിഷ്ഫലമാക്കരുത്
“യഹോവയുടെ ആത്മാവുള്ളടത്ത് സ്വാതന്ത്ര്യമുണ്ട്.”—2 കൊരിന്ത്യർ 3:17, NW.
1. യെശയ്യാവ് 65:13, 14 യഹോവയുടെ സാക്ഷികൾക്ക് ബാധകമാകുന്നതെന്തുകൊണ്ട്?
യഹോവ സ്വാതന്ത്ര്യത്തിന്റെ ദൈവമാണ്. ദൈവദത്തമായ സ്വാതന്ത്ര്യം എന്തൊരു അനുഗ്രഹമാണ്! പരമാധികാരിയാം കർത്താവായ യഹോവയുടെ സമർപ്പിത ദാസൻമാർക്ക് അങ്ങനെയുള്ള സ്വാതന്ത്ര്യമുള്ളതുകൊണ്ട് അവന്റെ ഈ വാക്കുകൾ അവർക്കു ബാധകമാകുന്നു: “ഇതാ, എന്റെ ദാസൻമാർ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; എന്റെ ദാസൻമാർ പാനംചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; എന്റെ ദാസൻമാർ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും. എന്റെ ദാസൻമാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും; നിങ്ങളോ മനോവ്യസനംകൊണ്ടു നിലവിളിച്ചു മനോവ്യഥയാൽ മുറയിടും.”—യെശയ്യാവ് 65:13, 14.
2. യഹോവയുടെ ജനം ആത്മീയമായി അഭിവൃദ്ധിയുള്ളവരായിരിക്കുന്നതെന്തുകൊണ്ട്?
2 ദൈവജനം അവന്റെ ആത്മാവിനാൽ അഥവാ പ്രവർത്തന നിരതമായ ശക്തിയാൽ നയിക്കപ്പെടുന്നതിനാൽ അവർ ആത്മീയമായി അഭിവൃദ്ധികരമായ ഈ അവസ്ഥ ആസ്വദിക്കുന്നു. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “യഹോവ ആത്മാവാകുന്നു; യഹോവയുടെ ആത്മാവുള്ളടത്ത് സ്വാതന്ത്ര്യമുണ്ട്.” (2 കൊരിന്ത്യർ 3:17, NW.) ദൈവദത്തമായ സ്വാതന്ത്ര്യത്തിന്റെ ഉദ്ദേശ്യമെന്താണ്? അത് പൂർണ്ണമായി ഉപയോഗിക്കുന്നതിന് നമ്മിൽനിന്ന് എന്താണ് ആവശ്യപ്പെട്ടിരിക്കുന്നത്?
ദൈവത്തിനുള്ള സ്വാതന്ത്ര്യം
3. ദൈവത്തിന് ഏതുതരം സ്വാതന്ത്ര്യമാണുള്ളത്, എന്തുകൊണ്ട്?
3 യഹോവക്കു മാത്രമാണ് സമ്പൂർണ്ണസ്വാതന്ത്ര്യമുള്ളത്. അവൻ സർവശക്തനായ ദൈവവും സാർവത്രിക പരമാധികാരിയുമായിരിക്കുന്നതിനാൽ അവന്റെ സൃഷ്ടികളിലാർക്കും അവന്റെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താൻ കഴികയില്ല. വിശ്വസ്ത മനുഷ്യനായിരുന്ന ഇയ്യോബ് പറഞ്ഞതുപോലെ, “ആർ അവനെ തടുക്കും? നീ എന്തു ചെയ്യുന്നു എന്നു ആർ ചോദിക്കും?” (ഇയ്യോബ് 9:12) സമാനമായി, ബാബിലോന്യരാജാവായിരുന്ന നെബൂഖദ്നേസർ ഇങ്ങനെ സമ്മതിക്കാൻ നിർബദ്ധനായി: “അവന്റെ [ദൈവത്തിന്റെ] കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്നു അവനോടു ചോദിപ്പാനോ ആർക്കും കഴികയില്ല.”—ദാനിയേൽ 4:35.
4. യഹോവ തന്റെ സ്വാതന്ത്ര്യത്തെ അതിരുകൾക്കുള്ളിൽ നിർത്തുന്നതെങ്ങനെ?
4 ഏതായാലും, യഹോവയുടെ നീതിനിഷ്ഠമായ സ്വന്തം തത്വങ്ങൾ ആ സമ്പൂർണ്ണസ്വാതന്ത്ര്യത്തെ അതിരുകൾക്കുള്ളിൽ നിർത്തുന്നു. ഇത് അബ്രാഹാം സോദോം നിവാസികളെക്കുറിച്ച് ഉത്ക്കണ്ഠ പ്രകടമാക്കുകയും “സർവഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ?” എന്നു ചോദിക്കുകയും ചെയ്തപ്പോൾ വിശദമാക്കപ്പെട്ടു. ദൈവത്തിന്റെ പ്രതിവചനം നീതി ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം താൻ അംഗീകരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. നീതിയുള്ള ഏതെങ്കിലും നിവാസികൾ അതിൽ ശേഷിച്ചിരുന്നുവെങ്കിൽ അവൻ സോദോമിനെ നശിപ്പിക്കുകയില്ലായിരുന്നു. (ഉല്പത്തി 18:22-33) ദൈവത്തിന്റെ സ്നേഹവും ജ്ഞാനവും അവനെ കോപത്തിനു താമസമുള്ളവനാക്കുന്നതുകൊണ്ടും അവൻ ആത്മനിയന്ത്രണം പാലിക്കുന്നതുകൊണ്ടും അവൻ തന്റെ സ്വാതന്ത്ര്യത്തെ അതിരുകൾക്കുള്ളിൽ നിർത്തുന്നു.—യെശയ്യാവ് 42:14.
മനുഷ്യസ്വാതന്ത്ര്യത്തിന്റെ പരിമിതികൾ
5. മനുഷ്യസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന ചില ഘടകങ്ങളേവ?
5 യഹോവക്ക് സമ്പൂർണ്ണസ്വാതന്ത്ര്യമുണ്ടെങ്കിലും മറെറല്ലാവരും അവരുടെ പ്രകൃതിയാലും പ്രാപ്തികളാലും നിവാസ മണ്ഡലത്താലും, അതുപോലെതന്നെ പാപപൂർണ്ണരായ മനുഷ്യരുടെ ഇപ്പോഴത്തെ പരിമിതമായ ആയുർദൈർഘ്യംപോലെയുള്ള ഘടകങ്ങളാലും വെക്കപ്പെടുന്ന പരിമിതികൾക്കുള്ളിലാണ് പ്രവർത്തിക്കുന്നത്. യഹോവ മനുഷ്യനുവേണ്ടി വെച്ചിരുന്ന മണ്ഡലത്തിനുള്ളിൽ പ്രവർത്തിക്കുന്നതിനുള്ള പൂർണ്ണസ്വാതന്ത്ര്യത്തോടെയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. മനുഷ്യസ്വാതന്ത്ര്യം സമ്പൂർണ്ണമായിരിക്കാതെ പരിമിതമായിരിക്കുന്നതിന് മററു പല കാരണങ്ങളുണ്ട്.
6. ദൈവത്തോടുള്ള ഉത്തരവാദിത്തത്തിന് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ എന്തു പ്രസക്തിയുണ്ട്?
6 ഒന്നാമതായി, തന്റെ ഉദ്ദേശ്യത്തിന് ഉതകാൻവേണ്ടിയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചതെന്നുള്ളതുകൊണ്ട് മനുഷ്യസ്വാതന്ത്ര്യം പരിമിതമാണ്. യഹോവ ‘സർവവും സൃഷ്ടിച്ചവനും എല്ലാം അവന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ’ ആകുന്നു. (വെളിപ്പാട് 4:11) അതുകൊണ്ട്, മനുഷ്യർ ഭരിക്കപ്പെടേണ്ട നിയമങ്ങൾ ഉചിതമായി നിർമ്മിച്ചിരിക്കുന്ന തന്റെ നിർമ്മാതാവിനോട് മനുഷ്യൻ കണക്കുബോധിപ്പിക്കേണ്ടവനാണ്. മോശൈക ന്യായപ്രമാണത്തിൻകീഴിലായിരുന്ന പുരാതന ഇസ്രയേലിൽ വ്യക്തികൾ തന്റെ നാമത്തെ തെററായി ഉപയോഗിക്കുകയോ ശബത്തുനിയമം ലംഘിക്കുകയോ ചെയ്താൽ അവർ വധിക്കപ്പെടണമെന്ന് ദൈവം ആവശ്യപ്പെട്ടു. (പുറപ്പാട് 20:7; 31:14, 15; ലേവ്യപുസ്തകം 24:13-16; സംഖ്യാപുസ്തകം 15:32-36) ക്രിസ്ത്യാനികളെന്ന നിലയിൽ നാം ന്യായപ്രമാണത്തിൻകീഴല്ലെങ്കിലും നമ്മുടെ ന്യായാധിപനും നിയമദാതാവും രാജാവുമായ യഹോവയോടു നാം കണക്കുബോധിപ്പിക്കേണ്ടവരാകയാൽ നമ്മുടെ സ്വാതന്ത്ര്യം പരിമിതമാണ്.—യെശയ്യാവ് 33:22; റോമർ 14:12.
7, 8. (എ) ഭൗതികനിയമങ്ങൾ മനുഷ്യസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതെങ്ങനെ? (ബി) ദൈവത്തിന്റെ വേറെ ഏതു നിയമങ്ങൾ മനുഷ്യരെന്ന നിലയിലുള്ള നമ്മുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നു?
7 രണ്ടാമതായി, ദൈവത്തിന്റെ ഭൗതിക നിയമങ്ങൾ നിമിത്തം മനുഷ്യസ്വാതന്ത്ര്യം പരിമിതമാണ്. ദൃഷ്ടാന്തത്തിന്, ഗുരുത്വാകർഷണനിയമം നിമിത്തം ഒരു മനുഷ്യന് തനിക്കുതന്നെ ഉപദ്രവം വരുത്തിക്കൂട്ടാതെ അല്ലെങ്കിൽ തന്നേത്തന്നെ കൊല്ലാതെ ഒരു അംബരചുംബിയായ സൗധത്തിൽനിന്ന് ചാടാൻ കഴിയില്ല. ചില കാര്യങ്ങൾ ചെയ്യുന്നതിനുള്ള മനുഷ്യസ്വാതന്ത്ര്യത്തെ ദൈവത്തിന്റെ ഭൗതിക നിയമങ്ങൾ പരിമിതപ്പെടുത്തുന്നുവെന്ന് വ്യക്തമാണ്.
8 മൂന്നാമതായി, ദൈവത്തിന്റെ ധാർമ്മികനിയമങ്ങൾ നിമിത്തം മനുഷ്യ സ്വാതന്ത്ര്യം പരിമിതമാണ്. ഗലാത്യർ 6:7, 8-ൽ പൗലോസ് എഴുതിയതിന്റെ നിവൃത്തി നിങ്ങൾ കണ്ടിരിക്കാൻ വളരെ സാദ്ധ്യതയുണ്ട്. “ദൈവത്തെ പരിഹസിച്ചുകൂടാ. മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും. ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്ന് നാശംകൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽനിന്ന് നിത്യജീവനെ കൊയ്യും.” അവിതർക്കിതമായി, യഹോവയാം ദൈവത്തിന്റെ ധാർമ്മികനിയമങ്ങളും നമ്മുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നു, എന്നാൽ ജീവൻ നേടുന്നതിന് അവയുടെ അനുസരണം നമ്മിൽനിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
9. നാം മനുഷ്യസമുദായത്തിന്റെ ഭാഗമായിരിക്കുന്നുവെന്ന വസ്തുത നമ്മുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതെങ്ങനെ?
9 നാലാമതായി, മനുഷ്യൻ മനുഷ്യസമുദായത്തിന്റെ ഭാഗമായതുകൊണ്ട് അവന്റെ സ്വാതന്ത്ര്യം പരിമിതമാണ്. അതുകൊണ്ട്, മററുള്ളവരുടെ സ്വാതന്ത്ര്യത്തെ അന്യായമായി പ്രതിബന്ധപ്പെടുത്താത്ത അളവിൽ മാത്രമേ അവന് സ്വാതന്ത്ര്യമുണ്ടായിരിക്കാവൂ. ക്രിസ്ത്യാനികൾ ഭരണപരമായ “ശ്രേഷ്ഠാധികാരങ്ങൾക്ക്” കീഴ്പ്പെട്ടിരിക്കേണ്ടതാണ്, നാം ദൈവനിയമങ്ങൾ ലംഘിക്കാൻ അവ ആവശ്യപ്പെടാത്തടത്തോളം കാലം അവയെ അനുസരിച്ചുകൊണ്ടുതന്നെ. (റോമർ 13:1; പ്രവൃത്തികൾ 5:29) ദൃഷ്ടാന്തത്തിന്, നാം നികുതി കൊടുക്കുന്നതു സംബന്ധിച്ചും നാം ഒരു കാർ ഓടിക്കുന്നതിന്റെ വേഗം സംബന്ധിച്ചും മററുമുള്ള നിയമങ്ങൾ നാം അനുസരിക്കണം. നാം “കൈസറിന്റെ” അങ്ങനെയുള്ള നിയമങ്ങൾ അനുസരിക്കേണ്ടതാണെന്നുള്ള വസ്തുത നമ്മുടെ ദൈവദത്തമായ സ്വാതന്ത്ര്യം സമ്പൂർണ്ണമല്ലെന്ന് കൂടുതലായി പ്രകടമാക്കുന്നു.—മർക്കോസ് 12:17; റോമർ 13:7.
ആപേക്ഷിക സ്വാതന്ത്ര്യമെന്തുകൊണ്ട്?
10, 11. യഹോവ മനുഷ്യർക്ക് ആപേക്ഷികസ്വാതന്ത്ര്യം കൊടുത്തതെന്തുകൊണ്ട്?
10 ദൈവം മനുഷ്യർക്ക് ആപേക്ഷികമായ സ്വാതന്ത്ര്യം കൊടുത്തതെന്തുകൊണ്ട്? തങ്ങളുടെ നല്ല വാക്കുകളാലും നടത്തയാലും സ്രഷ്ടാവിന് ബഹുമതിയും സ്തുതിയും കൈവരുത്തുന്ന ബുദ്ധിശക്തിയുള്ള സൃഷ്ടികൾ അവന് ഭൂമിയിൽ ഉണ്ടായിരിക്കണമെന്നുള്ളതായിരുന്നു ഒരു കാരണം. മനുഷ്യർക്ക് ഇതു ചെയ്യാൻ കഴിയും, എന്നാൽ മൃഗങ്ങൾക്കു കഴിയില്ല. സഹജ ജ്ഞാനത്താൽ നയിക്കപ്പെടുന്ന മൃഗങ്ങൾക്ക് ധാർമ്മിക നടത്തയെക്കുറിച്ച് യാതൊന്നും അറിഞ്ഞുകൂടാ. എന്തെങ്കിലും എടുക്കാതിരിക്കാൻ നിങ്ങൾക്ക് ഒരു നായയെ പരിശീലിപ്പിക്കാൻ കഴിയും, എന്നാൽ മോഷണത്തിന്റെ തെററ് അതിനെ പഠിപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല. പ്രവർത്തനങ്ങൾ ആസൂത്രണംചെയ്യപ്പെട്ടിരിക്കുന്ന ഒരു മൃഗത്തിന്, ദൈവത്തിന് സ്തുതിയും ബഹുമാനവും കൈവരുത്തുന്ന തീരുമാനങ്ങൾ ചെയ്യാൻ കഴിയില്ല, അതേസമയം, മനുഷ്യന് സ്നേഹത്തിൽനിന്നും വിലമതിപ്പിൽനിന്നും തന്റെ നിർമ്മാതാവിനെ സേവിക്കാൻ യഥേഷ്ടം തെരഞ്ഞെടുക്കാൻ കഴിയും.
11 ദൈവം മനുഷ്യർക്ക് ഈ സ്വാതന്ത്ര്യം കൊടുക്കുന്നത് അവരുടെ പ്രയോജനത്തിനും സന്തുഷ്ടിക്കും കൂടെയാണ്. മനുഷ്യർക്ക് സർഗ്ഗാത്മകതയും നിർമ്മാണാത്മകതയും ഉള്ളവരും ഉപകാരികളും സഹകരണമുള്ളവരുമായിരുന്നുകൊണ്ട് തങ്ങളുടെ ആപേക്ഷികസ്വാതന്ത്ര്യം പ്രയോഗിക്കാൻ കഴിയും. മനുഷ്യർക്ക് തൊഴിൽ, താമസസ്ഥലം എന്നിങ്ങനെയുള്ള കാര്യങ്ങളിലും തെരഞ്ഞെടുപ്പിൻ സ്വാതന്ത്ര്യമുണ്ട്. ഇന്ന്, സാമ്പത്തികവും രാഷ്ട്രീയവുമായ വസ്തുതകൾ മിക്കപ്പോഴും തെരഞ്ഞെടുപ്പിൻസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നു, എന്നാൽ ഇത് ആദിയിൽ ദൈവം മനുഷ്യവർഗ്ഗത്തെ സൃഷ്ടിച്ച വിധം നിമിത്തമല്ല, പിന്നെയോ മമനുഷ്യന്റെ അത്യാഗ്രഹം നിമിത്തമായിരിക്കാം.
12. മനുഷ്യവർഗ്ഗത്തിൽ ഭൂരിപക്ഷവും അടിമത്തത്തിലായിരിക്കുന്നതെന്തുകൊണ്ട്?
12 യഹോവ മനുഷ്യർക്ക് വലിയ സ്വാതന്ത്ര്യം കൊടുത്തെങ്കിലും, ഇന്നത്തെ ബഹുഭൂരിപക്ഷവും നിരാശാജനകമായ അടിമത്തത്തിലാണ്. എന്തു സംഭവിച്ചു? ആദ്യ മനുഷ്യജോടിയായിരുന്ന ആദാമും ഹവ്വായും ദൈവദത്തമായ സ്വാതന്ത്ര്യത്തിന്റെ ഉദ്ദേശ്യത്തെ നിഷ്ഫലമാക്കി. അവർ തങ്ങളുടെ സ്വാതന്ത്ര്യത്തിൻമേലുള്ള ദിവ്യ പരിമിതികളെ അതിലംഘിക്കുകയും പരമാധികാരിയാം കർത്താവായ യഹോവയെന്ന നിലയിൽ അവരുടെമേലുള്ള ദൈവത്തിന്റെ നീതിയുക്തമായ ഭരണാധിപത്യത്തെ വെല്ലുവിളിക്കുകയും ചെയ്തു. (ഉല്പത്തി 3:1-7; യിരെമ്യാവ് 10:10; 50:31) തങ്ങളുടെ സ്വാതന്ത്ര്യം ദൈവത്തെ ബഹുമാനിക്കാൻ ഉപയോഗിക്കുന്നതിൽ തൃപ്തരാകാതെ അവർ ശരിയെന്താണെന്നും തെറെറന്താണെന്നും സ്വതന്ത്രമായി തീരുമാനിക്കുന്നതിന് അതിനെ സ്വാർത്ഥപൂർവം ഉപയോഗിക്കുകയും അങ്ങനെ യഹോവക്കെതിരായ മത്സരത്തിൽ സാത്താനോടു ചേരുകയും ചെയ്തു. എന്നിരുന്നാലും, കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നതിനുപകരം പാപികളായ ആദാമും ഹവ്വായും പീഡാകരമായ നിയന്ത്രണങ്ങൾക്കും അടിമത്തത്തിനും തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ ഒരു കുറയലിനും ഒടുവിൽ മരണത്തിനും വിധേയരാക്കപ്പെട്ടു. അവരുടെ സന്തതികൾ ഈ സ്വാതന്ത്ര്യനഷ്ടം അവകാശപ്പെടുത്തി. “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.” “പാപത്തിന്റെ ശമ്പളം മരണമാകുന്നു.”—റോമർ 3:23; 5:12; 6:23.
13. സാത്താന് മനുഷ്യരെ അടിമകളാക്കാൻ കഴിഞ്ഞിരിക്കുന്നതെന്തുകൊണ്ട്?
13 ഏദെനിലെ മത്സരം നിമിത്തം ആദാമും അവന്റെ സന്തതികളും പിശാചായ സാത്താന്റെ അടിമത്തത്തിലുമായിത്തീർന്നു. എന്തിന്, “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു”! (1 യോഹന്നാൻ 5:19) സാത്താന്റെ മികച്ച ശക്തിയും പ്രാപ്തിയും നിമിത്തമാണ് ദൈവത്തിൽനിന്ന് അന്യപ്പെട്ടുപോയ സകല മനുഷ്യവർഗ്ഗത്തെയും വഞ്ചിക്കാനും അടിമകളാക്കാനും അവന് കഴിഞ്ഞിട്ടുള്ളത്. മാത്രവുമല്ല, സ്വാർത്ഥമനുഷ്യർ തങ്ങളുടെ സഹമനുഷ്യർക്ക് ദ്രോഹംവരുമാറ് അവരെ ഭരിച്ചിരിക്കുന്നു. (സഭാപ്രസംഗി 8:9) അതുകൊണ്ട് പൊതു മനുഷ്യവർഗ്ഗം ഇപ്പോൾ പാപത്തിന്റെയും മരണത്തിന്റെയും സാത്താന്റെയും അവന്റെ ഭൂതങ്ങളുടെയും ലോകത്തിലെ രാഷ്ട്രീയവും സാമ്പത്തികവും മതപരവുമായ വ്യവസ്ഥിതിയുടെയും അടിമത്തത്തിലാണ്.
യഥാർത്ഥ സ്വാതന്ത്ര്യം സാദ്ധ്യമാക്കപ്പെട്ടിരിക്കുന്നു
14. യഥാർത്ഥ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മനുഷ്യവർഗ്ഗത്തിന്റെ പ്രത്യാശ എന്തിനോട് അടുത്തു ബന്ധപ്പെട്ടിരിക്കുന്നു?
14 പാപത്തിൽനിന്നും മരണത്തിൽനിന്നും പിശാചിൽനിന്നും അവന്റെ ലോകത്തിൽനിന്നുമുള്ള സ്വാതന്ത്ര്യം നേടൽ ദൈവത്തിന്റെ സ്വന്തം സാർവത്രികപരമാധികാരത്തിന്റെ ഔചിത്യം സംബന്ധിച്ച വിവാദവിഷയത്തിനു തീർപ്പുണ്ടാക്കാനുള്ള ദൈവത്തിന്റെ തീരുമാനത്തോട് അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. സാത്താൻ ഈ വിവാദവിഷയം ഉന്നയിച്ചതുകൊണ്ട് അവൻ ആസ്തിക്യത്തിൽ നിലനിൽക്കുന്നതിന് യഹോവ അനുവദിച്ചിരിക്കുന്നു, കുറേ കാലത്തേക്കു സ്ഥിതിചെയ്യാൻ അവൻ ഫറവോനെ അനുവദിച്ചതുപോലെതന്നെ. ഇത് യഹോവ തന്റെ ശക്തി പൂർണ്ണമായി പ്രകടമാക്കേണ്ടതിനും സർവ്വഭൂമിയിലും അവന്റെ നാമം പ്രഖ്യാപിക്കപ്പെടേണ്ടതിനുമാണ്. (പുറപ്പാട് 9:15, 16) ദൈവം പെട്ടെന്നുതന്നെ തന്നേത്തന്നെ സാർവത്രികപരമാധികാരിയായി സംസ്ഥാപിക്കുകയും സാത്താന്റെയും ആദാമിന്റെയും ഹവ്വായുടെയും മത്സരം നിമിത്തം തന്റെ വിശുദ്ധ നാമത്തിൻമേൽ വരുത്തപ്പെട്ട നിന്ദ നീക്കിക്കൊണ്ട് അതിനെ വിശുദ്ധീകരിക്കുകയും ചെയ്യും. അങ്ങനെ യഹോവയെ ഭയപ്പെടുന്നവർ പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്ന് ദൈവദത്തമായ സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകത്തിലേക്ക് ആനയിക്കപ്പെടും.—റോമർ 8:19-23.
15. മനുഷ്യവർഗ്ഗത്തിന് സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിൽ യേശു എന്തു പങ്കു വഹിച്ചു?
15 മനുഷ്യവർഗ്ഗത്തിന് സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിന്, ദൈവം തന്റെ പുത്രനെ ഒരു മനുഷ്യനായി ഭൂമിയിലേക്കയച്ചു. ദൈവപുത്രനായ യേശുക്രിസ്തു സ്വമേധയാ തന്റെ പൂർണ്ണമാനുഷജീവൻ നൽകിക്കൊണ്ട് മനുഷ്യവർഗ്ഗത്തെ സ്വതന്ത്രമാക്കുന്നതിനുള്ള അടിസ്ഥാനമായ മറുവില പ്രദാനംചെയ്തു. (മത്തായി 20:28) അവൻ സ്വാതന്ത്ര്യത്തിന്റെ ഒരു സന്ദേശവും ഘോഷിച്ചു. തന്റെ ശുശ്രൂഷയുടെ തുടക്കത്തിൽ പിൻവരുന്ന വാക്കുകൾ അവൻ തനിക്കുതന്നെ ബാധകമാക്കി: “സൗമ്യതയുള്ളവരോടു സുവാർത്ത അറിയിപ്പാൻ യഹോവ എന്നെ അഭിഷേകംചെയ്തിരിക്കുന്നതിനാൽ യഹോവയായ കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ഹൃദയം തകർന്നവരെ മുറികെട്ടുവാനും ബന്ദികളായി പിടിക്കപ്പെട്ടവരോട് സ്വാതന്ത്ര്യവും തടവുകാരോടുപോലും കണ്ണുകളുടെ വിസ്തൃതമായ തുറക്കലും ഘോഷിപ്പാനും അവൻ എന്നെ അയച്ചിരിക്കുന്നു.”—യെശയ്യാവ് 61:1; ലൂക്കോസ് 4:16-21, NW.
16. യഥാർത്ഥ സ്വാതന്ത്ര്യം നേടുന്നതിന് ഒന്നാം നൂററാണ്ടിലെ യഹൂദൻമാർ ഏതു നടപടികൾ സ്വീകരിക്കേണ്ടിയിരുന്നു?
16 ആളുകൾ എങ്ങനെ ആ സ്വാതന്ത്ര്യം നേടും? യേശു ഇങ്ങനെ പറഞ്ഞു: “എന്റെ വചനത്തിൽ നിലനിൽക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യൻമാരായി സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രൻമാരാക്കുകയും ചെയ്യും.” അങ്ങനെ യേശുവിന്റെ അനുഗാമികൾ ആത്മീയ സ്വാതന്ത്ര്യം അനുഭവിക്കാനിടയായിരിക്കുന്നു. (യോഹന്നാൻ 8:31, 32, 36) കൂടാതെ, യേശു റോമാഗവർണറായിരുന്ന പൊന്തിയോസ് പീലാത്തോസിനോട് ഇങ്ങനെ പറഞ്ഞു: “സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിനു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതത്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു.” (യോഹന്നാൻ 18:37) യേശുവിനാൽ പ്രസംഗിക്കപ്പെടുകയും ഉദാഹരിക്കപ്പെടുകയും ചെയ്ത വിധത്തിലുള്ള സത്യം സ്വീകരിച്ച യഹൂദൻമാർ തങ്ങളുടെ പാപങ്ങൾസംബന്ധിച്ച് അനുതപിക്കുകയും തങ്ങളുടെ തെററായ ഗതിയെ തിരുത്തുകയും യഹോവക്ക് തങ്ങളേത്തന്നെ അർപ്പിക്കുകയും യേശുവിനെപ്പോലെ സ്നാപനമേൽക്കുകയും ചെയ്തു. (മത്തായി 3:13-17; പ്രവൃത്തികൾ 3:19) ഈ വിധത്തിൽ അവർ ആപേക്ഷികമായ ദൈവദത്ത സ്വാതന്ത്ര്യം അനുഭവിക്കാനിടയായി.
17. യഹോവ തന്റെ ദാസൻമാർക്ക് സ്വാതന്ത്ര്യം കൊടുക്കുന്നതെന്തുകൊണ്ട്?
17 യഹോവ തന്റെ വിശ്വസ്തദാസൻമാർക്ക് മുഖ്യമായി തന്റെ സ്വന്തം പരമാധികാരത്തിന്റെ സംസ്ഥാപനത്തിനുവേണ്ടി മാത്രമല്ല, പിന്നെയോ അവരുടെ സുഖത്തിനും പ്രയോജനത്തിനും വേണ്ടിയും സ്വാതന്ത്ര്യം കൊടുക്കുന്നു. ഇസ്രയേല്യർ തന്റെ സാക്ഷികളായി പുരോഹിതൻമാരുടെ ഒരു രാജ്യമെന്ന നിലയിൽ തന്നെ മഹത്വപ്പെടുത്തേണ്ടതിനാണ് അവരെ ഈജിപ്ററിലെ അടിമത്തത്തിൽനിന്ന് സ്വതന്ത്രരാക്കിയത്. (പുറപ്പാട് 19:5, 6; യെശയ്യാവ് 43:10-12) സമാനമായി യഹോവ തന്റെ ജനത്തെ ബാബിലോന്യ പ്രവാസത്തിൽനിന്ന് പുറത്തുവരുത്തിയത് മുഖ്യമായി തന്റെ ആലയം പുനർനിർമ്മിക്കുന്നതിനും സത്യാരാധന പുനഃസ്ഥാപിക്കുന്നതിനുമായിരുന്നു. (എസ്രാ 1:2-4) പ്രവാസികൾ തങ്ങളുടെ ഭൗതികസുഖങ്ങളിൽ മാത്രം തത്പരരായിത്തീർന്നപ്പോൾ ദൈവമുമ്പാകെയുള്ള തങ്ങളുടെ കടപ്പാടുകളെക്കുറിച്ച് അവരെ ജാഗരൂകരാക്കുന്നതിന് യഹോവ തന്റെ പ്രവാചകൻമാരായിരുന്ന ഹഗ്ഗായിയെയും സെഖര്യാവിനെയും അയച്ചു. അങ്ങനെ തങ്ങളുടെ ദൈവദത്ത സ്വാതന്ത്ര്യത്തെ ഉചിതമായ കാഴ്ചപ്പാടിൽ നിർത്തിയത് ദൈവമഹത്വത്തിനായി ആലയം പൂർത്തീകരിക്കുന്നതിലും തന്റെ ജനത്തിന്റെ സുഖത്തിലും ക്ഷേമത്തിലും കലാശിച്ചു.
ദൈവദത്ത സ്വാതന്ത്ര്യത്തിന്റെ ഉദ്ദേശ്യത്തെ നിഷ്ഫലമാക്കാതിരിക്കുക
18. യഹോവയുടെ ആധുനികകാല ദാസൻമാർ തങ്ങളുടെ ദൈവദത്ത സ്വാതന്ത്ര്യത്തിന്റെ ഉദ്ദേശ്യം നിഷ്ഫലമാക്കിയിട്ടില്ലെന്ന് പറയാൻ കഴിയുന്നതെന്തുകൊണ്ട്?
18 ദൈവത്തിന്റെ ആധുനിക കാലത്തെ ദാസൻമാരെ സംബന്ധിച്ചെന്ത്? ഒരു സ്ഥാപനമെന്ന നിലയിൽ അവർ തങ്ങളുടെ ദൈവദത്ത സ്വാതന്ത്ര്യത്തിന്റെ ഉദ്ദേശ്യത്തെ നിഷ്ഫലമാക്കിയിട്ടില്ല. 1870കളിൽ അവർ ബാബിലോന്യമായ തെററുകളിൽനിന്ന് സ്വതന്ത്രരാകാനും വർദ്ധിച്ച ക്രിസ്തീയ സ്വാതന്ത്ര്യം ആസ്വദിക്കാനും തുടങ്ങി. ഇത് സദൃശവാക്യങ്ങൾ 4:18ന് ചേർച്ചയായിട്ടായിരുന്നു, അതിങ്ങനെ പറയുന്നു: “നീതിമാൻമാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ച വരെ അധികമധികം ശോഭിച്ചുവരുന്നു.” എന്നിരുന്നാലും, ദൈവത്തിന്റെ പുരാതനജനം കുറെ കാലത്തേക്ക് ബാബിലോന്യ അടിമത്തത്തിലേക്കു കൊണ്ടുപോകപ്പെട്ടതുപോലെ, 1918-ൽ യഹോവയുടെ ദാസൻമാർ ഒരളവിൽ മഹാബാബിലോനിന്റെ അടിമത്തത്തിലേക്കു വന്നു. (വെളിപാട് 17:1, 2, 5) “രണ്ടു” ആലങ്കാരിക “സാക്ഷികൾ” ആത്മീയമായി മരിച്ചുകിടന്നപ്പോൾ ആ വ്യാജമത ലോകസാമ്രാജ്യത്തിലെ അംഗങ്ങൾ ആഹ്ലാദിച്ചു. എന്നാൽ ദൈവത്തിന്റെ അനർഹദയയാൽ 1919-ൽ അവന്റെ അഭിഷിക്തദാസൻമാർ ആത്മീയമായി സ്വതന്ത്രരായി പുനരുജ്ജീവിപ്പിക്കപ്പെട്ടു. (വെളിപാട് 11:3, 7-11) തങ്ങളുടെ ദൈവദത്ത സ്വാതന്ത്ര്യം വിനിയോഗിച്ചുകൊണ്ട് അവർ അത്യുന്നത ദൈവത്തിന്റെ തീക്ഷ്ണതയുള്ള സാക്ഷികളായിത്തീർന്നു. തന്നിമിത്തം, 1931-ൽ അവർ സന്തോഷപൂർവം യഹോവയുടെ സാക്ഷികൾ എന്ന നാമം സ്വീകരിച്ചത് എത്ര ഉചിതമായിരുന്നു! (യെശയ്യാവ് 43:10-12) വിശേഷിച്ച് 1935 മുതൽ ഭൂമിയിലെ നിത്യജീവൻ പ്രാപിക്കാൻ പ്രത്യാശിക്കുന്ന ഒരു “മഹാപുരുഷാരം” അഭിഷിക്തക്രിസ്ത്യാനികളോടു ചേർന്നിരിക്കുന്നു. അവരും തങ്ങളുടെ ദൈവദത്ത സ്വാതന്ത്ര്യത്തിന്റെ ഉദ്ദേശ്യം നിഷ്ഫലമാക്കുന്നില്ല.—വെളിപാട് 7:9-17.
19, 20. (എ) യഹോവയുടെ ജനം തങ്ങളുടെ ദൈവദത്ത സ്വാതന്ത്ര്യത്തെ നന്നായി വിനിയോഗിക്കുന്ന ശ്രദ്ധേയമായ ഒരു വിധം എന്ത്? (ബി) ഗണ്യമായ വേറെ ഏതു വിധത്തിൽ യഹോവയുടെ സാക്ഷികൾ തങ്ങൾക്ക് ദൈവം നൽകിയിരിക്കുന്ന സ്വാതന്ത്ര്യത്തെ നന്നായി വിനിയോഗിക്കുന്നു?
19 യഹോവയുടെ ജനം വിശേഷാൽ ശ്രദ്ധേയമായ രണ്ടു വിധങ്ങളിൽ തങ്ങളുടെ ദൈവദത്തമായ സ്വാതന്ത്ര്യം നന്നായി വിനിയോഗിക്കുന്നു. ഒരു സംഗതി, അവർ അതിനെ ഒരു നേരുള്ള ഗതി പിന്തുടരുന്നതിന് ഉപയോഗിക്കുന്നുവെന്നതാണ്. (1 പത്രോസ് 2:16) അവർക്ക് എത്ര നല്ല പ്രശസ്തിയാണുള്ളത്! ദൃഷ്ടാന്തത്തിന്, ഒരു മനുഷ്യൻ സ്വിററ്സർലണ്ടിലെ സൂറിച്ചിലുള്ള ഒരു രാജ്യഹാളിൽ പ്രവേശിക്കുകയും താൻ യഹോവയുടെ സാക്ഷികളിലൊരാളാകാനാഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്തു. എന്തുകൊണ്ടെന്നു ചോദിച്ചപ്പോൾ, തന്റെ സഹോദരി ഒരു സാക്ഷിയായിരുന്നുവെന്നും ദുർമ്മാർഗ്ഗം നിമിത്തം സഭയിൽനിന്ന് പുറത്താക്കപ്പെട്ടുവെന്നും അയാൾ പ്രസ്താവിച്ചു. ‘അങ്ങനെയുള്ള ഒരു സ്ഥാപനത്തിൽ ചേരാനാണ് ഞാൻ ആഗ്രഹിക്കുന്നത്—ദുർന്നടത്ത അനുവദിക്കാത്ത ഒരു സ്ഥാപനത്തിൽ’ എന്ന് അദ്ദേഹം പറഞ്ഞു. നല്ല കാരണത്തോടെ ന്യൂ കാത്തലിക്ക് എൻസൈക്ലോപ്പീഡിയാ “ലോകത്തിലെ ഏററവും നല്ല പെരുമാററമുള്ള സ്ഥാപനങ്ങളിലൊന്ന്” എന്ന കീർത്തി യഹോവയുടെ സാക്ഷികൾ നേടിയിരിക്കുന്നുവെന്ന് പ്രസ്താവിച്ചിരിക്കുന്നു.
20 യഹോവയുടെ സാക്ഷികൾ യേശു ചെയ്തതുപോലെ, രാജ്യസുവാർത്ത പ്രസംഗിക്കാനുള്ള തങ്ങളുടെ നിയോഗം നിറവേററിക്കൊണ്ടും തങ്ങളുടെ ദൈവദത്ത സ്വാതന്ത്ര്യം വിനിയോഗിക്കുന്നു. (മത്തായി 4:17) വാമൊഴിയായും അച്ചടിച്ച താളുകളിലൂടെയും, ഔപചാരികമായും അനൗപചാരികമായും, അവർ യഹോവയുടെ രാജ്യത്തെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ ചെയ്യുന്നതിനാൽ അവർ തങ്ങളുടെ വിശ്വാസത്തെ ബലിഷ്ഠമാക്കിക്കൊണ്ടും തങ്ങളുടെ പ്രത്യാശയെ ശോഭനമാക്കിക്കൊണ്ടും തങ്ങൾക്കുതന്നെ അതിയായി പ്രയോജനംചെയ്യുന്നു. മാത്രവുമല്ല, ഈ പ്രവർത്തനം തങ്ങളേത്തന്നെയും തങ്ങളെ കേൾക്കുന്നവരെയും രക്ഷിക്കാനും പ്രയോജകീഭവിക്കുന്നു. (1 തിമൊഥെയോസ് 4:16) ഈ പ്രവർത്തനം സംബന്ധിച്ച് ചലനാത്മക മതപ്രസ്ഥാനങ്ങൾ എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “സാക്ഷികളെപ്പോലെ തങ്ങളുടെ മതത്തിൽ ഇത്ര കഠിനമായി പ്രവർത്തിക്കുന്ന മറേറതെങ്കിലും കൂട്ടത്തെ കണ്ടെത്തുക പ്രയാസമായിരിക്കും.”
21. യഹോവ തന്റെ ജനത്തിന്റെ ശുശ്രൂഷയെ അനുഗ്രഹിക്കുന്നുവെന്നതിന് എന്തു തെളിവുണ്ട്?
21 നമ്മുടെ ദൈവദത്തമായ സ്വാതന്ത്ര്യത്തിന്റെ ഉദ്ദേശ്യത്തെ നിറവേററുന്നതിൽ യഹോവ നമ്മെ എങ്ങനെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു! ഇത് കഴിഞ്ഞവർഷത്തെ വയൽസേവന റിപ്പോർട്ടിൽനിന്ന് കാണാൻ കഴിയും—നാൽപ്പതു ലക്ഷത്തിൽപരം രാജ്യപ്രസംഗകരുടെ ഒരു അത്യുച്ചവും ഒപ്പം യേശുവിന്റെ മരണത്തിന്റെ സസ്മാരകത്തിന് ഹാജരായ ഒരു കോടിയിൽപരം പേരും. ഒരു അവലോകനത്തിൽ അയർലണ്ടിന് പ്രസംഗകരുടെ തുടർച്ചയായ 29 പ്രതിമാസ അത്യുച്ചങ്ങൾ ലഭിച്ചിരുന്നു; മെക്സിക്കോയിക്ക് 80 മാസങ്ങളിൽ 78 അത്യുച്ചങ്ങൾ ഉണ്ടായിരുന്നു. ജപ്പാന് ഒരേ നിരയിൽ 153 അത്യുച്ചങ്ങൾ കിട്ടി!
നിങ്ങളുടെ ദൈവദത്ത സ്വാതന്ത്ര്യത്തെ നന്നായി ഉപയോഗിക്കുക
22. നമുക്ക് നമ്മോടുതന്നെ ചോദിക്കാവുന്ന ചില ചിന്തോദ്ദീപകങ്ങളായ ചോദ്യങ്ങളുടെ സാരമെന്താണ്?
22 നിങ്ങൾ യഹോവയുടെ സമർപ്പിതസാക്ഷികളിൽ ഒരാളാണെങ്കിൽ, ദൈവം നിങ്ങൾക്കു നൽകിയിരിക്കുന്ന സ്വാതന്ത്ര്യം നിങ്ങൾ നന്നായി വിനിയോഗിക്കുന്നുണ്ടോ? നമ്മിലോരോരുത്തരും നമ്മോടുതന്നെ ഇങ്ങനെ ചോദിക്കുന്നതു നല്ലതാണ്: ‘തെററായ നടത്തയാൽ ആരെയെങ്കിലും ഇടറിക്കുന്നത് ഒഴിവാക്കാൻ എന്റെ ദൈവദത്തമായ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിൽ ഞാൻ ശ്രദ്ധാലുവാണോ? ഞാൻ ദൈവനിയമത്തെ ഒന്നാമതു കരുതുന്നുവെങ്കിലും ഞാൻ മനഃസാക്ഷിപൂർവം കൈസറുടെ നിയമങ്ങൾ അനുസരിക്കുന്നുണ്ടോ? ഞാൻ സഭാമൂപ്പൻമാരോട് പൂർണ്ണമായി സഹകരിക്കുന്നുണ്ടോ? ഞാൻ സുവാർത്ത പ്രസംഗിക്കുന്നതിൽ എന്റെ ദൈവദത്ത സ്വാതന്ത്ര്യം പൂർണ്ണമായി വിനിയോഗിക്കുന്നുണ്ടോ? എനിക്ക് എല്ലായ്പ്പോഴും “കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാൻ” ഉണ്ടോ? എന്റെ ശുശ്രൂഷയെ വികസിപ്പിച്ചുകൊണ്ടും സഭയിൽ കൂടിയ ഉത്തരവാദിത്തമോ മുഴുസമയ സേവനമോ എത്തിപ്പിടിച്ചുകൊണ്ടും എന്റെ ദൈവദത്ത സ്വാതന്ത്ര്യത്തെ മെച്ചമായി വിനിയോഗിക്കാൻ കഴിയുമ്പോൾ ഞാൻ ഒരു ലൗകിക ജീവിതവൃത്തിയെ ആകാംക്ഷാപൂർവം പിന്തുടരുകയാണോ?’—1 കൊരിന്ത്യർ 15:58.
23. നാം ദൈവദത്ത സ്വാതന്ത്ര്യത്തിന്റെ ഉദ്ദേശ്യത്തെ നിഷ്ഫലമാക്കാതിരിക്കാൻ എന്തു ചെയ്യണം?
23 നമുക്കെല്ലാം “യഹോവ നല്ലവനാണെന്ന് രുചിച്ചറിയാം.” (സങ്കീർത്തനം 34:8) നമുക്ക് അവനിൽ ആശ്രയിക്കുകയും അവന്റെ നിയമങ്ങളോട് അനുരൂപപ്പെടുകയും അവന്റെ രാജ്യം തീക്ഷ്ണമായി പ്രഖ്യാപിച്ചുകൊണ്ട് അവന്റെ വിശുദ്ധനാമത്തെ മഹത്വീകരിക്കുകയും ചെയ്യാം. ‘ധാരാളമായി വിതക്കുന്നവൻ ധാരാളമായി കൊയ്യുകയും ചെയ്യും’ എന്ന് ഓർക്കുക. (2 കൊരിന്ത്യർ 9:6) അതുകൊണ്ട് നമുക്ക് യഹോവക്ക് മുഴുഹൃദയത്തോടെ സേവനമനുഷ്ഠിക്കുകയും നമ്മുടെ ദൈവദത്തമായ സ്വാതന്ത്ര്യത്തിന്റെ ഉദ്ദേശ്യം നാം നിഷ്ഫലമാക്കിയിട്ടില്ലെന്ന് പ്രകടമാക്കുകയും ചെയ്യാം.
നിങ്ങൾ എങ്ങനെ ഉത്തരംപറയും?
▫ ദൈവത്തിന് ഏതുതരം സ്വാതന്ത്ര്യമാണുള്ളത്?
▫ മനുഷ്യസ്വാതന്ത്ര്യത്തിന് ഏതു പരിമിതികളുണ്ട്?
▫ യഥാർത്ഥസ്വാതന്ത്ര്യം എങ്ങനെ സാദ്ധ്യമാക്കപ്പെട്ടു?
▫ ദൈവദത്ത സ്വാതന്ത്ര്യത്തിന്റെ ഉദ്ദേശ്യത്തെ നിഷ്ഫലമാക്കാതിരിക്കാൻ നാം എന്തു ചെയ്യേണ്ടതാണ്?
[9-ാം പേജിലെ ചിത്രം]
ഗുരുത്വാകർഷണനിയമംപോലെയുള്ള ഘടകങ്ങളാൽ മനുഷ്യസ്വാതന്ത്ര്യം പരിമിതപ്പെട്ടിരിക്കുന്നു