യഹോവ, അത്ഭുതകാര്യങ്ങൾ ചെയ്യുന്നവൻ
“നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ. നീ മാത്രം ദൈവമാകുന്നു.”—സങ്കീർത്തനം 86:10.
1, 2. (എ) മമനുഷ്യന്റെ കണ്ടുപിടിത്തങ്ങൾ ലോകത്തെ എങ്ങനെ ബാധിച്ചിരിക്കുന്നു? (ബി) നമുക്ക് എവിടെ മെച്ചപ്പെട്ട കാര്യങ്ങളുടെ പ്രത്യാശ കണ്ടെത്താം?
ആധുനിക മനുഷ്യൻ വൈദ്യുതോപകരണങ്ങൾ, വിദൂരവാർത്താവിനിമയം, വീഡിയോ, മോട്ടോർവാഹനങ്ങൾ, ജററ്വിമാനയാത്ര, കമ്പ്യൂട്ടർവൽകൃത സാങ്കേതികവിദ്യ എന്നിങ്ങനെയുള്ള തന്റെ കണ്ടുപിടിത്തങ്ങൾ അത്ഭുതാവഹമാണെന്നു വീമ്പിളക്കിയേക്കാം. ഇവ ലോകത്തെ ഒരു അയൽപ്രദേശമാക്കി മാററിയിരിക്കുകയാണ്. എന്നാൽ എന്തൊരു അയൽപ്രദേശം! എല്ലാവർക്കും സമാധാനത്തിനും ഐശ്വര്യത്തിനും സമൃദ്ധിക്കും പകരം ഹിംസാത്മകമായ യുദ്ധങ്ങളും കുററകൃത്യങ്ങളും ഭീകരപ്രവർത്തനവും മലിനീകരണവും രോഗങ്ങളും ദാരിദ്ര്യവും മനുഷ്യവർഗ്ഗത്തെ ബാധിച്ചിരിക്കുകയാണ്. ലോകത്തിലെങ്ങും വ്യാപകമായുള്ള ന്യൂക്ലിയർ ആയുധങ്ങൾക്ക്—അവയുടെ എണ്ണം കുറയ്ക്കപ്പെട്ടിട്ടുണ്ടെങ്കിലും—ഇപ്പോഴും മനുഷ്യവർഗ്ഗത്തെ നിർമ്മൂലമാക്കാൻ കഴിയും. കൂടാതെ, മരണത്തിന്റെ വ്യാപാരികളായ ആയുധനിർമ്മാതാക്കൾ ഭൂമിയിലെ ഏററവും വമ്പിച്ച വ്യാപാരം നടത്തുന്നതിൽ തുടരുകയാണ്. സമ്പന്നർ കൂടുതൽ സമ്പന്നരായിത്തീരുന്നു, ദരിദ്രർ കൂടുതൽ ദരിദ്രരായിത്തീരുന്നു. ആർക്കെങ്കിലും ഒരു പരിഹാരം കണ്ടെത്താൻ കഴിയുമോ?
2 ഉവ്വ്! എന്തെന്നാൽ വിടുതലിന് ഉറപ്പുനൽകുന്ന ഒരുവനുണ്ട്, “ഉന്നതന്നു മീതെ ഒരു ഉന്നത”നായ യഹോവയാം ദൈവംതന്നെ. (സഭാപ്രസംഗി 5:8) അവൻ സങ്കീർത്തനങ്ങളുടെ എഴുത്തിനെ നിശ്വസ്തമാക്കി, അവ കഷ്ടകാലങ്ങളിലേക്കു വളരെയധികം ആശ്വാസവും ജ്ഞാനപൂർവകമായ ബുദ്ധിയുപദേശവും നൽകുന്നു. അവയിൽ 86-ാം സങ്കീർത്തനം ഉൾപ്പെടുന്നു. അതിനു “ദാവീദിന്റെ ഒരു പ്രാർത്ഥന” എന്ന ലളിതമായ ഒരു മേലെഴുത്തുണ്ട്. അതു നിങ്ങൾക്കു സ്വന്തമാക്കാവുന്ന ഒരു പ്രാർത്ഥനയാണ്.
ക്ലേശിതനെങ്കിലും വിശ്വസ്തൻ
3. ഈ കാലങ്ങളിൽ, ദാവീദ് നമുക്കു പ്രോൽസാഹകമായ എന്തു ദൃഷ്ടാന്തം നൽകുന്നു?
3 ദാവീദു ക്ലേശമനുഭവിച്ചുകൊണ്ടിരുന്നപ്പോഴാണ് ഈ സങ്കീർത്തനം എഴുതിയത്. ഈ “ദുർഘടസമയങ്ങ”ളിൽ, സാത്താന്റെ വ്യവസ്ഥിതിയുടെ “അന്ത്യനാളുകളിൽ,” ജീവിക്കുന്ന നാം ഇന്നു സമാനമായ പീഡാനുഭവങ്ങളെ അഭിമുഖീകരിക്കുന്നു. (2 തിമൊഥെയൊസ് 3:1; മത്തായി 24:9-13 കൂടെ കാണുക.) നമ്മേപ്പോലെ, ദാവീദ് തന്നെ ബാധിച്ചിരുന്ന പ്രശ്നങ്ങൾ നിമിത്തം ഉത്ക്കണ്ഠകളും വിഷാദവും അനുഭവിച്ചു. എന്നാൽ അവൻ തന്റെ സ്രഷ്ടാവിലുള്ള തന്റെ വിശ്വസ്തമായ ആശ്രയത്തെ ദുർബലപ്പെടുത്താൻ ആ പീഡാനുഭവങ്ങളെ ഒരിക്കലും അനുവദിച്ചില്ല. അവൻ ഇങ്ങനെ അപേക്ഷിച്ചു: “യഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ; ഞാൻ എളിയവനും ദരിദ്രനുമാകുന്നു. എന്റെ പ്രാണനെ കാക്കേണമേ; ഞാൻ നിന്റെ ഭക്തനാകുന്നു; എന്റെ ദൈവമേ, നിന്നിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ.”—സങ്കീർത്തനം 86:1, 2.
4. നാം എങ്ങനെ നമ്മുടെ ആത്മവിശ്വാസം പ്രകടമാക്കണം?
4 ദാവീദിനെപ്പോലെ, “സർവ്വാശ്വാസത്തിന്റെയും ദൈവ”മായ യഹോവ ഈ ഭൂമിയിലേക്കു തന്റെ ചെവി ചായിക്കുകയും നമ്മുടെ വിനീതമായ പ്രാർത്ഥനകൾ കേൾക്കുകയും ചെയ്യുമെന്നു നമുക്കു ദൃഢവിശ്വാസമുണ്ടായിരിക്കാൻ കഴിയും. (2 കൊരിന്ത്യർ 1:3, 4) നമ്മുടെ ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ചുകൊണ്ടു നമുക്കു ദാവീദിന്റെ ഈ ബുദ്ധിയുപദേശം അനുസരിക്കാൻ കഴിയും: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കുകയില്ല.”—സങ്കീർത്തനം 55:22.
യഹോവയുമായുള്ള ഗാഢ സൗഹൃദം
5. (എ) ശ്രദ്ധയോടെ ചെയ്ത ചില വിവർത്തനങ്ങൾ യഹൂദ ശാസ്ത്രിമാരുടെ തെററുകളെ നീക്കംചെയ്തതെങ്ങനെ? (ബി) എൺപത്തഞ്ചും 86-ഉം സങ്കീർത്തനങ്ങൾ യഹോവയെ മഹിമപ്പെടുത്തുന്നതെങ്ങനെ? (അടിക്കുറിപ്പു കാണുക.)
5 എൺപത്തിയാറാം സങ്കീർത്തനത്തിൽ ദാവീദ് “യഹോവേ” എന്ന പദപ്രയോഗം 11 പ്രാവശ്യം ഉപയോഗിക്കുന്നുണ്ട്. ദാവീദിന്റെ പ്രാർത്ഥന എത്ര വികാരതീക്ഷ്ണമാണ്, യഹോവയോടുള്ള അവന്റെ ഗാഢസൗഹൃദം എത്ര ഉററതാണ്! പിന്നീട്, ദൈവനാമത്തിന്റെ അത്തരം ഉററ ഉപയോഗം യഹൂദ ശാസ്ത്രിമാർക്ക്, ശ്രദ്ധേയമായി, സോഫറിമിന് അരോചകമായിത്തീർന്നു. അവർ ദൈവനാമം ദുർവിനിയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള അന്ധവിശ്വാസപരമായ ഒരു ഭയം വളർത്തി. മനുഷ്യൻ ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടുവെന്ന വസ്തുത അവഗണിച്ചുകൊണ്ട്, അവർ മനുഷ്യരുംകൂടെ പ്രകടമാക്കുന്ന ഗുണവിശേഷങ്ങൾ ദൈവത്തിന് ആരോപിക്കുന്നതിനു വിസമ്മതിച്ചു. അതുകൊണ്ട് ഈ ഒരു സങ്കീർത്തനത്തിന്റെ എബ്രായപാഠത്തിൽ ദിവ്യനാമം വരുന്ന 11 സ്ഥാനങ്ങളിൽ 7-ലും അവർ യ്ഹ്വ് (യഹോവ) എന്ന പേരിനു പകരം ’അഡോനായ്ʹ (കർത്താവ്) എന്ന സ്ഥാനപ്പേർ വെച്ചു. വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരവും സശ്രദ്ധം വിവർത്തനംചെയ്തിരിക്കുന്ന മററു നിരവധി ഭാഷാന്തരങ്ങളും ദിവ്യനാമത്തെ ദൈവവചനത്തിലെ അതിന്റെ യഥോചിത സ്ഥാനങ്ങളിൽ പുനഃസ്ഥാപിച്ചിരിക്കുന്നതിൽ നമുക്കു നന്ദിയുള്ളവരായിരിക്കാൻ കഴിയും. തത്ഫലമായി യഹോവയോടുള്ള നമ്മുടെ ബന്ധം യഥോചിതം ദൃഢീകരിക്കപ്പെടുന്നു.a
6. യഹോവയുടെ നാമം നമുക്കു വിലയേറിയതാണെന്നു ഏതു വിധത്തിൽ നമുക്കു പ്രകടമാക്കാൻ കഴിയും?
6 ദാവീദിന്റെ പ്രാർത്ഥന തുടരുന്നു: “കർത്താവേ, [യഹോവേ, NW] എന്നോടു കൃപയുണ്ടാകേണമേ; ഇടവിടാതെ ഞാൻ നിന്നോടു നിലവിളിക്കുന്നു. അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കേണമേ; യഹോവേ, നിങ്കലേക്കു ഞാൻ എന്റെ ഉള്ളം (ദേഹിയെ, NW) ഉയർത്തുന്നു.” (സങ്കീർത്തനം 86:3, 4) ദാവീദു യഹോവയെ “ഇടവിടാതെ” വിളിച്ചപേക്ഷിച്ചുകൊണ്ടിരുന്നുവെന്നു കുറിക്കൊള്ളുക. തീർച്ചയായും അവൻ മിക്കപ്പോഴും രാത്രിമുഴുവൻ പ്രാർത്ഥിച്ചു, അവൻ വിജനപ്രദേശത്ത് ഒരു അഭയാർത്ഥിയായിരുന്നപ്പോൾ ചെയ്തതുപോലെ. (സങ്കീർത്തനം 63:6, 7) സമാനമായി ഇന്നു ബലാൽസംഗത്തിന്റെയോ മററു കയ്യേററത്തിന്റെയോ ഭീഷണി ഉണ്ടാകുമ്പോൾ ചില സാക്ഷികൾ യഹോവയോട് ഉച്ചത്തിൽ നിലവിളിച്ചിട്ടുണ്ട്. ചിലപ്പോൾ അവർ സന്തുഷ്ടമായ ഫലത്തിൽ അതിശയിച്ചുപോയിട്ടുണ്ട്.b “ദാവീദിന്റെ പുത്രനായ യേശുക്രിസ്തു” ഭൂമിയിലായിരുന്നപ്പോൾ യഹോവയുടെ നാമം അവനു വിലയേറിയതായിരുന്നതുപോലെ നമുക്കും അതു വിലയേറിയതാണ്. യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തിനുവേണ്ടി പ്രാർത്ഥിക്കാൻ യേശു തന്റെ ശിഷ്യൻമാരെ പഠിപ്പിക്കുകയും ആ നാമം എന്തിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവരെ അറിയിക്കുകയും ചെയ്തു.—മത്തായി 1:1; 6:9; യോഹന്നാൻ 17:6, 25, 26.
7. യഹോവ തന്റെ ദാസൻമാരുടെ ദേഹിയെത്തന്നെ ഉയർത്തുന്നതിന്റെ ഏതു ദൃഷ്ടാന്തങ്ങൾ നമുക്കുണ്ട്, നാം എങ്ങനെ പ്രതികരിക്കണം?
7 ദാവീദു തന്റെ ദേഹിയെ, അവന്റെ മുഴു സ്വത്വത്തെയും, യഹോവയിലേക്ക് ഉയർത്തി. അതുപോലെ ചെയ്യാൻ അവൻ നമ്മെ പ്രോൽസാഹിപ്പിക്കുന്നു, സങ്കീർത്തനം 37:5-ൽ ഇങ്ങനെ പറഞ്ഞുകൊണ്ട്: “നിന്റെ വഴി യഹോവയെ ഭരമേൽപ്പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവഹിക്കും.” തന്നിമിത്തം നമ്മുടെ ദേഹിയെ സന്തോഷിപ്പിക്കാൻ യഹോവയോടു നാം നടത്തുന്ന അഭ്യർത്ഥനക്ക് ഉത്തരം കിട്ടാതെ പോകുകയില്ല. നിർമ്മലതാപാലകരായ യഹോവയുടെ അനേകം ദാസൻമാർ അവന്റെ സേവനത്തിൽ വലിയ സന്തോഷം കണ്ടെത്തുന്നതിൽ തുടരുന്നു—പ്രയാസങ്ങളും പീഡനങ്ങളും രോഗങ്ങളും ഗണ്യമാക്കാതെതന്നെ. ആഫ്രിക്കയിൽ അംഗോളാ, ലൈബീരിയാ, മൊസാംബിക്ക്, സയർ എന്നിങ്ങനെ യുദ്ധത്താൽ ചീന്തപ്പെട്ട പ്രദേശങ്ങളിലുള്ള നമ്മുടെ സഹോദരങ്ങൾ തങ്ങളുടെ ജീവിതത്തിൽ യഹോവയെ ഒന്നാമതു കരുതുന്നതിൽ തുടർന്നിരിക്കുന്നു.c അവൻ വാസ്തവത്തിൽ സമൃദ്ധമായ ഒരു ആത്മീയ കൊയ്ത്തിൽ അവർ സന്തോഷിക്കാനിടയാക്കിയിരിക്കുന്നു. അവർ സഹിച്ചുനിന്നിരിക്കുന്നതുപോലെ, നാമും സഹിച്ചുനിൽക്കണം. (റോമർ 5:3-5) നാം സഹിച്ചുനിൽക്കുമ്പോൾ, നമുക്ക് ഈ ഉറപ്പു ലഭിക്കുന്നു: “ദർശനത്തിന്നു ഒരു അവധി വെച്ചിരിക്കുന്നു, അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു . . . അതു . . . താമസിക്കയുമില്ല.” (ഹബക്കൂക്ക് 2:3) യഹോവയിലുള്ള പൂർണ്ണമായ വിശ്വാസത്തോടും ആശ്രയത്തോടും കൂടെ നമുക്കും “സമാപ്തിയിലേക്കു ബദ്ധപ്പെ”ടാം.
യഹോവയുടെ നൻമ
8. നമുക്കു യഹോവയുമായി ഏതു ഗാഢസൗഹൃദം ഉണ്ടായിരിക്കാൻ കഴിയും, അവൻ തന്റെ നൻമ പ്രകടമാക്കിയിരിക്കുന്നതെങ്ങനെ?
8 ദാവീദു വികാരവിജ്രംഭിതമായ ഈ കൂടുതലായ അഭ്യർത്ഥന നടത്തുന്നു: “കർത്താവേ [യഹോവേ, NW] നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോട അപേക്ഷിക്കുന്നവരോടൊക്കയും മഹാദയാലുവും [സ്നേഹദയ, NW] ആകുന്നു. യഹോവേ, എന്റെ പ്രാർത്ഥനയെ ചെവിക്കൊള്ളേണമേ; എന്റെ യാചനകളെ ശ്രദ്ധിക്കേണമേ. നീ എനിക്കു ഉത്തരമരുളുകയാൽ എന്റെ കഷ്ടദിവസത്തിൽ ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു.” (സങ്കീർത്തനം 86:5-7) “യഹോവേ”—ഈ പദപ്രയോഗത്തിൽ ഉൾക്കൊണ്ടിരിക്കുന്ന ഗാഢസൗഹൃദത്തിൽ നാം പുളകംകൊള്ളുന്നു! അതു പ്രാർത്ഥനയിലൂടെ നിരന്തരം നട്ടുവളർത്താവുന്ന ഒരു ഗാഢസൗഹൃദമാണ്. മറെറാരു സന്ദർഭത്തിൽ ദാവീദ് ഇങ്ങനെ പ്രാർത്ഥിച്ചു: “എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഓർക്കരുതേ. യഹോവേ നിന്റെ കൃപപ്രകാരം നിന്റെ ദയനിമിത്തം എന്നെ ഓർക്കേണമേ.” (സങ്കീർത്തനം 25:7) യേശുവിന്റെ മറുവില പ്രദാനംചെയ്തതിലും അനുതാപമുള്ള പാപികളോടു കരുണ കാണിക്കുന്നതിലും തന്റെ വിശ്വസ്തരും വിലമതിപ്പുള്ളവരുമായ സാക്ഷികളുടെമേൽ സ്നേഹദയ പ്രകടമാക്കുന്നതിലും യഹോവ നൻമയുടെ മൂർത്തിമദ്ഭാവംതന്നെയാണ്.—സങ്കീർത്തനം 100:3-5; മലാഖി 3:10.
9. അനുതാപമുള്ള പാപികൾ ഏത് ഉറപ്പു സഗൗരവം പരിചിന്തിക്കണം?
9 നാം കഴിഞ്ഞകാല തെററുകളിൽ ക്ലേശിതരാകണമോ? നാം ഇപ്പോൾ നമ്മുടെ പാദങ്ങൾക്കു പാത നിരപ്പാക്കുന്നുവെങ്കിൽ, യഹോവയിൽനിന്ന് “ആശ്വാസകാലങ്ങൾ” വരുമെന്ന് അനുതാപമുള്ളവർക്ക് അപ്പോസ്തലനായ പത്രൊസ് കൊടുത്ത ഉറപ്പ് അനുസ്മരിക്കുമ്പോൾ നാം ഉൻമേഷം പ്രാപിക്കുന്നു. (പ്രവൃത്തികൾ 3:19) “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ. എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും” എന്നു സ്നേഹപൂർവം പറഞ്ഞ നമ്മുടെ വീണ്ടെടുപ്പുകാരനായ യേശുവിലൂടെ പ്രാർത്ഥനയിൽ യഹോവയോടു നമുക്ക് അടുത്തുനിൽക്കാം. വിശ്വസ്തസാക്ഷികൾ ഇന്നു യേശുവിന്റെ വിലയേറിയ നാമത്തിൽ യഹോവയോടു പ്രാർത്ഥിക്കുമ്പോൾ അവർ തീർച്ചയായും ആശ്വാസം കണ്ടെത്തുന്നു.—മത്തായി 11:28, 29; യോഹന്നാൻ 15:16.
10. സങ്കീർത്തനങ്ങളുടെ പുസ്തകം യഹോവയുടെ സ്നേഹദയക്ക് എന്തു പ്രാമുഖ്യത കൊടുക്കുന്നു?
10 സങ്കീർത്തനങ്ങൾ എന്ന പുസ്തകം യഹോവയുടെ “സ്നേഹദയ”യെ നൂറിലധികം പ്രാവശ്യം പരാമർശിക്കുന്നുണ്ട്. അങ്ങനെയുള്ള സ്നേഹദയ തീർച്ചയായും സമൃദ്ധമാണ്! നൂററിപ്പതിനെട്ടാം സങ്കീർത്തനം അതിന്റെ ആദ്യത്തെ നാലു വാക്യങ്ങളിൽ “അവന്റെ ദയ എന്നേക്കുമുള്ളതു” എന്നു നാലു പ്രാവശ്യം ആവർത്തിച്ചുകൊണ്ടു യഹോവക്കു നന്ദികൊടുക്കാൻ ദൈവദാസൻമാരോടു അഭ്യർത്ഥിക്കുന്നു. 136-ാം സങ്കീർത്തനം അവന്റെ “സ്നേഹദയ”യാകുന്ന പ്രിയങ്കരമായ ഗുണത്തെ 26 പ്രാവശ്യം ഊന്നിപ്പറയുന്നു. നാം ഏതെല്ലാം വിധങ്ങളിൽ തെററുചെയ്താലും—യാക്കോബ് 3:2 പറയുന്നതുപോലെ “നാമെല്ലാം പലതിലും തെററിപ്പോകുന്നു”—യഹോവയുടെ കരുണയിലും സ്നേഹദയയിലുമുള്ള ദൃഢവിശ്വാസത്തോടെ നമുക്ക് അവന്റെ ക്ഷമ തേടാൻ ഒരുങ്ങിയിരിക്കാം. അവന്റെ സ്നേഹദയ നമ്മോടുള്ള അവന്റെ വിശ്വസ്തസ്നേഹത്തിന്റെ ഒരു പ്രകടനമാണ്. നാം വിശ്വസ്തമായി ദൈവേഷ്ടം ചെയ്യുന്നതിൽ തുടരുന്നുവെങ്കിൽ, അവൻ സകല പീഡാനുഭവങ്ങളെയും നേരിടുന്നതിനു നമ്മെ ശക്തീകരിക്കുന്നതിൽ തന്റെ വിശ്വസ്തസ്നേഹം പ്രകടമാക്കും.—1 കൊരിന്ത്യർ 10:13.
11. മൂപ്പൻമാരുടെ നടപടി കുററബോധങ്ങൾ നീക്കംചെയ്യുന്നതിന് എങ്ങനെ സഹായിച്ചേക്കാം?
11 മററുള്ളവർ നിമിത്തം നമ്മൾക്ക് ഇടർച്ചയുണ്ടാകുന്ന അവസരങ്ങളുണ്ടാകാം. കുട്ടിക്കാലത്തെ വൈകാരികമോ ശാരീരികമോ ആയ ദുരുപയോഗം ചിലരിൽ അപരാധത്തിന്റെയോ തികഞ്ഞ അയോഗ്യതയുടെയോ തോന്നലുകൾ അവശേഷിപ്പിച്ചിട്ടുണ്ട്. അങ്ങനെ ഇരയായിത്തീർന്ന ഒരാൾക്കു യഹോവ ഉത്തരം നൽകുമെന്നുള്ള വിശ്വാസത്തോടെ അവനെ വിളിച്ചപേക്ഷിക്കാവുന്നതാണ്. (സങ്കീർത്തനം 55:16, 17) അത് ഇരയായ ആളുടെ കുററമല്ലായിരുന്നുവെന്ന വസ്തുത സ്വീകരിക്കാൻ അങ്ങനെയുള്ള ഒരാളെ സഹായിച്ചുകൊണ്ടു ദയാലുവായ ഒരു മൂപ്പനു താത്പര്യമെടുക്കാവുന്നതാണ്. അതിനുശേഷം, കാലാകാലങ്ങളിലെ ഒരു സൗഹാർദ്ദപരമായ ഫോൺവിളിമുഖേന അവൻ (അല്ലെങ്കിൽ അവൾ) ഒടുവിൽ ‘ഭാരം വഹിക്കാൻ’ പ്രാപ്തി നേടുന്നതുവരെ ആ മൂപ്പനു സഹായിക്കാൻ കഴിയും.—ഗലാത്യർ 6:2, 5.
12. കഷ്ടപ്പാടുകൾ എങ്ങനെ പെരുകിയിരിക്കുന്നു, എന്നാൽ നമുക്ക് അവയെ വിജയകരമായി എങ്ങനെ നേരിടാൻ കഴിയും?
12 യഹോവയുടെ ജനത്തിന് ഇന്ന് അങ്കംവെട്ടേണ്ടിയിരിക്കുന്ന ദുഃഖകരമായ അനേകം സാഹചര്യങ്ങളുണ്ട്. ആയിരത്തിത്തൊള്ളായിരത്തിപ്പതിനാലിലെ ഒന്നാം ലോകമഹായുദ്ധം മുതൽ വലിയ വിപത്തുകൾ ഈ ഭൂമിയെ ബാധിക്കാൻ തുടങ്ങി. യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ, അവ “കൊടുംവിപത്തിന്റെ കഠോരവേദനകളുടെ തുടക്കം” ആയിരുന്നു. നാം “വ്യവസ്ഥിതിയുടെ സമാപന”ത്തിലേക്കു വളരെയധികം മുന്നോട്ടുപോയിരിക്കെ, കഷ്ടപ്പാടുകൾ പെരുകിയിരിക്കുകയാണ്. (മത്തായി 24:3, 8, NW) പിശാചിന്റെ “അല്പകാലം” അതിന്റെ പരകോടീയമായ അവസാനത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. (വെളിപ്പാടു 12:12) ഇരതേടുന്ന ഒരു “അലറുന്ന സിംഹ”ത്തെപ്പോലെ ആ വലിയ എതിരാളി ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിൽനിന്നു നമ്മെ വേർപെടുത്തി നശിപ്പിക്കാൻ ലഭ്യമായ സകല കുതന്ത്രങ്ങളും പ്രയോഗിക്കുകയാണ്. (1 പത്രൊസ് 5:8) എന്നാൽ അവൻ വിജയിക്കുകയില്ല! എന്തെന്നാൽ ദാവീദിനെപ്പോലെ, നാം നമ്മുടെ ഏക ദൈവമായ യഹോവയിൽ പൂർണ്ണമായി ആശ്രയംവെക്കുന്നു.
13. മാതാപിതാക്കൾക്കും അവരുടെ മക്കൾക്കും യഹോവയുടെ നൻമയെ പ്രയോജനപ്പെടുത്താവുന്നതെങ്ങനെ?
13 നിസ്സംശയമായി, ദാവീദ് യഹോവയുടെ നൻമയിൽ ആശ്രയിക്കേണ്ടതിന്റെ ആവശ്യം തന്റെ പുത്രനായ ശലോമോന്റെ ഹൃദയത്തിൽ കടത്തിവിട്ടു. തന്നിമിത്തം, ശലോമോനു തന്റെ സ്വന്തം പുത്രനെ ഇങ്ങനെ ഉദ്ബോധിപ്പിക്കാൻ കഴിഞ്ഞു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും. നിനക്കുതന്നെ നീ ജ്ഞാനിയായി തോന്നരുതു. യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക.” (സദൃശവാക്യങ്ങൾ 3:5-7) അതുപോലെതന്നെ ഇന്നു മാതാപിതാക്കൾ യഹോവയോട് ആശ്രയീഭാവത്തോടെ പ്രാർത്ഥിക്കാനും സമപ്രായക്കാരുടെ സ്കൂളിലെ സമ്മർദ്ദവും ദുർമ്മാർഗ്ഗത്തിലേർപ്പെടാനുള്ള പ്രലോഭനങ്ങളും പോലെയുള്ള, ഹൃദയശൂന്യമായ ഒരു ലോകത്തിന്റെ ആക്രമണങ്ങളെ നേരിടുന്നതിനും മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കണം. നിങ്ങളുടെ കുട്ടികളോടൊത്തുള്ള സത്യത്തിന്റെ ദൈനംദിന ആചരണത്തിന്, യഹോവയോടുള്ള യഥാർത്ഥസ്നേഹവും അവന്റെമേലുള്ള പ്രാർത്ഥനാനിരതമായ ആശ്രയവും അവരുടെ ഇളംഹൃദയങ്ങളിൽ അങ്കുരിപ്പിക്കാൻ കഴിയും.—ആവർത്തനം 6:4-9; 11:18, 19.
യഹോവയുടെ അതുല്യപ്രവൃത്തികൾ
14, 15. യഹോവയുടെ അതുല്യപ്രവർത്തനങ്ങളിൽ ചിലതേവ?
14 ദാവീദ് ആഴമായ ബോദ്ധ്യത്തോടെ പറയുന്നു: “കർത്താവേ, [യഹോവേ, NW] ദേവൻമാരിൽ നിനക്കു തുല്യനായവൻ ഇല്ല; നിന്റെ പ്രവൃത്തികൾക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല.” (സങ്കീർത്തനം 86:8) യഹോവയുടെ പ്രവൃത്തികൾ ഏതു മനുഷ്യനും സങ്കല്പിക്കാൻ പോലും കഴിയാത്തവിധം അത്ര മഹത്തരവും ശ്രേഷ്ഠതയും പകിട്ടുമേറിയതുമാകുന്നു. ആധുനികശാസ്ത്രം നോക്കിക്കണ്ടിരിക്കുന്ന പ്രകാരം സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പ്രപഞ്ചം—അതിന്റെ വൈപുല്യവും അതിന്റെ യോജിപ്പും അതിന്റെ മഹിമയും—ദാവീദ് ഗ്രഹിച്ച ഏതിനെക്കാളും വളരെയേറെ ഗംഭീരമാണെന്നു തെളിഞ്ഞിരിക്കുന്നു. എന്നിട്ടുപോലും, “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ വേലയെ പ്രസിദ്ധമാക്കുന്നു” എന്നു പറയാൻ അവൻ പ്രേരിതനായി.—സങ്കീർത്തനം 19:1.
15 യഹോവ പകലിനും രാത്രിക്കും ഋതുക്കൾക്കും വിതകാലത്തിനും വിളവെടുപ്പിനും ഭാവിമനുഷ്യാസ്വാദനത്തിനുവേണ്ടിയുള്ള ബഹുലങ്ങളായ ഉല്ലാസങ്ങൾക്കും കരുതൽ ചെയ്തുകൊണ്ടു ഭൂമിയെ യഥാസ്ഥാനത്തു നിർത്തുകയും സജ്ജമാക്കുകയും ചെയ്ത രീതിയിലും അവന്റെ പ്രവൃത്തികൾ അത്ഭുതകരമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. നമുക്കു ചുററുമുള്ള യഹോവയുടെ പ്രവൃത്തികൾ നമുക്ക് ആസ്വദിക്കാൻ കഴിയത്തക്കവണ്ണം നാംതന്നെ എത്ര അത്ഭുതകരമായി നിർമ്മിക്കപ്പെടുകയും സജ്ജരാക്കപ്പെടുകയും ചെയ്തിരിക്കുന്നു!—ഉല്പത്തി 2:7-9; 8:22; സങ്കീർത്തനം 139:14.
16. യഹോവയുടെ നൻമയുടെ ഏററവും വലിയ പ്രകടനമെന്താണ്, കൂടുതലായ ഏത് അതുല്യപ്രവൃത്തികളിലേക്കു നയിച്ചുകൊണ്ട്?
16 ഭൂമിയെ ഇന്നോളം ബാധിക്കുന്ന വിപത്തുകൾക്കു വഴിമരുന്നിട്ടുകൊണ്ടു നമ്മുടെ ആദ്യമാതാപിതാക്കൾ ദൈവത്തോട് അനുസരണക്കേടു കാണിച്ച ശേഷം, യഹോവ തന്റെ സ്നേഹം നിമിത്തം, ദൈവരാജ്യത്തെ പ്രഘോഷിക്കുന്നതിനും മനുഷ്യവർഗ്ഗത്തിനുവേണ്ടി ഒരു മറുവിലയായി മരിക്കുന്നതിനും തന്റെ പുത്രനെ ഭൂമിയിലേക്ക് അയച്ചതിൽ ഒരു അത്ഭുതപ്രവൃത്തി ചെയ്തു. ഇനി അത്ഭുതങ്ങളിൽ വെച്ച് അത്ഭുതം! അനന്തരം യഹോവ തന്റെ നിർദ്ദിഷ്ട കൂട്ടുരാജാവായിത്തീരുന്നതിനു ക്രിസ്തുവിനെ ഉയിർപ്പിച്ചു. (മത്തായി 20:28; പ്രവൃത്തികൾ 2:32, 34) പുനരുത്ഥാനം പ്രാപിക്കുന്ന ശതകോടിക്കണക്കിനു മനുഷ്യർ ഉൾപ്പെടുന്ന ഒരു “പുതിയഭൂമിസമുദായ”ത്തിൻമേൽ കാരുണ്യം നിറഞ്ഞ ഒരു “പുതിയ ആകാശ”മായി ഭരിക്കുന്നതിനു ദൈവം വിശ്വസ്തരായ മനുഷ്യരിൽനിന്ന് “ഒരു പുതിയ സൃഷ്ടിയെ” തെരഞ്ഞെടുത്തിട്ടുമുണ്ട്. (2 കൊരിന്ത്യർ 5:17; വെളിപ്പാടു 21:1, 5-7; 1 കൊരിന്ത്യർ 15:22-26) യഹോവയുടെ പ്രവൃത്തികൾ അങ്ങനെ മഹത്തായ ഒരു പാരമ്യത്തിലേക്കു നീങ്ങും! സത്യമായി, “യഹോവേ, . . . നിന്റെ ഭക്തൻമാർക്കുവേണ്ടി നീ സംഗ്രഹിച്ച . . . നൻമ എത്ര വലിയതാകുന്നു” എന്നു നമുക്ക് ഉദ്ഘോഷിക്കാൻ കഴിയും.—സങ്കീർത്തനം 31:17-19.
17. യഹോവയുടെ പ്രവൃത്തികളുടെ കാര്യത്തിൽ, സങ്കീർത്തനം 86:9 ഇപ്പോൾ നിവൃത്തിയേറിക്കൊണ്ടിരിക്കുന്നതെങ്ങനെ?
17 യഹോവയുടെ ഏതൽക്കാല പ്രവൃത്തികളിൽ ദാവീദ് സങ്കീർത്തനം 86:9-ൽ വർണ്ണിക്കുന്നത് ഉൾപ്പെടുന്നു: “കർത്താവേ, [യഹോവേ, NW] നീ ഉണ്ടാക്കിയ സകലജാതികളും തിരുമുമ്പിൽ വന്നു നമസ്കരിക്കും; അവർ നിന്റെ നാമത്തെ മഹത്വപ്പെടുത്തും.” മനുഷ്യവർഗ്ഗത്തിന്റെ ഇടയിൽനിന്നു രാജ്യാവകാശികളുടെ “ചെറിയ ആട്ടിൻകൂട്ട”മായ തന്റെ പുതിയ സൃഷ്ടിയിൽ ശേഷിപ്പുള്ളവരെ വിളിച്ചുവേർതിരിച്ച ശേഷം യഹോവ “വേറെ ആടുകളുടെ” “ഒരു മഹാപുരുഷാര”ത്തെ “സകല ജനതകളുടെ”യും ഇടയിൽനിന്നു കൂട്ടിച്ചേർക്കാൻ തുടങ്ങി, ആ ദശലക്ഷങ്ങളും യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിൽ വിശ്വാസമർപ്പിക്കുന്നു. ഇവരെ അവൻ ഇന്നു സമാധാനപ്രിയമുള്ള ഭൂമിയിലെ ഏക ആഗോളസമൂഹമായ, ശക്തിമത്തായ ഒരു സ്ഥാപനമായി കെട്ടുപണി ചെയ്തിരിക്കുന്നു. ഇതു നിരീക്ഷിച്ചുകൊണ്ടു സ്വർഗ്ഗീയ സൈന്യങ്ങൾ യഹോവയുടെ മുമ്പാകെ കുമ്പിടുന്നു, ഇങ്ങനെ പ്രഖ്യാപിച്ചുകൊണ്ട്: “നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും.” മഹാപുരുഷാരവും യഹോവയുടെ നാമത്തെ മഹത്വീകരിക്കുന്നു, ലോകത്തിന്റെ അവസാനത്തെ അതിജീവിക്കുന്നതിനും ഒരു പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിനുമുള്ള പ്രത്യാശയോടെ അവനെ “രാവും പകലും” സേവിച്ചുകൊണ്ടുതന്നെ.—ലൂക്കൊസ് 12:32; വെളിപ്പാടു 7:9-17; യോഹന്നാൻ 10:16.
യഹോവയുടെ മഹത്ത്വം
18. ‘താൻമാത്രം ദൈവ’മാണെന്നു യഹോവ പ്രകടമാക്കിയിരിക്കുന്നതെങ്ങനെ?
18 അടുത്തതായി ദാവീദ്, “നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു” എന്നു പറഞ്ഞുകൊണ്ടു യഹോവയുടെ ദൈവത്വത്തിലേക്കു ശ്രദ്ധക്ഷണിക്കുന്നു. (സങ്കീർത്തനം 86:10) തീർച്ചയായും ‘താൻമാത്രം ദൈവ’മാകുന്നുവെന്നു പണ്ടുമുതൽ യഹോവ പ്രകടമാക്കിക്കൊണ്ടാണിരിക്കുന്നത്. ഈജിപ്ററിൽ ദുർഭരണം നടത്തിയ ഒരു ഫറവോനാണു “ഞാൻ യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല” എന്നു ധിക്കാരപൂർവം പറഞ്ഞുകൊണ്ടു മോശയെ വെല്ലുവിളിച്ചത്. എന്നാൽ യഹോവ എത്ര വലിയവനാകുന്നുവെന്ന് അവൻ താമസിയാതെ അറിയാനിടയായി! സർവശക്തനായ ദൈവം വിനാശകരമായ ബാധകളയച്ചുകൊണ്ടും ഈജിപ്ററിലെ ആദ്യജാതൻമാരെ നിഗ്രഹിച്ചുകൊണ്ടും ഫറവോനെയും അവന്റെ വിശിഷ്ട സൈന്യത്തെയും ചെങ്കടലിൽ നിർമ്മൂലമാക്കിക്കൊണ്ടും ഈജിപ്ററിലെ ദൈവങ്ങളെയും മന്ത്രവാദം നടത്തുന്ന പുരോഹിതൻമാരെയും താഴ്ത്തിക്കെട്ടി. വാസ്തവത്തിൽ, ദൈവങ്ങളുടെ ഇടയിൽ യഹോവയെപ്പോലെ ആരുമില്ല!—പുറപ്പാടു 5:2; 15:11, 12.
19, 20. (എ) വെളിപ്പാടു 15:3, 4-ലെ പാട്ടിന് അതിന്റെ അതിമഹത്തായ വ്യക്തത ഉണ്ടാകുന്നതെപ്പോൾ? (ബി) നമുക്കിപ്പോൾപോലും യഹോവയുടെ പ്രവൃത്തിയിൽ പങ്കെടുക്കാവുന്നതെങ്ങനെ?
19 താൻമാത്രമായ ദൈവം എന്ന നിലയിൽ യഹോവ ആധുനിക ഈജിപ്ററിൽനിന്ന്—സാത്താന്റെ ലോകത്തിൽനിന്ന്—തന്റെ അനുസരണമുള്ള ആരാധകരെ വിടുവിക്കുന്നതിനുള്ള ഒരുക്കത്തിൽ അത്ഭുതകാര്യങ്ങൾ ചെയ്തുതുടങ്ങിയിരിക്കുന്നു. സകല ചരിത്രത്തിലുംവെച്ച് അതിവിപുലമായ പ്രസംഗപ്രസ്ഥാനം മുഖേന അവൻ സർവഭൂമിയിലും തന്റെ ദിവ്യന്യായവിധികൾ പ്രഖ്യാപിച്ചിരിക്കുന്നു, അങ്ങനെ മത്തായി 24:14-ലെ യേശുവിന്റെ പ്രവചനം നിവർത്തിച്ചിരിക്കുന്നു. താമസിയാതെ, “അവസാനം” വരണം, അപ്പോൾ ഭൂമിയിൽനിന്നു സകല ദുഷ്ടതയും തുടച്ചുനീക്കിക്കൊണ്ടു യഹോവ തന്റെ മഹത്വം പ്രകടമാക്കും. (സങ്കീർത്തനം 145:20) അപ്പോൾ മോശയുടെ ഗീതവും കുഞ്ഞാടിന്റെ ഗീതവും ഒരു ആരോഹണത്തിലെത്തും: “സർവശക്തനായ യഹോവയാം ദൈവമേ, നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതകരവുമാകുന്നു. നിത്യതയുടെ രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുള്ളവയാകുന്നു. യഹോവേ, നീ മാത്രം വിശ്വസ്തനായതിനാൽ ആർ യഥാർത്ഥത്തിൽ നിന്നെ ഭയപ്പെടാതെയും നിന്റെ നാമത്തെ മഹത്വീകരിക്കാതെയുമിരിക്കും?”—വെളിപ്പാട് 15:3, 4, NW.
20 നമ്മേസംബന്ധിച്ചടത്തോളം, നമുക്കു ദൈവത്തിന്റെ മഹനീയമായ ഉദ്ദേശ്യങ്ങളെക്കുറിച്ചു മററുള്ളവരോടു സംസാരിക്കുന്നതിൽ തീക്ഷ്ണതയുള്ളവരായിരിക്കാം. (പ്രവൃത്തികൾ 2:11 താരതമ്യപ്പെടുത്തുക.) യഹോവ നമ്മുടെ നാളിലും ഭാവിയിലേക്കു കടന്നും വലുതും അത്ഭുതകരവുമായ കാര്യങ്ങൾ ചെയ്യുന്നതിൽ തുടരും, നമ്മുടെ അടുത്ത ലേഖനം വിവരിക്കുന്നത് അതായിരിക്കും. (w92 12/15)
[അടിക്കുറിപ്പുകൾ]
a ആൻഡ്രൂ എ. ബോണാർ പിൻവരുന്ന പ്രകാരം പറയുന്നതായി 1874-ലെ ഒരു ബൈബിൾഭാഷ്യഗ്രന്ഥം ഉദ്ധരിക്കുന്നു: “അവസാനത്തെ [85-ാം] സങ്കീർത്തനത്തിന്റെ ഒടുവിൽ ദൈവത്തിന്റെ പ്രത്യേക സ്വഭാവം, അവന്റെ മഹത്തായ നാമം, അധികമായി, വളരെയധികമായി, വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. മിക്കവാറും തുല്യമായി യഹോവയുടെ സ്വഭാവം നിറഞ്ഞിരിക്കുന്ന മറെറാരു സങ്കീർത്തനം, ‘ദാവീദിന്റെ ഒരു പ്രാർത്ഥന,’ അതിനെ തുടർന്നു വരുന്നതിന്റെ കാരണം ഇതായിരിക്കാം. ഈ [86-ാം] സങ്കീർത്തനത്തിന്റെ അടിസ്ഥാനാശയം യഹോവയുടെ നാമമാണ്.”
b വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധപ്പെടുത്തിയ 1984 ജൂൺ 22-ലെ എവേക്ക്! ലക്കത്തിന്റെ 28-ാം പേജു കാണുക.
c വിശദാംശങ്ങൾക്കായി, വീക്ഷാഗോപുരത്തിന്റെ 1993 ജനുവരി 1-ലെ ലക്കത്തിൽ വരാനിരിക്കുന്ന, “ലോകവ്യാപകമായുള്ള യഹോവയുടെ സാക്ഷികളുടെ 1992 സേവനവർഷ റിപ്പോർട്ട്” കാണുക.
നിങ്ങൾ ഓർക്കുന്നുവോ?
◻ നാം സങ്കീർത്തനം 86-ലെ പ്രാർത്ഥനയെ നമ്മുടെ സ്വന്തം പ്രാർത്ഥനയാക്കേണ്ടതെന്തുകൊണ്ട്?
◻ നമുക്ക് എങ്ങനെ യഹോവയുമായി ഗാഢസൗഹൃദത്തിലാകാം?
◻ യഹോവ നമ്മോടു തന്റെ നൻമ പ്രകടമാക്കുന്നതെങ്ങനെ?
◻ യഹോവയുടെ അതുല്യപ്രവൃത്തികളിൽ ചിലതേവ?
◻ യഹോവ മാഹാത്മ്യം സംബന്ധിച്ച്, ‘താൻ മാത്രം ദൈവ’മായിരിക്കുന്നതെങ്ങനെ?
[15-ാം പേജിലെ ചിത്രം]
വരാനിരിക്കുന്ന “പുതിയ ഭൂമി”യിൽ യഹോവയുടെ അത്ഭുതകരമായ പ്രവൃത്തികൾ അവന്റെ മഹത്വത്തെയും നൻമയെയും പ്രഖ്യാപിക്കുന്നതിൽ തുടരും