പ്രേരണാ കലയിലൂടെ ഹൃദയത്തിലെത്തിച്ചേരൽ
അനേകരും “പ്രേരണ” എന്ന പദത്തെ സംശയത്തോടെയാണു വീക്ഷിക്കുന്നത്. അത് വിടാതെ പിടികൂടിയിരിക്കുന്ന ഒരു വിൽപ്പനക്കാരനെയോ ഉപഭോക്താവിനെ പറ്റിക്കാനോ വീഴ്ത്താനോ രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു പരസ്യത്തെയോ അനുസ്മരിപ്പിച്ചേക്കാം. ബൈബിളിൽപ്പോലും പ്രേരണ എന്ന ആശയത്തിന് ചിലപ്പോൾ ദുഷിപ്പിക്കലിനെയോ വഴിതെറ്റിക്കലിനെയോ സൂചിപ്പിക്കുന്ന നിഷേധാത്മകമായ അർഥം കൊടുക്കുന്നുണ്ട്. ഉദാഹരണത്തിന്, ക്രിസ്തീയ അപ്പോസ്തലനായ പൗലൊസ് ഗലാത്യർക്ക് എഴുതി: “നിങ്ങൾ നന്നായി മുന്നേറിക്കൊണ്ടിരുന്നു; സത്യത്തെ അനുസരിക്കുന്നതിൽനിന്നു നിങ്ങളെ തടഞ്ഞത് ആരാണ്? ഈ പ്രേരണ ഉണ്ടായത് ഏതായാലും നിങ്ങളെ വിളിച്ചവനിൽനിന്നല്ല.” (ഗലാത്യർ 5:7, 8, പി.ഒ.സി. ബൈബിൾ) ‘പ്രേരണാത്മക വാദങ്ങൾകൊണ്ട് തങ്ങളെ വഴിതെറ്റിക്കാൻ’ ആരെയും അനുവദിക്കരുതെന്നു പൗലൊസ് കൊലൊസ്സ്യർക്കും മുന്നറിയിപ്പു കൊടുത്തു. (കൊലൊസ്സ്യർ 2:4, NW) വ്യാജ അടിസ്ഥാനങ്ങളിൽ പടുത്തുയർത്തിയ സമർഥമായ വാദങ്ങളാണ് അത്തരം പ്രേരണയ്ക്കു നിദാനം.
എന്നിരുന്നാലും, തിമൊഥെയൊസിനുള്ള തന്റെ രണ്ടാമത്തെ ലേഖനത്തിൽ പൗലൊസ് അപ്പോസ്തലൻ പ്രേരണ എന്ന ആശയം ഒരു വ്യത്യസ്ത അർഥത്തിൽ ഉപയോഗിക്കുന്നുണ്ട്. അവൻ എഴുതി: “നീ പഠിച്ചതും വിശ്വസിക്കാൻ പ്രേരിപ്പിക്കപ്പെട്ടിട്ടുള്ളതുമായ കാര്യങ്ങൾ നീ അവ ആരിൽനിന്നാണു പഠിച്ചതെന്നോർത്ത് അവയിൽ തുടർന്നുകൊൾക.” (2 തിമൊഥെയൊസ് 3:14, NW) അവന്റെ അമ്മയും വല്യമ്മയുമാണ് അവനെ തിരുവെഴുത്തു സത്യങ്ങൾ പഠിപ്പിച്ചത്. അങ്ങനെ “വിശ്വസിക്കാൻ പ്രേരിപ്പിക്കപ്പെട്ട”തിൽ, അവർ അവനെ വീഴ്ത്തുകയായിരുന്നില്ല.—2 തിമൊഥെയൊസ് 1:5.a
റോമിൽ വീട്ടുതടങ്കലിൽ ആയിരിക്കുമ്പോൾ, പൗലൊസ് അനേകർക്കും “മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവർക്കു ബോധം വരുമാറു [“പ്രേരണ ഉപയോഗിച്ചുകൊണ്ട്,” NW] രാവിലെ തുടങ്ങി സന്ധ്യവരെ” സാക്ഷ്യം നൽകി. (പ്രവൃത്തികൾ 28:23) പൗലൊസ് തന്റെ സദസ്സിനെ വഞ്ചിക്കുകയായിരുന്നോ? ഒരിക്കലുമല്ല! അപ്പോൾ വ്യക്തമായും പ്രേരണ എല്ലായ്പോഴും മോശമായ സംഗതിയല്ല.
ക്രിയാത്മകമായ അർഥത്തിൽ ഉപയോഗിക്കുമ്പോൾ “പ്രേരിപ്പിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് മൂലപദം അർഥമാക്കുന്നത് ബോധ്യപ്പെടുത്തുക, ഈടുറ്റതും യുക്തിസഹവുമായ ന്യായവാദത്തിലൂടെ മനസ്സിനു മാറ്റംവരുത്തുക എന്നാണ്. അങ്ങനെ, മറ്റുള്ളവരിൽ ബൈബിൾ സത്യത്തെക്കുറിച്ചു ബോധ്യംവരുത്താൻ ഒരു അധ്യാപകന് പ്രേരണ ഉപയോഗിച്ചുകൊണ്ട് തിരുവെഴുത്ത് അടിസ്ഥാനത്തിന്മേൽ പടുത്തുയർത്താവുന്നതാണ്. (2 തിമൊഥെയൊസ് 2:15) വാസ്തവത്തിൽ, ഇത് പൗലൊസിന്റെ ശുശ്രൂഷയുടെ ഒരു സവിശേഷതയായിരുന്നു. ക്രിസ്തീയ പഠിപ്പിക്കലുകൾ തെറ്റാണെന്നു കരുതിയിരുന്ന ദെമേത്രിയൊസ് എന്ന തട്ടാൻപോലും “ഈ പൌലൊസ് എന്നവൻ കയ്യാൽ തീർത്തതു ദേവന്മാർ അല്ല എന്നു പറഞ്ഞുകൊണ്ടു എഫെസൊസിൽ മാത്രമല്ല, മിക്കവാറും ആസ്യയിൽ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു [“പ്രേരിപ്പിച്ചു,” NW] മറിച്ചുകളഞ്ഞു” എന്നു പറയുകയുണ്ടായി.—പ്രവൃത്തികൾ 19:26.
ശുശ്രൂഷയിൽ പ്രേരണ ഉപയോഗിക്കൽ
യേശുക്രിസ്തു തന്റെ അനുഗാമികളെ ഇങ്ങനെ പ്രബോധിപ്പിച്ചു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.” (മത്തായി 28:19, 20) 230-ലധികം രാജ്യങ്ങളിൽ, യഹോവയുടെ സാക്ഷികൾ ഈ കൽപ്പന അനുസരിക്കുന്നു. 1997 സേവനവർഷത്തിൽ, ലോകവ്യാപകമായി അവർ ഓരോ മാസവും ശരാശരി 45,52,589 ഭവനബൈബിളധ്യയനങ്ങൾ നടത്തുകയുണ്ടായി.
ഒരു ഭവനബൈബിളധ്യയനം നടത്തുകയെന്ന പദവി നിങ്ങൾ ആസ്വദിക്കുന്നുണ്ടെങ്കിൽ, പ്രേരണാ കല ഉപയോഗിക്കേണ്ടതായിവരുന്ന വെല്ലുവിളികൾ നിങ്ങൾക്കു മുൻകൂട്ടിക്കാണാൻ കഴിഞ്ഞേക്കും. ഉദാഹരണത്തിന്, നിങ്ങൾ അടുത്തപ്രാവശ്യം അധ്യയനത്തിനിരിക്കുമ്പോൾ, ത്രിത്വത്തെക്കുറിച്ച് ഒരു ചോദ്യം പൊന്തിവരുന്നുവെന്നു സങ്കൽപ്പിക്കുക. നിങ്ങളുടെ വിദ്യാർഥി ഈ ഉപദേശം വിശ്വസിക്കുന്നുണ്ടെന്നു നിങ്ങൾക്ക് അറിയാമെങ്കിലോ? ആ വിഷയം ചർച്ചചെയ്യുന്ന ഒരു പ്രസിദ്ധീകരണം അയാൾക്കു നൽകാവുന്നതാണ്. അതു വായിച്ചതിനുശേഷം, ദൈവവും യേശുവും ഒരേ ആൾതന്നെയല്ല എന്നു മനസ്സിലാക്കാൻ അയാൾ പ്രേരിപ്പിക്കപ്പെട്ടിരിക്കുന്നതായി നിങ്ങൾ കണ്ടെത്തിയേക്കാം. എന്നാൽ സംശയങ്ങളുണ്ടെങ്കിൽ, നിങ്ങൾക്കെങ്ങനെ അതു കൈകാര്യം ചെയ്യാനാകും?
അവധാനപൂർവം ശ്രദ്ധിക്കുക. ഇത് ഒരു പ്രത്യേക വിഷയം സംബന്ധിച്ച് നിങ്ങളുടെ വിദ്യാർഥി അതിനോടകംതന്നെ എന്തു വിശ്വസിക്കുന്നുവെന്ന് നിർണയിക്കാൻ നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന്, “ഞാൻ ത്രിത്വത്തിൽ വിശ്വസിക്കുന്നു” എന്നു നിങ്ങളുടെ വിദ്യാർഥി പറയുന്നെങ്കിൽ, ഈ പഠിപ്പിക്കൽ തെറ്റാണെന്നു തെളിയിക്കാൻ നിങ്ങൾക്ക് ഉടൻതന്നെ ഒരു തിരുവെഴുത്തു ചർച്ച നടത്താവുന്നതാണ്. എന്നാൽ ത്രിത്വത്തെക്കുറിച്ച് വ്യത്യസ്ത വിശ്വാസങ്ങളുണ്ട്. നിങ്ങൾ ത്രിത്വപഠിപ്പിക്കൽ എന്നു നിർവചിക്കുന്നതിൽനിന്നു വ്യത്യസ്തമായിരിക്കാം നിങ്ങളുടെ വിദ്യാർഥി വിശ്വസിക്കുന്നത്. പുനർജന്മം, ആത്മാവിന്റെ അമർത്ത്യത, രക്ഷ എന്നിങ്ങനെയുള്ള മറ്റു വിശ്വാസങ്ങളുടെ കാര്യവും ഇങ്ങനെതന്നെയാകാം. അതുകൊണ്ട് സംസാരിക്കുന്നതിനുമുമ്പ് അവധാനപൂർവം ശ്രദ്ധിക്കുക. വിദ്യാർഥി എന്തു വിശ്വസിക്കുന്നുവെന്നു നിങ്ങൾ ഊഹിക്കരുത്.—സദൃശവാക്യങ്ങൾ 18:13.
ചോദ്യങ്ങൾ ചോദിക്കുക. ഇതിൽ പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ ഉൾപ്പെട്ടേക്കാം: ‘നിങ്ങൾ എല്ലായ്പോഴും ത്രിത്വത്തിൽ വിശ്വസിച്ചിട്ടുണ്ടോ? ഈ വിഷയത്തെക്കുറിച്ചു ബൈബിൾ എന്തു പറയുന്നുവെന്നതു സംബന്ധിച്ചു നിങ്ങൾ സമഗ്രമായ ഒരു പഠനം നടത്തിയിട്ടുണ്ടോ? ദൈവം ഒരു ത്രിത്വത്തിന്റെ ഭാഗമായിരുന്നെങ്കിൽ, അവന്റെ വചനമായ ബൈബിൾ വ്യക്തമായും നേരിട്ടും അതു നമ്മോടു പറയുമായിരുന്നില്ലേ?’ വിദ്യാർഥിയെ പഠിപ്പിക്കുമ്പോൾ, ഇടയ്ക്കിടെ പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ ചോദിക്കുക: ‘നാമിതുവരെ പരിചിന്തിച്ചത് നിങ്ങൾക്കു ന്യായയുക്തമായി തോന്നുന്നുണ്ടോ?’ ‘ഈ വിശദീകരണത്തോടു നിങ്ങൾ യോജിക്കുന്നുവോ?’ ചോദ്യങ്ങൾ വിദഗ്ധമായി ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ വിദ്യാർഥിയെ പഠന പ്രക്രിയയിൽ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്. നിങ്ങൾ വിഷയം വിശദീകരിക്കുന്നത് വിദ്യാർഥി കേൾക്കുക മാത്രമായിരിക്കുകയില്ല.
ഈടുറ്റ ന്യായവാദം ഉപയോഗിക്കുക. ഉദാഹരണത്തിന്, ത്രിത്വോപദേശം ചർച്ചചെയ്യവേ, നിങ്ങളുടെ വിദ്യാർഥിയോട് ഇങ്ങനെ പറയാവുന്നതാണ്: ‘യേശു സ്നാപനമേറ്റപ്പോൾ, സ്വർഗത്തിൽനിന്ന് ഒരു സ്വരം പറഞ്ഞു: “നീ എന്റെ പ്രിയപുത്രൻ.” വാസ്തവത്തിൽ ദൈവമാണു ഭൂമിയിൽ സ്നാപനമേറ്റുകൊണ്ടിരുന്നതെങ്കിൽ, അവൻ തന്റെ സ്വരം സ്വർഗത്തിലേക്ക് അയച്ച് അതിനെ തിരികെ ഭൂമിയിൽ കേൾപ്പിക്കുകയായിരുന്നോ? അത് തെറ്റിദ്ധാരണാജനകമായിരിക്കുകയില്ലേ? “വ്യാജം പറയാത്തവനായ” ദൈവം അത്തരം വഞ്ചനാത്മക സംഗതി ചെയ്യുമോ?’—ലൂക്കൊസ് 3:21, 22; തീത്തൊസ് 1:1, 2, പി.ഒ.സി. ബൈബിൾ.
ഈടുറ്റ ന്യായവാദങ്ങൾ നയത്തോടെ അവതരിപ്പിക്കുന്നത് മിക്കപ്പോഴും വളരെ ഫലപ്രദമാണ്. ഒരു സ്ത്രീയുടെ ഉദാഹരണം എടുക്കാം. നമുക്ക് അവരെ ബാർബറ എന്നു വിളിക്കാം. ഇതുവരെയും അവർ വിശ്വസിച്ചിരുന്നത് യേശു ദൈവമാണെന്നും പരിശുദ്ധാത്മാവ് ഉൾപ്പെട്ട ഒരു ത്രിത്വത്തിന്റെ ഭാഗമാണെന്നുമായിരുന്നു. എന്നാൽ ദൈവവും യേശുവും രണ്ടു വ്യത്യസ്ത വ്യക്തികളാണെന്ന് ഇപ്പോൾ ഒരു യഹോവയുടെ സാക്ഷി അവരോടു പറഞ്ഞിരിക്കുന്നു, തന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്ന തിരുവെഴുത്തുകളും അദ്ദേഹം അവർക്കു കാണിച്ചുകൊടുത്തു.b ബൈബിളിനെ ഖണ്ഡിക്കാൻ ബാർബറയ്ക്കു കഴിഞ്ഞില്ല. അതേസമയം അവർക്കു നിരാശയും തോന്നി. കാരണം, ത്രിത്വോപദേശം അവർക്കു പ്രിയപ്പെട്ട ഒന്നായിരുന്നു.
ആ സാക്ഷി ക്ഷമാപൂർവം ബാർബറയുമായി ന്യായവാദം നടത്തി. “രണ്ടു വ്യക്തികൾ തുല്യരാണെന്ന് എന്നെ പഠിപ്പിക്കാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ, നിങ്ങൾ ഏതു കുടുംബബന്ധം ഉപയോഗിച്ചായിരിക്കും അത് ദൃഷ്ടാന്തീകരിക്കുക?” അയാൾ ചോദിച്ചു. അവർ ഒരു നിമിഷം ആലോചിച്ചിട്ട് ഇങ്ങനെ മറുപടി പറഞ്ഞു: “ഞാൻ രണ്ടു സഹോദരന്മാരുടെ കാര്യമാകും ഉപയോഗിക്കുക.” “തികച്ചും ശരിയാണ്,” സാക്ഷി പറഞ്ഞു. “ഒരുപക്ഷേ, ഒരേപോലിരിക്കുന്ന ഇരട്ടകളുടെപോലും. എന്നാൽ ദൈവത്തെ പിതാവ് ആയും തന്നെ പുത്രൻ ആയും വീക്ഷിക്കാൻ നമ്മെ പഠിപ്പിച്ചതിലൂടെ, യേശു എന്തു സന്ദേശം നൽകുകയായിരുന്നു?” വിടർന്ന കണ്ണുകളോടെ ബാർബറ മറുപടി പറഞ്ഞു: “ഇപ്പോൾ എനിക്കു മനസ്സിലായി. അവൻ ഒരാളെ പ്രായമേറിയവനായും കൂടുതൽ അധികാരമുള്ളവനായും വർണിക്കുകയായിരുന്നു.”
“വാസ്തവം. പിതൃപ്രധാന്യം കൽപ്പിച്ചിരുന്ന സമുദായത്തിൽ ജീവിച്ചിരുന്ന യേശുവിന്റെ ശ്രോതാക്കളായിരുന്ന യഹൂദന്മാർക്ക് വിശേഷിച്ചും അത്തരമൊരു നിഗമനത്തിലേ എത്തിച്ചേരാനാകുമായിരുന്നുള്ളൂ” എന്നു സാക്ഷി ഉത്തരംപറഞ്ഞു. പ്രസ്തുത ആശയം ഊന്നിപ്പറഞ്ഞുകൊണ്ട് സാക്ഷി ഇങ്ങനെ ഉപസംഹരിച്ചു: “തുല്യതയെക്കുറിച്ചു പഠിപ്പിക്കാൻ അത്തരം ഉചിതമായ ദൃഷ്ടാന്തം—സഹോദരന്മാരുടെയോ ഒരേപോലിരിക്കുന്ന ഇരട്ടകളുടെയോ—നാം ഉപയോഗിക്കുന്നെങ്കിൽ, തീർച്ചയായും മഹദ്ഗുരുവായ യേശുവിനും അങ്ങനെ ചെയ്യാനാകുമായിരുന്നു. അതിനുപകരം, താനും ദൈവവും തമ്മിലുള്ള ബന്ധം വർണിക്കാൻ ‘പിതാവ്,’ ‘പുത്രൻ’ എന്നീ പദങ്ങളാണ് അവൻ ഉപയോഗിച്ചത്.
അവസാനം, ബാർബറയ്ക്ക് സംഗതി പിടികിട്ടി, അവർ അത് അംഗീകരിച്ചു. പ്രേരണാ കലയിലൂടെ അവരുടെ ഹൃദയത്തിൽ എത്തിച്ചേരാൻ കഴിഞ്ഞു.
വികാരങ്ങൾ ഉൾപ്പെട്ടിരിക്കുമ്പോൾ
രൂഢമൂലമായിരിക്കുന്ന മതവിശ്വാസങ്ങൾക്ക് പലപ്പോഴും ഒരു വൈകാരിക വശമുണ്ടായിരിക്കും. തീക്ഷ്ണതയുള്ള ഒരു കത്തോലിക്ക വിശ്വാസിയായ എഡ്നയുടെ കാര്യമെടുക്കുക. അവരുടെ കൗമാരപ്രായത്തിലുള്ള കൊച്ചുമക്കൾ ദൈവവും യേശുവും ഒരേ വ്യക്തിയല്ലെന്നതിനുള്ള വ്യക്തമായ തിരുവെഴുത്തു തെളിവുകൾ അവർക്കു കാണിച്ചുകൊടുത്തു. എഡ്നയ്ക്കു സംഗതി മനസ്സിലാകുകയും ചെയ്തു. എന്നിട്ടും, അവർ ദയാപുരസ്സരമെങ്കിലും ദൃഢമായി പറഞ്ഞു: “ഞാൻ പരിശുദ്ധ ത്രിത്വത്തിൽത്തന്നെ വിശ്വസിക്കുന്നു.”
ഒരുപക്ഷേ, നിങ്ങൾക്കും അത്തരം അനുഭവമുണ്ടായിട്ടുണ്ടാകാം. അനേകരും തങ്ങളുടെ മതപഠിപ്പിക്കലുകളെ തങ്ങളുടെ വ്യക്തിത്വത്തിന്റെതന്നെ ഭാഗമായി വീക്ഷിക്കുന്നു. അത്തരം ബൈബിൾ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നതിന്, വ്യക്തിപരമായി അവരെ സ്പർശിക്കാത്ത യുക്തിയെക്കാൾ, അല്ലെങ്കിൽ അവരുടെ വീക്ഷണം തെറ്റാണെന്നു തെളിയിക്കുന്ന ഒരു കൂട്ടം, തിരുവെഴുത്തുകളെക്കാൾ അധികം ആവശ്യമാണ്. അത്തരം സ്ഥിതിവിശേഷങ്ങളെ ഫലപ്രദമായി നേരിടാൻ പ്രേരണാ കലയും അനുകമ്പയും സമനിലയിൽ കൊണ്ടുവരേണ്ടതുണ്ട്. (റോമർ 12:15-ഉം കൊലൊസ്സ്യർ 3:12-ഉം താരതമ്യം ചെയ്യുക.) ഫലപ്രദനായ ഒരു അധ്യാപകന് ശക്തമായ ബോധ്യമുണ്ടായിരിക്കണം എന്നതു ശരിതന്നെ. ഉദാഹരണത്തിന്, പൗലൊസ് “എനിക്കു ബോധ്യമുണ്ട്,” “ഞാനറിയുന്നു, കർത്താവായ യേശുവിൽ പ്രേരിപ്പിക്കപ്പെട്ടുമിരിക്കുന്നു” എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ ഉപയോഗിച്ചു. (റോമർ 8:38; 14:14, NW) എന്നിരുന്നാലും, നമ്മുടെ ബോധ്യങ്ങൾ പ്രകടിപ്പിക്കുമ്പോൾ, നാം കടുംപിടുത്തവും സ്വയനീതീകരണവും ഒഴിവാക്കണം. കൂടാതെ അവരുടെ വിശ്വാസങ്ങളെ പരിഹസിക്കുകയോ തരംതാഴ്ത്തുകയോ ചെയ്യുന്നമട്ടിൽ ബൈബിൾ സത്യങ്ങൾ അവതരിപ്പിക്കരുത്. വിദ്യാർഥിയെ മുറിവേൽപ്പിക്കാനോ ആക്ഷേപിക്കാനോ നാം തീർച്ചയായും ആഗ്രഹിക്കുകയില്ല.—സദൃശവാക്യങ്ങൾ 12:18.
വിദ്യാർഥിയുടെ വിശ്വാസങ്ങളോട് ആദരവുണ്ടായിരിക്കുന്നതും അതു സൂക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെ അംഗീകരിക്കുന്നതും ഏറെ ഫലപ്രദമാണ്. താഴ്മയാണ് അതിനുള്ള താക്കോൽ. താഴ്മയുള്ള ഒരു അധ്യാപകന് താൻ സഹജമായിത്തന്നെ വിദ്യാർഥിയെക്കാൾ ശ്രേഷ്ഠനാണെന്നു തോന്നുകയില്ല. (ലൂക്കൊസ് 18:9-14; ഫിലിപ്പിയർ 2:3, 4) ദൈവിക പ്രേരണയിൽ വാസ്തവത്തിൽ ‘യഹോവയുടെ ദയയാൽ മനസ്സിലാക്കിയിരിക്കുന്ന ഈ സംഗതികൾ ഞാൻ താങ്കളുമായി പങ്കുവെക്കട്ടെ’ എന്ന താഴ്മയോടുകൂടിയ മനോനില ഉൾപ്പെട്ടിരിക്കുന്നു.
പൗലൊസ് കൊരിന്തിലെ തന്റെ സഹക്രിസ്ത്യാനികൾക്ക് എഴുതി: “ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ. അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി.” (2 കൊരിന്ത്യർ 10:4, 5) ഇന്ന്, യഹോവയുടെ സാക്ഷികൾ കോട്ടകളെപ്പോലെ ശക്തമായ വ്യാജോപദേശങ്ങളും ദൈവത്തെ അപ്രീതിപ്പെടുത്തുന്ന രൂഢമൂലമായ ആചാരങ്ങളും പ്രവണതകളും ദൈവവചനം ഉപയോഗിച്ച് ഇടിച്ചുകളയുന്നു. (1 കൊരിന്ത്യർ 6:9-11) ഇതു ചെയ്യുന്നതിൽ, യഹോവ തങ്ങളോട് സ്നേഹപൂർവം ക്ഷമ പ്രകടിപ്പിക്കുന്നതായി സാക്ഷികൾ അനുസ്മരിക്കുന്നു. തങ്ങൾക്ക് അവന്റെ വചനമായ ബൈബിൾ ലഭിച്ചിരിക്കുന്നതിലും വ്യാജ പഠിപ്പിക്കലുകൾ പിഴുതെറിഞ്ഞ് പ്രേരണാ കലയോടെ ഹൃദയത്തിൽ എത്തിച്ചേരാൻ ഈ ശക്തമായ ഉപകരണം ഉപയോഗിക്കാൻ സാധിക്കുന്നതിലും അവരെത്ര സന്തുഷ്ടരാണ്!
[അടിക്കുറിപ്പുകൾ]
a ഈ ലക്കം വീക്ഷാഗോപുരത്തിന്റെ 7-9 പേജുകളിലെ “യൂനീക്കയും ലോവീസും—മാതൃകായോഗ്യരായ അധ്യാപികമാർ” എന്ന ലേഖനം കാണുക.
b യോഹന്നാൽ 14:28; ഫിലിപ്പിയർ 2:5, 6; കൊലൊസ്സ്യർ 1:13-15 എന്നിവ കാണുക. കൂടുതൽ വിവരത്തിന്, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്ന ലഘുപത്രിക കാണുക.
[23-ാം പേജിലെ ചതുരം]
വിദ്യാർഥിയുടെ ഹൃദയത്തിലെത്തിച്ചേരൽ
□ ബൈബിൾ വിദ്യാർഥിയുടെ ഹൃദയത്തിൽ എത്തിച്ചേരുന്നതിൽ യഹോവയുടെ മാർഗനിർദേശത്തിനായി പ്രാർഥിക്കുക.—നെഹെമ്യാവു 2:4, 5; യെശയ്യാവു 50:4.
□ വിദ്യാർഥി വിശ്വസിക്കുന്നതെന്തെന്നും ഒരു വ്യാജ വിശ്വാസം അയാൾക്ക് ആകർഷകമായി തോന്നുന്നതെന്തുകൊണ്ട് എന്നും വിവേചിക്കുക.—പ്രവൃത്തികൾ 17:22, 23.
□ ദയയോടും ക്ഷമയോടുംകൂടെ യുക്തിസഹവും തിരുവെഴുത്തുപരവുമായ വാദഗതി വികസിപ്പിച്ചെടുക്കുക, അതേസമയം അവരുമായി യോജിക്കാവുന്ന ഇടം നിലനിർത്തുകയും ചെയ്യുക.—പ്രവൃത്തികൾ 17:24-34.
□ സാധ്യമെങ്കിൽ, ഫലപ്രദമായ ദൃഷ്ടാന്തങ്ങളോടെ ബൈബിൾസത്യം സ്ഥിരീകരിക്കുക.—മർക്കൊസ് 4:33, 34.
□ ബൈബിളിൽനിന്നു സൂക്ഷ്മപരിജ്ഞാനം സ്വീകരിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ വിദ്യാർഥിക്കു കാണിച്ചുകൊടുക്കുക.—1 തിമൊഥെയൊസ് 2:3, 4; 2 തിമൊഥെയൊസ് 3:14, 15.