ദാര്യാവേശ്—നീതിബോധമുള്ള ഒരു രാജാവ്
താൻ ഏറ്റെടുത്തിരിക്കുന്ന നിർമാണ പദ്ധതികളെ കുറിച്ച് ഒരു പ്രശസ്ത രാജാവ് ഇങ്ങനെ വീമ്പിളക്കി: “ബാബിലോൻ ദേശത്തിനു കിഴക്കുവശത്ത് ഞാൻ ശക്തമായ മതിൽ നിർമിച്ചു. ഞാൻ വെള്ളമുള്ള കിടങ്ങ് കെട്ടിയുണ്ടാക്കി . . . പശമണ്ണും ഇഷ്ടികയും കൊണ്ട്, ഭേദിക്കാനാകാത്ത പർവതസമാനമായ ഒരു കൂറ്റൻ മതിൽ ഞാൻ പണിതു.” അതേ, ബാബിലോന്യ രാജാവായ നെബൂഖദ്നേസർ വിപുലമായ നിർമാണ പരിപാടിയിലേർപ്പെട്ടുകൊണ്ട് തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരി കോട്ടകെട്ടിയുറപ്പിക്കാൻ കഠിനമായി പ്രവർത്തിച്ചിരുന്നു. എന്നാൽ അദ്ദേഹം വിചാരിച്ചിരുന്നതുപോലെ, ബാബിലോൻ നഗരം അജയ്യമെന്നു തെളിഞ്ഞില്ല.
ഇതിന്റെ തെളിവാണ് പൊ.യു.മു. 539 ഒക്ടോബർ 5-ന് ഉണ്ടായ സംഭവം. മേദ്യ സൈന്യത്തിന്റെ അകമ്പടിയോടെ പേർഷ്യൻ ഭരണാധിപൻ, കോരെശ് രണ്ടാമൻ, ബാബിലോനെ കീഴടക്കി അതിന്റെ കൽദയ ഭരണാധിപനായ ബേൽശസ്സറെ വധിച്ചു. ഇപ്പോൾ പിടിച്ചടക്കിയ ഈ നഗരത്തിന്റെ ഭരണാധിപൻ ആയിത്തീരാൻ പോകുന്നത് ആരായിരുന്നു? നഗരം വീണപ്പോൾ അതിനുള്ളിൽ ഉണ്ടായിരുന്ന, ദൈവത്തിന്റെ പ്രവാചകനായ ദാനീയേൽ എഴുതി: “മേദ്യനായ ദാര്യാവേശ് അറുപത്തുരണ്ടു വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു.”—ദാനീയേൽ 5:30, 31.
ദാര്യാവേശ് ആരായിരുന്നു? അവൻ എങ്ങനെയുള്ള ഭരണാധിപൻ ആയിരുന്നു? 70-തിലധികം വർഷമായി ബാബിലോനിൽ പ്രവാസിയായിരുന്ന ദാനീയേൽ പ്രവാചകനോട് അവൻ ഇടപെട്ടത് എങ്ങനെയായിരുന്നു?
പരിമിത ചരിത്രമുള്ള ഒരു രാജാവ്
ചരിത്രം മേദ്യനായ ദാര്യാവേശിനെ കുറിച്ചു വളരെ കുറച്ചു മാത്രമേ പറയുന്നുള്ളൂ. മേദ്യരുടേതായ ലിഖിത രേഖകൾ ഒന്നുംതന്നെയില്ല എന്നു പറയാം. മാത്രവുമല്ല, മധ്യപൂർവദേശത്തുനിന്നു കുഴിച്ചെടുക്കപ്പെട്ട ശതസഹസ്രക്കണക്കിനു ക്യൂനിഫോം ഫലകങ്ങൾ ചരിത്രത്തിന്റെ ഒരു അപൂർണ ചിത്രമേ നൽകുന്നുള്ളൂ. മറ്റു പുരാതന ലൗകിക ലിഖിതങ്ങളാകട്ടെ ഏറെയൊന്നും ലഭ്യമല്ല എന്നു മാത്രമല്ല, ദാര്യാവേശ് ഉൾപ്പെട്ട സംഭവങ്ങളുമായി അവയ്ക്ക് ഒരു നൂറ്റാണ്ടോ അതിലധികമോ വരുന്ന കാലയളവിന്റെ വ്യത്യാസം ഉണ്ടുതാനും.
എന്നിരുന്നാലും, മേദ്യരുടെ തലസ്ഥാനമായ എക്ബറ്റന പിടിച്ചടക്കിയശേഷം, പേർഷ്യൻ ഭരണാധിപനായ കോരെശ് രണ്ടാമന് മേദ്യരുടെ കൂറ് ലഭിച്ചു എന്ന് തെളിവു സൂചിപ്പിക്കുന്നു. അതിനുശേഷം, അദ്ദേഹത്തിന്റെ നേതൃത്വത്തിൻ കീഴിൽ മേദ്യരും പേർഷ്യക്കാരും ഐക്യത്തോടെ പോരാടി. അവരുടെ ബന്ധത്തെ കുറിച്ച് ഗ്രന്ഥകർത്താവ് ആയ റോബർട്ട് കോളിൻസ് മേദ്യരും പേർഷ്യക്കാരും (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഇങ്ങനെ പറയുന്നു: “സമാധാന കാലത്ത് മേദ്യർക്ക് പേർഷ്യക്കാരുടേതിനു തുല്യമായ സ്ഥാനം ലഭിച്ചിരുന്നു. പലപ്പോഴും അവർക്ക് ഭരണത്തിലെ ഉന്നത പദവികളും പേർഷ്യൻ സൈന്യത്തിൽ നേതൃസ്ഥാനങ്ങളും ലഭിച്ചിരുന്നു. ജയിച്ചടക്കപ്പെട്ടവരും ജയിച്ചടക്കിയവരും എന്ന വ്യത്യാസമില്ലാതെ ആയിരുന്നു വിദേശികൾ മേദ്യരെയും പേർഷ്യക്കാരെയും പരാമർശിച്ചിരുന്നത്.” അങ്ങനെ മേദ്യരും പേർഷ്യക്കാരും കൂടിച്ചേർന്ന് മേദോ-പേർഷ്യൻ സാമ്രാജ്യം ആയിത്തീർന്നു.—ദാനീയേൽ 5:28; 8:3, 4, 20.
ബാബിലോനെ മറിച്ചിടുന്നതിൽ മേദ്യർക്ക് നിശ്ചയമായും കാര്യമായ പങ്ക് ഉണ്ടായിരുന്നു. തിരുവെഴുത്തുകൾ ‘മേദ്യസന്തതിയിൽ ഉള്ള അഹശ്വേരോശിന്റെ മകനായ ദാര്യാവേശി’നെ അന്ന് ബാബിലോൻ ഉൾപ്പെട്ട മേദോ-പേർഷ്യൻ സാമ്രാജ്യത്തിന്റെ ഒന്നാമത്തെ ഭരണാധിപനായി അവതരിപ്പിക്കുന്നു. (ദാനീയേൽ 9:1) അവന്റെ രാജ്യാധികാരത്തിൽ “മേദ്യരുടെയും പേർഷ്യക്കാരുടെയും മാറ്റമില്ലാത്ത നിയമം അനുസരിച്ച്” നിയമനിർമാണം നടത്താനുള്ള അധികാരവും ഉൾപ്പെട്ടിരുന്നു. (ദാനീയേൽ 6:8, ഓശാന ബൈ.) ദാര്യാവേശിനെ കുറിച്ച് ബൈബിൾ പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ കുറിച്ച് ഒരു ഹ്രസ്വചിത്രവും അദ്ദേഹത്തെ കുറിച്ച് ലൗകിക ചരിത്രം മൗനം പാലിക്കുന്നത് എന്തുകൊണ്ട് എന്നതിനുള്ള പ്രസക്തമായ കാരണവും നൽകുന്നു.
ദാനീയേലിനു പ്രീതി ലഭിക്കുന്നു
ബാബിലോനിൽ അധികാരം ഏറ്റെടുത്ത് ഉടൻതന്നെ, ദാര്യാവേശ് “രാജ്യത്തിന്മേൽ നൂററിരുപതു പ്രധാന ദേശാധിപതികളെയും അവരുടെമേൽ മൂന്നു അദ്ധ്യക്ഷന്മാരെയും” നിയമിച്ചുവെന്നും “ഈ മൂവരിൽ ദാനീയേൽ ഒരുവനായിരുന്നു” എന്നും ബൈബിൾ പറയുന്നു. (ദാനീയേൽ 6:1, 2) എന്നാൽ, ദാനീയേലിന് ഉയർന്ന സ്ഥാനം ലഭിച്ചത് മറ്റ് ഉദ്യോഗസ്ഥ പ്രമുഖർക്ക് രസിച്ചില്ല. അഴിമതിക്ക് പ്രതിബന്ധമായി നിന്ന അവന്റെ അചഞ്ചലമായ വിശ്വസ്തത അവരിൽ അമർഷം ജനിപ്പിച്ചിരിക്കാം. രാജാവ് ദാനീയേലിൽ സംപ്രീതനായി അവനെ പ്രധാനമന്ത്രിയാക്കാൻ ആലോചിക്കുന്നതിനാലും ആ അധ്യക്ഷന്മാർക്ക് അസൂയ തോന്നിയിട്ടുണ്ടാകണം.
ഇത് എങ്ങനെയും തടയണം എന്ന ഉദ്ദേശ്യത്തിൽ, രണ്ട് അദ്ധ്യക്ഷന്മാരും പ്രധാന ദേശാധിപതികളും നിയമംകൊണ്ട് ഒരു കെണി ഒരുക്കി. 30 ദിവസത്തേക്ക് രാജാവിനോട് അല്ലാതെ ‘ഏതെങ്കിലും ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷിക്കുന്നത്’ വിലക്കുന്ന ഒരു വിജ്ഞാപനത്തിൽ ഒപ്പ് വെപ്പിക്കാനായി അവർ രാജാവിന്റെ അടുക്കലെത്തി. അതു ലംഘിക്കുന്നത് ആരായാലും അവനെ സിംഹക്കുഴിയിൽ എറിയണമെന്നും അവർ നിർദേശിച്ചു. ഉദ്യോഗസ്ഥ പ്രമുഖരെല്ലാം പ്രസ്തുത വിജ്ഞാപനത്തോടു യോജിക്കുമെന്ന് അവർ ദാര്യാവേശിനെ വിശ്വസിപ്പിച്ചു. പ്രസ്തുത നിർദേശം രാജാവിനോടുള്ള തങ്ങളുടെ കൂറിന്റെ പ്രകടനമാണെന്ന പ്രതീതി ഉളവാക്കുകയും ചെയ്തു.—ദാനീയേൽ 6:1-3, 6-8.
ദാര്യാവേശ് വിജ്ഞാപനത്തിൽ ഒപ്പുവെച്ച ഉടനെ അതിന്റെ ഭവിഷ്യത്തും കാണാൻ തുടങ്ങി. വിജ്ഞാപനത്തിന്റെ ആദ്യ ലംഘകൻ ദാനീയേൽ ആയിത്തീർന്നു, കാരണം അവൻ യഹോവയാം ദൈവത്തോടു പ്രാർഥിച്ചുകൊണ്ടേയിരുന്നു. (പ്രവൃത്തികൾ 5:29 താരതമ്യം ചെയ്യുക.) മാറ്റമില്ലാത്ത നിയമത്തിൽനിന്ന് ദാനീയേലിനെ രക്ഷപ്പെടുത്താനുള്ള പഴുതുകൾ കണ്ടെത്താൻ രാജാവ് ആത്മാർഥമായി ശ്രമിച്ചെങ്കിലും, വിജയം കണ്ടില്ല, വിശ്വസ്തനായ ദാനീയേൽ സിംഹക്കുഴിയിലേക്ക് എറിയപ്പെട്ടു. ദാനീയേലിന്റെ ജീവൻ രക്ഷിക്കാനുള്ള പ്രാപ്തി അവന്റെ ദൈവത്തിനുണ്ടെന്ന വിശ്വാസം ദാര്യാവേശ് പ്രകടമാക്കിയിരുന്നു.—ദാനീയേൽ 6:9-17.
ഉപവസിച്ച് ഉറങ്ങാതെ രാത്രി കഴിച്ചുകൂട്ടിയ ദാര്യാവേശ് സിംഹക്കുഴിയിങ്കലേക്കു തിരക്കിട്ട് എത്തി. യാതൊരു പരിക്കുമേൽക്കാതെ ജീവനോടിരിക്കുന്ന ദാനീയേലിനെ കണ്ട് അദ്ദേഹം എത്ര സന്തോഷിച്ചുവെന്നോ! രാജാവ് അതിനു പകരം ചെയ്യാൻ തീരുമാനിച്ചു. അവൻ ദാനീയേലിന്റെ കുറ്റാരോപകരെയും അവരുടെ കുടുബാംഗങ്ങളെയും സിംഹക്കുഴിയിലേക്ക് എറിയാൻ ഉത്തരവിട്ടു. ‘തന്റെ രാജാധിപത്യത്തിൽ ഉൾപ്പെട്ട ആളുകൾ ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കണമെന്ന’ മറ്റൊരു കൽപ്പനയും അവൻ പുറപ്പെടുവിച്ചു.—ദാനീയേൽ 6:18-27.
വ്യക്തമായും, ദാര്യാവേശ് ദാനീയേലിന്റെ ദൈവത്തെയും മതത്തെയും ആദരിക്കുകയും തെറ്റ് തിരുത്താൻ ഔൽസുക്യം പ്രകടമാക്കുകയും ചെയ്തു. എന്നാൽ, ദാനീയേലിന്റെ കുറ്റാരോപകരെ ശിക്ഷിച്ചത് ശേഷിച്ച ഉദ്യോഗസ്ഥരിൽ നീരസം വളർത്തിയിരിക്കണം. കൂടാതെ, തന്റെ രാജാധിപത്യത്തിൽ ഉൾപ്പെട്ട ആളുകൾ ‘ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കണ’മെന്ന് ദാര്യാവേശ് പ്രഖ്യാപിച്ചത് ശക്തരായ ബാബിലോന്യ പുരോഹിതന്മാരിലും കടുത്ത അമർഷം ഉണ്ടാക്കിയിരിക്കണം. ഈ ഘടകങ്ങളാൽ നിശ്ചയമായും സ്വാധീനിക്കപ്പെട്ടിരുന്നതുകൊണ്ട് ദാര്യാവേശിനെ കുറിച്ചുള്ള വിവരങ്ങൾ നീക്കിക്കളയാൻ ശാസ്ത്രിമാർ ലൗകിക രേഖകളിൽ മാറ്റം വരുത്തിയെങ്കിൽ അത്ഭുതപ്പെടാനില്ല. എങ്കിലും, ദാര്യാവേശിനെ കുറിച്ചുള്ള ദാനീയേലിന്റെ പുസ്തകത്തിലെ ഹ്രസ്വ വിവരണം അവനെ നിഷ്പക്ഷതയും നീതിബോധവും ഉള്ള ഒരു ഭരണാധിപനായി അവതരിപ്പിക്കുന്നു.