സ്വന്തം മനസ്സാക്ഷിയെ നിങ്ങൾക്ക് ആശ്രയിക്കാൻ കഴിയുമോ?
സാധാരണ ഗതിയിൽ, വടക്കുനോക്കി യന്ത്രം ആശ്രയയോഗ്യമായ ഒരു ഉപകരണമാണ്. ഭൗമ കാന്തിക മണ്ഡലത്തിന്റെ സ്വാധീനത്താൽ അതിന്റെ സൂചി എല്ലായ്പോഴും വടക്കോട്ടു തിരിഞ്ഞിരിക്കുന്നു. അതുകൊണ്ട് വഴികാട്ടാനായി യാതൊരു ഭൂസ്ഥാനീയ ചിഹ്നങ്ങളും ഇല്ലാത്തപ്പോൾ, ദിശ അറിയാൻ സഞ്ചാരികൾക്ക് വടക്കുനോക്കി യന്ത്രത്തെ ആശ്രയിക്കാൻ കഴിയും. എന്നാൽ വടക്കുനോക്കി യന്ത്രത്തിന് അടുത്ത് ഒരു കാന്തിക വസ്തു വെച്ചാൽ എന്താണു സംഭവിക്കുക? വടക്കോട്ടു തിരിഞ്ഞിരിക്കുന്നതിനു പകരം സൂചി കാന്തത്തിന്റെ നേർക്കു തിരിയും. അത് മേലാൽ ആശ്രയയോഗ്യമായ ഒരു വഴികാട്ടിയല്ല.
മനുഷ്യ മനസ്സാക്ഷിക്ക് സമാനമായ ചിലതു സംഭവിക്കാവുന്നതാണ്. ആശ്രയയോഗ്യമായ ഒരു വഴികാട്ടിയായി ഉപകരിക്കാൻ സ്രഷ്ടാവ് നമ്മിൽ ആ പ്രാപ്തി ഉൾനട്ടു. നാം ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ, തീരുമാനങ്ങൾ എടുക്കേണ്ടതുള്ളപ്പോൾ മനസ്സാക്ഷി എല്ലായ്പോഴും നമ്മെ ശരിയായ ദിശ ചൂണ്ടിക്കാണിക്കേണ്ടതാണ്. ദൈവത്തിന്റെ ധാർമിക നിലവാരങ്ങൾ പ്രതിഫലിപ്പിക്കാൻ അതു നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. (ഉല്പത്തി 1:27) മിക്കപ്പോഴും അത് അപ്രകാരം ചെയ്യുന്നു. ദൃഷ്ടാന്തത്തിന്, ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട നിയമം ഇല്ലാത്ത ചിലർ പോലും “നിയമം അനുശാസിക്കുന്നവയെ പ്രകൃത്യാ അനുഷ്ഠിക്കുന്നു” എന്ന് ക്രിസ്തീയ അപ്പൊസ്തലനായ പൗലൊസ് എഴുതി. അവർ അപ്രകാരം ചെയ്യുന്നത് എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, “അവരുടെ മനസ്സാക്ഷി ഇതിന്നു സാക്ഷ്യം വഹിക്കുന്നു.”—റോമർ 2:14, 15, ഓശാന ബൈബിൾ.
എന്നാൽ, വേണ്ടപ്പോഴെല്ലാം മനസ്സാക്ഷി പ്രതികരിക്കുന്നില്ല. മാനുഷ അപൂർണത നിമിത്തം, തെറ്റാണെന്ന് നമുക്ക് അറിയാവുന്ന കാര്യങ്ങൾ ചെയ്യാൻ നാം ചായ്വ് ഉള്ളവരാണ്. “ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു” എന്ന് പൗലൊസ് സമ്മതിച്ചു. “എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.” (റോമർ 7:22, 23) നാം തെറ്റായ പ്രവണതകൾക്ക് കൂടെക്കൂടെ വഴിപ്പെടുന്നെങ്കിൽ നമ്മുടെ മനസ്സാക്ഷി ക്രമേണ മരവിച്ച് ഒടുവിൽ അത്തരം പ്രവർത്തനം തെറ്റാണെന്ന് നമ്മോടു പറയുന്നത് നിർത്തിയേക്കാം.
എന്നാൽ, അപൂർണർ ആണെങ്കിലും നമുക്ക് നമ്മുടെ മനസ്സാക്ഷിയെ ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരാൻ കഴിയും. അപ്രകാരം ചെയ്യുന്നത് തീർച്ചയായും മർമപ്രധാനമാണ്. ശുദ്ധമായ, ശരിയായി പരിശീലിപ്പിക്കപ്പെട്ട ഒരു മനസ്സാക്ഷി നമ്മെ ദൈവവുമായുള്ള ഒരു ഊഷ്മള വ്യക്തിഗത ബന്ധത്തിലേക്ക് നയിക്കുക മാത്രമല്ല, അതു നമ്മുടെ രക്ഷയ്ക്ക് അനിവാര്യവുമാണ്. (എബ്രായർ 10:22; 1 പത്രൊസ് 1:15, 16) തന്നെയുമല്ല, നമുക്കു ജീവിതത്തിൽ സമാധാനവും സംതൃപ്തിയും കൈവരുത്തുന്ന ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ നല്ല മനസ്സാക്ഷി നമ്മെ സഹായിക്കും. അത്തരം മനസ്സാക്ഷിയുള്ള ഒരു വ്യക്തിയെ കുറിച്ച് സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ടു; അവന്റെ കാലടികൾ വഴുതുകയില്ല.”—സങ്കീർത്തനം 37:31.
മനസ്സാക്ഷിയെ പരിശീലിപ്പിക്കൽ
നിയമങ്ങളുടെ ഒരു പട്ടിക കേവലം മനപ്പാഠമാക്കിയിട്ട് അവയോട് കർശനമായി പറ്റിനിൽക്കുന്നതു മാത്രമല്ല മനസ്സാക്ഷിയെ പരിശീലിപ്പിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്. യേശുവിന്റെ നാളിലെ പരീശന്മാർ അതാണ് ചെയ്തത്. ആ മത നേതാക്കന്മാർക്ക് ന്യായപ്രമാണം അറിയാമായിരുന്നു. ന്യായപ്രമാണം ലംഘിക്കാതിരിക്കാൻ ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തിൽ അവർ ബൃഹത്തായ ഒരു പാരമ്പര്യം വികസിപ്പിച്ചെടുത്തു. തത്ഫലമായി, യേശുവിന്റെ ശിഷ്യന്മാർ ശബത്തു ദിവസം ധാന്യമണികൾ പറിച്ചു തിന്നപ്പോൾ അതിനെ ചോദ്യം ചെയ്യാൻ പരീശന്മാർ തിടുക്കം കൂട്ടി. ശബത്തു ദിവസം യേശു ഒരു മനുഷ്യന്റെ വരണ്ട കൈ സൗഖ്യമാക്കിയപ്പോൾ അവർ യേശുവിനെ എതിർത്തു. (മത്തായി 12:1, 2, 9, 10) പരീശന്മാരുടെ പാരമ്പര്യ പ്രകാരം ആ പ്രവൃത്തികൾ രണ്ടും നാലാമത്തെ കൽപ്പനയുടെ ലംഘനമായിരുന്നു.—പുറപ്പാടു 20:8-11.
സ്പഷ്ടമായും, പരീശന്മാർ ന്യായപ്രമാണം പഠിച്ചിരുന്നു. എന്നാൽ അവരുടെ മനസ്സാക്ഷി ദൈവത്തിന്റെ നിലവാരങ്ങളുമായി യോജിപ്പിൽ ആയിരുന്നോ? തീർച്ചയായുമല്ല! എന്തിന്, ശബത്ത് നിയമത്തിന്റെ ഒരു ഞെട്ടിപ്പിക്കുന്ന ലംഘനം ആണെന്ന് അവർക്കു തോന്നിയ ഒരു നിസ്സാര കാര്യത്തെ അന്യായമായി വിമർശിച്ച ശേഷം, പരീശന്മാർ യേശുവിനെ “നശിപ്പിപ്പാൻ” അവനു വിരോധമായി തമ്മിൽ ആലോചിച്ചു. (മത്തായി 12:14) ഒന്നു ചിന്തിച്ചു നോക്കൂ—ധാന്യമണികൾ പറിച്ചു തിന്നതും ശബത്തു ദിവസം സൗഖ്യമാക്കിയതും നിമിത്തം സ്വയനീതിക്കാരായ ആ പരീശന്മാർ ക്രുദ്ധരായി; എന്നാൽ യേശുവിനെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നതിൽ അവർക്ക് യാതൊരു മനസ്സാക്ഷിക്കുത്തും തോന്നിയില്ല!
മുഖ്യ പുരോഹിതന്മാർ സമാനമായ വികല ചിന്താഗതി പ്രകടമാക്കി. യേശുവിനെ ഒറ്റിക്കൊടുക്കാനായി ആലയ ഭണ്ഡാരത്തിൽനിന്ന് 30 വെള്ളി നാണയങ്ങൾ യൂദായ്ക്കു വാഗ്ദാനം ചെയ്തപ്പോൾ ആ നീചർക്ക് തെല്ലും കുറ്റബോധം തോന്നിയില്ല. എന്നാൽ യൂദാ അപ്രതീക്ഷിതമായി പണം തിരികെ കൊണ്ടുചെന്ന് ആലയത്തിലേക്ക് എറിഞ്ഞപ്പോൾ മുഖ്യ പുരോഹിതന്മാരുടെ മനസ്സാക്ഷി നിയമപരമായ ഒരു വിഷമഘട്ടത്തെ അഭിമുഖീകരിച്ചു. “ഇതു [നാണയങ്ങൾ] രക്തവിലയാകയാൽ ശ്രീഭണ്ഡാരത്തിൽ ഇടുന്നതു വിഹിതമല്ല” എന്ന് അവർ പറഞ്ഞു. (മത്തായി 27:3-6) യൂദായുടെ പണം ഇപ്പോൾ അശുദ്ധമാണെന്നതിൽ മുഖ്യ പുരോഹിതന്മാർ വ്യക്തമായും ആകുലത പ്രകടിപ്പിച്ചു. (ആവർത്തനപുസ്തകം 23:18 താരതമ്യം ചെയ്യുക.) എന്നാൽ, ദൈവപുത്രനു വേണ്ടി ഒറ്റുകാണം കൊടുക്കുന്നതിൽ അവർ യാതൊരു തെറ്റും കണ്ടില്ല!
ദൈവചിന്തയോട് അനുരൂപപ്പെടൽ
മനസ്സാക്ഷിയെ പരിശീലിപ്പിക്കുന്നതിന്, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു പട്ടികകൊണ്ടു മനസ്സു നിറച്ചാൽ മാത്രം പോരെന്ന് മേൽ പ്രസ്താവിച്ച ദൃഷ്ടാന്തങ്ങൾ കാണിക്കുന്നു. ദൈവനിയമങ്ങൾ സംബന്ധിച്ച പരിജ്ഞാനവും അവ അനുസരിക്കുന്നതും രക്ഷയ്ക്ക് അനിവാര്യം ആണെന്നുള്ളതു സത്യം തന്നെ. (സങ്കീർത്തനം 19:7-11) എന്നാൽ, ദൈവനിയമങ്ങൾ പഠിക്കുന്നതിനു പുറമേ, ദൈവത്തിന്റെ ചിന്തയോടു പൊരുത്തപ്പെടുന്ന ഒരു ഹൃദയം നാം വളർത്തിയെടുക്കണം. അപ്പോൾ നമുക്ക് യെശയ്യാവ് മുഖാന്തരം യഹോവ നൽകിയ പ്രവചനത്തിന്റെ നിവൃത്തി അനുഭവിക്കാൻ കഴിയും. അത് ഇപ്രകാരം പ്രസ്താവിക്കുന്നു: “നിന്റെ കണ്ണു നിന്റെ ഉപദേഷ്ടാവിനെ കണ്ടുകൊണ്ടിരിക്കും. നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.”—യെശയ്യാവു 30:20, 21; 48:17.
നാം ഗൗരവമേറിയ ഒരു തീരുമാനത്തെ അഭിമുഖീകരിക്കുമ്പോൾ എന്തു ചെയ്യണമെന്ന് ഒരു അക്ഷരീയ ശബ്ദം നമ്മോടു പറയുമെന്നല്ല ഇതിന്റെ അർഥം. എന്നാൽ, കാര്യങ്ങൾ സംബന്ധിച്ച ദൈവത്തിന്റെ ചിന്തയുമായി നമ്മുടെ ചിന്ത ചേർച്ചയിൽ ആയിരിക്കുമ്പോൾ, അവനെ പ്രീതിപ്പെടുത്തുന്ന തീരുമാനങ്ങൾ എടുക്കാൻ നമ്മെ സഹായിക്കാൻ മനസ്സാക്ഷി തികച്ചും സജ്ജമായിരിക്കും.—സദൃശവാക്യങ്ങൾ 27:11.
പൊ.യു.മു. 18-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യോസേഫിന്റെ കാര്യം പരിചിന്തിക്കുക. താനുമായി വ്യഭിചാര ബന്ധത്തിൽ ഏർപ്പെടാൻ പോത്തിഫറിന്റെ ഭാര്യ യോസേഫിനെ നിർബന്ധിച്ചപ്പോൾ പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് അവൻ അതു നിരസിച്ചു: “ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ.” (ഉല്പത്തി 39:9) വ്യഭിചാരത്തെ കുറ്റം വിധിച്ചുകൊണ്ട് ദൈവം നൽകിയ യാതൊരു ലിഖിത നിയമവും യോസേഫിന്റെ കാലത്ത് ഉണ്ടായിരുന്നില്ല. അതിനു പുറമേ, കുടുംബ ശിക്ഷണവും ഗോത്ര പിതാക്കന്മാരുടെ ചട്ടങ്ങളും ഇല്ലാതെ അങ്ങകലെ ഈജിപ്തിൽ ആയിരുന്നു യോസേഫ് പാർത്തിരുന്നത്. അപ്പോൾ പിന്നെ പ്രലോഭനത്തെ ചെറുക്കാൻ അവനെ പ്രാപ്തനാക്കിയത് എന്തായിരുന്നു? ലളിതമായി പറഞ്ഞാൽ, അത് അവന്റെ പരിശീലിത മനസ്സാക്ഷി ആയിരുന്നു. ഭർത്താവും ഭാര്യയും “ഏകദേഹമായി”രിക്കണം എന്നുള്ള ദൈവിക വീക്ഷണം യോസേഫ് കൈക്കൊണ്ടു. (ഉല്പത്തി 2:24) അതുകൊണ്ട് മറ്റൊരുവന്റെ ഭാര്യയുമായുള്ള ലൈംഗികത തെറ്റായിരിക്കും എന്ന് അവൻ മനസ്സിലാക്കി. അക്കാര്യം സംബന്ധിച്ച യോസേഫിന്റെ ചിന്ത ദൈവത്തിന്റെ ചിന്തയുമായി യോജിപ്പിൽ ആയിരുന്നു. വ്യഭിചാരം അവന്റെ ധാർമിക ബോധത്തിന് എതിരായിരുന്നു.
യോസേഫിനെ പോലുള്ളവർ ഇന്നു കുറവാണ്. ലൈംഗിക അധാർമികത വിപുല വ്യാപകമാണ്. ധാർമികമായി ശുദ്ധരായി നിലകൊള്ളാൻ തക്കവിധം തങ്ങളുടെ സ്രഷ്ടാവിനോടോ തങ്ങളോടുതന്നെയോ തങ്ങളുടെ ഇണകളോടു പോലുമോ അനേകർക്കും യാതൊരു കടപ്പാടും തോന്നുന്നില്ല. യിരെമ്യാവിന്റെ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നതു പോലെയാണ് മിക്കവാറും ഇന്നത്തെ സാഹചര്യം: “അയ്യോ ഞാൻ എന്തു ചെയ്തുപോയി എന്നു പറഞ്ഞു ആരും തന്റെ ദുഷ്ടതയെക്കുറിച്ചു അനുതപിച്ചില്ല; കുതിര പടെക്കു പായുന്നതുപോലെ ഓരോരുത്തൻ താന്താന്റെ വഴിക്കു തിരിയുന്നു.” (യിരെമ്യാവു 8:6) അതുകൊണ്ട്, ദൈവത്തിന്റെ ചിന്തയുമായി നമ്മുടെ ചിന്തയെ അനുരൂപപ്പെടുത്തേണ്ടത് മുമ്പ് എന്നത്തെക്കാളും അനിവാര്യമാണ്. അപ്രകാരം ചെയ്യാൻ സഹായിക്കുന്ന നല്ലൊരു കരുതൽ നമുക്കുണ്ട്.
മനസ്സാക്ഷിയെ പരിശീലിപ്പിക്കാൻ ഒരു സഹായി
നിശ്വസ്ത തിരുവെഴുത്തുകൾ, “ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.” (2 തിമൊഥെയൊസ് 3:16, 17) നമ്മുടെ “ഗ്രഹണ ശക്തി” എന്ന് ബൈബിൾ വിളിക്കുന്നതിനെ, ശരിയും തെറ്റും തിരിച്ചറിയാൻ തക്കവണ്ണം പരിശീലിപ്പിക്കാൻ ബൈബിൾ പഠനം നമ്മെ സഹായിക്കും. (എബ്രായർ 5:14, NW) ദൈവം സ്നേഹിക്കുന്ന കാര്യങ്ങളോടു സ്നേഹവും അവൻ വെറുക്കുന്ന കാര്യങ്ങളോടു കഠിനമായ വെറുപ്പും വളർത്തിയെടുക്കാൻ അതു നമ്മെ പ്രാപ്തരാക്കും.—സങ്കീർത്തനം 97:10; 139:21.
അതിനാൽ, ബൈബിൾ പഠനത്തിന്റെ ലക്ഷ്യം കേവലം സാങ്കേതിക ജ്ഞാനം നേടുക എന്നതല്ല, മറിച്ച് സത്യത്തിന്റെ സാരവും സത്തയും സ്വായത്തമാക്കുക എന്നതാണ്. 1976 സെപ്റ്റംബർ 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിച്ചു: “നമ്മുടെ തിരുവെഴുത്തു പഠനത്തിൽ നാം ശ്രമിക്കേണ്ടത്, ദൈവത്തിന്റെ നീതി, ന്യായം, സ്നേഹം എന്നിവയുടെ സാരാംശം ഗ്രഹിക്കാനും അവ നമ്മുടെ ഹൃദയത്തിൽ ആഴമായി ഉൾനടാനും അങ്ങനെ തീറ്റിയും ശ്വസനവും പോലെതന്നെ അതിനെ നമ്മുടെ ഭാഗമാക്കി തീർക്കാനുമാണ്. ശരിയും തെറ്റും സംബന്ധിച്ച് സൂക്ഷ്മമായ ഒരു അവബോധം നട്ടുവളർത്തിക്കൊണ്ട് ധാർമിക കടപ്പാട് സംബന്ധിച്ച ബോധ്യം കൂടുതൽ സമഗ്രമാക്കാൻ നാം ശ്രമിക്കണം. അതിലുപരി, അത്യുത്തമ നിയമദാതാവും ന്യായാധിപനും ആയവനോടു ശക്തമായ കടപ്പാടു തോന്നാൻ നാം നമ്മുടെ മനസ്സാക്ഷിയെ പ്രേരിപ്പിക്കണം. (യെശ. 33:22) ആയതിനാൽ, ദൈവത്തെക്കുറിച്ചുള്ള കാര്യങ്ങൾ പഠിക്കുമ്പോൾ, ജീവിതത്തിന്റെ എല്ലാ വശങ്ങളിലും അവനെ അനുകരിക്കാൻ നാം ശ്രമിക്കണം.”
‘ക്രിസ്തുവിന്റെ മനസ്സ്’ സ്വായത്തമാക്കൽ
‘ക്രിസ്തുവിന്റെ മനസ്സ്,’ അതായത് യേശു പ്രകടമാക്കിയ അനുസരണത്തിന്റെയും താഴ്മയുടെയും മാനസിക ഭാവം സ്വായത്തമാക്കാനും ബൈബിൾ പഠനം നമ്മെ സഹായിക്കും. (1 കൊരിന്ത്യർ 2:16) തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നത് അവനു സന്തോഷമായിരുന്നു. ചിന്ത ആവശ്യമില്ലാത്ത, യാന്ത്രികമായി അനുവർത്തിക്കേണ്ട വെറുമൊരു ദിനചര്യ ആയിരുന്നില്ല അത്. അവന്റെ മനോഭാവത്തെ സങ്കീർത്തനക്കാരനായ ദാവീദ് പ്രാവചനികമായി ഇങ്ങനെ വർണിച്ചു: “എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.”a—സങ്കീർത്തനം 40:8.
മനസ്സാക്ഷിയെ പരിശീലിപ്പിക്കുന്നതിൽ ‘ക്രിസ്തുവിന്റെ മനസ്സ്’ സ്വായത്തമാക്കുന്നതു മർമപ്രധാനമാണ്. യേശു ഒരു പൂർണ മനുഷ്യൻ എന്ന നിലയിൽ ഭൂമിയിൽ ആയിരുന്നപ്പോൾ, തന്റെ പിതാവിന്റെ ഗുണങ്ങളും വ്യക്തിത്വവും മാനുഷ പരിമിതികൾക്കുള്ളിൽ സാധ്യമാകുമായിരുന്നതിന്റെ പരമാവധി പ്രതിഫലിപ്പിച്ചു. അതുകൊണ്ട് അവനു പിൻവരുന്ന പ്രകാരം പറയാൻ കഴിഞ്ഞു: “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു.” (യോഹന്നാൻ 14:9) ഭൂമിയിൽ താൻ അഭിമുഖീകരിച്ച ഓരോ സാഹചര്യത്തിലും, താൻ എന്തു ചെയ്യണമെന്ന് തന്റെ പിതാവ് ആഗ്രഹിച്ചോ അതുതന്നെ യേശു ചെയ്തു. അതുകൊണ്ട് നാം യേശുവിന്റെ ജീവിതത്തെ കുറിച്ച് പഠിക്കുമ്പോൾ, യഹോവയാം ദൈവം എങ്ങനെയുള്ളവൻ ആണ് എന്നതു സംബന്ധിച്ച് നമുക്ക് വ്യക്തമായ ഒരു ചിത്രം ലഭിക്കുന്നു.
യഹോവ “കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ” എന്ന് നാം വായിക്കുന്നു. (പുറപ്പാടു 34:6) തന്റെ അപ്പൊസ്തലന്മാരുമായി ഇടപെട്ട അവസരങ്ങളിൽ യേശു ഈ ഗുണങ്ങൾ കൂടെക്കൂടെ പ്രകടിപ്പിച്ചു. തങ്ങളിൽ ആരാണ് വലിയവൻ എന്നതിനെ പറ്റി അവർ ആവർത്തിച്ചു വാദപ്രതിവാദം നടത്തിയപ്പോൾ, “നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം” എന്ന് യേശു വാക്കുകളാലും മാതൃകയാലും അവരെ ക്ഷമാപൂർവം പഠിപ്പിച്ചു. (മത്തായി 20:26, 27) യേശുവിന്റെ ജീവിതത്തെപ്പറ്റി പരിചിന്തിക്കുകവഴി നമുക്ക് ദൈവത്തിന്റെ ചിന്തയുമായി അനുരൂപപ്പെടാൻ കഴിയും എന്ന് കാണിക്കാനുള്ള കേവലം ഒരു ദൃഷ്ടാന്തം മാത്രമാണിത്.
യേശുവിനെ കുറിച്ച് നാം എത്രമാത്രം പഠിക്കുന്നുവോ, നമ്മുടെ സ്വർഗീയ പിതാവായ യഹോവയാം ദൈവത്തെ അനുകരിക്കാൻ നാം അത്രമാത്രം സുസജ്ജർ ആയിരിക്കും. (എഫെസ്യർ 5:1, 2) ദൈവത്തിന്റെ ചിന്തയോട് ചേർച്ചയിലുള്ള ഒരു മനസ്സാക്ഷി നമ്മെ ശരിയായ ദിശയിൽ നയിക്കും. തന്നെ ആശ്രയിക്കുന്നവരോട് യഹോവ വാഗ്ദാനം ചെയ്യുന്നു: “ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.”—സങ്കീർത്തനം 32:8.
പരിശീലിത മനസ്സാക്ഷിയിൽനിന്ന് പ്രയോജനം നേടൽ
അപൂർണ മനുഷ്യരുടെ അനുസരണക്കേട് മനസ്സിലാക്കിക്കൊണ്ട് മോശ ഇസ്രായേല്യർക്ക് ഇങ്ങനെ മുന്നറിയിപ്പു നൽകി: “ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിപ്പാന്തക്കവണ്ണം ഞാൻ ഇന്നു നിങ്ങൾക്കു സാക്ഷീകരിക്കുന്ന സകലവചനങ്ങളും മനസ്സിൽ വെച്ചുകൊൾവിൻ.” (ആവർത്തനപുസ്തകം 32:46) നാമും ദൈവത്തിന്റെ നിയമം നമ്മുടെ ഹൃദയങ്ങളിൽ എഴുതണം. നാം അപ്രകാരം ചെയ്യുന്നെങ്കിൽ, മനസ്സാക്ഷി നമ്മുടെ കാലടികളെ നയിക്കുകയും ശരിയായ തീരുമാനങ്ങൾ എടുക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്.
തീർച്ചയായും നാം ജാഗ്രതയുള്ളവർ ആയിരിക്കണം. ബൈബിൾ സദൃശവാക്യം പറയുന്നു: “ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ.” (സദൃശവാക്യങ്ങൾ 14:12) മിക്കപ്പോഴും സംഗതി ഇങ്ങനെ ആയിരിക്കുന്നത് എന്തുകൊണ്ട്? കാരണം, ബൈബിൾ പറയുന്നു: “ഹൃദയം എല്ലാററിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ?” (യിരെമ്യാവു 17:9) അതുകൊണ്ട് നാം എല്ലാവരും സദൃശവാക്യങ്ങൾ 3:5, 6-ലെ ഉദ്ബോധനം പിൻപറ്റേണ്ട ആവശ്യമുണ്ട്: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.”
[അടിക്കുറിപ്പുകൾ]
a 40-ാം സങ്കീർത്തനത്തിലെ ഈ വാക്കുകൾ എബ്രായർക്കുള്ള ലേഖനത്തിൽ പൗലൊസ് അപ്പൊസ്തലൻ യേശുക്രിസ്തുവിനു ബാധകമാക്കി.—എബ്രായർ 10:5-10.
[7-ാം പേജിലെ ചിത്രം]
ഒരു വടക്കുനോക്കി യന്ത്രത്തെപ്പോലെ, ബൈബിൾ പരിശീലിത മനസ്സാക്ഷിക്ക് നമ്മെ ശരിയായ ദിശ ചൂണ്ടിക്കാണിക്കാൻ കഴിയും
[കടപ്പാട]
വടക്കുനോക്കി യന്ത്രം: Courtesy, Peabody Essex Museum, Salem, Mass.