എപ്പഫ്രാസ്—‘ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകൻ’
കൊരിന്ത്, എഫെസൊസ്, ഫിലിപ്പി എന്നിവിടങ്ങളിൽ സഭകൾ സ്ഥാപിച്ചതാരാണ്? ‘“ജാതികളുടെ അപ്പൊസ്തലനായ” പൗലൊസ്’ എന്നു നിങ്ങൾ ഉടനടി ഉത്തരം പറഞ്ഞേക്കാം. (റോമർ 11:13) നിങ്ങളുടെ ഉത്തരം ശരിതന്നെ.
എന്നാൽ, കൊലൊസ്സ്യ, ഹിയരപൊലി, ലവുദിക്യ എന്നിവിടങ്ങളിൽ സഭകൾ സ്ഥാപിച്ചതാരാണ്? ഉറപ്പോടെ പറയാനാവില്ലെങ്കിലും, അത് എപ്പഫ്രാസ് എന്നു പേരുള്ള ഒരുവനായിരിക്കാനാണു സാധ്യത. എന്തുതന്നെയാണെങ്കിലും, ആ സുവിശേഷകനെ ‘ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകൻ’ എന്നു വിളിച്ചിരിക്കുന്ന സ്ഥിതിക്ക് അവനെക്കുറിച്ചു കൂടുതലറിയാൻ ഒരുപക്ഷേ നിങ്ങൾ ആഗ്രഹിച്ചേക്കാം.—കൊലൊസ്സ്യർ 1:7.
ലൈക്കസ് താഴ്വരയിലെ സുവിശേഷകൻ
എപ്പഫ്രാസ് എന്നത് എപ്പഫ്രൊദിത്തൊസ് എന്ന പേരിന്റെ ചുരുക്കമാണ്. എങ്കിലും, എപ്പഫ്രാസ് ഫിലിപ്പിയിലെ എപ്പഫ്രൊദിത്തൊസ് ആണെന്നു തെറ്റിദ്ധരിക്കരുത്. ഏഷ്യാമൈനറിലെ ലൈക്കസ് താഴ്വരയിലുള്ള ക്രിസ്തീയ സഭയുടെ മൂന്നു കേന്ദ്രങ്ങളിലൊന്നായിരുന്ന, കൊലൊസ്സ്യ ദേശക്കാരനായിരുന്നു എപ്പഫ്രാസ്. ലവുദിക്യയിൽനിന്നു 18 കിലോമീറ്ററും പുരാതന പ്രുഗ്യയിലെ ഹിയരപൊലിയിൽനിന്നു 19 കിലോമീറ്ററും അകലെയായിരുന്നു കൊലൊസ്സ്യ.
ദൈവരാജ്യത്തിന്റെ സുവാർത്ത പ്രുഗ്യയിൽ എങ്ങനെ എത്തിയെന്നതിനെക്കുറിച്ചു ബൈബിൾ സ്പഷ്ടമാക്കുന്നില്ല. എങ്കിലും, പൊ.യു. 33-ലെ പെന്തക്കോസ്തു നാളിൽ പ്രുഗ്യക്കാർ യെരൂശലേമിൽ സന്നിഹിതരായിരുന്നു. ഒരുപക്ഷേ അവരിൽ ചിലർ കൊലൊസ്സ്യയിൽനിന്നുള്ളവർ ആയിരുന്നിരിക്കണം. (പ്രവൃത്തികൾ 2:1, 5, 10) പൗലൊസിന്റെ എഫെസൊസിലെ ശുശ്രൂഷയിൽ (പൊ.യു. ഏതാണ്ട് 52-55), ആ പ്രദേശത്തു സമഗ്രവും ഫലപ്രദവുമായ സാക്ഷ്യം നൽകപ്പെട്ടു. തത്ഫലമായി, എഫെസ്യർ മാത്രമല്ല, “ആസ്യയിൽ പാർക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കർത്താവിന്റെ വചനം കേൾപ്പാൻ ഇടയായി.” (പ്രവൃത്തികൾ 19:10) ലൈക്കസ് താഴ്വരയിലുടനീളം പൗലൊസ് സുവാർത്ത പ്രസംഗിച്ചിട്ടില്ലെന്നു തോന്നുന്നു. കാരണം, ആ പ്രദേശത്തു ക്രിസ്ത്യാനികളായിത്തീർന്ന അനേകർ ഒരിക്കലും അവനെ കണ്ടിട്ടില്ല.—കൊലൊസ്സ്യർ 2:1.
പൗലൊസ് പറയുന്നതനുസരിച്ച്, “ദൈവകൃപയെ യഥാർത്ഥമായി” കൊലൊസ്സ്യരെ പഠിപ്പിച്ചത് എപ്പഫ്രാസ് ആയിരുന്നു. ആ സഹഭൃത്യനെ ‘ഞങ്ങൾക്കായുള്ള ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകൻ’ എന്നു പൗലൊസ് വിളിച്ചുവെന്ന വസ്തുത, എപ്പഫ്രാസ് ആ പ്രദേശത്തെ ഒരു സജീവ സുവിശേഷകനായിരുന്നുവെന്നു വ്യക്തമാക്കുന്നു.—കൊലൊസ്സ്യർ 1:6-8, NW.
അപ്പോസ്തലനായിരുന്ന പൗലൊസും സുവിശേഷകനായിരുന്ന എപ്പഫ്രാസും ലൈക്കസ് താഴ്വരയിലെ തങ്ങളുടെ സഹവിശ്വാസികളുടെ ക്ഷേമത്തിൽ വളരെയധികം തത്പരരായിരുന്നു. അവരുടെ പുരോഗതിയെക്കുറിച്ചുള്ള വാർത്ത, ‘ജാതികളുടെ അപ്പൊസ്തലൻ’ എന്ന നിലയിൽ പൗലൊസിനെ ആഹ്ലാദിപ്പിച്ചിരിക്കണം. കൊലൊസ്സ്യരുടെ ആത്മീയാവസ്ഥയെക്കുറിച്ചു പൗലൊസിനു വിവരം കൊടുത്തതു മറ്റാരുമല്ല, എപ്പഫ്രാസാണ്.—കൊലൊസ്സ്യർ 1:4, 8.
എപ്പഫ്രാസിന്റെ റിപ്പോർട്ട്
കൊലൊസ്സ്യർ ഗൗരവമായ പ്രശ്നങ്ങളെ അഭിമുഖീകരിച്ചിരുന്നു. അവയെക്കുറിച്ചു പൗലൊസുമായി ചർച്ചനടത്തുകയെന്ന പ്രത്യേക ഉദ്ദേശ്യത്തിൽ റോമിലേക്ക എപ്പഫ്രാസ് ദീർഘയാത്ര ചെയ്യത്തക്കവണ്ണം ഗൗരവമാർന്ന പ്രശ്നങ്ങളായിരുന്നു അവ. തനിക്കറിഞ്ഞുകൂടായിരുന്ന സഹോദരങ്ങൾക്കു രണ്ടു ലേഖനമെഴുതുന്നതിനു പൗലൊസിനെ പ്രേരിപ്പിച്ചത് എപ്പ്രഫാസ് നൽകിയ വിശദമായ റിപ്പോർട്ടായിരുന്നുവെന്നു വ്യക്തം. ഒരു ലേഖനം കൊലൊസ്സ്യർക്കുള്ളതായിരുന്നു. ലവുദിക്യർക്കയച്ച മറ്റേ ലേഖനം സൂക്ഷിച്ചു വെക്കുകയുണ്ടായില്ല. (കൊലൊസ്സ്യർ 4:16) ആ ലേഖനങ്ങളുടെ ഉള്ളടക്കം എപ്പഫ്രാസ് മനസ്സിലാക്കിയവണ്ണം, ആ ക്രിസ്ത്യാനികളുടെ ആവശ്യത്തിനുതകാൻ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നു ചിന്തിക്കുന്നതു ന്യായയുക്തമാണ്. ആവശ്യമെന്ന് അവനു തോന്നിയ കാര്യങ്ങൾ ഏവ? അതവന്റെ വ്യക്തിത്വത്തെക്കുറിച്ചു നമ്മോടെന്തു പറയുന്നു?
സന്ന്യാസവാദം, ആത്മവിദ്യ, വിഗ്രഹാരാധനാപരമായ അന്ധവിശ്വാസം എന്നിവ ഉൾപ്പെട്ട പുറജാതീയ തത്ത്വശാസ്ത്രങ്ങൾ കൊലൊസ്സ്യയിലുള്ള ക്രിസ്ത്യാനികൾക്കു ഭീഷണിയായി നിലകൊള്ളുന്നതിൽ എപ്പഫ്രാസ് ഉത്കണ്ഠയുള്ളവനായിരുന്നെന്നു കൊലൊസ്സ്യർക്കുള്ള ലേഖനം സൂചിപ്പിക്കുന്നതായി തോന്നുന്നു. മാത്രമല്ല, ചിലതരം ഭക്ഷ്യവർജനം, ചില ദിവസങ്ങളുടെ ആചരണം എന്നിങ്ങനെയുള്ള യഹൂദ പഠിപ്പിക്കലുകൾ സഭയിലെ ചിലരെ സ്വാധീനിച്ചിരിക്കാം.—കൊലൊസ്സ്യർ 2:4, 8, 16, 20-23.
പൗലൊസ് ആ വിഷയങ്ങളെക്കുറിച്ച് എഴുതുന്നുവെന്ന വസ്തുത, സഹക്രിസ്ത്യാനികളുടെ ആവശ്യങ്ങൾ സംബന്ധിച്ച് എപ്പഫ്രാസ് എത്രകണ്ടു ജാഗരൂകനും ബോധവാനുമായിരുന്നുവെന്നു വ്യക്തമാക്കുന്നു. അവർ ജീവിച്ചിരുന്ന ചുറ്റുപാടുകളെക്കുറിച്ചു ബോധവനായിരുന്നതിനാൽ അവൻ അവരുടെ ആത്മീയ ക്ഷേമത്തിൽ സ്നേഹനിർഭരമായ താത്പര്യം പ്രകടമാക്കി. എപ്പഫ്രാസ് പൗലൊസിനോട് ഉപദേശമാരാഞ്ഞു. അത് അവൻ താഴ്മയുള്ളവനായിരുന്നുവെന്നു പ്രകടമാക്കുന്നു. കൂടുതൽ അനുഭവജ്ഞാനമുള്ളയാളിൽനിന്ന് ഉപദേശം ലഭിക്കേണ്ടതിന്റെ ആവശ്യം അവൻ തിരിച്ചറിഞ്ഞിരിക്കും. സംഗതി എന്തുതന്നെയായിരുന്നാലും, എപ്പഫ്രാസ് ജ്ഞാനപൂർവം പെരുമാറി.—സദൃശവാക്യങ്ങൾ 15:22.
പ്രാർഥന മൂല്യവത്തായി കരുതിയവൻ
കൊലൊസ്സ്യ ക്രിസ്ത്യാനികൾക്കെഴുതിയ ലേഖനം പൗലൊസ് ഇങ്ങനെ ഉപസംഹരിക്കുന്നു: “നിങ്ങളിൽ ഒരുത്തനായി ക്രിസ്തുയേശുവിന്റെ ദാസനായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങൾ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നില്ക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ നിങ്ങൾക്കു വേണ്ടി എപ്പോഴും പോരാടുന്നു. നിങ്ങൾക്കും ലവുദിക്യക്കാർക്കും ഹിയരപൊലിക്കാർക്കും വേണ്ടി അവൻ വളരെ പ്രയാസപ്പെടുന്നു എന്നുള്ളതിന്നു ഞാൻ സാക്ഷി.”—കൊലൊസ്സ്യർ 4:12, 13.
അതേ, റോമിൽ പൗലൊസിന്റെ “സഹബദ്ധനാ”യിരുന്നപ്പോഴും എപ്പഫ്രാസ് കൊലൊസ്സ്യ, ലവുദിക്യ, ഹിയരപൊലി എന്നിവിടങ്ങളിലുള്ള പ്രിയപ്പെട്ട സഹോദരങ്ങളെക്കുറിച്ചു ചിന്തിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയുമായിരുന്നു. (ഫിലേമോൻ 23) അക്ഷരാർഥത്തിൽ അവർക്കുവേണ്ടി അവൻ പ്രാർഥനയിൽ ‘പോരാടി.’ എഡ്മണ്ട് ഹൈബെർട്ട് എന്ന പണ്ഡിതൻ പറയുന്നതനുസരിച്ച്, ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദം “കഠിനമായ, ത്യാഗനിർഭരമായ പ്രവർത്തന”ത്തെ അർഥമാക്കുന്നു. അത്, ഗെത്ത്ശെമന തോട്ടത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ യേശുക്രിസ്തുവിന് അനുഭവപ്പെട്ട മാനസിക “വേദന”യ്ക്കു സമാനമാണ്. (ലൂക്കൊസ് 22:44) തന്റെ ആത്മീയ സഹോദരീസഹോദരന്മാർ സ്ഥിരതയും സമ്പൂർണ ക്രിസ്തീയ പക്വതയും ആർജിക്കാൻ എപ്പഫ്രാസ് ആത്മാർഥമായി ആഗ്രഹിച്ചു. ആത്മീയ ചിന്താഗതിയുള്ള അത്തരമൊരു സഹോദരൻ ആ സഭകൾക്ക് എന്തൊരനുഗ്രഹമായിരുന്നിരിക്കണം!
എപ്പഫ്രാസിനെ “പ്രിയ സഹഭൃത്യ”നെന്നു വിളിച്ച സ്ഥിതിക്ക്, അവൻ സഹക്രിസ്ത്യാനികൾക്കു പ്രിയപ്പെട്ടവനായിരുന്നുവെന്നതിൽ യാതൊരു സംശയവുമില്ല. (കൊലൊസ്സ്യർ 1:7) സാഹചര്യങ്ങൾ അനുവദിക്കുമ്പോഴൊക്കെ, സഭയിലെ എല്ലാ അംഗങ്ങളും ഊഷ്മളതയും സ്നേഹവും ഉള്ളവരായി സ്വയം ലഭ്യമാക്കണം. ഉദാഹരണത്തിന്, രോഗികളെയോ പ്രായംചെന്നവരെയോ പ്രത്യേക സഹായം ആവശ്യമുള്ള മറ്റുള്ളവരെയോ സഹായിക്കുന്ന കാര്യത്തിൽ ശ്രദ്ധചെലുത്താവുന്നതാണ്. സഭയിൽ വ്യത്യസ്ത ഉത്തരവാദിത്വങ്ങൾ നിവർത്തിക്കാൻ കഴിയും. അല്ലെങ്കിൽ, ദിവ്യാധിപത്യ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടാവുന്നതാണ്.
എപ്പഫ്രാസ് ചെയ്തപോലെ, മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്നതു വിശുദ്ധ സേവനത്തിന്റെ ഒരു വിധമാണ്. ആത്മീയമോ ശാരീരികമോ ആയ വിധത്തിൽ വിവിധ അപകടങ്ങൾ അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരുന്ന യഹോവയുടെ ആരാധകരുടെ താത്പര്യങ്ങളെ അത്തരം പ്രാർഥനകളിൽ ഉൾപ്പെടുത്താവുന്നതാണ്. ഈ വിധത്തിൽ കഠിനമായി പരിശ്രമിക്കുമ്പോൾ നമുക്ക് എപ്പഫ്രാസിനെപ്പോലെയാകാൻ സാധിക്കും. നമുക്കോരോരുത്തർക്കും യഹോവയുടെ വിശ്വസ്ത സേവകരുടെ കുടുംബത്തിൽ “പ്രിയ സഹഭൃത്യ”നായിരിക്കുന്നതിനുള്ള പദവിയും അങ്ങനെ ആയിരിക്കുന്നതിന്റെ സന്തോഷവും ഉണ്ടായിരിക്കും.