നമ്മുടെ പ്രിയപ്പെട്ടവർക്കുവേണ്ടി മുൻകൂട്ടി ആസൂത്രണം ചെയ്യൽ
ആനിയുടെ കദനകഥ അടുത്തയിടെ ഒരു അമേരിക്കൻ പത്രത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ആനിയുടെ ഭർത്താവ് ഒരു ബിസിനസ്സുകാരനായിരുന്നു. 15 വാഹനങ്ങൾ, നിരവധി ബാങ്ക് അക്കൗണ്ടുകൾ, പണമായി ഏകദേശം 4,000 (യു.എസ്.) ഡോളർ, ഒരു കട, ഒരു മദ്യശാല, മൂന്ന് കിടപ്പുമുറികളുള്ള ഒരു വീട് എന്നിവയുണ്ടായിരുന്ന അദ്ദേഹം 1995-ൽ നിര്യാതനായി. അദ്ദേഹം വെച്ചേച്ചുപോകാതിരുന്നത് ഒന്നേ ഉണ്ടായിരുന്നുള്ളൂ—വിൽപ്പത്രം.
റിപ്പോർട്ടു ചെയ്യപ്പെട്ടതനുസരിച്ച്, ആനിയുടെ ഭർതൃസഹോദരൻ വസ്തുവകകളും പണവും പിടിച്ചെടുത്തിട്ട് അവളെയും ആറു കുട്ടികളെയും ബലംപ്രയോഗിച്ച് വീട്ടിൽനിന്ന് ഇറക്കിവിട്ടു. ഗതിമുട്ടിയ അവളും കുട്ടികളും ഇപ്പോൾ അവളുടെ സഹോദരന്റെ കൂടെ ജീവിക്കുന്നു. ഫീസ് കൊടുക്കാനോ യൂണിഫോം വാങ്ങാനോ പണമില്ലാഞ്ഞിട്ട് കുട്ടികളിൽ നാലു പേർക്കു സ്കൂൾ പഠനം ഉപേക്ഷിക്കേണ്ടിവന്നു.
ആനി ഹൈക്കോടതിയിൽ അന്യായം ബോധിപ്പിച്ചു. അവൾക്ക് ഒരു കാർ ഉൾപ്പെടെ കുറെ വസ്തുവകകൾ നൽകണമെന്ന് കോടതി ഉത്തരവിട്ടു. എന്നാൽ യാതൊന്നും തിരികെ കിട്ടിയില്ല. ഹൈക്കോടതിയുടെ വിധിക്കനുസൃതം പ്രവർത്തിക്കാൻ തന്റെ ഭർതൃസഹോദരനെ നിർബന്ധിക്കുന്ന ഒരു ഉത്തരവുനേടാൻ അവൾ വീണ്ടും കോടതി കയറിയിറങ്ങണം.
മരണത്തെപ്പറ്റി ചിന്തിക്കേണ്ടതെന്തുകൊണ്ട്?
തന്റെ മരണസാധ്യതയോടുള്ള ബന്ധത്തിൽ ആസൂത്രണങ്ങൾ ചെയ്യാൻ ഒരു കുടുംബനാഥൻ പരാജയപ്പെടുന്നെങ്കിൽ എന്തു സംഭവിച്ചേക്കാമെന്ന് ആനിയുടെ കഥ ചിത്രീകരിക്കുന്നു. മരണസമയത്ത് എല്ലാ മനുഷ്യരും ‘തങ്ങളുടെ സമ്പാദ്യം മറ്റുള്ളവർക്കു വിട്ടേച്ചുപോകുന്നു.’ (സങ്കീർത്തനം 49:10) കൂടുതലായി, തങ്ങളുടെ സ്വത്തുകൊണ്ട് എന്തു ചെയ്യുന്നുവെന്ന കാര്യത്തിൽ മരിച്ചുപോയവർക്കു യാതൊരു നിയന്ത്രണവുമില്ല. (സഭാപ്രസംഗി 9:5, 10) തന്റെ വസ്തുവകകൾക്ക് എന്തു സംഭവിക്കുന്നുവെന്നതിൽ സ്വാധീനംചെലുത്താൻ കഴിയണമെങ്കിൽ ഒരു വ്യക്തി മരണത്തിനു മുമ്പ് കാര്യങ്ങൾ ക്രമീകരിക്കണം.
നാം അവിചാരിതമായി മരിച്ചേക്കാമെന്ന് നമുക്കെല്ലാം അറിയാമെങ്കിലും തങ്ങളുടെ ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ടവർക്കുവേണ്ടി മുൻകൂട്ടി കരുതൽ ചെയ്യാൻ മിക്കവരും പരാജയപ്പെടുന്നു. നമ്മുടെ ചർച്ച ആഫ്രിക്കയിലെ ചില സാംസ്കാരിക കൂട്ടങ്ങളിലായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുന്നതെങ്കിലും സമാനമായ പ്രശ്നങ്ങൾ ലോകത്തിന്റെ ഇതര ഭാഗങ്ങളിലും സ്ഥിതിചെയ്യുന്നു.
മരണത്തെ തുടർന്ന് നിങ്ങളുടെ വസ്തുവകകൾ എങ്ങനെ കൈകാര്യം ചെയ്യപ്പെടണം എന്നതു സംബന്ധിച്ച് പടികൾ സ്വീകരിക്കണോ വേണ്ടയോ എന്നത് വ്യക്തിപരമായ കാര്യമാണ്. (ഗലാത്യർ 6:5) എന്നിരുന്നാലും, ഒരുവന് ഇങ്ങനെ ചോദിക്കാവുന്നതാണ്, ‘ജീവിച്ചിരിക്കുമ്പോൾ ഭാര്യയെയും കുട്ടികളെയും വാത്സല്യത്തോടെ പരിപാലിക്കുന്ന ഒരുവൻ തന്റെ മരണശേഷമുള്ള അവരുടെ ക്ഷേമത്തിനായി യാതൊരു കരുതലും ചെയ്യാതിരിക്കുന്നതെന്തിന്?’ നാം മരിച്ചേക്കാമെന്നതിനെക്കുറിച്ച് ചിന്തിക്കാനോ മരണത്തെപ്രതി ആസൂത്രണങ്ങൾ ചെയ്യാനോ നമ്മിൽ മിക്കവരും ഇഷ്ടപ്പെടുന്നില്ലെന്നുള്ളതാണ് ഒരു പ്രധാന കാരണം. വാസ്തവത്തിൽ, നമുക്ക് നമ്മുടെ മരണദിനം മുൻകൂട്ടി കാണാൻ കഴിയില്ല. അതെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “നാളെത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ.”—യാക്കോബ് 4:14.
മരണസാധ്യതയെപ്രതി ആസൂത്രണം ചെയ്യുന്നത് പ്രായോഗികമാണ്. ജീവിച്ചിരിക്കുന്നവരോടുള്ള സ്നേഹപൂർവകമായ താത്പര്യവും അതു പ്രകടമാക്കുന്നു. നമ്മുടെ കാര്യാദികൾ നാം ക്രമീകരിക്കുന്നില്ലെങ്കിൽ മറ്റുള്ളവർ അതു ചെയ്യും. ഒരുപക്ഷേ നാം ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത ആളുകൾ നമ്മുടെ വസ്തുവകകളും ശവസംസ്കാര ക്രമീകരണങ്ങളും സംബന്ധിച്ച് തീരുമാനങ്ങളെടുക്കും. ചില രാജ്യങ്ങളിൽ, അത്തരം സാഹചര്യങ്ങളിൽ നമ്മുടെ പണവും വസ്തുവകകളും ആർക്കു കിട്ടണമെന്ന് ഗവൺമെൻറ് തീരുമാനിക്കുന്നു. മറ്റു ചില സ്ഥലങ്ങളിൽ ബന്ധുക്കൾ തീരുമാനിക്കുന്നു. മിക്കപ്പോഴും ഈ തീരുമാനങ്ങൾ കുടുംബത്തിനുള്ളിൽ വിദ്വേഷമുണർത്തുന്ന വഴക്കുകളിൽ കലാശിക്കുന്നു. അതിനുപുറമേ, അത്തരമൊരു തീരുമാനം നാം ആഗ്രഹിക്കുമായിരുന്നതിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നേക്കാം.
വസ്തുവകകൾ പിടിച്ചെടുക്കൽ
ഭർത്താവു മരിക്കുമ്പോൾ ഏറ്റവുമധികം യാതനയനുഭവിക്കുന്നത് വിധവയാണ്. ഇണയെ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിനു പുറമേ അവൾ മിക്കപ്പോഴും വസ്തുവകകളുടെ പിടിച്ചെടുക്കലിനു വിധേയയാകുന്നു. ഇത് മുമ്പ് പരാമർശിച്ച ആനിയുടെ കേസിൽ വിവരിച്ചിരുന്നു. വസ്തുവകകൾ പിടിച്ചെടുക്കപ്പെടുന്നതിന്റെ ഭാഗികമായ കാരണം ഭാര്യയെ എങ്ങനെ വീക്ഷിക്കുന്നുവെന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില സംസ്കാരങ്ങളിൽ ഒരുവന്റെ ഭാര്യയെ അയാളുടെ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കുന്നില്ല. ഒരർഥത്തിൽ അവളൊരു അന്യകുടുംബാംഗമാണ്, കാരണം അവൾ തന്റെ കുടുംബത്തിലേക്കു മടങ്ങിപ്പോകുകയോ പുനർവിവാഹം കഴിച്ച് മറ്റൊരു കുടുംബത്തിലേക്കു പോകുകയോ ചെയ്തേക്കാം. നേരേമറിച്ച് ഒരുവന്റെ സഹോദരീസഹോദരന്മാരോ മാതാപിതാക്കളോ അയാളെ ഒരിക്കലും ഉപേക്ഷിക്കില്ല, അങ്ങനെ പോകുന്നു ന്യായവാദം. അയാൾ മരിച്ചാൽ, അയാൾക്കുണ്ടായിരുന്നതെല്ലാം തങ്ങളുടേതാണ്, ഭാര്യയുടേതോ മക്കളുടേതോ അല്ല, എന്ന് കുടുംബാംഗങ്ങൾ കരുതുന്നു.
ഭാര്യമാരിൽ വിശ്വാസമർപ്പിക്കാത്ത ഭർത്താക്കന്മാർ അത്തരം ചിന്താഗതിയെ പ്രോത്സാഹിപ്പിക്കുന്നു. മൈക്ക് ബിസിനസ് കാര്യങ്ങൾ തന്റെ സഹോദരന്മാരുമായി മാത്രമേ ചർച്ചചെയ്തിരുന്നുള്ളൂ. അദ്ദേഹത്തിന് എന്ത് ആസ്തിയുണ്ടെന്ന് അവർക്കറിയാമായിരുന്നു, എന്നാൽ ഭാര്യയ്ക്ക് അതെക്കുറിച്ച് ഒന്നുംതന്നെ അറിയില്ലായിരുന്നു. അദ്ദേഹം മരിച്ചപ്പോൾ അദ്ദേഹത്തിന്റെ സഹോദരന്മാർ അവളുടെ അടുത്തുവന്ന്, ഒരു കടക്കാരനിൽനിന്ന് അദ്ദേഹത്തിനു കിട്ടാനിരുന്ന പണം ആവശ്യപ്പെട്ടു. അവൾക്ക് അതെക്കുറിച്ച് അറിയുക പോലുമില്ലായിരുന്നു. അടുത്തതായി, ഭർത്താവ് അവൾക്കു കൊടുത്ത ഫോട്ടോകോപ്പി മെഷീനുകളും ടൈപ്പ്റൈറ്ററുകളും അവർ പിടിച്ചെടുത്തു. ഒടുവിൽ അദ്ദേഹത്തിന്റെ സഹോദരന്മാർ വീടും അതിലുണ്ടായിരുന്ന സർവതും കൈയടക്കി. വസ്ത്രം മാത്രം എടുത്തുകൊണ്ട് തീരെചെറുപ്പമായിരുന്ന മകളെയും കൂട്ടി അവിടം വിട്ടുപോകാൻ ആ വിധവ നിർബന്ധിതയായി.
“ഇരുവരും ഒരു ദേഹമായിത്തീരും”
ക്രിസ്തീയ ഭർത്താക്കന്മാർ ഭാര്യമാരെ സ്നേഹിക്കുകയും വിശ്വാസയോഗ്യരായി കരുതുകയും ചെയ്യുന്നു. അത്തരം പുരുഷന്മാർ ഈ തിരുവെഴുത്തു ബുദ്ധ്യുപദേശം ഗൗരവമായെടുക്കുന്നു: “ഭർത്താക്കൻമാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു.” ഈ പുരുഷന്മാർ പിൻവരുന്ന ദിവ്യനിശ്വസ്ത പ്രസ്താവനയോടും യോജിക്കുന്നു: “ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പററിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും.”—എഫെസ്യർ 5:28, 31.
“തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു” എന്ന് എഴുതിയ ക്രിസ്തീയ അപ്പോസ്തലനായ പൗലൊസിനോടും ദൈവഭക്തിയുള്ള ഭർത്താക്കന്മാർ യോജിക്കുന്നു. (1 തിമൊഥെയൊസ് 5:8) ഈ തത്ത്വത്തോടുള്ള യോജിപ്പിൽ, ഒരു ക്രിസ്തീയ ഭർത്താവ് ദീർഘയാത്ര പോകാൻ ക്രമീകരിക്കുന്നെങ്കിൽ, താൻ ദൂരത്തായിരിക്കുമ്പോൾ തന്റെ കുടുംബം പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തും. സമാനമായി, തന്റെ മരണസാധ്യതയെപ്രതി ഭാര്യയ്ക്കും മക്കൾക്കുംവേണ്ടി അദ്ദേഹം കരുതുന്നത് ന്യായയുക്തമല്ലേ? അവിചാരിത ദുരന്തത്തെപ്രതി തയ്യാറെടുപ്പു നടത്തുന്നതു പ്രായോഗികം മാത്രമല്ല സ്നേഹപൂർവകവുമാണ്.
ശവസംസ്കാര ആചാരങ്ങൾ
ക്രിസ്തീയ ഭർത്താക്കന്മാരെ സംബന്ധിച്ചിടത്തോളം ഈ കാര്യത്തിൽ പരിഗണിക്കേണ്ട മറ്റൊരു വശംകൂടിയുണ്ട്. തന്റെ ഇണയും വസ്തുവകകളും ഒരുപക്ഷേ കുട്ടികൾപോലും നഷ്ടപ്പെട്ടതിൽ ഒരു വിധവയ്ക്കുള്ള ദുഃഖത്തിനു പുറമേ, ചില സമുദായങ്ങൾ പരമ്പരാഗത ദുഃഖാചരണ നടപടികൾ അനുഷ്ഠിക്കാൻ അവളെ നിർബന്ധിക്കുന്നു. അന്ധകാരം നിറഞ്ഞ മുറിയിൽ ഭർത്താവിന്റെ മൃതദേഹത്തോടൊപ്പം വിധവ ഉറങ്ങണമെന്ന് മറ്റു ചില സ്ഥലങ്ങളിൽ പാരമ്പര്യം നിഷ്കർഷിക്കുന്നതായി നൈജീരിയയിലെ ദ ഗാർഡിയൻ വർത്തമാനപത്രം വിലപിക്കുന്നു. മറ്റു സ്ഥലങ്ങളിൽ, ഏകദേശം ആറുമാസം ദീർഘിക്കുന്ന വിലാപകാലത്ത് തങ്ങളുടെ വീടുവിട്ട് പുറത്തു പോകാൻ വിധവകൾക്ക് അനുവാദമില്ല. ആ സമയത്ത് അവർ കുളിക്കരുത്. ആഹാരത്തിനു മുമ്പോ പിമ്പോ കൈകഴുകുന്നതുപോലും നിഷിദ്ധമാണ്.
അത്തരം ആചാരങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു, വിശേഷിച്ചും ക്രിസ്തീയ വിധവമാർക്ക്. ദൈവത്തെ പ്രസാദിപ്പിക്കാനുള്ള അവരുടെ ആഗ്രഹം, ബൈബിൾ പഠിപ്പിക്കലുകളുമായി യോജിക്കാത്ത ആചാരങ്ങൾ ഒഴിവാക്കാൻ അവരെ പ്രേരിപ്പിക്കുന്നു. (2 കൊരിന്ത്യർ 6:14, 16) എന്നാൽ അത്തരം ആചാരങ്ങൾക്കു വഴങ്ങിക്കൊടുക്കാത്തപക്ഷം ഒരു വിധവ പീഡനം അനുഭവിച്ചേക്കാം. ജീവനുവേണ്ടി പലായനം ചെയ്യേണ്ടതുപോലുമുണ്ടായിരിക്കാം.
നിയമപരമായ നടപടികൾ സ്വീകരിക്കൽ
ബൈബിൾ ജ്ഞാനപൂർവം ഇങ്ങനെ പറയുന്നു: “ഉത്സാഹിയുടെ ആസൂത്രണങ്ങൾ നിശ്ചയമായും പ്രയോജനമുളവാക്കുന്നു.” (സദൃശവാക്യങ്ങൾ 21:5, NW) കുടുംബനാഥന് എന്തെല്ലാം ആസൂത്രണങ്ങൾ ചെയ്യാവുന്നതാണ്? മരണം സംഭവിക്കുന്നെങ്കിൽ തന്റെ വസ്തുവകകൾ എങ്ങനെ വീതിക്കണമെന്നു പ്രസ്താവിക്കുന്ന ഒരു വിൽപ്പത്രമോ രേഖയോ ഉണ്ടാക്കുക മിക്ക സമൂഹങ്ങളിലും സാധ്യമാണ്. ശവസംസ്കാര ക്രമീകരണങ്ങൾ സംബന്ധിച്ച വിശദാംശങ്ങളും അതിൽ ഉൾപ്പെടുത്താനാകും. ശവസംസ്കാര-വിലാപ ആചാരങ്ങളോടുള്ള ബന്ധത്തിൽ വിവാഹിത ഇണ എന്ത് ചെയ്യണമെന്ന് (അല്ലെങ്കിൽ ചെയ്യരുതെന്ന്) ആ രേഖയിൽ വ്യക്തമാക്കാവുന്നതാണ്.
1992-ൽ ലിയാ എന്ന സ്ത്രീയുടെ ഭർത്താവ് മരണമടഞ്ഞു. അവൾ പറയുന്നു: “എനിക്ക് അഞ്ച് കുട്ടികളുണ്ട്—നാലു പെണ്ണും ഒരാണും. മരിക്കുന്നതിനു മുമ്പ് കുറെക്കാലം എന്റെ ഭർത്താവ് രോഗഗ്രസ്തനായിരുന്നു. എന്നാൽ രോഗം ബാധിക്കുന്നതിനു മുമ്പുതന്നെ അദ്ദേഹം സ്വത്തു മുഴുവനും എനിക്കും ഞങ്ങളുടെ മക്കൾക്കും ലഭിക്കാൻ താൻ ആഗ്രഹിക്കുന്നതായി പ്രസ്താവിച്ചുകൊണ്ടുള്ള വിൽപ്പത്രമുണ്ടാക്കി. ഇൻഷ്വറൻസ് പണം, കൃഷിയിടം, വളർത്തു മൃഗങ്ങൾ, ഒരു വീട് എന്നിവ ഇതിൽ ഉൾപ്പെട്ടിരുന്നു. അദ്ദേഹം ആ വിൽപ്പത്രം ഒപ്പിട്ട് എന്നെ ഏൽപ്പിച്ചു. . . . ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തിന്റെ ഓഹരി ലഭിക്കാൻ ബന്ധുക്കൾ ആഗ്രഹിച്ചു. തന്റെ സ്വന്തം പണംകൊണ്ടാണ് ഭർത്താവ് കൃഷിയിടം വാങ്ങിയതെന്നും അതുകൊണ്ട് എന്തെങ്കിലും അവകാശപ്പെടാനുള്ള അർഹത അവർക്കില്ലെന്നും ഞാൻ ചൂണ്ടിക്കാട്ടി. വിൽപ്പത്രം കണ്ടപ്പോൾ അവർ അതു സമ്മതിച്ചു.”
കുടുംബവുമായി കാര്യങ്ങൾ ചർച്ചചെയ്യൽ
തന്റെ വിശ്വാസങ്ങളും ആഗ്രഹങ്ങളും സംബന്ധിച്ച് ഒരുവൻ കുടുംബത്തോട് സംസാരിക്കുന്നില്ലെങ്കിൽ പ്രശ്നങ്ങൾ പൊന്തിവന്നേക്കാം. ഇതു പരിചിന്തിക്കുക: ഒരു വ്യക്തിയുടെ ശവസംസ്കാരം ഗ്രാമത്തിൽ പ്രാദേശിക ആചാരമനുസരിച്ച് നടത്തണമെന്ന് ബന്ധുക്കൾ നിർബന്ധം പിടിച്ചു. ജീവനുനേരേ ഭീഷണി ഉയർന്നപ്പോൾ ശവശരീരത്തെയും ബന്ധുക്കളെയും ഉപേക്ഷിച്ചുപോകാൻ അദ്ദേഹത്തിന്റെ വിധവയും കുട്ടികളും നിർബന്ധിതരായി. അവർ ഇങ്ങനെ വിലപിക്കുന്നു: “ശവസംസ്കാരം എങ്ങനെ നടത്താനാണു താൻ ആഗ്രഹിക്കുന്നതെന്നു തന്റെ അമ്മാവന്മാരിൽ ഒരാളോടോ ഒരു മച്ചുനനോടോ എന്റെ ഭർത്താവു പറഞ്ഞിരുന്നെങ്കിൽ, തങ്ങളുടെ പരമ്പരാഗത ശവസംസ്കാര ആചാരങ്ങൾ അനുഷ്ഠിക്കണമെന്നു കുടുംബം വാശിപിടിക്കില്ലായിരുന്നു.”
ചില സമുദായങ്ങളിൽ വാക്കാലുള്ള ഉടമ്പടി ലിഖിത രേഖപോലെതന്നെ സാധുതയുള്ളതാണ്. പരമ്പരാഗത ശവസംസ്കാര-വിലാപ ആചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിശ്വാസങ്ങൾ അനേകരും വെച്ചുപുലർത്തുന്ന സ്വാസിലാൻഡിലെ ചില സ്ഥലങ്ങളിൽ സാഹചര്യം അങ്ങനെയാണ്. അതറിയാമായിരുന്ന ഐസക്ക് എന്നുപേരുള്ള ഒരു ക്രിസ്ത്യാനി യഹോവയുടെ സാക്ഷികളല്ലാത്ത തന്റെ ബന്ധുക്കളുടെ ഒരു യോഗം വിളിച്ചുകൂട്ടി തന്റെ മരണശേഷം എന്തു നടത്തപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അവരുമായി ചർച്ചചെയ്തു. ഭൗതിക സ്വത്തുക്കളോരോന്നും ആർക്കെല്ലാം ലഭിക്കണമെന്ന് അദ്ദേഹം അവരോടു പറഞ്ഞു. തന്റെ ശവസംസ്കാരം എങ്ങനെ നടത്തപ്പെടണമെന്ന് അദ്ദേഹം വ്യക്തമായി വിശദീകരിച്ചു. അദ്ദേഹത്തിന്റെ മരണാനന്തരം കാര്യങ്ങൾ അദ്ദേഹത്തിന്റെ ഹിതപ്രകാരം നടന്നു. ഐസക്കിന്റെ ശവസംസ്കാരം ക്രിസ്തീയ രീതിയിൽ നടത്തപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയ്ക്കു സംരക്ഷണവും ലഭിച്ചു.
നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക
നിങ്ങളുടെ മരണത്തിങ്കൽ കുടുംബത്തെ സംരക്ഷിക്കുന്നതിന് എന്തുചെയ്യണമെന്നുള്ളത് വ്യക്തിപരമായ കാര്യമാണ്. എന്നാൽ, എഡ്വാർഡ് എന്നു പേരുള്ള ഒരു ക്രിസ്ത്യാനി പറയുന്നു: “എന്റെ എട്ടംഗ കുടുംബത്തിന്റെ പ്രയോജനത്തിനായി ഞാനൊരു ലൈഫ് ഇൻഷ്വറൻസ് പോളിസി എടുത്തിട്ടുണ്ട്. എന്റെ ബാങ്ക് അക്കൗണ്ടിൽ ഒപ്പു വെച്ചിരിക്കുന്നത് ഭാര്യയാണ്. അതുകൊണ്ട് ഞാൻ മരിക്കുന്നെങ്കിൽ അവൾക്ക് അക്കൗണ്ടിൽനിന്നു പണമെടുക്കാൻ കഴിയും. . . . കുടുംബത്തിന്റെ പ്രയോജനത്തിനായി ഞാനൊരു വിൽപ്പത്രമുണ്ടാക്കിയിട്ടുണ്ട്. ഞാൻ മരിക്കുന്നെങ്കിൽ, എന്റെ സ്വത്തെല്ലാം ഭാര്യയ്ക്കും കുട്ടികൾക്കുമുള്ളതായിരിക്കും. അഞ്ച് വർഷം മുമ്പ് ഞാൻ വിൽപ്പത്രമുണ്ടാക്കി. ഒരു വക്കീലാണ് അത് തയ്യാറാക്കിയത്. ഭാര്യയുടെയും മകന്റെയും കൈവശം അതിന്റെ ഓരോ പ്രതിയുണ്ട്. എന്റെ ശവസംസ്കാരം സംബന്ധിച്ചു തീരുമാനമെടുക്കാൻ വിസ്തൃത കുടുംബത്തിന് അവകാശമില്ലെന്നു വിൽപ്പത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ യഹോവയുടെ സ്ഥാപനത്തിൽപെട്ടവനാണ്. അതുകൊണ്ട് എന്റെ ശവസംസ്കാരം നടത്താനായി ഒന്നോ രണ്ടോ സാക്ഷികൾമാത്രമേ സ്ഥലത്തുള്ളുവെങ്കിലും അതു മതിയാകും. ഞാനത് എന്റെ വിസ്തൃത കുടുംബവുമായി ചർച്ചചെയ്തിട്ടുണ്ട്.”
അത്തരം ക്രമീകരണങ്ങൾ ചെയ്യുന്നത് ഒരർഥത്തിൽ നിങ്ങളുടെ കുടുംബത്തിനുള്ള ഒരു സമ്മാനമാണ്. മരണസാധ്യതയെപ്രതി ആസൂത്രണം ചെയ്യുന്നത് നിശ്ചയമായും ചോക്കലേറ്റോ പൂച്ചെണ്ടോ സമ്മാനമായി കൊടുക്കുന്നതുപോലെയല്ല. എന്നാൽ, അത് നിങ്ങളുടെ സ്നേഹത്തെ പ്രകടമാക്കുന്നു. നിങ്ങൾ മേലാൽ കുടുംബത്തോടൊപ്പം ഇല്ലാത്തപ്പോഴും ‘അവർക്കുവേണ്ടി കരുതാൻ’ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അത് വ്യക്തമാക്കുന്നു.
[21-ാം പേജിലെ ചതുരം/ചിത്രം]
യേശു തന്റെ അമ്മയ്ക്കുവേണ്ടി കരുതൽചെയ്തു
“യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ, നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോടു: ഇതാ, നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ [യോഹന്നാൻ] അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു.”—യോഹന്നാൻ 19:25-27.
[22-ാം പേജിലെ ചതുരം]
തങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാനായി അനേകം ക്രിസ്ത്യാനികൾ ചിന്താപൂർവം നിയമപരമായ നടപടികൾ സ്വീകരിക്കുന്നു