കുട്ടികൾ—‘യഹോവ നൽകുന്ന അവകാശം’
1 “കുട്ടികൾക്ക് ആവശ്യമായ സമയവും ശ്രദ്ധയും നൽകാത്തപക്ഷം, മനുഷ്യരാശിയുടെ ഏറ്റവും അടിസ്ഥാനപരമായ ദീർഘകാല പ്രശ്നങ്ങളെല്ലാം അടിസ്ഥാനപരമായ ദീർഘകാല പ്രശ്നങ്ങളായിത്തന്നെ അവശേഷിക്കും”—ഐക്യരാഷ്ട്ര ശിശുക്ഷേമ നിധി. 1999 ഏപ്രിൽ 8 ലക്കം ഉണരുക!യുടെ ആമുഖ ലേഖന പരമ്പര തുടങ്ങിയത് അങ്ങനെയാണ്. യഹോവയുടെ സാക്ഷികളായ നാമെല്ലാവരും ആ മാസിക സന്തോഷപൂർവം വിതരണം ചെയ്യുന്നതിലും ലോകത്തിലെ കുട്ടികളുടെ ഇന്നത്തെ ദുരവസ്ഥ എടുത്തുകാണിക്കുന്നതിലും പങ്കെടുത്തു.
2 ആ ആഗോള പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ദൈവജനത്തിലെ ക്രിസ്തീയ മാതാപിതാക്കൾ വിശേഷാൽ അതീവ സന്തുഷ്ടർ ആയിരുന്നിരിക്കണം. കുട്ടികളെ നല്ല രീതിയിൽ വളർത്തുന്നതു സംബന്ധിച്ച മികച്ച ബൈബിളധിഷ്ഠിത ബുദ്ധിയുപദേശത്തിൽ നിന്ന് അവർ പ്രയോജനം അനുഭവിച്ചിരിക്കണം. മാത്രമല്ല, ഇക്കാര്യത്തിൽ യഹോവയുടെ മാർഗങ്ങൾ മറ്റുള്ളവർക്കു ശുപാർശ ചെയ്യുന്നതിലും അവർ മുൻനിരയിൽ ആയിരുന്നിരിക്കണം. പ്രചാരണ പരിപാടിയിൽ ദൈവഭക്തിയുള്ള കുട്ടികൾ മുഴുഹൃദയത്തോടെ പങ്കുപറ്റിയത് അവർക്കു ചെവികൊടുത്ത സകലരിലും നിസ്സംശയമായും മതിപ്പ് ഉളവാക്കിയിരിക്കണം.—സദൃ. 1:8, 9.
3 യോഗങ്ങളിൽ സംബന്ധിക്കുന്നത് കുട്ടികൾക്കു വളരെയധികം പ്രയോജനം ചെയ്യുന്നു. ക്രിസ്തീയ സഭയിൽ മഹാ പ്രബോധകനായ യഹോവയാൽ പഠിപ്പിക്കപ്പെടുകയെന്ന പദവി അവർക്കുണ്ട്. മഹാ ഗുരുവായ യേശുക്രിസ്തുവിനെ ശ്രദ്ധിക്കുകവഴി, അവന്റെ കാൽച്ചുവടുകൾ പിൻപറ്റാൻ അവർക്കു സഹായം ലഭിക്കുന്നു. സർവോപരി, യുവജനങ്ങൾക്കും—പ്രത്യേകിച്ച് കൗമാരപ്രായക്കാർക്ക്—അവരുടെ മാതാപിതാക്കൾക്കും കാലോചിതമായ ബുദ്ധിയുപദേശം നൽകിക്കൊണ്ട് അവരെ സഹായിക്കുന്നതിന് “വിശ്വസ്തനും വിവേകിയുമായ അടിമവർഗം” പ്രത്യേക ശ്രമം നടത്തുന്നു.
4 കുട്ടികളെ ആത്മീയമായി തുടർന്നും സഹായിക്കാൻ മാതാപിതാക്കൾക്ക് എന്തു ചെയ്യാൻ കഴിയും? ലോകത്തിലെ കുട്ടികൾ പ്രതിസന്ധിയിൽ ആണെന്നതും അവർക്ക് യഥാർഥ സഹായം ആവശ്യമാണെന്നതും ശരിതന്നെ. എന്നാൽ, ലോകത്തിന്റെ സ്വാധീനങ്ങളിൽനിന്നു ക്രിസ്തീയ കുട്ടികൾക്കു പൂർവാധികം സംരക്ഷണം ആവശ്യമാണെന്നതും ഒരു വസ്തുതയാണ്. ഇക്കാര്യത്തിൽ, പതിവായ കുടുംബ അധ്യയനത്തിനു പകരം നിൽക്കാൻ യാതൊന്നുമില്ല. നിങ്ങൾക്ക് കുടുംബ അധ്യയനം ഇല്ലെങ്കിൽ അത് ഇന്നുതന്നെ തുടങ്ങാൻ പ്രോത്സാഹിപ്പിക്കുകയാണ്. (സദൃ. 2:1-5) നമ്മുടെ കുട്ടികളെ വഴിതെറ്റിക്കാൻ പിശാചായ സാത്താൻ നടത്തുന്ന ശ്രമങ്ങൾക്കു മുന്നിൽ ബലിഷ്ഠരായിരിക്കാൻ അർഥവത്തായ കുടുംബ അധ്യയനവും പതിവായ യോഗഹാജരും അവരെ സഹായിക്കും.—എഫെ. 6:11, 12, 16.
5 കുട്ടികളെ വളർത്തുന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് അനുപമമായ പദവിയാണുള്ളത്. നമ്മുടെ സ്വർഗീയ പിതാവായ യഹോവയാം ദൈവം അവർക്കു നൽകിയിരിക്കുന്ന ഒരു ദൈവിക ചുമതലയാണ് ആ പദവി. വാസ്തവത്തിൽ, കൂടുതൽ സമയവും ശ്രമവും ആവശ്യമായിരിക്കുന്ന വലിയൊരു ഉത്തരവാദിത്വമാണ് അത്. എന്നാൽ ഇപ്പോൾ അവർക്കായി സമയവും ശ്രമവും ചെലവഴിക്കുന്നെങ്കിൽ, ആദരണീയരും ദിവ്യാധിപത്യ മനസ്കരുമായ സ്ത്രീപുരുഷന്മാരായി അവർ വളർന്നുവരുന്നതു കാണാൻ സാധിക്കും, ക്രിസ്തീയ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അത് എത്ര പ്രതിഫലദായകം ആയിരിക്കും!—സങ്കീ. 127:3-5.