കൂടുതൽ തികവോടെ സേവിക്കാൻ നിങ്ങൾ വാഞ്ഛിക്കുന്നുണ്ടോ?
“എനിക്കു യഹോവയോടു ദേഷ്യമായിരുന്നു,” ലോറ പറയുന്നു. “പയനിയറിങ്ങിൽ തുടരാൻ എനിക്കു കഴിയത്തക്കവണ്ണം ഞങ്ങളുടെ സാമ്പത്തിക പ്രശ്നം പരിഹരിച്ചു തരാൻ ഞാൻ അവനോട് ഇടവിടാതെ പ്രാർഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ എനിക്കു പയനിയർ സേവനം നിർത്തേണ്ടിവന്നു. പയനിയർ സേവനം തുടരാൻ കഴിഞ്ഞവരോട് എനിക്ക് അസൂയ തോന്നിയെന്നും പറയാതെ തരമില്ല.”
യഹോവയുടെ സാക്ഷികളുടെ ഒരു സഭയിൽ ശുശ്രൂഷാദാസനായ മൈക്കളിന്റെ കാര്യവും പരിചിന്തിക്കുക. അദ്ദേഹം മേൽവിചാരകസ്ഥാനം എത്തിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. (1 തിമൊഥെയൊസ് 3:1) പല വർഷങ്ങളായിട്ടും തന്റെ ആഗ്രഹം സഫലമാകാതെ പോയതിൽ നീരസംപൂണ്ട്, അദ്ദേഹം തനിക്കു മേലാൽ ആ പദവി വേണ്ടന്നുവെച്ചു. “വീണ്ടും നിരാശയുടെ പടുകുഴിയിൽ വീഴുന്നതിലെ വേദന എനിക്കു സഹിക്കാവതായിരുന്നില്ല,” അദ്ദേഹം പറയുന്നു.
നിങ്ങൾക്കു സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടോ? പ്രിയപ്പെട്ട ഒരു ദിവ്യാധിപത്യ പദവി പരിത്യജിക്കേണ്ടിവന്നിട്ടുണ്ടോ? ഉദാഹരണത്തിന്, ഒരു പയനിയർ—ഒരു മുഴുസമയ രാജ്യ പ്രഘോഷകൻ—എന്ന നിലയിലുള്ള സേവനം നിങ്ങൾക്കു നിർത്തേണ്ടി വന്നിട്ടുണ്ടോ? അതോ മറ്റുള്ളവരെ ഏൽപ്പിച്ചിരിക്കുന്ന ചില സഭാ ഉത്തരവാദിത്വങ്ങൾ നിങ്ങൾ കാംക്ഷിക്കുന്നുണ്ടോ? ഒരുപക്ഷേ ബെഥേലിലോ മിഷനറിയെന്ന നിലയിലോ സേവിക്കാൻ നിങ്ങൾ അതിയായി ആഗ്രഹിക്കുന്നുണ്ടാവാം. എന്നാൽ നിങ്ങളുടെ സാഹചര്യം അതിന് അനുവദിക്കുന്നില്ലായിരിക്കാം.
“ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു” എന്നു സദൃശവാക്യങ്ങളുടെ പുസ്തകം സമ്മതിച്ചു പറയുന്നു. (സദൃശവാക്യങ്ങൾ 13:12) നിങ്ങൾ ആഗ്രഹിച്ചിരുന്ന പദവി മറ്റൊരാൾക്കു ലഭിക്കുമ്പോൾ അതു പ്രത്യേകിച്ചും അങ്ങനെതന്നെ. അത്തരം നിരാശ അനുഭവിക്കുന്നവർക്കു ദൈവവചനം ഉൾക്കാഴ്ചയും സാന്ത്വനവും പ്രത്യാശയും പ്രദാനം ചെയ്യുന്നുണ്ടോ? തീർച്ചയായും. വാസ്തവത്തിൽ, 84-ാം സങ്കീർത്തനം യഹോവയുടെ സേവനത്തിൽ സഫലമാകാഞ്ഞ ആഗ്രഹം പേറിയിരുന്ന ഒരു ദൈവദാസന്റെ ഭാവപ്രകടനമാണ്.
ഒരു ലേവ്യന്റെ വിലമതിപ്പ്
യഹോവയുടെ ആലയത്തിൽ സേവിച്ചിരുന്ന കോരഹ് പുത്രന്മാരായ ലേവ്യരായിരുന്നു 84-ാം സങ്കീർത്തനം രചിച്ചത്. അവർ തങ്ങളുടെ സേവന പദവികൾ അങ്ങേയറ്റം വിലമതിക്കുകയും ചെയ്തിരുന്നു. “സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം!” എന്ന് അവരിലൊരാൾ ഉദ്ഘോഷിക്കുന്നു. “എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു; എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.”—സങ്കീർത്തനം 84:1, 2.
യഹോവയുടെ ആലയത്തിൽ സേവിക്കുന്നതിന് ആ ലേവ്യനുണ്ടായിരുന്ന വാഞ്ഛ നിമിത്തം യെരൂശലേമിലേക്കുള്ള വഴിയിലെ ഏതൊരു കാഴ്ചയും അവന് ആകർഷകമായി തോന്നി. “ബാക്കാത്താഴ്വരയിലൂടെ കടന്നുപോകുമ്പോൾ അവർ അതിനെ നീരുറവകളുടെ താഴ്വരയാക്കുന്നു,” അവൻ പറഞ്ഞു. (സങ്കീർത്തനം 84:6, പി.ഒ.സി. ബൈബിൾ) അതേ, സ്വതവേ ഉണങ്ങിവരണ്ട പ്രദേശം അവന്റെ മനസ്സിൽ നല്ല നീരോട്ടമുള്ളയിടം മാതിരിയായിരുന്നു.
ആ സങ്കീർത്തനക്കാരൻ പുരോഹിത പദവിയില്ലാത്ത ലേവ്യനായിരുന്നതിനാൽ ആറു മാസത്തിൽ ഒരാഴ്ചവീതമേ ആലയത്തിൽ അവനു സേവനമനുഷ്ഠിക്കാൻ കഴിയുമായിരുന്നുള്ളൂ. (1 ദിനവൃത്താന്തം 24:1-19; 2 ദിനവൃത്താന്തം 23:8; ലൂക്കൊസ് 1:5, 8, 9) ശിഷ്ടസമയം അവൻ ലേവ്യനഗരങ്ങളിലൊന്നിലുള്ള വീട്ടിൽ ചെലവഴിച്ചു. അതുകൊണ്ട് അവൻ ഇങ്ങനെ പാടി: “കുരികിൽ ഒരു വീടും, മീവൽപക്ഷി കുഞ്ഞുങ്ങൾക്കു ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, നിന്റെ യാഗപീഠങ്ങളെ തന്നെ.” (സങ്കീർത്തനം 84:3) ആലയത്തിൽ ഏറെ സുസ്ഥിരമായ വാസസ്ഥാനം കണ്ടെത്തിയ പക്ഷികളെപ്പോലെയായിരുന്നെങ്കിൽ ആ ലേവ്യൻ എത്ര സന്തുഷ്ടനായിരുന്നേനേ!
ആലയത്തിൽ കൂടെക്കൂടെ സേവിക്കാൻ കഴിയാഞ്ഞതിൽ ആ ലേവ്യന് എളുപ്പം നീരസം തോന്നാമായിരുന്നു. എന്നാൽ, തന്നാലാകുന്നതുപോലെ സേവനമനുഷ്ഠിക്കുന്നതിൽ അവൻ സന്തുഷ്ടനായിരുന്നു. മാത്രമല്ല, യഹോവയോടുള്ള ഹൃദയംഗമമായ ഭക്തിക്കു തക്ക മൂല്യമുണ്ടെന്ന് അവൻ തീർച്ചയായും തിരിച്ചറിഞ്ഞു. തന്റെ സേവന പദവികളിൽ തൃപ്തനായിരിക്കാൻ ആ വിശ്വസ്ത ലേവ്യനെ സഹായിച്ചതെന്താണ്?
തൃപ്തിയടയാൻ പഠിക്കുക
“നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ,” ആ ലേവ്യൻ പറയുന്നു. “ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനെക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽകാവല്ക്കാരനായിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം.” (സങ്കീർത്തനം 84:10) യഹോവയുടെ ഭവനത്തിൽ ഒരു ദിവസം ചെലവഴിക്കുന്നതുപോലും അമൂല്യ പദവിയാണെന്ന് അവൻ മനസ്സിലാക്കി. ആ ലേവ്യന് ഒരു ദിവസമൊന്നുമല്ല ആലയത്തിൽ സേവിക്കാൻ കഴിഞ്ഞത്. തന്റെ പദവികളിൽ തൃപ്തനായ അവൻ സന്തോഷത്താൽ മതിമറന്നു പാടി.
നമ്മെ സംബന്ധിച്ചോ? നാം നമ്മുടെ അനുഗ്രഹങ്ങളെ വിലമതിക്കുന്നുണ്ടോ? അതോ യഹോവയുടെ സേവനത്തിൽ ഇപ്പോൾതന്നെ നമുക്കുള്ള പദവികൾ മറക്കാൻ നാം പ്രവണത കാട്ടുന്നുവോ? യഹോവയുടെ ജനത്തിന് അവനോടുള്ള ഭക്തി നിമിത്തം, അവൻ അവരെ പലവിധത്തിലുള്ള പദവികളും കർത്തവ്യങ്ങളും ഏൽപ്പിച്ചിരിക്കുന്നു. മേൽവിചാരണ, ഇടയവേല, പഠിപ്പിക്കൽ എന്നിവയും മുഴുസമയ സേവനത്തിന്റെ വിവിധ സവിശേഷതകളും അവയിൽ ഉൾപ്പെടും. യഹോവയുടെ ആരാധനയുമായി ബന്ധപ്പെട്ട മറ്റു വിലയേറിയ സംഗതികളും അതിൽ ഉൾപ്പെടുന്നുണ്ട്.
ക്രിസ്തീയ ശുശ്രൂഷ ഉദാഹരണമായെടുക്കാം. പൗലൊസ് അപ്പോസ്തലൻ നമ്മുടെ സുവാർത്താപ്രസംഗത്തെ ‘മൺപാത്രങ്ങളിലെ നിക്ഷേപ’ത്തോടു സാമ്യപ്പെടുത്തി. (2 കൊരിന്ത്യർ 4:7) അത്തരം സേവനത്തെ വിലയേറിയ നിക്ഷേപമായി നിങ്ങൾ വീക്ഷിക്കാറുണ്ടോ? രാജ്യപ്രസംഗപ്രവർത്തനത്തിനു നേതൃത്വം വഹിച്ച യേശുക്രിസ്തു അതിനെ അങ്ങനെയാണു വീക്ഷിച്ചത്. അങ്ങനെ അവൻ മാതൃകയേകി. (മത്തായി 4:17) “ഞങ്ങൾക്ക് ഈ ശുശ്രൂഷ ഉള്ളതുകൊണ്ട് . . . ഞങ്ങൾ പിന്മാറുന്നില്ല,” പൗലൊസ് പറഞ്ഞു.—2 കൊരിന്ത്യർ 4:1, NW.
ക്രിസ്തീയ യോഗങ്ങളും നിസ്സാരമായി കാണരുതാത്ത പവിത്രമായ കരുതലാണ്. യോഗങ്ങളിൽ നാം ജീവത്പ്രധാനമായ പ്രബോധനം സ്വീകരിക്കുകയും ആവശ്യമായ സഹവാസം ആസ്വദിക്കുകയും ചെയ്യുന്നു. ക്രമമായി ഉത്തരം പറയുകയും മറ്റു വിധങ്ങളിൽ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തുകൊണ്ടു യോഗങ്ങളിൽ നമുക്കു നമ്മുടെ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പരസ്യപ്രകടനവും നടത്താനാകും. (എബ്രായർ 10:23-25) നമ്മുടെ യോഗങ്ങൾ തീർച്ചയായും വിലമതിക്കത്തക്ക കരുതൽത്തന്നെ!
നേരത്തെ സൂചിപ്പിച്ച മൈക്കൾ ഈ കരുതലുകൾ അത്യന്തം മൂല്യമുള്ളതായി കരുതുകയും അവയെ ആഴമായി വിലമതിക്കുകയും ചെയ്തു. എന്നാൽ മൂപ്പനായി സേവിക്കാൻ കഴിയാഞ്ഞതിലുള്ള നിരാശ അവയോടുള്ള അദ്ദേഹത്തിന്റെ വിലമതിപ്പിനെ താത്കാലികമായി കുറച്ചു. വീണ്ടും അവയിൽ ശ്രദ്ധകേന്ദ്രീകരിക്കുകവഴി തന്റെ സന്തുലിതാവസ്ഥ വീണ്ടെടുക്കാനും യഹോവയ്ക്കായി ക്ഷമാപൂർവം കാത്തിരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
ഒരു പ്രത്യേക പദവി ലഭിക്കാത്തതിൽ അതൃപ്തി തോന്നുന്നതിനു പകരം യഹോവ നമ്മെ അനുഗ്രഹിക്കുന്ന വിധങ്ങളെക്കുറിച്ചു പുനഃപരിശോധന നടത്തുന്നത് ഉചിതമായിരിക്കും. സങ്കീർത്തനക്കാരൻ അതാണു ചെയ്തത്.a നാം വളരെയൊന്നും കാണുന്നില്ലെങ്കിൽ വീണ്ടും നോക്കേണ്ടതുണ്ട്. നമ്മുടെ പദവികളും അവൻ നമ്മെ അനുഗ്രഹിക്കുകയും അവന്റെ സ്തുതിക്കായി നമ്മെ ഉപയോഗിക്കുകയും ചെയ്യുന്ന വിധങ്ങളും കാണേണ്ടതിനു നമ്മുടെ കണ്ണുകൾ തുറക്കാനായി യഹോവയോട് അപേക്ഷിക്കേണ്ടതുണ്ട്.—സദൃശവാക്യങ്ങൾ 10:22.
മേൽവിചാരക സ്ഥാനം പോലുള്ള പ്രത്യേക പദവികൾക്കു നിർദിഷ്ട യോഗ്യതകൾ ആവശ്യമാണെന്നു തിരിച്ചറിയുന്നതു പ്രധാനമാണ്. (1 തിമൊഥെയൊസ് 3:1-7; തീത്തൊസ് 1:5-9) അതുകൊണ്ട്, നാം ആത്മപരിശോധന നടത്തേണ്ടതുണ്ട്. പുരോഗതി ആവശ്യമായിരിക്കുന്ന ഏതെങ്കിലും വശങ്ങളുണ്ടോ എന്നു പരിശോധിച്ചുകൊണ്ട് പുരോഗമിക്കുന്നതിന് ആത്മാർഥ ശ്രമം ചെലുത്തുകയും ചെയ്യണം.—1 തിമൊഥെയൊസ് 4:12-15.
നിരുത്സാഹപ്പെടരുത്
നമുക്ക് ഒരു പ്രത്യേക സേവനപദവി ലഭിക്കുന്നില്ലെങ്കിൽ, അതു ലഭിച്ചിരിക്കുന്നവരോടു യഹോവയ്ക്കു കൂടുതൽ സ്നേഹമുണ്ടെന്നോ നമ്മിൽനിന്ന് അവൻ നന്മ പിടിച്ചുവെക്കുകയാണെന്നോ നിഗമനം ചെയ്യേണ്ടതില്ല. മറ്റുള്ളവർ അനർഹമായി, ദിവ്യാധിപത്യ നിയമനത്തിനു പകരം മാനുഷ പക്ഷപാതം നിമിത്തം ആ പദവികൾ നേടിയിരിക്കുന്നുവെന്നു നാം ഒരിക്കലും ഈർഷ്യാപൂർവം ഊഹിക്കരുത്. അത്തരം ആശയങ്ങളെ ഊട്ടിവളർത്തുന്നത് അസൂയയ്ക്കോ മത്സരത്തിനോ വഴിച്ചാലിട്ടേക്കാം. അതുമല്ല, നാം ശ്രമം ഉപേക്ഷിക്കാൻപോലും അത് ഇടവരുത്തിയേക്കാം.—1 കൊരിന്ത്യർ 3:3; യാക്കോബ് 3:14-16.
തുടക്കത്തിൽ പരാമർശിച്ച ലോറ തളർന്നു പിൻമാറിയില്ല. കോപം, അസൂയ എന്നീ വികാരങ്ങളെ അവൾ ഒടുവിൽ നിയന്ത്രണത്തിലാക്കി. പയനിയറിങ് ചെയ്യാനാവാത്തതു നിമിത്തം ഉടലെടുത്ത നിഷേധാത്മക പ്രതികരണത്തെ തരണംചെയ്യാൻ സഹായിക്കുന്നതിനു ലോറ ദൈവത്തോട് ആവർത്തിച്ചു പ്രാർഥിച്ചു. സഭയിലെ യോഗ്യതയുള്ള പുരുഷന്മാരിൽനിന്നും അവൾ സഹായം തേടി. ദൈവസ്നേഹത്തെക്കുറിച്ച് അവൾക്കു വീണ്ടും ഉറപ്പുതോന്നി. “യഹോവ എനിക്കു മനസ്സമാധാനമേകി. എനിക്കും ഭർത്താവിനും ഇപ്പോൾ പയനിയറിങ് ചെയ്യാൻ കഴിയുന്നില്ലെങ്കിലും പയനിയറിങ് ചെയ്തിരുന്ന നാളുകളിലെ ഓർമകളെ ഞങ്ങൾ താലോലിക്കുന്നു. ഞങ്ങൾക്കുണ്ടായ അനുഭവങ്ങളിൽനിന്നു ശക്തിനേടുന്നു. കൂടാതെ ഞങ്ങളുടെ, വളർച്ചയെത്തിയ പുത്രനെ പയനിയറിങ് ചെയ്യാൻ ഞങ്ങൾ സഹായിക്കുന്നുണ്ട്.” ലോറയ്ക്ക് ഇപ്പോൾ തൃപ്തിയോടെ, പയനിയർ സേവനത്തിൽ “സന്തോഷിക്കുന്നവരോടുകൂടെ സന്തോഷി”ക്കാൻ കഴിയുന്നു.—റോമർ 12:15.
എത്തിപ്പിടിക്കാവുന്ന ലാക്കുകൾ വെക്കുക
ഇപ്പോഴുള്ള സേവന പദവികളിൽ തൃപ്തരായിരിക്കുക എന്നതിന്റെ അർഥം കൂടുതൽ ദിവ്യാധിപത്യ ലാക്കുകൾ വെക്കുന്നതു നിർത്തണമെന്നല്ല. സ്വർഗീയ പുനരുത്ഥാനത്തെക്കുറിച്ചു ചർച്ച ചെയ്യവെ, ‘മുമ്പിലുള്ളതിനായി ആഞ്ഞുകൊണ്ടി’രിക്കുന്നതിനെക്കുറിച്ചു പൗലൊസ് പറഞ്ഞു. “നാം ഏതളവുവരെ പുരോഗതി നേടിയിരിക്കുന്നുവോ, നമുക്ക് അതേ ക്രമത്തിൽ നിഷ്ഠയോടെ നടക്കുന്നതിൽ തുടരാം” എന്നും അവൻ പറഞ്ഞു. (ഫിലിപ്പിയർ 3:13-16, NW) മുന്നിലേക്ക് ആഞ്ഞുകൊണ്ടിരിക്കാൻ ദിവ്യാധിപത്യ ലാക്കുകൾക്കു നമ്മെ സഹായിക്കാൻ കഴിയും. എന്നാൽ, അവയെ വാസ്തവികമാക്കി നിർത്തുന്നതാണു വെല്ലുവിളി.
വാസ്തവിക ലാക്കുകൾ ന്യായയുക്തവും എത്തിപ്പിടിക്കാവുന്നതുമാണ്. (ഫിലിപ്പിയർ 4:5) വർഷങ്ങളോളം നീണ്ടുനിൽക്കുന്ന, കഠിനാധ്വാനം ആവശ്യമായിരിക്കുന്ന ലാക്ക് വാസ്തവികമല്ലെന്ന് ഇതിനർഥമില്ല. കൊച്ചു കൊച്ചു ലാക്കുകൾ വെച്ചുകൊണ്ട് അഥവാ പടികൾ സ്വീകരിച്ചുകൊണ്ടു ദീർഘകാലം നിലനിൽക്കുന്ന ലക്ഷ്യം ക്രമേണ നേടിയെടുക്കാവുന്നതാണ്. ആത്മീയ പുരോഗതിക്കുള്ള അടയാളങ്ങളായി ഇവ ഉതകുന്നു. ഓരോ പടിയും വിജയപ്രദമായി ചെയ്തുതീർക്കുമ്പോൾ അവ നിരാശയ്ക്കു പകരം തൃപ്തിയേകും.
നല്ല സമനില
എങ്കിലും, ചില പദവികൾ ലഭിക്കാതെ പോകുന്നതു നമ്മുടെ സാഹചര്യങ്ങളും പരിമിതികളും നിമിത്തമാണെന്നു തിരിച്ചറിയുന്നതു പ്രധാനമാണ്. അവ ലാക്കാക്കുന്നതു നിരാശയിലേക്കും ഇച്ഛാഭംഗത്തിലേക്കും നയിക്കും. അത്തരം ലാക്കുകൾ ഇപ്പോൾ വയ്ക്കേണ്ടതില്ല. ദൈവിക സംതൃപ്തിക്കായി പ്രാർഥിക്കുകയും യഹോവയുടെ ഇഷ്ടം ചെയ്യുന്നതു നമ്മുടെ മുഖ്യ താത്പര്യമാക്കുകയും ചെയ്യുന്നപക്ഷം അതു ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുകയില്ല. പദവികൾക്കായി എത്തിപ്പിടിക്കുമ്പോൾ യഹോവയുടെ മഹത്ത്വമാണു മുഖ്യം, അല്ലാതെ നമ്മുടെ വ്യക്തിപരമായ നേട്ടങ്ങൾക്കുള്ള അംഗീകാരമല്ല. (സങ്കീർത്തനം 16:5, 6; മത്തായി 6:33) “നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും” എന്നു ബൈബിൾ യഥോചിതം നമ്മോടു പറയുന്നു.—സദൃശവാക്യങ്ങൾ 16:3.
സേവനപദവികളുടെ കാര്യത്തിൽ സങ്കീർത്തനക്കാരൻ അത്തരമൊരു മനോഭാവം പ്രകടമാക്കിയതായും യഹോവ അവനെ സമൃദ്ധമായി അനുഗ്രഹിച്ചതായും 84-ാം സങ്കീർത്തനം പരിചിന്തിക്കുമ്പോൾ നമുക്കു കാണാൻ കഴിയുന്നു. കൂടാതെ, ഈ സങ്കീർത്തനം ഇന്നോളം യഹോവയുടെ ജനത്തിനു പ്രയോജകീഭവിക്കുന്നതിൽ തുടരുന്നു.
പ്രാർഥനാപൂർവം യഹോവയിൽ ആശ്രയിച്ചുകൊണ്ട്, കൂടുതൽ സേവനപദവികൾക്കായുള്ള നിങ്ങളുടെ വാഞ്ഛയും ഇപ്പോൾ ആസ്വദിക്കുന്ന പദവികളിൽനിന്നു കിട്ടുന്ന സംതൃപ്തിയും സമനിലയിൽ നിർത്താൻ കഴിയും. കൂടുതൽ ചെയ്യാനുള്ള ആഗ്രഹം, നിങ്ങൾക്ക് ഇപ്പോഴുള്ള പദവികളോടുള്ള വിലമതിപ്പിനെയും യഹോവയെ എന്നേക്കും സേവിക്കുന്നതിലെ സന്തോഷത്തെയും കവർന്നുകളയാതിരിക്കട്ടെ. യഹോവയിൽ ആശ്രയിക്കുക. അതു സന്തോഷത്തിൽ കലാശിക്കും. ആ ലേവ്യന്റെ പിൻവരുന്ന വാക്കുകൾ അതാണു കാട്ടുന്നത്: “സൈന്യങ്ങളുടെ യഹോവേ, നിന്നിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW].”—സങ്കീർത്തനം 84:12.
[അടിക്കുറിപ്പുകൾ]
a ദയവായി 1988 ജൂൺ 15 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) “നിങ്ങൾ പവിത്രകാര്യങ്ങളെ വിലമതിക്കുന്നുവോ?” എന്ന ലേഖനം കാണുക.
[11-ാം പേജിലെ ചതുരം]
നമുക്കു വയ്ക്കാനാകുന്ന ലാക്കുകൾ
ദിവസേനയുള്ള ബൈബിൾ വായന.—യോശുവ 1:8; മത്തായി 4:4
തിരുവെഴുത്തുകളുടെ അഭ്യാസത്താൽ ഇന്ദ്രിയങ്ങൾക്കു തഴക്കം വരുത്തൽ.—എബ്രായർ 5:14
ദൈവവുമായി ഉറ്റ ബന്ധം വളർത്തിയെടുക്കൽ.—സങ്കീർത്തനം 73:28
ആത്മാവിന്റെ ഫലങ്ങളോരോന്നും നട്ടുവളർത്തൽ.—ഗലാത്യർ 5:22, 23
പ്രാർഥനയുടെ ഗുണം മെച്ചപ്പെടുത്തൽ.—ഫിലിപ്പിയർ 4:6, 7
പ്രസംഗ, പഠിപ്പിക്കൽ വേലയിൽ കൂടുതൽ ഫലപ്രദരായിത്തീരൽ.—1 തിമൊഥെയൊസ് 4:15, 16
വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഓരോ ലക്കവും വായിച്ച്, ധ്യാനിക്കൽ.—സങ്കീർത്തനം 49:3
[9-ാം പേജിലെ ചിത്രം]
വ്യക്തിപരമായ ലാക്കുകൾ വെക്കുമ്പോൾ ദൈവേഷ്ടം ചെയ്യുന്നതിനു മുൻഗണന കൊടുക്കുക