ബൈബിൾ നമുക്കു ലഭിച്ച വിധം—ഭാഗം രണ്ട്
ഉഗ്രമായ തീക്കുണ്ടത്തിലേക്ക് അധികമധികം ഇന്ധനം ഇടവേ തീജ്വാലകൾ ആകാശത്തിലേക്കുയർന്നു. എന്നാൽ ഇതൊരു സാധാരണ തീയായിരുന്നില്ല. പുരോഹിതന്മാരും ബിഷപ്പുമാരും നോക്കിനിൽക്കെ, ആ വൻ തീജ്വാലയിൽ ബൈബിളുകൾ കത്തിയമരുകയായിരുന്നു. എന്നാൽ, നശിപ്പിക്കാനായി ബൈബിളുകൾ വാങ്ങിയ ലണ്ടനിലെ ബിഷപ്പ്, അതുവഴി കൂടുതൽ പതിപ്പുകൾ നിർമിക്കാൻ പരിഭാഷകനായ വില്യം ടിൻഡെയ്ലിന് അറിയാതെതന്നെ സാമ്പത്തിക സഹായം നൽകുകയാണ് ചെയ്തത്!
പോരാട്ടത്തിൽ ഇരുപക്ഷത്തുമുള്ളവരെ അത്തരമൊരു ദൃഢനിശ്ചയത്തിലേക്കു നയിച്ചതെന്തായിരുന്നു? മധ്യയുഗത്തിന്റെ രണ്ടാം ഘട്ടത്തിലെ ബൈബിൾ പ്രസിദ്ധീകരണ ചരിത്രം നാം മുമ്പൊരു ലക്കത്തിൽ പരിചിന്തിച്ചു. ദൈവവചനത്തിന്റെ സന്ദേശവും ആധികാരികതയും സമൂഹത്തിൽ ശക്തമായൊരു സ്വാധീനം ചെലുത്താൻ തുടങ്ങിയ ഒരു പുതുയുഗത്തിന്റെ അരുണോദയത്തിൽ നാമിപ്പോൾ വന്നിരിക്കുന്നു.
ഒരു മുന്നണിപ്പോരാളിയുടെ രംഗപ്രവേശം
ഒരു സമാദരണീയ ഓക്സ്ഫോർഡ് പണ്ഡിതനായ ജോൺ വൈക്ലിഫ് ‘ദൈവ നിയമ’ത്തിന്റെ, അതായത് ബൈബിളിന്റെ ആധികാരികതയിൽ ഊന്നിക്കൊണ്ട് കത്തോലിക്കാ സഭയുടെ ബൈബിൾ വിരുദ്ധ നടപടികൾക്കെതിരെ ശക്തമായി പ്രസംഗിക്കുകയും എഴുതുകയും ചെയ്തു. ശ്രദ്ധിക്കുന്ന ഏതൊരുവനോടും ഇംഗ്ലീഷിൽ ബൈബിൾ സന്ദേശം പ്രസംഗിക്കാനായി ലോള്ളാർഡുകൾ എന്നറിയപ്പെടുന്ന തന്റെ വിദ്യാർഥികളെ അദ്ദേഹം ഇംഗ്ലണ്ടിലുടനീളമുള്ള ഗ്രാമങ്ങളിലേക്ക് അയച്ചു. 1384-ൽ മരിക്കുന്നതിനുമുമ്പ്, അദ്ദേഹം ലത്തീനിൽനിന്ന് അക്കാലത്തെ ഇംഗ്ലീഷിലേക്കു ബൈബിൾ പരിഭാഷ ആരംഭിച്ചു.
വൈക്ലിഫിനെ പുച്ഛിക്കുന്നതിന് സഭ ധാരാളം കാരണങ്ങൾ കണ്ടെത്തി. ഒന്നാമതായി, അദ്ദേഹം പുരോഹിതവർഗത്തെ അവരുടെ അമിതത്വങ്ങളെയും അധാർമിക നടത്തയെയുംപ്രതി കുറ്റംവിധിച്ചു. അതിനുപുറമേ, വൈക്ലിഫിന്റെ ആരാധകരിലനേകർ തങ്ങളുടെ സായുധവിപ്ലവങ്ങളെ ന്യായീകരിക്കാനായി അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളെ ദുരുപയോഗിച്ചു. സായുധവിപ്ലവങ്ങളെ അദ്ദേഹം ഒരിക്കലും പിന്താങ്ങിയിരുന്നില്ലെങ്കിലും പുരോഹിതവർഗം വൈക്ലിഫിനെ അദ്ദേഹത്തിന്റെ മരണശേഷം പോലും കുറ്റപ്പെടുത്തി.
1412-ൽ ജോൺ 23-ാമൻ പാപ്പായ്ക്കുള്ള ഒരു കത്തിൽ ആർച്ചുബിഷപ്പ് അരുണ്ടേൽ, “നിന്ദ്യനും ശല്യക്കാരനുമായ, വെറുപ്പോടെ ഓർമിക്കപ്പെടുന്ന ആ പിശാചിന്റെ പുത്രൻ, എതിർക്രിസ്തുവിന്റെ മുന്നോടിയും സന്താനവുമായ ആ ജോൺ വൈക്ലിഫ്” എന്നാണ് അദ്ദേഹത്തെ പരാമർശിച്ചത്. തന്റെ അപലപനത്തെ പാരമ്യത്തിലെത്തിച്ചുകൊണ്ട് അരുണ്ടേൽ എഴുതി: “ദ്രോഹപ്രവൃത്തി പൂർത്തീകരിക്കേണ്ടതിന് അയാൾ തിരുവെഴുത്തുകളെ മാതൃഭാഷയിലേക്കു പുതുതായി പരിഭാഷപ്പെടുത്താൻ പദ്ധതി ആസൂത്രണം ചെയ്തു.” ജനങ്ങൾക്ക് അവരുടെ സ്വന്തം ഭാഷയിൽ ബൈബിൾ നൽകാൻ വൈക്ലിഫ് ആഗ്രഹിച്ചുവെന്നതാണ് തീർച്ചയായും സഭാനേതാക്കൻമാരെ ഏറ്റവും ചൊടിപ്പിച്ചത്.
എന്നാൽ, പ്രമുഖരായ ഏതാനും വ്യക്തികൾക്ക് നാട്ടുഭാഷകളിലുള്ള തിരുവെഴുത്തുകൾ ലഭ്യമായിരുന്നു. 1382-ൽ, കിരീടാവകാശിയായ റിച്ചാർഡ് രണ്ടാമനെ വിവാഹംകഴിച്ച ബൊഹീമിയായിലെ ആനിയായിരുന്നു അവരിലൊരാൾ. സുവിശേഷങ്ങളുടെ വൈക്ലിഫിനാലുള്ള ഇംഗ്ലീഷ് പരിഭാഷ അവരുടെ കൈവശമുണ്ടായിരുന്നു. അവരത് മുടങ്ങാതെ പഠിച്ചിരുന്നു. അവർ രാജ്ഞിയായപ്പോൾ, ബൈബിൾ നിർമാണം ത്വരിതപ്പെടുത്താൻ അവരുടെ അനുകൂല മനോഭാവം സഹായിച്ചു—അത് ഇംഗ്ലണ്ടിൽമാത്രവുമായിരുന്നില്ല. ബൊഹീമിയായിലെ പ്രാഗ് യൂണിവേഴ്സിററിയിലുള്ള വിദ്യാർഥികളെ ഓക്സ്ഫോർഡിലേക്കു വരാൻ ആനി പ്രോത്സാഹിപ്പിച്ചു. അവിടെ അവർ വൈക്ലിഫിന്റെ എഴുത്തുകൾ പഠിക്കുകയും അവയിൽ ചിലതു പ്രാഗിലേക്കു കൊണ്ടുപോകുകയും ചെയ്തു. വൈക്ലിഫിന്റെ പഠിപ്പിക്കലുകൾക്കു പ്രാഗ് യൂണിവേഴ്സിററിയിൽ ലഭിച്ച ജനസമ്മിതി, അവിടെ പഠിക്കുകയും പിന്നീട് പഠിപ്പിക്കുകയും ചെയ്ത യാൻ ഹസിന് ഒരു പിന്തുണയായി ഉതകി. ഹസ് പഴയ സ്ലാവോനിക് പരിഭാഷയിൽനിന്ന് വായിക്കാൻകഴിയുന്ന ഒരു ചെക്ക് ഭാഷാന്തരമുണ്ടാക്കി. അദ്ദേഹത്തിന്റെ ശ്രമങ്ങൾ ബൊഹീമിയായിലും അയൽപ്രദേശങ്ങളിലും ബൈബിളിന്റെ സർവസാധാരണമായ ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചു.
സഭ തിരിച്ചടിക്കുന്നു
“വെള്ളംചേർക്കാത്ത പാഠ”ത്തിന്, യാതൊന്നും കൂട്ടിച്ചേർക്കാത്ത മൂല നിശ്വസ്ത തിരുവെഴുത്തുകൾക്ക്, “വ്യാഖ്യാനങ്ങ”ളെക്കാൾ, അതായത് സഭാംഗീകൃത ബൈബിളുകളിലെ മാർജിനുകളിലുള്ള നിർജീവമായ പരമ്പരാഗത വിശദീകരണങ്ങളെക്കാൾ, ആധികാരികതയുണ്ടെന്നുള്ള വൈക്ലിഫിന്റെയും ഹസിന്റെയും പഠിപ്പിക്കലും പുരോഹിതവർഗത്തെ കോപാകുലരാക്കി. സാധാരണ ജനങ്ങൾക്കു ലഭ്യമാക്കാൻ ഈ പ്രസംഗകർ ആഗ്രഹിച്ചത് ദൈവവചനത്തിന്റെ വെള്ളംചേർക്കാത്ത സന്ദേശമാണ്.
വ്യാജമായ സംരക്ഷണ വാഗ്ദാനത്താൽ കബളിപ്പിക്കപ്പെട്ട ഹസ് തന്റെ വീക്ഷണങ്ങൾ വാദിച്ചു സ്ഥാപിക്കാനായി 1414-ൽ ജർമനിയിലെ കാത്തലിക് കൗൺസിൽ ഓഫ് കോൺസ്ററാൻസിനു മുമ്പാകെ വന്നു. കൗൺസിലിൽ 2,933 പുരോഹിതന്മാരും ബിഷപ്പുമാരും കർദിനാൾമാരും ഉണ്ടായിരുന്നു. തന്റെ പഠിപ്പിക്കലുകൾ തെറ്റാണെന്ന് തിരുവെഴുത്തുകളിൽനിന്നു തെളിയിച്ചാൽ അതു ത്യജിക്കാമെന്നു ഹസ് സമ്മതിച്ചു. കൗൺസിലിനെ സംബന്ധിച്ചിടത്തോളം അതായിരുന്നില്ല പ്രശ്നം. അവരുടെ അധികാരത്തെ അദ്ദേഹം ചോദ്യം ചെയ്തത്, 1415-ൽ അദ്ദേഹത്തെ സ്തംഭത്തിൽ കെട്ടിയിട്ട് ഉച്ചത്തിൽ പ്രാർഥിച്ചുകൊണ്ടിരിക്കെ ചുട്ടെരിക്കുന്നതിന് അവർക്കു മതിയായ കാരണമായിരുന്നു.
ജോൺ വൈക്ലിഫിന്റെ അസ്ഥികൾ ഇംഗ്ലണ്ടിൽനിന്ന് കുഴിച്ചെടുത്ത് ചുട്ടുചാമ്പലാക്കണമെന്ന് ഉത്തരവിട്ടുകൊണ്ട് ആ കൗൺസിൽ അദ്ദേഹത്തിനെതിരെയുള്ള കുറ്റവിധിയുടെയും അപമാനത്തിന്റെയും അവസാന അടയാളവും കാണിച്ചു. ഈ നിർദേശം വളരെയധികം ഹീനമായിരുന്നതിനാൽ, 1428-ൽ പാപ്പാ ആവശ്യപ്പെടുന്നതുവരെ അത് നടപ്പാക്കിയില്ല. എന്നാൽ അത്തരം വന്യമായ എതിർപ്പ്, എല്ലായ്പോഴുമെന്നപോലെ, സത്യസ്നേഹികളുടെ തീക്ഷ്ണത കുറച്ചില്ല. പകരം അത്, ദൈവവചനം പ്രസിദ്ധീകരിക്കാനുള്ള അവരുടെ ദൃഢനിശ്ചയത്തിന് ആക്കംകൂട്ടി.
അച്ചടിയുടെ ഫലം
1450-തോടെ, ഹസിന്റെ മരണശേഷം വെറും 35 വർഷം കഴിഞ്ഞ്, ജർമനിയിൽ യോഹാനസ് ഗുട്ടൻബർഗ് കൈകൊണ്ടു നിരത്താവുന്ന അച്ച് ഉപയോഗിച്ച് അച്ചടി ആരംഭിച്ചു. ഏതാണ്ട് 1455-നോടടുത്ത് പൂർത്തീകരിച്ച ലത്തീൻ വൾഗേറ്റിന്റെ ഒരു പതിപ്പായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ മഹത്തായ കൃതി. 1495-ഓടെ ജർമൻ, ഇറ്റാലിയൻ, ഫ്രഞ്ച്, ചെക്ക്, ഡച്ച്, എബ്രായ, കാറ്റലൻ, ഗ്രീക്ക്, സ്പാനിഷ്, സ്ലാവോനിക്, പോർച്ചുഗീസ്, സെർബിയൻ എന്നീ ക്രമത്തിൽ മുഴു ബൈബിളോ അതിന്റെ ഭാഗങ്ങളോ അച്ചടിക്കപ്പെട്ടു.
1516-ൽ ഡച്ച് പണ്ഡിതനായ ഡെസിഡെറ്യൂസ് ഇറാസ്മസ് ഗ്രീക്ക് പാഠത്തിന്റെ പൂർണമായി അച്ചടിച്ച ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചു. തിരുവെഴുത്തുകൾ “ജനങ്ങളുടെ എല്ലാ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തപ്പെടണമെന്ന്” ഇറാസ്മസ് ആഗ്രഹിച്ചു. എന്നാൽ, സ്വന്തമായി പരിഭാഷനടത്തിക്കൊണ്ട് തനിക്കുള്ള വലിയ ജനസമ്മിതി അപകടപ്പെടുത്താൻ അദ്ദേഹം മടിച്ചു. എന്നിരുന്നാലും, കൂടുതൽ ധൈര്യശാലികളായിരുന്നവർ വേല തുടർന്നു. ഇവരിൽ ശ്രദ്ധേയനായത് വില്യം ടിൻഡെയ്ലായിരുന്നു.
വില്യം ടിൻഡെയ്ലും ഇംഗ്ലീഷ് ബൈബിളും
ടിൻഡെയ്ലിന്റെ വിദ്യാഭ്യാസം ഓക്സ്ഫോർഡിലായിരുന്നു. 1521-നോടടുത്ത് അദ്ദേഹം സർ ജോൺ വോൾഷിന്റെ കുട്ടികളുടെ അധ്യാപകനെന്നനിലയിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തി. അവിടുത്തെ വിഭവസമൃദ്ധമായ ഭക്ഷണവേളകളിൽ യുവാവായ ടിൻഡെയ്ൽ മിക്കപ്പോഴും പ്രാദേശിക വൈദികരുമായി വാക്കുകൾക്കൊണ്ട് വാൾപയറ്റു നടത്തുന്നതു കാണാമായിരുന്നു. ബൈബിൾ തുറന്ന് തിരുവെഴുത്തുകൾ കാണിച്ചുകൊടുത്തുകൊണ്ട് ടിൻഡെയ്ൽ അവരുടെ അഭിപ്രായങ്ങളെ വസ്തുനിഷ്ഠമായി വെല്ലുവിളിച്ചു. ടിൻഡെയ്ൽ പറയുന്നത് സത്യമാണെന്ന് കാലക്രമത്തിൽ വോൾഷിനും ഭാര്യയ്ക്കും ബോധ്യപ്പെട്ടു. അവർ പുരോഹിതൻമാരെ അത്ര കൂടെക്കൂടെ ക്ഷണിക്കാതെയായി, തണുപ്പൻ സ്വീകരണമേ നൽകിയുള്ളുതാനും. സ്വാഭാവികമായും ഇത്, ടിൻഡെയ്ലിനോടും അദ്ദേഹത്തിന്റെ പഠിപ്പിക്കലിനോടും പുരോഹിതൻമാർക്കുണ്ടായിരുന്ന നീരസം വർധിപ്പിച്ചു.
ഒരിക്കൽ ഒരു വാദപ്രതിവാദത്തിനിടയിൽ ടിൻഡെയ്ലിന്റെ മതവൈരികളിലൊരുവൻ തറപ്പിച്ചു പറഞ്ഞു: “പാപ്പായുടെ നിയമം ഇല്ലാതിരിക്കുന്നതിനെക്കാൾ ഭേദം ദൈവത്തിന്റെ നിയമം ഇല്ലാതിരിക്കുന്നതാണ്.” പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ ടിൻഡെയ്ലിനുണ്ടായിരുന്ന ബോധ്യമൊന്നു ഭാവനയിൽ കാണുക: “ഞാൻ പാപ്പായെയും അദ്ദേഹത്തിന്റെ എല്ലാ നിയമങ്ങളെയും വെല്ലുവിളിക്കുന്നു. ദൈവം എന്നെ കുറെ വർഷംകൂടി ജീവിക്കാൻ അനുവദിച്ചാൽ, കുറച്ചുനാളുകൾക്കകം, ഒരു ഉഴവുബാലനെ ഞാൻ നിങ്ങളെക്കാൾ തിരുവെഴുത്തു പരിജ്ഞാനമുള്ളവനാക്കും.” ടിൻഡെയ്ലിന്റെ തീരുമാനം സുദൃഢമായിത്തീർന്നു. അദ്ദേഹം പിന്നീടെഴുതി: “[ബൈബിൾ] പാഠത്തിന്റെ അന്തഃസത്തയും ക്രമവും അർഥവും അറിയത്തക്കവണ്ണം അൽമായർക്ക് ബൈബിൾ അവരുടെ ഭാഷയിൽ നൽകാതെ അവരെ സത്യത്തിൽ ഉറപ്പിച്ചുനിർത്തുന്നത് എത്ര അസാധ്യമാണെന്ന് അനുഭവത്തിൽനിന്ന് എനിക്കു മനസ്സിലായി.”
ആ സമയത്ത് ഇംഗ്ലീഷിൽ ബൈബിൾ അച്ചടിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് 1523-ൽ, ഒരു പരിഭാഷാ പദ്ധതിക്ക് ബിഷപ്പ് ടൺസ്റ്റലിന്റെ പിന്തുണ അഭ്യർഥിക്കാനായി ടിൻഡെയ്ൽ ലണ്ടനിലേക്കു പോയി. തിരസ്കരിക്കപ്പെട്ട അദ്ദേഹം തന്റെ ലക്ഷ്യം പിന്തുടരാനായി ഇംഗ്ലണ്ട് വിട്ടു, അദ്ദേഹം ഒരിക്കലും മടങ്ങിവന്നതുമില്ല. ജർമനിയിലെ കൊളോണിലുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ അച്ചടിശാല റെയ്ഡ് ചെയ്യപ്പെട്ടു. തുന്നിക്കെട്ടാത്ത അമൂല്യമായ ചില പേജുകളുമായി ടിൻഡെയ്ൽ കഷ്ടിച്ചു രക്ഷപ്പെട്ടു. എന്നാൽ ജർമനിയിലെ വോംമ്സിൽവെച്ച് അദ്ദേഹം പരിഭാഷപ്പെടുത്തിയ ഇംഗ്ലീഷ് “പുതിയനിയമ”ത്തിന്റെ കുറഞ്ഞത് 3,000 പ്രതികളെങ്കിലും പൂർത്തിയായി. അവ ഇംഗ്ലണ്ടിലേക്ക് അയയ്ക്കുകയും 1526-ന്റെ ആരംഭത്തിൽ അവിടെ വിതരണംചെയ്യാൻ തുടങ്ങുകയും ചെയ്തു. ബിഷപ്പ് ടൺസ്റ്റൽ വാങ്ങിച്ച് ചുട്ടെരിച്ച ബൈബിളുകളിൽ ചിലത് ഇവയായിരുന്നു. അദ്ദേഹം താനറിയാതെ, ടിൻഡെയ്ലിനെ വേല തുടരാൻ സഹായിക്കുകയായിരുന്നു!
ഗവേഷണം കൂടുതൽ വ്യക്തമായ ഗ്രാഹ്യം കൈവരുത്തുന്നു
ടിൻഡെയ്ൽ വ്യക്തമായും തന്റെ വേല ആസ്വദിച്ചു. ബൈബിളിന്റെ കേംബ്രിഡ്ജ് ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകം അഭിപ്രായപ്പെടുന്നു: “തിരുവെഴുത്തുകൾ അദ്ദേഹത്തെ സന്തുഷ്ടനാക്കി. അദ്ദേഹത്തിന്റെ സന്തോഷം പകരുന്ന രചനാശൈലിയിൽ വേഗമേറിയതും ആഹ്ലാദകരവുമായ ചിലതുണ്ട്.” സാധ്യമാകുന്നത്ര കൃത്യവും ലളിതവുമായ ഭാഷയിൽ തിരുവെഴുത്തുകൾ സാധാരണക്കാർക്കു ലഭ്യമാക്കുകയായിരുന്നു ടിൻഡെയ്ലിന്റെ ലക്ഷ്യം. സഭയുടെ ഉപദേശത്താൽ നൂറ്റാണ്ടുകളായി മറയ്ക്കപ്പെട്ടിരുന്ന ബൈബിൾ പദങ്ങളുടെ അർഥം തന്റെ പഠനത്തിൽനിന്ന് അദ്ദേഹത്തിനു വ്യക്തമായി. വധഭീഷണിയാലോ തന്റെ പ്രബലനായ ശത്രുവായിരുന്ന സർ തോമസ് മോറിന്റെ വൈരാഗ്യപൂർണമായ എഴുത്തുകളാലോ ഭയപ്പെടാതെ ടിൻഡെയ്ൽ തന്റെ കണ്ടെത്തലുകളെ പരിഭാഷയിൽ ഉൾപ്പെടുത്തി.
ലത്തീനുപകരം ഇറാസ്മസ് പാഠത്തിലെ മൂല ഗ്രീക്കിൽനിന്ന് പരിഭാഷപ്പെടുത്തിക്കൊണ്ട് ടിൻഡെയ്ൽ, അഗാപേ എന്ന ഗ്രീക്കു പദത്തിന്റെ അർഥം കൂടുതൽ കൃത്യമായി പ്രകടിപ്പിക്കുന്നതിന് “ഔദാര്യം” എന്നതിനുപകരം “സ്നേഹം” എന്ന പദം തിരഞ്ഞെടുത്തു. “പള്ളി” എന്നതിന്റെ സ്ഥാനത്ത് “സഭ” എന്നും “പ്രായശ്ചിത്തം ചെയ്യുക” എന്നതിനുപകരം “അനുതപിക്കുക” എന്നും “പുരോഹിതന്മാർ” എന്നതിനുപകരം “മൂപ്പന്മാർ” എന്നും ഉപയോഗിച്ചു. (1 കൊരിന്ത്യർ 13:1-3; കൊലൊസ്സ്യർ 4:15, 16; ലൂക്കൊസ് 13:3, 5; 1 തിമൊഥെയൊസ് 5:17, ടിൻഡെയ്ൽ) ഈ മാറ്റങ്ങൾ സഭയുടെ അധികാരത്തെയും പുരോഹിതന്മാരോടുള്ള കുമ്പസാരം പോലുള്ള മതപരമായ പരമ്പരാഗത ആചാരങ്ങളെയും തകർക്കുന്നവയായിരുന്നു.
സമാനമായി, ശുദ്ധീകരണസ്ഥലവും മരണാനന്തരമുള്ള ബോധാവസ്ഥയും ബൈബിൾ വിരുദ്ധമാണെന്നു പറഞ്ഞ് തള്ളിക്കളഞ്ഞുകൊണ്ട് ടിൻഡെയ്ൽ “പുനരുത്ഥാനം” എന്ന പദം ഉപയോഗിച്ചു. മരിച്ചവരെ സംബന്ധിച്ച് അദ്ദേഹം മോറിന് എഴുതി: “അവരെ സ്വർഗത്തിലും നരകത്തിലും ശുദ്ധീകരണസ്ഥലത്തും ഇടുകവഴി ക്രിസ്തുവും പൗലൊസും പുനരുത്ഥാനം തെളിയിക്കാനുപയോഗിച്ച വാദമുഖങ്ങളെ [നിങ്ങൾ] നശിപ്പിക്കുന്നു.” ഇത്തരുണത്തിൽ ടിൻഡെയ്ൽ മത്തായി 22:30-32-ഉം 1 കൊരിന്ത്യർ 15:12-19-ഉം പരാമർശിച്ചു. മരിച്ചവർ ഭാവി പുനരുത്ഥാനംവരെ അബോധാവസ്ഥയിൽ തുടരുന്നുവെന്ന് അദ്ദേഹം ശരിയായിത്തന്നെ വിശ്വസിച്ചു. (സങ്കീർത്തനം 146:4; സഭാപ്രസംഗി 9:5; യോഹന്നാൻ 11:11, 24, 25) മറിയയോടും “വിശുദ്ധന്മാ”രോടുമുള്ള പ്രാർഥനാ ക്രമീകരണം മുഴുവനും അർഥശൂന്യമാണെന്ന് അത് അർഥമാക്കി. കാരണം, അവർക്ക് തങ്ങളുടെ അബോധാവസ്ഥയിൽ കേൾക്കാനോ മധ്യസ്ഥത വഹിക്കാനോ കഴിയില്ല.
ടിൻഡെയ്ൽ എബ്രായ തിരുവെഴുത്തുകൾ പരിഭാഷപ്പെടുത്തുന്നു
1530-ൽ, എബ്രായ തിരുവെഴുത്തുകളിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങളായ പഞ്ചഗ്രന്ഥങ്ങൾ ടിൻഡെയ്ൽ പ്രസിദ്ധീകരിച്ചു. അങ്ങനെ, എബ്രായയിൽനിന്ന് നേരിട്ട് ഇംഗ്ലീഷിലേക്ക് ബൈബിൾ പരിഭാഷപ്പെടുത്തിയ ആദ്യത്തെ വ്യക്തിയായിത്തീർന്നു അദ്ദേഹം. യഹോവ എന്ന പേര് ഉപയോഗിച്ച ആദ്യത്തെ ഇംഗ്ലീഷ് പരിഭാഷകനും ടിൻഡെയ്ൽ ആണ്. ലണ്ടൻ പണ്ഡിതനായ ഡേവിഡ് ഡാനിയൽ എഴുതുന്നു: “ദൈവത്തിന്റെ നാമം പുതുതായി വെളിച്ചത്തുവന്നത് തീർച്ചയായും ടിൻഡെയ്ലിന്റെ വായനക്കാരിൽ ശക്തമായ മതിപ്പുളവാക്കിയിരിക്കണം.”
വ്യക്തത നേടാനുള്ള ശ്രമത്തിൽ ടിൻഡെയ്ൽ, ഒരൊറ്റ എബ്രായ പദത്തെ പരിഭാഷപ്പെടുത്താൻ വ്യത്യസ്ത ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിച്ചു. എങ്കിലും അദ്ദേഹം എബ്രായ വ്യാകരണ ഘടന അടുത്തു പിൻപറ്റി. എബ്രായ ഭാഷയുടെ സംക്ഷിപ്ത സ്വഭാവം കാത്തുസൂക്ഷിക്കുന്നുവെന്നതാണ് അതിന്റെ ഫലം. അദ്ദേഹംതന്നെ പറഞ്ഞു: “എബ്രായ ഭാഷയുടെ സ്വഭാവവുമായി ഇംഗ്ലീഷിന് ലാറ്റിനെക്കാൾ ഒരായിരം മടങ്ങ് സാമ്യമുണ്ട്. രണ്ടിന്റെയും സംസാര രീതി ഏതാണ്ട് ഒന്നുതന്നെയാണ്; അതുകൊണ്ട് അസംഖ്യം സന്ദർഭങ്ങളിൽ ഇംഗ്ലീഷിലേക്ക് പദാനുപദ പരിഭാഷ നടത്തേണ്ട ആവശ്യമേയുള്ളൂ.”
അടിസ്ഥാനപരമായി അക്ഷരീയമായ ഈ സമീപനം ടിൻഡെയ്ലിന്റെ പരിഭാഷയെ എബ്രായ പ്രയോഗങ്ങൾക്കൊണ്ട് രുചിവരുത്തി. അവയിൽ ചിലത് പ്രഥമ വായനയിൽ തികച്ചും അപരിചിതമായി തോന്നിക്കാണും. എന്നാൽ, ബൈബിൾ കാലക്രമത്തിൽ വളരെ പരിചിതമായിത്തീർന്നതിന്റെ ഫലമായി ഈ പ്രയോഗങ്ങളിൽ അനേകവും ഇപ്പോൾ ഇംഗ്ലീഷ് ഭാഷയുടെ ഭാഗമാണ്. (1 ശമൂവേൽ 13:14-ലെപോലെ) ‘തന്റെ ഹൃദയത്തിനു ബോധിച്ച മനുഷ്യൻ,’ ‘പെസഹാ,’ ‘ബലിയാട്’ എന്നിവ ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നു. അതിലുപരി, ഇംഗ്ലീഷ് ബൈബിൾ വായിക്കുന്നവർ അങ്ങനെ എബ്രായ ആശയവുമായി പരിചയത്തിലായി, അതവർക്ക് നിശ്വസ്ത തിരുവെഴുത്തുകൾ സംബന്ധിച്ച് മെച്ചപ്പെട്ട ഉൾക്കാഴ്ച നൽകി.
ബൈബിളും ടിൻഡെയ്ലും നിരോധനത്തിൽ
ദൈവവചനം സ്വന്തം ഭാഷയിൽ വായിക്കാമെന്ന പ്രതീക്ഷ പുളകപ്രദമായിരുന്നു. തുണിക്കെട്ടുകളിലും മറ്റു സാധനങ്ങളിലും ഒളിപ്പിച്ച് ഇംഗ്ലണ്ടിലേക്കു രഹസ്യമായി കടത്തിക്കൊണ്ടുവന്ന ബൈബിളുകൾ മുഴുവനും വാങ്ങിച്ചുകൊണ്ട് ഇംഗ്ലീഷ് ജനത പ്രതികരിച്ചു. അതിനിടയിൽ, ബൈബിൾ ആത്യന്തിക പ്രമാണമായി പരിഗണിക്കപ്പെടാൻ ഇടയായാൽ തങ്ങളുടെ സ്ഥാനനഷ്ടം സുനിശ്ചിതമായിത്തീരുമെന്ന് പുരോഹിതവർഗം ചിന്തിച്ചു. അതുകൊണ്ട്, പരിഭാഷകനെയും അദ്ദേഹത്തിന്റെ പിന്തുണക്കാരെയും സംബന്ധിച്ചിടത്തോളം സാഹചര്യം എന്നത്തേതിലുമധികം ഒരു ജീവന്മരണ പ്രശ്നമായിത്തീർന്നു.
സഭയാലും രാഷ്ട്രത്താലും തുടർച്ചയായി വേട്ടയാടപ്പെട്ടിട്ടും ബെൽജിയത്തിലെ അൻറ്റ്വെർപ്പിൽ ഒളിവിലിരുന്നുകൊണ്ട് ടിൻഡെയ്ൽ ജോലി തുടർന്നു. എന്നിട്ടും, തന്റെ നേരംപോക്ക് എന്ന് അദ്ദേഹം വിളിച്ചിരുന്നതിനുവേണ്ടി, അതായത് മറ്റ് ഇംഗ്ലീഷ് അഭയാർഥികളെയും ദരിദ്രരെയും രോഗികളെയും ശുശ്രൂഷിക്കുന്നതിനുവേണ്ടി, അദ്ദേഹം ആഴ്ചയിൽ രണ്ടുദിവസം മാറ്റിവെച്ചു. തന്റെ പണത്തിന്റെ ഭൂരിഭാഗവും ഈ വിധത്തിൽ അദ്ദേഹം ചെലവഴിച്ചു. എബ്രായ തിരുവെഴുത്തിന്റെ രണ്ടാം പകുതി പരിഭാഷപ്പെടുത്താൻ കഴിയുന്നതിനുമുമ്പ് സുഹൃത്തായി ചമഞ്ഞ ഒരു ഇംഗ്ലീഷുകാരൻ പണത്തിനുവേണ്ടി ടിൻഡെയ്ലിനെ ഒറ്റിക്കൊടുത്തു. 1536-ൽ ബെൽജിയത്തിലെ വിൽവൂർഡെയിൽവെച്ച് വധശിക്ഷയ്ക്കു വിധേയനായ അദ്ദേഹത്തിന്റെ ഉത്കടമായ അന്ത്യവാക്കുകൾ, “കർത്താവേ! ഇംഗ്ലണ്ടിലെ രാജാവിന്റെ കണ്ണു തുറക്കേണമേ” എന്നായിരുന്നു.
1538-ഓടെ, ഇംഗ്ലണ്ടിലെ എല്ലാ പള്ളികളിലും ബൈബിളുകൾ വെക്കണമെന്നു സ്വന്തം പ്രേരണയാൽ ഹെൻട്രി എട്ടാമൻ രാജാവ് ഉത്തരവിട്ടു. തിരഞ്ഞെടുക്കപ്പെട്ട പരിഭാഷ ഉറപ്പായും ടിൻഡെയ്ലിന്റേതായിരുന്നു, അതിന്റെ അംഗീകാരം അദ്ദേഹത്തിനു ലഭിച്ചില്ലെങ്കിലും. അപ്രകാരം ടിൻഡെയ്ലിന്റെ പരിഭാഷ വളരെയേറെ പ്രസിദ്ധിയാർജിക്കുകയും പ്രിയങ്കരമാകുകയും ചെയ്തു, കാരണം, അത് ഇംഗ്ലീഷിൽ “പിന്നീടുണ്ടായ മിക്ക ഭാഷാന്തരങ്ങളുടെയും അടിസ്ഥാന സ്വഭാവം നിർണയിച്ചു.” (ബൈബിളിന്റെ കേംബ്രിഡ്ജ് ചരിത്രം) ടിൻഡെയ്ലിന്റെ പരിഭാഷയുടെ 90 ശതമാനത്തോളം 1611-ലെ ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിലേക്കു നേരിട്ടു പകർത്തപ്പെട്ടു.
ബൈബിളിന്റെ സ്വതന്ത്രമായ പ്രാപ്യത ഇംഗ്ലണ്ടിൽ വലിയ മാറ്റങ്ങൾക്കിടയാക്കി. പള്ളികളിൽ വെച്ചിരുന്ന ബൈബിളുകളെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ചിലയവസരങ്ങളിൽ പള്ളി ശുശ്രൂഷകളെ തടസ്സപ്പെടുത്തത്തക്കവിധം അത്ര ജീവസുറ്റതായിത്തീർന്നു. “ദൈവവചനം തങ്ങൾക്കു നേരിട്ടു പഠിക്കാൻ കഴിയേണ്ടതിന് പ്രായമായവർ വായിക്കാൻ പഠിച്ചു, ശ്രദ്ധിച്ചുകേൾക്കാനായി കുട്ടികൾ പ്രായമായവരോടൊപ്പം ചേർന്നു.” (ഇംഗ്ലീഷ് ബൈബിളിന്റെ ഒരു സംക്ഷിപ്ത ചരിത്രം [ഇംഗ്ലീഷ്]) മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ഭാഷകളിലും ബൈബിൾ വിതരണത്തിന്റെ കാര്യത്തിൽ നാടകീയമായൊരു വർധനവ് ഈ കാലഘട്ടത്തിലുണ്ടായി. എന്നാൽ ഇംഗ്ലണ്ടിലെ ബൈബിൾ പ്രസ്ഥാനം ലോകവ്യാപകമായി സ്വാധീനം ചെലുത്തുകയായിരുന്നു. അത് സംഭവിച്ചതെങ്ങനെ? കൂടുതലായ കണ്ടുപിടിത്തങ്ങളും ഗവേഷണവും നാമിന്ന് ഉപയോഗിക്കുന്ന ബൈബിളുകളെ ബാധിച്ചിരിക്കുന്നതെങ്ങനെ? ഈ ലേഖന പരമ്പരയിലെ അടുത്ത ലേഖനത്തോടെ ഇതു സംബന്ധിച്ച വിവരണം ഞങ്ങൾ ഉപസംഹരിക്കും.
[26-ാം പേജിലെ ചിത്രം]
ടിൻഡെയ്ലിന്റെ 1526-ലെ “പുതിയ നിയമം”—അഗ്നിജ്വാലകളിൽനിന്നു രക്ഷപ്പെട്ട, അറിയപ്പെടുന്ന ഏക സമ്പൂർണ പ്രതി
[കടപ്പാട]
© The British Library Board
[26,27 പേജിലെ ചാർട്ട/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ബൈബിൾ കൈമാറിവന്ന മുഖ്യ തീയതികൾ
പൊതുയുഗം
വെക്ലിഫ് ബൈബിൾ ആരംഭിച്ചു (1384-ന് മുമ്പ്)
1400
1415-ൽ ഹസ് വധിക്കപ്പെടുന്നു
ഗുട്ടെൻബർഗ്—അച്ചടിച്ച ആദ്യത്തെ ബൈബിൾ, ഏതാണ്ട് 1455-ൽ
1500
ആദ്യകാലത്ത് അച്ചടിച്ച പ്രാദേശിക ഭാഷകൾ
ഇറാസ്മസിന്റെ 1516-ലെ ഗ്രീക്ക് പാഠം
ടിൻഡെയ്ലിന്റെ 1526-ലെ “പുതിയ നിയമം”
ടിൻഡെയ്ൽ 1536-ൽ വധിക്കപ്പെടുന്നു
1538-ൽ ബൈബിളുകൾ പള്ളികളിൽ വെക്കാൻ ഹെൻട്രി എട്ടാമൻ ഉത്തരവിടുന്നു
1600
1611-ലെ ജയിംസ് രാജാവിന്റെ ഭാഷാന്തരം
[ചിത്രങ്ങൾ]
വൈക്ലിഫ്
ഹസ്
ടിൻഡെയ്ൽ
ഹെൻട്രി എട്ടാമൻ