യുവജനങ്ങൾ ചോദിക്കുന്നു . . .
ആരായിരിക്കണം എന്റെ മാതൃകാപാത്രം?
“ഒരു ബാസ്കറ്റ്ബോൾ കളിക്കാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ കഴിവ് അപാരംതന്നെ ആയിരുന്നു. എന്റെ സ്നേഹിതർക്കെല്ലാം അദ്ദേഹം പ്രിയങ്കരനായിരുന്നു. അദ്ദേഹമായിരുന്നു എന്റെ മാതൃകാപാത്രം. അദ്ദേഹത്തെപ്പോലെ ആയിരിക്കാൻ, അദ്ദേഹത്തിനുള്ളത് എനിക്കും ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിച്ചു.”—പിങ് എന്ന ഒരു ഏഷ്യൻ യുവാവ്.
ആദരിക്കപ്പെടുന്ന, അനുകരിക്കപ്പെടുന്ന ആളുകളെ മിക്കപ്പോഴും മാതൃകാപാത്രങ്ങൾ എന്നു വിളിക്കാറുണ്ട്. ഗ്രന്ഥകാരിയായ ലിൻഡ നീൽസെൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “തങ്ങളുടേതിനോടു സമാനമായ ചിന്താഗതി ഉള്ളവരും തങ്ങൾ അതിയായി ആഗ്രഹിക്കുന്ന ശ്രദ്ധയോ പ്രതിഫലങ്ങളോ നേടുന്നവരുമായ വ്യക്തികളെ യുവജനങ്ങൾ അനുകരിക്കുന്നു.” അതുകൊണ്ട് യുവജനങ്ങൾ, പ്രസിദ്ധരോ ആകർഷകത്വം ഉള്ളവരോ ആയ സമപ്രായക്കാർക്കു ശ്രേഷ്ഠത കൽപ്പിക്കാൻ ചായ്വു കാണിക്കുന്നു. മാതൃകാപാത്രങ്ങളെന്ന നിലയിൽ ചലച്ചിത്രതാരങ്ങൾ, സംഗീതജ്ഞർ, കായികതാരങ്ങൾ എന്നിവരിലേക്ക് അനേകം യുവജനങ്ങളും ആകർഷിക്കപ്പെടുന്നു.
തീർച്ചയായും, പ്രസിദ്ധരായ പലരുടെയും കീർത്തി മിക്കപ്പോഴും കെട്ടിച്ചമച്ചതു തന്നെയാണ്. അയാളുടെ കുറവുകൾ മൂടിവെക്കാനും പ്രശംസ പിടിച്ചുപറ്റാനും സർവോപരി വിപണനം ചെയ്യാനും ഉദ്ദേശിച്ച് ശ്രദ്ധാപൂർവം മെനഞ്ഞെടുത്തവ! മുമ്പ് ഉദ്ധരിച്ച പിങ് ഇങ്ങനെ സമ്മതിക്കുന്നു: “ബാസ്ക്കറ്റ്ബോൾ ഹീറോ ആയി ഞാൻ വീക്ഷിച്ച വ്യക്തിയുടെ എല്ലാ വീഡിയോകളും ഞാൻ വാങ്ങി. അദ്ദേഹം ഉപയോഗിക്കുന്ന തരം വസ്ത്രങ്ങളും ഷൂസുകളും ധരിച്ചു.” ചില യുവജനങ്ങൾ ടിവി, സ്പോർട്സ് താരങ്ങളെപ്പോലെ വസ്ത്രധാരണവും കേശാലങ്കാരവും നടത്തുന്നു. അവർ സംസാരിക്കുന്നതും നടക്കുന്നതുമൊക്കെ ആ താരങ്ങളെപ്പോലെയാണ്.
മാതൃകാപാത്രങ്ങൾ—നല്ലതും ചീത്തയും
‘ഒരാളെ ശ്രേഷ്ഠനായി കരുതുന്നതിൽ എന്താണു കുഴപ്പം?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. നിങ്ങൾ ആരെ ശ്രേഷ്ഠനായി കരുതുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു അത്. ബൈബിൾ ഇങ്ങനെ പറയുന്നു: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” (സദൃശവാക്യങ്ങൾ 13:20) മനുഷ്യരുടെ അനുഗാമികളായിരിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നില്ല. (മത്തായി 23:10) എന്നാൽ “വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായി”ത്തീരാൻ അതു നമ്മോടു പറയുന്നു. (എബ്രായർ 6:12) ആ വാക്കുകളെഴുതിയ അപ്പോസ്തലനായ പൗലൊസ് ആദിമ ക്രിസ്ത്യാനികൾക്കു നല്ലൊരു മാതൃക വെച്ചു. അതുകൊണ്ട് “ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ” എന്ന് അവനു പറയാൻ കഴിഞ്ഞു.—1 കൊരിന്ത്യർ 11:1.
തിമൊഥെയൊസ് എന്ന യുവാവ് അതാണു ചെയ്തത്. ഒന്നിച്ചുള്ള മിഷനറി യാത്രകളിൽ അവൻ പൗലൊസുമായി അടുത്ത സൗഹൃദം വളർത്തിയെടുത്തു. (പ്രവൃത്തികൾ 16:1-4) ‘കർത്താവിൽ വിശ്വസ്തനായ തന്റെ പ്രിയ മകൻ’ എന്ന നിലയിലാണ് പൗലൊസ് അവനെ വീക്ഷിച്ചത്. (1 കൊരിന്ത്യർ 4:17) പൗലൊസിന്റെ സഹായത്താൽ തിമൊഥെയൊസ് ഒരു മികച്ച ക്രിസ്തീയ പുരുഷൻ ആയിത്തീർന്നു.—ഫിലിപ്പിയർ 2:19-23.
നിങ്ങൾ മോശമായ ഒരു മാതൃകാപാത്രത്തെയാണു തിരഞ്ഞെടുക്കുന്നതെങ്കിൽ എന്തു സംഭവിച്ചേക്കാം? റിച്ചാർഡ് എന്നു പേരുള്ള ഒരു യുവാവ് ഇങ്ങനെ വിവരിക്കുന്നു: “എനിക്ക് 15 വയസ്സുണ്ടായിരുന്നപ്പോൾ മാരിയോ എന്ന ഒരു സഹപാഠി എന്റെ ഉത്തമ സുഹൃത്തായിത്തീർന്നു. ക്രിസ്ത്യാനികളായ മാതാപിതാക്കൾ എന്നെ ആത്മീയമായി സഹായിക്കാൻ ശ്രമിച്ചു. എന്നാൽ മാരിയോയ്ക്ക് രസകരമായ പലതുമുണ്ടായിരുന്നു—ഡിസ്കോ, പാർട്ടികൾ, മോട്ടോർബൈക്കുകൾ, അങ്ങനെ എല്ലാം. ആഗ്രഹിക്കുന്നത് എന്തും എപ്പോൾ വേണമെങ്കിലും അവനു ചെയ്യാൻ കഴിഞ്ഞിരുന്നു. എനിക്കാകട്ടെ അതൊന്നും സാധ്യമായിരുന്നില്ല. അങ്ങനെ 16 വയസ്സായപ്പോൾ, ഒരു ക്രിസ്ത്യാനിയായിരിക്കുന്നത് എനിക്ക് ഇഷ്ടമില്ലെന്നു ഞാൻ മാതാപിതാക്കളോടു പറഞ്ഞു. അങ്ങനെ ഞാൻ ക്രിസ്തീയ പ്രവർത്തനങ്ങൾ നിർത്തി.”
പ്രശസ്തരെയും സ്പോർട്സ് താരങ്ങളെയും മാതൃകാപാത്രങ്ങളായി വീക്ഷിക്കുന്നതിൽ സമാനമായ അപകടങ്ങളുണ്ടോ? തീർച്ചയായും. ഒരു കായികതാരത്തിന്റെയോ നടന്റെയോ സംഗീതജ്ഞന്റെയോ കഴിവിനെ വിലമതിക്കുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ സ്വയം ചോദിക്കുക, ‘വ്യക്തിഗത ജീവിതത്തിൽ അവർ എങ്ങനെയുള്ള മാതൃകയാണു വെക്കുന്നത്?’ സ്പോർട്സ് രംഗത്തെ പല ഹീറോകളും സംഗീതജ്ഞരും മറ്റു താരങ്ങളും ലൈംഗിക അധാർമികതയിലും മയക്കുമരുന്നുകളിലും ലഹരിപാനീയങ്ങളിലും അമിതമായി മുഴുകുന്നവരല്ലേ? പണവും പെരുമയുമൊക്കെ ഉണ്ടെങ്കിലും, അവരുടെ ജീവിതം അസന്തുഷ്ടവും അസംതൃപ്തികരവുമാണ് എന്നതു സത്യമല്ലേ? കാര്യങ്ങളെ ഈ വിധത്തിൽ വീക്ഷിക്കുമ്പോൾ, അത്തരക്കാരെ അനുകരിക്കുന്നതിൽനിന്ന് എന്തു പ്രയോജനമാണു ലഭിക്കുക?
പ്രശസ്തനായ ഒരു വ്യക്തിയുടെ കേശാലങ്കാര രീതിയോ വസ്ത്രധാരണമോ സംസാരമോ അനുകരിക്കുന്നതുകൊണ്ട് അത്ര പ്രശ്നമൊന്നും ഇല്ല എന്നു തോന്നിയേക്കാം. എന്നാൽ “ലോകം നിങ്ങളെ അതിന്റെ മൂശയിലേക്കു ഞെരിച്ചമർത്താൻ” അനുവദിക്കുന്നതിലെ ആദ്യ പടിയായിരിക്കാം അത്. (റോമർ 12:2, ഫിലിപ്സ്) ആദ്യമൊക്കെ ആ മൂശ സുഖപ്രദമെന്നു തോന്നിയേക്കാം. എന്നാൽ അതിന്റെ സ്വാധീനത്തിനു തീർത്തും വശംവദനായിക്കഴിഞ്ഞാൽ, ദൈവത്തിൽനിന്നു നിങ്ങളെ അകറ്റിയേക്കാവുന്ന വഴികളിൽ അതു തീർച്ചയായും നിങ്ങളെ കൊണ്ടെത്തിച്ചേക്കാം. “ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു” എന്ന് യാക്കോബ് 4:4-ൽ ബൈബിൾ പറയുന്നു.
നല്ലൊരു മാതൃകാപാത്രത്തിനു നിങ്ങളെ സഹായിക്കാനാകുന്ന വിധം
എന്നിരുന്നാലും, നല്ല മാതൃക വെക്കുന്ന ഒരാളെ അനുകരിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ നല്ല ഫലമുണ്ടായേക്കാം! “വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും . . . മാതൃകയാ”യിരിക്കുന്ന വ്യക്തികളെ സഹക്രിസ്ത്യാനികൾക്കിടയിൽ കണ്ടെത്താൻ കഴിയും. (1 തിമൊഥെയൊസ് 4:12) ക്രിസ്തീയ സഭയ്ക്കുള്ളിൽപ്പോലും സഹകാരികളെ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട് എന്നതു ശരിതന്നെ. (2 തിമൊഥെയൊസ് 2:20, 21) എന്നാൽ സഭയിൽ ആരാണു വാസ്തവത്തിൽ “സത്യത്തിൽ നടക്കുന്ന”തെന്നു കണ്ടെത്തുക സാധാരണഗതിയിൽ ബുദ്ധിമുട്ടുള്ള സംഗതിയല്ല. (2 യോഹന്നാൻ 4) “അവരുടെ ജീവാവസാനം [“നടത്ത,” NW] ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ” എന്ന തത്ത്വം എബ്രായർ 13:7-ൽ പ്രസ്താവിച്ചിരിക്കുന്നു. നിങ്ങളുടെ മിക്ക സമപ്രായക്കാരുടെയും നടത്ത എങ്ങനെയുള്ളത് ആയിത്തീരുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു. എന്നാൽ വിശ്വസ്തത തെളിയിച്ചിരിക്കുന്ന പ്രായമുള്ളവർ സഭയിലുണ്ട്. അവരുമായി ചങ്ങാത്തം കൂടുന്നതു ജ്ഞാനമാണ്.
‘പ്രായമുള്ളവരുമായി ചങ്ങാത്തം കൂടുകയോ?’ എന്ന് നിങ്ങൾ ചോദിച്ചേക്കാം. ആദ്യമൊക്കെ ഇത് അത്ര ആകർഷകമായി തോന്നാതിരുന്നേക്കാം എന്നതു സത്യംതന്നെ. എന്നാൽ തന്നെക്കാൾ ഏറെ പ്രായമുണ്ടായിരുന്ന പൗലൊസ് അപ്പോസ്തലനുമായി തിമൊഥെയൊസിന് ഉണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് ഓർക്കുക. തിമൊഥെയൊസിന്റെ പ്രാപ്തികളെ മനസ്സിലാക്കിയ പൗലൊസ് അവനിലുള്ള “ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണ”മെന്നു പ്രോത്സാഹിപ്പിച്ചു. (2 തിമൊഥെയൊസ് 1:6) നിങ്ങളിലെ ദൈവദത്ത കഴിവുകളെ വളർത്തിയെടുക്കാൻ ഉത്തേജനമേകിക്കൊണ്ടു നിങ്ങളെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും ഒരാൾ ഉണ്ടായിരിക്കുന്നതു പ്രയോജനപ്രദം ആയിരിക്കില്ലേ?
അതു ശരിയാണെന്ന് ബ്രയൻ എന്ന യുവാവ് കണ്ടെത്തി. അപകർഷതാബോധവുമായി മല്ലടിച്ചുകൊണ്ടിരിക്കുമ്പോഴാണ് സഭയിൽ തന്നെക്കാൾ പ്രായക്കൂടുതലുള്ള അവിവാഹിതനായ ഒരു ശുശ്രൂഷാദാസനുമായി അവൻ പരിചയത്തിലായത്. ബ്രയൻ പറയുന്നു: “അദ്ദേഹത്തിന് ഞാനുൾപ്പെടെ മറ്റുള്ളവരോടുള്ള സ്നേഹമസൃണമായ താത്പര്യത്തെയും ശുശ്രൂഷയിലുള്ള തീക്ഷ്ണതയെയും അദ്ദേഹം നടത്തുന്ന നല്ല പ്രസംഗങ്ങളെയും ഞാൻ അത്യന്തം വിലമതിക്കുന്നു.” ഈ മുതിർന്ന ക്രിസ്ത്യാനിയിൽനിന്നു ലഭിക്കുന്ന വ്യക്തിപരമായ ശ്രദ്ധയിൽനിന്നു ബ്രയൻ ഇപ്പോൾത്തന്നെ പ്രയോജനം നേടുന്നു. അവൻ ഇങ്ങനെ തുറന്നു സമ്മതിക്കുന്നു: “ഞാൻ മുമ്പ് ആയിരുന്ന അവസ്ഥയ്ക്കു—ലജ്ജാവഹവും ഊഷ്മളരഹിതവുമായ വ്യക്തിത്വത്തിന്—മാറ്റം വരുത്താൻ അതെന്നെ സഹായിച്ചിരിക്കുന്നു.”
മാതൃകാപാത്രങ്ങളെന്ന നിലയിൽ മാതാപിതാക്കൾ
“തൃപ്തികരമായ വ്യക്തിത്വം കൈവരിക്കുന്നതിൽ ഒരു സാധാരണ കൗമാരപ്രായക്കാരനെ സഹായിക്കാനോ തടയാനോ കഴിയുന്ന ഏറ്റവും പ്രമുഖ ബാഹ്യ സ്വാധീന”മാണ് മാതാപിതാക്കൾ എന്ന് കൗമാരം—സമ്മർദം അനുഭവിക്കുന്ന തലമുറ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. വ്യക്തമായ ലക്ഷ്യബോധവും വ്യക്തിത്വ അവബോധവും ഇല്ലാതാകുമ്പോൾ യുവജനങ്ങൾ “തിരയ്ക്കനുസരിച്ച് ഗതി മാറിക്കൊണ്ടിരിക്കുന്ന, ചുക്കാനില്ലാത്ത കപ്പൽപോലെ ആയിത്തീരു”മെന്ന് ആ പുസ്തകം കൂട്ടിച്ചേർക്കുന്നു.
1,900-ത്തിലധികം വർഷം മുമ്പ് ശിഷ്യനായ യാക്കോബ് എഴുതിയ ആശയത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ തത്ത്വം. അത് യാക്കോബ് 1:6-ൽ രേഖപ്പെടുത്തിയിരിക്കുന്നു: “അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം: സംശയിക്കുന്നവൻ കാറ്റടിച്ചു അലയുന്ന കടൽത്തിരെക്കു സമൻ.” ഇത്തരക്കാരായ ചില യുവജനങ്ങളെക്കുറിച്ച് ഒരുപക്ഷേ നിങ്ങൾക്ക് അറിയാമായിരിക്കാം. അവർ നാളെയെക്കുറിച്ച് ചിന്തിക്കാതെ ഇന്നത്തെ ഭ്രമങ്ങൾക്കു വേണ്ടി ജീവിക്കുന്നതായി കാണുന്നു.
സഭയിൽ നല്ല മാതൃക വെക്കുന്ന ദൈവഭക്തരായ മാതാപിതാക്കളാൽ അനുഗൃഹീതനാണോ നിങ്ങൾ? അങ്ങനെയെങ്കിൽ, നിങ്ങൾ അവരുടെ സ്വാധീനത്തിനു കീഴ്പെടുന്നുവോ? അതോ സദാ അവരോടു മറുത്തുനിൽക്കുകയാണോ? നിങ്ങളുടെ മാതാപിതാക്കൾ പൂർണരല്ല എന്നതു സത്യംതന്നെ. എന്നാൽ അവരുടെ നല്ല ഗുണങ്ങൾ നിങ്ങൾ മനപ്പൂർവം അവഗണിക്കരുത്—ആ ഗുണങ്ങൾ അനുകരിക്കുന്നതു നന്നായിരിക്കും. ജാരൊദ് എന്ന ഒരു യുവ ക്രിസ്ത്യാനി ഇങ്ങനെ എഴുതുന്നു: “എന്റെ മാതാപിതാക്കളെ ഞാൻ അങ്ങേയറ്റം വിലമതിക്കുന്നു. . . . ശുശ്രൂഷയിൽ അവർ കാട്ടുന്ന സ്ഥിരോത്സാഹം, സാമ്പത്തിക ബുദ്ധിമുട്ടുകൾ അഭിമുഖീകരിച്ച വിധം, മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെടാൻ അവർ എനിക്കു നൽകിയ പ്രോത്സാഹനം, ഇവയ്ക്കെല്ലാം എന്റെമേൽ നല്ല ഫലം ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം മാതാപിതാക്കളാണ് എന്നും എന്റെ മാതൃകാപാത്രങ്ങൾ.”
ഉത്തമ മാതൃകാപാത്രം
അഭിപ്രായ വോട്ടെടുപ്പു നടത്തുന്ന ഒരു സംഘടന, ചരിത്രത്തിലേക്കും ഏറ്റവും മഹാനായ വ്യക്തി ആരെന്നാണു തങ്ങൾ കരുതുന്നത് എന്ന് ഐക്യനാടുകളിലെ ചില യുവജനങ്ങളോടു ചോദിച്ചപ്പോൾ മിക്കവരും അമേരിക്കയിലെ രാഷ്ട്രീയ പ്രമുഖരുടെ പേരുകളാണ് പറഞ്ഞത്. യേശുക്രിസ്തുവെന്ന് പറഞ്ഞത് 6 ശതമാനം മാത്രം. എന്നിരുന്നാലും, “[നാം ക്രിസ്തുവിന്റെ] കാൽച്ചുവടു പിന്തുടരുവാൻ ഒരു [പൂർണതയുള്ള] മാതൃക” അവൻ വെച്ചിരിക്കുന്നുവെന്നു ബൈബിൾ നമ്മോടു പറയുന്നു. (1 പത്രൊസ് 2:21; എബ്രായർ 12:3) തന്നിൽനിന്നു പഠിക്കാൻ അവൻ ശിഷ്യന്മാരെ പ്രോത്സാഹിപ്പിക്കുന്നു. (മത്തായി 11:28, 29) എന്നാൽ യേശുവിൽനിന്നു നിങ്ങൾക്കെങ്ങനെ പഠിക്കാൻ സാധിക്കും?
യേശുവിന്റെ ജീവിതവുമായി അടുത്തു പരിചിതരാകുക. മുഴു സുവിശേഷ വിവരണങ്ങളും അതുപോലെതന്നെ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻa എന്ന പുസ്തകവും വായിച്ചുതീർക്കാൻ ശ്രമിക്കുക. യേശു പഠിപ്പിച്ച വിധവും ആളുകളോട് അനുകമ്പാപൂർവം ഇടപെട്ട വിധവും സമ്മർദത്തിൻ കീഴിൽ അവൻ പ്രകടമാക്കിയ ധൈര്യവും മനസ്സിലാക്കുക. നിങ്ങൾക്ക് പിൻപറ്റാൻ കഴിയുന്ന അത്യുത്തമ മാതൃകാപാത്രം യേശുവാണെന്നു നിങ്ങൾ കണ്ടെത്തും.
ആ പൂർണ മാതൃകാപാത്രത്തെ നിങ്ങൾ എത്രയധികം അടുത്തറിയുന്നുവോ അതനുസരിച്ച് ചീത്തപ്രകൃതക്കാരായ സമപ്രായക്കാരിലേക്കും പ്രസിദ്ധരിലേക്കും ആകർഷിക്കപ്പെടാനുള്ള സാധ്യതയും കുറവായിരിക്കും. പിങ്ങിനെയും അവന് ഒരു സ്പോർട്സ് താരത്തോടു തോന്നിയ മതിപ്പിനെയും കുറിച്ച് നിങ്ങൾ ഓർക്കുന്നുണ്ടോ? ഇടയ്ക്കിടയ്ക്കു ബാസ്ക്കറ്റ്ബോൾ കളിക്കുന്നത് ഇപ്പോഴും പിങ്ങിന് ഇഷ്ടമാണ്. എന്നാൽ പ്രസിദ്ധരെ അനുകരിക്കുന്നതു മടയത്തരമാണെന്ന് അവൻ മനസ്സിലാക്കിയിരിക്കുന്നു.
റിച്ചാർഡിന്റെ കാര്യമോ? താൻ തിരഞ്ഞെടുത്ത മാതൃകാപാത്രം ഹേതുവായി അവൻ ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കുകയുണ്ടായി. എന്നിരുന്നാലും, ഒരു യഹോവയുടെ സാക്ഷിയായ സൈമൺ എന്ന യുവാവിനെ റിച്ചാർഡ് തന്റെ 20-കളിൽ പരിചയപ്പെട്ടു. റിച്ചാർഡ് പറയുന്നു: “സൈമൺ എന്നെ സ്നേഹിതനാക്കി. ബൈബിൾ തത്ത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ ജീവിതം ആസ്വദിക്കാൻ ആകുമെന്നു മനസ്സിലാക്കാൻ അവൻ എന്നെ സഹായിച്ചു. പെട്ടെന്നുതന്നെ എന്റെ ഉള്ളിൽ സൈമണോട് ആദരവു വളർന്നുവന്നു. സഭയിലേക്കു തിരിച്ചുവരാനും എന്റെ ജീവിതം യഹോവയ്ക്കു സമർപ്പിക്കാനും അവന്റെ മാതൃക നിർണായകമായ ഒരു പങ്കു വഹിച്ചു. ഇന്ന് ഞാൻ ഏറെ സന്തുഷ്ടനാണ്. എന്റെ ജീവിതത്തിന് യഥാർഥ അർഥം കൈവന്നിരിക്കുന്നു.”
അതേ, നിങ്ങൾ ആരെ മാതൃകാപാത്രം ആക്കുന്നു എന്നത് പ്രധാനമാണ്!
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.
[13-ാം പേജിലെ ചിത്രം]
സത്പേരുള്ള മുതിർന്നവരുമായി സഹവസിക്കുന്നത് നിങ്ങളെ സഹായിച്ചേക്കാം