അമരാൻഥ് ആസ്ടെക്കുകാരിൽനിന്നുള്ള ഭക്ഷണം
മെക്സിക്കോയിലെ ഉണരുക! ലേഖകൻ
ആലെഗ്രിയാ എന്നു പേരുള്ള—അതിന്റെ സ്പാനിഷ് പേരിന്റെ അർഥം “ആനന്ദം” അല്ലെങ്കിൽ “ആഹ്ലാദം” എന്നാണ്—പോഷക സമ്പുഷ്ടമായ മിഠായി മെക്സിക്കോയിലെ ഭക്ഷ്യവിപണികളിലുള്ള വർണശബളമായ സ്റ്റാളുകളിൽ സുലഭമാണ്. കടുംചുവപ്പു പൂക്കളോടു കൂടിയ ഒരു ഉഷ്ണമേഖലാ സസ്യമായ അമരാൻഥിന്റെ വിത്തുകളിൽ നിന്നാണ് അത് ഉണ്ടാക്കുന്നത്. ശുദ്ധിചെയ്യാത്ത തേൻ ഉപയോഗിച്ചാണ് ഈ മിഠായി ഉണ്ടാക്കുന്നത്. ചിലപ്പോൾ വാൾനട്ടുകൾ, പൈൻ കായുടെ പരിപ്പുകൾ, ഉണക്ക മുന്തിരിങ്ങ എന്നിവകൊണ്ട് അത് അലങ്കരിക്കുകയും ചെയ്യുന്നു. അമരാൻഥ് വിത്തുകൾ നുറുക്കി സിരീയൽ ഉണ്ടാക്കാവുന്നതാണ്. അതിന്റെ പൊടികൊണ്ട് റൊട്ടിയും കേക്കും ഉണ്ടാക്കാൻ കഴിയും.
ആസ്ടെക്കുകാർ അമരാൻഥ് പൊടികൊണ്ട് റ്റോർറ്റിയയും റ്റമാലിയും ഉണ്ടാക്കിയിരുന്നു. അമരാൻഥിന് അവരുടെ മത ചടങ്ങുകളിലും ഒരു പ്രമുഖ സ്ഥാനം ഉണ്ടായിരുന്നു. മെക്സിക്കോ നഗരത്തിലെ ദ ന്യൂസ് ഇങ്ങനെ പ്രസ്താവിച്ചു: “യുദ്ധ തടവുകാരായി പിടിക്കപ്പെട്ട് [കൊല ചെയ്യപ്പെട്ട] ശത്രുക്കളുടെ രക്തത്തിൽ അമരാൻഥ് റൊട്ടിയുടെ ഒരു കഷണം മുക്കി തിന്നുന്നത് ആസ്ടെക്കുകാരുടെ ചടങ്ങുകളിൽ ഒന്നായിരുന്നു.” അമരാൻഥ് പൊടി ചോളവും തേനും ചേർത്തു കുഴച്ച് അതുകൊണ്ട് ചെറിയ വിഗ്രഹങ്ങളെ അഥവാ ദൈവങ്ങളെ ഉണ്ടാക്കുന്നത് അവരുടെ മറ്റൊരു ആചാരമായിരുന്നു. പിന്നീട് ഈ വിഗ്രഹങ്ങളെ കത്തോലിക്കരുടെ കുർബാന കൂദാശയോടു സമാനമായ ഒരു ആചാരത്തിൽ തിന്നുകയും ചെയ്തിരുന്നു.
ഈ രണ്ട് ആചാരങ്ങളും സ്പാനിഷ് ജേതാവായ എർനാൻ കോർട്ടെസിനെ കുപിതനാക്കുകയും അമരാൻഥ് കൃഷിചെയ്യുന്നതും ഉപയോഗിക്കുന്നതും നിരോധിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഉത്തരവ് ലംഘിക്കാൻ മുതിരുന്ന ഏതൊരാളെയും ഒന്നുകിൽ കൊല്ലുകയോ അല്ലെങ്കിൽ അയാളുടെ കൈകൾ വെട്ടിക്കളയുകയോ ചെയ്തിരുന്നു. അങ്ങനെ, അന്ന് മെക്സിക്കോയിലെ ഏറ്റവും പ്രധാനപ്പെട്ട വിളകളിൽ ഒന്നായിരുന്ന അമരാൻഥ് മിക്കവാറും അപ്രത്യക്ഷമായി.
എങ്കിലും, അമരാൻഥ് വേരറ്റു പോയില്ല. അത് എങ്ങനെയോ മധ്യ അമേരിക്കയിൽനിന്ന് ഹിമാലയത്തിലേക്ക് കുടിയേറി. കഴിഞ്ഞ നൂറ്റാണ്ടുകൊണ്ട് അത് ഇന്ത്യ, ചൈന, നേപ്പാൾ, പാകിസ്ഥാൻ, ടിബറ്റ് എന്നിവിടങ്ങളിലെ ഗിരിവർഗക്കാരുടെ ഇടയിലെ ഒരു മുഖ്യ ആഹാരമായിത്തീർന്നിരിക്കുന്നു.
അമരാൻഥ് വിത്തിൽനിന്ന് മാംസ്യം വേർതിരിച്ചെടുത്ത് അമരാൻഥ് പാൽ ഉത്പാദിപ്പിക്കുന്നതിനുള്ള തപസ്യയിലാണ് മെക്സിക്കോയിലെ ഗവേഷകരിപ്പോൾ. ആ പാനീയത്തിന്റെ പോഷക മൂല്യം പശുവിൻ പാലിന്റേതിനു സമമായിരിക്കും. മുട്ട, പാൽ, മത്സ്യം, ഇറച്ചി ഇവയൊന്നും വാങ്ങാൻ കഴിയാത്തവർക്കായി ഇതിനെ ഉപയോഗപ്രദം ആക്കുകയാണ് അവരുടെ ലക്ഷ്യം.
അമരാൻഥിന് പ്രക്ഷുബ്ധമായ ഒരു ചരിത്രമാണ് ഉള്ളതെങ്കിലും ബഹുമുഖോപയോഗമുള്ള, പോഷക സമൃദ്ധമായ ഈ ഭക്ഷ്യവിഭവം ഇന്നും അനേകർ ആസ്വദിക്കുന്നു.