മൂകശിലകൾ സംസാരിക്കുന്നു
മെക്സിക്കോയിലെ “ഉണരുക!” ലേഖകനിൽ നിന്ന്
ആയിരത്തിതൊള്ളായിരത്തി എഴുപത്തെട്ട് ഫെബ്രുവരി 21-ന് സിറ്റി ഇലക്ട്രിക്ക് കമ്പനിയിലെ ചില തൊഴിലാളികൾ മെക്സിക്കോ നഗരത്തിന്റെ ദക്ഷിണ ഭാഗത്തൊരിടത്ത് ഒരു കിടങ്ങ് കുഴിച്ചപ്പോൾ അവർ ഒരു ശിലാശില്പം കണ്ടെത്തി. മെക്സിക്കോയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനമായ ഭൂഗർഭ കണ്ടുപിടുത്തം ആയിത്തീരാനിരുന്നതിലേക്കു നയിച്ച സംഭവം അതായിരുന്നു.
റ്റെനോക്ക്ടിറ്റ്ലൻ (Tenochtitlan) എന്ന ആസ്റ്റെക് നഗരത്തിലെ (Aztec) പ്രധാന ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന പ്രദേശത്താണ് ആ കൽശില്പം കണ്ടെത്തപ്പെട്ടത്. ഇന്ന് ആ ക്ഷേത്രത്തിന്റെ നാശാവശിഷ്ടങ്ങൾ കുഴിച്ചെടുക്കപ്പെട്ടിട്ടുണ്ട്. അതു സന്ദർശകരുടെ ദർശനത്തിനായി വച്ചിട്ടുണ്ട്. ഈ സന്ദർശകരിൽ പലർക്കും കേവല ജിജ്ഞാസയേ ഉള്ളു. പക്ഷെ മറ്റു പലരും ഈ നാശാവശിഷ്ടങ്ങൾക്ക് പുരാതന മെക്സിക്കൻ സാമ്രാജ്യത്തിന്റെ, സ്ഥാപകരായ ആസ്റ്റെക്കുകളെ കുറിച്ച് (Aztecs) നമ്മോടു പറയാനുള്ളതെന്തായിരിക്കും എന്നു കാണാൻ താല്പര്യം ഉള്ളവരാണ്. ഈ മൂകശിലകൾക്ക് ഒരു രസകരമായ കഥ പറയാനുണ്ട്.
മുഖ്യക്ഷേത്രം
ഭൂഖനന മേഖലയുടെ അടുത്തായിട്ടാണ് സൊക്കാലേ സബ്വേ സ്റ്റേഷൻ. ഇവിടെ മുഖ്യക്ഷേത്രം എങ്ങനെയിരുന്നിരിക്കും എന്ന് കരുതപ്പെടുന്നുവോ അതിന്റെ ഒരു ചെറിയ മാതൃക നിങ്ങൾക്ക് കാണാൻ കഴിയും. അത് മുകളിൽ പിരമിഡ് പോലെയുള്ള രണ്ടു കെട്ടിടങ്ങളോടുകൂടിയ സ്തൂപരൂപത്തിലുള്ള നിർമ്മിതിയായിരുന്നു. ആസ്റ്റക്ക് ആരാധനയുടെ മുഖ്യക്ഷേത്രം എന്നനിലയിൽ ടെനോക്ടിറ്റ്ലന്റെ കേന്ദ്ര മൈതാനത്ത് അവ മറ്റു ക്ഷേത്രങ്ങളാൽ വലയം ചെയ്യപ്പെട്ടുകിടക്കുന്നു. ആസ്റ്റെക്കുകൾ ആരാധിച്ചിരുന്ന യുദ്ധ ദേവനായ ഗൂയ്റ്റ്സിലോപോക്റ്റിലി മഴദേവനായ ത്ളെലോക്ക് എന്നീ മുഖ്യ ദേവൻമാരുടെ പ്രതിമകൾ ഇവിടെ ആരാധിക്കപ്പെടുന്നു.
സ്പെയിൻകാർ ഇവിടെ വന്നപ്പോൾ റ്റെക്നോക്റ്റലൻ നിറയെ തടാകങ്ങളുള്ള ഒരു താഴ്വരയിലെ ഒരു ദ്വീപായിരുന്നു. അതിന്റെ തെരുവീഥികൾക്കു സമാന്തരമായി കനാലുകൾ ഉണ്ടായിരുന്നു. അവയിലൂടെ ചാലുപാസ് എന്നു പേർവിളിക്കുന്ന കൊച്ചുബോട്ടുകളിൽ പലചരക്കു ഗതാഗതം നടക്കുന്നു. സാൽവഡോർ തൊസ്ക്കാനോ എന്നദേഹം കുവാറ്റെമോസ് എന്ന പുസ്തകത്തിൽ അതു നമുക്കുവേണ്ടി ഇങ്ങനെ വർണ്ണിക്കുന്നു: “മുഖ്യക്ഷേത്രത്തിന്റെ അങ്കണം ദ്വീപിന്റെ കേന്ദ്രഭാഗം കൈ അടക്കിയിരിക്കുന്നു, ‘അതിന്റെ മഹത്വവും അമ്പന്യതയും വർണ്ണിക്കാൻ മാനുഷ ഭാഷകളൊന്നും പര്യാപ്തമായില്ലാത്ത വിധം അതിന്റെ അതൃത്തിക്കുള്ളിൽ 500 ആളുകൾക്കു വേണ്ട ഗൃഹങ്ങൾ പണിയാൻ തക്ക വലിപ്പം അതിനുണ്ട് എന്ന് കോർട്ടീസ് കൂട്ടിച്ചേർക്കുന്നു. ആ അങ്കണത്തിൽ ആരാധനക്കുള്ള സ്തൂപങ്ങളും പന്തുകളിക്കാനുള്ള ഇടവും പുരോഹിതഗൃഹങ്ങളും തലയോട് പരപ്പുകളും കല്ലും സുഗന്ധവാഹിയായ ദേവദാരു മരംകൊണ്ട് കൊത്തിയുണ്ടാക്കിയ ക്ഷേത്രങ്ങളും ഉണ്ട്. ഇവക്കെല്ലാം പുറമേ ഹൂയിറ്റ്സിലോപാക്റ്റിലി എന്ന യുദ്ധ സൂര്യദേവനുവേണ്ടി പടുത്തുയർത്തിയ മുഖ്യക്ഷേത്ര സ്തൂപവും അവിടെയുണ്ട്. അത് 30 മീറ്റർ ഉയരമുള്ളതും—ഉത്തുംഗം വരെ 116 പടികൾ ഉള്ളതും—അതിന്റെ മുകളിൽ നിന്ന് ദ്വീപിന്റെ മൊത്തം ദൃശ്യം ലഭിക്കുന്നതുമായിരുന്നു.”
ഭൂഖനന മേഖലയുടെ സന്ദർശനം
ഈ വിവരങ്ങൾ മനസ്സിൽ വച്ചുകൊണ്ട് നമുക്ക് ഭൂഖനനം നടന്ന ഇടത്തേക്കു നയിക്കുന്ന കൈവരി വഴിയായി ചെന്ന് ആ മുഴു പ്രദേശത്തിന്റെയും ഒരാകമാന വീക്ഷണം നടത്താം. നിങ്ങൾ എന്താണവിടെ കാണുന്നത്? ആദ്യം കുറെ നാശാവശിഷ്ടങ്ങളുടെ കൂനകൾ മാത്രം! ആ പ്രദേശം അതാദ്യം കണ്ടെത്തപ്പെട്ട വിധത്തിൽ തന്നെ അവശേഷിപ്പിച്ചിരിക്കുന്നു. നിസ്സാരമായ ചില പുനഃസ്ഥിതീകരണങ്ങളേ നടത്തിയിട്ടുള്ളു. പക്ഷെ ഒരടുത്തവീക്ഷണം ചില രസകരമായ വസ്തുതകൾ വെളിച്ചത്തു കൊണ്ടുവരും.
ഉദാഹരണത്തിന് ഖനനമേഖലയുടെ ഏതാണ്ടു മദ്ധ്യഭാഗത്തായി ഹൂയിറ്റസിലോപോക്റ്റിലിയേയും ത്ളെലോക്കിനെയും ആരാധിച്ചിരുന്ന പ്രദേശങ്ങൾ നിങ്ങൾ കാണുന്നു. രസകരമാംവിധം, കോർട്ടിസ് വർണ്ണിച്ചിരുന്ന കെട്ടിടം ഇതിനേക്കാളെല്ലാം വലുതായിരുന്നു. ആസ്റ്റെക് സംസ്ക്കാരത്തെയും വിശേഷിച്ച് ഒരു രക്തദാഹിയായ മതം എന്നു കരുതപ്പെട്ട അവരുടെ മതത്തെയും തുടച്ചുനീക്കുന്നതിന് സ്പെയിൻകാർ ആഗ്രഹിച്ചു. അങ്ങനെ 1521-ൽ നഗരം കീഴടക്കിയശേഷം അവരുടെ ക്ഷേത്രം വെറും കല്ലും ചരലുമായി അവശേഷിക്കത്തക്കവിധത്തിൽ സ്പെയിൻകാർ അതിനെ ആസൂത്രിതമായി നശിപ്പിച്ചുകളഞ്ഞു. ആ സ്ഥലത്ത് അവർ അവരുടെ സ്വന്തകെട്ടിടങ്ങൾ പണിയുകയും ചെയ്തു.
തങ്ങൾ നശിപ്പിച്ചത് ഒരു കെട്ടിടനിർമ്മാണ പരമ്പരയിലെ അവസാനത്തെ കണ്ണിയെ മാത്രമായിരുന്നെന്ന് സ്പെയിൻകാർ പക്ഷെ മനസ്സിലാക്കിയിരുന്നില്ല. ആദ്യത്തെ കെട്ടിടം 7 തവണ വലുതാക്കി പണിതിരുന്നു. ഓരോ തവണയും മുൻപത്തെ കെട്ടിടത്തെ മൂടികളഞ്ഞുകൊണ്ടുതന്നെ. അതുകൊണ്ടു മുൻക്ഷേത്രങ്ങളുടെ ഭാഗങ്ങൾ സ്പെയിൻകാരുടെ നശീകരണത്തെ അതിജീവിച്ചു. നാം കാണുന്ന രണ്ട് ആരാധനാ ഇടങ്ങൾ രണ്ടാം പ്രാവശ്യം വലുതാക്കിയ കെട്ടിട ഭാഗങ്ങളാണ്.
ഒരു രക്തദാഹിയായ മതം
ഈ ആരാധനായിടങ്ങളിലായിരുന്നു നരബലി നടത്തപ്പെട്ടിരുന്നത്. ഈ നരബലികൾ ആസ്റ്റെക്മതത്തെ രക്തദാഹിയായ മതമായി മുദ്രകുത്തി. എങ്കിലും ആധുനിക കാല മതങ്ങളോടുള്ള താരതമ്യത്തിൽ ആ മതത്തെക്കുറിച്ച് ഡൊമിനിക് വീറ്ററ് നടത്തുന്ന നിരീക്ഷണം ശ്രദ്ധേയമാണ്: “ആസ്റ്റെക് മതം വ്യവസ്ഥാപിതരൂപത്തിലുള്ള നരബലികളുടെ ഭീകരത വഹിച്ചിരുന്നു. ആ സംസ്ക്കാരിക പ്രതിഭാസത്തിന് അനേക പ്രതിരോധകരുണ്ടായിരുന്നു, എങ്കിലും അത് വിശുദ്ധ ഇൻക്വിസിഷ്നെയും (വിശുദ്ധ മതപീഡനം) നാസിസത്തെയും കുറിച്ച് മറന്നുപോയ ശത്രുക്കളിൽ വിരോധം ഉളവാക്കിയിട്ടുണ്ട്.”
ഹൂയിറ്റ്സിലോപോക്റ്റിലിയുടെ പീഠത്തിന് മുമ്പാകെയുള്ള യാഗശിലയിലേക്ക് നോക്കുമ്പോഴുണ്ടാകുന്ന ഭയമരവിപ്പ് ആർക്കും തടുക്കാനാവില്ല. ഈ ശിലയുടെ പരന്ന പ്രതലത്തിലായിരുന്നു ഇരയെ മലർത്തിക്കിടത്തി അവന്റെ ഹൃദയം ചുഴ്ന്നെടുത്ത് ദൈവങ്ങൾക്ക് അർപ്പിച്ചിരുന്നത്.
കൊയോൽക്സൌകി എന്ന ദേവതയുടെ പ്രതിമയായ മറ്റൊരു കല്ല് ആസ്റ്റെക് ആരാധനയുടെ മറ്റൊരു വശം വെളിവാക്കുന്നു. കൊയോൽക്സൌകി ഹൂയിറ്റ്സിലോപോക്റ്റിലി കൊന്ന് തുണ്ടും തുണ്ടമാക്കിയ അവന്റെ സഹോദരിയാണ് എന്ന് പറയപ്പെടുന്നു. അതുകൊണ്ട് ആ പരന്ന ശില്പം, കഴുത്തിൽ നിന്ന് വേർപെടുത്തിയ തലയോടു കൂടിയ തുണ്ടമാക്കിയ രൂപത്തിൽ ആണ് അവളെ പ്രതിനിധീകരിക്കുന്നത്. ഒരു വെട്ടിമുറിക്കപ്പെട്ട ദേവതയെ ആരാധിക്കുന്നതിൽ ആസ്റ്റെക്കുകൾക്ക് യാതൊരു വികാരഭേദവും ഇല്ല.
താരതമ്യം—ആധുനികവും പുരാതനവും തമ്മിൽ
നരബലികൾ മിക്കപ്പോഴും വ്യാജാരാധനയുടെ ഭാഗമായിരുന്നുവെന്ന് ബൈബിൾ വായനക്കാർക്കറിയാം. കനാന്യരും ചിലപ്പോൾ അവിശ്വസ്ത യിസ്രായേല്യരും ഭൂതദേവൻമാർക്ക് തങ്ങളുടെ കുട്ടികളെ ബലിയർപ്പിച്ചിട്ടുണ്ട്. (2 രാജാക്കൻമാർ 23:10; യിരെമ്യാവ് 32:35) ആസ്റ്റെക്കുകളും ശിശുബലി ആചരിച്ചിട്ടുണ്ട്. എൻ റ്റൈംപ്ലോ മേയർ എന്ന തന്റെ പുസ്തകത്തിൽ ഇതിനെക്കുറിച്ച് നാം ഇങ്ങനെ വായിക്കുന്നു: “മഴദേവന്റെ പ്രതിരൂപങ്ങളോടൊപ്പം ബലിചെയ്യപ്പെട്ട ശിശുക്കളുടെ അവശിഷ്ടങ്ങളും ഈ [കുഴികളിൽ] കണ്ടെത്തിയിട്ടുണ്ട്. ഇത് ക്ഷാമം നിമിത്തമുള്ള ഒരു പ്രത്യേക യാഗമായിരിക്കുമോ?”
അതേ പുസ്തകത്തിന്റെ 219-ാം പുറം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “മൊനാർക്വിയാ ഇൻഡ്യാനാ (ഇൻഡ്യൻ രാജാധിപത്യം) എന്ന തന്റെ പുസ്തകത്തിൽ ജുവാൻ ഡി റ്റ്വെർക്ക്വമാഡാ ഇതിനെക്കുറിച്ച് ചില കാര്യങ്ങൾ നമ്മോട് പറയുന്നു: ‘“പുഷ്പങ്ങളും തൂവലുകളും കൊണ്ട് സമൃദ്ധമായി അലങ്കരിച്ച മഞ്ചങ്ങളിൽ ആർഭാടമായി വസ്ത്രം ധരിപ്പിച്ച് കുട്ടികളെ പുരോഹിതരുടെയും ശുശ്രൂഷകരുടെയും ചുമലിൽ വച്ച് യാഗസ്ഥലത്തേക്ക് കൊണ്ട് പോകുമായിരുന്നു. മറ്റുള്ളവർ വാദ്യോപകരണങ്ങൾ വായിച്ച് പാടി നൃത്തം വച്ചുകൊണ്ട് മുമ്പേ പോകുമായിരുന്നു. അവരെ ബലിചെയ്ത് ഭൂതങ്ങൾക്ക് അർപ്പിക്കുന്ന ഇടത്തേക്ക് അവർ കൊണ്ടുപോകപ്പെടുന്ന രീതി ഇതായിരുന്നു.“‘
ആസ്റ്റെക്ക് മതവും പ്രാചീന ലോകത്തിലെ മതങ്ങളും തമ്മിലുള്ള കൂടുതലായ ചേർച്ചകളെപ്പറ്റി സൂചിപ്പിക്കവെ, ത്ലലാക് ദേവൻ ഫലഭൂയിഷ്ഠതയുടെയും ദൈവം ആണ് എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ബലിപീഠങ്ങളിൽ മുഖ്യമായ ഒന്ന് അവനായി നീക്കിവെയ്ക്കപ്പെട്ടിരിക്കുന്നു. കൂടാതെ രണ്ട് സർപ്പങ്ങളെയും ക്ഷേത്രത്തിൽ കുടിയിരുത്തിയിട്ടുണ്ട്. സമാനമായി പുരാതന ലോകത്തിലെ പുറജാതി മതങ്ങളിൽ മിക്കവയ്ക്കും ഫലപുഷ്ഠിയുടെ ഒരു ദേവനുണ്ടായിരുന്നു, കൂടാതെ, സർപ്പം വ്യാപകമായ ഒരു മതപ്രതീകമായിരുന്നു. ഹുയിറ്റ്സിലോപോക്റ്റിലി കോറ്റ്ലിക്യ എന്ന ദേവതയുടെ മകനാണ് എന്ന് കരുതപ്പെടുന്നു, ഇവളെയാണ് “എല്ലാ ദേവൻമാരുടെയും മാതാവ്” എന്ന് പിന്നീട് പേർവിളിച്ചിരിക്കുന്നത് എന്നറിയുന്നതും രസാവഹമാണ്.
ആസ്റ്റെക്കുകൾ പുത്തൻ മതങ്ങളോടുള്ള അനുരജ്ഞനത്തിൽ
മെക്സിക്കോയിൽ നിന്ന് ആസ്റ്റെക് മതം പിഴുതെറിയാൻ സ്പെയിൻകാർ ആവുന്നത്ര പരിശ്രമിച്ചു. ചിലപ്പോൾ അക്രമാസക്തമായിപോലും. പല കേസുകളിലും ആസ്റ്റെക് ക്ഷേത്രങ്ങളുടെ കല്ലുകൾ ഇളക്കിയെടുത്തുകൊണ്ട് ആ പഴയക്ഷേത്രങ്ങളുടെ മേൽ അവർ തങ്ങളുടെ പള്ളികൾ പണിയുമായിരുന്നു. ആസ്റ്റെക് ബിംബങ്ങൾപോലും നിർമ്മാണത്തിന് ഉപയോഗിക്കുമായിരുന്നു.
പക്ഷെ പുതിയ മതങ്ങളോട് പൊരുത്തപ്പെടാൻ ആസ്റ്റെക്കുകൾക്ക് വലിയ പ്രയാസമില്ലായിരുന്നു. അവർ തങ്ങളുടെ കൽപ്രതിമകൾക്ക് പകരം തടിയും കളിമണ്ണും ഉപയോഗപ്പെടുത്തുന്നു. ഈ പുതിയ ബിംബങ്ങൾ കുറെക്കൂടെ മനുഷ്യരൂപമുള്ളതാണ്, പക്ഷെ അവയും വെറും പ്രതിമകൾ തന്നെ. കൂടാതെ പഴയ പല മത ആശയങ്ങളും മെക്സിക്കൻ സംസ്ക്കാരത്തിന്റെ ഭാഗമായി നിലനിന്നിരിക്കുന്നു. ദൃഷ്ടാന്തത്തിന്, വർഷാനുവർഷം നവംബർ ആദ്യവാരത്തിലായി മരിച്ചവരുടെ ആരാധന നടത്തപ്പെടുന്നു. മെക്സിക്കോയുടെ പുരാതന നിവാസികളെപ്പോലെതന്നെ പുതിയ മതത്തിന്റെ അനുയായികളും ആത്മാവിന്റെ അമർത്ത്യതയിൽ വിശ്വസിച്ചിരുന്നു. അതുകൊണ്ട് കൊർട്ടിസ് അവതരിപ്പിച്ചതും അയാൾ നശിപ്പിക്കാൻ ശ്രമിച്ചതുമായ മതങ്ങൾ തമ്മിൽ വാസ്തവത്തിൽ നിരവധി സാദൃശ്യങ്ങളുണ്ടായിരുന്നു.
ഇന്നെല്ലാവർക്കും ദർശനസാദ്ധ്യമായ ഈ മുഖ്യക്ഷേത്രത്തിന്റെ മൂകാവശിഷ്ടങ്ങൾ എന്നെന്നേക്കും പൊയ്പ്പോയ ഒരു സാമ്രാജ്യത്തിന്റെയും സംസ്ക്കാരത്തിന്റെയും ശക്തമായ പ്രതീതി ഉണർത്തുന്നു. അവ ക്രൂരമായ മതാചാരങ്ങളുടെയും മേലാൽ ആരാധിക്കപ്പെടാത്ത ദേവൻമാരുടെയും വ്യത്യസ്തമായ പേരിലും ഭിന്നമായ മതത്തിന്റെ കീഴിലും ആയിട്ടായിരുന്നാലും ഇന്നും പരിരക്ഷിക്കപ്പെടുന്ന ആചാരങ്ങളുടെയും സ്മരണ നമ്മിൽ ഉണർത്തുന്നു. കൂടാതെ പ്രാചീന ലോകത്തിലെയും നവീനലോകത്തിലെയും വ്യാജമതങ്ങൾ തമ്മിലുള്ള ശ്രദ്ധേയമായ സാദൃശ്യങ്ങളെയും കുറിച്ച് അത് നമ്മെ അനുസ്മരിപ്പിക്കുന്നു. (g87 2/8)
[27-ാം പേജിലെ ചിത്രം]
കോറ്റ്ലിക്യു ദേവത
[കടപ്പാട്]
Nat’l Institute of Anthropology and History, Mexico
[28-ാം പേജിലെ ചിത്രം]
കൊയോൽക്സൌക്കി ദേവത
[കടപ്പാട്]
Nat’l Institute of Anthropology and History, Mexico