ആസ്ടെക്കുകാർ—അതിജീവനത്തിനായുള്ള അവരുടെ കൗതുകകരമായ പോരാട്ടം
മെക്സിക്കോയിലെ ഉണരുക! ലേഖകൻ
“വിശാലമായ ആ നഗര ചത്വരത്തിൽ നല്ല തിക്കും തിരക്കും ആയിരുന്നു. ചിലർ വാങ്ങുന്നു, ചിലർ വിൽക്കുന്നു . . . ഞങ്ങളുടെ ഇടയിൽ, ലോകത്തിന്റെ നിരവധി ഭാഗങ്ങളിലേക്ക്—കോൺസ്റ്റാന്റിനോപ്പിളിലേക്കും റോമിലും ഇറ്റലിയിൽ ഉടനീളവും—യാത്ര ചെയ്തിട്ടുള്ള പടയാളികൾ ഉണ്ടായിരുന്നു. ഇത്രമാത്രം ഒത്തൊരുമയോടും സമചിത്തതയോടും കൂടെ ആളുകൾ വർത്തിക്കുന്ന, ഇത്രയേറെ വലുതും ആൾക്കൂട്ടം നിറഞ്ഞതുമായ ഒരു ചത്വരം ഇതിനു മുമ്പു തങ്ങൾ കണ്ടിട്ടില്ല എന്ന് അവർ പറഞ്ഞു.”
സ്പാനീഷ് ജേതാവായ എർനാൻ കോർട്ടേസിന്റെ സേനയിലെ പടയാളി ആയിരുന്ന ബെർനാൽ ഡിയാത്ത് ദെൽ കാസ്റ്റിയോ, 1519-ൽ ആസ്ടെക് നഗരമായ ടേനോച്ച്റ്റിറ്റ്ലാൻ കണ്ടശേഷം അതിനെ വർണിച്ചത് അപ്രകാരമാണ്.
ജിൻ എസ്. സ്റ്റൂവർട് രചിച്ച ശക്തരായ ആസ്ടെക്കുകാർ (ഇംഗ്ലീഷ്) എന്ന ഗ്രന്ഥം പറയുന്നതനുസരിച്ച്, സ്പെയിൻകാർ ടേനോച്ച്റ്റിറ്റ്ലാനിൽ എത്തിയപ്പോൾ 1,50,000-ത്തിനും 2,00,000-ത്തിനും ഇടയിൽ ആളുകൾ അവിടെ പാർക്കുന്നുണ്ടായിരുന്നു. പ്രാകൃതമായ, ഒറ്റപ്പെട്ട ഒരു സ്ഥലം ആയിരിക്കുന്നതിനു പകരം അത് 12-15 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ പ്രത്യേക ആകൃതിയൊന്നും ഇല്ലാതെ കിടന്നിരുന്ന ഒരു മുഖ്യ നഗരം ആയിരുന്നു. അതു പാലങ്ങളുടെയും കോസ്വേകളുടെയും കനാലുകളുടെയും നഗരമായിരുന്നു. വെട്ടിത്തിളങ്ങുന്ന ധാരാളം അമ്പലങ്ങളും അവിടെ ഉണ്ടായിരുന്നു. തലസ്ഥാന നഗരിയായ ടേനോച്ച്റ്റിറ്റ്ലാൻ ആയിരുന്നു ആസ്ടെക് സാമ്രാജ്യത്തിന്റെ സിരാകേന്ദ്രം.
എന്നാൽ, ആ ആസ്ടെക് നഗരത്തിൽ സമാധാനവും ഒത്തൊരുമയും ഉണ്ടായിരുന്നുവെന്ന ആശയം, ആസ്ടെക്കുകാർ കേവലം രക്തദാഹികളായ കിരാതന്മാർ ആയിരുന്നുവെന്നു കേട്ടറിഞ്ഞിട്ടുള്ള വായനക്കാരെ അതിശയിപ്പിച്ചേക്കാം. തങ്ങളുടെ ദേവന്മാർക്കു കരുത്താർജിക്കാൻ മനുഷ്യ ഹൃദയവും രക്തവും ആവശ്യമാണെന്ന് ആസ്ടെക്കുകാർ വിശ്വസിച്ചിരുന്നു എന്നതു ശരിതന്നെ. എന്നിരുന്നാലും, ആസ്ടെക്കുകാരുടെ സംസ്കാരവും ചരിത്രവും രക്തച്ചൊരിച്ചിലിൽ ഒതുങ്ങി നിന്നില്ല. അതിജീവനത്തിനുള്ള അവരുടെ പോരാട്ടത്തെ കുറിച്ചു മനസ്സിലാക്കുന്നത് അവരുടെ പിൻഗാമികൾ അതിജീവനത്തിനായി ഇന്നോളം തുടർന്നിരിക്കുന്ന കൊടിയ പോരാട്ടത്തെ കുറിച്ചു മെച്ചമായി മനസ്സിലാക്കാൻ ഒരുവനെ സഹായിക്കും.
ആസ്ടെക്കുകാരുടെ ഉത്ഭവം
വാസ്തവത്തിൽ, മെസോ-അമേരിക്കൻ സംസ്കാരത്തിന്റെ ചരിത്രത്തിൽ ആസ്ടെക്കുകാരുടേതായി ചുരുങ്ങിയ കാലഘട്ടം മാത്രമേ ഉള്ളൂ.a മെക്സിക്കോയിലെ ആദിമ നിവാസികൾ ഏഷ്യയിൽ നിന്നു ബെറിങ് കടലിടുക്കു കുറുകെ കടന്ന് അലാസ്കയിലേക്കു കുടിയേറുകയും അവിടെ നിന്നു ക്രമേണ തെക്കോട്ടു താമസം മാറ്റുകയും ചെയ്തതായി മിക്ക ഗവേഷകരും കരുതുന്നു.—1996 സെപ്റ്റംബർ 8 ലക്കം ഉണരുക!യുടെ 4, 5 പേജുകൾ കാണുക.
മെസോ-അമേരിക്കയിൽ തഴച്ചു വളർന്നതായി അറിയപ്പെടുന്ന ഏറ്റവും പുരാതന സംസ്കാരം ഓൾമെക് ആണെന്നു പുരാവസ്തു ശാസ്ത്രജ്ഞർ പറയുന്നു. ചില ഉറവിടങ്ങൾ പറയുന്നത് അനുസരിച്ച്, വ്യക്തമായും പൊ.യു.മു. ഏതാണ്ട് 1200-ൽ നിലവിൽ വന്ന ഓൾമെക് സംസ്കാരം തുടർന്നുവന്ന 800 വർഷം നിലനിന്നിരിക്കാം. എന്നാൽ, പൊ.യു. 1200-ൽ—ഏതാണ്ടു രണ്ടായിരം വർഷത്തിനു ശേഷം—മാത്രമാണ് ആസ്ടെക്കുകാർ മുൻനിരയിലേക്കു വന്നത്. അവരുടെ സംസ്കാരത്തിനു വെറും 300 വർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല, ശക്തമായ ആസ്ടെക് സാമ്രാജ്യം ആധിപത്യം പുലർത്തി വെറും നൂറു വർഷം ആയപ്പോഴേക്കും സ്പാനീഷ് അക്രമകാരികൾ അവരെ കീഴടക്കുകയും ചെയ്തു.
കിടപിടിക്കാനാകാത്ത പ്രതാപമാണ് ആസ്ടെക് സാമ്രാജ്യം ഉച്ചാവസ്ഥയിൽ പ്രകടമാക്കിയത്. ഒരു മാഗസിൻ പറയുന്ന പ്രകാരം, “തെക്ക് ഗ്വാട്ടിമാല വരെ വിപുലമായ ഒരു സാമ്രാജ്യം ആസ്ടെക്കുകാർ പടുത്തുയർത്തി.” ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ അതേക്കുറിച്ച് ഇങ്ങനെ വർണിച്ചു: “അമേരിക്കകളിലെ ഏറ്റവും ഉദാത്തമായ സംസ്കാരങ്ങളിൽ ഒന്നായിരുന്നു ആസ്ടെക്കുകാരുടേത്. അവർ പണിതുയർത്തിയ നഗരങ്ങൾക്ക് അക്കാലത്തെ യൂറോപ്യൻ നഗരങ്ങളുടെ വലുപ്പം ഉണ്ടായിരുന്നു.”
ഐതിഹാസിക ഉത്ഭവങ്ങൾ
ആസ്ടെക്കുകാർക്ക് ഇത്രയൊക്കെ പ്രാമുഖ്യത ഉണ്ടായിരുന്നിട്ടും അവരുടെ ഉത്ഭവത്തെ കുറിച്ചു കാര്യമായൊന്നും അറിയില്ല. ഐതിഹ്യം അനുസരിച്ച്, “വെളുത്ത ഭൂമി” എന്ന് അർഥമുള്ളതായി കരുതപ്പെടുന്ന ആസ്ട്ലാൻ എന്ന പദത്തിൽ നിന്നാണ് ആസ്ടെക് എന്ന പേര് ഉണ്ടായത്. എന്നാൽ ഐതിഹാസിക ആസ്ട്ലാൻ എവിടെ ആയിരുന്നു, അതു നിലവിലുണ്ടായിരുന്ന പ്രദേശമാണോ എന്നൊന്നും ആർക്കും അറിയില്ല.
സംഗതി എന്തുതന്നെ ആയിരുന്നാലും, ഐതിഹ്യം അനുസരിച്ച്, ആസ്ട്ലാനിൽ നിന്നു പോന്ന ഏഴു വിഭാഗക്കാരിൽ അവസാനത്തവരാണ് ആസ്ടെക്കുകാർ. തങ്ങളുടെ ദേവനായ വിറ്റ്സിലോപോച്ച്റ്റ്ലിക്കിന്റെ ആജ്ഞാനുസൃതം അവർ സ്വന്തമായ ഒരു ദേശം തേടി സംഭവബഹുലമായ ദീർഘയാത്ര ആരംഭിച്ചു. ദശകങ്ങളോളം അവർ അലഞ്ഞു നടന്നു. അവിശ്വസനീയമായ യാതനകളും ഇല്ലായ്മയും അവരെ വരിഞ്ഞുമുറുക്കി. അയൽ ദേശക്കാരുമായി അവർ ഇടതടവില്ലാതെ പോരാടി. എങ്കിലും, അലച്ചിൽ എന്നേക്കുമായി നീണ്ടുനിന്നില്ല. ഏറ്റവും പ്രചാരം സിദ്ധിച്ച ഐതിഹ്യം അനുസരിച്ച്, പിൻവരുന്ന അടയാളം തിരയാൻ വിറ്റ്സിലോപോച്ച്റ്റ്ലിക് തന്റെ അനുയായികളോടു പറഞ്ഞു: കള്ളിച്ചെടിയിൽ ഇരിക്കുന്ന ഒരു കഴുകൻ. ടെസ്കോകോ തടാകത്തിലുള്ള ചെളി നിറഞ്ഞ ഒരു കൊച്ചു ദ്വീപിൽ അതു കണ്ടെത്തിയതായി കരുതപ്പെടുന്നു. ഒടുവിൽ ആ യാത്രികർ അവിടെ പാർപ്പുറപ്പിച്ചു. പിൽക്കാലത്ത് ടേനോച്ച്റ്റിറ്റ്ലാൻ (“വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന കല്ല്” എന്ന് അർഥം) എന്ന് അറിയപ്പെട്ട ഒരു വൻ നഗരം അവർ അവിടെ പണിതുയർത്തി. ചിലരുടെ അഭിപ്രായത്തിൽ, ടെനോച്ച് എന്ന ഐതിഹാസിക ഗോത്രപിതാവിന്റെ പേരാണ് ആ സ്ഥലത്തിനു നൽകപ്പെട്ടത്. ഇന്ന് ടേനോച്ച്റ്റിറ്റ്ലാന്റെ മേലാണ് മെക്സിക്കോ നഗരം പടുത്തുയർത്തപ്പെട്ടിരിക്കുന്നത്.
ആസ്ടെക്കുകാർ വിദഗ്ധ എൻജിനീയർമാരും കരകൗശല വിദഗ്ധരും ആണെന്നു തെളിഞ്ഞു. തടാകത്തട്ടിൽ മണ്ണിട്ടു നികത്തി അവർ നഗരം വിസ്തൃതമാക്കി. ഉയർത്തിക്കെട്ടിയ മൺത്തിട്ടകൾ ദ്വീപിനെ വൻകരയുമായി ബന്ധിപ്പിച്ചു. നിരവധി കനാലുകളും പണിയപ്പെട്ടു.
എന്നിരുന്നാലും, ഈ കാലയളവിൽ അവർ ആസ്ടെക്കുകാർ എന്നല്ല പൊതുവെ അറിയപ്പെട്ടിരുന്നത്. ഐതിഹ്യം അനുസരിച്ച്, ആസ്ട്ലാനിൽ നിന്നു പോയപ്പോൾ അവരുടെ ദേവനായിരുന്ന വിറ്റ്സിലോപോച്ച്റ്റ്ലിക് അവർക്ക് ഒരു പുതിയ പേരിട്ടു—മെഹികാകൾ. കാലക്രമേണ, ചുറ്റുമുള്ള പ്രദേശവും അതിലെ നിവാസികളും പ്രസ്തുത പേരിൽ അറിയപ്പെട്ടു.
എന്നുവരികിലും, മെഹികാകൾ അഥവാ ആസ്ടെക്കുകാർ ആ പ്രദേശത്തു തനിച്ചായിരുന്നില്ല. ശത്രുക്കളാൽ ചുറ്റപ്പെട്ടു കിടന്നിരുന്ന അവർക്ക് അയൽക്കാരുമായി സഖ്യം ചേരേണ്ടി വന്നു. തങ്ങളുമായി സമാധാനം സ്ഥാപിക്കാൻ മുതിരാഞ്ഞവരെ ആസ്ടെക്കുകാർ കൊന്നൊടുക്കാൻ തുടങ്ങി. വാസ്തവത്തിൽ ആസ്ടെക്കുകാർക്കു യോജിച്ച ഒന്നായിരുന്നു യുദ്ധം. വിറ്റ്സിലോപോച്ച്റ്റ്ലിക് എന്ന അവരുടെ സൂര്യദേവൻ രക്തമൊലിക്കുന്ന മനുഷ്യ ഹൃദയവും നരബലിയും നിരന്തരം അർപ്പിക്കാൻ നിഷ്കർച്ചിരുന്ന നിരവധി ദേവീ-ദേവന്മാരിൽ ഒരുവൻ ആയിരുന്നു. യുദ്ധ തടവുകാരായിരുന്നു ഇത്തരം ബലികളുടെ പ്രധാന ഇരകൾ. ആസ്ടെക്കുകാർ തടവുകാരെ ഈ വിധത്തിൽ ഉപയോഗിച്ചിരുന്നതു ശത്രുഹൃദയങ്ങളിൽ ഭീതി വിതച്ചു.
പെട്ടെന്നുതന്നെ ആസ്ടെക് സാമ്രാജ്യം ടേനോച്ച്റ്റിറ്റ്ലാനിൽ നിന്ന് ഇപ്പോഴത്തെ മധ്യ അമേരിക്കയിലെ ചില പ്രദേശങ്ങൾ വരെ വ്യാപിച്ചു. പുതിയ മതവിശ്വാസങ്ങളും ആചാരങ്ങളും ആസ്ടെക്കുകാർ തങ്ങളുടെ സംസ്കാരത്തോടു വിളക്കിച്ചേർത്തു. അതേസമയം, കീഴടക്കപ്പെട്ട പ്രദേശത്തെ ആശ്രിതർ കപ്പം കൊടുക്കാൻ നിഷ്കർഷിക്കപ്പെട്ടതോടെ കയ്യുംകണക്കുമില്ലാതെ വിലപ്പെട്ട വസ്തുക്കൾ ആസ്ടെക് ധനശേഖരത്തിൽ കുമിഞ്ഞുകൂടാൻ തുടങ്ങി. ആസ്ടെക് സംഗീതവും സാഹിത്യവും കലയും തഴച്ചുവളർന്നു. “ആസ്ടെക്കുകാരുടെ കലാനിർമിതികളുടെ മതിപ്പുളവാക്കുന്ന ഗുണമേന്മ കണക്കിലെടുക്കുമ്പോൾ അവർ തീർച്ചയായും ചരിത്രത്തിലെ ഏറ്റവും പ്രഗത്ഭ കൊത്തുപണിക്കാരുടെ നിരയിൽ സ്ഥാനംപിടിക്കുന്നു” എന്ന് നാഷണൽ ജിയോഗ്രഫിക്ക് മാഗസിൻ പറയുന്നു. ആസ്ടെക് സംസ്കാരത്തിന്റെ പ്രതാപം ഉച്ചാവസ്ഥ പ്രാപിച്ച ഈ ഘട്ടത്തിലാണ് സ്പെയിൻകാർ എത്തിച്ചേർന്നത്.
ജയിച്ചടക്കൽ
1519 നവംബറിൽ, മെഹികാ ചക്രവർത്തി ആയിരുന്ന മോൺടെസൂമ രണ്ടാമൻ, സ്പെയിൻകാരെയും ആസ്ടെക് ദൈവമായ കെറ്റ്സാൽക്വാറ്റ്ലിന്റെ അവതാരമായി വീക്ഷിച്ച അവരുടെ നേതാവായ എർനാൻ കോർട്ടേസിനെയും സമാധാനപുരസ്സരം സ്വാഗതം ചെയ്തു. അന്ധവിശ്വാസികളായ ആസ്ടെക്കുകാർ തങ്ങൾക്കരുളിയ ആതിഥ്യം സ്പെയിൻകാർ സ്വീകരിച്ചു. ശുദ്ധമനസ്കരായ ആസ്ടെക്കുകാർ ടേനോച്ച്റ്റിറ്റ്ലാനിലെ സ്വർണ നിക്ഷേപങ്ങൾ കാണാൻ സ്പെയിൻകാരെ അനുവദിച്ചു. അവയെല്ലാം പിടിച്ചെടുക്കാൻ കോർട്ടേസ് തീവ്രമായി ഗൂഢതന്ത്രങ്ങൾ മെനഞ്ഞു. വീര പരാക്രമത്തിലൂടെ കോർട്ടേസ്, മോൺടെസൂമയെ അദ്ദേഹത്തിന്റെ നഗരത്തിൽത്തന്നെ തടവുകാരനാക്കി. മോൺടെസൂമ ആ നടപടിയെ തെല്ലും ചെറുത്തില്ല എന്നു ചിലർ പറയുന്നു. എന്തായാലും, ഒരു യുദ്ധം കൂടാതെ ഒരു വൻ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരി വെട്ടിപ്പിടിക്കുന്നതിൽ കോർട്ടേസ് വിജയിച്ചു.
രക്തം ചിന്താതെ നേടിയ വിജയം ദീർഘനാൾ രക്തരഹിതമായി തുടർന്നില്ല. പേദ്രോ ദെ ആൽവാറാദോ എന്നു പേരുള്ള ഒരു എടുത്തുചാട്ടക്കാരനെ ചുമതല ഏൽപ്പിച്ചിട്ട് ഒരു അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യാനായി കോർട്ടേസിനു പെട്ടെന്നു തീരപ്രദേശത്തേക്കു പോകേണ്ടിവന്നു. കോർട്ടേസ് സ്ഥലത്തില്ലെന്നു മനസ്സിലാക്കി ടേനോച്ച്റ്റിറ്റ്ലാനിലെ ജനങ്ങൾ തന്നെ ആക്രമിച്ചേക്കുമെന്നു ഭയന്ന് ആൽവാറാദോ ആദ്യം പടവെട്ടാൻ ഒരുങ്ങി. ഒരു ഉത്സവവേളയിൽ അദ്ദേഹം നിരവധി ആസ്ടെക്കുകാരെ അരുങ്കൊല ചെയ്തു. കോർട്ടേസ് മടങ്ങിയെത്തിയപ്പോഴേക്കും നഗരം പ്രക്ഷുബ്ധാവസ്ഥയിൽ ആയിരുന്നു. അതേത്തുടർന്നു പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ മോൺടെസൂമയെ സാധ്യതയനുസരിച്ച് സ്പെയിൻകാർ കൊലചെയ്തു. എന്നാൽ അതേക്കുറിച്ചുള്ള സ്പെയിൻകാരുടെ ഭാഷ്യം വേറൊന്നാണ്. ജനങ്ങളുടെ മുമ്പാകെ വന്നു യുദ്ധം നിർത്താൻ അവരോട് ആഹ്വാനം ചെയ്യുന്നതിനു മോൺടെസൂമയെ സമ്മതിപ്പിക്കുന്നതിൽ കോർട്ടേസ് വിജയിച്ചെന്നും അങ്ങനെ ചെയ്യവേ മോൺടെസൂമയെ സ്വന്തം ജനങ്ങൾ കല്ലെറിഞ്ഞു കൊന്നു എന്നുമാണ് അവർ പറയുന്നത്. സംഗതി എന്തായാലും, കോർട്ടേസും മുറിവേറ്റ ഏതാനും പടയാളികളും ജീവരക്ഷാർഥം ഓടിപ്പോയി.
ക്ഷീണിച്ച് അവശനായ, മുറിവേറ്റ കോർട്ടേസ് തന്റെ സേനയെ പുനഃസംഘടിപ്പിച്ചു. ആസ്ടെക്കുകാരെ വെറുത്തിരുന്ന, അവരുടെ അടിമത്തത്തിൽ നിന്നു സ്വതന്ത്രരാകാൻ തക്കംപാർത്തിരുന്ന അയൽ ഗോത്രവർഗക്കാരും സ്പെയിൻകാരോടു ചേർന്നു. കോർട്ടേസ് വീണ്ടും ടേനോച്ച്റ്റിറ്റ്ലാനിൽ എത്തി. റിപ്പോർട്ടനുസരിച്ച്, തുടർന്നുണ്ടായ രക്തപ്പുഴ ഒഴുക്കിയ ഉപരോധത്തിൽ തടവിലാക്കപ്പെട്ട സ്പാനിഷ് പടയാളികളെ ആസ്ടെക്കുകാർ ബലിയർപ്പിച്ചു. ഇത് കോർട്ടേസിന്റെ ആളുകളെ അങ്ങേയറ്റം പ്രകോപിപ്പിച്ചു. എന്തു വിലകൊടുത്തും ജയിക്കണമെന്ന അവരുടെ നിശ്ചയദാർഢ്യത്തെ അത് ഊട്ടിയുറപ്പിച്ചു. ഒരു ആസ്ടെക് എഴുത്തുകാരൻ പറയുന്നതനുസരിച്ച്, മുൻ ആശ്രിത ഗോത്രങ്ങൾ “മെഹികാകളുടെ [ആസ്ടെക്കുകാരുടെ] മുൻ നടപടികൾക്കു ക്രൂരമായി പ്രതികാരം ചെയ്ത് അവരുടെ സമ്പത്തു മുഴുവൻ കവർന്നെടുത്തു.”
1521 ആഗസ്റ്റ് 13-ന് ടേനോച്ച്റ്റിറ്റ്ലാൻ എന്ന വൻ നഗരം നിലം പതിച്ചു. അതോടെ സ്പെയിൻകാരും സഖ്യകക്ഷികളും മെഹികാകളുടെ മേൽ സമ്പൂർണ ആധിപത്യം സ്ഥാപിച്ചു. “സ്പെയിൻകാർ സ്വർണത്തിനായി ദേശം അരിച്ചുപെറുക്കാൻ തുടങ്ങിയതോടെ വളരെ ചുരുങ്ങിയ സമയം കൊണ്ട് മെസോ-അമേരിക്കയുടെ വൻ നഗരങ്ങളും ആരാധനാ കേന്ദ്രങ്ങളും ശൂന്യശിഷ്ടങ്ങളായി മാറി. തദ്ദേശീയരെ അടിമകളായി പിടിച്ചു ക്രിസ്ത്യാനികളാക്കി. മഹത്തായ അവസാനത്തെ തദ്ദേശീയ സംസ്കാരമായിരുന്ന ആസ്ടെക് സാമ്രാജ്യം അതോടെ മൺമറഞ്ഞു” എന്ന് നാഷണൽ ജിയോഗ്രഫിക്ക് പ്രസ്താവിച്ചു.
ജയിച്ചടക്കൽ മുഖാന്തരം രാഷ്ട്രീയ വ്യതിയാനങ്ങൾ മാത്രമല്ല ഉണ്ടായത്. സ്പെയിൻകാർ തങ്ങളോടൊപ്പം ഒരു പുതിയ മതവും കൊണ്ടുവന്നു—കത്തോലിക്കാ മതം. മിക്കപ്പോഴും അത് മെഹികാകളുടെ മേൽ അടിച്ചേൽപ്പിക്കുക ആയിരുന്നു. രക്തക്കൊതിയുള്ള, വിഗ്രഹാരാധനയിൽ വേരൂന്നിയ മതമായിരുന്നു ആസ്ടെക്കുകാരുടേത് എന്നതു ശരിതന്നെ. എന്നാൽ, പുറജാതീയ മതത്തിന്റെ കണികകളെല്ലാം തുടച്ചു നീക്കുന്നതിനു പകരം കത്തോലിക്കാ മതം, ആസ്ടെക് മതവുമായി അനുചിത ബന്ധം സ്ഥാപിക്കുകയാണു ചെയ്തത്. ടെപേയാക്ക് മലയിൽ ആരാധിച്ചു പോന്നിരുന്ന ടോനാന്റ്സിൻ എന്ന ദേവിയുടെ സ്ഥാനത്തു ഗ്വാഡലൂപ്പ് കന്യകയെ പ്രതിഷ്ഠിച്ചു. ഒരിക്കൽ ടോനാന്റസിന് ആരാധന അർപ്പിച്ചുകൊണ്ടിരുന്ന അതേ സ്ഥാനത്താണ് ഇപ്പോൾ ഗ്വാഡലൂപ്പിലെ ബസിലിക്ക നിലകൊള്ളുന്നത്. (കന്യകാ മറിയം അത്ഭുതകരമായി പ്രത്യക്ഷപ്പെട്ടതെന്നു കരുതപ്പെടുന്ന സ്ഥാനത്താണത്രേ പ്രസ്തുത ബസിലിക്കയുടെ സ്ഥാനം.) കന്യകാ മറിയത്തെ സ്തുതിക്കാനായി നടത്തപ്പെടുന്ന മതപരമായ വിശുദ്ധ വിശേഷദിനങ്ങളിൽ ആ ബസിലിക്കയുടെ മുന്നിൽ ആരാധകർ തങ്ങളുടെ പുറജാതീയ, പരമ്പരാഗത രീതിയിൽ നൃത്തം ചവിട്ടുന്നു.
ആസ്ടെക്കുകാർ അതിജീവിച്ചോ?
ആസ്ടെക് സാമ്രാജ്യം മൺമറഞ്ഞിട്ടു ദീർഘകാലം ആയെങ്കിലും അതിന്റെ സ്വാധീനം ഇപ്പോഴും നിലവിലുണ്ട്. “ചോക്കലേറ്റ്,” “റ്റൊമാറ്റോ,” “ചില്ലി” തുടങ്ങിയ ഇംഗ്ലീഷ് വാക്കുകൾ ആസ്ടെക് ഭാഷയായ നാവാറ്റ്ലിൽ നിന്നും കടമെടുത്തതാണ്. കൂടാതെ, മെക്സിക്കോയിലെ ജനങ്ങളിൽ ഭൂരിപക്ഷവും സ്പാനീഷ് പരാക്രമശാലികളുടെയും തദ്ദേശ വർഗക്കാരുടെയും പിൻഗാമികൾ ആണ്.
തങ്ങളുടെ പൂർവിക പാരമ്പര്യങ്ങൾ കാത്തു സൂക്ഷിക്കാൻ ചില വംശീയ കൂട്ടങ്ങൾ ശ്രമിക്കുന്നതിന്റെ ഫലമായി മെക്സിക്കോയുടെ പല ഭാഗങ്ങളിലും ഇന്നും പുരാതന തദ്ദേശ സംസ്കാരങ്ങൾ നിലവിലുണ്ട്. മെക്സിക്കൻ റിപ്പബ്ലിക്കിൽ മൊത്തം 62 അംഗീകൃത തദ്ദേശ വിഭാഗങ്ങളും രജിസ്റ്റർ ചെയ്യപ്പെട്ട 68 ഭാഷാഭേദങ്ങളും ഉള്ളതായി കണക്കാക്കപ്പെടുന്നു. സമീപ കാലത്ത്, ഇൻസ്റ്റിറ്റൂട്ടോ നാസയോനാൽ ദെ എസ്റ്റാഡിസ്റ്റിക്കാ ചേയോഗ്രാഫിയേ എ ഇൻഫോർമാറ്റിക്കാ (നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഗ്രഫി ആൻഡ് കമ്പ്യൂട്ടിങ്) നടത്തിയ പഠനം, അഞ്ചും അതിലധികവും വയസ്സുള്ള 50 ലക്ഷത്തിലധികം ആളുകൾ തദ്ദേശ ഭാഷകളിൽ ഏതെങ്കിലും സംസാരിക്കുന്നുണ്ട് എന്ന നിഗമനത്തിലെത്തി. “കോളനിവത്കരണത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും വിപ്ലവത്തിന്റെയും കാലങ്ങളിലുടനീളം അശക്തരും ദരിദ്രരും ആയിരുന്ന ആ അതിജീവികർ ഭാഷകളും തനതായ ചിന്താരീതികളും സ്വാതന്ത്ര്യത്തെ കുറിച്ചുള്ള അചഞ്ചല പ്രത്യാശയും സംരക്ഷിച്ചു പോന്നിരിക്കുന്നു” എന്ന് നാഷണൽ ജിയോഗ്രഫിക്ക് മാഗസിൻ അഭിപ്രായപ്പെട്ടു.
എന്നുവരികിലും, അഭിമാനികളായ ആസ്ടെക്കുകാരുടെ പിൻഗാമികളിൽ അധികവും ദാരിദ്ര്യത്തിലാണു കഴിയുന്നത്. മിക്കവരും അൽപ്പസ്വൽപ്പം കൃഷിപ്പണി ചെയ്തു ജീവിതം തള്ളിനീക്കുന്നു. വിദ്യാഭ്യാസം വിരളമായിരിക്കുന്ന ഒറ്റപ്പെട്ട മേഖലകളിൽ ആണ് അനേകരും ജീവിക്കുന്നത്. തത്ഫലമായി, സ്വദേശികളായ മെക്സിക്കോക്കാരിൽ മിക്കവരെ സംബന്ധിച്ചും സാമ്പത്തിക ഉന്നമനം ദുഷ്കരമെന്നു തെളിഞ്ഞിരിക്കുന്നു. ദയനീയമായ ഇതേ അവസ്ഥയാണ് മെക്സിക്കോയിലും മധ്യ അമേരിക്കയിലും ഉടനീളം ഉള്ള സ്വദേശികളുടേത്. അവർക്കു വേണ്ടി പലരും ശബ്ദമുയർത്തിയിട്ടുണ്ട്. നോബൽ സമ്മാനം നേടിയ ഗ്വാട്ടിമാലക്കാരി, റിഗോബെർട്ടാ മെൻചൂ ആവേശഭരിതമായ ഈ ആഹ്വാനം നൽകി: “വംശീയ വിഭാഗങ്ങൾക്കും, അമേരിക്കൻ ഇന്ത്യക്കാർക്കും മെസ്റ്റിസോകൾക്കും, ഭാഷാ കൂട്ടങ്ങൾക്കും, സ്ത്രീപുരുഷന്മാർക്കും, ധൈഷണികർക്കും അധൈഷണികർക്കും ഇടയിൽ നിലകൊള്ളുന്ന മതിലുകൾ നാം പൊളിച്ചു മാറ്റിയേ മതിയാകൂ.”
ദുഃഖകരമെന്നു പറയട്ടെ, ആസ്ടെക്കുകാരുടെ ശോചനീയാവസ്ഥ—പണ്ടത്തെയും ഇപ്പോഴത്തെയും—‘മനുഷ്യൻ മനുഷ്യന്റെ മേൽ അവന്റെ ദോഷത്തിന്നായി അധികാരം’ നടത്തുന്നു എന്നതിന്റെ സങ്കടകരമായ മറ്റൊരു ഉദാഹരണം മാത്രമാണ്. (സഭാപ്രസംഗി 8:9) ആവേശഭരിതമായ വാക്കുകളും രാഷ്ട്രീയ വാഗ്ധോരണികളും കൊണ്ടുമാത്രം ലോകത്തിലെ നിർധനരുടെയും അധഃസ്ഥിതരുടെയും അവസ്ഥ മെച്ചപ്പെടുത്താനാകില്ല. തന്നിമിത്തം, നാവാറ്റ്ൽ സംസാരിക്കുന്ന അനേകർ ആസന്നമായിരിക്കുന്ന ലോകഗവൺമെന്റിനെ അഥവാ “രാജ്യ”ത്തെ കുറിച്ചുള്ള ബൈബിൾ പ്രത്യാശ ഹൃദയാ സ്വീകരിച്ചിരിക്കുന്നു.—ദാനീയേൽ 2:44; ഈ പേജിലെ ചതുരം കാണുക.
തദ്ദേശീയരെ ബൈബിൾ പഠിപ്പിക്കുന്നതിനെ അനേകരും എതിർക്കുന്നു. നാവാറ്റ്ൽ സംസാരിക്കുന്നവരുടെ മതം—കത്തോലിക്കാ മതത്തിന്റെയും പഴയ ആസ്ടെക് പുറജാതി മതത്തിന്റെയും സങ്കരം—അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ് എന്നും അത് സംരക്ഷിക്കപ്പെടണം എന്നും അവർക്കു തോന്നിയേക്കാം. എന്നാൽ, ബൈബിളിന്റെ സന്ദേശത്തിനു ചെവി കൊടുത്തിരിക്കുന്നവർ അന്ധവിശ്വാസത്തിൽ നിന്നും വ്യാജ മതപഠിപ്പിക്കലുകളിൽ നിന്നും യഥാർഥ വിമോചനം നേടിയിരിക്കുന്നു. (യോഹന്നാൻ 8:32) ബൈബിൾ മാത്രമേ ആയിരക്കണക്കിന് ആസ്ടെക് വംശജർക്ക് അതിജീവനത്തിനുള്ള യഥാർഥ പ്രത്യാശ നൽകുന്നുള്ളൂ.
[അടിക്കുറിപ്പുകൾ]
a “മെസോ-അമേരിക്കൻ” എന്ന പദപ്രയോഗംകൊണ്ടു പരാമർശിക്കുന്നത് “മെക്സിക്കോയുടെ മധ്യ ഭാഗത്തുനിന്നു തെക്കോട്ടും കിഴക്കോട്ടും വ്യാപിച്ചു കിടക്കുന്ന, ഗ്വാട്ടിമാല, ബെലീസ്, ഹോണ്ടുറാസ്, നിക്കരാഗ്വ എന്നീ രാജ്യങ്ങളുടെ ചില ഭാഗങ്ങൾ ഉൾക്കൊള്ളുന്ന” പ്രദേശത്തെയാണ്. (ദി അമേരിക്കൻ ഹെറിറ്റെജ് ഡിക്ഷണറി) “16-ാം നൂറ്റാണ്ടിലെ സ്പാനിഷ് പര്യവേക്ഷണത്തിനും ജയിച്ചടക്കലിനും മുമ്പ് മെക്സിക്കോയുടെയും മധ്യ അമേരിക്കയുടെയും ചില ഭാഗങ്ങളിൽ വികാസം പ്രാപിച്ച സങ്കീർണമായ ആദിമ സംസ്കാരത്തെയാണ്” മെസോ-അമേരിക്കൻ സംസ്കാരം എന്നതുകൊണ്ടു പരാമർശിക്കുന്നത്.—എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കാ.
[20-ാം പേജിലെ ചതുരം/ചിത്രം]
“നാവാറ്റ്ൽ ഇന്ത്യക്കാരുമായി സത്യം പങ്കിടുന്നതു ഞാൻ ആസ്വദിക്കുന്നു”
മെക്സിക്കോ നഗരത്തിൽ നിന്നു വെറും 60 കിലോമീറ്റർ അകലെയുള്ള, സാന്റാ മാരിയാ ടെക്വാനുൾകോ എന്ന കൊച്ചു മെക്സിക്കൻ ഗ്രാമത്തിലാണു ഞാൻ പിറന്നത്. മലയോരത്തു സ്ഥിതിചെയ്യുന്ന ചേതോഹരവും ഹരിതാഭവുമായ ഒരു പ്രദേശമാണ് അത്. ഇവിടെ ആളുകൾ പൂക്കൾ വളർത്തിയാണ് ഉപജീവനം കഴിക്കുന്നത്. പൂക്കൾ പറിക്കാറാകുമ്പോൾ കണ്ണിനു വിരുന്നൊരുക്കുന്ന ദൃശ്യമായിരിക്കും എവിടെയും. ഒരിക്കൽ, സാന്റാ മാരിയായിലുള്ള സകലരും പുരാതന മെക്സിക്കൻ ഭാഷ ആയിരുന്ന നാവാറ്റ്ൽ സംസാരിച്ചിരുന്നു. തിരിച്ചറിയേണ്ടതിന് ഓരോ വീടിനും നാവാറ്റ്ൽ ഭാഷയിൽ പേരിട്ടിരുന്നു. “വെള്ളം ഒഴുകുന്നിടം” എന്നർഥമുള്ള ആച്ചിച്ചാക്പാ എന്നായിരുന്നു എന്റെ വീട്ടുപേര്. ചുറ്റുമുള്ള വീടുകളുടെ പേരുകൾ നൽകിക്കൊണ്ടാണു ഞാൻ മറ്റുള്ളവർക്ക് എന്റെ വിലാസം നൽകിയിരുന്നത്. ഇന്നും പല വീടുകൾക്കും പേരുണ്ട്. 1969-ൽ, 17-ാം വയസ്സിൽ ഞാൻ സ്പാനീഷ് പഠിച്ചെടുത്തു. നാവാറ്റ്ൽ ഹൃദ്യമായ ഒരു ഭാഷയാണെന്നാണ് എന്റെ അഭിപ്രായം. ദുഃഖകരമെന്നു പറയട്ടെ, പ്രായംചെന്ന ഗ്രാമീണർക്കേ ആ ഭാഷ വശമുള്ളൂ. ഇന്നത്തെ ചെറുപ്പക്കാർക്ക് ആർക്കുംതന്നെ അത് അറിഞ്ഞുകൂടാ.
ഞങ്ങളുടെ ഗ്രാമത്തിൽ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചുകൊണ്ടിരുന്നതു ഞാൻ മാത്രമാണ്. പെട്ടെന്നു മുഴു ഗ്രാമീണരും എന്നോടും കുട്ടികളോടും ഗ്രാമം വിടാൻ ആവശ്യപ്പെട്ടു. കത്തോലിക്കാ പള്ളിയിൽ പതിവായി സംഭാവന നൽകാൻ എന്റെ മേൽ സമ്മർദം ചെലുത്തിയിരുന്നു. ഞാൻ അതിനു വിസമ്മതിച്ചു. ബന്ധുക്കൾ ആരും എന്നോടു സംസാരിക്കാതായി. ഗ്രാമത്തിൽ ശക്തമായ എതിർപ്പ് ഉണ്ടായിരുന്നിട്ടും 1988 ഡിസംബറിൽ ഞാൻ സ്നാപനമേറ്റു. എന്റെ മൂന്നു പെൺമക്കളും മുഴുസമയ സുവിശേഷകരും എന്റെ മകൻ സ്നാപനമേറ്റ ക്രിസ്ത്യാനിയും ആണെന്നതിൽ ഞാൻ യഹോവയ്ക്കു നന്ദി നൽകുന്നു. സാന്റാ മാരിയായിൽ സുവാർത്ത പങ്കുവെക്കുന്നതു ഞാൻ ആസ്വദിക്കുന്നു. പ്രായംചെന്നവരുമായി നാവാറ്റ്ലിൽ ആണു ഞാൻ സുവാർത്ത പങ്കുവെക്കുന്നത്. സകല വർഗക്കാരോടും അനുകമ്പയുള്ള നമ്മുടെ സ്നേഹവാനായ യഹോവയാം ദൈവത്തെ തുടർന്നു സേവിക്കുന്നതിനു ഞാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.—സംഭാവന ചെയ്തത്.
[18-ാം പേജിലെ ഗ്രാഫ്]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
അമേരിക്കയിലെയും ലോകത്തിന്റെ ഇതര ഭാഗങ്ങളിലെയും ചില പ്രധാന സംസ്കാരങ്ങളും സംഭവങ്ങളും സംബന്ധിച്ച കാലഗണന
പൊ.യു.മു. 1200 മുതൽ പൊ.യു. 1550 വരെ
സ്പാനീഷ് മതവിചാരണ
1500 പൊ.യു.
യൂറോപ്യൻനവോത്ഥാനം
ആസ്ടെക്
“ക്രിസ്തീയ”കുരിശുയുദ്ധങ്ങൾ
ടോൽടെക്
1000 പൊ.യു.
ബൈസാന്റൈൻ
500 പൊ.യു.
ടേയോടിവാകാൻ
ആദിമക്രിസ്ത്യാനിത്വം
റോമൻ
സാപൊടെക്
ഗ്രീക്ക്
ഈജിപ്ഷ്യൻ
500 പൊ.യു.മു.
മായ
ഒൽമെക് അസീറിയൻ
1000 പൊ.യു.മു.
[18-ാം പേജിലെ ഭൂപടം/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ആസ്ടെക് ലോകത്തിന്റെ വ്യാപ്തി
മെക്സിക്കോ
ടേനോച്ച്റ്റിറ്റ്ലാൻ
ഗ്വാട്ടിമാല
[ചിത്രം]
ടെനോച്ച്റ്റിറ്റ്ലാൻ എന്ന് അറിയപ്പെട്ടിരുന്ന വൻ നഗരത്തിന്റെ മേലാണ് ആധുനിക മെക്സിക്കോ നഗരം പടുത്തുയർത്തപ്പെട്ടിരിക്കുന്നത്
[കടപ്പാട്]
Mountain High Maps® Copyright © 1997 Digital Wisdom, Inc.
[15-ാം പേജിലെ ചിത്രം]
ആസ്ടെക് കലണ്ടർ
[19-ാം പേജിലെ ചിത്രം]
ടേയോടിവാകാൻ നഗരത്തിലെ ഈ സൂര്യ പിരമിഡ് ആസ്ടെക്കുകാർ ആരാധനയ്ക്കായി ഉപയോഗിച്ചിരുന്നു
[15-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
15-16 പേജുകളിലെ ചുവർ ചിത്രം: “Mexico Through the Centuries,” original work by Diego Rivera. National Palace, Mexico City, Mexico
[17-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
കഴുകനും 18-ാം പേജിലെ ചിത്രവും: “Mexico Through the Centuries,” original work by Diego Rivera. National Palace, Mexico City, Mexico