ഞങ്ങളുടെ വായനക്കാരിൽ നിന്ന്
ആർത്തവവിരാമം “ആർത്തവവിരാമം സംബന്ധിച്ച ഒരു മെച്ചമായ ഗ്രാഹ്യം” എന്ന പരമ്പരക്ക് എന്റെ ഉള്ളിന്റെ ഉള്ളിൽനിന്നു നിങ്ങൾക്കു നന്ദി. (ഫെബ്രുവരി 22, 1995) എനിക്ക് 43 വയസ്സുണ്ട്. നിങ്ങൾ എന്റെ ചോദ്യങ്ങൾക്കു തൃപ്തികരമായ ഉത്തരങ്ങൾ നൽകി. എന്റെ കൂടെ ജോലി ചെയ്യുന്ന രണ്ടു സ്ത്രീകൾ എന്നോട് അതിന്റെ പ്രതികൾ ആവശ്യപ്പെട്ടു. എന്നാൽ എന്റെ വ്യക്തിപരമായ പ്രതി അവർക്കു വായ്പ കൊടുക്കേണ്ടി വന്നു. ഞങ്ങളുടെ സഭയിൽ അവ തീർന്നുപോയിരുന്നു!
എം. എച്ച്. എസ്., ബ്രസീൽ
എന്റെ അമ്മ ഏതുതരം മാറ്റത്തിലൂടെയാണു കടന്നുപോകുന്നതെന്നു കാണാൻ ആ ലേഖനങ്ങൾ എന്റെ മനസ്സിന്റെയും ഹൃദയത്തിന്റെയും കവാടം തുറന്നു. എനിക്കു തുടർന്നും അമ്മയുടെ ജീവിതത്തിലെ ഈ മാറ്റം മനസ്സിലാക്കാനും കൂടുതൽ സഹായകരമായി പ്രവർത്തിക്കാനും കഴിയുമെന്നു ഞാൻ പ്രത്യാശിക്കുന്നു.
എ. കെ., ഐക്യനാടുകൾ
എനിക്ക് 47 വയസ്സുണ്ട്. ഈ സംഗതി സംബന്ധിച്ചു ഞാൻ ഡോക്ടറോട് അഭിപ്രായം ആരാഞ്ഞിരുന്നുവെങ്കിലും ഉണരുക!യുടെ ആ പതിപ്പ് ലഭിക്കുന്നതുവരെ എനിക്ക് ആ വിഷയത്തെക്കുറിച്ച് ഒരു ഗ്രാഹ്യവുമില്ലായിരുന്നു. ഈ മാറ്റങ്ങൾ സ്വാഭാവികമാണെന്നു മനസ്സിലാക്കാൻ നിങ്ങൾ എന്നെ സഹായിച്ചിരിക്കുന്നു. പ്രശ്നങ്ങൾ തരണം ചെയ്യാൻ ഇപ്പോൾ ഞാൻ സജ്ജയാണ്.
ഇ. എം., സീയെറ ലിയോൺ
ഈ വിഷയത്തെക്കുറിച്ചു മൂന്നു മണിക്കൂർ നേരത്തേക്കു നടന്ന ഒരു സെമിനാറിൽ ഞാൻ അടുത്തകാലത്തു പങ്കെടുക്കുകയുണ്ടായി. വലിയ രണ്ട് ആശുപത്രികളുടെ വിദ്യാഭ്യാസ ഡിപ്പാർട്ടുമെന്റുകൾ ക്രമീകരിച്ചതായിരുന്നു അത്. പരിപാടി വളരെ വിജ്ഞാനപ്രദമായിരുന്നു. എന്നാൽ ആ സെമിനാറിൽ മൂന്നു മണിക്കൂർകൊണ്ടു പഠിച്ചതിലും അധികം കാര്യങ്ങൾ ഉണരുക!യുടെ 30 മിനിറ്റുനേരത്തെ വായനയിൽനിന്നു ഞാൻ പഠിച്ചു.
ജെ. ബി., ഐക്യനാടുകൾ
ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നില്ലേ? ഞാൻ 11 വയസ്സുള്ള ഒരു പെൺകുട്ടിയാണ്. “യുവജനങ്ങൾ ചോദിക്കുന്നു . . . ” പരമ്പര നിങ്ങൾ മേലാൽ പ്രസിദ്ധീകരിക്കുന്നില്ലാത്തതായി ഞാൻ കണ്ടെത്തി. അതെന്താണ്? ഞാൻ അത് യഥാർഥത്തിൽ ആസ്വദിച്ചിരുന്നു. ചില ചോദ്യങ്ങൾ എനിക്കു ബാധകമായിരുന്നു. അവ വായിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു! ഉണരുക! വരുന്നയുടനെ ഞാൻ നോക്കുന്ന സംഗതി അതായിരുന്നു. മറ്റു കുട്ടികൾക്കും ഇതുപോലെതന്നെ തോന്നുന്നുണ്ടെന്ന് എനിക്കുറപ്പാണ്. ഭാവിയിൽ നിങ്ങൾ അതു പ്രസിദ്ധീകരിക്കുമോ?
ഇ. കെ., ഐക്യനാടുകൾ
“യുവജനങ്ങൾ ചോദിക്കുന്നു . . . ” മാസത്തിൽ ഒരിക്കൽ തുടർന്നും പ്രസിദ്ധീകരിക്കും. ഓരോ മാസവും 22-ാം തീയതിയിലെ പതിപ്പിൽ അതു വരുന്നതായിരിക്കും. പ്രസ്തുത പരമ്പര 1982-ൽ തുടങ്ങിയതിൽപ്പിന്നെ 300-ലധികം ലേഖനങ്ങൾ അതിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പഴയ ലേഖനങ്ങളിൽ ചിലത് മറിച്ചുനോക്കാൻ ഞങ്ങൾ ഞങ്ങളുടെ യുവവായനക്കാരെ പ്രോത്സാഹിപ്പിക്കുന്നു. എങ്കിലും ചെറുപ്പക്കാരുടെ പ്രശ്നങ്ങളിലുള്ള ഞങ്ങളുടെ തുടർച്ചയായ താത്പര്യം സംബന്ധിച്ച് ഉറപ്പുണ്ടായിരിക്കുക.—പത്രാധിപർ
മതവിചാരണ “മെക്സിക്കോയിലെ മതവിചാരണ—അത് അരങ്ങേറിയത് എങ്ങനെ?” എന്ന നിങ്ങളുടെ ലേഖനത്തിൽ (ഒക്ടോബർ 8, 1994) നിങ്ങൾ “ആസ്റ്റെക്കുകാരുടെ രാജാവായ നെറ്റ്സാവാൽക്കോയോട്ടി”നെക്കുറിച്ചു പരാമർശിച്ചു. എന്നാൽ നെറ്റ്സാവാൽക്കോയോട്ടി ആസ്റ്റെക്കുകാരുടെ രാജാവായിരുന്നില്ല, ചീചീമെക്ക് വർഗത്തിന്റെ രാജാവായിരുന്നു.
ഇ. ആർ. സി. എൽ., മെക്സിക്കോ
തീർച്ചയായും നെറ്റ്സാവാൽക്കോയോട്ടി ചീചീമെക്ക് വർഗക്കാരനായിരുന്നു, ആസ്റ്റെക്കുകാരനായിരുന്നില്ല. എന്നാൽ രസാവഹമായി, “ന്യൂവാ എൻസൈക്ലോപീഡിയ കൾച്ചറൽ ഐഇപിഎസ്എ”പോലെയുള്ള ചില പരാമർശ കൃതികൾ അദ്ദേഹത്തെ “ആസ്റ്റെക്കുകാരുടെ രാജാവ്” എന്നു പരാമർശിക്കുന്നു. നെറ്റ്സാവാൽക്കോയോട്ടി, ചീചീമെക്ക് വർഗത്തെ നേരത്തെതന്നെ അധീനപ്പെടുത്തിയിരുന്ന “ആസ്റ്റെക്കുകാരുമായുള്ള സഖ്യത്തിൽ” ഭരണം നടത്തിയിരുന്നതായി “ഇസ്റ്റോരിയാ ഡി മെഹീകോ” എന്ന പുസ്തകം വിശദീകരിക്കുന്നു.—പത്രാധിപർ
“ധൂർത്തരായ” യുവജനങ്ങൾ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക് എന്റെ ജീവിതം എങ്ങനെ നേരെയാക്കാൻ കഴിയും?” എന്ന ലേഖനം വായിച്ചപ്പോൾ എനിക്കു ലഭിച്ച ആത്മീയ ഉന്നമനത്തെക്കുറിച്ചു നിങ്ങളോടു പറഞ്ഞുതുടങ്ങാൻ എനിക്കു വാക്കുകളില്ല. (ജനുവരി 8, 1995) അത് യഹോവയോടു പ്രാർഥിക്കാനും ഞാൻ കഴിഞ്ഞകാലത്തു ചെയ്തിട്ടുള്ള തെറ്റുകൾക്ക് അവനോടു ക്ഷമചോദിക്കാനുമുള്ള ധൈര്യം എനിക്കു പകർന്നുതന്നു. ഈ ലേഖനം വായിക്കുന്നതിനുമുമ്പ് ആ പാപങ്ങളെക്കുറിച്ചുള്ള ദുഃഖം രാപകൽ എന്റെ ഹൃദയത്തെ അലട്ടിയിരുന്നു. പല രാത്രികളിലും ഞാൻ കിടക്കയിൽ കിടന്നുകൊണ്ട് ആത്മഹത്യയാണ് ഒരേ ഒരു പരിഹാരമെന്നു ചിന്തിച്ചു. യഹോവയുടെ തത്ത്വങ്ങൾ നമ്മുടെ പ്രയോജനത്തിനുവേണ്ടിയാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. കഴിഞ്ഞകാല തെറ്റുകളിൽനിന്ന് ഞാൻ പഠിക്കുക തന്നെ ചെയ്യും.
ക്യു. ബി., ഐക്യനാടുകൾ
ഒരു യുവാവായിരുന്നപ്പോൾ ഞാൻ യഹോവയെയും അവന്റെ സ്ഥാപനത്തെയും ഉപേക്ഷിച്ചുപോയി. ഞാൻ തിരിച്ചുവന്നിട്ട് ഇപ്പോൾ ഏതാണ്ട് അഞ്ചു വർഷമായെങ്കിലും യഹോവ എന്നോട് ഒരിക്കലും പൂർണമായി ക്ഷമിക്കുകയില്ലെന്നു ചിലപ്പോൾ എനിക്കു തോന്നിയിട്ടുണ്ട്. ആ ചിന്ത തെറ്റായിരുന്നുവെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു; മനസ്സിൽ ആഴത്തിലുണ്ടായിരുന്ന അസ്വസ്ഥമാക്കുന്ന സംശയത്തിന്റെ ആ തോന്നൽ ഒടുവിൽ കുറഞ്ഞിരിക്കുന്നു.
ആർ. ഡി., ട്രിനിഡാഡ്