മെക്സിക്കോ സിററി—വളരുന്ന ഒരു കൂററൻ?
മെക്സിക്കോയിലെ ഉണരുക! ലേഖകനാൽ
“അത്ഭുതകരമായി ഇപ്പോഴും പ്രവർത്തനക്ഷമമായിരിക്കുന്ന ഒരു കൂററനാണ് മെക്സിക്കോ സിററി,” എന്ന് മെക്സിക്കൻ വാസ്തു ശില്പിയായ തിയോഡോർ ഗോൺസാലെസ് ഡി ലിയോൺ അഭിപ്രായപ്പെട്ടു. നാഷണൽ ജിയോഗ്രാഫ് മാസിക അതിനെ “ഭീതിപ്പെടുത്തുന്ന ഒരു കൂററൻ” എന്നാണ് വിളിച്ചത്. അവിടെ ഏതാണ്ട് 30 വർഷങ്ങൾക്കു മുമ്പ് ജനിച്ച കാർമന്, “ഇത് സാധാരണക്കാരായ ആളുകളുടെ തിരക്കുപിടിച്ച ഒരു നഗരമാണ്; ജീവിതത്തിലെ ലളിതമായ കാര്യങ്ങളിൽ സന്തോഷിക്കുവാനും ആനന്ദം കണ്ടെത്തുവാനും കഴിവുള്ളവരാണവർ—അവരുടെ പ്രിയപ്പെട്ട മെക്സിക്കൻ ഭക്ഷണങ്ങളായ എൻകിലാഡസ്, ററമാലെസ്, റേറാർട്ടിലസ്, മോൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.”
ഒന്നര കോടിയോളം ജനസംഖ്യയുള്ള മെക്സിക്കോ സിററി ഇപ്പോൾ ലോകത്തിലെ ഏററവും വലിപ്പമേറിയ നഗരങ്ങളിലൊന്നാണ്. എന്നാൽ നൂററാണ്ടുകളായി ഇത് വളർന്നുകൊണ്ടിരിക്കുന്ന ഒരു വൻ നഗരമായിരുന്നു.a ഈ പട്ടണം ആദ്യമായി രൂപംകൊണ്ടത് റെറനോക് ററിററ്ലൻ എന്ന നാമധേയത്തിൽ ഏതാണ്ട് 1325ലാണ്. ഇത് ആസ്റെറക് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിത്തീർന്നു. റെറക്സ കോക്കോ തടാകത്തിലെ ഒരു ദ്വീപിൽ വാസമുറപ്പിച്ചപ്പോഴാണ് ആസ്റെറക്കുകൾ നഗരം പണിയുവാനാരംഭിച്ചത്. കാലം കടന്നുപോയപ്പോൾ അവർ തടാകം മണ്ണിട്ടു മൂടി. നഗരം വികസിപ്പിക്കുവാൻ ഇത് അവരെ സഹായിച്ചു. എന്നാൽ കനാലുകൾ നിറഞ്ഞതും എപ്പോഴും വെള്ളത്താൽ ചുററപ്പെട്ടതുമായ ഒരു നഗരമായിരുന്നു ഇത്. 1519ൽ സ്പെയിൻകാർ എത്തിയപ്പോൾ 2 ലക്ഷം മുതൽ 3 ലക്ഷം വരെ നിവാസികളുള്ള ഈ നഗരത്തിന്റെ മഹത്വവും മനോഹാരിതയും സംഘടനയും അവരെ അത്ഭുതപ്പെടുത്തി.
വൈരുദ്ധ്യങ്ങളുടെ നഗരം
മിക്കവാറും എല്ലാ വൻനഗരങ്ങളെയുംപോലെ മെക്സിക്കോ സിററിക്കും കുററകൃത്യങ്ങളും ദാരിദ്ര്യവും നിറഞ്ഞ ഒരു ഇരുണ്ട വശമുണ്ട്. എന്നാൽ മററനേകം വിധങ്ങളിൽ ഇത് അത്യാകർഷകവുമായിരിക്കുന്നു. ഇതിന്റെ അത്ഭുതാവഹമായ വളർച്ച ഈ നഗരത്തിന് “അലങ്കോലമായത്” എന്ന വിശേഷണം നേടിക്കൊടുത്തിരിക്കുന്നു. എന്നാൽ ഇതിന് വിപരീതമായി നഗരത്തിനുള്ളിൽ തന്നെ ലോകത്തിലെ ഏററവും വലിയ പാർക്കുകളിലൊന്നായ ചാപുൾട്ടെപെക്ക് പാർക്ക് സ്ഥിതിചെയ്യുന്നു. ഇതിന്റെ വിസ്തീർണ്ണം 1,600 ഏക്കറാണ് [647.5 ഹെക്ടാർ] ഇതിനുള്ളിൽ കാടുകളും പല തടാകങ്ങളും റെസ്റേറാറൻറുകളും മ്യൂസിയങ്ങളും സ്ഥിതിചെയ്യുന്നു; അനേകം കലാ സാംസ്കാരിക ചടങ്ങുകൾ ഇവിടെ നടത്തപ്പെടുകയും ചെയ്യുന്നു. ചായ്കോവ്സ്കിയുടെ “അരയന്ന തടാകം” എന്ന നൃത്തനാടകം ഇതിലൊരു തടാകത്തിന്റെ തീരത്തെ പ്രകൃതിദത്തമായ പശ്ചാത്തലത്തിൽ ഓരോ വർഷവും അവതരിപ്പിക്കപ്പെടുന്നത് ഒരു മനോഹരമായ പാരമ്പര്യമാണ്. വാരാന്തങ്ങളിൽ നഗരം വിട്ടു പുറത്തുപോകുവാൻ സാധിക്കാത്തവർക്ക് ഈ പാർക്ക് അവരുടെ ആനന്ദത്തിന്റെയും ഉല്ലാസത്തിന്റെയും താവളമായി മാറുന്നു.
ന്യൂയോർക്കിനോടോ ചിക്കാഗോയോടൊ മൽസരിക്കാൻപോന്നവയല്ലെങ്കിലും മെക്സിക്കോ സിററിക്കും അതിന്റെ റാസ്കാസിലോസ് അഥവാ അംബരചുംബികൾ ഉണ്ട്. 1956ൽ പണി തീർന്ന 44 നിലകളോടു കൂടിയ ലാററിൻ അമേരിക്കൻ ടവർ ഭൂകമ്പത്തെ ചെറുത്തു നിൽക്കുവാനായി രൂപകല്പന ചെയ്യപ്പെട്ട മാതൃകയുടെ ഒരു ഉദാഹരണമാണ്. ഭൂചലനത്തിൽനിന്ന് കെട്ടിടത്തെ സംരക്ഷിക്കാനായി രൂപകല്പന ചെയ്തിരിക്കുന്ന 361 അടിസ്ഥാന തൂണുകളിലാണ് ഇതു പണിതിരിക്കുന്നത്. അതിന്റെ 40-ഉം 41-ഉം നിലകളിൽ സ്ഥിതിചെയ്യുന്ന റസ്റേറാറൻറിൽ നിന്ന് ഒരുവന് നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കാം, പ്രത്യേകിച്ച് രാത്രിയിൽ കറുത്ത സൂര്യകാന്തി പട്ടുപോലെയുള്ള പശ്ചാത്തലത്തിൽ അതിന്റെ അനേകമനേകം ലൈററുകൾ ജ്വലിച്ചു നിൽക്കുമ്പോൾ. നഗരത്തിലെ ഏററവും ഉയരംകൂടിയ കെട്ടിടമായ വേൾഡ് ട്രേഡ് സെൻറർ ഓഫ് മെക്സിക്കോ, ഇതുവരെ പൂർത്തിയായിട്ടില്ല. അതിന് 54 നിലകളുണ്ട്. സാർവ്വലൗകിക വാണിജ്യാവശ്യങ്ങൾക്കായുള്ള അന്തർദ്ദേശീയ ഓഫീസുകളും മററു സൗകര്യങ്ങളും അതിൽ ഉണ്ടായിരിക്കും.
മെക്സിക്കോ സിററിയുടെ ബെനിറേറാ ജൂവാരെസ് അന്തർദ്ദേശീയ വിമാനത്താവളം ഒരു കാലത്ത് നഗരത്തിനു പുറത്തായിരുന്നു. എന്നാൽ ഇപ്പോൾ അത് നഗരത്തിനു നടുവിൽ തന്നെയാകത്തക്കവിധത്തിൽ മെക്സിക്കോ സിററി അത്രമാത്രം വളരുകയും വ്യാപിക്കുകയും ചെയ്തിരിക്കുന്നു. ലോകത്തിൽ ഏററവും തിരക്കുപിടിച്ച വിമാനത്താവളങ്ങളിലൊന്നാണ് അത്. ഓരോ മാസവും പത്തു ലക്ഷത്തോളം ആളുകളെ അതു കൈകാര്യം ചെയ്യുന്നു.
മെക്സിക്കോ സിററിയിൽ വൈരുദ്ധ്യങ്ങൾ വ്യക്തമായി പ്രകടമാണ്. വലുതും ആഡംബരംനിറഞ്ഞതുമായ ഹർമ്മ്യങ്ങൾ, എല്ലാം തികഞ്ഞതും ചെലവേറിയതുമായ ഹോട്ടലുകൾ, ആകർഷകങ്ങളായ സംയുക്ത സംരംഭ കെട്ടിടങ്ങൾ, ഷോപ്പിംഗ് സെൻററുകൾ തുടങ്ങിയവ ഇരുണ്ടതും മൂകത നിറഞ്ഞതുമായ ചേരികളിലെ ദാരിദ്ര്യത്തോടു തോളുരുമ്മി നിൽക്കുന്നു. എന്നാൽ ലോകത്തിലെ മററു പല വലിയ നഗരങ്ങളിൽ നിന്നും വ്യത്യസ്തമായി തെരുവീഥികൾ രാത്രിയേറെക്കഴിഞ്ഞും സജീവമായിരിക്കും.
വൻനഗരത്തിന്റെ പ്രശ്നങ്ങൾ
കൂടുതൽ വിടർന്നു പരക്കുന്ന ഒരു നീരാളിയെപ്പോലെ മെക്സിക്കോ സിററി 1,000 ചതുരശ്ര കിലോമീറററിലധികം വാരിപുണർന്നിരിക്കുന്നു. ഫെഡറൽ ഡിസ്ട്രിക്ട് എന്നറിയപ്പെടുന്നതു മുഴുവനും മെക്സിക്കോ സംസ്ഥാനത്തിന്റെ ഒരു ഭാഗവും ഈ നഗരം കയ്യടക്കിയിരിക്കുന്നു. മുമ്പു സ്വതന്ത്രമായിരുന്ന അനേകം ഗ്രാമങ്ങളും പട്ടണപ്രാന്തങ്ങളും ഇപ്പോൾ നഗരത്തിന്റെ നീരാളികൈകളാൽ കീഴടക്കപ്പെട്ടിരിക്കുന്നു.
സ്വാഭാവികമായി ഇത്ര വലിയ ഒരു നഗരം വലിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. പ്രധാനമായത് ജനസംഖ്യാ പെരുപ്പമാണ്. ഇതിനോടു കൂടെ ചേർന്നു വരുന്ന മലിനീകരണം, ഭവന ദൗർലഭ്യം, ജീവിതത്തിന് അനുപേക്ഷണീയമായിരിക്കുന്ന വസ്തുക്കളുടെ ഗുരുതരമായ ദൗർലഭ്യം, ഒപ്പം തുടർച്ചയായി വളർന്നുകൊണ്ടിരിക്കുന്ന കുററകൃത്യ നിരക്ക്, തുടങ്ങിയ പ്രശ്നങ്ങളുമുണ്ട്. രാജ്യത്തിന്റെ ജനന നിരക്ക് കുറക്കുവാൻ ശ്രമിക്കുന്നതിന് തുടർച്ചയായ വിദ്യാഭ്യാസ പരിപാടികൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു, എന്നാൽ വലിയ കുടുംബങ്ങൾ മെക്സിക്കോയിൽ ഒരു സാംസ്കാരിക പാരമ്പര്യമാണ്. ഇതിനെ പുരുഷൻമാരുടെ പുരുഷത്വത്തിന്റെ ലക്ഷണമായും സ്ത്രീകളുടെ സഫലതയുടെ ലക്ഷണമായും കണക്കാക്കുകയും ചെയ്യുന്നു. ഇതുകൂടാതെ ഗ്രാമപ്രദേശങ്ങളിൽ നിന്ന് അനേകമാളുകൾ ഒരു നല്ല ജീവിതം പ്രതീക്ഷിച്ചുകൊണ്ട് നഗരത്തിലേക്കു വരുന്നു. 1985ലെ ഭൂകമ്പം ആയിരങ്ങളെ നഗരം വിടുവാൻ പ്രേരിപ്പിച്ചുവെങ്കിലും ജനസംഖ്യ വർദ്ധിച്ചുകൊണ്ടുതന്നെയിരിക്കുന്നു. തൊഴിലും അതിജീവനത്തിന്റെ ഒരു പ്രതീക്ഷയും എവിടെയാണോ അവിടേക്ക് ജനങ്ങൾ നീങ്ങുന്നു.
ഈ “കൂററന്” ശ്വസിക്കാനാവുമോ?
മെക്സിക്കോ സിററിയിലെ വായൂമലിനീകരണം കഴിഞ്ഞ പത്തു വർഷങ്ങൾകൊണ്ട് ഗുരുതരമായിതീർന്നിരിക്കുന്നു. 1960കളിൽ “ഏററവും സ്വച്ഛതയുള്ള ഭാഗം” എന്നു വിളിക്കപ്പെട്ടിരുന്ന ഒരു പ്രദേശം നഗരത്തിലുണ്ടായിരുന്നു. ഇപ്പോൾ മെക്സിക്കോ സിററിയുടെ ഒരു പ്രദേശവും സ്വച്ഛമല്ല. മാദ്ധ്യമങ്ങളിലൂടെ മുന്നറിയിപ്പുകൾ കൊടുക്കപ്പെടുന്നുണ്ട്. ഒരു ശാസ്ത്രമാസിക അഭിപ്രായപ്പെടുന്നു: “മെക്സിക്കോയുടെ താഴ്വരയിലെ വായു മലിനീകരണം അപകടകരമായ മേഖലകളിൽ എത്തിയിരിക്കുന്നു.” റൈറം മാസിക റിപ്പോർട്ടു ചെയ്യുന്നു: “30 ലക്ഷം കാറുകളും 7,000 ഡീസൽ ബസുകളും—അവയിൽ പലതും പഴയതും കേടുപാടുകൾ പോക്കാത്തവയുമാണ്—വായുവിലേക്ക് മാലിന്യങ്ങൾ തുപ്പുന്നു. മെക്സിക്കൻ വ്യാവസായികമേഖലയുടെ 50%ത്തിലധികം വരുന്ന നഗരത്തിനടുത്തുള്ള 1,30,000 വ്യവസായ ശാലകളും ഇതു തന്നെ ചെയ്യുന്നു. ഓരോ ദിവസവും നടത്തപ്പെടുന്ന ആകെ രാസ വായൂമലിനീകരണം ആകെ 11,000 ടണ്ണോളം എത്തുന്നു. വെറുതെ ശ്വസിക്കുന്നതു തന്നെ ഒരു ദിവസം രണ്ടു പാക്കററു സിഗറററു വലിക്കുന്നതിന് സമമാണ് എന്ന് കണക്കു കൂട്ടപ്പെട്ടിരിക്കുന്നു.”
സ്ഥിതി കൂടുതൽ വഷളാവുകയാണ്. 1989 ഒക്ടോബർ 12ലെ എൽ യൂണിവേഴ്സൽ എന്ന ദിനപ്പത്രം ഓട്ടോണോമസ് ഇൻസ്ററിററ്യൂട്ട് ഓഫ് ഇക്കോളജിക്കൽ ഇൻവെസ്ററിഗേഷന്റെ ഡയറക്ടറെ ഇപ്രകാരം ഉദ്ധരിച്ചു: “മെക്സിക്കോ സിററിയിലെ മലിനീകരണ നിരക്ക് ആശങ്കാജനകമാണ്, കാരണം, നഗര പ്രദേശത്തെ ഓരോ വ്യക്തിയും ഒരു ദിവസം ശരാശരി 580 ഗ്രാം ഹാനികരമായ വസ്തുക്കൾ ഏററു വാങ്ങുന്നു.” ഓരോ വർഷവും 40 ലക്ഷം ടണ്ണിലധികം മാലിന്യങ്ങൾ നഗരത്തിൽ വർഷിക്കപ്പെടുന്നു.
മലിനീകരണത്തോടു പൊരുതുവാനായി ചില അടിയന്തിര നടപടികൾ അടുത്തയിടെ എടുക്കപ്പെടുകയുണ്ടായി. ഓരോ ദിനവും ഒരു നിശ്ചിത എണ്ണം കാറുകൾ നഗരത്തിൽ ഓടിക്കപ്പെടുന്നതു തടയുവാനായി ഒരു പരിപാടി രൂപീകരിക്കപ്പെട്ടു. കാരണം ഗവൺമെൻറു റിപ്പോർട്ടുപ്രകാരം, “ഗതാഗത വാഹനങ്ങൾ ഓരോ ദിനത്തിലും 9778.3 ടൺ മാലിന്യങ്ങൾ ഉളവാക്കുന്നു,” ഇതിൽ 7,430 ടൺ സ്വകാര്യ വാഹനങ്ങളിൽനിന്നാണ് വരുന്നത്. ജോലിക്കോ മറെറവിടെയെങ്കിലുമോ പോകുമ്പോൾ സംഘം ചേർന്ന് ഒരു വാഹനം ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ കാറുകളുടെ ഉപയോഗം സ്വമേധയാ കുറക്കുവാനായി ജനങ്ങൾ ക്ഷണിക്കപ്പെട്ടുവെങ്കിലും ഇതു വിജയകരമായില്ല. നഗര ഭരണാധികാരികൾ എന്തു ചെയ്തു?
ഇപ്പോൾ “കാർ ഇല്ലാതെ ഒരു ദിവസം” എന്ന പരിപാടിയാൽ എല്ലാ സ്വകാര്യ കാറുകളും ആഴ്ചയിൽ ഒരു ദിവസം ഊഴമനുസരിച്ച് നിരോധിക്കപ്പെടുന്നു. ഇതു ചെയ്യുന്നത് അവയുടെ റെജിസ്ട്രേഷൻ നമ്പറിന്റെ അവസാന അക്കം അനുസരിച്ചോ അതിന്റെ നിറമനുസരിച്ചോ ആണ്. മുപ്പതു ലക്ഷം കാറുകളിൽ 20 ശതമാനം കാറുകൾ നഗരത്തിനുള്ളിൽ ഓരോ ദിവസവും ഉപയോഗിക്കപ്പെടുന്നില്ല എന്നാണ് ഇതിന്റെ അർത്ഥം. മഞ്ഞുകാലത്ത് താപവൈപരീത്യത്തെ തടയാനായിട്ടാണ് യഥാർത്ഥത്തിൽ ഈ പരിപാടി ബാധകമാക്കപ്പെടാൻ തുടങ്ങിയത്. എന്നാൽ ഇപ്പോൾ അധികാരികൾ ഇത് സ്ഥിരമായി ബാധകമാക്കുവാൻ ശ്രമിക്കുന്നു. അനുസരിക്കാത്തവർക്ക് ഭാരിച്ച പിഴകളും പിടിച്ചെടുക്കുന്ന കാറുകൾ തിരിച്ചെടുക്കുന്നതിനുള്ള കഷ്ടപ്പാടു നിറഞ്ഞ നടപടിക്രമങ്ങളും അനുഭവിക്കേണ്ടതായി വരുന്നു. ഈ അതി നിശിത മാർഗ്ഗങ്ങൾ ബഹുഭൂരിപക്ഷം ഡ്രൈവർമാരെയും പരിപാടിക്കു പിന്തുണ നൽകുവാൻ പ്രേരിപ്പിക്കുന്നു.
സ്വീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മറെറാരു പടി ഈയത്തിന്റെ അളവു കുറച്ചുകൊണ്ട് ഗ്യാസോലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തലാണ്. കൂടാതെ ഇപ്പോൾ എല്ലാ വാഹനങ്ങളും കാലാകാലങ്ങളിൽ മാലിന്യ പ്രസരണത്തിന്റെ അളവറിയാൻ പരിശോധിക്കപ്പെടേണ്ടതുണ്ട്. കൂടുതലായി വ്യവസായ ശാലകളിൽ മലിനീകരണ നിർമ്മാർജ്ജനോപാധികൾ ഉണ്ടായിരിക്കണമെന്ന് പുതിയ നിയമങ്ങൾ നിഷ്കർഷിക്കുന്നു. ഈ അനുശാസനം അനുസരിക്കാത്തതിനാൽ ചില വ്യവസായ ശാലകൾ പൂട്ടപ്പെടുകയുണ്ടായി. ഇത്തരം നടപടികൾ മലിനീകരണപ്രശ്നം അൽപം കുറച്ചിരിക്കുന്നു, എന്നാൽ പൂർണ്ണമായി അതു പരിഹരിക്കാനും കഴിഞ്ഞിട്ടില്ല. ലോകത്തിന്റെ മററു ഭാഗങ്ങളെപ്പോലെ മെക്സിക്കോക്ക് അതിന്റെ പ്രശ്നങ്ങൾക്ക് ഒരു ആഗോള പരിഹാരമാർഗ്ഗം ആവശ്യമായിരിക്കുന്നു.
ഒരു ദിവസം പെട്ടെന്ന് ദൈവത്തിന്റെ സ്വർഗ്ഗീയ ഗവൺമെൻറിന്റെ ഭരണത്തിൻകീഴിൽ മനുഷ്യവർഗ്ഗം അതിന്റെ വിഭവങ്ങൾ ജ്ഞാനപൂർവം ഉപയോഗിക്കും. അവിടെ തിങ്ങിനിറഞ്ഞ നഗരങ്ങളല്ല, മറിച്ച് ഒരു സന്തോഷദായകമായ ജീവിതത്തിനുവേണ്ട എല്ലാ കാര്യങ്ങളോടുംകൂടിയുള്ള നാട്ടിൻപുറങ്ങളെത്തന്നെ എല്ലാ മനുഷ്യർക്കും ആസ്വദിക്കാൻ കഴിയും. അതിനിടെ അതു വെച്ചുനീട്ടുന്ന അനേകം നല്ല കാര്യങ്ങളെ ആസ്വദിക്കുമ്പോൾ തന്നെ—അതിഥിസൽക്കാര പ്രിയരായ മെക്സിക്കൻ ജനതയുടെ സമൃദ്ധമായ മൊസയിക്കും ഇതിൽ ഉൾപ്പെടുന്നു—മെക്സിക്കോ സിററിയുടെ ജനക്കൂട്ടങ്ങളെയും അസൗകര്യങ്ങളെയും സഹിക്കുക എന്നതല്ലാതെ മററു യാതൊരു പോംവഴിയും ഇല്ല.—വെളിപ്പാട് 11:18; 21:1-4. (g91 1/8)
[അടിക്കുറിപ്പുകൾ]
a 1990ലെ ദേശീയ സെൻസസ് മുമ്പുണ്ടായിരുന്ന ജനസംഖ്യാ കണക്കുകളെ താഴ്ത്തുകയുണ്ടായി.
[21-ാം പേജിലെ ചിത്രങ്ങൾ]
മെക്സിക്കോ സിററിയിലെ അംബര ചുംബികളും ഗതാഗതവും