വരാനിരിക്കുന്ന കാലാവസ്ഥ
മനുഷ്യർ വരുത്തിവെച്ചിട്ടുള്ള പരിസ്ഥിതി പ്രശ്നങ്ങളിൽ ഒരെണ്ണം മാത്രമാണ് അന്തരീക്ഷ മലിനീകരണം. വൻതോതിലുള്ള വനനശീകരണം, ജീവിവർഗങ്ങളുടെ നാശം, നദികളുടെയും തടാകങ്ങളുടെയും സമുദ്രങ്ങളുടെയും മലിനീകരണം എന്നിവയാണ് മറ്റു ചിലവ. ഇവ ഓരോന്നും സസൂക്ഷ്മം വിശകലനം ചെയ്യപ്പെട്ടിരിക്കുന്നു. അവ പരിഹരിക്കാൻവേണ്ട നിർദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രശ്നങ്ങൾ ആഗോള വ്യാപകമായതിനാൽ അവയ്ക്ക് ആഗോളവ്യാപകമായ പരിഹാരങ്ങൾ ആവശ്യമാണ്. പ്രശ്നങ്ങളും അതുപോലെതന്നെ അവ പരിഹരിക്കാൻ എന്തു ചെയ്യണമെന്നതും വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങളാണ്. നടപടിയെടുക്കാനുള്ള ആഹ്വാനങ്ങൾ ഓരോ വർഷവും നാം കേൾക്കാറുണ്ട് എങ്കിലും ഒന്നും ചെയ്യപ്പെടാറില്ലെന്നു പറയാം. മിക്കപ്പോഴും നയതന്ത്രശിൽപ്പികൾ പ്രശ്നങ്ങളെക്കുറിച്ചു വിലപിക്കുന്നതു കേൾക്കാറുണ്ട്. എന്തെങ്കിലും ചെയ്യണമെന്ന് അവർ സമ്മതിക്കുകയും ചെയ്യുന്നു. എങ്കിലും ഇങ്ങനെ കൂട്ടിച്ചേർക്കും, വാസ്തവത്തിൽ “ഞങ്ങളല്ല ചെയ്യേണ്ടത്, ഇപ്പോഴൊട്ട് അതിനു സാധിക്കുകയുമില്ല.”
1970-ൽ, ആദ്യത്തെ ഭൗമ ദിനത്തിൽ, ന്യൂയോർക്ക് നഗരത്തിൽ നടന്ന ഒരു ജാഥയിൽ പങ്കെടുത്തവർ വലിയൊരു ചിത്രം കൊണ്ടുനടക്കുകയുണ്ടായി, “രക്ഷിക്കൂ!!” എന്നു കേഴുന്ന ഭൂമിയുടെ ചിത്രം. ആരെങ്കിലും ആ യാചനയോടു പ്രതികരിക്കുമോ? ദൈവവചനം ഉത്തരം നൽകുന്നു: “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു. അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു. (സങ്കീർത്തനം 146:3, 4) അടുത്തതായി സങ്കീർത്തനക്കാരൻ സ്രഷ്ടാവിലേക്കു വിരൽചൂണ്ടുന്നു. കാരണം മനുഷ്യവർഗം നേരിടുന്ന സങ്കീർണമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള ശക്തിയും ജ്ഞാനവും ആഗ്രഹവും അവനു മാത്രമേയുള്ളൂ. നാം ഇങ്ങനെ വായിക്കുന്നു: “തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ. അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി.”—സങ്കീർത്തനം 146:5, 6.
സ്രഷ്ടാവിന്റെ സ്നേഹപൂർവകമായ വാഗ്ദാനം
ഭൂമി ദൈവത്തിന്റെ സമ്മാനമാണ്. അതിനെ സൃഷ്ടിച്ചതും അതിന്റെ കാലാവസ്ഥയെ പ്രസന്നമാക്കുന്ന സങ്കീർണവും അത്ഭുതാവഹവുമായ പ്രവർത്തനങ്ങൾ രൂപകൽപ്പന ചെയ്തതും അവനാണ്. (സങ്കീർത്തനം 115:15, 16) ബൈബിൾ പറയുന്നു: “[ദൈവം] തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു, തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു. അവൻ തന്റെ നാദം പുറപ്പെടുവിക്കുമ്പോൾ ആകാശത്തു വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അററങ്ങളിൽനിന്നു അവൻ ആവി കയററുന്നു; മഴെക്കു മിന്നൽ ഉണ്ടാക്കി തന്റെ ഭണ്ഡാരത്തിൽനിന്നു കാററു പുറപ്പെടുവിക്കുന്നു.”—യിരെമ്യാവു 10:12, 13.
മനുഷ്യവർഗത്തോടുള്ള സ്രഷ്ടാവിന്റെ സ്നേഹം അപ്പോസ്തലനായ പൗലൊസ് പുരാതന ലുസ്ത്രയിലെ ആളുകളോടു വിവരിക്കുകയുണ്ടായി. അവൻ പറഞ്ഞു: “[ദൈവം] നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാൽ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല.”—പ്രവൃത്തികൾ 14:17.
ഭൂമിയുടെ ഭാവി മനുഷ്യരുടെ ശ്രമങ്ങളെയും കരാറുകളെയും ആശ്രയിച്ചിരിക്കുന്നില്ല. കാലാവസ്ഥയെക്കുറിച്ച്, അതിനെ നിയന്ത്രിക്കാൻ ശക്തിയുള്ള വ്യക്തി തന്റെ പുരാതന ജനത്തോട് ഇങ്ങനെ വാഗ്ദാനം ചെയ്തു: “ഞാൻ തക്ക സമയത്തു നിങ്ങൾക്കു മഴ തരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.” (ലേവ്യപുസ്തകം 26:4) ഭൂവൊട്ടുക്കുള്ള ആളുകൾ താമസിയാതെ അത്തരം കാര്യങ്ങൾ ആസ്വദിക്കും. നാശം വിതയ്ക്കുന്ന കൊടുങ്കാറ്റുകളെയോ കൂറ്റൻ തിരമാലകളെയോ വെള്ളപ്പൊക്കത്തെയോ വരൾച്ചയെയോ മറ്റു പ്രകൃതി വിപത്തുകളെയോ അനുസരണമുള്ള മനുഷ്യവർഗത്തിന് മേലാൽ ഭയക്കേണ്ടി വരികയില്ല.
തിരകളും കാറ്റും അന്തരീക്ഷസ്ഥിതിയുമെല്ലാം ആനന്ദം പകരുന്നവയായിരിക്കും. ആളുകൾ അപ്പോഴും കാലാവസ്ഥയെക്കുറിച്ചു സംസാരിച്ചേക്കാം, എന്നാൽ അതു സംബന്ധിച്ച് അവർക്ക് ഒന്നും ചെയ്യേണ്ടി വരില്ല. കാരണം ദൈവം കൊണ്ടുവരാനിരിക്കുന്ന ഭാവിയിൽ ജീവിതം അത്രയ്ക്ക് മഹത്ത്വപൂർണം ആയിരിക്കും.